വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

Megham Vaanil - Lyric Video | Utharam Parayathe | Rafeeq Ahammed | Nandh...ഞാനും  മോനും  കൂടി  അഭിനയിക്കുന്ന  മലയാളചലച്ചിത്രം  ചെമ്പകം  സിനി ക്രിയേഷന്‍സിന്റെ  ഉത്തരം  പറയാതെ  ...  യിലെ  മനോഹരമായ  ഒരു ഗാനം  

ചപ്രു (കഥ)അതവന്റെ പേരല്ല. എന്നാൽ പേരല്ലെന്നും പറയാൻ പറ്റില്ല. ചപ്രത്തലയനായ അവനെ ഞങ്ങൾ, സുഹൃത്തുക്കളെല്ലാമിട്ട ഓമനപ്പേരാണ്‌ ചപ്രു. ലോകത്തിലെല്ലാത്തിനോടും പ്രതിഷേധം പ്രകടിപ്പിക്കാനെന്നമട്ടിലവന്റെ മുടി മുള്ളൻപന്നിയുടേത് പോലെ സദാ കൂർത്തു നിന്നിരുന്നു. സത്യത്തിൽ പ്രതിബദ്ധതയ്ക്ക് ഒരു ചിഹ്നമുണ്ടാവുകയാണെങ്കിൽ അതിനേറ്റവും യോഗ്യത മുള്ളൻപന്നിക്ക് തന്നെയാണ്‌. അല്പം പതിഞ്ഞ മൂക്കും, ഇറക്കം കുറഞ്ഞ ഷർട്ടും, ചുളിഞ്ഞ പുരികവുമൊക്കെ ചപ്രുവിനു ഒരു വില്ലൻ ലുക്ക് സമ്മാനിച്ചിരുന്നു. അവനത് വെറുതെ പാഴാക്കി കളഞ്ഞതുമില്ല. നല്ലോണം മുതലാക്കിയിരുന്നു. ഒന്നിനേം പേടിയില്ലാത്ത, ആരേം വകവെയ്ക്കാത്ത പ്രകൃതം. അതായിരുന്നു അവൻ. സ്കൂളിൽ കുരുത്തക്കേടുകൾ കാട്ടുമ്പോൾ, അടിക്കുന്ന മാഷിനെ കൂർത്തനോട്ടം കൊണ്ടവൻ കുത്തിക്കീറുന്നത് പലവട്ടം ഞാൻ കണ്ടിട്ടുണ്ട്. അരിശം തീർക്കാൻ മൂന്ന് അടി എന്ന പരിധി വിട്ട് മാഷവനെ ഏഴും എട്ടും തവണ ചൂരൽ കൊണ്ട് പ്രഹരിക്കുന്നത് കണ്ടിട്ടുണ്ട്. വേറെ ഏതു കുട്ടിയാണെങ്കിലും മൂന്നാമത്തെ അടിയിൽ കരഞ്ഞു തുടങ്ങിയിരിക്കും. എന്നാൽ ചപ്രു അതിനെയൊക്കെ അതിജീവിച്ചു ഏട്ടാമത്തെ അടിയിലും ഒരു പുളച്ചിലും കാണിക്കാതെ മാഷിനെ കണ്ണു കൊണ്ട് കൊരുത്ത് ഉത്തരത്തിൽ പൊക്കി പിടിച്ച് നില്ക്കും. അവൻ ഒരു സാധാരണക്കാരനായിരുന്നില്ല എന്നു സ്ഥാപിക്കാൻ ഇനിയുമുണ്ട് എന്റെ പക്കൽ കഥകൾ. അടുത്തുള്ള കുളത്തിലെ മീനുകൾ, അവനൊരു പ്രത്യേക ഈണത്തിൽ ശബ്ദമുണ്ടാക്കുമ്പോൾ അവന്റെയടുത്തേക്ക് നീന്തി വരുമായിരുന്നു. ചുണ്ടുകൾക്കിടയിൽ പ്രത്യേകരീതിയിൽ നാവ് വളച്ച് വെച്ചാണവനാ ശബ്ദം സൃഷ്ടിക്കുക. അവനോടതതൊന്ന് പഠിപ്പിച്ചുതരാൻ പറഞ്ഞ് ഞങ്ങൾ കെഞ്ചി പിന്നാലെ നടന്നിട്ടുണ്ട്, നാരങ്ങാമിഠായി കൊടുത്ത് പ്രലോഭിപ്പിച്ചിട്ടുണ്ട്, ഉച്ചക്ക് കഴിക്കാൻ തന്നു വിടുന്ന പുഴുങ്ങിയ മുട്ട സമ്മാനിച്ചിട്ടുണ്ട്. എന്നാൽ അവനെ പോലെ ആ ശബ്ദം പുറപ്പെടുവിക്കാൻ ആർക്കുമായില്ല. ശബ്ദമുണ്ടാക്കാൻ കഷ്ടപ്പെടുമ്പോൾ, ‘ഇതൊന്നും നിനക്കൊന്നും പറ്റില്ലെടാ’ എന്ന പുശ്ചഭാവത്തിൽ അവൻ ഞങ്ങളെ നോക്കി ഇരിക്കും. മീനുകൾ ഞങ്ങളുടെ കാലടിശബ്ദം കേട്ടാൽ തന്നെ ഓടിയൊളിക്കും എന്ന സ്ഥിതിയായി. ഞങ്ങളുടെ ശബ്ദം കേട്ട് ചെവി പൊത്തിക്കൊണ്ട് നീന്തിമറയുന്ന മീനുകളെ ഞങ്ങൾ സങ്കൽപ്പിച്ചു.
‘മീനുകൾക്കൊന്നും ചെവിയില്ലെടാ’
ചപ്രു ഞങ്ങളെ ശകാരിച്ചു. ഇതൊക്കെ അവനെങ്ങനെ അറിയാമെന്ന് ഞങ്ങൾ അത്ഭുതപ്പെട്ടു. പുസ്തകത്തിലെ ഒരു വരി പോലും അവൻ ഓർത്തുവെയ്ക്കുന്നത് കണ്ടിട്ടില്ല. ക്ലാസ്സിൽ കവിത ചൊല്ലാൻ പറഞ്ഞാൽ അവൻ ആദ്യത്തെ വരി പറഞ്ഞിട്ട് മുകളിലേക്ക് കണ്ണും തുറന്ന് പിടിച്ച്, വായും പൊളിച്ച് നില്ക്കും. എന്നാൽ സിനിമാപ്പാട്ടുകളുടെ വരികൾ അവന്‌ ഹൃദയസ്ഥമായിരുന്നു.
‘സിനിമേല്‌ പഠിക്കാനുള്ള പദ്യം ചേർത്താലെന്താ?’
ഈ മാതിരി ചോദ്യങ്ങൾ ചോദിക്കാൻ ചപ്രൂനു മാത്രേ പറ്റൂ.
ഒരിക്കൽ അവനൊരു പാമ്പിനെ പിടിച്ചോണ്ട് വീട്ടിൽ വന്നു. അമ്മ അവനെ ഓടിച്ചു വിട്ടു. ഞങ്ങളൊക്കെ ബഹളം വെച്ചോണ്ട് അവന്റെ പിന്നാലെ ഓടി.
‘നീ തൊട്ട് നോക്ക്. ഇത് കടിക്കൂല്ല’
അന്നാണാദ്യമായി ഞാൻ പാമ്പിനെ സ്പർശിക്കുന്നത്. മെഴുമെഴാന്ന്..അതിന്റെ വാല്‌ എന്റെ ഉള്ളംകൈയിൽ ഇഴഞ്ഞു. ജീവന്റെ തുണ്ട് കൈയ്യിലിരുന്ന് ഇഴഞ്ഞപ്പോൾ എന്റെ ആറാമിന്ദ്രിയം തുറന്നു പോവുമോ എന്ന് സംശയിച്ചു. പക്ഷെ അങ്ങനെ ഒരപകടവും സംഭവിച്ചില്ല. അവൻ ഒരൊറ്റ ഒരുത്തൻ കാരണമാണ്‌ നാനാവിധ ജീവികളെ തൊടാനുള്ള ഭാഗ്യം ചുറ്റുവട്ടത്തുള്ള പിള്ളേർക്കൊക്കെ കിട്ടിയത്. പട്ടി, പൂച്ച, അട്ട, പല്ലി, പാറ്റാ, ആട്, മൈന, കാക്കക്കുഞ്ഞ്, അണ്ണാൻ, ആമ, കുളക്കോഴി ഒക്കെ തൊട്ടു. മീനുകളുടെ എണ്ണം അതിലും കൂടുതൽ വരും. തൊട്ടത്തിന്റെയൊക്കെ ഒരു ലിസ്റ്റെടുത്താൽ ഏതാണ്ട് എല്ലാത്തിനും നേർക്ക് അവന്റെ പേര്‌ കടപ്പാടായി എഴുതി വെയ്ക്കേണ്ടി വരും. പഴുതാര, തേള്‌ തുടങ്ങിയ ‘ഭീകര’ ജീവികളെ വരെ തൊട്ടിട്ടുണ്ട് എന്ന് ഞങ്ങൾക്ക് അഭിമാനപൂർവ്വം അവകാശപ്പെടാനാവും.

അവനെ കുറിച്ച് ഓർക്കുമ്പോൾ പിന്നെ കാണുന്നത് സ്കൂൾ സമരം എന്നും പറഞ്ഞ് കൊടിപിടിച്ച് ഒരു ചെറിയ സംഘത്തിനു മുന്നിൽ അവൻ നടക്കുന്നതാണ്‌. അവന്റെ മുള്ളൻപന്നി മുടിയുടെ കൂർപ്പ് കുറച്ച് കൂടി കൂർത്തിരുന്നു ആ കാലത്ത്. അവന്റെ ശബ്ദം കനത്തിരുന്നു. അവന്റെ ധീരശബ്ദം സ്കൂൾ കെട്ടിടത്തിന്റെ ചുവരുകളിൽ ഇപ്പോഴും പ്രതിധ്വനിക്കുന്നുണ്ടാവണം. ഊർജ്ജം നശിപ്പിക്കാനാവില്ല എന്നല്ലെ പഠിച്ചത്?. അവന്റെ കൈയ്യിലിരുന്ന കൊടിയുടെ നിറം ഇപ്പോഴും ഓർമ്മയുണ്ട്.
‘നീ ഏതു പാർട്ടിയാടാ?’
പ്രധാനധ്യാപകൻ ചൂരൽത്തുമ്പ് വിറപ്പിച്ച് കൊണ്ട് അലറിയ ശബ്ദവും ഇപ്പോഴും അവിടെ മോക്ഷം കിട്ടാതെ അലയുന്നുണ്ടാവും.
‘എനിക്കൊരു പാർട്ടിയുമില്ല’ അവനും അന്ന് തിരിച്ചതുപോലെ അലറി.
അതു സത്യമായിരുന്നു. അവൻ ഏതോ സിനിമാപോസ്റ്ററിൽ കണ്ടതു പോലെ ഒരു കൊടി ഉണ്ടാക്കിയെടുത്തതെ ഉണ്ടായിരുന്നുള്ളൂ. സമരം ചെയ്യണമെങ്കിൽ കൊടി വേണമെന്ന് എങ്ങനെയോ അവൻ ധരിച്ചു പോയി.
കല്ലേറുണ്ടായി, സ്കൂളിലെ മണി കെട്ടിയ ചരട് പൊട്ടിച്ചു, പെമ്പിള്ളേർ കരഞ്ഞും നിലവിളിച്ചും ചിതറിയോടി.
അതിനൊക്കെ ഇടയിൽ അക്ഷോഭ്യനായി, ഏതോ ടാബ്ലോയിലെ കഥാപാത്രം പോലെ ചപ്രു സ്കൂൾഗ്രൗണ്ടിന്റെ ഒത്തനടുവിൽ കൊടിയും കുത്തി തലയുയർത്തി നിന്നു.
എന്തായിരുന്നു സമരത്തിനു കാരണം?.
മൂന്നടി അടിക്കുന്ന അധ്യാപകനു പറ്റിയ ഒരു കൈപ്പിഴ. മൂന്നാമത്തെ അടിയിൽ ഒരു കൊച്ചിന്റെ കാല്‌ പൊട്ടി ചോര വന്നു. ദുഷ്ടനെ പുറത്താക്കണം. അല്ലെങ്കിൽ സമരം ശക്തമാക്കും എന്നായി ചപ്രു. പിന്നെ ദിവസങ്ങൾക്കകം എന്താ സംഭവിക്കുന്നതെന്നറിയുന്നതിനു മുൻപ് വേറേയും ചില കൂട്ടർ വന്നു. അവരും കൊടിയും കൊണ്ടാ വന്നത്. സമരം വിജയമായി. ചപ്രു നേതാവും. എല്ലാം കണ്ണടച്ചു തുറക്കുന്ന നേരത്ത്.
‘നീ ഒരു ബയങ്കര സംഭവാടാ’ എന്ന മട്ടിൽ ഞങ്ങളെല്ലാം അവനെ നോക്കി.
‘അതൊക്കെ നീയൊക്കെ പറയാതെ തന്നെ എനിക്കറിയാം’ എന്ന മട്ടിൽ ചപ്രു ഞങ്ങളെ തിരിച്ചും.

പ്രകടനവും പ്രതിഷേധവും പരാതിയുമൊക്കെ ആയി അവൻ നെഞ്ചു വിരിച്ചു നടന്നു. സമരത്തിൽ അവൻ ജയിച്ചെങ്കിലും പരീക്ഷകൾ അവനോട് പ്രതികാരം ചെയ്തു. ചുവന്ന മഷി കൊണ്ട് അവന്റെ പേര്‌ നീക്കം ചെയ്യപ്പെട്ടു. ഞങ്ങൾ കോളേജുകളിൽ ചേർന്നപ്പോൾ അവൻ വെള്ളത്തിൽ വീണ എണ്ണ പോലെ ഒരിടത്തും തൊടാതെ പൊങ്ങി കിടന്നു. നല്ല മസിലുണ്ടായിരുന്നു അവന്‌. ‘കപ്പ കഴിച്ചാൽ മതിയെടാ’ - മസിലു വരാൻ അവൻ പറഞ്ഞു തന്നതാണ്‌. ശരിയായിരിക്കണം. കപ്പേം ചതച്ച ഉള്ളീം മുളകും ഉപ്പും കൂട്ടി അവൻ കഴിക്കണ കണ്ടാൽ കൊതിയാവും. ‘എടുത്തു കഴിയെടാ’ അവൻ പാത്രം ഞങ്ങൾക്ക് നേർക്ക് നീട്ടിപ്പിടിക്കും. മസിലു വരാൻ ഞങ്ങളും ഒന്ന് രണ്ടു കഷ്ണങ്ങൾ കഴിക്കും. പക്ഷെ അവന്റേതു പോലെ മസിലു വന്നില്ല.

സകലതിനോടും പ്രതിരോധം തീർത്ത് അവൻ ജീവിച്ചു. ഞങ്ങൾ വലിയ കോളേജ് പുസ്തകങ്ങൾ ചുമന്നപ്പോൾ അവൻ കോടാലിയും, പിക്കാസും, മൺവെട്ടിയും, മണ്ണു നിറച്ച കുട്ടയുമൊക്കെ ചുമന്നു.
‘നിനക്ക് പഠിക്കണ്ടേടാ?’
‘നീയൊക്കെ പഠിക്കയല്ലെ?.. എല്ലാരും കൂടി പഠിച്ചിട്ട് എന്തു ചെയ്യാനാ?’
അതു പറയുമ്പോൾ അവൻ മീശ കൂർപ്പിച്ചു. ഞങ്ങളുടേത് അണ്ണാൻ വാലിൻതുമ്പത്തുള്ള രോമം പോലെ നേർത്തിരുന്നപ്പോൾ അവന്റേത് നല്ല പിരിച്ച കയറിന്റെ ബലമുള്ളതായിരുന്നു. അവന്റെ മീശരോമങ്ങൾ അവന്റെ തലമുടിയുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ച പോലെ തെറിച്ചു നിന്നിരുന്നു. അവൻ മീശ കൊണ്ടും ലോകത്തെ പ്രതിരോധിച്ചു എന്ന് പറയാം.

പ്രതിരോധത്തിന്റെ ശക്തി കൊണ്ടോ, ആരേയും കൂസാത്തത് കൊണ്ടോ, ആർക്കും ഒന്നും അടിയറ വെയ്ക്കാത്തത് കൊണ്ടോ, അവൻ പെണ്ണു കെട്ടിയില്ല. അവൻ ഇടയ്ക്കിടെ ചില ജാഥയ്ക്ക് പോവും. അടിപിടി ഉണ്ടാക്കും. അടിപിടി അവനു വേണ്ടി ഉണ്ടാവുന്നതാണോ, അവൻ അടിപിടിക്ക് വേണ്ടി ഉണ്ടായതാണോ എന്ന സംശയം തോന്നുന്ന രീതിയിലായിലായിരുന്നു കാര്യങ്ങൾ. മെരുക്കാൻ പറ്റാത്തത് കൊണ്ടാവും അവൻ ഒരു പാർട്ടിയിലും ചേർന്നില്ല. കുറേ നാൾ കഴിഞ്ഞപ്പോൾ അവൻ കൊടിപിടിക്കുന്നതും, ജാഥയ്ക്ക് പോവുന്നതും നിർത്തി. അവൻ സ്വതന്ത്രനായി നടന്നു.

എന്റെ കഴുത്തിൽ അപ്പോഴേക്കും നെഞ്ചിടിപ്പ് എണ്ണുന്ന കുഴൽ കയറി കഴിഞ്ഞിരുന്നു.
‘കൊള്ളാം. സൂക്കേടുമായി വരുന്ന ഒരുത്തരുടേം കൈയ്യീന്ന് ഒന്നും വാങ്ങരുത്’ ചപ്രു എന്റെ തോളിൽ തട്ടി പറഞ്ഞു.
‘നീ ഈ ബീഡിവലി ഒന്ന് കുറയ്ക്ക്’ പറയാൻ അർഹത പുതുതായി ലഭിച്ചവന്റെ ആത്മവിശ്വാസത്തോടെ ഞാൻ പറഞ്ഞു.
‘ഉം..’ അമർത്തി മൂളി അവൻ എന്നെ നോക്കി ചിരിച്ചു. സ്കൂളിൽ വെച്ച് അപൂർവ്വമായി അവൻ ചിരിക്കുമായിരുന്നു. അതേ ചിരി ആയിരുന്നു അത്. ഒരു അളവുകോലും കൊണ്ടും അളന്നെടുക്കാനാവാത്ത ചിരി.

ചപ്രു പിന്നേം വളര്ർന്നു. മനുഷ്യന്റെ വളർച്ച മരണം വരെ എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. ചിലർ മനസ്സ് കൊണ്ട്, ചിലർ ശരീരം കൊണ്ട്. പക്ഷെ എന്തായാലും വളർച്ച നിരന്തന്തരമായി സംഭവിക്കുന്നുണ്ട്.

ഞാൻ പെണ്ണു കെട്ടി. പതിവുപോലെ പെണ്ണു കെട്ടിച്ചു എന്നു പറയാം. ‘എനിക്ക് ഭോഗിക്കാൻ ഒരു പെണ്ണു വേണം’ എന്നു പച്ചക്ക് പറയാൻ പറ്റില്ലല്ലോ. പക്ഷെ എന്റെ നിവൃത്തികേട് മനസ്സിലാക്കി വീട്ടുകാരെനിക്ക് ഒരു പെണ്ണിനെ പിടിച്ചു തന്നു. ഞാൻ ഭോഗിച്ചു, പിന്നെ പ്രേമിച്ചു, പിന്നെ സ്നേഹിച്ചു. കുട്ടികളുണ്ടായി. അവരെ കൊഞ്ചിച്ചു, ലാളിച്ചു, സ്നേഹിച്ചു. ഒരോ ഘട്ടത്തിലും തോന്നി ‘ഇതാണ്‌ ജീവിതം’ എന്ന്. പിന്നീട് തോന്നി, ‘ഇത്രയുമേ ഉള്ളൂ ജീവിതം’ എന്ന്. ഇടയ്ക്കിടെ ഞാൻ ചപ്രുവിനെ കുറിച്ചും ഓർത്തു. അവൻ പെണ്ണു കെട്ടിയില്ലല്ലോ. അവനു ഈ സുഖമൊന്നും അറിയണ്ടേ? അവനു പെണ്ണിന്റെ ശരീരം പകരുന്ന ചൂടറിയണ്ടെ?. കുഞ്ഞുങ്ങൾ ഞങ്ങളുടെ പരുക്കൻ കവിളിൽ ഉമ്മ വെയ്ക്കുമ്പോൾ ഉണ്ടാവുന്ന അനുഭൂതി അനുഭവിക്കണ്ടെ?. ‘ഇതാണ്‌ ജീവിതം’ എന്ന് അവൻ എപ്പോഴെങ്കിലും പറഞ്ഞിരിക്കുമോ?.

ചപ്രു എല്ലാം ചെയ്യുമായിരുന്നു. എല്ലാ പണിയും. എന്തും. കുളത്തില്‌ വീണു മരിച്ച പെൺകുട്ടിയുടെ ജഢം മുങ്ങിയെടുത്തത് ചപ്രു ആയിരുന്നു. കുഞ്ഞിയമ്മയുടെ പശു ചത്തപ്പോൾ അതിനെ കുഴിച്ചിട്ടത് ചപ്രു ആയിരുന്നു. പ്രഭാകരേട്ടന്റെ മോൻ സുജിത്തിനെ പാമ്പു കടിച്ചപ്പോൾ തോളത്തിട്ട് ഓടിയതും ചപ്രു. എവിടേയും ചപ്രു. എല്ലായിടത്തും ചപ്രു. ദൈവത്തിനെ പോലെ. പക്ഷെ നേരിൽ കാണാമെന്നു മാത്രം. അവന്റെ വിയർപ്പ്പാട പിടിച്ച മേത്ത് തൊട്ടു നോക്കാം. അവന്റെ അടുത്ത് നില്ക്കുമ്പോൽ ബീഡിപ്പുക മണക്കും. ചിലപ്പോൾ അതാവണം ദൈവത്തിന്റെ മണം.

വർഷങ്ങൾ പിന്നെയും മുൻപോട്ട് പോയി. ചപ്രു വലിച്ചിരുന്ന കൈവണ്ടി പോലെ തന്നെ. ഇടയ്ക്ക് കയറ്റം കയറിയും, ഇടയ്ക്ക് ഇറക്കമിറങ്ങിയും എന്റെ ജീവിതവും മുന്നോട്ട് പോയി. ആയിടയ്ക്കാണ്‌ പള്ളിക്കര ഔസേപ്പിന്റെ വീട്ടിൽ മരണം നടന്നത്. അവിടെ പണിക്ക് നില്ക്കണ ഒരു വേലക്കാരി കൊച്ച്. ഒരു തമിഴത്തി പെണ്ണ്‌. ‘പൊണ്ണ്‌’ എന്ന് അവളെ കൊണ്ടു വിട്ട അവൾടെ അമ്മ പറയും. ഒരു സുപ്രഭാതത്തിൽ അവൾ കണ്ണും തുറിച്ച്, നാവും കടിച്ചു പിടിച്ച്, മേല്‌ മുഴുവൻ മാന്തിപൊളിച്ച് പേര മരത്തിൽ തൂങ്ങിയാടി. പോലീസും വന്നു, പോലീസ് പട്ടിയും വന്നു. പെങ്കൊച്ചിന്റെ അമ്മ വന്ന് വലിയ വായിൽ കരഞ്ഞു നിലവിളിച്ചു. ആ നിലവിളി ഇപ്പോഴും ആ പരിസരത്ത് കുടുങ്ങി കിടപ്പുണ്ട്. ചിലപ്പോൾ ആ നിലവിളിയിപ്പോഴും ആ പേര മരത്തിൽ തൂങ്ങി നില്പ്പുണ്ടാവും. ചപ്രു ഔസേപ്പിന്റെ വീട്ടിൽ തെങ്ങിനു തടമെടുക്കാനും, ഇളിച്ച മോന്തയുള്ള കറുത്ത കാറ്‌ കഴുകാനും പോകാറുണ്ടായിരുന്നു. പെങ്കൊച്ച് പേരമരത്തിൽ കേറി പോവുന്നതിനു തലേന്നും ചപ്രു അവളെ കണ്ടതാ. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ പോലീസിന്റെ വരവ് നിന്നു. തമിഴ് പെണ്ണിന്റെ അമ്മയെ അവിടെങ്ങും കണ്ടില്ല. ഒരു വെളുപ്പാൻകാലത്ത്, ഇളിച്ച കാറിന്റെ അകത്ത് ഔസേപ്പ് മുറിഞ്ഞ കഴുത്തുമായി കിടന്നു. ചപ്രു നേരിട്ടാണ്‌ സ്റ്റേഷനിൽ പോയത്. എന്താ, എങ്ങനെയാ എന്നൊക്കെ അവനെ അറിയാവൂ. ഞാൻ കോയമ്പത്തൂര്‌ പോയി വന്നപ്പോഴെക്കും ഒക്കെ കഴിഞ്ഞു. എന്റെ ഭാര്യ ‘ചപ്രു ഇങ്ങനെ ചെയ്യൂന്ന് വിചാരിച്ചതേയില്ല’ എന്നു പറഞ്ഞു. ‘പിന്നെ എങ്ങനെ ചെയ്യുമെന്നാ വിചാരിച്ചത്?’ എനിക്ക് അങ്ങനെ തിരിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു.

കാലം പിന്നേം ഉരുണ്ടു, എന്റെ മാരുതി കാറ്‌ പോലെ. നാട്‌ നിറയെ കടകളായി, വഴികളായ വഴികളൊക്കെ ടാറിട്ടു, ഔസേപ്പിന്റെ മകന്റെ രണ്ട് ബസ്സ് ടാറിട്ട റോഡുകളിൽ കൂടി തേരാപാരാ ഓടി. ഗ്രാമം മേക്കപ്പിട്ട് നഗരമാവാൻ കിണഞ്ഞ് ശ്രമിച്ചു. പുരികം പറിച്ചു കളയും പോലെ വഴിയുടെ വക്കിൽ നിന്ന മരങ്ങളൊക്കെ വെട്ടി മാറ്റി. ചായക്കടകൾ മോർഫ് ചെയ്ത പോലെ വലിയ ബേക്കറികളും, ഷോപ്പുകളുമൊക്കെയായി. പഴയ നാരങ്ങാ മിഠായി ഒളിവിൽ പോയി. പകരം തിളങ്ങുന്ന ഉടുപ്പിട്ട മിഠായികൾ പെട്ടികളിൽ ഞെളിഞ്ഞിരുന്നു. തലമുടി മുകളിലേക്ക് ചീകി വെച്ച പിള്ളേർ ആ മിഠായികൾ വാങ്ങി അതിന്റെ ഉടുപ്പൂരിയെറിഞ്ഞ് നുണഞ്ഞാസ്വസിച്ചു. വഴി മുഴുക്കേയും വിവിധ നിറത്തിലുള്ള മിഠായിത്തോലുകൾ പറന്നു നടന്നു. കിണറൊക്കെ ഭൂമിക്കടിയിലേക്ക് ഇറങ്ങി പോയി. മനുഷ്യര്‌ തന്നെ മണ്ണിട്ട്‌ മൂടി അതൊക്കെ ഒളിപ്പിച്ചു കളഞ്ഞു എന്നു വേണം പറയാൻ. പകരം നീണ്ട കുഴലുകൾ ഭൂമിയുടെ നെഞ്ചിലേക്ക് കുത്തിയിറക്കി  ഒരു സ്ട്രായിലൂടെന്ന പോലെ വെള്ളം വലിച്ചെടുത്തു. വാഹനങ്ങൾ പുക ചുമച്ചു തുപ്പി. താമസിയാതെ ഞങ്ങളും ചുമച്ചു തുടങ്ങി. എനിക്ക് അതു കൊണ്ടും ഗുണമേ ഉണ്ടായുള്ളൂ. ഒരുപാട് രോഗികൾ. മരുന്നിനു കുറിക്കുമ്പോൾ ഞാൻ ചപ്രു പറഞ്ഞതോർത്തു ‘സൂക്കേടുമായി വരുന്ന ഒരുത്തരുടേം കൈയ്യീന്ന് ഒന്നും വാങ്ങരുത്’. ഒരോ തവണ കാശ്‌ വാങ്ങുമ്പോഴും ചപ്രുവിന്റെ ശബ്ദം എന്റെ ഉള്ളിൽ കിടന്ന് നിലവിളിച്ചു. കുറെനാൾ കഴിഞ്ഞപ്പോൾ ആ നിലവിളി ശബ്ദം നിലച്ചു. ഞാൻ ഒരു കാറ്‌ കൂടി വാങ്ങി. ഒരു കാറ്‌ കൊണ്ട് മാത്രം എനിക്ക് സമയത്തിനൊപ്പം സഞ്ചരിക്കാനാവില്ല എന്ന് തോന്നിയത് കൊണ്ടാണ്‌.

എന്റെ ക്ലിനിക്കിൽ വരുന്ന പുതിയ പിള്ളേരുടെ മുടി ഞാൻ ശ്രദ്ധിക്കാറുണ്ട്. മുകളിലേക്ക് ചകിരി നാര്‌ പോലെ ഇരിക്കുന്ന മുടി. പക്ഷെ ചപ്രുവിന്റെ മുടിയുടെ കൂർപ്പൊന്നും ആ പിള്ളേരുടെ മുടിക്കും ഉണ്ടായിരുന്നില്ല. പിള്ളേരുടെ വിരൽനഖങ്ങൾ ഞാൻ ശ്രദ്ധിച്ചു, മണ്ണു തൊടാത്ത വിരലുകൾ. എന്റെ വിരലുകളും ഇപ്പോൾ മൃദുവായിട്ടുണ്ട്. വിടർത്തി വെച്ച കൈക്കുള്ളിൽ കിടന്നു പുളയുന്ന പാമ്പിന്റെ വാല്‌ ഞാനോർക്കാറുണ്ട്. അത്രയും ജീവനുള്ളത് ഞാൻ സ്പർശിച്ചിട്ടെത്ര നാളായിട്ടുണ്ടാവും?. ചപ്രുവിനെ അപ്പോഴോഴെയുമോർത്തു. അവനെവിടെയായിരിക്കും?. എന്തു ചെയ്യുവായിരിക്കും?. ജയിലിൽ അവനു കപ്പ കഴിക്കാൻ കിട്ടുന്നുണ്ടാവില്ല. അവിടെ ഇപ്പോൾ ചിക്കനും ചപ്പാത്തിയൊക്കെയാണെന്നു കേട്ടു. അവന്റെ മസിലുകൾ ചുരുങ്ങി പോയിട്ടുണ്ടാവും. എനിക്കതോർക്കുമ്പോൾ വിഷമം തോന്നി.

ചില ദിവസങ്ങളിൽ പത്രം വായിക്കുന്ന സമയത്ത് മുറ്റത്ത് ഒരു മൈന വന്നിരിക്കും. ഒരൊറ്റ മൈന. ആരുമായും കൂട്ട് കൂടാത്ത ഒരു മൈന. ഇപ്പോൾ ഇവിടം മുഴുവൻ കാക്കകളാണല്ലോ എന്നപ്പോഴോക്കെയുമോർക്കും. പ്രാവും, മൈനയും, മാടത്തയും, കുയിലൊക്കെ എവിടെ പോയി?. കാക്കകൾ കൊത്തിയോടിച്ചതാവുമോ?. പണ്ട് ചപ്രുവിന്റെ കൈയ്യിലിരുന്ന പ്രാവിന്റെ മുതുകിൽ തടവിയത് ഓർത്തു. എന്തൊരു മിനുസമായിരുന്നതിന്‌!. ഒരു ദിവസം ചപ്രു ഈ ഗേറ്റും തുറന്നു വരും. അവനു ഞാൻ ആ ദിവസം കപ്പ പുഴുങ്ങി കൊടുക്കും. അവനതാണല്ലോ ഇഷ്ടം. ചതച്ച ഉള്ളീം മുളകും ഉപ്പും കൂട്ടി അവനോടൊപ്പമിരുന്നു കഴിക്കും. അങ്ങനെ ചില ചെറിയ ചെറിയ സ്വപ്നങ്ങൾ. വലിയ സ്വപ്നങ്ങളുടെ കാലം കഴിഞ്ഞു. വീണ്ടും പഴയതു പോലെ ചെറിയ സ്വപ്നങ്ങൾ ഞാൻ കണ്ടു തുടങ്ങി.

ചപ്രുവിനെ ആരും അന്വേഷിക്കാത്തതിൽ എനിക്ക് അത്ഭുതം തോന്നി. നാട്ടിൽ അന്യസംസ്ഥാനത്ത് നിന്നും വന്നവർ നിറഞ്ഞത് കൊണ്ടാവും. അവരും നല്ലതു പോലെ അധ്വാനിക്കുന്ന കൂട്ടർ തന്നെ. അപ്പോൾ നമ്മൾ എന്തു ചെയ്യുവാണ്‌? അധ്വാനിക്കാത്തവരായി പോയോ? എന്നൊക്കെ സംശയം തോന്നിത്തുടങ്ങി. ഒരു കൂട്ടർ അധ്വാനിക്കാനും മറ്റൊരു കൂട്ടർ അധ്വാനിക്കാതിരിക്കാനും. എന്നിട്ട് അധ്വാനിക്കുന്നവരെ ആക്ഷേപിക്കാൻ മുന്നിൽ നില്ക്കുന്നത് അധ്വാനിക്കാത്തവരും. എവിടെയോ എന്തോ തകരാണ്‌ സംഭവിച്ചിരിക്കുന്നു.

ഒരു ദിവസം രാത്രി ഞാൻ എഴുന്നേറ്റിരുന്നു. സ്വപ്നം കണ്ടിട്ടല്ല, ബീഡിപ്പുകയുടെ മണം തോന്നിയിട്ട്. ദൈവത്തിന്റെ മണം. എനിക്കന്നേരം തന്നെ ചപ്രുവിനെ കാണണമെന്നു തോന്നി. പിറ്റേന്ന് പകൽ തന്നെ ചപ്രുവിനെ കാണൻ പുറപ്പെട്ടു. ഡ്രൈവർ വണ്ടിയോടിക്കുമ്പോൾ പിൻസീറ്റിൽ കിടന്ന് ഞാൻ ചപ്രുവിനെ കുറിച്ച് മാത്രം ഓർത്തു കിടന്നു. എന്റെ ഭാര്യ, കുഞ്ഞുങ്ങൾ, വീട്, ക്ലിനിക്ക് എല്ലാം ഞാൻ മറന്നു. അവന്റെ കൂർത്തമുടിമുനയിൽ തൊട്ടത് ഞാനോർത്തു. സ്കൂളിൽ മൈതാനമധ്യത്തിൽ സ്വയമുണ്ടാക്കിയ കൊടിയും പിടിച്ചവൻ നിവർന്ന് നില്ക്കുന്നത് കണ്ടു. പുറത്തേക്ക് നീട്ടിപ്പിടിച്ച കൈയ്യിൽ മഴത്തുള്ളി വീണപ്പോൾ, വഴുവഴുപ്പുള്ള പാമ്പിന്റെ ഉടലിൽ തൊട്ടത്ത് പോലെ ഞാൻ കൈ പിൻവലിച്ചു. ഒരു മഴത്തുള്ളിയുടെ നനവ് പോലുമെനിക്ക് സഹിക്കാനാവുന്നില്ല ഇപ്പോൾ.

ജയിലിന്റെ മുന്നിൽ കാർ വന്നു നിന്നു. ഞാൻ സന്ദർശകനായി അകത്തേക്ക് നടന്നു. അപ്പോൾ തോന്നി, ഇത്രയും വർഷങ്ങൾക്കിടയിൽ ഒരു പക്ഷെ ഞാൻ മാത്രമായിരിക്കും ചപ്രുവിനെ കാണാൻ വന്നിട്ടുണ്ടാവുക. കല്ല്യാണം കഴിച്ചിരുന്നെങ്കിൽ ഒരു പക്ഷെ അവനെ കാണാൻ അവന്റെ ഭാര്യയോ മക്കളോ ചെല്ലുമായിരുന്നു. ചപ്രു ഇപ്പോ എങ്ങനെയിരിക്കും കാണാൻ?. അവന്റെ മേലോട്ട് കൂർപ്പിച്ച മീശ ഇപ്പോഴും അങ്ങനെ തന്നെ ഉണ്ടാവുമോ?. അതോ കാലപ്പഴക്കത്തിൽ പ്രതിരോധശക്തിയൊക്കേയും ചോർന്ന് താഴേക്ക് വളഞ്ഞു പോയിട്ടുണ്ടാവുമോ?. കപ്പ കഴിച്ച് അവൻ വളർത്തിയെടുത്ത മസിലുകൾ..

ഓ! ചപ്രുവിന്റെ ശരിയായ പേരെന്താണ്‌? - ‘ആരേയാണ്‌ കാണേണ്ടത്?’ എന്ന് ചോദിച്ചപ്പോഴാണ്‌ ഞാൻ അതോർത്തത് തന്നെ. സ്കൂളിൽ വിളിക്കാറുള്ള ഹാജർ വിളികളാണെന്നെ രക്ഷിച്ചത്. എന്റെ ഓർമ്മയെ ഒരു നിമിഷം പരീക്ഷിച്ചെങ്കിലും, ഓർമ്മ ഒടുവിൽ ആ പേർ എന്റെ നേർക്ക് നീക്കിവെച്ചുതന്നെന്റെ മാനം രക്ഷിച്ചു.
പോലീസുദ്യോഗസ്ഥൻ എന്നെ സംശയത്തോടെ നോക്കി ചോദിച്ചു,
‘നിങ്ങൾ അയാളുടെ ആരാണ്‌?’
ഞാൻ അവന്റെ സുഹൃത്ത്. ബാല്യകാലസുഹൃത്ത്. ഒന്നിച്ചു ഒരേസ്കൂളിൽ ഒരേ ബഞ്ചിൽ മുട്ടുകാലുകളുരുമിയിരുന്ന് പഠിച്ച സുഹൃത്ത്. കുറേ നല്ല വർഷങ്ങളുടെ പരിചയം മാത്രമുള്ള ഒരു സുഹൃത്ത്.
‘നിങ്ങൾ ഇപ്പോഴെന്താ വന്നത്?’
ഓ!. സന്ദർശനോദ്യേശ്യം.. എന്തിനാണ്‌?. വെറുതെ കാണാൻ. ഒരാളെ ഒരുപാട് നാൾ കാണാതിരുന്നാൽ കാണാൻ തോന്നില്ലെ?. അങ്ങനെ കാണാൻ വന്നതാണ്‌. എവിടെ അവൻ?. എന്താ കാണാൻ അനുവാദമില്ലെ?.
‘നിങ്ങൾ പറയുന്ന ആൾ മൂന്ന് മാസങ്ങൾക്ക് മുൻപ് മരിച്ചു പോയി..ഹാർട്ട് അറ്റാക്ക് എന്നാണ്‌ റെക്കോർഡിൽ കാണുന്നത്’

ദൈവം മരിച്ചു. ഞാൻ തളർച്ചയോടെ കസേരയിൽ കുറച്ച് നേരമിരുന്നിട്ട് പുറത്തേക്ക് നടന്നു. അന്നാദ്യമായി ഒരു ലജ്ജയുമില്ലാതെ ഞാൻ കരഞ്ഞു, വെറുമൊരു സാധാരണ മനുഷ്യനെ പോലെ. മുള്ളു പോലെ മുടിയുള്ള എന്റെ സുഹൃത്ത്. ചപ്രു. വേവിച്ച കപ്പ നിറച്ച പാത്രം നീട്ടി ‘എടുത്ത് കഴിയെടാ’ എന്നു പറഞ്ഞ ചപ്രു. എനിക്കൊരുവട്ടമെങ്കിലും അവനെ കാണാൻ വരാമായിരുന്നു. ഞാൻ മനുഷ്യനാണത്രെ..


-സാബു ഹരിഹരൻ

'കഥ വന്ന വഴി' - ഭാഗം 3 - നടവഴിയിലെ നേരുകള്‍ (അന്നൂസ്)

ഷെമി - കണ്ണൂര്‍ സ്വദേശിനി. പിന്നിട്ട നടവഴികളില്‍ കാലില്‍ തുളച്ചുകയറിയ കൂര്‍ത്ത മുള്ളുകള്‍ തന്ന വേദനയില്‍ നിന്ന് ഉയിര്‍കൊണ്ട തീ പിടിപ്പിച്ച അക്ഷരങ്ങളുമായെത്തിയ എഴുത്തുകാരി. അനാഥത്വം സൃഷ്‌ടിച്ച ബാല്യ കൗമാരകാലത്തെ പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ നമ്മോടു പങ്കു വയ്ക്കുന്ന നടവഴിയിലെ നേരുകള്‍ക്ക് ശേഷം എഴുത്ത് പ്രതികാരത്തിനല്ല, പ്രചോദനത്തിനാണെന്നു തീര്‍ത്തു പറയുന്നു, ഈ കഥാകാരി. തന്‍റെ ഒരു പുസ്തകം വിറ്റുകിട്ടുന്ന പണംകൊണ്ട്  തെരുവിലെ ഒരു കുട്ടിക്കെങ്കിലും ആഹാരം കിട്ടിയാല്‍ തനിക്കത്രയും സന്തോഷം എന്നു പറയുന്ന മനുഷ്യസ്നേഹിയായ എഴുത്തുകാരിയുടെ ആദ്യനോവലാണ്‌ 'നടവഴിയിലെ നേരുകള്‍'.


'നടവഴിയിലെ നേരുകള്‍' പിറന്നതിനെപ്പറ്റി പ്രിയ എഴുത്തുകാരി എഴുതുന്നു.
(വഴക്കുപക്ഷി ബ്ലോഗ്‌ മാഗസിനിലെ 'കഥവന്ന വഴി' എന്ന പംക്തിക്കായി സ്നേഹത്തോടെ കുറിച്ച് അയച്ചുതന്നത്)

".....ഇത് ജീവിതം നടന്ന വഴിയാണ്. ഒരു പെൺകുട്ടി മൂന്നു വയസ്സ് മുതൽ ഇരുപത്തിനാല് വയസു വരെ നടന്ന വഴികളിലെല്ലാം കണ്ടതും ഉണ്ടായതുമായ സത്യസ്ഥിതികൾ.

ഒരിക്കൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലെ കൃത്രിമ ശ്വാസകോശ പെട്ടിയുമായി ഞാൻ ബന്ധിക്കപ്പെട്ടു. ഒരു ദിവസം കണ്ണ് തുറന്നപ്പോൾ അപരിചിതമായതെല്ലാം അടുപ്പം കൂടാൻ വന്നു. ഡോക്ടേഴ്‌സ്, നഴ്സ്‌, മരുന്ന്,സഹരോഗികൾ... എന്നാൽ എന്റെ പേരെന്തെന്നോ, 'ഞാൻ' ആരാണെന്നോ, എങ്ങനെ ഇവിടെ എത്തിപ്പെട്ടുവെന്നോ എന്നെല്ലാം ചോദിക്കാൻ മനസ്സ് മടിച്ചു. പകരം ഒരുപാട് പരിചയമുള്ളതെല്ലാം ഒരല്പം അകലം വിട്ട് നിന്ന്  'എന്നാലും നമ്മളെ മറന്നു കളഞ്ഞില്ലേ' എന്ന് പരിഭവിക്കുന്നത് ശ്രദ്ധിച്ചു. ആശുപത്രിക്കിടക്കയിൽ അനങ്ങുവാൻ അസാധ്യമായിട്ടും അവയെ ആശ്വസിപ്പിച്ചു.

അങ്ങനെ അംഗനാവാടിയിലെ 'അ' എന്ന അക്ഷരത്തിൽ നിന്നും ദുബൈ എയർപോർട്ടിൽ തളർന്ന് അണച്ച് ഇരുന്നതോളം ക്രമ വ്യവസ്‌ഥം കുറിച്ചിട്ടതാണ് നടവഴിയിലെ നേരുകൾ. എന്തിനാണെന്ന് എനിക്കപ്പോൾ അറിയുമായിരുന്നില്ല, ആ നേരത്ത്‌ പിന്നിൽ  അനുഭവിച്ച വേദനാ വികാരം വീണ്ടും വട്ടം കൂടി വീർപ്പുമുട്ടിക്കുകയും തല്ലിച്ചതക്കുകയും ആയിരുന്നു.

ഇത്തരം വഴികളിലൂടെ നടക്കുമ്പോൾ ആകുലത വേണ്ടാ എന്ന് ഒരാളെയെങ്കിലും ചിന്തിപ്പിക്കാനും ഒരു കുട്ടിക്ക് ഒരു നേരമെങ്കിലും ആഹാരമാകും എന്ന വിചാരവുമാണ് ഈ പിറവിയുടെ പ്രചോദനം....."  
നിങ്ങളുടെ മാഗസിന് എല്ലാ നന്മാശംസകളും... 
സ്നേഹാദരവോടെ 
സ്വന്തം ഷെമി.
 
പ്രിയ ബ്ലോഗ്ഗര്‍ ഫൈസല്‍ബാബുവിന്‍റെ ബ്ലോഗ്‌പോസ്റ്റില്‍ നിന്ന്......  
---------------------------------------------------------------------------------------------------------------
"കോഴിക്കോട് ഡി സി ബുക്സില്‍ വെച്ച് അവിചാരിതാമായിട്ടാണ് നടവഴിയിലെ നേരുകള്‍ കണ്ണിലുടക്കുന്നത്.എഴുത്തുകാരിയുടെ  പടം പുറം ചട്ടയില്‍ വലുതായി  കൊടുത്തുകൊണ്ട്  ഒരു നോവല്‍. ഒരു  കൌതുകത്തിനു വേണ്ടി  മാത്രം അതിന്റെ  ആദ്യ പേജുകള്‍ ഒന്ന്  മറിച്ചുനോക്കി .അവിടെയുമുണ്ടായിരുന്നു ഒരു പുതുമ .സ്വന്തം കൈപടയില്‍  ഇങ്ങിനെ കുറിച്ചിരിക്കുന്നു "എന്റെ ബാല്യം തെരുവിലായിരുന്നു,അത് കൊണ്ട് തന്നെ ഈ പുസ്തകത്തിന്റെ റോയല്‍റ്റി എക്കാലത്തെക്കും തെരുവിലെ ബാല്യങ്ങള്‍ക്ക്‌ അവകാശപ്പെട്ടതാണ്" ഷെമി---- പിന്നെയൊന്നും നോക്കിയില്ല നോവല്‍ എങ്ങിനെയാണെങ്കിലും അതിന്റെ വരുമാനം ഒരു  നല്ല കാര്യത്തിന് വേണ്ടി യാണല്ലോ ചിലവഴിക്കാന്‍ പോവുന്നത്. അങ്ങിനെയാണ് നടവഴിയിലെ നേരുകളുമായി ഷെമിയോടൊപ്പം തെരുവില്‍ കൂടി നടക്കാന്‍ തീരുമാനിച്ചത്."  തുടര്‍ന്നു വായിക്കാം
 
നോവലിനെ പറ്റി പ്രിയ ബ്ലോഗ്ഗര്‍ ബിജു ജി നാഥ്.
----------------------------------------------------------------------
ഓരോ വായനയും ഓരോ അനുഭവം ആകുന്നതു ആ എഴുത്തിന്റെ ഭംഗി കൊണ്ട് മാത്രമല്ല അതിലെ ജീവിതത്തിന്റെ പച്ചയായ നോവും പശിമയും വായനക്കാരനെ തൊടുമ്പോഴാണ്. വായനയില്‍ പുതിയൊരു അനുഭവം തരുന്ന പുസ്തകം ആണ് "നടവഴിയിലെ നേരുകള്‍" . ഷെമി എന്ന എഴുത്തുകാരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ആത്മകഥാംശപരമായ ഒരു കഥ ആണ് ഈ പുസ്തകം. നാം ജീവിക്കുന്ന പരിസരത്തെക്കുറിച്ചു നാം ഒട്ടും തന്നെ ബോധവാന്‍ അല്ല  എന്ന അറിവ് എത്ര കണ്ടു ഖേദകരവും , ജുഗുത്പ്സാപരവും  ആണ് എന്ന ഓര്‍മ്മപ്പെടുത്തല്‍ ആണ് ഈ പുസ്തകം വായനക്കാരന്റെ മനസ്സില്‍ ഉളവാക്കുന്ന പ്രഥമവികാരം എന്നതില്‍ സംശയമില്ല . എന്താണ് നടവഴികളിലെ നേരുകള്‍ നമ്മോടു പറയുന്നത് എന്ന് നോക്കാം .

ഇതിലെ നായികയായ പെണ്‍കുട്ടിയുടെ ബാല്യം മുതല്‍ ആണ് ഇതിലെ കഥ ആരംഭിക്കുന്നത് . നായിക ഉള്‍പ്പടെ പതിനാലുമക്കള്‍ ഉള്ള ഒരു ഉപ്പയും ഉമ്മയും  അവരുടെ  ജീവിത പരിസരവും ആയി ബന്ധപ്പെടുത്തി ആണ് കഥയെ മുന്നോട്ടു നടത്തുന്നത് . ഭക്ഷണം ഇല്ലെങ്കിലും കുട്ടികള്‍ ഉണ്ടാകണം എന്ന വാശിയോ അതോ കുടുംബാസൂത്രണത്തെക്കുറിച്ചുള്ള അറിവില്ലായ്മയോ , മതം നല്‍കുന്ന നിഷ്കര്‍ഷയോ ആകാം ആ കുടുംബവും അത് പോലെ പഴയകാലത്തെ ഏകദേശം എല്ലാ കുടുംബങ്ങളും ഇങ്ങനെ പത്തോ അതിലധികമോ കുട്ടികളെ പ്രസവിക്കുന്ന സ്ത്രീയന്ത്രത്തെ കേരളസമൂഹത്തിന് കാണിച്ചു കൊടുത്തിരുന്നത് . ഇത്തരം ഒരു കുടുംബത്തിലെ ഇളയവരില്‍ ഒരാളായി നായിക വളരുന്ന സാഹചര്യം വളരെ വ്യക്തമായി തന്നെ വരച്ചിടുന്നു വരികളില്‍ . കയറിക്കിടക്കാന്‍ സ്വന്തമായി വീടില്ലാത്ത ആ വലിയ കുടുംബത്തില്‍ സാധാരണ പരിസരങ്ങളില്‍ കണ്ടു വരുന്ന തരത്തില്‍ നിന്നും വ്യത്യസ്തമായി കാണാന്‍ കഴിയുന്ന ഒരു വസ്തുത പട്ടിണി കിടന്നും മക്കള്‍ക്ക്‌ ആണിനും പെണ്ണിനും വിദ്യാഭ്യാസം നല്‍കാന്‍ ആ രക്ഷിതാക്കള്‍ കാണിച്ച മനസ്സാണ് . മൂത്തവന്‍ പഠിച്ചു സര്‍ക്കാര്‍ ജോലി നേടി എങ്കിലും അതിനു താഴെ ഉള്ള ആണ്മക്കളില്‍ ഒരുത്തന്‍ കള്ള് കുടിയനും ഒരുത്തന്‍ കഞ്ചാവ് അടിക്കുന്നവനും മറ്റൊരുത്തന്‍ അപസ്മാരരോഗിയും രണ്ടുപേര്‍ കള്ളത്തരങ്ങള്‍ കൊണ്ട് നടക്കുന്നവരും ആയി ജീവിച്ചു കടന്നുപോകുന്നത് കാണാം .

ടി ബി പിടിച്ച പിതാവിന്റെ തുച്ചമായ വരുമാനം ഒന്ന് കൊണ്ട് മാത്രം ആണ് ആ കുടുംബം വളര്‍ന്നു വന്നത് . ജീവിതസമരത്തില്‍ വിജയിച്ചു നില്‍ക്കാന്‍ പല പല ബിസിനസ്സ് നടത്തി തോല്‍വി അടയുന്ന ആ മനുഷ്യന്‍ ഒടുവില്‍ ടി ബി  മൂര്‍ച്ചിച്ചു മരണത്തെ പുല്‍കുന്നു . ഉമ്മയും പെണ്മക്കളും വീട് വീടാന്തരം കയറി ഇറങ്ങിയും അടുക്കള പണി ചെയ്തും ആണ്‍ മക്കള്‍ക്ക്‌ തിന്നാന്‍ ഉണ്ടാക്കികൊടുക്കേണ്ടി വരുന്നതും അവരുടെ ചവിട്ടും തൊഴിയും കൊണ്ട് കണ്ണീര്‍ അടക്കേണ്ടി വരുന്നതും വളരെ വേദനാജനകവും ഗ്രാമീണ ജീവിതങ്ങളില്‍ നാം പലവട്ടം കണ്ടു പരിചയിച്ച ചില സാഹചര്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നതും ആണ് . അടച്ചുറപ്പോ , വേണ്ട മുറികളോ ഇല്ലാത്ത വീടുകള്‍ക്കുള്ളില്‍ ബോധമില്ലാത്ത സഹോദരന്മാരുടെ ലൈംഗികദാഹത്തില്‍ ഇരകള്‍ ആകുന്ന ഇളയ പെണ്‍കുട്ടികള്‍ സമൂഹത്തില്‍ ആരും പുറത്തുപറയാതെ ഒളിച്ചു വയ്ക്കുന്ന ചില സത്യങ്ങള്‍ ആണ് എന്നത് തര്‍ക്കമറ്റ വസ്തുത ആണെന്ന് ഈ കഥയില്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് .

പട്ടിണിയും അസുരക്ഷിതത്വവും ആണ് കൈമുതല്‍ എങ്കിലും ഒരിക്കല്‍പ്പോലും ആ ഉമ്മയോ പെണ്മക്കളോ സമൂഹം തെറ്റാണെന്നു വിവക്ഷിക്കുന്ന  ഒരു പാതയിലേക്ക് ഒരിക്കല്‍ പോലും പോകുന്നില്ല എന്നത് വിദ്യാഭ്യാസത്തിന്റെ ഗുണമായി മനസ്സിലാക്കാന്‍ കഴിയുന്നു . ഇത്തരം ഒരു കുടുംബത്തില്‍, ആവശ്യത്തിനുള്ള വസ്ത്രം പോലും മാറിയുടുക്കാന്‍ ഇല്ലാത്ത ഒരു പെണ്‍കുട്ടി ജീവിക്കുന്നു . അവള്‍ പഠിക്കാന്‍ വേണ്ടി എന്ത് കഷ്ടപ്പാടും സഹിക്കാന്‍ തയ്യാറാകുന്നു . ദിവസങ്ങളോളം കുളിക്കാതെ , വേണ്ട വിധത്തില്‍ ഭക്ഷണം കഴിക്കാതെ , അടിവസ്ത്രങ്ങള്‍ പോലും ഉപയോഗിക്കാന്‍ ഇല്ലാതെ , തെരുവോരത്തും , ആളില്ലാത്ത വീടുകളിലും , റയില്‍വേ പരിസരത്തെ കുട്ടിക്കാട്ടിലും ഒക്കെ വൃദ്ധനും രോഗിയുമായ പിതാവും ഒന്നിച്ചു ഒറ്റയ്ക്ക് ജീവിക്കേണ്ടി വരിക എന്നത് വളരെ ദയനീയമായ ഒരു വസ്തുതയാണ് . നമുക്ക് ചുറ്റും ഉള്ള സഹോദരങ്ങള്‍ ആഹാരം കഴിച്ചു , വസ്ത്രം ധരിച്ചു , വിദ്യാഭ്യാസം ചെയ്തു ആണോ ജീവിക്കുന്നത് എന്ന് തിരക്കാന്‍ നമുക്ക് കഴിയാതെ പോകുന്ന കാഴ്ച എത്ര ഖേദകരം ആണ് . മതവും , സമൂഹവും മനുഷ്യനെ നിയന്ത്രിക്കുന്നത്‌ അവന്‍ ശരിയായ വസ്ത്രം ധരിച്ചോ , സദാചാരത്തില്‍ എന്തേലും ഭ്രംശം സംഭവിച്ചോ , തുടങ്ങിയ വസ്തുതകള്‍ അല്ലാതെ ഒരിക്കല്‍പ്പോലും തന്റെ സമുദായത്തിലെ , തന്റെ സമൂഹത്തിലെ എല്ലാ കുഞ്ഞുങ്ങളും വേണ്ടത്ര ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും ലഭിക്കുന്നവരാണോ എന്ന് തിരക്കാന്‍ ബുദ്ധിമുട്ടാറില്ല. കഷ്ടപ്പാടുകളിലും പരിമിതമായ സമയത്തുള്ള സ്കൂള്‍ പഠനത്തിലും അവള്‍ എപ്പോഴും ഒന്നാമാതാകാന്‍ ശ്രമിച്ചിരുന്നു എന്നത് അവളിലെ ഇച്ഛ ശക്തിയും പരിശ്രമവും വെളിവാക്കുന്നു .

ഉപ്പയും ഉമ്മയും മരിച്ചതോടെ അനാഥര്‍ ആകുന്ന ആ പെണ്‍കുട്ടികളെ , (അതിലൊരാള്‍ ബുദ്ധിവികാസം ഇല്ലാത്ത കുട്ടി ആണ് ഒപ്പം രക്തസ്രാവം ഉള്ള അസുഖവും കൂട്ടിനു ) സഹോദരന്മാര്‍ എല്ലാരും തന്നെ കയ്യൊഴിയുന്നതും , അതെ സഹോദരന്മാര്‍ തന്നെ അന്യവീട്ടുകളില്‍ ആ അനിയത്തിമാര്‍  വേദനയോടെ അടുക്കള ജോലി ചെയ്തു സമ്പാദിക്കുന്നത് ഒരു മാനസികവിഷമവും ഇല്ലാതെ പിടിച്ചു വാങ്ങി മദ്യപാനവും മറ്റുമായി ജീവിക്കുകയും ചെയ്യുന്നത് അനാഥജീവിതങ്ങളുടെ ദയനീയത എത്ര ഭയാനകം ആണ് എന്ന് മനസ്സിലാക്കിത്തരുന്നു . അവരുടെ അനാഥത്വം ചൂക്ഷണം ചെയ്യുന്ന ബന്ധുജനങ്ങള്‍ അവരെക്കൊണ്ട് അടിമകളെ പോലെ പണിചെയ്യിപ്പിക്കുകയും എന്നാല്‍ തുച്ചമായ വേതനം മാത്രം നല്‍കുകയും ചെയ്യുന്നു. ഒടുവില്‍ ഗതികേട് സഹിക്കാതായപ്പോള്‍ ആണ് ആ പെണ്‍കുട്ടികള്‍ അനാഥാലയത്തിലേക്ക് അന്തേവാസികള്‍ ആയി കടന്നു ചെല്ലുന്നത് . ഇവിടെ അവരിലൂടെ സമൂഹത്തിലെ മറ്റൊരു കാപട്യം കൂടി വായനക്കാരന്‍ സാക്ഷിയാകുന്നത് കാണാന്‍ കഴിയും .

പുറമേ മനോഹരമായി അലങ്കരിച്ച അനാഥാലയത്തിന്റെ അകം എന്നത് വന്‍ നഗരങ്ങളിലെ ഗലികളെ പോലും നാണിപ്പിക്കുന്നത് ആണെന്ന കാഴ്ച ആരിലും രോക്ഷം ഉണര്‍ത്തുക തന്നെ ചെയ്യും.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം വിഭാഗം . വലിയ കുട്ടികളാല്‍ ലൈംഗിക ആക്രമണം നേരിടുന്ന ചെറിയ കുട്ടികള്‍ ആണ് അവിടെ ദുരിതമെങ്കില്‍ പെണ്‍കുട്ടികളുടെ ഭാഗത്ത്‌ കാണുന്ന കാഴ്ച  മലവും ആര്‍ത്തവത്തുണികളും കഫവും രക്തവും ചെളിയും നിറഞ്ഞ അന്തരീക്ഷം , ശൌചാലയങ്ങള്‍.  ആവശ്യത്തിനു വെള്ളം ലഭിക്കാത്ത അത്തരം അന്തരീക്ഷങ്ങളില്‍ ജീവിക്കുന്ന പെണ്‍കുട്ടികള്‍ . ആര്‍ത്തവ കാലത്ത് പോലും അവര്‍ക്കൊന്നു ശുചിയാക്കാനോ കുളിക്കാനോ വെള്ളം ലഭ്യമല്ലാത്ത അവസ്ഥ നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറം ആണ് . ഇടയ്ക്ക് കഥയിലേ നായിക മാസമുറ സമയത്ത് വെള്ളം ലഭിക്കാതെ തന്റെ തുണി നനഞ്ഞു തുടയിലൂടെ രക്തം ഒലിപ്പിച്ചു ഗതികെട്ട് പറമ്പിലെ പുല്ലുകള്‍ക്കിടയില്‍ വെറും മണ്ണില്‍ അമര്‍ന്നിരുന്നു തന്റെ ജനനേന്ദ്രിയം മണ്ണില്‍ ശുചിയാക്കുന്ന ഒരു അവസരം വിവരിക്കുന്നുണ്ട് . മനുഷ്യത്തം നഷ്ടപ്പെട്ടില്ലാത്ത ആര്‍ക്കും ഹൃദയം പിടയ്ക്കാതെ ഇത്തരം ഒരു രംഗത്തെ ഓര്‍ക്കാന്‍ കൂടി കഴിയില്ല . ഇത്തരം അവസ്ഥകളിലും പഠിക്കാന്‍ വേണ്ടി മാത്രം അവള്‍ സഹിക്കുന്ന ഈ ബുദ്ധിമുട്ടുകള്‍ വളരെ പരിതാപകരമായ സാമൂഹ്യചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു .

കോളേജില്‍ കൂടെ പഠിക്കുന്ന കുട്ടിയോട് ചോദിച്ചു അവളുടെ വീട്ടില്‍ ഉച്ച സമയത്ത് പോയി രണ്ടു ദിവസം ആയി പിടിച്ചു നിര്‍ത്തിയ മലശോധന നടത്തുന്നതും അവിടെ നിന്ന് കുളിക്കുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ആ പെണ്‍കുട്ടി എത്ര കഠിനമായ പരീക്ഷണങ്ങളില്‍ കൂടിയാണ് കടന്നുപോയതെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു . പുഴുനിറഞ്ഞ ചോറും കറികളും കഴിക്കാന്‍ വിധിക്കപ്പെട്ട കുട്ടികള്‍ , ശുചിത്വം ഇല്ലാത്ത കക്കൂസുകളില്‍ പോകാന്‍ മടിച്ചു ഭക്ഷണം വിശപ്പ്‌ സഹിച്ചും കുറച്ചു കഴിച്ചും രണ്ടു ദിവസം ഒക്കെ പിടിച്ചു വച്ച് മലവിസര്‍ജ്ജനം നടത്തുകയും ചെയ്യേണ്ടി വരുന്നത് നമ്മുടെ , നാം ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ നമുക്കിടയിലെ സഹജീവികള്‍ ആണെന്ന ഓര്‍മ്മ ലജ്ജയാല്‍ അല്ലാതെ ഓര്‍ക്കാന്‍ കഴിയുകയില്ല .

അനാഥാലയത്തില്‍ നിന്നും പണം ഉണ്ടാക്കി പഠിക്കുവാന്‍ വേണ്ടി ചാടിപ്പോയി ജോലി ചെയ്തു ജീവിക്കുന്ന നായികയും സഹോദരിയും അവിടെയും രക്ഷപ്പെടാന്‍ കഴിയുന്നില്ല എന്ന് കാണാം . അവര്‍ക്ക് വേണ്ട വിധത്തില്‍ വേതനമോ സൌകര്യങ്ങളോ സുരക്ഷയോ ലഭിക്കാതെ അവിടെ നിന്നും അവര്‍ വീണ്ടും തിരികെ അനാഥാലയത്തില്‍ തന്നെ എത്തുന്നുണ്ട് പലവട്ടം . ഒടുവില്‍ അവര്‍ ഇളയ സഹോദരനും ആയി ചേര്‍ന്ന് ഒരു വീട് വാടകയ്ക്ക് എടുത്തു അവിടെ താമസിച്ചുകൊണ്ട് ജോലി ചെയ്യുന്നു എങ്കിലും അതിന്റെ പങ്കു പറ്റാന്‍ ആങ്ങളമാരുടെ വരവും അവരെ ഒരു പരാതിയോ എതിര്‍പ്പോ ഇല്ലാതെ തങ്ങളുടെ ഭക്ഷണം കൊടുത്തു ഊട്ടി , പട്ടിണി കിടക്കുകയും ചെയ്യുന്ന കാഴ്ച ഹൃദയഹാരിയാണ് . ചേച്ചിമാരെ കല്യാണം കഴിച്ചു അയക്കുകയും സര്‍ക്കാര്‍ ഉദ്യോഗം ആരോഗ്യ രംഗത്ത്‌ നേടി എടുക്കുകയും ചെയ്യുന്ന നായിക , സമൂഹത്തിലെ അനീതികള്‍ക്കെതിരെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയും സഹജീവികളോട് ദയ കാണിക്കുകയും ചെയ്യുന്നത് അവളിലെ നന്മയും പ്രകാശവും ആയി കാണാന്‍ കഴിയും .

സഹോദരിമാര്‍ക്ക് കുടുംബം ആയിക്കഴിയുമ്പോള്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു വിവാഹം താത്കാലികമായ ഒരു ഉടമ്പടി പോലെ നടത്തേണ്ടി വരുന്നതും അതില്‍ നിന്നും വിടുതല്‍ നേടുന്നതും പച്ചക്കണ്ണ്‍ ഉള്ള അവളുടെ നായകനെ വിവാഹം ചെയ്യുകയും അതുവഴി സഹോദരികള്‍ പോലും തള്ളിക്കളയുകയും തികച്ചും ഈ ലോകത്ത് അവനും അവളും അല്ലാതെ ആരുമില്ലതാകുകയും ചെയ്യുന്നു .ജോലി നഷ്ടമാകുകയും ഗര്‍ഭിണി ആയിരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ ഒരുമിച്ചു അവന്റെ നാട്ടിലേക്ക് ,  എത്തുന്നതും അവളെ വിവാഹം കഴിച്ചതുമൂലം അനാഥനായ അവനും അവളും ഒഴിഞ്ഞ പെട്രോള്‍ പമ്പിലും , വഴി സത്രങ്ങളിലും , വെളിമ്പ്രദേശങ്ങളിലും അന്തിയുറങ്ങുന്നതും യഥാര്‍ത്ഥമായ ഒരു ലോകത്തില്‍ നടന്നതാണോ എന്ന് സംശയിച്ചുപോകുന്ന സത്യങ്ങള്‍ ആണ് . ഒടുവില്‍ അവന്‍ ദുബായില്‍ ഒരു ജോലി ലഭിച്ചു അങ്ങോട്ട്‌ പോകുകയും അവള്‍ വീണ്ടും ഒറ്റപ്പെടുകയും സഹോദരിമാരുടെ വീട്ടില്‍ വേലക്കാരിയായി ജീവിക്കേണ്ടി വരികയും ചെയ്യുന്നു കുറച്ചു കാലം .ഒടുവില്‍  അവന്‍ അവളെ ദുബായിലേക്ക് ക്ഷണിക്കുന്നു . കഥയുടെ അവസാനം വീണ്ടും അവളുടെ ജീവിതത്തെ അനിശ്ചിതത്തില്‍ നിര്‍ത്തിക്കൊണ്ട് ദുബായി എയര്‍പ്പോര്‍ട്ടില്‍ ഒറ്റയ്ക്ക് കൈക്കുഞ്ഞുമായി അവനെ കാണാതെ കാത്തുനില്‍ക്കുകയും തളര്‍ന്നു വീഴുകയും ചെയ്യുന്നിടത്ത് കഥ അവസാനിക്കുന്നു .

ഇത് കഥയാണോ അതോ ജീവിതമാണോ എന്ന് സംശയം ആര്‍ക്കും ഉണ്ടാകുമെന്ന് തോന്നുകില്ല വായനയില്‍ . കാരണം ഇതിലെ നായികയുടെ കൂടെ ഒരിക്കല്‍ വായനയില്‍ എത്തപ്പെട്ടാല്‍ പിന്നെ വായനക്കാരന്‍ കാണുന്നത് മറ്റൊരു ലോകം ആണ് . തന്റെ സമൂഹത്തില്‍ താന്‍ കാണാതെ പോയതോ , അവഗണിച്ചതോ ആയ മറ്റൊരു ലോകം . അവിടെ ജീവിതത്തെ നിറമില്ലാതെ നോക്കിക്കാണുന്ന ഒരുപാട് ജീവിതങ്ങള്‍ ഉണ്ട് . ഒരുപക്ഷെ ആ ജീവിതങ്ങളെ നാം കണ്ടിട്ടില്ല എന്ന് വരാം . എന്നാല്‍ ഈ പുസ്തകം ഒരിക്കല്‍ വായിക്കുന്ന ഒരാള്‍ പോലും പിന്നീടൊരിക്കലും തന്റെ സമൂഹത്തിലെ അനാഥ ജന്മങ്ങളെ കാണാത്ത മട്ടില്‍ പോകുകില്ലെന്നും , ഒരു കുട്ടിയെ എങ്കിലും സഹായിക്കാന്‍ മുന്നോട്ടു വരുമെന്നും തന്നെ കരുതാം . അത്രകണ്ട് പരിതാപകരവും വസ്തുനിഷ്ഠവും ആയി ആണ് ഷെമി ഈ കഥയെ, അല്ലെങ്കില്‍ തന്റെ ജീവിതത്തെ , തന്‍ നടന്ന വഴികളെ , താന്‍ അനുഭവിച്ച ദുരിതങ്ങളെ നമുക്ക് മുന്നില്‍ വരച്ചിടുന്നത് .

സമൂഹത്തിന്റെ മുന്നില്‍ പണക്കാരനും പാവങ്ങളും എന്നൊരു അന്തരം നിലനില്‍ക്കുന്നു എന്ന സത്യം ശരിയാണ് എങ്കിലും പാവങ്ങള്‍ എന്നാല്‍ എത്ര ഭീകരമായ ഒരു അവസ്ഥയാണ് അവരില്‍ പോലും ഏറ്റവും പാവങ്ങള്‍ ആയവര്‍ അനുഭവിക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കുന്ന ഈ പുസ്തകം മനുഷ്യസ്നേഹികള്‍ ആയ ഏവരും വായിച്ചിരിക്കേണ്ടതാണ്.
ബിജു ജി നാഥ് വര്‍ക്കല
----------------------------------------------------  
വഴക്കുപക്ഷിക്ക് വേണ്ടി പോസ്റ്റ്‌ തയ്യാര്‍ ചെയ്തത് അന്നൂസ്

കോവാലൻ ( ഓർമ്മകുറിപ്പ് ) - പുനലൂരാൻ


കോവാലൻ


ങ്ങളുടെ നാട്ടിലെ അപ്പുക്കിളി ആയിരുന്നു കോവാലൻ. അപ്പുക്കിളിയെ ഓർമ്മയില്ലേ, ഖസാക്കിന്‍റെ ഇതിഹാസത്തിലെ അപ്പുക്കിളി. എട്ടുകാലിപ്രാന്തനായ അപ്പുക്കിളിയെപ്പോലെ ഞങ്ങളുടെ കുട്ടിക്കാലം ഓർമ്മകളാൽ സമ്പന്നമാക്കിയ ഒരു കഥാപാത്രം ആയിരുന്നു കോവാലൻ. 1975-80 കളിൽ ഞങ്ങളുടെ നാട്ടിലെ ഏക പ്രാഥമിക വിദ്യാഭ്യാസകേന്ദ്രം ആയിരുന്നു ഇടമൺ ഗവ. എൽ.പി സ്‌കൂൾ. കൊല്ലം ചെങ്കോട്ട റോഡിന്‍റെ സൈഡിൽ നിലകൊള്ളുന്ന ഈ പള്ളികൂടത്തിനു കുറഞ്ഞത് ഒരു പത്തറുപത് കൊല്ലമെങ്കിലും പഴക്കം കാണും. ഈ സ്‌കൂളിനെ കുറിച്ചുള്ള എന്‍റെ ഓർമ്മകളിൽ ഇപ്പോഴും ഒളിമങ്ങാതെ നിൽക്കുന്ന കഥാപാത്രമാണ് കോവാലൻ.


കോവാലന് ഏകദേശം 18 വയസ്സുപ്രായം കാണും, കണ്ടാൽ ഒരു ഹൈസ്‌കൂൾ കുട്ടിയുടെ വലിപ്പം തോന്നും. ബുദ്ധിയും തലയും ഉറയ്ക്കാത്ത കോവാലൻ, തന്‍റെ ഉടലിനേക്കാൾ വലിയ തലയും ആട്ടി സ്‌കൂൾ പരിസരത്ത് എവിടെയെങ്കിലും കാണും. അതിനൊരുകാരണം ഉണ്ട് സ്‌കൂളിൽ നിന്ന് കുട്ടികൾ കഴിച്ചതിന്‍റെ ബാക്കി ഉച്ചപ്പുട്ട് കോവാലനു കിട്ടും.  സ്‌കൂളിലെ പാചകക്കാരി നാണിയമ്മയുടെ മാനസപുത്രൻ ആയിരുന്നു കോവാലൻ. കോവാലനും  നാണിയമ്മയെ  വലിയ  ഇഷ്ടം  ആയിരുന്നു. കോവാലൻ ഞങ്ങളുടെ നാട്ടിൽ എങ്ങനെ എത്തിയെന്ന് ആർക്കും അറിയില്ല. കോവാലനോട് ദയ കാണിച്ചിരുന്ന നാട്ടിലെ അനേകം അമ്മമാരിൽ ഒരാളായിരുന്നു നാണിയമ്മ. വലിയ ഒരു കാക്കി ചൗക്കാളനിക്കറും ബട്ടണുകളില്ലാത്ത ഒരു ഷർട്ടും ഇട്ടു വായിൽ നിന്നു ഈളയും ഒലുപ്പിച്ചു  കോവാലൻ അലുമിനിയത്തിന്‍റെ  ഒരു പിഞ്ഞാണിയുമായി  ഉച്ചനേരം സ്‌കൂളിന്‍റെ  പാചകപ്പുരയുടെ  വെളിയിൽ  ഇരുപ്പുറപ്പിക്കും. ശല്യക്കാരൻ അല്ലാത്തതിനാൽ സ്കൂൾ അധികാരികളും അവനെ തടഞ്ഞിരുന്നില്ല.


അന്നൊക്കെ  സ്‌കൂളുകളിൽ  ഉച്ചക്കഞ്ഞിക്ക്  പകരം നൽകിയിരുന്നത്  അമേരിക്കൻ പുട്ട് എന്നറിയപ്പെടുന്ന  ഉപ്പുമാവും  പാലുമായിരുന്നു. 1970 കളിലെ  വറുതിക്കാലത്ത്,  അമേരിക്ക ഇന്ത്യയെ  പ്രീതിപ്പെടുത്താനും  കൂടെ നിറുത്താനുമായി നൽകിയിരുന്ന  ഗോതമ്പ് പൊടിയും  പാലും എണ്ണയുമെല്ലാം കേരളത്തിലെ  സ്‌കൂൾ കുട്ടികൾക്ക് മറക്കാനാകാത്ത ഒട്ടേറെ ഓർമ്മകളായിരുന്നു സമ്മാനിച്ചത്. അന്നത്തെ  സ്കൂൾ  ജീവിതത്തിൽ  എനിക്ക്  മറക്കാനാവാത്ത  ഒരു  ഗന്ധമുണ്ട്പുട്ടുപുരയിൽ  നിന്ന്  പൊങ്ങുന്ന  ഉപ്പുമാവിന്‍റെ ഗന്ധം. ഉള്ളിയും  മുളകും  വഴറ്റിയ എണ്ണയിലേക്ക്  ഗോതമ്പ് റവപ്പൊടി  ഇട്ടു  കയിൽ  കൊണ്ടു ഇളക്കി,  പാചകക്കാരി നാണിയമ്മ  ചെമ്പ് ഇറക്കി അടുപ്പിന്‍റെ  ഓരത്തു വെയ്ക്കും. ഉച്ചയ്ക്ക്  മണിയടിക്കുന്നതിനു അരമണിക്കൂർ  മുമ്പ് തന്നെ അതിന്‍റെ  കൊതിപ്പിക്കുന്ന മണം ക്ലാസ്സ് റൂമുകളിലേക്ക്  അടിച്ചു കയറും. നാണിയമ്മയുടെ കൈപുണ്യത്തിന്‍റെ രുചി അറിഞ്ഞവർ ആയിരുന്നു ഞങ്ങളുടെ നാട്ടിലെ എന്‍റെ പ്രായത്തിലുള്ള മിക്കവരും. ആ ഗോതമ്പുപുട്ടിനു എന്ത് രുചി ആയിരുന്നു. എല്ലാവർക്കും  ഉപ്പുമാവ്  ലഭിക്കുകയില്ല. സ്‌കൂൾ  തുറക്കുമ്പോൾ  തന്നെ ക്ലാസ്  ടീച്ചർക്ക് പേരു കൊടുക്കണം. സാമ്പത്തികശേഷിയുള്ള  വീട്ടിലെ  കുട്ടികൾ  കൊതിമൂത്ത്  പേരുകൊടുത്താലും  ടീച്ചറന്മാർ  അത്  വെട്ടിക്കളയും. അതു മാത്രമല്ല  വലിയ  വീട്ടിലെ  കുട്ടികൾക്ക്  സ്‌കൂളിലെ  ഉപ്പുമാവൊക്കെ  കഴിക്കുക  അല്പം  കുറച്ചിൽ  ആണ് . അപ്പനുമമ്മയും  സ്‌കൂൾ ടീച്ചേർസ്  ആയതിനാൽ  ഉപ്പുമാവ്  എനിക്കും  നിഷിദ്ധം. ഞാൻ കൊതി പറയുമ്പോൾ വല്ലപ്പോഴും എന്‍റെ കൂട്ടുകാരൻ മൊട്ട ഷാജി ആരും കാണാതെ വട്ടയിലയിൽ പൊതിഞ്ഞ അല്പം  ഉപ്പുമാവ് എനിക്ക് തരും. വട്ടയിലയിൽ പൊതിഞ്ഞ ഉപ്പുമാവിന് ഒരു പ്രത്യേക സ്വാദാണ് കേട്ടോ. ചെറിയ ചൂടോടെ, എണ്ണയിൽ മൂത്തുകറുത്ത ഉള്ളികഷ്ണങ്ങളും മുളകും  ചേർത്ത  ഗോതമ്പുപുട്ട് കഴിയ്ക്കാൻ നല്ല ടേസ്റ്റാണ്.  അതിന്‍റെ സ്വാദ് ഇപ്പോഴും നാവിൻ തുമ്പത്തുണ്ട്. ഗോതമ്പ് കൊണ്ടുള്ള റവ ഉപ്പുമാവ് കൂടാതെ മഞ്ഞ ചോളപ്പൊടി കൊണ്ടുള്ള പുട്ടും ചിലപ്പോൾ കിട്ടും. അതിനാണ് സ്വാദ് കൂടുതൽ. വല്ലപ്പോഴൊക്കെ  കുട്ടികൾക്ക് കൊടുത്തു ബാക്കിവരുന്ന മഞ്ഞപ്പുട്ട് ചോറ്റുപാത്രത്തിൽ വീട്ടിൽ കൊണ്ടുവന്നു നാലുമണിക്ക് ഞങ്ങൾക്ക് പഞ്ചസാര ചേർത്തിളക്കി അമ്മ തരും. അതോർക്കുമ്പോൾ നാവിലെ രസമുകുളങ്ങളിൽ  ഒരു കപ്പലോട്ടത്തിന്‍റെ അവസരം ഇപ്പോഴും ഉണ്ടാകുന്നു എന്നതാണ് സത്യം.


ഉപ്പുമാവ് കഴിക്കുന്ന കുട്ടികൾ ഒന്നുരണ്ടു വട്ടയില നാലായി ചുരുട്ടി പോക്കറ്റിൽ കരുതും. ഉച്ചമണി അടിക്കുമ്പോൾ ആകെക്കൂടി ഒരു കൂട്ടപൊരിച്ചിൽ ആണ്. ഒടുവിൽ സാറന്മാരുടെ തലവട്ടം കാണുന്നതോടെ നല്ലകുട്ടികളായി വരിവരിയ്ക്ക് സ്‌കൂൾ വരാന്തയിൽ നിരന്നു ഇരിക്കും. ഉപ്പുമാവ് വിളമ്പുന്നത് പാചകക്കാരിയും സാറന്മാരും ക്ലാസ്സിൽ തോറ്റുതോറ്റു മുതിർന്ന ഒന്നുരണ്ടു കുട്ടികളും ചേർന്നാകും. ഹെഡ്മാസ്റ്ററുടെ ചൂരൽ കൈയ്യിൽ ഇരുന്നു പല്ലിളിക്കുന്നതിനാൽ വല്യ കലപില ഒന്നും ഉണ്ടാകില്ല.
 

ഈ സമയത്തൊക്കെയും പുറത്തു കോവാലനും കാക്കകളും അക്ഷമരായി ഇരിക്കുകയാകും. ഇടയ്ക്കിടെ കുട്ടികൾക്ക് നേര്‍ക്ക് നോക്കി, വായിലൂടെ വരുന്ന ഈള ഇറക്കി വിശപ്പിന്റെ വിളി സഹിച്ചു അവനങ്ങനെ ഇരിയ്ക്കും. കോവാലന്‍റെ ബദ്ധശത്രുക്കൾ ആണ് കാക്കകൾ. അതിനൊരു കാരണമുണ്ട് കോവാലന്‍റെ പാത്രത്തിൽ നിന്നു ഉപ്പുമാവ് തരംകിട്ടിയാൽ അവറ്റകൾ കൊത്തികൊണ്ടു പോകും. കോവാലനാകട്ടെ കാക്കകളുമായി നിരന്തര യുദ്ധത്തിലാണ്. കുട്ടികൾ കഴിച്ചു കഴിഞ്ഞാൽ നാണിയമ്മ രണ്ടുമൂന്നു തവി ഉപ്പുമാവ് അവന്‍റെ ചളുങ്ങിയ അലൂമിനിയം പാത്രത്തിൽ വിളമ്പും. ഉപ്പുമാവ് പ്രിയനായ കോവാലൻ കണ്ണടച്ചു തുറക്കുംമുമ്പേ അത് അകത്താക്കും. പിന്നീടാകും കുട്ടികളുടെ ഊഴം. ശാന്തനായ  കോവാലനെ  കുട്ടികൾക്കും  ഇഷ്ടമാണ്.  അവർ വട്ടയിലയിൽ ബാക്കിവെയ്ക്കുന്ന  ഉപ്പുമാവ് കോവാലന്‍റെ പാത്രത്തിലേക്ക് തട്ടും. അപ്പോഴേക്കും നാണിയമ്മയും സാറന്മാരും പോയിക്കഴിഞ്ഞിരിക്കും. കാക്കകൾക്ക് സ്വാതന്ത്യം കിട്ടുന്ന സമയമാണ്. പിന്നീട് ആണ് കാക്കകളും കോവാലനുമായുള്ള കശപിശ. കാക്കകൾക്കാകട്ടെ കുട്ടികളെയും കോവാലനേയും അശേഷം പേടിയില്ല. അവർ കോവാലന്‍റെ പാത്രത്തിൽ നിന്നു ഉപ്പുമാവിന്‍റെ ഭൂരിഭാഗവും അടിച്ചുമാറ്റും. മിക്കവാറും ആ ബാലിസുഗ്രീവ യുദ്ധത്തിൽ കാക്കകളാവും ജയിക്കുക. 

കുട്ടികൾ ശടേന്ന് സ്കൂൾ കിണറ്റിൽ നിന്ന് വെള്ളം കോരി വായ് കഴുകി എന്നുവരുത്തി കളികൾ തുടങ്ങും. സ്കൂൾ മുറ്റത്തു  വലിയൊരു  തേന്മാവ്  ഉണ്ട് . അതിന്‍റെ  ചുവട്ടിൽ  ആകും  കളികൾ. എന്തെല്ലാം കളികൾ ആണ് അക്കാലത്തു, കളത്തിൽ ചാടിയുള്ള കക്കുകളി, സാറ്റ്, കിളിത്തട്ട്, കബഡി, കഴുതപ്പെട്ടി, കണ്ണാരംപൊത്തിക്കളി, ഗോലികളി അങ്ങനെ എണ്ണിയാൽ തീരാത്ത കളികൾ. രണ്ടുമണിക്ക് ബെല്ലടിക്കുന്നതു വരെ നേരം പോകുന്നതറിയില്ല. കോവാലന് കുട്ടികളുടെ കളി കാണുക വലിയ ഇഷ്ടമാണ്. അവരുടെ കളി കാണുമ്പോൾ തന്നെ ആവേശം കൊണ്ടു കോവാലൻ ചാടിത്തുടങ്ങും. കുട്ടികൾ ആകട്ടെ കോവാലനെ കുരങ്ങുകളിപ്പിക്കാനായി അവരിൽ ആരോ ഉണ്ടാക്കിയ പാട്ട് കോറസായി പാടും,

"കോവാലൻ പെണ്ണുകെട്ടി
കോഴിക്കൂട്ടിൽ കൊണ്ടുവെച്ചു
നാണിയമ്മേ, നാണിയമ്മേ
കോഴികൊത്തല്ലേ...''

പാട്ടുകേൾക്കുന്നതോടെ കോവാലൻ ഉഷാറാകും, രണ്ടുകൈയും കൂട്ടിഅടിച്ചു കോവാലൻ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കും. അതോടെ കുട്ടികൾ കൂക്കുവിളി തുടങ്ങും. കുട്ടികളുടെ കൂക്കുവിളി കേൾക്കുമ്പോൾ വ്യക്തമായി തിരിയാത്ത വാക്കുകൾ കൊണ്ടു ഉച്ചത്തിൽ ശബ്ദമുണ്ടാക്കി കോവാലൻ തന്‍റെ സന്തോഷം പ്രകടിപ്പിക്കും.

അപ്പോഴാകും സൈക്കിളിൽ ഐസ് വിൽപ്പനക്കാരന്‍റെ വരവ്. സൈക്കിൾ ബാറിൽ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പുപട്ടയിൽ ഇരുമ്പുദണ്ഡു കൊണ്ട് അടിച്ചു താളാത്മകമായി അയാൾ കൂകും ഐസ് മുട്ടായി...ഐസ് മുട്ടായി.  എന്തൊക്കെ തരത്തിൽ ഉള്ള ഐസ് മിട്ടായികളാണ് അയാളുടെ സൈക്കിളിൽ കെട്ടിവെച്ച ചെറിയ ഐസ് പെട്ടിയിൽ ഉണ്ടാകുക. അഞ്ചുപൈസ കൊടുത്താൽ കോലൈസ് എന്നു വിളിക്കുന്ന കമ്പ് ഐസ് കിട്ടും. ഒരു ചെറിയ മരക്കോലിൽ വർണ്ണപ്രപഞ്ചം തീർക്കുന്ന ഐസ് മിട്ടായി.. ചെമല, മഞ്ഞ, പച്ച, കാപ്പിപ്പൊടി അങ്ങനെ എന്തെല്ലാം ഇനങ്ങൾ. നാവിൻ തുമ്പിൽ  ഇട്ടാൽ അലിഞ്ഞു നാവിനും ചുണ്ടിനും നിറങ്ങളുടെ വർണ്ണഭംഗി നൽകും. കുറേനേരത്തെക്കെങ്കിലും മധുരവും തണുപ്പും നൽകുന്ന അനുഭൂതിയുടെ സ്വർഗ്ഗലോകത്താകും കുട്ടികൾ. ഐസ് മിട്ടായി വാങ്ങി കഴിക്കരുത് എന്നു വീട്ടിൽനിന്നു പറഞ്ഞതൊക്കെ ആരു കേൾക്കാൻ. എന്തെല്ലാം രുചികളാ..പാലൈസ്, സേമിയ, ഓറഞ്ച്, ചോക്കലൈറ്റ്, മാംഗോ അങ്ങനെ ഹരം പിടിപ്പിക്കുന്ന രുചികളും ഓർമ്മകളും.  കോലൈസ്  വാങ്ങി വായിലേക്ക് നീട്ടുമ്പോളാകും ആരെങ്കിലും കുശുമ്പ് മൂത്തു പുറകിൽ നിന്നു തട്ടുക. കോലിൽ നിന്നു അടർന്നു വീഴുന്ന ഐസിനു വേണ്ടി കുട്ടികളുടെ പരക്കംപാച്ചിലും തല്ലും ഇപ്പോഴും ഓർമ്മയുണ്ട്. ഐസ് മിട്ടായി നഷ്ടപ്പെട്ടവൻ അണ്ടി കളഞ്ഞ അണ്ണാനെ പോലെ നിൽക്കുന്ന നിൽപ്പുണ്ടല്ലോ,  മുഖത്തെ ഭാവം ഒന്നു  കാണേണ്ടത് തന്നേ.. കരുണം, രൗദ്രം, ബീഭത്സം.. ചുരുക്കം  ചില കുട്ടികൾ  തറയിൽ  വീഴുന്ന  ഐസിൽ  പൊടിപറ്റിയാൽ   എടുത്ത്  കോവാലന്‍റെ  പാത്രത്തിൽ  ഇടും.  അതോടെ  കോവാലനു  സ്വർഗ്ഗം  കിട്ടിയതുപോലുള്ള  സന്തോഷമാണ്. പാവം..ആർക്കും  വേണ്ടാത്തതല്ലേ  പിച്ചക്കാർക്ക്  വിധിച്ചിരിക്കുന്നത്. കോവാലന്  അതൊക്കെ  തന്നെ  ധാരാളം.

( ചില ചിത്രങ്ങൾ കടപ്പാട്  : ഗൂഗിൾ )സ്‌കൂൾ  ഇല്ലാത്ത  ദിവസങ്ങളിൽ  ആകും  കോവാലൻ  ഊരുതെണ്ടൽ  തുടങ്ങുക. മിക്കവാറും  വീടുകളിൽ  നിന്നു  എന്തെങ്കിലും ഒക്കെ  അവനു കൊടുക്കും. എന്‍റെ  വീട്ടിൽ  എത്തിയാൽ  അമ്മ  വയറു നിറയെ  കോവാലനു  എന്തെങ്കിലും  കഴിക്കാൻ  കൊടുക്കും. മിക്കവാറും  തലേന്നത്തെ  പഴങ്കഞ്ഞിയോ  രാവിലത്തെ  പലഹാരത്തിന്‍റെ  ബാക്കിയോ  മറ്റോ  ആകും. ഞങ്ങൾ  കുട്ടികൾ  അവൻ  കഴിക്കുന്നത്  തെല്ലു  കൗതുകത്തോടെ  നോക്കി  നിൽക്കും. പലപ്പോഴും  കോവാലൻ  കുളിച്ചിട്ടു  ആഴ്ചകൾ  ആയിക്കാണും. അമ്മ  അവന്‍റെ  ചപ്രത്തലയിൽ  ഒരു  തുടം  എണ്ണ  കമിഴ്ത്തി  കിണറ്റുകരയിലേക്ക്  വഴക്കു പറഞ്ഞു  ഓടിക്കും. കുളിയ്ക്കുന്നത് കോവാലനു അത്ര ഇഷ്ടമുള്ള കാര്യം അല്ല. എന്നാൽ അഞ്ചാറു തൊട്ടി  വെള്ളം  കോരി  അമ്മ  അവന്‍റെ  തലയിൽ  ഒഴിക്കുന്നതോടെ  കോവാലൻ  ഉഷാറാകും. പിന്നെ  വീട്ടിലെ  പഴയ  ഉടുപ്പോ  മറ്റോ  കൊടുത്താൽ  പറയുകയും  വേണ്ട. കാലിലും  മറ്റും  ഈച്ച  പറ്റുന്ന  വൃണങ്ങൾ  കാണുംഅതിൽ  അന്നു  നാട്ടിൽ  കിട്ടുന്ന  ടെട്രാസൈക്ലിൻ (ആന്റിബയോട്ടിക്ക്) പൊടി  ഇട്ടുകൊടുക്കും  അമ്മ. അങ്ങനെ  എന്‍റെ  അമ്മയുടെയും  നാട്ടിലെ  മറ്റു  പല  അമ്മമാരുടെയും  വളർത്തുപുത്രൻ  ആയിരുന്നു കോവാലൻ  എന്നു  വേണമെങ്കിൽ  പറയാം. ഈ കർമ്മബന്ധം കൊണ്ടാകാം കോവാലൻ ഗ്രാമം വിട്ടു ദൂരേയ്ക്ക് പോകാൻ ഇഷ്ടപ്പെടാത്തത്.അങ്ങനെ  ഇരിക്കുമ്പോൾ  ഒരു  സ്കൂൾ ദിനത്തിൽ   വെളിയ്ക്കു  (ഇന്റർവെൽ) വിട്ടപ്പോൾ  ഒരു  ബഹളവും  കരച്ചിലും  കേട്ടു  ഞാൻ  ഓടിച്ചെല്ലുമ്പോൾ, കോവാലനെ ഒരു  നീല  അഴികൾ  ഉള്ള  വാനിൽ  രണ്ടു  തടിമാടന്മാർ  എടുത്തു  കയറ്റുന്നതാണ്  കണ്ടത്. അന്ന്  അടിയന്തരാവസ്ഥ കാലത്ത്  നാട്ടിലെ  പിച്ചക്കാരെ എല്ലാം  ഇന്ദിരാഗാന്ധി  പിടിച്ചു  അനാഥാലയത്തിലും മറ്റും  ആക്കിയിരുന്നു.  അങ്ങനെ  അവർ കോവാലനേയും പിടികൂടി. കോവാലനാകട്ടെ  പേടിച്ചു  അടഞ്ഞ വാനിന്‍റെ  അഴികളിൽ  തട്ടി വലിയ  ബഹളവും  കരച്ചിലും, ആരു  കേൾക്കാൻ..  അടഞ്ഞ  വാതിൽ  താഴിട്ടു  അവർ  കോവാലനെയും  കൊണ്ടു  എവിടേക്കോ  പോയി. അതിനുശേഷം കോവാലനെ  ഞങ്ങൾ  കണ്ടിട്ടില്ല...


അന്നു  ഉച്ചയ്ക്ക്  ഉപ്പുമാവ്  നിറഞ്ഞ  ഒരു  അലൂമിനിയം  പാത്രം  സ്‌കൂൾ  മുറ്റത്തു  അനാഥമായി  കിടന്നു,  കാക്കകളും കലപില  കൂടാതെ  മര്യാദാരാമന്മാരായി  ഉപ്പുമാവ്  കഴിച്ചു. അവർക്കു  കശപിശ  കൂടാൻ  കോവാലൻ  ഇല്ലല്ലോ. ഒരു പക്ഷെ അവരും അടിയന്തരാവസ്ഥയെ  പേടിച്ചിരുന്നോ  ആവോ? ..... കാക്കകൾ  ചിലതു  നമ്മെ  ഓർമ്മിപ്പിക്കും. ഓർമ്മകൾ  ഉണ്ടായിരിക്കണം. ചരിത്രം  ആവർത്തിക്കാതിരിക്കട്ടെ...പുനലൂരാൻ

www.punalurachayan.blogspot.aeപര്യാലോചന


സുമിത്ര പതിവുപോലെ പൂജാമുറിയില്‍ നിന്നും വീടിന്‍റെ പൂമുഖത്തേക്ക്‌ നടന്നു. അതിരാവിലെ കുളിച്ച് പൂജാമുറിയില്‍ കയറിയതാണ്.ശിരസ്സ്‌ മറച്ചിരുന്ന തൂവലയെടുത്തവര്‍ പാതി നരച്ച മുടിയിഴകളിലെ അവശേഷിക്കുന്ന നനവ്‌ ഒപ്പിയെടുത്തു. ഉദയസൂര്യന്‍റെ ആഗമനത്തിന് ഇനിയും  ഒരുപാടുനേരം കഴിയണം. പ്രതീക്ഷ അവരുടെ മനസ്സില്‍ നിന്നും ഇനിയും അസ്തമിച്ചിട്ടില്ല.പൂമുഖത്തിരുന്നാല്‍ പടിപ്പുരവരെ നോട്ടമെത്തും.  കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷം ഇരുപത്തെട്ട് കഴിഞ്ഞു.ജീവിതത്തിലെ ഓരോ ദിനരാത്രങ്ങളും കൊഴിഞ്ഞുപോയത് എത്രപെട്ടന്നാണ്. ആഗ്രഹിച്ചതിനെക്കാളും സ്നേഹസമ്പന്നനായ ഭര്‍ത്താവിനെ ലഭിച്ചപ്പോള്‍ മുത്തശ്ശി പറയുമായിരുന്നു.

"ഈശ്വരവിശ്വാസം വേണ്ടുവോളമുള്ള എന്‍റെ കുട്ടിക്ക് ഈശ്വരന്‍റെ കൃപ എപ്പോഴുമുണ്ടാകും.ഈശ്വരവിശ്വാസത്തോടെ നേരായ ജീവിതപാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഈശ്വരന്‍റെ തുണ എപ്പോഴുമുണ്ടാകും .എന്‍റെ കുട്ടി പ്രാര്‍ത്ഥനകള്‍  ഒരിക്കലും മുടക്കരുത്"

സുമിത്രയുടെ മനസ്സിനെ  ഉത്തരം‍‍ ലഭിക്കാത്ത ചോദ്യം വേട്ടയാടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. മുത്തശ്ശി കാട്ടിതന്നനേരായ  ജീവിത പാതയിലൂടെ ഈശ്വരവിശ്വാസത്തോടെ മാത്രമേ ഈ നിമിഷംവരെ ജീവിച്ചിട്ടുള്ളൂ .പിന്നെയെന്താണ്   കഴിഞ്ഞ ഇരുപത്തെട്ട് വര്‍ഷമായി  അസഹ്യമായ ദുരിതങ്ങള്‍ മാത്രം തന്‍റെ ജീവിതത്തില്‍  സംഭവിച്ചുകൊണ്ടിരിക്കുന്നത് .  മുത്തശ്ശി മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ തന്നോട് പറഞ്ഞ വാക്കുകള്‍ ഈയിടെയായി മനസ്സിലേക്ക് തികട്ടിവരുന്നുണ്ട്.

"എന്‍റെ കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ചത് ഒരു സ്ത്രീക്കും സഹിക്കുവാനാവില്ല. എന്‍റെ കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് മുത്തശ്ശിക്കറിയാം . മുന്‍ജന്മപാപമാണ് എന്‍റെ കുട്ടിക്ക് ഈ ഗതി വന്നത് ഈശ്വര പരീക്ഷണങ്ങളെ തളരാതെ നേരിടണം . പ്രാര്‍ഥനകളില്‍ നിന്നും ഒരിക്കലും വ്യതിചലിക്കരുത്.എന്‍റെ കുട്ടിയുടെ കണ്ണീരൊപ്പാന്‍ ഈശ്വരന്‍ അവനെ നിന്‍റെ കണ്മുന്നില്‍ എത്തിച്ചുതരും "

തുറന്നിട്ട ജാലകത്തിലൂടെ നനുത്ത കാറ്റ് സുമിത്രയെ തഴുകികൊണ്ടിരുന്നു.അവര്‍ ഓര്‍ക്കുകയായിരുന്നു അവരുടെ വിവാഹജീവിതം തുടങ്ങിയ കാലത്തെക്കുറിച്ച്. സോമനാഥന്‍ പെണ്ണുകാണാന്‍ വന്നപ്പോള്‍ കൂടിനിന്നവരില്‍ ചിലരൊക്കെ അയാള്‍ പഴമക്കാരനാണ് അയാള്‍ക്ക്‌ പ്രായംകൂടുതലുണ്ട് എന്നൊക്കെ പറഞ്ഞുവെങ്കിലും അയാളുടെ നിഷ്കളങ്കമായ നോട്ടമാണ് സുമിത്രയെ ആകര്‍ഷിച്ചത് .പ്രായം കൂടുതലുണ്ട് എന്ന് പറഞ്ഞത് നേരുതന്നെയായിരുന്നു. ഇരുപതുകാരിയായ സുമിത്രയെ പെണ്ണുകാണാന്‍ വന്നയാള്‍ക്ക് മുപ്പത്തിയാറ് വയസ്സ് പ്രായമുണ്ടായിരുന്നു.
"ചെറുക്കനും പെണ്ണിനും എന്തെങ്കിലുമൊക്കെ പറയുവാനുണ്ടാവും" എന്ന് പറഞ്ഞ്  മുത്തശ്ശി സുമിത്രയെ കുളക്കടവിലേക്ക് ക്ഷണിച്ചപ്പോള്‍ സോമനാഥനും കൂടെ ചെന്നു .
"നിങ്ങള്‍ സംസാരിക്കൂ" എന്ന് പറഞ്ഞ് മുത്തശ്ശി തിരികെപ്പോയപ്പോള്‍ സുമിത്രയുടെ പെരുവിരലില്‍ നിന്നും ഒരു തരിപ്പ് ശരീരമാകെ ഇരച്ചുകയറുന്നുണ്ടായിരുന്നു. കുളക്കടവില്‍ പരിസരവാസികളായ ഏതാനും കുട്ടികള്‍  കുളിക്കുന്നുണ്ട് കുസൃതികള്‍   നോക്കിനിന്ന സുമിത്രയോട് സോമനാഥന്‍ പറഞ്ഞു .

"എന്നെ ഇഷ്ടമായോ കുട്ടിക്ക് .സത്യം പറഞ്ഞാല്‍  എനിക്ക് പ്രായം അല്‍പം കൂടുതലുണ്ട്. ജീവിത പ്രാരാബ്ദങ്ങളാല്‍ വിവാഹത്തെക്കുറിച്ച് മറന്നു എന്ന് പറയുന്നതാവും ശെരി.കുഞ്ഞുനാളില്‍ അച്ഛന്‍റെ വേര്‍പാട് നിമിത്തം വീട്ടിലെ പ്രാരാബ്ദങ്ങളുടെ ഭാണ്ഡവും പേറി ജീവിക്കുവാനായിരുന്നു എന്‍റെ വിധി. കഴിഞ്ഞ വര്‍ഷം ഏറ്റവും  ഇളയ സഹോദരിയുടെ വിവാഹം കഴിഞ്ഞതോടെ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഞാന്‍ മുക്തനായി എന്ന് പറയാം"

മനസ്സുതുറന്നുള്ള സംസാരവും നിഷ്കളങ്കമായ മുഖവും "എന്നെ ഇഷ്ടമായോ ?..." എന്ന ചോദ്യത്തിന് അവള്‍ തലയാട്ടി .ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ വിവാഹിതരായി .മദ്രാസിലെ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായ സോമനാഥന്‍ സുമിത്രയെ മദ്രാസിലേക്ക് കൊണ്ടുപോയി .സന്തോഷപ്രദമായ അവരുടെ ജീവിതം തുടര്‍ന്നുകൊണ്ടേയിരുന്നു. എതാനും വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയി   ആനന്ദകരമായ ജീവിതത്തില്‍  അവര്‍ക്ക് രണ്ട്‌ പെണ്‍കുട്ടികള്‍  പിറന്നപ്പോള്‍ സുമിത്ര ഒരു ആണ്‍കുട്ടിക്കായി പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടേയിരുന്നു.സുമിത്രയുടെ കാത്തിരിപ്പ് വെറുതെയായില്ല.  മൂന്നാമത്തെ കുഞ്ഞ് ആണ്‍കുഞ്ഞായിരുന്നു.അവര്‍ അവനെ ഗോപാലകൃഷ്ണന്‍ എന്ന് പേരിട്ടു. വഴക്ക് രഹിതമായിരുന്നു അവരുടെ ജീവിതം .ഗോപാലകൃഷ്ണന് മൂന്നുവയസ്സ് പ്രായമായപ്പോഴാണ് ആ കുടുംബത്തിലെ സന്തോഷപ്രദമായ ജീവിതത്തിലേക്ക് ദുഃഖങ്ങളുടെ പെരുമഴ തോരാതെ പെയ്യാന്‍ തുടങ്ങിയത്. വിനോദസഞ്ചാരത്തിന് പോയ ആ കുടുംബത്തില്‍ നിന്നും ഗോപാലകൃഷ്ണനെ കാണാതെയായി.  പൂന്തോട്ടത്തില്‍ കളിച്ചുകൊണ്ടിരുന്ന  ഗോപാലകൃഷ്ണനെ ദിവസങ്ങളോളം ആ പ്രദേശങ്ങളില്‍ തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല .

പോലീസ്‌ തിരച്ചില്‍ അവസാനിപ്പിച്ചപ്പോള്‍ ആ കുടുംബം അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നുപോയി. സുമിത്രയുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടായില്ല നാളിതുവരെ ഗോപാലകൃഷ്ണനെ കണ്ടെത്താനായില്ല.

വര്‍ഷങ്ങള്‍കൊഴിഞ്ഞുപോയികൊണ്ടിരുന്നു. പെണ്‍കുട്ടികള്‍ വളര്‍ന്നു അവര്‍ക്ക് ഉന്നതവിദ്യാഭ്യാസം ലഭിച്ചു .അനുയോജ്യമായ വിവാഹാലോചന വന്നപ്പോള്‍ അവരുടെ വിവാഹം നടത്തി . ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ സോമനാഥനും സുമിത്രയും സ്വദേശത്തേക്ക് മടങ്ങി .വര്‍ഷങ്ങള്‍ക്കുശേഷം സോമനാഥനും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.സുമിത്ര തികച്ചും ഒറ്റപെട്ടു എന്നാലും നൊന്തു പ്രസവിച്ച മകന്‍റെ തിരിച്ചുവരവിനായി സുമിത്ര  കാത്തിരുന്നു .

ജീവിതത്തില്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേ സുമിത്രയ്ക്കുള്ളൂ .ഗോപാലകൃഷ്ണന്‍റെ തിരിച്ചുവരവ്‌ എന്ന ഒരേയൊരു ഉത്തരം. പെണ്‍മക്കളില്‍ ഇളയവള്‍ വിദേശത്ത്‌ ഭര്‍ത്താവുമൊത്ത് ജീവിക്കുന്നു. മൂത്തവള്‍ ഭര്‍ത്താവുമൊത്ത് മദ്രാസിലും .വിവാഹിതരായാല്‍ പെണ്‍മക്കള്‍ ഭര്‍ത്താവിനോടൊപ്പമാണ് ജീവിക്കേണ്ടത് സോമനാഥന്‍റെ മരണശേഷം പെണ്‍മക്കള്‍ അവരുടെ അരികിലേക്ക് സുമിത്രയെ ക്ഷണിച്ചതാണ് .സോമനാഥനെ അടക്കംചെയ്ത പുരയിടത്തില്‍ നിന്നും അവസാന ശ്വാസം നിലയ്ക്കും വരെ സുമിത്ര എങ്ങോട്ടും പോകില്ലായെന്ന് സോമനാഥന്‍റെ വേര്‍പാടിന്‍റെ അന്ന് തന്നെ മനസ്സില്‍ ശപഥം എടുത്തതാണ്. ആ ശപഥം നാളിതുവരെ സുമിത്ര തെറ്റിച്ചില്ല ശവകുടീരത്തിലെ എണ്ണ വിളക്കിലെ തിരി   ഈ നിമിഷംവരെ അണഞ്ഞിട്ടില്ല പടിപ്പുരയില്‍ നിന്നും കാലൊച്ചകള്‍ കേള്‍ക്കുമ്പോള്‍ സുമിത്ര പ്രതീക്ഷയോടെ ഉമ്മറത്തെക്ക്‌ ഓടിചെല്ലും .വരുന്നത് ഗോപാലകൃഷ്ണന്‍ അല്ലായെന്ന് തിരിച്ചറിയുമ്പോള്‍ പ്രതീക്ഷയെ കറുത്ത തുണികൊണ്ട് ആവരണം ചെയ്യപ്പെട്ടതുപോലെയാണ് സുമിത്രയ്ക്ക് തോന്നാറുള്ളത് .

മനസ്സില്‍ ഓരോരോ ചോദ്യങ്ങള്‍ തികട്ടിവരും.  തന്‍റെ ഗോപാലകൃഷ്ണന്‍ ഇപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും, മക്കളില്ലാത്ത ഏതെങ്കിലും സമ്പന്നരായിരിക്കുമോ തന്‍റെ ഗോപാലകൃഷ്ണനെ എടുത്തുകൊണ്ടുപോയിരിക്കുക ? ഇപ്പോള്‍ അവന്‍ പഠിച്ച് ഉന്നത ജോലിക്കാരനായിരിക്കുമോ ? അവനിപ്പോള്‍ വിവാഹിതനായിരിക്കുമോ ? അവനിപ്പോള്‍ പിതാവായിരിക്കുമോ ? അവനെ നൊന്ത് പ്രസവിച്ച അമ്മ ഈ ലോകത്ത് ജീവിച്ചിരിക്കുന്നുണ്ടാവുമെന്ന് അവനറിയുന്നുണ്ടാകുമോ ? അവനെയോര്‍ത്ത് ഓരോ നിമിഷവും മനംനൊന്ത് ജീവിക്കുന്ന ഈ അമ്മയെ കുറിച്ച് അവന്‍ ഓര്‍ക്കുന്നുണ്ടാകുമോ ? ഗോപാലകൃഷ്ണനെ കാണാതായത് മുതല്‍ ഇമകളില്‍ നിന്നും കണ്ണുനീര്‍ പൊഴിയാത്ത ദിവസങ്ങള്‍ സുമിത്രയില്‍ അന്യമായിരുന്നു .പതിവുപോലെ  പ്രതീക്ഷ കൈവിടാതെ സുമിത്ര പ്രാര്‍ത്ഥനയോടെ പടിപ്പുരയിലേക്ക്‌ കണ്ണുംനട്ടിരുന്നു.
                                                                     ശുഭം

rasheedthozhiyoor@gmail.com    

കാണാതാകുന്നവർ


ഗ്രാമത്തിൽ ദുരൂഹമായ ചിലത് സംഭവിക്കുന്നത് കുറച്ച് നാൾക്ക് മുൻപാണ്‌ ഗ്രാമവാസികളുടെ ശ്രദ്ധയിൽപെട്ടത്. ഗ്രാമവാസികളിൽ ചിലരെ കാണാതാകുന്നു. കഴിഞ്ഞ ആഴ്ച്ചയും രണ്ടു പേരെ കാണാതായി. ഒന്ന് തെക്കേപറമ്പത്തെ മണിയേട്ടൻ. മറ്റൊരാൾ കുന്നുമ്പുറത്തെ വിശ്വേട്ടൻ. രണ്ടുപേർക്കും ഏതാണ്ട് എഴുപത് വയസ്സിനോടടുത്ത് പ്രായമുണ്ട്. അന്നേ ദിവസം അവരുടെ വീടുകളിൽ വലിയ ബഹളമുണ്ടായി. നെഞ്ചുതല്ലി കരച്ചിലും, വാക്കേറ്റവും, വഴക്കുമുണ്ടായി. വയസ്സായ ഒരാൾ കാണാതായാൽ സ്വാഭാവികമായും അതിന്റെ ഉത്തരവാദിത്വം വീട്ടിലുള്ളവർ തന്നെ ഏറ്റെടുക്കേണ്ടി വരും. ഇരുവരും അപ്രത്യക്ഷരായി എന്നറിയുന്നത് ഏതാണ്ട് സന്ധ്യാസമയത്താണ്‌. വൈകിട്ട് വിളക്ക് കത്തിക്കുന്നതിനു മുൻപ്. മുൻപൊക്കെ ഇരുട്ട് വീണു തുടങ്ങിയാൽ ഗ്രാമത്തിലെ വീടുകളുടെയൊക്കെ മുൻപിൽ തിരി തെളിഞ്ഞു നില്ക്കുന്നത് കാണാനാവുമായിരുന്നു. കരുമറ്റത്തെ കുന്നുമ്പുറത്ത് നിന്നു തന്നെ ആ കാഴ്ച്ച കാണണം. ആ കാഴ്ച്ച കാണാൻ മാത്രമായി ചിലർ ആ കുന്നുമ്പുറത്ത് കയറി പോയിരിക്കാറുണ്ടായിരുന്നു. അവരിൽ ചിലർ കാറ്റും കൊണ്ടിരുന്ന് കവിതകൾ ചൊല്ലാറുണ്ടായിരുന്നു. ചിലരവിടെ കള്ളുകുടവും, കരിമീൻ പൊള്ളിച്ചതുമൊക്കെയായിട്ട് കയറി പോയിരുന്നു. കാലം കഴിഞ്ഞപ്പോൾ അതൊക്കെ മാറി. ഇപ്പോൾ കുന്നിൻപുറത്ത് ഒരു മൊബൈൽ ടവർ കുത്തനെ നില്പ്പുണ്ട്. കുന്നു കേറിയിറങ്ങി പോയിരുന്ന അന്തിക്കാറ്റിനും വഴിതെറ്റിയിട്ടുണ്ടാവും. ഇപ്പോൾ അവിടെ നിറച്ചും ഇരുട്ടാണ്‌. ഇരുട്ടിൽ ഇരുട്ടിന്റെ നിറമുള്ള ചിലർ അവിടെ വന്നിരിക്കാറുണ്ട് എന്ന് ചില കഥകൾ മാത്രം ചിലർ അടക്കം പറയാറുണ്ട്.

ഈ അപ്രത്യക്ഷമാകലിനു ഒരു രണ്ടാം ഭാഗമുണ്ട്. കാണാതെ പോയവർ ഒന്നോ രണ്ടു ദിവസം കഴിഞ്ഞു അതു പോലെ തന്നെ തിരികെ വരും!. മണിയേട്ടനും വിശ്വേട്ടനും പ്രതീക്ഷിച്ച പോലെതന്നെ മടങ്ങിയെത്തി. തലതല്ലി കരഞ്ഞു കൊണ്ടിരുന്ന വീട്ടുകാർ അവരെ മൂടി പുതപ്പിച്ച് അകത്തിരുത്തി. ചൂട് കഞ്ഞിയും, കരിവാടും കൊടുത്തു. രണ്ടുപേരും ഒരക്ഷരം പറയാതെ ഭക്ഷണം കഴിച്ചിട്ടു, കയറു കട്ടിലിൽ കയറി പുതച്ചു മൂടി ‘ഗ’ രൂപത്തിൽ കിടന്നു. ഇതിപ്പോൾ നാലാമത്തെ സംഭവമാണ്‌. ചിലരെ കാണാതാകുന്നു, അവർ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു തിരികെ വരുന്നു. അവർ ഒന്നും ഉരിയാടുന്നില്ല. എങ്ങോട്ടാണവർ പോയത്? അല്ലെങ്കിൽ ആരാണവരെ കൊണ്ടു പോയത്?. തിരിച്ചു വന്നവരെല്ലാം ഒരു മറുപടി മാത്രം പറഞ്ഞു - ‘ഒന്നും ഓർമ്മയില്ല’. ഗ്രാമവാസികൾ പരിഭ്രാന്തരായി. ഒറ്റപ്പെട്ട സംഭവം എന്നു കരുതിയതാണ്‌. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ടവർ ഒരു സുപ്രഭാതത്തിൽ കാണാതാകുന്നത് വല്ലാത്ത ആധി ഗ്രാമവാസികളിലുണ്ടാക്കി. ചില കാര്യങ്ങൾ ചിലർ ശ്രദ്ധിച്ചു. കാണാതാകുന്നത് വയസ്സായവർ മാത്രമാണ്‌. അതിൽ ആൺ-പെൺ ഭേദമില്ല. കാണാതായവർ പോയത് പോലെ തന്നെ തിരിച്ചു വരുന്നുണ്ട്. അതും അവർ ധരിച്ചിരുന്ന ആഭരണങ്ങൾ ഒന്നും നഷ്ടപ്പെടാതെ തന്നെ. അപ്പോൾ മോഷണത്തിനായി ആരെങ്കിലും അവരെ തട്ടിക്കൊണ്ടു പോവുകയാണെന്ന് കരുതാൻ വയ്യ. കുന്നുമ്പുറത്തെ ടവറിനടുത്ത് ഒരു വെളിച്ചം കണ്ടെന്ന് താറാവ് വളർത്തുന്ന വേലു ഒരിക്കൽ പറഞ്ഞതാണ്‌. പക്ഷെ വേലു എന്നും കള്ളുകുടിക്കുന്നവനാണ്‌. അതും വെളിവ് നഷ്ടപ്പെടും വരെ കുടിക്കുന്നവൻ. അയാൾ പറഞ്ഞത് ആരും വിശ്വസിച്ചില്ല. എന്നാൽ തുടരെ തുടരെ കാണാതാകുന്ന പ്രതിഭാസം സംഭവിച്ചപ്പോൾ ആളുകൾ വേലു പറഞ്ഞ വെളിച്ചവും ഇതുമായി എന്തോ ബന്ധമില്ലെ എന്നു ചിന്തിക്കാൻ തുടങ്ങി. രണ്ടും തമ്മിൽ കൂട്ടിക്കെട്ടിയപ്പോൾ, പുതിയ ചില കഥകളുണ്ടായി. അതിലൊന്ന് അന്യഗ്രഹജീവികളെ കുറിച്ചായിരുന്നു. വെളുത്ത മൊട്ടത്തലയും വലിയ കണ്ണുകളും മെലിഞ്ഞ കാലുകളുമാണവർക്ക് എന്ന് ഇംഗ്ലീഷ് സിനിമകൾ കാണുന്ന ചില ചെക്കന്മാർ പറഞ്ഞു. തളിക രൂപത്തിലുള്ള വാഹനങ്ങളിലാണവർ സാധാരണ വരിക എന്നൊക്കെ സിനിമയിൽ കണ്ടതു പോലെ പറഞ്ഞു. പക്ഷെ അന്യഗ്രഹജീവികൾ ഈ കിളവന്മാരേയും കിളവികളേയും തട്ടിക്കൊണ്ടു പോയിട്ടെന്താ?. ‘പരീക്ഷണം നടത്താൻ!’ അതിനും ചെക്കന്മാർ തന്നെ ഉത്തരം കൊടുത്തു. ചോദിക്കുന്ന ചോദ്യങ്ങൾക്കൊക്കെ മണി മണിയായി ഉത്തരം വാരിയെറിയാൻ കെല്പ്പുള്ളവരാണ്‌ പുതിയ ചെക്കന്മാർ. പണ്ടത്തെ ചെക്കന്മാരെ പോലെയല്ല. പണ്ടത്തെ ചെക്കന്മാർ അല്പ്പമെങ്കിലും ആലോചിച്ചിട്ടേ വല്ലതും പറഞ്ഞിരുന്നുള്ളൂ. ഇപ്പോഴത്തെ ചെക്കന്മാർക്ക് എല്ലാം അറിയാം. അതു കൊണ്ട് തന്നെ അവർക്ക് ആലോചിക്കേണ്ട ആവശ്യമില്ല. അതിനായവർ സമയം പാഴാക്കാറുമില്ല. പറഞ്ഞത് പുതിയ ചെക്കന്മാരല്ലെ പറയുന്നതിലെന്തേലും കാര്യം കാണും എന്നു വിചാരിച്ച് വീട്ടുകാർ തിരിച്ചു വന്നവരുടെ കുപ്പായമൊക്കെ ഊരി ശരീരം പരിശോധിച്ചു. ചുളിഞ്ഞ തൊലി കൊണ്ട് മൂടിയ ശരീരം - അത്രേ കണ്ടുള്ളൂ. സമീപത്തുള്ള ഡിസ്പൻസറിയിൽ കൊണ്ടു പോയി പരിശോധിപ്പിച്ചു. രക്തം കുത്തിയെടുത്തു പരിശോധിച്ചു. അല്പം പ്രമേഹം, അല്പം രക്തസമ്മർദ്ദം അത്രയൊക്കെ കണ്ടുപിടിക്കാൻ കഴിഞ്ഞുള്ളൂ. അതിനൊക്കെ ആശുപത്രിക്കാർ മരുന്നും എഴുതി കൊടുത്തു. ചിലർ ഒരു പടി കൂടി മുന്നോട്ട് പോയി. എക്സ്റെ എടുത്തു. കറുപ്പിലും വെളുപ്പിലുമായി ശുക്ഷിച്ച എല്ലിൻകൂടിന്റെ ചിത്രം മാത്രമേ അവർക്ക് കിട്ടിയുള്ളൂ. പരീക്ഷണമായിരുന്നെങ്കിൽ ഒരു സൂചി കുത്തിയ പാടെങ്കിലും മേത്ത് കാണണ്ടെ? എന്നു ചോദിച്ചതിനു ചെക്കന്മാർക്ക് തൃപ്തികരമായ ഉത്തരം കൊടുക്കാൻ കഴിഞ്ഞില്ല. നല്ല തണ്ടും തടിയുള്ള ആണുങ്ങളുള്ളപ്പോൾ കുഴീലേക്ക് കാലും നീട്ടി ഇരിക്കുന്നവരെ എന്തിന്‌ തട്ടിക്കൊണ്ടു പോയി പരീക്ഷണം നടത്തണം?. അതിനു പക്ഷെ ചെക്കന്മാർ ഒരുവിധം ഒരു ഉത്തരം ഒപ്പിച്ചു. കിളവന്മാരുടെ ഓർമ്മകൾ ചോർത്തിയെടുക്കാനാണത്!. അവരല്ലെ ഓർമ്മകളിൽ ജീവിക്കുന്നവർ?. അവരുടേത് ചോർത്തിയാലല്ലെ ഒരുപാട് ഓർമ്മകൾ കിട്ടുവുള്ളൂ?. എന്തായാലും അതു വരെ ആർക്കും വേണ്ടാതിരുന്ന വൃദ്ധന്മാരും വൃദ്ധകളും പെട്ടെന്ന് നാട്ടുകാരുടെ ശ്രദ്ധാകേന്ദ്രമായി. അവരെങ്ങോട്ട് തിരിഞ്ഞാലും അവരെ നോക്കാൻ ആളുകളായി. പറയാൻ പറ്റില്ലല്ലോ എപ്പോഴാ കാണാതാവുന്നതെന്ന്.

ഏതാണ്ട് രണ്ടാഴ്ച്ച കഴിഞ്ഞിരിക്കുന്നു. ആരും അപ്രത്യക്ഷരായില്ല ഈ കഴിഞ്ഞ ആഴ്ച്ചകളിൽ. ആളുകൾ ആശ്വാസത്തോടെ വീട്ടിലിരിക്കാൻ തുടങ്ങി. വേലുവടക്കം ഇപ്പോൾ പലരും രാത്രികാലങ്ങളിൽ ആകാശം നോക്കിയിരുപ്പാണ്‌. പക്ഷെ പിന്നീട് വെളിച്ചവും വന്നില്ല തളികയും വന്നില്ല. നാട്ടിൽ കള്ളന്മാരുടെ ശല്യവും കുറഞ്ഞു. അതെങ്ങനെ? മൊത്തം നാട്ടുകാരും ഉറക്കമൊഴിച്ച് അപ്പൂപ്പന്മാർക്കും അമ്മൂമ്മമാർക്കും കാവലിരിക്കുകയല്ലെ?. ചൂടു കഞ്ഞിയും കരിവാടും കഴിച്ച് അവർ പുതച്ച് മൂടി സുഖിച്ചു കിടന്നു. മക്കളും ചെറുമക്കളും ഊഴം വെച്ച് അവരുടെ അംഗരക്ഷകരായി.

ദിവസവും വൈകുന്നേരങ്ങളിൽ അവർ ക്ഷേത്ര മൈതാനത്തിനടുത്തുള്ള ആൽമരച്ചോട്ടിൽ കൂടും. അവിടെ ഇരുന്നാണ്‌ അവർ വിശേഷങ്ങൾ പങ്കുവെയ്ക്കുക. എല്ലാ വൃദ്ധജനങ്ങളും ഒരേയിടത്ത് കൂടുന്നത് കൊണ്ട് വീട്ടുകാർക്ക് സമാധാനമായി ഇരിക്കാം. ഒന്നോ രണ്ടോ പേർ മതിയാകുമല്ലോ ആ സമയങ്ങളിൽ അവരെ നോക്കാൻ. ആ സമയങ്ങളിൽ വീടുകളിൽ മക്കളും മരുമക്കളുമായ സ്ത്രീകൾ അവർക്കായി അവർക്കിഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരിക്കും. നാളുകൾക്ക് ശേഷമാണ്‌ അവരിൽ പലരും തമ്മിൽ കാണുന്നത്. അതിന്റെ സന്തോഷം അവർ പങ്കുവെച്ചു. ചിലർ പള്ളിക്കൂടം വിട്ടിട്ട് അപ്പോഴായിരുന്നു തമ്മിൽ കാണുന്നത്. വർഷങ്ങളുടെ വിഷേഷങ്ങളുണ്ട് അവർക്ക് പങ്കുവെയ്ക്കാൻ. ഒരോ ദിവസവും അവർ ഒരോരോ കഥകൾ ഓർത്തെടുത്ത് പറഞ്ഞു കൊണ്ടിരുന്നു. കൂട്ടത്തിൽ ചിലർ തങ്ങൾക്ക് പണ്ടുണ്ടായിരുന്ന മൗനപ്രണയം പോലും പങ്കുവെയ്ക്കാൻ മടികാണിച്ചില്ല. പ്രായമിത്രയുമായി. മുടിയൊക്കെ നരച്ച്, കാഴ്ച്ചയും കേൾവിയും കുറഞ്ഞ്.. ഇനിയെന്തിനാ നാണിക്കുന്നേ?.. ചിലരുടെ നല്ലപാതികൾ അവരെ വിട്ടുപോയ്ക്കഴിഞ്ഞിരുന്നു. അവർ തങ്ങളുടെ സുവർണ്ണ ദാമ്പത്യകാലത്തെക്കുറിച്ച് അയവിറക്കിക്കൊണ്ടിരുന്നു. തങ്ങളെ വിട്ടുപോയവർ കൂടി ഇപ്പോ ഒപ്പം ഉണ്ടായിരുന്നെങ്കിൽ എത്ര രസമായിരുന്നേനെ. സായാഹ്നത്തിലെ ഈ വെടിവട്ടം പറച്ചിൽ പണ്ടുമുതല്ക്കെ വേണമായിരുന്നു എന്നൊക്കെയവർ അഭിപ്രായപ്പെട്ടു. ടിവിയും കണ്ടു ഇത്രയും നാൾ ആയുസ്സൊക്കെ വെറുതെ കളഞ്ഞു എന്ന് നഷ്ടബോധത്തോടെ ചിലർ പറഞ്ഞു. പുതിയ ചില സൂത്രങ്ങളുണ്ടെന്നും അതു വഴി സിനിമകളൊക്കെ കാണാമെന്നൊക്കെ ഏലിയാമ്മ പറഞ്ഞു. മകൻ ജോസ് അമേരിക്കയിൽ നിന്നും വന്നപ്പോൾ കൊണ്ടു കൊടുത്തതാണ്‌. ഒരു പുസ്തകത്തിന്റെ വലിപ്പമേയുള്ളൂ എന്നും, കൊച്ചുമോൻ ജോജോ എന്തൊക്കെയോ വയറും മറ്റും കുത്തുമ്പോ അതിൽ സിനിമ ഒക്കെ കാണാമെന്നും ഏലിയാമ്മ പറഞ്ഞു. നാണിയമ്മ ചില പഴയ പാചകക്കുറിപ്പുകളൊക്കെ ഓർത്തെടുത്ത് വിളമ്പി. ലക്ഷ്മിയമ്മ കൊച്ചുങ്ങൾക്ക് വരുന്ന അസുഖങ്ങള്‌ മാറ്റാൻ ചില ഒറ്റമൂലികളെ കുറിച്ച് പറഞ്ഞു. പട്ടാളത്തിൽ പോയ പപ്പൻ ചേട്ടൻ യുദ്ധത്തിനു പോയപ്പോൾ താനെങ്ങനെയാ ബോബെറിഞ്ഞത് എന്ന് എറിഞ്ഞു കാണിച്ചു. വെള്ളയ്ക്ക എറിഞ്ഞാണ്‌ കാണിച്ചതെങ്കിലും എല്ലാർക്കും അതു നേരിൽ കണ്ടത് പോലെ തോന്നി. ബോംബെയിൽ ഒരു മാർവാഡിയുടെ കടയിൽ ജോലി ചെയ്തപ്പോഴുണ്ടായ തമാശകളൊക്കെ ശങ്കരൻ ചേട്ടൻ പങ്കുവെച്ചു. അത് കേട്ട് എല്ലാരും വയറു നോവും വരെ പൊട്ടിച്ചിരിച്ചു. വൃദ്ധജനങ്ങൾക്ക് അവർ വീണ്ടും ചെറുപ്പമായി കൊണ്ടിരിക്കുകയാണെന്ന് തോന്നി തുടങ്ങി. അവരുടെ ക്ഷീണമൊക്കെ മാറിയിട്ടുണ്ടിപ്പോൾ. മുഖങ്ങൾ പ്രസന്നമായിട്ടുണ്ടിപ്പോൾ.

ഒരു ദിവസം അമ്മിണിയമ്മ വന്നപ്പോൾ മണിയേട്ടനാണ്‌ ചോദിച്ചത്.
‘എന്താ അമ്മണിയമ്മേ മുഖം ഒരു മാതിരി വാടിയതു പോലെ?’
‘ഏയ്..ഒന്നൂല്ല’ എന്നൊക്കെ പറഞ്ഞു അമ്മണിയമ്മ ഒഴിഞ്ഞു മാറിയെങ്കിലും ഒടുക്കം അമ്മണിയമ്മ തന്റെ വിഷമകാരണം പങ്കുവെച്ചു. മൂത്തവൻ അവരോടെന്തോ മുഖം കറുപ്പിച്ചു പറഞ്ഞു. അത്രേയുള്ളൂ. അമ്മണിയമ്മ പൊന്നു പോലെ വെച്ചിരുന്ന ചില പഴയ പുസ്തകങ്ങളുണ്ടായിരുന്നു. അതൊക്കേയുമെടുത്ത് മകൻ ‘ഇവിടെ മുഴുവൻ പൊടിയും മാറാലയുമായി’ എന്നും പറഞ്ഞു കൂട്ടിയിട്ട് കത്തിച്ചു കളഞ്ഞു. അമ്മണിയമ്മ ആ പുസ്തകങ്ങൾ കൈ കൊണ്ട് തൊട്ടിട്ട് വർഷങ്ങളായി എന്നത് സത്യം. പക്ഷെ എന്നും പറഞ്ഞു അതു കത്തിച്ചു കളയുക എന്ന് പറഞ്ഞാൽ?. അന്യായമല്ലെ അത്?.
വിശ്വേട്ടനും പപ്പേട്ടനും ഏലിയാമ്മയും അമ്മണിയമ്മയുടെ ചുറ്റിലും കൂടി നിന്നു ‘ഇതങ്ങനെ വിട്ടാൽ പറ്റില്ല’ എന്ന് പറഞ്ഞു. ‘പിന്നെ ഞാനെന്തു ചെയ്യും?’ എന്നു പറഞ്ഞു അമ്മണിയമ്മ വീണ്ടും കരച്ചിലിന്റെ വക്കോളമെത്തി നിന്നു.
‘നീ ഞാൻ പറേന്ന പോലെ ചെയ്യ്’ ഏലിയാമ്മ അതും പറഞ്ഞു അമ്മണിയമ്മയുടെ ചെവിൽ രഹസ്യം പറഞ്ഞു.
വിശ്വേട്ടനും പപ്പേട്ടനും ‘ഒക്കെ ഞങ്ങള്‌ നോക്കിക്കൊള്ളാം..ഒന്നും പേടിക്കാനില്ല..ഇതൊക്കെ ഞങ്ങളും ചെയ്തതല്ലെ?’ എന്നു പറഞ്ഞു ധൈര്യപ്പെടുത്തി.

അന്നു രാത്രിയാണ്‌ അമ്മണിയമ്മേ കാണാതായത്. ഗ്രാമം മുഴുവൻ അന്ന് കണ്ണും തുറന്നിരുന്നു. പ്രതീക്ഷിച്ച പോലെ അമ്മണിയമ്മ പിറ്റേന്ന് തിരികെ വരികയും ചെയ്തു. മൂത്തവൻ കരഞ്ഞു കൊണ്ടാണ്‌ അമ്മണിയമ്മേ കട്ടിലിൽ പിടിച്ചിരുത്തിയത്. തന്നെ കാണാൻ വന്നു ചുറ്റിലും നിന്നവരോട് അമ്മണിയമ്മ ഒന്നേ പറഞ്ഞുള്ളൂ - ‘ഒന്നും ഓർമ്മയില്ല മക്കളെ..’.

-സാബു ഹരിഹരൻ

ദി ലണ്ടൻ പുലി മുരുകൻ ... ! / The London Puli Murukan ... !

ലണ്ടനിലെ  ആഡംബര കാറുകളുടെ
 ഒരു പ്രദർശന ശാലയയുടെ ചില്ലു കൂട്ടിൽ മറെറാരു പ്രദർശന വസ്തുവിനെ പോലെ ഒരു പാറാവുകാരന്റെ വേഷമണിഞ്ഞ് അടയിരിക്കുന്ന സമയത്ത് , അയാൾ ആകാശത്തിലേക്ക് നോക്കി . 
പുലർകാലത്ത് അനേകം പറവയാനങ്ങൾ , വാനിൽ മിന്നാമിനുങ്ങുകളെ പോലെ നിലത്തിറങ്ങാനുള്ള ഊഴത്തിനായി വട്ടമിട്ട് കറങ്ങുന്ന , എന്നുമുള്ള  -  ആ അതി മനോഹര കാഴ്ച്ചകൾ - ഈ ഏകാന്തതയിൽ അയാൾക്ക്  വലിയ ആശ്വാസം നൽകുന്ന ഒരു സംഗതിയായിരുന്നു ...


ഈ അയാളുണ്ടല്ലോ ... എന്റെ നാട്ടുകാരനായ ഒരു ഗെഡിയാണ് ...

ഏതാണ്ട് ഒരു പതിറ്റാണ്ടിന് മുമ്പ് നാട്ടിൽ ലീവിന് 
ചെന്നപ്പോഴാണ് , കണിമംഗലത്ത് പലചരക്ക് കട നടത്തുന്ന 
പെരേപ്പാടൻ ലോനപ്പേട്ടനും , മൂപ്പരുടെ മൂന്നാമത്തെ ചെക്കനും , 
അവന്റെ മിഷ്യൻ ആശുപത്രിയിൽ  നേഴ്‌സായി ജോലി  ചെയ്യുന്ന 
ഭാര്യയും കൂടി  - യു.കെയിലേക്ക്  - ജോലിക്ക് വരുവാൻ വേണ്ടി സഹായങ്ങൾ
ചെയത് തരണമെന്ന് ചോദിച്ച്  എന്നെ കാണുവാൻ വന്നത് മുതലാണ് അയാൾ എന്റെ സ്നേഹിതനായി മാറിയത് ...

ആ സമയത്ത്  നേഴ്‌സുമാരുടെ ജോലിക്ക്  ബിലാത്തിയിൽ 
നല്ല ഡിമാന്റുള്ള സമയമായതിനാൽ ലണ്ടനിലുള്ള ഒരു ഏജൻസി
മുഖാന്തിരം , അവളുടെ 'വർക്ക് പെർമിറ്റി'ന് അന്ന് ; മൂനാലുലക്ഷം  രൂപ
മുടക്കിപ്പിച്ചാണെങ്കിലും , എന്നെകൊണ്ട്  ആയത് ശരിയാക്കി കൊടുക്കുവാൻ  
സാധിച്ചിരുന്നു ...

ആയതിന്റെ കടപ്പാട്  കുപ്പിയും , പാർട്ടിയും , മറ്റുമൊക്കെയായി
ഞാൻ ചുളുവിൽ  കൈ പറ്റിയത് പോലെ തന്നെയാണ് , ആ ഗെഡിയെ
ഇപ്പോൾ ഇക്കഥയിലെ ഒരു നായക കഥാപാത്രമാക്കുന്നതും ...

ഇന്ന് നേരിട്ട്‌ കണ്ടാൽ പോലും വെറുതെ , ഒരു ഗുഡ്‌ മോണിംഗ്‌ പോലും പറയാത്തവനാണെങ്കിലും, പുലർകാലത്ത്  വിവിധ തരം സൂര്യോദയങ്ങൾ , പാറി പറക്കുന്ന പറവകൾ , ചായ , ബെഡ് കോഫി  , പ്രഭാത ഭക്ഷണം  മുതലായവയുടെ  വർണ്ണ ചിത്രങ്ങൾ എന്നിങ്ങനെ മാറി മാറി എന്നുമെന്നും 'വാട്സ്ആപ് '  സന്ദേശങ്ങളാൽ ,  കുരവയിട്ട് - തുയിലുണർത്തി  പഴയ കാലത്തുള്ളൊരു  പൂവ്വൻ  കോഴി കൂവിയുണർത്തൽ  സ്മരണ എന്നിലുണർത്തുവാൻ അയാൾ  മൂലം സാധിക്കാറുണ്ട് ... 

ഇത് മാത്രമല്ല അയാളുടെ   മറ്റെല്ലാ  സോഷ്യൽ മീഡിയ 
തട്ടകങ്ങളിലും -  ഛായഗ്രഹണത്തിൽ അഗ്രഗണ്യന്മാരായ 
പലരാലും  ഒപ്പിയെടുത്ത - പാശ്ചാത്യ നാടുകളിലെ ചുട്ട വെയിലിലും , 
സൂര്യ താപമില്ലാത്ത ശിശിര മനോഹരമായ  ശരത്  കാലത്തെ മരം കോച്ചുന്ന തണുപ്പിൽ വൃക്ഷ ലതാതികളെല്ലാം  ഇലപൊഴിയും മുമ്പ് ,  അവയുടെ പച്ചയുടയാടകളെല്ലാം മാറ്റി - വിവിധ വർണ്ണ നിറത്തിലുള്ള കുപ്പായങ്ങൾ അണിഞ്ഞ് നിൽക്കുന്നതും  ,  മഞ്ഞു കാലത്തുള്ള വെളളി നൂലുകളാൽ നെയ്തെടുത്ത  ഹിമ പുതപ്പിനാൽ   ആവരണം   ചെയ്യപ്പെട്ട പ്രകൃതി ഭംഗികളും , കെട്ടിട സമുച്ചയങ്ങളുമൊക്കെ   അടങ്ങിയ അനേകം ,   അതി മനോഹര  ചിത്രങ്ങളടക്കം  കോപ്പി & പേയ്സ്റ്റ് ചെയത്   ആളുകളെ കൊതിപ്പിക്കാനും അയാൾ  നിപുണനാണ്.

 ഒന്ന് ഇക്കിളിയിട്ടാൽ പോലും ചിരിക്കാത്ത അയാളുടെ ഫോർവാർഡ് ചെയ്യപ്പെടുന്ന ഫലിത സൂക്തങ്ങളായ കൊച്ചുകൊച്ച് ലിഖിതങ്ങൾ കണ്ട് പലരും പൊട്ടിച്ചിരിച്ചു ... 
വായനയെ എന്നും വെറുപ്പോടെ വീക്ഷിച്ചിരുന്ന അയാളിന്ന് , എവിടെ നിന്നൊക്കെയൊ ലഭിച്ച തത്വചിന്താ വചനങ്ങളും , രാഷ്ട്രീയ സാമൂഹ്യ  - സാംസ്കാരിക - സാഹിത്യ മണ്ഡലങ്ങളിലെ സകലമാന സമകാലിക സംഭവ  വികാസങ്ങളും , അത്‌ തിന്നരുത്‌ , ഇത്‌ കുടിക്കരുത്‌ , അതിൽ വിഷം , ഇതിൽ മായം , മറ്റേതിൽ കലർപ്പ്‌ , ഇത് അടി പൊളി , മറ്റേത് തല്ലിപ്പൊളി എന്നിങ്ങിനെ വാസ്തവമാണോ അല്ലയൊ  എന്ന് പോലും നോക്കാതെ -  പടച്ചുവിടുന്ന  തലേലെഴുത്തുകളും , പടങ്ങളും , മറ്റും  ഷെയർ ചെയ്തും മറ്റും - ആഗോള തലത്തിൽ പേരും , പെരുമയുമുള്ള പത്രാസുള്ളവനാണെന്ന്  സ്വയം അഭിമാനം കൊണ്ട് -  അയാൾ എന്നും ഒറ്റക്ക് ബോറടിച്ചിരിക്കുന്ന തന്റെ സ്ഥിരമുള്ള  'നൈറ്റ്  ഡ്യൂട്ടി ഷിഫ്റ്റു'കൾ ആനന്ദകരമാക്കി ... 

എന്തിന് പറയുവാൻ ... ഇന്ന് അയാൾ വിവര സാങ്കേതികത 
വിനോദോപാധി തട്ടകങ്ങളിലെ മലായാളികളുടെയെല്ലാം തല 
തൊട്ടപ്പനിൽ ഒരുവനായി മാറിയിരിക്കുകയാണ് ..!

ഏതാണ്ട് പതിനൊന്ന് കൊല്ലം മുമ്പു് സ്വന്തം  ഭാര്യക്ക്
പിന്നാലെ , കൗമാരത്തിലെത്തിയ രണ്ട് കുട്ടികളുമായി  ;
ലോകത്തിന്റെ  സാംസ്കാരിക  തലസ്ഥാനമായ ലണ്ടനിൽ
പറന്നിറങ്ങിയപ്പോൾ ലോകം കീഴടക്കിയ ഒരു ചക്രവർത്തിയെ
 പോലെയായിരുന്നു അയാൾ ...


പിന്നീട് , മിക്ക പാശ്ചാത്യ മലയാളികളെ പോലെയും ,
പ്രവാസത്തിന്റെ പ്രയാസങ്ങൾക്കിടയിൽ കിടന്ന് പോരാടി, 
പൗണ്ടുകളുടെ സ്വർണ്ണ തിളക്കത്തിൽ ,  കണ്ണ് മഞ്ഞളിച്ച് ഭാര്യയും ,  
അയാളും കൂടി വെപ്രാളപ്പെട്ട് , മണിക്കൂറുകൾ ഒട്ടും പാഴാക്കാതെ പണിയെടുത്ത് 
എത്രയും പെട്ടെന്ന് തന്നെ ജീവിതം പച്ച പിടിപ്പിക്കുവാൻ പെടാപാടു പെടുകയായിരുന്നു.

അയാളുടെ കടിഞ്ഞൂൽ പുത്രിയും , അവളുടെ അനുജനുമൊക്കെ , 
സ്ഥിരം പകൽ ജോലിക്കാരിയായ അവരുടെ 'മമ്മി'നേയും , എന്നും 
'നൈറ്റ്  ഡ്യൂട്ടി'ക്ക്  പോകുന്ന 'ഡാഡി'നേയുമൊക്കെ , വളരെ വിരളമായെ
അവരുടെ വീട്ടിൽ  വെച്ച് ഒരുമിച്ച് കാണാറുണ്ടായിരുന്നുള്ളൂ ... !

കാലം കഴിയുന്തോറും , 'പൗണ്ടു'കൾ വാരി കൂട്ടുമ്പോഴും, 
നാട്ടിലൊക്കെ വല്ലപ്പോഴും ഗൃഹാതുരതത്തിൻ സ്മരണകളുമായി 
തനി ഒരു   'ലണ്ടൻ വാല'യായി  വിരുന്ന് ചെല്ലുമ്പോഴുമൊക്കെ അയാളുടെ
മനം എന്തിനോ വേണ്ടി കേഴുകയായിരുന്നു ... !

ലണ്ടൻ വാസത്തിന് ഒരു പതിറ്റാണ്ടിന് ശേഷം , ഇന്ന്  അയാളെ 
മറ്റേവരും , എന്നും എപ്പോഴും നോക്കി കാണുന്നത്  ഒരു ആഡംബര 
ജീവിത സൗഭ്യാഗങ്ങൾക്ക് ഉടമ എന്ന നിലയിൽ തന്നെയാണ് ...!
എന്നിരുന്നാലും , തന്നിഷ്ടക്കാരിയായ സ്ഥിരം ആൺ മിത്രങ്ങളുടെ 
കൂടെ കറങ്ങി നടക്കുന്ന പാർട്ട് - ടൈമ് ജോലിക്കാരിയായ മകൾ  , ലഹരി
മരുന്നുകൾക്ക് പിന്നാലെ നടന്നും  , ന്യു-ജെൻ പാശ്ചാത്യ സംസ്കാരം മാത്രം
തലയിലേറ്റി കൊണ്ട് നടക്കുന്ന മകൻ   , ജോലി സമയത്തിന്  ശേഷം , 'ടി.വി. സീരിയലും', ഭക്തിയും  തേടിയലയുന്ന അയാളെ എന്നും പുഛിച്ചു തള്ളുന്ന ഭാര്യ ... 

അയാളുടെ പണത്തെ മാത്രം എന്നും 
സ്നേഹിച്ചുകൊണ്ടിരിക്കുന്ന ബന്ധുമിത്രാദികൾ ...

ഇന്നിപ്പോൾ , ഇവരെയൊക്കെ  ഓർക്കുവാൻ  
അയാൾക്കിപ്പോൾ  ഒട്ടും സമയമില്ല...

അയാളുടെ കാക്കതൊള്ളായിരത്തോളമുള്ള 'സോഷ്യൽ മീഡിയ' തട്ടകങ്ങ'ളിലുള്ള മിത്രങ്ങൾക്ക്  , കണ്ടതും കേട്ടതുമായ  - സകല കുണ്ടാമണ്ടികളും 'ഫോർവാർഡ്' ചെയ്തും, 'ഷെയർ' ചെയ്തും , മുഖപുസ്തകത്തിലേയും, അനേകമുള്ള 'വാട്ട് സാപ്പ് ഗ്രൂപ്പു'കളിലേയും , 'ഗൂഗിൾ പ്ലസ്സി'ലെയും , 'ട്വിറ്ററിലെ'യും, 'ഇൻസ്റ്റാഗ്രാമി'ലെയും മിത്രങ്ങളേയും 'ഫോളോവേഴ്‌സി'നെയുമൊക്കെ ഹർഷ പുളകിതരാക്കി  കൊണ്ട് ... 

അയാൾ തന്റെ 'സോഷ്യൽ മീഡിയ സൈറ്റു'കളിലെ  പഴയ 'പ്രൊഫൈൽ ചിത്ര'ത്തിന്റെ സ്ഥാനത്ത് ,  
പുതിയ മോഹൻലാൽ  സിനിമയായ 'പുലി മുരുകന്റെ' ചിത്രം 'അപ്ലോഡ്' നടത്തിയിട്ട്   ,  അതിന്റെ അടിയിൽ - അടികുറിപ്പായി 
'ദി ലണ്ടൻ പുലിമുരുകൻ' എന്ന് ആലേഖനം ചെയ്ത ശേഷം,  
അയാൾ പകൽ ഡ്യൂട്ടിക്കാരന് , തന്റെ ഡ്യൂട്ടി , 'ഹാന്റ് ഓവർ' 
ചെയ്യുവാൻ  കാത്തിരിക്കുകയാണ്...

ഒപ്പം തന്റെ പുതിയ  മുഖചിത്രത്തിന്
ഇനി  കിട്ടാൻ പോകുന്ന 'ലൈക്കുകളുടെയും ,
കമന്റു'കളുടെയും മറ്റും കൂമ്പാരത്തെ വരവേൽക്കാൻ വേണ്ടിയും ..!

പറഞ്ഞതും പറയാത്തതും ..!

കാശത്തിലെ പറവകളെപ്പോലെ നാളെയെന്തന്നറിയാത്ത യാത്രയിലേക്ക് പറന്ന് പറന്നു പോകാൻ കഴിഞ്ഞെങ്കിൽ . എന്നെ ചുറ്റിയുള്ള ബന്ധങ്ങളിൽ നിന്നും കെട്ടുവിടുവിച്ച്പട്ടംപോലെ ഈ കടലിന് മുകളിലൂടെ ദൂരേയ്ക്ക് ദൂരേയ്ക്ക് മറയാൻ കഴിഞ്ഞിരുന്നുവെങ്കിൽ ..! എന്നും പരിഭവങ്ങൾ മാത്രം മൂളുന്ന കാറ്റിനോട് കെട്ടിപ്പിടിച് ഒരു മുത്തം കൊടുത്ത് 'ഞാനും വരാം ' നിൻറെ കൂടെ എന്ന് പാടാൻ കഴിഞ്ഞിരുന്നെങ്കിൽ .!
കടൽ തീരത്ത് കാറ്റുകൊണ്ട് നിൽക്കുമ്പോഴും .. തിരമാലയുടെ ശീൽക്കാരങ്ങളിലെ കുളിരിനുപോലും തൻറെ ശരീരത്തിൽ കുളിരുപകരാൻ കഴിയുന്നില്ല . അത്രയ്ക്കും പൊള്ളുകയാണ് മനസ്സും ശരീരവും .
 മോഹങ്ങളെല്ലാം വെറും പാഴ്കിനാവുകളാവുമ്പോൾ എല്ലാം ശൂന്യം .എല്ലാവർക്കും ഒരു ഭാരമാകുകയാണോ ഞാനെന്ന വേഷം . മീര തൻറെ ജീവിതത്തെ ഒന്നു വിലയിരുത്താൻ ശ്രമിക്കുകയായിരുന്നു .
ജീവിതത്തിൻറെ എല്ലാ തലങ്ങളിലും എന്നും ഞാൻ അന്തർമുഖിയായി സഞ്ചരിക്കുകയായിരുന്നു . എന്നിട്ടും അറിയാൻ കഴിഞ്ഞില്ല എൻറെ വേഷം എന്തായിരുന്നുവെന്ന് . ഞാൻ ആടിത്തീർത്ത പലവേഷങ്ങളിലും വേണ്ടത്ര മികവ് പുലർത്താൻ കഴിഞ്ഞിട്ടില്ല എന്ന് കരുതാം അതായിരിക്കുമല്ലോ ഒരു തെറ്റുകാരിയെപ്പോലെ ഇങ്ങനെ നിൽക്കേണ്ടിവരുന്നത് .
എന്തിനാണ് നീ ജീവിച്ചിരിക്കുന്നത് ..പോയി ചത്തുകൂടെ എന്ന് ഭർത്താവ് പറഞ്ഞ ആ നിമിഷം മുതൽ താൻ ശവമായി മാറുകയായിരുന്നോ ? . ആലോചനകളുടെ കുത്തൊഴുക്കിൽ പിടിച്ചു നില്ക്കാൻ ആവാതെ ഒരു തീരുമാനമെടുക്കാൻ കഴിയാതെ അവൾ നിന്നു .
''ഹായ് മീരാ .. താനെന്താ ഇവിടെ ?''.
മനസ്സിൻറെ മങ്ങലാവാം കണ്മുന്നിൽ നിൽക്കുന്നത് ആരാണെന്നുള്ള ഒരു ബോധം മറഞ്ഞിരുന്നു മീരയ്ക്ക് .

''എടോ താനെന്നെ അറിയില്ലേ .. എന്താ മനസ്സിലാകാത്തതുപോലെ . ഞാൻ വിവേക് ആണ് ''.

''ഓ നീയായിരുന്നോ ? കുറേ നാളുകൾക്കു ശേഷം കണ്ടതുകൊണ്ടാവാം മനസ്സിലാകാതെ പോയത് . തന്നെയുമല്ല ഒന്നും ഓർക്കാൻ ഇഷ്ടപ്പെടാത്തതുപോലെ മനസ്സ് മുഖം മറയ്ക്കുന്നു .''

''ഹോ തൻറെയാ പഴയ സാഹിത്യം ഇപ്പോഴുമുണ്ടോ ? കെട്ടിയോൻ എങ്ങനെ സഹിക്കുന്നു ?.''

''അത് നല്ല കോമഡി ആണല്ലോ .. അപ്പോൾ എല്ലാ ഭർത്താക്കന്മാരും ഇങ്ങനെയാണല്ലേ .. അങ്ങനെയെങ്കിൽ അദ്ദേഹം അഡ്ജസ്റ്റ് ചെയ്യുകയാവും എന്നെ ..''

''കിരൺ വന്നില്ലേ ''.

''ഇല്ല ഞാൻ ഒഫീഷ്യൽ ടൂറിൽ ആണ്.ഇവിടെ വരേണ്ടയൊരു കാര്യം ഉണ്ടായിരുന്നു .''

''ഓഹോ ..അപ്പോൾ പഴയതൊക്കെ ഒന്ന് പൊടി തട്ടിയെടുത്ത് എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാനുള്ള പ്ലാനാണല്ലേ ..എഴുത്തുകളിൽ ഇപ്പോഴും വിപ്ലവം ഉണ്ടോ ?''.

''ഹേയ് എഴുത്തൊക്കെ എന്നെ നിന്നു .. ജീവിതം വലിയൊരെഴുത്തുപുരയായതുകൊണ്ട് അവിടെ എഴുതി തീർക്കാൻ ഒരുപാട് ബാക്കിയാണ് ...പിന്നെ ഇവിടെ ഇങ്ങനെ നിൽക്കുമ്പോൾ എന്തോ ഒരു സുഖം . ഈ കടലിനെ എനിക്കെന്നും ഇഷ്ട്ടമായിരുന്നു . എൻറെ മനസ്സിലുള്ളതെല്ലാം കടലുമായി പങ്കുവെയ്ക്കാറുണ്ട് . ഒരു തരം കുമ്പസാരമെന്നുതന്നെ പറയാം . അതാകുമ്പോൾ ആരും അറിയാതെ തിരയുടെ ഓളങ്ങളിൽ അലയടിച്ച് അങ്ങ് ആഴങ്ങളിലേക്ക് പോകുന്നു .''

''അയ്യോ മതിയെൻറെ സാഹിത്യകാരി .. കോളേജിലെ ആ രണ്ടുവർഷക്കാലം തൻറെ സാഹിത്യം കേട്ട് പെട്ടുപോയവരാണ് എന്നെപ്പോലെയുള്ളവർ .''

വിവേകിൻറെ കളിയാക്കലിൽ അത്ര പുതുമയൊന്നും തോന്നാത്തതുകൊണ്ട് മീര തിരികെ ഒന്നും പറയാതെ നിന്നു .

''താൻ വരുന്നോ വീട്ടിലേക്ക് .. അടുത്ത മാസം പുതിയ ഒരാളുകൂടി ഞങ്ങളുടെ ഇടയിലേക്ക് വരും ''.

'' അതെയോ .. സന്തോഷമുള്ള വാർത്തതന്നെ . പക്ഷേ ഇപ്പോൾ എനിക്ക് വരാൻ കഴിയില്ലെടോ .. ഇനിയൊരിക്കൽ ആവട്ടെ . അന്ന് തൻറെ കുഞ്ഞിനേയും കാണാമല്ലോ .''

''എന്നാൽ ശരി അങ്ങനെയാവട്ടെ . ഞാൻ നിർബന്ധിക്കുന്നില്ല . എൻറെ നമ്പർ അറിയാമല്ലോ . വല്ലപ്പോഴും ഒന്ന് വിളിക്കു സുഹൃത്തേ ''.

''ശരി വിളിക്കാം ''.

വിവേക് പോയിക്കഴിഞ്ഞപ്പോൾ മീരയും തിരികെ റൂമിലേക്ക് പോയി . . കുറേ നേരമായി കിരണിൻറെ ഫോൺ വരുന്നു . വിവേകുമായി സംസാരിച്ചിരുന്നതുകൊണ്ട് എടുക്കാൻ കഴിഞ്ഞില്ല . അവൾ കിരണിനെ വിളിച്ചു .

''മീരാ താൻ ഇതെവിടായിരുന്നു . എത്ര നേരായിട്ട് വിളിക്കുന്നു .''

''ഞാനൊരു മീറ്റിങ്ങിൽ ആയിരുന്നു .അതുകൊണ്ട് എടുക്കാൻ കഴിഞ്ഞില്ല ''.

'' ശരി , ശരി . വേറെന്താ .. നീ ഫുഡ് കഴിച്ചോ ?''.

''കഴിച്ചു . ''

''എന്നാൽ കിടന്നോളു .. നാളെ ഞാൻ സ്റ്റേഷനിൽ എത്താം .''

എന്തു പറ്റി തൻറെ ഭർത്താവിന് പെട്ടന്നൊരു സ്നേഹം .. അതോ അഭിനയമാണോ . താൻ അടുത്തുള്ളപ്പോൾ എപ്പോഴും ഓരോന്ന് പറഞ്ഞു വഴക്കിടുന്ന ആൾക്ക് എന്താ ഇത്ര സ്നേഹം . ജീവിതത്തിൽ നിന്നും ഒഴിവായി തരണമെന്ന് ദിവസത്തിൽ ഒരുവട്ടമെങ്കിലും പറയുന്ന കിരണേട്ടന് താൻ മാറി നിന്ന ഈ നിമിഷങ്ങളിൽ ഒറ്റപ്പെടൽ അനുഭവപ്പെട്ടോ .

ഇത്രയധികം സ്നേഹമായി സംസാരിച്ചിരുന്നു വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ .. അന്ന് ഞാൻ കരുതിയില്ല അദ്ദേഹം ഒന്നുമറിയാതെ സ്നേഹിക്കുകയാണെന്ന് . ഓരോ മാസങ്ങൾ കഴിയുമ്പോഴും എന്നാണ് എനിക്കുള്ള ചോദ്യ ശരങ്ങൾ വരികയെന്നുള്ള ഭയം വല്ലാതെ അലട്ടിയിരുന്നു . അങ്ങനെ മാസങ്ങൾ കടന്നുപോകവേ , ഒരിക്കൽ കിരണിൻറെ അമ്മയുടെ സ്നേഹത്തോടെ ഉള്ള ചോദ്യം വന്നു കഴിഞ്ഞു .' വിവാഹം കഴിഞ്ഞിത്രയും കാലമായില്ലേ ഇതുവരെ കുളി തെറ്റിയില്ലേ ?'... . എന്ത് പറയണമെന്നറിയാതെ വിഷമിച്ചു നിന്ന എന്നെ അന്ന് ''ഞങ്ങൾ ചെറുപ്പമല്ലേ കുറച്ചു നാൾകൂടി കഴിയട്ടെ'' എന്നുപറഞ്ഞു രക്ഷിച്ചത് തൻറെ പ്രിയതമൻ തന്നെ ആയിരുന്നു . അന്ന് ഞാൻ അറിഞ്ഞു അദ്ദേഹം എന്നെക്കുറിച്ചൊന്നുമറിഞ്ഞിട്ടില്ല എന്ന് .

വിപ്ലവത്തിൻറെ മുറകളിൽ തനിക്കേറ്റ മറക്കാനാവാത്ത ക്ഷതമാണ് ഇന്ന് താൻ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് വർഷങ്ങൾ കഴിയുമ്പോൾ എന്നിലെ അമ്മയെ ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു . പക്ഷേ അദ്ദേഹത്തിൻറെ ചോദ്യങ്ങൾക്കുള്ള മറുപടി എന്ത് നൽകണമെന്നറിയില്ലായിരുന്നു . ഒരിക്കൽ 'അമ്മയാകാൻ കഴിയാത്തവളെ എന്തിന് ഞാൻ ചുമക്കണമെന്ന' വാക്കുകൾ എൻറെ ഉള്ളിൽ ഇപ്പോഴും മുഴങ്ങി കേൾക്കുന്നു . മനസ്സുകൊണ്ട് അകന്നുതുടങ്ങിയ ഞങ്ങൾ അന്നുമുതൽ ശരീരം കൊണ്ടും അകന്നു . ഇന്ന് ഞങ്ങൾ രണ്ടു വ്യക്തികൾ മാത്രമാണ് . ജീവിച്ചു തീർക്കണം എന്ന കർമ്മത്തിനെ മുറുകെ പിടിച്ചു മുന്നേറുന്ന രണ്ടു വ്യക്തികൾ അദ്ദേഹത്തിൻറെ കുടുംബത്തിൽ നിന്നും തനിക്ക് ഓരോ ദിവസവും അപമാനം ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും മരിക്കാനുള്ള ഭയമായിരുന്നു ഞാൻ ഇന്നും ജീവിച്ചിരിക്കുന്നതിന് കാരണം .

ഇപ്പോൾ ഞങ്ങൾക്കിടയിൽ മൂകത തളം കെട്ടി നിൽക്കാറുണ്ട് . ഒരു കുഞ്ഞില്ലാത്തതിൻറെ ദുഃഖം അദ്ദേഹത്തെ വല്ലാതെ തളർത്തുന്നു . പ്രസവിക്കാൻ ഇനി തനിക്കാവില്ല നീയൊരു പാഴ്ജന്മാമാണെന്ന് വിളിച്ചു പറയുമ്പോഴും ബീജത്തെ സ്വീകരിക്കാൻ വെമ്പൽ കൊള്ളുന്നു തൻറെ ശൂന്യമായ ഗർഭപാത്രം . ഇനിയൊരു പിറവി നല്കാൻ കഴിയാതെ തകർന്നുപോയ ശരീരഭാഗമാണ് തനിക്കെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ തനിക്കും അദ്ദേഹത്തിനും ഇത്രയധികം വേദനിക്കേണ്ടി വരില്ലായിരുന്നു .

ഞാൻ ആരുമല്ലാതാകുമ്പോഴും എന്നെ ഞാൻ മനസ്സിലാക്കിയ കാലം മുതൽ ആരുമറിയാതെ സ്നേഹിച്ചു വളർത്തുന്ന തനിക്ക് മാത്രം വിധിക്കപ്പെട്ട ആ മുത്തിനെ എങ്ങനെ മറക്കാൻ കഴിയും . എങ്ങനെ വലിച്ചെറിയാൻ കഴിയും . അതിനു തനിക്ക് കഴിയില്ല . എന്തെങ്കിലും തീരുമാനം എടുത്തേ പറ്റു . അവൾ മനസ്സിനെ ശക്തമാക്കാൻ ശ്രമിച്ചു .

പിറ്റേന്നു തന്നെ മീര .. അവളുടെ വളർത്തുമകൾക്കായി സാധനങ്ങൾ വാങ്ങി ഓർഫനേജിലേക്ക് പോയി .

''മദർ എൻറെ മോളെ ഞാൻ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു . അതിനു വേണ്ട നടപടികൾ ചെയ്യുവാൻ കൂടിയാണ് ഞാൻ വന്നത് .''

''ഇത് നല്ല തീരുമാനമാണ് മീര ..നിങ്ങളുടെ ഹസ്ബൻഡ് ഇതിന് സമ്മതിക്കുമോ?''.

''സമ്മതിക്കും .. എല്ലാം അദ്ദേഹത്തിന് അറിയാം . ഒരു കുഞ്ഞിനെ നൽകാൻ ഭാഗ്യമില്ലാത്തവളാണ് ഞാൻ , അതുകൊണ്ട് ഇനി എന്തിന് ഞാൻ കിരണിന് ഒരു ഭാരമാകണം . എനിക്ക് ജീവിക്കാൻ സ്നേഹിക്കാൻ ഇപ്പോൾ ഒരു മോളുണ്ട് . അതുപോലെ അദ്ദേഹത്തിനും ഒരാളുണ്ടാവണം . അത് നൽകാൻ എനിക്കാവില്ല .അതിനാൽ ഞാൻ ആ വേഷം സ്വയം അഴിച്ചുവയ്ക്കാൻ തീരുമാനിച്ചു .''

''അങ്ങനെയല്ല മീര .. താൻ ഒരിക്കലെങ്കിലും കിരണിനെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ ? . ഉണ്ടെന്ന് നിങ്ങൾ പറഞ്ഞാലും ഞാൻ സമ്മതിച്ചു തരില്ല . തൻറെ ഭാര്യക്ക് ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയില്ല എന്നറിയുമ്പോൾ ഏതൊരു ഭർത്താവിനും ഉണ്ടാകുന്ന വികാരങ്ങളെ കിരണിനും ഉണ്ടായിട്ടുള്ളു .''

''ശരിയാവാം. അത് ഞാൻ മനസ്സിലാക്കണ്ടേ മദർ . ഇനിയും അദ്ദേഹത്തെ എൻറെ ജീവിതത്തിൽ ഇട്ടു നരകിപ്പിക്കുന്നത് ശരിയല്ല .''

''തനിക്കറിയുമോ . ഒരുപാട് സ്നേഹമാണ് അയാൾക്ക്‌ തന്നോട് . തൻറെ കുറവിനെ അംഗീകരിച്ചുകൊണ്ട് തന്നെ അയാൾ സ്നേഹിക്കുകയാണ് ഇപ്പോഴും . മീര , താൻ അറിയാതെ അയാൾ തന്നെ പിൻതുടരുന്നുണ്ടായിരുന്നു . എന്നോട് എല്ലാക്കാര്യങ്ങളും അയാൾ പറയാറുണ്ട് . ഇന്ന് തനിക്ക് വേണമെന്ന് പറയുന്ന ആ മോള് അയാൾക്കും പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു .''

മീരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .. പറഞ്ഞും പറയാതെയും , അറിഞ്ഞും അറിയാതെയും ജീവിതത്തിൻറെ ഓരോ വേഷങ്ങൾ മാറുമ്പോൾ .. സത്യം , സ്നേഹം , വിശ്വാസം എന്നത് മനസ്സുകളുടെ വലിപ്പമാണെന്ന് അവൾ അറിഞ്ഞു .

സ്റ്റേഷനിൽ വണ്ടി ഇറങ്ങുമ്പോൾ മീരയ്ക്കായി നിറഞ്ഞ സ്നേഹത്തോടെ അയാൾ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു .

 കല പ്രിയേഷ് (ബ്ലോഗ്‌: സ്നേഹവീണ)

Search This Blog