വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!
Showing posts with label യാത്രാവിവരണം. Show all posts
Showing posts with label യാത്രാവിവരണം. Show all posts

പേരറിയാതെ പിന്തുടര്‍ന്നവര്‍ - മുബീന്‍ ഹുസൈന്‍

ഴിയില്‍ കണ്ടുമുട്ടുന്നവരെ  പലപ്പോഴും നമ്മളാരും ഓര്‍ത്തുവെക്കാറില്ല. പലരും യാത്ര അവസാനിക്കുന്നതോടെ മറവിയുടെ ഗര്‍ത്തത്തിലേക്കാണ്ടു പോകാറാണ് പതിവ്. ഓര്‍മ്മയുടെയും മറവിക്കുമിടയില്‍ മനസ്സിനെ അലസോരപ്പെടുത്തി കൊണ്ടെയിരുന്നവരുമുണ്ട്. ഓരോ മയക്കം വിട്ടുണരുമ്പോഴും ഇവരെല്ലാം ഒളിച്ചും പാത്തും എനിക്കൊപ്പമുണ്ടായിരുന്നു. ആരാണെന്നും എന്തിനാണെന്നും അറിയാതെ യാത്രയുടെ സുഖകരമായ ഓര്‍മ്മകളുടെ കൂട്ടത്തില്‍ അവ്യക്തമായ ഒരിടം നേടി എന്നെ വിടാതെ പിന്തുടരുന്നവര്‍.

Killarney Provincial Park
വെങ്കല്ലുകളും, പിങ്ക് ഗ്രാനൈറ്റും നിറഞ്ഞ കില്ലര്‍നെ ഗ്രാമത്തിനടുത്തുള്ള കില്ലര്‍നെ പാര്‍ക്കിലെ ജോര്‍ജ്ജ് തടാക കരയിലായിരുന്നു വേനല്‍ക്കാല ക്യാമ്പിംഗ്. 1820 ല്‍ ഏറ്റിന്‍ അഗസ്റ്റിനാണെത്രേ ഫര്‍ ട്രേഡിനുള്ള കേന്ദ്രം  ഇവിടെ തുടങ്ങിയത്. ഗോത്രവംശജയായ ഏറ്റിന്‍റെ ഭാര്യയുടെ പേര് നീള കൂടുതല്‍ കാരണം ഓര്‍ത്തെടുക്കുക പ്രയാസമാണെങ്കിലും പേരിന്റെ അര്‍ത്ഥം “വുമന്‍ ഓഫ് ദി ഫാളിംഗ് സ്നോ” എന്ന് വായിച്ചത് മറന്നിട്ടില്ല. മിസ്സിസ്സാഗയില്‍ നിന്ന് ട്രാന്‍സ്കാനഡ ഹൈവേയിലൂടെ നാന്നൂറ്റി ഇരുപത് കിലോമീറ്റര്‍ ദൂരം പോകണം ശാന്തതയുടെ പര്യായമെന്നോണം പ്രക്ഷുബ്ധമായ ജോര്‍ജിയന്‍ ഉള്‍ക്കടലിന് തീരത്ത് ജോര്‍ജ്ജ് ദ്വീപിനാല്‍ പരിരക്ഷിക്കപ്പെട്ട് നില്‍ക്കുന്ന കില്ലര്‍നെ ഗ്രാമത്തിലെത്താന്‍. നാലടികള്‍ക്കപ്പുറം നീല നിറത്തില്‍ കാടിന് നടുവില്‍ ആരെയും മോഹിപ്പിച്ച് കൊണ്ട് നിറഞ്ഞുനിന്ന തടാകത്തിനടുത്തായിരുന്നു ഞങ്ങളുടെ ക്യാമ്പ്‌ ഗ്രൗണ്ട്. ചെറിയ പാതയ്ക്കപ്പുറം ഞങ്ങളുടെ അയല്‍വാസി പ്രായമായൊരു സ്ത്രീയാണ്. അവര്‍ക്ക്‌ കൂട്ട് അവരുടെ വളര്‍ത്തു നായയുണ്ട്. കഴിഞ്ഞ എട്ട് കൊല്ലമായി മുടങ്ങാതെ പത്ത് ദിവസം അവരിവിടെ വന്ന് താമസിച്ച് പോകുന്നു. ലോകത്തൊരിടത്തും എനിക്കിത്രയും സന്തോഷം കിട്ടിയിട്ടില്ല, ഇവിടെ കിട്ടുന്നത് പോലെ.. പ്രകൃതിയുടെ മടിത്തട്ടിലേക്കൊരു തീര്‍ഥാടകയെ പോലെയെത്തുന്ന അമ്മയുമായി ഞങ്ങള്‍ പെട്ടെന്ന് കൂട്ടായി.

George Lake Campground 
കൂടാരമൊക്കെ കെട്ടിയുറപ്പിച്ചു ഞങ്ങള്‍ ഇരുട്ടുന്നതിന്‌ മുന്‍പ് നടക്കാനിറങ്ങി. ചുറ്റുവട്ടമെല്ലാം വിസ്മരിച്ച് ബെഞ്ചില്‍ ഇരുന്ന് ബുക്ക് വായിക്കുന്ന ആളെ ഇറങ്ങിയപ്പോഴേ ശ്രദ്ധിച്ചിരുന്നു. കുറച്ചപ്പുറത്തായി നിര്‍ത്തിയിട്ട കാറില്‍ നിന്ന് തുടര്‍ച്ചയായി മുഴങ്ങിയിരുന്ന അലാറം പോലും അയാളെ അലസോരപ്പെടുത്തിയിരുന്നില്ല. അധികനേരം ചുറ്റിനടക്കാതെ ഞങ്ങള്‍ തിരിച്ചു വരുമ്പോഴും ആ കാറിന്‍റെ നെലോളി അവസാനിച്ചിട്ടിലായിരുന്നു. സൂര്യാസ്തമയം കണ്ടിട്ട് കൂടാരത്തിലേക്ക് പോകാമെന്ന് മകനോട്‌ പറഞ്ഞ് ഞങ്ങള്‍ തടാകകരയില്‍ തന്നെ നിന്നു. ഇരിക്കാനിടമില്ല. കുറച്ചു നേരം കഴിഞ്ഞപ്പോഴുണ്ട്‌ ഒരാള്‍ ഞങ്ങളെ വിളിക്കുന്നു. പകല്‍ വെളിച്ചം മങ്ങി തുടങ്ങിയതിനാല്‍ വായന അവസാനിപ്പിച്ചിരിക്കുന്ന സുഹൃത്താണ് വിളിക്കുന്നത്‌. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെ... ഞാന്‍ അയാളുടെ ബുക്കിലേക്കും കുറിച്ചിട്ട വരികളിലേക്കുമാണ് നോക്കുന്നത്. അപ്പോള്‍ ഞാന്‍ വായിച്ചു കൊണ്ടിരിക്കുന്ന എസ്. ശങ്കറിന്റെ “ചുവന്ന സൂര്യന്‍റെ അസ്തമയ”വുമായി ഏറെ സാമ്യമുമുണ്ടായിരുന്നു അയാളുടെ പക്കലുള്ള പുസ്തകം(The Inconvenient Indian by Thomas King).

അമേരിക്കന്‍ ആദിവാസി സമൂഹമായ റെഡ് ഇന്ത്യക്കാരെ കുറിച്ചായിരുന്നു രണ്ടു പുസ്തകവും. അപരിചിതര്‍ എത്ര പെട്ടെന്നാണ് ചിരകാല സുഹൃത്തുക്കളെ പോലെ സംസാരിക്കാന്‍ തുടങ്ങിയത്! വായനയില്‍ നിന്ന് സംസാരം ഫോട്ടോഗ്രാഫിയിലേക്കും പിന്നെ യാത്രകളിലേക്കും വഴിമാറി. ഒരേ സ്വപ്നത്തിന്‍റെ കാവല്‍ക്കാരായിരുന്നു ഹുസ്സൈനും ആ സുഹൃത്തും. ആര്‍ട്ടിക് സര്‍ക്കിളിലേക്ക് ഡംപ്സ്റ്റര്‍ ഹൈവേയി (Dempster Highway)ലൂടെ വണ്ടിയോടിച്ച് പോകണമെന്ന “കുഞ്ഞു” സ്വപ്നം ഉറക്കം കെടുത്തുന്ന ഒരാളും അതിലൂടെ യാത്ര ചെയ്ത മറ്റൊരു വ്യക്തിയും തമ്മില്‍ കണ്ടുമുട്ടുക എന്നതായിരിക്കും ഈ യാത്രയുടെ നിയോഗം. എങ്ങിനെ എപ്പോള്‍ എന്നൊന്നും നിശ്ചയമില്ലാത്ത സ്വപ്നത്തിനൊരു രൂപരേഖ നല്‍കാന്‍ വേണ്ടിയാണോ തടാകകരയില്‍ നിന്നിരുന്ന ഞങ്ങളെ അയാള്‍ വിളിച്ചത്? കൊതുകും പ്രാണികളും സംസാരത്തിനിടക്ക്‌ മൂളിപ്പാട്ടു പാടി രംഗം കൊഴുപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ തടാക കരയില്‍ നിന്ന് കൂടാരത്തിലേക്കു മടങ്ങി. കൂടാരത്തിനടുത്ത് വെച്ച് ശുഭരാത്രി പറഞ്ഞു പിരിഞ്ഞപ്പോഴും ഞങ്ങള്‍ പരസ്പരം പേര് ചോദിച്ചിരുന്നില്ല...

അത്താഴം കഴിക്കാന്‍ ഇരുന്നപ്പോഴേക്കും കരഞ്ഞു കരഞ്ഞു കാറിന്‍റെ ശബ്ദം അടങ്ങിയിരുന്നു. ഞങ്ങളുടെ അയല്‍വാസിയാണ് പറഞ്ഞത് പാര്‍ക്ക് ഓഫീസര്‍മാര്‍ വന്നു കാറിനെ മിണ്ടാണ്ടാക്കിയെന്ന്‍. അതിന്‍റെ ഉടമസ്ഥര്‍ കാറ് നിര്‍ത്തി തടാകം കടന്ന് ഉള്‍ക്കാട്ടിലേക്ക് ഹൈക്കിങ്ങിനായി പോയിരിക്കുകയാണ് എപ്പോഴാണ് കാടിറങ്ങി തിരികെയെത്തുക എന്നറിയില്ല. അതായിരിക്കും പാര്‍ക്ക് ഓഫീസര്‍മാര്‍ മെക്കാനിക്കിനെ കൊണ്ട് വന്നത്. “കുറച്ചു നേരത്തേക്കാണെങ്കിലും നമ്മളെയൊക്കെ ബുദ്ധിമുട്ടിച്ചൂന്ന് അറിയുമ്പോള്‍ എന്തുമാത്രം വിഷമമാവും, ഒന്ന് ക്ഷമ പറയാന്‍ കൂടി അവര്‍ക്ക് കഴിയില്ലല്ലോ..” ഇങ്ങിനെയൊക്കെ ചിന്തിക്കുന്നവരുമുണ്ടല്ലേ ഈ ലോകത്ത്. നന്മയുടെ അംശം ബാക്കിയാക്കുന്ന ചിന്തകള്‍!

വേലിക്കരികിലെ അയല്‍പ്പക്കഭാഷണങ്ങള്‍ അവസാനിപ്പിക്കാന്‍ നേരമായീന്ന് കൊതുകുകള്‍ വീണ്ടും ഓര്‍മ്മപ്പെടുത്തിയപ്പോള്‍ നാളെ കാണാമെന്ന് പറഞ്ഞ് കൂടാരത്തിനുള്ളിലേക്ക് കയറി. ഉറങ്ങാതെ ഞങ്ങള്‍ ഇരുട്ടിന് കനം വെക്കുന്നതുവരെ കാത്തിരുന്നു. ഏറെ ഇരുട്ടിയപ്പോള്‍ ഞങ്ങള്‍ വീണ്ടും തടാകകരയിലെത്തി. ഇരുട്ടത്ത്‌ നില്‍ക്കുന്ന മക്കളോട് പതുക്കെ മേലോട്ട് നോക്കാന്‍ പറഞ്ഞു. കണ്ണുചിമ്മി കളിക്കുന്ന നക്ഷത്രങ്ങളെ കൊണ്ട് ആകാശം നിറഞ്ഞിരുന്നു. കുട്ടികളും ആദ്യമായാണ് ഇങ്ങിനെയൊന്ന് കാണുന്നത്. ഉപ്പയുടെ കൂടെ ചെറുപ്പത്തില്‍  ഹുസ്സൈന്‍ രാത്രി കപ്പ ഉണക്കാനിട്ടതിന് കാവല്‍ കിടക്കാന്‍ പോകുമായിരുന്നത്രേ. ഇരുട്ടത്ത്‌ നക്ഷത്രങ്ങളെ നോക്കികിടന്നിരുന്ന ആ കുട്ടിയുടെ കൌതുകം മാറാത്ത കണ്ണുകള്‍! മരിച്ചു പോയവരെല്ലാം നക്ഷത്രങ്ങളായി നമ്മളെ കാണാനെത്തുമെന്ന് പറഞ്ഞു തന്നത് ആരാണെന്നെനിക്കറിയില്ല. അത് കൊണ്ടാവുമോ ഇപ്പോഴും നക്ഷത്രങ്ങള്‍ കണ്ടാല്‍ ഇനിയൊരിക്കലും കാണാനാവാത്ത മുഖങ്ങളെ തിരയുന്നത്? എത്രനേരമാണെന്നോ ആകാശത്തെ മറിമായങ്ങള്‍ ഞങ്ങളെ തണുപ്പത്ത് കൊതിപ്പിച്ചിരുത്തിയത്!


The Granite Ridge Trail 

1920 കളില്‍ ‘ഗ്രൂപ്പ്‌ ഓഫ് സെവന്‍’ എന്നപ്പേരില്‍ അറിയപ്പെട്ടിരുന്ന ഏഴു കനേഡിയന്‍ പ്രകൃതിചിത്രക്കാരന്മാരുടെ ചിത്രങ്ങളിലൂടെ പ്രശസ്തമായ “ദി ക്രാക്കി”ലൂടെ ഹൈക്കിങ്ങിനു പോകാനുള്ള മോഹം ആരോഗ്യം തല്ലിക്കെടുത്തി. എങ്കിലും അതിരാവിലെ ക്രാന്‍ബെറി ബോഗ് ട്രെയിലിലൂടെ നടക്കാന്‍ പോയി. നാലു കിലോമീറ്ററാണെങ്കിലും ഉച്ചയോടടുത്തു ഞങ്ങള്‍ തിരിച്ചെത്താന്‍. ഒരു കൈയകലത്തില്‍ നിന്ന് ക്രാക്ക് മാടിവിളിക്കുന്നുണ്ടായിരുന്നു. ഇപ്പോഴെന്തായാലും പറ്റിലാന്ന് ഉപ്പയും മകനും കട്ടായം പറഞ്ഞതിനാല്‍ ആ മോഹമൊക്കെ പൂട്ടികെട്ടി ഉച്ച ഭക്ഷണം കഴിച്ച് കുറച്ചു നേരം വിശ്രമിക്കാന്‍ കിടന്നു. വെയിലാറിയിട്ടാണ് ഗ്രാനൈറ്റ് റിഡ്ജ് ട്രെയിലിലേക്ക് പോയത്. ഇളം ചുവപ്പ് നിറത്തിലുള്ള പാറകളിലൂടെയുള്ള നടത്തം ശ്രദ്ധിച്ചില്ലെങ്കില്‍ പിഴക്കും. പാറയുടെ ഭംഗി വഴുക്കി വീഴുമ്പോള്‍ ഓര്‍മ്മയില്‍ പോലും നില്‍ക്കില്ലാന്ന് ഇടയ്ക്കിടയ്ക്ക് മകന്‍റെ വക ഓര്‍മ്മപ്പെടുത്തല്‍ നടത്തം വളരെ പതുക്കെയാക്കി. 

ഹുസ്സൈന്‍ വളരെ അകലെ ഒരാളുമായി സംസാരിച്ചു നില്‍ക്കുന്നത് ഞങ്ങള്‍ക്ക് കാണാം പക്ഷെ ആരാണെന്ന് വ്യക്തമായിരുന്നില്ല. ഇവിടെ വഴിയടയാളങ്ങള്‍ നന്നേ കുറവാണ്. കൈയിലുള്ള ഭൂപടം നോക്കി വേണം വഴി കണ്ടെത്താന്‍. ആര്‍ക്കാണ് വഴി തെറ്റിയത്? ഒരുവിധം ശ്രമപ്പെട്ട്‌ ഞങ്ങള്‍ ഹുസ്സൈനരികിലെത്തി. അവിടെ കണ്ടത് തലേന്ന് രാത്രി പരിചയപ്പെട്ട വ്യക്തിയായിരുന്നു. ഇയാളെപ്പോഴാണ് ഇവിടെയെത്തിയത്.. വരുന്ന വഴിക്കൊന്നും ആരും ഇതിലൂടെ കടന്നു പോയ ഒരുലക്ഷണവും കണ്ടിരുന്നില്ല. ‘ഇരുട്ടുന്നതിന്‌ മുന്നേ ഇവിടെ നിന്ന് മടങ്ങണം, കരടികള്‍ ഏറെയുള്ള സ്ഥലമാണെന്ന’ മുന്നറിയിപ്പും തന്ന് അയാള്‍ നടന്നു മറഞ്ഞു...

 La Cloche Mountain view from the top of the ridge trail 

കൈയില്‍ കരുതിയിരുന്ന കുടിവെള്ളത്തിന്‍റെ അളവ് കുറഞ്ഞു തുടങ്ങിയത് മകനെ പരിഭ്രാന്തനാക്കാന്‍ തുടങ്ങിയിരുന്നു. അതിന്‍റെ ലക്ഷണം വെറുതെ ദാഹം തോന്നുന്നാണ് അവന്റെ കണ്ടുപ്പിടുത്തം. മടക്കത്തിലും ഞങ്ങളുടെ സംസാരം മുഴുവന്‍ അയാളെങ്ങിനെ അവിടെയെത്തിയെന്നതായിരുന്നു. രാവിലെ വന്ന് ഏതെങ്കിലും പാറയിടുക്കില്‍ അയാള്‍ ധ്യാനിക്കാന്‍ ഇരുന്നിട്ടുണ്ടാകും നമ്മളെക്കണ്ടപ്പോള്‍ പുറത്തിറങ്ങി വന്നതാവുമെന്നൊരു കള്ളക്കഥ മെനഞ്ഞെടുത്ത് ആശ്വസിച്ചു. ഫോട്ടോയെടുത്ത് കൊണ്ടിരുന്ന ഹുസ്സൈനടുത്തെത്തി ഡംപ്സ്റ്റര്‍ ഹൈവേയിലൂടെയുള്ള യാത്ര മറക്കരുതെന്നാണത്രേ അയാള്‍ പറഞ്ഞത്. തിരിച്ചെത്തി ഞങ്ങളുടെ അയല്‍വാസിയോട് അന്നത്തെ വിശേഷങ്ങള്‍ പറഞ്ഞ് വേഗം ഉറങ്ങാന്‍ കിടന്നു. 

പിറ്റേന്നു രാവിലെ വുഡ് ലെയിക്ക് ട്രെയിലിലൂടെ നടക്കാന്‍ തയ്യാറായി ഞങ്ങള്‍ പാര്‍ക്ക്‌ ഓഫീസിനു മുന്നിലുള്ള വഴിയില്‍ നില്‍ക്കുകയായിരുന്നു. മാപ്പ് നോക്കി വഴി തിട്ടപ്പെടുത്തുന്നതിനിടയില്‍ ഞങ്ങള്‍ക്കിടയിലേക്ക് വീണ്ടും ആ ചങ്ങാതിയെത്തി. രണ്ടു കൂട്ടര്‍ക്കും അത്ഭുതമായി. ‘ഹായ്’ എന്നല്ലാതെ രണ്ടു തവണ കണ്ടിട്ടും പരസ്പരം പേരു ചോദിച്ചിട്ടില്ല ഞങ്ങളെന്നു അപ്പോഴാണ്‌ വെളിപ്പാടുണ്ടായത്. നമ്മള്‍ തമ്മില്‍ കാണേണ്ടവര്‍ തന്നെയാകും അത് കൊണ്ടാണ് എപ്പോഴും കണ്ടുമുട്ടുന്നതെന്നായിരുന്നു ഇമ്മാനുവേലിന്റെ പക്ഷം. മകന്‍ പഠിക്കുന്ന സ്കൂളില്‍ നിന്നു അവന്‍ ജനിക്കുന്നതിനു പതിനൊന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് പഠിച്ചിറങ്ങിയ വ്യക്തിയാണ്. ഇപ്പോള്‍ ഞങ്ങളുടെ തൊട്ടടുത്ത സിറ്റിയിലെ സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്നു. മകനുമായി അദ്ദേഹം കുറേനേരം സംസാരിച്ചു. കുട്ടികളെയും കൂട്ടിയുള്ള നിങ്ങളുടെ യാത്രകള്‍ സന്തോഷിപ്പിക്കുന്നുവെന്ന് പറഞ്ഞ ഇമ്മാനുവേല്‍ മകനോട്‌ പറഞ്ഞത് കുഞ്ഞേ നീ കണ്ട നക്ഷത്രങ്ങളെ പോലെ തിളങ്ങുന്ന ഓര്‍മ്മകളായി എക്കാലവും ഈ യാത്രകള്‍ നിനക്കുള്ളിലുണ്ടാകുമെന്നാണ്.

യാത്ര പറയേണ്ടെന്നും നമ്മള്‍ വീണ്ടും കാണുമെന്നും പറഞ്ഞു ഇമ്മാനുവേല്‍ നടന്നു. ഞങ്ങള്‍ ട്രെയിലിലേക്കും കയറി. ആമ്പല്‍ നിറഞ്ഞു നില്‍ക്കുന്ന കുളവും ഇളം ചുവപ്പ് പാറകളും കടന്നു ബീവെര്‍ നിര്‍മ്മിച്ച ഡാമിനരികിലെത്തി അന്തംവിട്ടു നില്‍ക്കുകയാണ് ഞാന്‍. ഒരു വലിയ പൂച്ചയെ പോലിരിക്കുന്ന ജീവിയാണ് ബീവര്‍. അതിനു താമസിക്കാനാണ്  മരങ്ങള്‍ പല്ല് കൊണ്ട് ഈര്‍ന്നു തടാകത്തില്‍ കൊച്ചു ഡാമുകള്‍ ഉണ്ടാക്കി വെള്ളം തടുത്ത്‌ നിര്‍ത്തുന്നത്. ഏതൊരു എഞ്ചിനീയറെയും തോല്‍പ്പിക്കും ഈ വിദ്വാന്‍. അത്രയ്ക്ക് പെര്‍ഫെക്റ്റായാണ് ഡാമിന്റെ നിര്‍മ്മാണം. ഡാമിനടുത്തായി ചതുപ്പ് നിറഞ്ഞ സ്ഥലത്ത് ബീവര്‍ ചെറിയ മരച്ചില്ലകള്‍ കൂട്ടിയിട്ടിട്ടുണ്ട് അവിടെ താറാവുകളും മറ്റു പക്ഷികളും ചേക്കേറി അധികാരം സ്ഥാപിക്കുന്നതിനോട് ബീവര്‍ എതിര്‍പ്പൊന്നും പ്രകടിപ്പിക്കാറില്ല. ആ ധൈര്യത്തില്‍ ഞാന്‍ ആ മരച്ചില്ലകള്‍ ചവിട്ടി കടന്നു.


ഒരിക്കല്‍ ഇതുപോലെ ഒരു ബീവര്‍ ഡാം കടക്കാനാവാതെ ഞങ്ങള്‍ തിരിച്ചു പോന്നിട്ടുണ്ട്. അന്ന് ഞങ്ങളെ കുഴക്കിയത് ബീവര്‍ മാത്രമല്ല... ലെയിക്ക് സുപ്പീരിയറിനടുത്തുള്ള ഹാര്‍ബറില്‍ കാറ് നിര്‍ത്തി ഞങ്ങള്‍ നടക്കാനിറങ്ങി. തൊട്ടടുത്ത്‌ പൊടിപ്പിടിച്ചൊരു കാറ് കിടന്നിരുന്നു. ആ കാറിനകത്ത് ആരെങ്കിലുമുള്ളതായി ഞങ്ങള്‍ക്ക് തോന്നിയിരുന്നില്ല. പെട്ടെന്നാണ് കാറിനുള്ളില്‍ നിന്ന് രണ്ടുപേര്‍ ഇറങ്ങി ഞങ്ങളോട് വഴി ചോദിച്ചത്. ഈ സ്ഥലത്ത് ആദ്യമായിട്ടാണ് വരുന്നത് എന്നവര്‍ പറഞ്ഞു. ഹുസ്സൈന്‍ അറിയുന്നത് പോലെ ആ സ്ഥലത്തെ കുറിച്ച് അവര്‍ക്ക് പറഞ്ഞു കൊടുത്തു. നേരിയ മഴ ചാറ്റിലുള്ളതിനാല്‍ ഞങ്ങള്‍ പതുക്കെയാണ് ട്രെയിലൂടെ നടക്കുന്നത്. വഴി ചോദിച്ചു പോയവരെ ഞങ്ങള്‍ മറന്നിരുന്നു. കാടിന്‍റെ നിശബ്ദതയില്‍ അലിഞ്ഞു മഴയും കൊണ്ട് നടക്കുന്ന ഞങ്ങളുടെ മുന്നിലേക്ക്‌ വഴി ചോദിച്ചവരില്‍ ഒരാളെത്തി. അയാളുടെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ കണ്ടില്ല. ചിലപ്പോള്‍ എന്നെ പോലെ പതിയെ വരുന്നുണ്ടാകുമെന്നോര്‍ത്ത് ഞങ്ങളും മുന്നോട്ടു പോയി. കുറച്ചു ദൂരം പോയപ്പോഴാണ് ബീവര്‍ ഡാം നിറഞ്ഞിരിക്കുന്നതിനാല്‍ അത് മുറിച്ചു കടക്കരുതെന്ന ബോര്‍ഡ്‌ കണ്ടത്. ബോര്‍ഡ്‌ വായിച്ച് തിരിച്ചു നടക്കുമ്പോഴാണ് മക്കള്‍ “ആ അങ്കിളിന്‍റെ കൂടെയുണ്ടായിരുന്ന ലേഡിയെവിടെന്ന് ചോദിച്ചത്.” ചുവന്ന ഷാള്‍ മാത്രമാണ് അടയാളം. നിറഞ്ഞു നില്‍ക്കുന്ന ഈ വെള്ളകെട്ട് ആ കുട്ടി മുറിച്ചു കടക്കില്ലാന്നുറപ്പാണ്. വേറെ വഴിയൊന്നും ഞങ്ങള്‍ കണ്ടതുമില്ല. പ്രേതബാധയുള്ള സ്ഥലമാണെന്ന് എവിടെയോ ഞാന്‍ വായിച്ചിരുന്നത് അപ്പോഴാണ്‌ എന്‍റെ മണ്ടയില്‍ കത്തിയത്..

ഞങ്ങള്‍ പോലും അറിയാതെ ഞങ്ങളുടെ നടത്തത്തിന് വേഗതയേറി. കാറിനടുത്ത് അവരുടെ കാറ് കിടപ്പുണ്ട്. പക്ഷെ അതിനുള്ളില്‍ ആരുമില്ല. മക്കള്‍ കുറെ തട്ടി നോക്കി. ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളുമായി ഞങ്ങള്‍ അവിടെന്നു പോന്നു. പോരുന്നതിനു മുന്പ് ആ കാറിന്‍റെ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി. വീട്ടിലേക്കു  ദൂരം കുറേയുണ്ട്. രാത്രിയേറെ വൈകിയിരിക്കുന്നു. ഏതോ സ്ഥലത്ത് കാപ്പി കുടിക്കാനായി വണ്ടി നിര്‍ത്തി. കുട്ടികളും ഒരുറക്കം കഴിഞ്ഞുണര്‍ന്നിരുന്നു. കാപ്പി ഓര്‍ഡര്‍ കൊടുക്കാനായി ക്യൂവില്‍ നില്‍ക്കുമ്പോഴുണ്ട് തൊട്ടടുത്ത വരിയിലുണ്ട് ചുവന്ന ഷാള്‍ ചുറ്റിയ പെണ്‍കുട്ടി!മക്കള്‍ ഓടിച്ചെന്ന് ഹുസ്സൈനോട് അവരെ കണ്ട കാര്യം പറഞ്ഞു. അവര്‍ ഞങ്ങളെ തിരിച്ചറിയുകയും കുശലം ചോദിച്ചു കൊണ്ട് അടുത്ത് വരികയും ചെയ്തു. കഴുത്തില്‍ ചുറ്റിയ ചുവന്ന ഷാള്‍ ഞങ്ങള്‍ ആരും മറന്നിരുന്നില്ല. സന്തോഷമാണോ ആശ്വാസമാണോ ഞങ്ങള്‍ക്ക് തോന്നിയത് എന്നറിയില്ല. നിങ്ങള്‍ എന്തോ അപകടത്തില്‍പ്പെട്ടിരിക്കുമെന്നാണ് ഞങ്ങള്‍ കരുതിയതെന്നും കാറിന്‍റെ ഫോട്ടോയെടുത്ത് വച്ചിരുന്നതെല്ലാം അവര്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. കൂട്ടത്തില്‍ എന്‍റെ പ്രേതകഥയും അവരോട് വിളമ്പി.. ബീവര്‍ ഡാം വരെ പോകാതെ പകുതിയില്‍ വെച്ച് മറ്റൊരു വഴിയിലൂടെ പെണ്‍കുട്ടി ബീച്ചിലേക്ക് ഇറങ്ങിയതിനാലാണ് ഞങ്ങള്‍ കാണാഞ്ഞതെത്രേ. എന്തായാലും പ്രേതമല്ലാന്നും പറഞ്ഞു കിട്ടിയ തക്കത്തില്‍ എന്നെ കളിയാക്കാനും ഹുസ്സൈനും മക്കളും മറന്നില്ല...



അല്ലിയാമ്പല്‍ കടവും ബീവര്‍ ഡാമും കടന്നു കാട് കയറി ഞങ്ങള്‍ തിരിച്ചെത്തുമ്പോള്‍ വൈകുന്നേരമായി. അന്ന് തന്നെ ഞങ്ങള്‍ക്ക് തിരികെ പോരണം. കൂടാരമൊക്കെ മടക്കി എല്ലാം വൃത്തിയാക്കി അയല്‍വാസിയോട് യാത്ര പറയാന്‍ ഞങ്ങള്‍ ചെന്നു. നിങ്ങള്‍ പോയാല്‍ ഇനി ആരാണ് ഇവിടെ വരിക എന്നറിയില്ല, വീണ്ടും ഇവിടെ വരണമെന്നൊക്കെ പറഞ്ഞാണ് അവര്‍ ഞങ്ങളെ യാത്രയാക്കിയത്. പെര്‍മിറ്റുകള്‍ പാര്‍ക്ക് ഓഫീസില്‍ ഏല്‍പ്പിച്ചു വണ്ടിയെടുക്കുമ്പോഴുണ്ട് ഇമ്മാനുവേല്‍ മുന്നില്‍ നില്‍ക്കുന്നു. ഡംപ്സ്റ്റര്‍ ഹൈവേ മറക്കരുതെന്ന് ഓര്‍മ്മപ്പെടുത്താനായി എത്തിയത് പോലെ.. ഒരാളുടെ സ്വപ്നത്തിന് മറ്റൊരാള്‍ വഴിക്കാട്ടുകയാണോ അതോ ഇമ്മാനുവേല്‍ ഒരു സ്വപ്നം പോലെ  ഞങ്ങളെ പിന്തുടരുകയോ.... 

Dreams..... Far away 

മുഖാമുഖം

എല്ലാ യാത്രകള്‍ക്കും യാത്രക്കാരന്‍ അറിയാത്ത അജ്ഞാതമായ ഒരു ലക്ഷ്യമുണ്ട് എന്ന് വായിച്ചതോര്‍ക്കുന്നു. ചെറുതും വലുതുമായ ഓരോ യാത്രകളും വ്യത്യസ്തമായ അനുഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ്. മനസ്സിനുള്ളില്‍ പതിഞ്ഞു കിടക്കുന്ന അനുഭവങ്ങളുടെ ചെപ്പു തുറന്നാല്‍ കാണുന്ന നിറ പകിട്ടാര്‍ന്ന കാഴ്ചകളെ തോല്‍പ്പിക്കാനെന്ന പോലെ പടരുന്ന നിഴലുകള്‍. ഓര്‍മ്മകളില്‍ അവയുടെ സ്ഥാനം എല്ലാത്തിനും മീതെയാണെന്ന് അനുനിമിഷം തെളിയിച്ചു കൊണ്ട്, മായ്ച്ചുകളയാന്‍ ആവാതെ....

രണ്ടായിരത്തി നാലില്‍ ആണെന്ന് തോന്നുന്നു, ഞങ്ങള്‍ കുടുംബസമേതം സൗദിയില്‍ നിന്ന് ദുബായിലേക്ക് പെരുന്നാള്‍ ആഘോഷിക്കാന്‍ പോയത്. ഏതെങ്കിലും ഒരു  പെരുന്നാള്‍ ആഘോഷം ദുബായിലെ ബന്ധുക്കളോടൊപ്പം ആകണം എന്നത് കുറെ നാളത്തെ ആഗ്രഹമായിരുന്നു ഞങ്ങള്‍ക്ക്. ദീര്‍ഘ ദൂരം ഡ്രൈവ് ചെയ്യാനുള്ള ആവേശവും, മരുഭൂമിയിലെ പുതിയ റോഡിനെ പറ്റിയുള്ള സുഹൃത്തായ സൗദിയുടെ വിവരണവും കേട്ടപ്പോള്‍ യാത്ര കാറില്‍ തന്നെയാവാമെന്നായി. പ്രവചനങ്ങള്‍ക്കതീതമായ മരുഭൂമിയുടെ ഭാവപകര്‍ച്ചകളെ കുറിച്ച് നന്നായി അറിയാവുന്ന കുടുംബ സുഹൃത്ത്‌ കുഞ്ഞു മക്കളെയും കൊണ്ടുള്ള ഞങ്ങളുടെ ഈ യാത്ര അത്രക്ക് പ്രോത്സാഹിപ്പിച്ചില്ല. ഒടുവില്‍ ഞങ്ങളുടെ ഒഴിവിനനുസരിച്ചു ലീവ് തരപ്പെടുത്തി സുഹൃത്തും  ഒപ്പം കൂടി.  സൗദിയിലെ ഒരു പ്രമുഖ എണ്ണക്കമ്പനി പുതുതായി കണ്ടെത്തിയ എണ്ണ നിക്ഷേപ  സ്ഥലത്തിനരികിലൂടെയാണ് ദുബായിലേക്കുള്ള ഈ പുതിയ പാതയെന്നു  മാത്രമാണ് ആകെയുള്ള വിവരം. റിയാദ് അതിര്‍ത്തി കടന്ന് കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍തന്നെ മരുഭൂമി സ്വതസിദ്ധമായ ശാന്തത കൈവെടിഞ്ഞിരുന്നു. കാറ്റിന്‍റെ ശക്തി കൂടരുതേയെന്ന പ്രാര്‍ത്ഥനയില്‍ മുന്നോട്ടു നോക്കിയിരിക്കുമ്പോള്‍ മരുഭൂമി ഓരോരോ ജാലവിദ്യകള്‍ കാട്ടി എന്നെ പരിഭ്രമിപ്പിക്കാന്‍ തുടങ്ങി. എന്‍റെ ഞെളിയലും പിരിയലും കൂടിവരികയും മുണ്ടാട്ടം മുട്ടുകയും ചെയ്തപ്പോള്‍ ഹുസൈന് കാര്യം മനസ്സിലായി. അടുത്ത പെട്രോള്‍പമ്പില്‍ നിര്‍ത്തുമ്പോള്‍ നീ പിന്നില്‍ മക്കളുടെ ഒപ്പം കൂടിക്കോ ഇനി കുറച്ച്‌ ദൂരം സുഹൃത്താണ് ഓടിക്കുന്നത് എന്ന് പറഞ്ഞതും ഒട്ടകങ്ങളെ നോക്കാന്‍ ഏല്‍പ്പിച്ച എന്‍റെ കണ്ണുകള്‍ പെട്രോള്‍പമ്പിന്‍റെ ബോര്‍ഡ്‌ തിരയാന്‍ തുടങ്ങി...

കുട്ടികളും തുടര്‍ച്ചയായ ഇരുപ്പില്‍ മുഷിഞ്ഞിരുന്നു. വണ്ടി പെട്രോള്‍ അടിക്കാന്‍ നിര്‍ത്തിയപ്പോള്‍ അവിടെയുള്ള ഒരു മുറിയില്‍ മക്കളെ കളിക്കാന്‍ വിട്ടു. ചൂട് കാരണം പുറത്തു നില്‍ക്കാനും പറ്റില്ല. "ഇവിടെനിന്ന് വിട്ടാല്‍ 400 കിലോമീറ്റര്‍ കഴിഞ്ഞേ അടുത്ത പെട്രോള്‍ പമ്പ് കാണൂ. അടുത്തൊന്നും വിശ്രമിക്കാന്‍ ഇടം കാണില്ലെന്നും, വഴി മിക്കവാറും വിജനമായിരിക്കുമെന്നു"മുള്ള അവിടെ കണ്ട ഒരു സ്വദേശിയുടെ  മുന്നറിയിപ്പ് എന്നെ തളര്‍ത്തി. മുഖത്തോടുമുഖം നോക്കി നില്‍ക്കുന്ന ഞങ്ങളോട് ഇരുട്ടുന്നതിന് മുന്‍പ് അതിര്‍ത്തിയില്‍ എത്താന്‍ ശ്രമിക്കണമെന്നും ഉപദേശിച്ച് അയാള്‍ പിക്ക്‌അപ്പും ഓടിച്ചുപോയി. കുട്ടികളും നീയും കുറച്ച്‌ നേരം ഉറങ്ങിക്കോയെന്ന് പറഞ്ഞു ഹുസൈന് സുഹൃത്തിന് വണ്ടി ചക്രം കൈമാറി. മൊബൈലിന്‍റെ ശബ്ദം അടഞ്ഞത് അപ്പോഴാണ്‌ എല്ലാവരും ശ്രദ്ധിച്ചത്. എപ്പോഴാ എത്തുകയെന്ന ചോദ്യം ചോദിച്ച് മടുത്തിട്ടാകണം മക്കള്‍ രണ്ടും സീറ്റില്‍ തലങ്ങുംവിലങ്ങും കിടന്ന് ഉറങ്ങാന്‍ വട്ടംകൂട്ടി. കാറ്റിന് ശക്തിയേറുകയും റോഡില്‍ മണല്‍ മൂടുകയും ചെയ്തത് യാത്ര ദുസ്സഹമാക്കി. സ്വദേശി പറഞ്ഞത് പോലെ റോഡില്‍ മറ്റ് വാഹനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അയാള്‍ എങ്ങോട്ടായിരിക്കും വണ്ടി ഓടിച്ചു പോയിരിക്കുക, ഇനി അത് വല്ല ജിന്നോ മറ്റോ ആയിരിക്കുമോ എന്നൊക്കെയുള്ള എന്‍റെ സംശയങ്ങള്‍ക്ക് തനിയെ ഉത്തരം കണ്ടെത്തേണ്ടിയിരുന്നു കാരണം മറ്റ് രണ്ടു പേരുടെയും ശ്രദ്ധ റോഡിലും, മക്കള്‍ ഉറക്കത്തിലുമാണ്. കാഴ്ച മറക്കുന്ന രീതിയില്‍ റോഡിലേക്ക് മണല്‍ അടിച്ചു കയറുന്നതിനാല്‍ വളരെ സാവധാനമാണ് വണ്ടിയോടിച്ചിരുന്നത്. പുറത്തേക്ക്‌ നോക്കിയിരിക്കുമ്പോള്‍ മണല്‍ കൂനകള്‍ ഒളിപ്പിച്ചുവെച്ച ജീവനുകളെ കുറിച്ച് കേട്ട കഥകളായിരുന്നു മനസ്സില്‍. ഈ ഓര്‍മ്മകളുടെ ചൂടാറാത്തത് കൊണ്ടാകും കാനഡയുടെ തണുപ്പില്‍ ഇരുന്ന് മരുഭൂമിയുടെ ആത്മകഥയും, ആടുജീവിതവും വായിക്കുമ്പോള്‍ പോലും ഞാന്‍ വിയര്‍ത്തു കുളിച്ചത്.

ഉറക്കംകെടുത്തുന്ന കഥകളായിരുന്നു മനസ്സ്‌ നിറയെ, എന്നിട്ടും ചൂട് എന്നെ തളര്‍ത്തിയുറക്കി. സൗദിയുടെ അതിര്‍ത്തി കടക്കുമ്പോള്‍ ഇരുട്ടിയിരുന്നെങ്കിലും റോഡില്‍ വാഹനങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. ദുബായ് അതിര്‍ത്തിയുടെ വെല്‍ക്കം ബോര്‍ഡ്‌ കണ്ടതോടെ ഞങ്ങള്‍ക്ക് ആശ്വാസമായി. ഞങ്ങള്‍ക്കൊപ്പം ഫോണുകള്‍ക്കും ജീവന്‍ വെച്ചു. ജേഷ്ഠനനുജന്മാരുടെ തുടര്‍ച്ചയായ മിസ്സ് കോളുകള്‍ക്കും മെസ്സേജുകള്‍ക്കും മറുപടി പറയാന്‍ എന്നെ ഏല്‍പ്പിച്ചു വിസയുടെ കടലാസുകള്‍ ശരിയാക്കാനായി ഹുസൈനും സുഹൃത്തും പോയി. സുരക്ഷാ പരിശോധനയും മറ്റും കഴിഞ്ഞു ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി. ചിത്രങ്ങളിലൂടെ പരിചിതമായ യു.എ.ഇ റൌണ്ട് എബൗട്ടുകള്‍ ഞങ്ങളെ പലവട്ടം കറക്കിയാണ് എതിരേറ്റത്. വഴി പറഞ്ഞു തന്നവരുടെയോ, കേട്ടവരുടെയോ കുഴപ്പമായിരിക്കും ഈ ചുറ്റലിന് പിന്നില്‍. ഫോണിന്‍റെ മറുതലക്കല്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ഒടുവില്‍ ഒഴിവാക്കി അഡ്രസ്സുമായി ഒരു കടയിലെ ജീവനക്കാരനെ സമീപിച്ചത് രക്ഷയായി. രാത്രി പത്ത് മണിയോടുകൂടി അനിയന്‍റെ ഫ്ലാറ്റില്‍ ചെന്ന് കയറിയപ്പോള്‍ മഴക്കാറൊഴിഞ്ഞ മാനം പോലെ മനം തെളിഞ്ഞിരുന്നു.

പിറ്റേന്ന് അവിടെയുള്ളവര്‍ക്കെല്ലാം ജോലിയുള്ളതിനാല്‍ യാത്രാ വിശേഷങ്ങള്‍ ഒന്നും വിളമ്പാതെ ഭക്ഷണം കഴിച്ച് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. യാത്രയുടെ ഭീതി ബന്ധുക്കളുടെ സുരക്ഷിതത്വത്തില്‍ ഞങ്ങളില്‍ നിന്ന് അകന്നുപോയിരുന്നതിനാലാവണം നന്നായി ഉറങ്ങി. എണീറ്റപ്പോള്‍ ഫ്ലാറ്റില്‍ നാത്തൂനും മോളും മാത്രം മറ്റുള്ളവര്‍ ജോലിക്ക് പോയിരിക്കുന്നു. ഹുസൈനെ സംബന്ധിച്ചാണെങ്കില്‍ ഏട്ടനും അനിയന്മാരും, മറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായി ചെറുകരയും കുന്നപ്പള്ളിയിലുമുള്ള മിക്ക ആളുകളും യു.എ.യിലാണുള്ളത്. അത് കൊണ്ടുതന്നെ സ്ഥലം കാണുക എന്നതിനേക്കാള്‍ ഈ യാത്ര ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ളതായിരുന്നു. പെരുന്നാളിന്‍റെ പൊതു അവധി തുടങ്ങുന്നതിനു മുന്‍പായി ദുബായ്‌ കാഴ്ചകള്‍ കാണാമെന്ന് ഞങ്ങള്‍ ഉറച്ചു. അനിയന്മാര്‍ ഞങ്ങളുടെ വരവ് പ്രമാണിച്ച് ലീവ് എടുത്തിരുന്നു. അവിടെത്തെപോലെ ഇവിടെയും എണ്ണ പണത്തിന്‍റെ കൊഴുപ്പില്‍ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങള്‍ റോഡിനിരുവശവും തിങ്ങിനിറഞ്ഞിരുന്നു. മാളുകള്‍ എന്നെ തീരെ ആകര്‍ഷിക്കാത്തതിനാല്‍ അവിടെങ്ങളില്‍ ഉള്ള കറക്കം വേണ്ടെന്നു വെച്ച് ഞങ്ങള്‍ എല്ലാവരും കൂടെ ദുബായ് ക്രീക്കിലേക്ക് പോയി.

ക്രീക്കിനിരുവശത്തും നില്‍ക്കുന്ന പഴയകാല അറബ് വാസ്തുശില്പകലയുടെ പ്രൌഡിയുള്ള കെട്ടിടങ്ങള്‍ എനിക്കേറെ ഇഷ്ടമായി. തിരക്കുണ്ടായിരുന്നെങ്കിലും നഗരത്തിന്‍റെ ശ്വാസംമുട്ടല്‍ അവിടെയെനിക്കനുഭവപ്പെട്ടില്ല. ദുബായിയുടെ പ്രധാന വാണിജ്യ കേന്ദ്രമായ ദീരയെയും പൗരാണിക പ്രവശ്യയായ ബര്‍ ദുബായിയും തമ്മില്‍ ബന്ധിപ്പിക്കുന്ന “കോര്‍ ദുബായ്” എന്ന ദുബായ് ക്രീക്ക്. പതിനാലു കിലോമീറ്റര്‍ നീളവും ഇരുന്നൂറ്‌ മീറ്ററിലധികം വീതിയുള്ള ഈ ചെറുതുറമുഖത്തിലൂടെ യന്ത്രവല്‍കൃത ബോട്ടില്‍ ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നത് നോക്കി നിന്നപ്പോള്‍ കുട്ടികള്‍ക്കും എനിക്കും പൂതിയായി. തുച്ഛമായ പൈസയില്‍ കുറച്ചു ദൂരം ഒരു ജലയാത്ര... വൈകുന്നേരമായതിനാല്‍  നല്ല തിരക്കുമുണ്ടായിരുന്നു. അതുകൊണ്ട് ഞാനും കുട്ടികളും ഹുസൈനും പിന്നെ ഹുസൈന്‍റെ രണ്ട് അനിയന്മാരും കൂടെ അബ്ര യാത്രക്കൊരുങ്ങി. മറ്റുള്ളവര്‍ ഏതോ സ്ഥലത്ത് കാത്തു നില്‍ക്കാം എന്ന് പറയുന്നുണ്ടായിരുന്നു. യാത്രയുടെ ആവേശത്തിമര്‍പ്പില്‍ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല. ഇരുപത് ആളുകളാണ് ഒരു ബോട്ടില്‍ കയറുന്നത്. ഡ്രൈവര്‍ ഒരു ബംഗാളിയാണ്. കയറുന്നവര്‍ പൈസ അയാളെ ഏല്‍പ്പിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഇരിക്കാന്‍ സ്ഥലം കിട്ടി. കുറച്ചു പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. സ്ഥിര യാത്രികര്‍ ആയിരിക്കണം. ഇനി ഇരുപതില്‍ കൂടുതല്‍ ആളുകള്‍ അതില്‍ കയറിയിരുന്നോ എന്നും നിശ്ചയമില്ല. 

Courtesy: Google Images

കരയില്‍ നില്‍ക്കുന്നവരെ കൈവീശി കാണിച്ച് ഞങ്ങള്‍ അനിയന്‍ കാണിച്ച് തരുന്ന കാഴ്ചകള്‍ നോക്കി ഇരുന്നു. വെള്ളത്തെ കീറിമുറിച്ചുകൊണ്ട് ബോട്ട് നീങ്ങി തുടങ്ങി. കരയില്‍ നില്‍ക്കുന്നവര്‍ ഞങ്ങളില്‍ നിന്നകന്നു. ഞങ്ങളുടെ ബോട്ടിന്‍റെ അടുത്തേക്ക് സാമാന്യം വലിപ്പമുള്ള ഉരു വരുന്നുണ്ടായിരുന്നു. വെള്ളത്തില്‍ വര വരച്ചാല്‍ കാണൂല്ലല്ലോ, അതുകൊണ്ടായിരിക്കും ഇതൊക്കെ വഴിയറിയാതെ നേര്‍ക്കുനേരെ വരുന്നത് എന്ന തോന്നലായിരുന്നു എനിക്ക്. ഇറാനിലേക്ക് ചരക്കുമായി പോകുന്ന ഉരുവായിരുന്നു അത്. “ഈ ഡ്രൈവര്‍ക്ക് കുറച്ചു മാറി പോക്കൂടെ” എന്ന് ഹുസൈനോട് ചോദിച്ചതും ഞങ്ങള്‍ ശക്തിയായി ഉലഞ്ഞതും ഒരുമിച്ചായിരുന്നു. നിലവിളിക്കാന്‍ പോലും കഴിയാതെ മക്കളെ ചേര്‍ത്ത് പിടിക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. ഉച്ചത്തില്‍ മുഴങ്ങിയ സൈറനും മറ്റു ബോട്ടില്‍ നിന്നുമുള്ള ആളുകളുടെ കൂക്കിവിളികളും കേട്ടപ്പോള്‍ മനസ്സിലായി ഒരു വലിയ അപകടത്തില്‍ നിന്ന് ഞങ്ങള്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന്. കരയില്‍ നിന്ന് ഞങ്ങളെ യാത്രയയച്ചവര്‍ ഇതെല്ലാം നിസ്സഹായതയോടെ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. പിന്നെ ഒരു കാഴ്ചകളും കണ്ടില്ല... അബ്രയിലെ യാത്ര അവസാനിച്ചു കരക്കണഞ്ഞപ്പോള്‍ തിരിഞ്ഞു നോക്കാന്‍ കൂടെ എനിക്ക് ധൈര്യമില്ലായിരുന്നു.

അടുത്ത ദിവസം പെരുന്നാളാണ്. ഞങ്ങള്‍ ദുബായില്‍ എത്തിയിട്ട് രണ്ടു ദിവസമായിരുന്നെങ്കിലും ജോലി തിരക്ക് കാരണം ഹുസൈന്‍റെ ജ്യേഷ്ഠന് ഞങ്ങളുടെ കൂടെ കൂടാന്‍  കഴിഞ്ഞിരുന്നില്ല. ഞങ്ങള്‍ ദുബായ് ഒക്കെ കണ്ടു വരുമ്പോഴേക്കും ഇവരുടെ അമ്മാവന്‍റെ മകളുടെ വീട്ടിലെത്തിയിരുന്നു കാക്കു. ഞങ്ങള്‍ സാഹസികയാത്രയൊക്കെ കഴിഞ്ഞ് മിണ്ടാനും പറയാനും വയ്യാതെയാണ് വീട്ടിലെത്തുന്നത്. മറക്കാനുള്ള കഴിവ് ചില നേരങ്ങളില്‍ ദൈവം നമുക്കായി തരുന്ന അനുഗ്രഹങ്ങളില്‍ ഒന്നാണ്. വീണ്ടും കളിയും ചിരിയുമായി എല്ലാവരും ഉഷാറായി. പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് ഭക്ഷണവും കഴിച്ചു ജോലിസ്ഥലത്തേക്ക് പോകണം എന്ന് കാക്കു പറഞ്ഞപ്പോള്‍ ചെറിയൊരു വിഷമം തോന്നിയെങ്കിലും പുറത്ത് കാണിച്ചില്ല. പ്രവാസത്തിന്റെ പിരിമുറുക്കങ്ങള്‍ പലരിലും പലവിധത്തിലാണല്ലോ. ഞങ്ങള്‍ കാക്കുവിനെ എളാപ്പയുടെ മക്കളുടെ കൂടെ പറഞ്ഞയച്ച് മറ്റു ബന്ധുക്കളുടെ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങാന്‍ പോയി. പല ബിരിയാണികള്‍ കഴിച്ച് മത്തായത് കൊണ്ടാവാം  തിരിച്ചെത്തിയപ്പാടെ എല്ലാവര്‍ക്കും ഉറങ്ങാന്‍ തിടുക്കമായിരുന്നു.  പെണ്ണുങ്ങളും കുട്ടികളും അടുക്കളയോട് ചേര്‍ന്ന ഒരു കൊച്ചു മുറിയിലും, ആണുങ്ങള്‍ എല്ലാവരും പുറത്തുള്ള ഒരു റൂമിലും പായ്‌ വിരിച്ചു. നേരം പുലര്‍ന്നു കാക്കുവിനെ ഇവരുടെ കൂട്ടത്തില്‍ കണ്ടപ്പോള്‍ ഞങ്ങള്‍ അന്തംവിട്ടു. ഇത്ര ധൃതി വെച്ച് പോയ ആളല്ലേ എന്തേയ് ഇങ്ങട് തന്നെ പോന്നത് എന്ന ചോദ്യത്തിന്, ആദ്യം ഞാന്‍ നിങ്ങളെയെല്ലാവരെയും ശരിക്കൊന്നു കാണട്ടെ എന്നായിരുന്നു മറുപടി.

ബന്ധുവിന്‍റെ ലാന്‍ഡ്‌ റോവറിലാണ് കാക്കുവും മറ്റു മൂന്ന് കസിന്‍സും കൂടെ തലേന്ന് വൈകുന്നേരം ഞങ്ങളുടെ അടുത്ത് നിന്ന് പോയത്. ചാറ്റല്‍ മഴയുണ്ടായിരുന്നു. ഏതോ വളവില്‍ വെച്ച് വണ്ടി നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു നാല്‍പതു മീറ്റര്‍ നിരങ്ങി പോയതിനുശേഷമാണ് നിന്നതെത്രേ. വവ്വാലുകള്‍ തൂങ്ങികിടക്കുന്നത് പോലെ കിടന്നിരുന്ന ഞങ്ങള്‍ പരസ്പരം പേരുവിളിച്ചു ജീവനുണ്ടെന്നു ഉറപ്പു വരുത്തിയെന്നു കാക്കു പറഞ്ഞപ്പോള്‍ ആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. വഴിയാത്രക്കാരനായ ഏതോ ഒരറബിയാണ് സീറ്റ്‌ ബെല്‍റ്റ്‌ അറുത്തു മാറ്റി എല്ലാത്തിനെയും പോലിസ്‌ എത്തുന്നതിനു മുന്‍പേ കാറില്‍ നിന്ന് പുറത്തിറക്കിയത്. ദൈവത്തിന്‍റെ രക്ഷ അറബിയുടെ രൂപത്തില്‍ എത്തിയില്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു അവസ്ഥ എന്നോര്‍ക്കാന്‍ കൂടെ വയ്യ!    

ജനനത്തോടൊപ്പം കൂടെയുള്ള മരണം പല രൂപത്തിലാണ് ഈ യാത്രയില്‍ ഞങ്ങളുടെ അടുത്തെത്തിയത്. പ്രാര്‍ത്ഥനകള്‍ കരുത്ത് പകര്‍ന്ന നിമിഷങ്ങളില്‍ പോലും കൂടെയുണ്ടെന്ന് ഓര്‍മ്മപ്പെടുത്താനെന്ന പോലെ. വര്‍ഷങ്ങളോളം കാണാതിരുന്ന ഹുസൈന്‍റെ ഒരു ബന്ധുവിനെ കണ്ടതും ദുബായില്‍ വെച്ചാണ്. അവന്‍റെ താമസസ്ഥലത്തേക്ക് ഞങ്ങളെ കൊണ്ടുപോവുകയും കുറേനേരം കുട്ടികളുമായി കളിച്ചിരിക്കുകയും ചെയ്തു. ഒരു യാത്രയില്‍ വെച്ച് കണ്ടുമുട്ടുകയും ഇനിയൊരിക്കലും മടക്കമില്ലാത്ത യാത്രക്കൊരുങ്ങുമ്പോള്‍ യാത്രയയക്കാനായി കാനഡയില്‍ നിന്നെന്നെ അവന്‍റെ അരികില്‍ എത്തിച്ചതും ഏതോ യാത്രയുടെ നിയോഗമായിരിക്കാം....       

Search This Blog