വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

കാണാതാകുന്നവർ


ഗ്രാമത്തിൽ ദുരൂഹമായ ചിലത് സംഭവിക്കുന്നത് കുറച്ച് നാൾക്ക് മുൻപാണ്‌ ഗ്രാമവാസികളുടെ ശ്രദ്ധയിൽപെട്ടത്. ഗ്രാമവാസികളിൽ ചിലരെ കാണാതാകുന്നു. കഴിഞ്ഞ ആഴ്ച്ചയും രണ്ടു പേരെ കാണാതായി. ഒന്ന് തെക്കേപറമ്പത്തെ മണിയേട്ടൻ. മറ്റൊരാൾ കുന്നുമ്പുറത്തെ വിശ്വേട്ടൻ. രണ്ടുപേർക്കും ഏതാണ്ട് എഴുപത് വയസ്സിനോടടുത്ത് പ്രായമുണ്ട്. അന്നേ ദിവസം അവരുടെ വീടുകളിൽ വലിയ ബഹളമുണ്ടായി. നെഞ്ചുതല്ലി കരച്ചിലും, വാക്കേറ്റവും, വഴക്കുമുണ്ടായി. വയസ്സായ ഒരാൾ കാണാതായാൽ സ്വാഭാവികമായും അതിന്റെ ഉത്തരവാദിത്വം വീട്ടിലുള്ളവർ തന്നെ ഏറ്റെടുക്കേണ്ടി വരും. ഇരുവരും അപ്രത്യക്ഷരായി എന്നറിയുന്നത് ഏതാണ്ട് സന്ധ്യാസമയത്താണ്‌. വൈകിട്ട് വിളക്ക് കത്തിക്കുന്നതിനു മുൻപ്. മുൻപൊക്കെ ഇരുട്ട് വീണു തുടങ്ങിയാൽ ഗ്രാമത്തിലെ വീടുകളുടെയൊക്കെ മുൻപിൽ തിരി തെളിഞ്ഞു നില്ക്കുന്നത് കാണാനാവുമായിരുന്നു. കരുമറ്റത്തെ കുന്നുമ്പുറത്ത് നിന്നു തന്നെ ആ കാഴ്ച്ച കാണണം. ആ കാഴ്ച്ച കാണാൻ മാത്രമായി ചിലർ ആ കുന്നുമ്പുറത്ത് കയറി പോയിരിക്കാറുണ്ടായിരുന്നു. അവരിൽ ചിലർ കാറ്റും കൊണ്ടിരുന്ന് കവിതകൾ ചൊല്ലാറുണ്ടായിരുന്നു. ചിലരവിടെ കള്ളുകുടവും, കരിമീൻ പൊള്ളിച്ചതുമൊക്കെയായിട്ട് കയറി പോയിരുന്നു. കാലം കഴിഞ്ഞപ്പോൾ അതൊക്കെ മാറി. ഇപ്പോൾ കുന്നിൻപുറത്ത് ഒരു മൊബൈൽ ടവർ കുത്തനെ നില്പ്പുണ്ട്. കുന്നു കേറിയിറങ്ങി പോയിരുന്ന അന്തിക്കാറ്റിനും വഴിതെറ്റിയിട്ടുണ്ടാവും. ഇപ്പോൾ അവിടെ നിറച്ചും ഇരുട്ടാണ്‌. ഇരുട്ടിൽ ഇരുട്ടിന്റെ നിറമുള്ള ചിലർ അവിടെ വന്നിരിക്കാറുണ്ട് എന്ന് ചില കഥകൾ മാത്രം ചിലർ അടക്കം പറയാറുണ്ട്.

ഈ അപ്രത്യക്ഷമാകലിനു ഒരു രണ്ടാം ഭാഗമുണ്ട്. കാണാതെ പോയവർ ഒന്നോ രണ്ടു ദിവസം കഴിഞ്ഞു അതു പോലെ തന്നെ തിരികെ വരും!. മണിയേട്ടനും വിശ്വേട്ടനും പ്രതീക്ഷിച്ച പോലെതന്നെ മടങ്ങിയെത്തി. തലതല്ലി കരഞ്ഞു കൊണ്ടിരുന്ന വീട്ടുകാർ അവരെ മൂടി പുതപ്പിച്ച് അകത്തിരുത്തി. ചൂട് കഞ്ഞിയും, കരിവാടും കൊടുത്തു. രണ്ടുപേരും ഒരക്ഷരം പറയാതെ ഭക്ഷണം കഴിച്ചിട്ടു, കയറു കട്ടിലിൽ കയറി പുതച്ചു മൂടി ‘ഗ’ രൂപത്തിൽ കിടന്നു. ഇതിപ്പോൾ നാലാമത്തെ സംഭവമാണ്‌. ചിലരെ കാണാതാകുന്നു, അവർ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു തിരികെ വരുന്നു. അവർ ഒന്നും ഉരിയാടുന്നില്ല. എങ്ങോട്ടാണവർ പോയത്? അല്ലെങ്കിൽ ആരാണവരെ കൊണ്ടു പോയത്?. തിരിച്ചു വന്നവരെല്ലാം ഒരു മറുപടി മാത്രം പറഞ്ഞു - ‘ഒന്നും ഓർമ്മയില്ല’. ഗ്രാമവാസികൾ പരിഭ്രാന്തരായി. ഒറ്റപ്പെട്ട സംഭവം എന്നു കരുതിയതാണ്‌. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ടവർ ഒരു സുപ്രഭാതത്തിൽ കാണാതാകുന്നത് വല്ലാത്ത ആധി ഗ്രാമവാസികളിലുണ്ടാക്കി. ചില കാര്യങ്ങൾ ചിലർ ശ്രദ്ധിച്ചു. കാണാതാകുന്നത് വയസ്സായവർ മാത്രമാണ്‌. അതിൽ ആൺ-പെൺ ഭേദമില്ല. കാണാതായവർ പോയത് പോലെ തന്നെ തിരിച്ചു വരുന്നുണ്ട്. അതും അവർ ധരിച്ചിരുന്ന ആഭരണങ്ങൾ ഒന്നും നഷ്ടപ്പെടാതെ തന്നെ. അപ്പോൾ മോഷണത്തിനായി ആരെങ്കിലും അവരെ തട്ടിക്കൊണ്ടു പോവുകയാണെന്ന് കരുതാൻ വയ്യ. കുന്നുമ്പുറത്തെ ടവറിനടുത്ത് ഒരു വെളിച്ചം കണ്ടെന്ന് താറാവ് വളർത്തുന്ന വേലു ഒരിക്കൽ പറഞ്ഞതാണ്‌. പക്ഷെ വേലു എന്നും കള്ളുകുടിക്കുന്നവനാണ്‌. അതും വെളിവ് നഷ്ടപ്പെടും വരെ കുടിക്കുന്നവൻ. അയാൾ പറഞ്ഞത് ആരും വിശ്വസിച്ചില്ല. എന്നാൽ തുടരെ തുടരെ കാണാതാകുന്ന പ്രതിഭാസം സംഭവിച്ചപ്പോൾ ആളുകൾ വേലു പറഞ്ഞ വെളിച്ചവും ഇതുമായി എന്തോ ബന്ധമില്ലെ എന്നു ചിന്തിക്കാൻ തുടങ്ങി. രണ്ടും തമ്മിൽ കൂട്ടിക്കെട്ടിയപ്പോൾ, പുതിയ ചില കഥകളുണ്ടായി. അതിലൊന്ന് അന്യഗ്രഹജീവികളെ കുറിച്ചായിരുന്നു. വെളുത്ത മൊട്ടത്തലയും വലിയ കണ്ണുകളും മെലിഞ്ഞ കാലുകളുമാണവർക്ക് എന്ന് ഇംഗ്ലീഷ് സിനിമകൾ കാണുന്ന ചില ചെക്കന്മാർ പറഞ്ഞു. തളിക രൂപത്തിലുള്ള വാഹനങ്ങളിലാണവർ സാധാരണ വരിക എന്നൊക്കെ സിനിമയിൽ കണ്ടതു പോലെ പറഞ്ഞു. പക്ഷെ അന്യഗ്രഹജീവികൾ ഈ കിളവന്മാരേയും കിളവികളേയും തട്ടിക്കൊണ്ടു പോയിട്ടെന്താ?. ‘പരീക്ഷണം നടത്താൻ!’ അതിനും ചെക്കന്മാർ തന്നെ ഉത്തരം കൊടുത്തു. ചോദിക്കുന്ന ചോദ്യങ്ങൾക്കൊക്കെ മണി മണിയായി ഉത്തരം വാരിയെറിയാൻ കെല്പ്പുള്ളവരാണ്‌ പുതിയ ചെക്കന്മാർ. പണ്ടത്തെ ചെക്കന്മാരെ പോലെയല്ല. പണ്ടത്തെ ചെക്കന്മാർ അല്പ്പമെങ്കിലും ആലോചിച്ചിട്ടേ വല്ലതും പറഞ്ഞിരുന്നുള്ളൂ. ഇപ്പോഴത്തെ ചെക്കന്മാർക്ക് എല്ലാം അറിയാം. അതു കൊണ്ട് തന്നെ അവർക്ക് ആലോചിക്കേണ്ട ആവശ്യമില്ല. അതിനായവർ സമയം പാഴാക്കാറുമില്ല. പറഞ്ഞത് പുതിയ ചെക്കന്മാരല്ലെ പറയുന്നതിലെന്തേലും കാര്യം കാണും എന്നു വിചാരിച്ച് വീട്ടുകാർ തിരിച്ചു വന്നവരുടെ കുപ്പായമൊക്കെ ഊരി ശരീരം പരിശോധിച്ചു. ചുളിഞ്ഞ തൊലി കൊണ്ട് മൂടിയ ശരീരം - അത്രേ കണ്ടുള്ളൂ. സമീപത്തുള്ള ഡിസ്പൻസറിയിൽ കൊണ്ടു പോയി പരിശോധിപ്പിച്ചു. രക്തം കുത്തിയെടുത്തു പരിശോധിച്ചു. അല്പം പ്രമേഹം, അല്പം രക്തസമ്മർദ്ദം അത്രയൊക്കെ കണ്ടുപിടിക്കാൻ കഴിഞ്ഞുള്ളൂ. അതിനൊക്കെ ആശുപത്രിക്കാർ മരുന്നും എഴുതി കൊടുത്തു. ചിലർ ഒരു പടി കൂടി മുന്നോട്ട് പോയി. എക്സ്റെ എടുത്തു. കറുപ്പിലും വെളുപ്പിലുമായി ശുക്ഷിച്ച എല്ലിൻകൂടിന്റെ ചിത്രം മാത്രമേ അവർക്ക് കിട്ടിയുള്ളൂ. പരീക്ഷണമായിരുന്നെങ്കിൽ ഒരു സൂചി കുത്തിയ പാടെങ്കിലും മേത്ത് കാണണ്ടെ? എന്നു ചോദിച്ചതിനു ചെക്കന്മാർക്ക് തൃപ്തികരമായ ഉത്തരം കൊടുക്കാൻ കഴിഞ്ഞില്ല. നല്ല തണ്ടും തടിയുള്ള ആണുങ്ങളുള്ളപ്പോൾ കുഴീലേക്ക് കാലും നീട്ടി ഇരിക്കുന്നവരെ എന്തിന്‌ തട്ടിക്കൊണ്ടു പോയി പരീക്ഷണം നടത്തണം?. അതിനു പക്ഷെ ചെക്കന്മാർ ഒരുവിധം ഒരു ഉത്തരം ഒപ്പിച്ചു. കിളവന്മാരുടെ ഓർമ്മകൾ ചോർത്തിയെടുക്കാനാണത്!. അവരല്ലെ ഓർമ്മകളിൽ ജീവിക്കുന്നവർ?. അവരുടേത് ചോർത്തിയാലല്ലെ ഒരുപാട് ഓർമ്മകൾ കിട്ടുവുള്ളൂ?. എന്തായാലും അതു വരെ ആർക്കും വേണ്ടാതിരുന്ന വൃദ്ധന്മാരും വൃദ്ധകളും പെട്ടെന്ന് നാട്ടുകാരുടെ ശ്രദ്ധാകേന്ദ്രമായി. അവരെങ്ങോട്ട് തിരിഞ്ഞാലും അവരെ നോക്കാൻ ആളുകളായി. പറയാൻ പറ്റില്ലല്ലോ എപ്പോഴാ കാണാതാവുന്നതെന്ന്.

ഏതാണ്ട് രണ്ടാഴ്ച്ച കഴിഞ്ഞിരിക്കുന്നു. ആരും അപ്രത്യക്ഷരായില്ല ഈ കഴിഞ്ഞ ആഴ്ച്ചകളിൽ. ആളുകൾ ആശ്വാസത്തോടെ വീട്ടിലിരിക്കാൻ തുടങ്ങി. വേലുവടക്കം ഇപ്പോൾ പലരും രാത്രികാലങ്ങളിൽ ആകാശം നോക്കിയിരുപ്പാണ്‌. പക്ഷെ പിന്നീട് വെളിച്ചവും വന്നില്ല തളികയും വന്നില്ല. നാട്ടിൽ കള്ളന്മാരുടെ ശല്യവും കുറഞ്ഞു. അതെങ്ങനെ? മൊത്തം നാട്ടുകാരും ഉറക്കമൊഴിച്ച് അപ്പൂപ്പന്മാർക്കും അമ്മൂമ്മമാർക്കും കാവലിരിക്കുകയല്ലെ?. ചൂടു കഞ്ഞിയും കരിവാടും കഴിച്ച് അവർ പുതച്ച് മൂടി സുഖിച്ചു കിടന്നു. മക്കളും ചെറുമക്കളും ഊഴം വെച്ച് അവരുടെ അംഗരക്ഷകരായി.

ദിവസവും വൈകുന്നേരങ്ങളിൽ അവർ ക്ഷേത്ര മൈതാനത്തിനടുത്തുള്ള ആൽമരച്ചോട്ടിൽ കൂടും. അവിടെ ഇരുന്നാണ്‌ അവർ വിശേഷങ്ങൾ പങ്കുവെയ്ക്കുക. എല്ലാ വൃദ്ധജനങ്ങളും ഒരേയിടത്ത് കൂടുന്നത് കൊണ്ട് വീട്ടുകാർക്ക് സമാധാനമായി ഇരിക്കാം. ഒന്നോ രണ്ടോ പേർ മതിയാകുമല്ലോ ആ സമയങ്ങളിൽ അവരെ നോക്കാൻ. ആ സമയങ്ങളിൽ വീടുകളിൽ മക്കളും മരുമക്കളുമായ സ്ത്രീകൾ അവർക്കായി അവർക്കിഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരിക്കും. നാളുകൾക്ക് ശേഷമാണ്‌ അവരിൽ പലരും തമ്മിൽ കാണുന്നത്. അതിന്റെ സന്തോഷം അവർ പങ്കുവെച്ചു. ചിലർ പള്ളിക്കൂടം വിട്ടിട്ട് അപ്പോഴായിരുന്നു തമ്മിൽ കാണുന്നത്. വർഷങ്ങളുടെ വിഷേഷങ്ങളുണ്ട് അവർക്ക് പങ്കുവെയ്ക്കാൻ. ഒരോ ദിവസവും അവർ ഒരോരോ കഥകൾ ഓർത്തെടുത്ത് പറഞ്ഞു കൊണ്ടിരുന്നു. കൂട്ടത്തിൽ ചിലർ തങ്ങൾക്ക് പണ്ടുണ്ടായിരുന്ന മൗനപ്രണയം പോലും പങ്കുവെയ്ക്കാൻ മടികാണിച്ചില്ല. പ്രായമിത്രയുമായി. മുടിയൊക്കെ നരച്ച്, കാഴ്ച്ചയും കേൾവിയും കുറഞ്ഞ്.. ഇനിയെന്തിനാ നാണിക്കുന്നേ?.. ചിലരുടെ നല്ലപാതികൾ അവരെ വിട്ടുപോയ്ക്കഴിഞ്ഞിരുന്നു. അവർ തങ്ങളുടെ സുവർണ്ണ ദാമ്പത്യകാലത്തെക്കുറിച്ച് അയവിറക്കിക്കൊണ്ടിരുന്നു. തങ്ങളെ വിട്ടുപോയവർ കൂടി ഇപ്പോ ഒപ്പം ഉണ്ടായിരുന്നെങ്കിൽ എത്ര രസമായിരുന്നേനെ. സായാഹ്നത്തിലെ ഈ വെടിവട്ടം പറച്ചിൽ പണ്ടുമുതല്ക്കെ വേണമായിരുന്നു എന്നൊക്കെയവർ അഭിപ്രായപ്പെട്ടു. ടിവിയും കണ്ടു ഇത്രയും നാൾ ആയുസ്സൊക്കെ വെറുതെ കളഞ്ഞു എന്ന് നഷ്ടബോധത്തോടെ ചിലർ പറഞ്ഞു. പുതിയ ചില സൂത്രങ്ങളുണ്ടെന്നും അതു വഴി സിനിമകളൊക്കെ കാണാമെന്നൊക്കെ ഏലിയാമ്മ പറഞ്ഞു. മകൻ ജോസ് അമേരിക്കയിൽ നിന്നും വന്നപ്പോൾ കൊണ്ടു കൊടുത്തതാണ്‌. ഒരു പുസ്തകത്തിന്റെ വലിപ്പമേയുള്ളൂ എന്നും, കൊച്ചുമോൻ ജോജോ എന്തൊക്കെയോ വയറും മറ്റും കുത്തുമ്പോ അതിൽ സിനിമ ഒക്കെ കാണാമെന്നും ഏലിയാമ്മ പറഞ്ഞു. നാണിയമ്മ ചില പഴയ പാചകക്കുറിപ്പുകളൊക്കെ ഓർത്തെടുത്ത് വിളമ്പി. ലക്ഷ്മിയമ്മ കൊച്ചുങ്ങൾക്ക് വരുന്ന അസുഖങ്ങള്‌ മാറ്റാൻ ചില ഒറ്റമൂലികളെ കുറിച്ച് പറഞ്ഞു. പട്ടാളത്തിൽ പോയ പപ്പൻ ചേട്ടൻ യുദ്ധത്തിനു പോയപ്പോൾ താനെങ്ങനെയാ ബോബെറിഞ്ഞത് എന്ന് എറിഞ്ഞു കാണിച്ചു. വെള്ളയ്ക്ക എറിഞ്ഞാണ്‌ കാണിച്ചതെങ്കിലും എല്ലാർക്കും അതു നേരിൽ കണ്ടത് പോലെ തോന്നി. ബോംബെയിൽ ഒരു മാർവാഡിയുടെ കടയിൽ ജോലി ചെയ്തപ്പോഴുണ്ടായ തമാശകളൊക്കെ ശങ്കരൻ ചേട്ടൻ പങ്കുവെച്ചു. അത് കേട്ട് എല്ലാരും വയറു നോവും വരെ പൊട്ടിച്ചിരിച്ചു. വൃദ്ധജനങ്ങൾക്ക് അവർ വീണ്ടും ചെറുപ്പമായി കൊണ്ടിരിക്കുകയാണെന്ന് തോന്നി തുടങ്ങി. അവരുടെ ക്ഷീണമൊക്കെ മാറിയിട്ടുണ്ടിപ്പോൾ. മുഖങ്ങൾ പ്രസന്നമായിട്ടുണ്ടിപ്പോൾ.

ഒരു ദിവസം അമ്മിണിയമ്മ വന്നപ്പോൾ മണിയേട്ടനാണ്‌ ചോദിച്ചത്.
‘എന്താ അമ്മണിയമ്മേ മുഖം ഒരു മാതിരി വാടിയതു പോലെ?’
‘ഏയ്..ഒന്നൂല്ല’ എന്നൊക്കെ പറഞ്ഞു അമ്മണിയമ്മ ഒഴിഞ്ഞു മാറിയെങ്കിലും ഒടുക്കം അമ്മണിയമ്മ തന്റെ വിഷമകാരണം പങ്കുവെച്ചു. മൂത്തവൻ അവരോടെന്തോ മുഖം കറുപ്പിച്ചു പറഞ്ഞു. അത്രേയുള്ളൂ. അമ്മണിയമ്മ പൊന്നു പോലെ വെച്ചിരുന്ന ചില പഴയ പുസ്തകങ്ങളുണ്ടായിരുന്നു. അതൊക്കേയുമെടുത്ത് മകൻ ‘ഇവിടെ മുഴുവൻ പൊടിയും മാറാലയുമായി’ എന്നും പറഞ്ഞു കൂട്ടിയിട്ട് കത്തിച്ചു കളഞ്ഞു. അമ്മണിയമ്മ ആ പുസ്തകങ്ങൾ കൈ കൊണ്ട് തൊട്ടിട്ട് വർഷങ്ങളായി എന്നത് സത്യം. പക്ഷെ എന്നും പറഞ്ഞു അതു കത്തിച്ചു കളയുക എന്ന് പറഞ്ഞാൽ?. അന്യായമല്ലെ അത്?.
വിശ്വേട്ടനും പപ്പേട്ടനും ഏലിയാമ്മയും അമ്മണിയമ്മയുടെ ചുറ്റിലും കൂടി നിന്നു ‘ഇതങ്ങനെ വിട്ടാൽ പറ്റില്ല’ എന്ന് പറഞ്ഞു. ‘പിന്നെ ഞാനെന്തു ചെയ്യും?’ എന്നു പറഞ്ഞു അമ്മണിയമ്മ വീണ്ടും കരച്ചിലിന്റെ വക്കോളമെത്തി നിന്നു.
‘നീ ഞാൻ പറേന്ന പോലെ ചെയ്യ്’ ഏലിയാമ്മ അതും പറഞ്ഞു അമ്മണിയമ്മയുടെ ചെവിൽ രഹസ്യം പറഞ്ഞു.
വിശ്വേട്ടനും പപ്പേട്ടനും ‘ഒക്കെ ഞങ്ങള്‌ നോക്കിക്കൊള്ളാം..ഒന്നും പേടിക്കാനില്ല..ഇതൊക്കെ ഞങ്ങളും ചെയ്തതല്ലെ?’ എന്നു പറഞ്ഞു ധൈര്യപ്പെടുത്തി.

അന്നു രാത്രിയാണ്‌ അമ്മണിയമ്മേ കാണാതായത്. ഗ്രാമം മുഴുവൻ അന്ന് കണ്ണും തുറന്നിരുന്നു. പ്രതീക്ഷിച്ച പോലെ അമ്മണിയമ്മ പിറ്റേന്ന് തിരികെ വരികയും ചെയ്തു. മൂത്തവൻ കരഞ്ഞു കൊണ്ടാണ്‌ അമ്മണിയമ്മേ കട്ടിലിൽ പിടിച്ചിരുത്തിയത്. തന്നെ കാണാൻ വന്നു ചുറ്റിലും നിന്നവരോട് അമ്മണിയമ്മ ഒന്നേ പറഞ്ഞുള്ളൂ - ‘ഒന്നും ഓർമ്മയില്ല മക്കളെ..’.

-സാബു ഹരിഹരൻ

ദി ലണ്ടൻ പുലി മുരുകൻ ... ! / The London Puli Murukan ... !

ലണ്ടനിലെ  ആഡംബര കാറുകളുടെ
 ഒരു പ്രദർശന ശാലയയുടെ ചില്ലു കൂട്ടിൽ മറെറാരു പ്രദർശന വസ്തുവിനെ പോലെ ഒരു പാറാവുകാരന്റെ വേഷമണിഞ്ഞ് അടയിരിക്കുന്ന സമയത്ത് , അയാൾ ആകാശത്തിലേക്ക് നോക്കി . 
പുലർകാലത്ത് അനേകം പറവയാനങ്ങൾ , വാനിൽ മിന്നാമിനുങ്ങുകളെ പോലെ നിലത്തിറങ്ങാനുള്ള ഊഴത്തിനായി വട്ടമിട്ട് കറങ്ങുന്ന , എന്നുമുള്ള  -  ആ അതി മനോഹര കാഴ്ച്ചകൾ - ഈ ഏകാന്തതയിൽ അയാൾക്ക്  വലിയ ആശ്വാസം നൽകുന്ന ഒരു സംഗതിയായിരുന്നു ...


ഈ അയാളുണ്ടല്ലോ ... എന്റെ നാട്ടുകാരനായ ഒരു ഗെഡിയാണ് ...

ഏതാണ്ട് ഒരു പതിറ്റാണ്ടിന് മുമ്പ് നാട്ടിൽ ലീവിന് 
ചെന്നപ്പോഴാണ് , കണിമംഗലത്ത് പലചരക്ക് കട നടത്തുന്ന 
പെരേപ്പാടൻ ലോനപ്പേട്ടനും , മൂപ്പരുടെ മൂന്നാമത്തെ ചെക്കനും , 
അവന്റെ മിഷ്യൻ ആശുപത്രിയിൽ  നേഴ്‌സായി ജോലി  ചെയ്യുന്ന 
ഭാര്യയും കൂടി  - യു.കെയിലേക്ക്  - ജോലിക്ക് വരുവാൻ വേണ്ടി സഹായങ്ങൾ
ചെയത് തരണമെന്ന് ചോദിച്ച്  എന്നെ കാണുവാൻ വന്നത് മുതലാണ് അയാൾ എന്റെ സ്നേഹിതനായി മാറിയത് ...

ആ സമയത്ത്  നേഴ്‌സുമാരുടെ ജോലിക്ക്  ബിലാത്തിയിൽ 
നല്ല ഡിമാന്റുള്ള സമയമായതിനാൽ ലണ്ടനിലുള്ള ഒരു ഏജൻസി
മുഖാന്തിരം , അവളുടെ 'വർക്ക് പെർമിറ്റി'ന് അന്ന് ; മൂനാലുലക്ഷം  രൂപ
മുടക്കിപ്പിച്ചാണെങ്കിലും , എന്നെകൊണ്ട്  ആയത് ശരിയാക്കി കൊടുക്കുവാൻ  
സാധിച്ചിരുന്നു ...

ആയതിന്റെ കടപ്പാട്  കുപ്പിയും , പാർട്ടിയും , മറ്റുമൊക്കെയായി
ഞാൻ ചുളുവിൽ  കൈ പറ്റിയത് പോലെ തന്നെയാണ് , ആ ഗെഡിയെ
ഇപ്പോൾ ഇക്കഥയിലെ ഒരു നായക കഥാപാത്രമാക്കുന്നതും ...

ഇന്ന് നേരിട്ട്‌ കണ്ടാൽ പോലും വെറുതെ , ഒരു ഗുഡ്‌ മോണിംഗ്‌ പോലും പറയാത്തവനാണെങ്കിലും, പുലർകാലത്ത്  വിവിധ തരം സൂര്യോദയങ്ങൾ , പാറി പറക്കുന്ന പറവകൾ , ചായ , ബെഡ് കോഫി  , പ്രഭാത ഭക്ഷണം  മുതലായവയുടെ  വർണ്ണ ചിത്രങ്ങൾ എന്നിങ്ങനെ മാറി മാറി എന്നുമെന്നും 'വാട്സ്ആപ് '  സന്ദേശങ്ങളാൽ ,  കുരവയിട്ട് - തുയിലുണർത്തി  പഴയ കാലത്തുള്ളൊരു  പൂവ്വൻ  കോഴി കൂവിയുണർത്തൽ  സ്മരണ എന്നിലുണർത്തുവാൻ അയാൾ  മൂലം സാധിക്കാറുണ്ട് ... 

ഇത് മാത്രമല്ല അയാളുടെ   മറ്റെല്ലാ  സോഷ്യൽ മീഡിയ 
തട്ടകങ്ങളിലും -  ഛായഗ്രഹണത്തിൽ അഗ്രഗണ്യന്മാരായ 
പലരാലും  ഒപ്പിയെടുത്ത - പാശ്ചാത്യ നാടുകളിലെ ചുട്ട വെയിലിലും , 
സൂര്യ താപമില്ലാത്ത ശിശിര മനോഹരമായ  ശരത്  കാലത്തെ മരം കോച്ചുന്ന തണുപ്പിൽ വൃക്ഷ ലതാതികളെല്ലാം  ഇലപൊഴിയും മുമ്പ് ,  അവയുടെ പച്ചയുടയാടകളെല്ലാം മാറ്റി - വിവിധ വർണ്ണ നിറത്തിലുള്ള കുപ്പായങ്ങൾ അണിഞ്ഞ് നിൽക്കുന്നതും  ,  മഞ്ഞു കാലത്തുള്ള വെളളി നൂലുകളാൽ നെയ്തെടുത്ത  ഹിമ പുതപ്പിനാൽ   ആവരണം   ചെയ്യപ്പെട്ട പ്രകൃതി ഭംഗികളും , കെട്ടിട സമുച്ചയങ്ങളുമൊക്കെ   അടങ്ങിയ അനേകം ,   അതി മനോഹര  ചിത്രങ്ങളടക്കം  കോപ്പി & പേയ്സ്റ്റ് ചെയത്   ആളുകളെ കൊതിപ്പിക്കാനും അയാൾ  നിപുണനാണ്.

 ഒന്ന് ഇക്കിളിയിട്ടാൽ പോലും ചിരിക്കാത്ത അയാളുടെ ഫോർവാർഡ് ചെയ്യപ്പെടുന്ന ഫലിത സൂക്തങ്ങളായ കൊച്ചുകൊച്ച് ലിഖിതങ്ങൾ കണ്ട് പലരും പൊട്ടിച്ചിരിച്ചു ... 
വായനയെ എന്നും വെറുപ്പോടെ വീക്ഷിച്ചിരുന്ന അയാളിന്ന് , എവിടെ നിന്നൊക്കെയൊ ലഭിച്ച തത്വചിന്താ വചനങ്ങളും , രാഷ്ട്രീയ സാമൂഹ്യ  - സാംസ്കാരിക - സാഹിത്യ മണ്ഡലങ്ങളിലെ സകലമാന സമകാലിക സംഭവ  വികാസങ്ങളും , അത്‌ തിന്നരുത്‌ , ഇത്‌ കുടിക്കരുത്‌ , അതിൽ വിഷം , ഇതിൽ മായം , മറ്റേതിൽ കലർപ്പ്‌ , ഇത് അടി പൊളി , മറ്റേത് തല്ലിപ്പൊളി എന്നിങ്ങിനെ വാസ്തവമാണോ അല്ലയൊ  എന്ന് പോലും നോക്കാതെ -  പടച്ചുവിടുന്ന  തലേലെഴുത്തുകളും , പടങ്ങളും , മറ്റും  ഷെയർ ചെയ്തും മറ്റും - ആഗോള തലത്തിൽ പേരും , പെരുമയുമുള്ള പത്രാസുള്ളവനാണെന്ന്  സ്വയം അഭിമാനം കൊണ്ട് -  അയാൾ എന്നും ഒറ്റക്ക് ബോറടിച്ചിരിക്കുന്ന തന്റെ സ്ഥിരമുള്ള  'നൈറ്റ്  ഡ്യൂട്ടി ഷിഫ്റ്റു'കൾ ആനന്ദകരമാക്കി ... 

എന്തിന് പറയുവാൻ ... ഇന്ന് അയാൾ വിവര സാങ്കേതികത 
വിനോദോപാധി തട്ടകങ്ങളിലെ മലായാളികളുടെയെല്ലാം തല 
തൊട്ടപ്പനിൽ ഒരുവനായി മാറിയിരിക്കുകയാണ് ..!

ഏതാണ്ട് പതിനൊന്ന് കൊല്ലം മുമ്പു് സ്വന്തം  ഭാര്യക്ക്
പിന്നാലെ , കൗമാരത്തിലെത്തിയ രണ്ട് കുട്ടികളുമായി  ;
ലോകത്തിന്റെ  സാംസ്കാരിക  തലസ്ഥാനമായ ലണ്ടനിൽ
പറന്നിറങ്ങിയപ്പോൾ ലോകം കീഴടക്കിയ ഒരു ചക്രവർത്തിയെ
 പോലെയായിരുന്നു അയാൾ ...


പിന്നീട് , മിക്ക പാശ്ചാത്യ മലയാളികളെ പോലെയും ,
പ്രവാസത്തിന്റെ പ്രയാസങ്ങൾക്കിടയിൽ കിടന്ന് പോരാടി, 
പൗണ്ടുകളുടെ സ്വർണ്ണ തിളക്കത്തിൽ ,  കണ്ണ് മഞ്ഞളിച്ച് ഭാര്യയും ,  
അയാളും കൂടി വെപ്രാളപ്പെട്ട് , മണിക്കൂറുകൾ ഒട്ടും പാഴാക്കാതെ പണിയെടുത്ത് 
എത്രയും പെട്ടെന്ന് തന്നെ ജീവിതം പച്ച പിടിപ്പിക്കുവാൻ പെടാപാടു പെടുകയായിരുന്നു.

അയാളുടെ കടിഞ്ഞൂൽ പുത്രിയും , അവളുടെ അനുജനുമൊക്കെ , 
സ്ഥിരം പകൽ ജോലിക്കാരിയായ അവരുടെ 'മമ്മി'നേയും , എന്നും 
'നൈറ്റ്  ഡ്യൂട്ടി'ക്ക്  പോകുന്ന 'ഡാഡി'നേയുമൊക്കെ , വളരെ വിരളമായെ
അവരുടെ വീട്ടിൽ  വെച്ച് ഒരുമിച്ച് കാണാറുണ്ടായിരുന്നുള്ളൂ ... !

കാലം കഴിയുന്തോറും , 'പൗണ്ടു'കൾ വാരി കൂട്ടുമ്പോഴും, 
നാട്ടിലൊക്കെ വല്ലപ്പോഴും ഗൃഹാതുരതത്തിൻ സ്മരണകളുമായി 
തനി ഒരു   'ലണ്ടൻ വാല'യായി  വിരുന്ന് ചെല്ലുമ്പോഴുമൊക്കെ അയാളുടെ
മനം എന്തിനോ വേണ്ടി കേഴുകയായിരുന്നു ... !

ലണ്ടൻ വാസത്തിന് ഒരു പതിറ്റാണ്ടിന് ശേഷം , ഇന്ന്  അയാളെ 
മറ്റേവരും , എന്നും എപ്പോഴും നോക്കി കാണുന്നത്  ഒരു ആഡംബര 
ജീവിത സൗഭ്യാഗങ്ങൾക്ക് ഉടമ എന്ന നിലയിൽ തന്നെയാണ് ...!
എന്നിരുന്നാലും , തന്നിഷ്ടക്കാരിയായ സ്ഥിരം ആൺ മിത്രങ്ങളുടെ 
കൂടെ കറങ്ങി നടക്കുന്ന പാർട്ട് - ടൈമ് ജോലിക്കാരിയായ മകൾ  , ലഹരി
മരുന്നുകൾക്ക് പിന്നാലെ നടന്നും  , ന്യു-ജെൻ പാശ്ചാത്യ സംസ്കാരം മാത്രം
തലയിലേറ്റി കൊണ്ട് നടക്കുന്ന മകൻ   , ജോലി സമയത്തിന്  ശേഷം , 'ടി.വി. സീരിയലും', ഭക്തിയും  തേടിയലയുന്ന അയാളെ എന്നും പുഛിച്ചു തള്ളുന്ന ഭാര്യ ... 

അയാളുടെ പണത്തെ മാത്രം എന്നും 
സ്നേഹിച്ചുകൊണ്ടിരിക്കുന്ന ബന്ധുമിത്രാദികൾ ...

ഇന്നിപ്പോൾ , ഇവരെയൊക്കെ  ഓർക്കുവാൻ  
അയാൾക്കിപ്പോൾ  ഒട്ടും സമയമില്ല...

അയാളുടെ കാക്കതൊള്ളായിരത്തോളമുള്ള 'സോഷ്യൽ മീഡിയ' തട്ടകങ്ങ'ളിലുള്ള മിത്രങ്ങൾക്ക്  , കണ്ടതും കേട്ടതുമായ  - സകല കുണ്ടാമണ്ടികളും 'ഫോർവാർഡ്' ചെയ്തും, 'ഷെയർ' ചെയ്തും , മുഖപുസ്തകത്തിലേയും, അനേകമുള്ള 'വാട്ട് സാപ്പ് ഗ്രൂപ്പു'കളിലേയും , 'ഗൂഗിൾ പ്ലസ്സി'ലെയും , 'ട്വിറ്ററിലെ'യും, 'ഇൻസ്റ്റാഗ്രാമി'ലെയും മിത്രങ്ങളേയും 'ഫോളോവേഴ്‌സി'നെയുമൊക്കെ ഹർഷ പുളകിതരാക്കി  കൊണ്ട് ... 

അയാൾ തന്റെ 'സോഷ്യൽ മീഡിയ സൈറ്റു'കളിലെ  പഴയ 'പ്രൊഫൈൽ ചിത്ര'ത്തിന്റെ സ്ഥാനത്ത് ,  
പുതിയ മോഹൻലാൽ  സിനിമയായ 'പുലി മുരുകന്റെ' ചിത്രം 'അപ്ലോഡ്' നടത്തിയിട്ട്   ,  അതിന്റെ അടിയിൽ - അടികുറിപ്പായി 
'ദി ലണ്ടൻ പുലിമുരുകൻ' എന്ന് ആലേഖനം ചെയ്ത ശേഷം,  
അയാൾ പകൽ ഡ്യൂട്ടിക്കാരന് , തന്റെ ഡ്യൂട്ടി , 'ഹാന്റ് ഓവർ' 
ചെയ്യുവാൻ  കാത്തിരിക്കുകയാണ്...

ഒപ്പം തന്റെ പുതിയ  മുഖചിത്രത്തിന്
ഇനി  കിട്ടാൻ പോകുന്ന 'ലൈക്കുകളുടെയും ,
കമന്റു'കളുടെയും മറ്റും കൂമ്പാരത്തെ വരവേൽക്കാൻ വേണ്ടിയും ..!

പറഞ്ഞതും പറയാത്തതും ..!

കാശത്തിലെ പറവകളെപ്പോലെ നാളെയെന്തന്നറിയാത്ത യാത്രയിലേക്ക് പറന്ന് പറന്നു പോകാൻ കഴിഞ്ഞെങ്കിൽ . എന്നെ ചുറ്റിയുള്ള ബന്ധങ്ങളിൽ നിന്നും കെട്ടുവിടുവിച്ച്പട്ടംപോലെ ഈ കടലിന് മുകളിലൂടെ ദൂരേയ്ക്ക് ദൂരേയ്ക്ക് മറയാൻ കഴിഞ്ഞിരുന്നുവെങ്കിൽ ..! എന്നും പരിഭവങ്ങൾ മാത്രം മൂളുന്ന കാറ്റിനോട് കെട്ടിപ്പിടിച് ഒരു മുത്തം കൊടുത്ത് 'ഞാനും വരാം ' നിൻറെ കൂടെ എന്ന് പാടാൻ കഴിഞ്ഞിരുന്നെങ്കിൽ .!
കടൽ തീരത്ത് കാറ്റുകൊണ്ട് നിൽക്കുമ്പോഴും .. തിരമാലയുടെ ശീൽക്കാരങ്ങളിലെ കുളിരിനുപോലും തൻറെ ശരീരത്തിൽ കുളിരുപകരാൻ കഴിയുന്നില്ല . അത്രയ്ക്കും പൊള്ളുകയാണ് മനസ്സും ശരീരവും .
 മോഹങ്ങളെല്ലാം വെറും പാഴ്കിനാവുകളാവുമ്പോൾ എല്ലാം ശൂന്യം .എല്ലാവർക്കും ഒരു ഭാരമാകുകയാണോ ഞാനെന്ന വേഷം . മീര തൻറെ ജീവിതത്തെ ഒന്നു വിലയിരുത്താൻ ശ്രമിക്കുകയായിരുന്നു .
ജീവിതത്തിൻറെ എല്ലാ തലങ്ങളിലും എന്നും ഞാൻ അന്തർമുഖിയായി സഞ്ചരിക്കുകയായിരുന്നു . എന്നിട്ടും അറിയാൻ കഴിഞ്ഞില്ല എൻറെ വേഷം എന്തായിരുന്നുവെന്ന് . ഞാൻ ആടിത്തീർത്ത പലവേഷങ്ങളിലും വേണ്ടത്ര മികവ് പുലർത്താൻ കഴിഞ്ഞിട്ടില്ല എന്ന് കരുതാം അതായിരിക്കുമല്ലോ ഒരു തെറ്റുകാരിയെപ്പോലെ ഇങ്ങനെ നിൽക്കേണ്ടിവരുന്നത് .
എന്തിനാണ് നീ ജീവിച്ചിരിക്കുന്നത് ..പോയി ചത്തുകൂടെ എന്ന് ഭർത്താവ് പറഞ്ഞ ആ നിമിഷം മുതൽ താൻ ശവമായി മാറുകയായിരുന്നോ ? . ആലോചനകളുടെ കുത്തൊഴുക്കിൽ പിടിച്ചു നില്ക്കാൻ ആവാതെ ഒരു തീരുമാനമെടുക്കാൻ കഴിയാതെ അവൾ നിന്നു .
''ഹായ് മീരാ .. താനെന്താ ഇവിടെ ?''.
മനസ്സിൻറെ മങ്ങലാവാം കണ്മുന്നിൽ നിൽക്കുന്നത് ആരാണെന്നുള്ള ഒരു ബോധം മറഞ്ഞിരുന്നു മീരയ്ക്ക് .

''എടോ താനെന്നെ അറിയില്ലേ .. എന്താ മനസ്സിലാകാത്തതുപോലെ . ഞാൻ വിവേക് ആണ് ''.

''ഓ നീയായിരുന്നോ ? കുറേ നാളുകൾക്കു ശേഷം കണ്ടതുകൊണ്ടാവാം മനസ്സിലാകാതെ പോയത് . തന്നെയുമല്ല ഒന്നും ഓർക്കാൻ ഇഷ്ടപ്പെടാത്തതുപോലെ മനസ്സ് മുഖം മറയ്ക്കുന്നു .''

''ഹോ തൻറെയാ പഴയ സാഹിത്യം ഇപ്പോഴുമുണ്ടോ ? കെട്ടിയോൻ എങ്ങനെ സഹിക്കുന്നു ?.''

''അത് നല്ല കോമഡി ആണല്ലോ .. അപ്പോൾ എല്ലാ ഭർത്താക്കന്മാരും ഇങ്ങനെയാണല്ലേ .. അങ്ങനെയെങ്കിൽ അദ്ദേഹം അഡ്ജസ്റ്റ് ചെയ്യുകയാവും എന്നെ ..''

''കിരൺ വന്നില്ലേ ''.

''ഇല്ല ഞാൻ ഒഫീഷ്യൽ ടൂറിൽ ആണ്.ഇവിടെ വരേണ്ടയൊരു കാര്യം ഉണ്ടായിരുന്നു .''

''ഓഹോ ..അപ്പോൾ പഴയതൊക്കെ ഒന്ന് പൊടി തട്ടിയെടുത്ത് എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാനുള്ള പ്ലാനാണല്ലേ ..എഴുത്തുകളിൽ ഇപ്പോഴും വിപ്ലവം ഉണ്ടോ ?''.

''ഹേയ് എഴുത്തൊക്കെ എന്നെ നിന്നു .. ജീവിതം വലിയൊരെഴുത്തുപുരയായതുകൊണ്ട് അവിടെ എഴുതി തീർക്കാൻ ഒരുപാട് ബാക്കിയാണ് ...പിന്നെ ഇവിടെ ഇങ്ങനെ നിൽക്കുമ്പോൾ എന്തോ ഒരു സുഖം . ഈ കടലിനെ എനിക്കെന്നും ഇഷ്ട്ടമായിരുന്നു . എൻറെ മനസ്സിലുള്ളതെല്ലാം കടലുമായി പങ്കുവെയ്ക്കാറുണ്ട് . ഒരു തരം കുമ്പസാരമെന്നുതന്നെ പറയാം . അതാകുമ്പോൾ ആരും അറിയാതെ തിരയുടെ ഓളങ്ങളിൽ അലയടിച്ച് അങ്ങ് ആഴങ്ങളിലേക്ക് പോകുന്നു .''

''അയ്യോ മതിയെൻറെ സാഹിത്യകാരി .. കോളേജിലെ ആ രണ്ടുവർഷക്കാലം തൻറെ സാഹിത്യം കേട്ട് പെട്ടുപോയവരാണ് എന്നെപ്പോലെയുള്ളവർ .''

വിവേകിൻറെ കളിയാക്കലിൽ അത്ര പുതുമയൊന്നും തോന്നാത്തതുകൊണ്ട് മീര തിരികെ ഒന്നും പറയാതെ നിന്നു .

''താൻ വരുന്നോ വീട്ടിലേക്ക് .. അടുത്ത മാസം പുതിയ ഒരാളുകൂടി ഞങ്ങളുടെ ഇടയിലേക്ക് വരും ''.

'' അതെയോ .. സന്തോഷമുള്ള വാർത്തതന്നെ . പക്ഷേ ഇപ്പോൾ എനിക്ക് വരാൻ കഴിയില്ലെടോ .. ഇനിയൊരിക്കൽ ആവട്ടെ . അന്ന് തൻറെ കുഞ്ഞിനേയും കാണാമല്ലോ .''

''എന്നാൽ ശരി അങ്ങനെയാവട്ടെ . ഞാൻ നിർബന്ധിക്കുന്നില്ല . എൻറെ നമ്പർ അറിയാമല്ലോ . വല്ലപ്പോഴും ഒന്ന് വിളിക്കു സുഹൃത്തേ ''.

''ശരി വിളിക്കാം ''.

വിവേക് പോയിക്കഴിഞ്ഞപ്പോൾ മീരയും തിരികെ റൂമിലേക്ക് പോയി . . കുറേ നേരമായി കിരണിൻറെ ഫോൺ വരുന്നു . വിവേകുമായി സംസാരിച്ചിരുന്നതുകൊണ്ട് എടുക്കാൻ കഴിഞ്ഞില്ല . അവൾ കിരണിനെ വിളിച്ചു .

''മീരാ താൻ ഇതെവിടായിരുന്നു . എത്ര നേരായിട്ട് വിളിക്കുന്നു .''

''ഞാനൊരു മീറ്റിങ്ങിൽ ആയിരുന്നു .അതുകൊണ്ട് എടുക്കാൻ കഴിഞ്ഞില്ല ''.

'' ശരി , ശരി . വേറെന്താ .. നീ ഫുഡ് കഴിച്ചോ ?''.

''കഴിച്ചു . ''

''എന്നാൽ കിടന്നോളു .. നാളെ ഞാൻ സ്റ്റേഷനിൽ എത്താം .''

എന്തു പറ്റി തൻറെ ഭർത്താവിന് പെട്ടന്നൊരു സ്നേഹം .. അതോ അഭിനയമാണോ . താൻ അടുത്തുള്ളപ്പോൾ എപ്പോഴും ഓരോന്ന് പറഞ്ഞു വഴക്കിടുന്ന ആൾക്ക് എന്താ ഇത്ര സ്നേഹം . ജീവിതത്തിൽ നിന്നും ഒഴിവായി തരണമെന്ന് ദിവസത്തിൽ ഒരുവട്ടമെങ്കിലും പറയുന്ന കിരണേട്ടന് താൻ മാറി നിന്ന ഈ നിമിഷങ്ങളിൽ ഒറ്റപ്പെടൽ അനുഭവപ്പെട്ടോ .

ഇത്രയധികം സ്നേഹമായി സംസാരിച്ചിരുന്നു വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ .. അന്ന് ഞാൻ കരുതിയില്ല അദ്ദേഹം ഒന്നുമറിയാതെ സ്നേഹിക്കുകയാണെന്ന് . ഓരോ മാസങ്ങൾ കഴിയുമ്പോഴും എന്നാണ് എനിക്കുള്ള ചോദ്യ ശരങ്ങൾ വരികയെന്നുള്ള ഭയം വല്ലാതെ അലട്ടിയിരുന്നു . അങ്ങനെ മാസങ്ങൾ കടന്നുപോകവേ , ഒരിക്കൽ കിരണിൻറെ അമ്മയുടെ സ്നേഹത്തോടെ ഉള്ള ചോദ്യം വന്നു കഴിഞ്ഞു .' വിവാഹം കഴിഞ്ഞിത്രയും കാലമായില്ലേ ഇതുവരെ കുളി തെറ്റിയില്ലേ ?'... . എന്ത് പറയണമെന്നറിയാതെ വിഷമിച്ചു നിന്ന എന്നെ അന്ന് ''ഞങ്ങൾ ചെറുപ്പമല്ലേ കുറച്ചു നാൾകൂടി കഴിയട്ടെ'' എന്നുപറഞ്ഞു രക്ഷിച്ചത് തൻറെ പ്രിയതമൻ തന്നെ ആയിരുന്നു . അന്ന് ഞാൻ അറിഞ്ഞു അദ്ദേഹം എന്നെക്കുറിച്ചൊന്നുമറിഞ്ഞിട്ടില്ല എന്ന് .

വിപ്ലവത്തിൻറെ മുറകളിൽ തനിക്കേറ്റ മറക്കാനാവാത്ത ക്ഷതമാണ് ഇന്ന് താൻ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് വർഷങ്ങൾ കഴിയുമ്പോൾ എന്നിലെ അമ്മയെ ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു . പക്ഷേ അദ്ദേഹത്തിൻറെ ചോദ്യങ്ങൾക്കുള്ള മറുപടി എന്ത് നൽകണമെന്നറിയില്ലായിരുന്നു . ഒരിക്കൽ 'അമ്മയാകാൻ കഴിയാത്തവളെ എന്തിന് ഞാൻ ചുമക്കണമെന്ന' വാക്കുകൾ എൻറെ ഉള്ളിൽ ഇപ്പോഴും മുഴങ്ങി കേൾക്കുന്നു . മനസ്സുകൊണ്ട് അകന്നുതുടങ്ങിയ ഞങ്ങൾ അന്നുമുതൽ ശരീരം കൊണ്ടും അകന്നു . ഇന്ന് ഞങ്ങൾ രണ്ടു വ്യക്തികൾ മാത്രമാണ് . ജീവിച്ചു തീർക്കണം എന്ന കർമ്മത്തിനെ മുറുകെ പിടിച്ചു മുന്നേറുന്ന രണ്ടു വ്യക്തികൾ അദ്ദേഹത്തിൻറെ കുടുംബത്തിൽ നിന്നും തനിക്ക് ഓരോ ദിവസവും അപമാനം ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും മരിക്കാനുള്ള ഭയമായിരുന്നു ഞാൻ ഇന്നും ജീവിച്ചിരിക്കുന്നതിന് കാരണം .

ഇപ്പോൾ ഞങ്ങൾക്കിടയിൽ മൂകത തളം കെട്ടി നിൽക്കാറുണ്ട് . ഒരു കുഞ്ഞില്ലാത്തതിൻറെ ദുഃഖം അദ്ദേഹത്തെ വല്ലാതെ തളർത്തുന്നു . പ്രസവിക്കാൻ ഇനി തനിക്കാവില്ല നീയൊരു പാഴ്ജന്മാമാണെന്ന് വിളിച്ചു പറയുമ്പോഴും ബീജത്തെ സ്വീകരിക്കാൻ വെമ്പൽ കൊള്ളുന്നു തൻറെ ശൂന്യമായ ഗർഭപാത്രം . ഇനിയൊരു പിറവി നല്കാൻ കഴിയാതെ തകർന്നുപോയ ശരീരഭാഗമാണ് തനിക്കെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ തനിക്കും അദ്ദേഹത്തിനും ഇത്രയധികം വേദനിക്കേണ്ടി വരില്ലായിരുന്നു .

ഞാൻ ആരുമല്ലാതാകുമ്പോഴും എന്നെ ഞാൻ മനസ്സിലാക്കിയ കാലം മുതൽ ആരുമറിയാതെ സ്നേഹിച്ചു വളർത്തുന്ന തനിക്ക് മാത്രം വിധിക്കപ്പെട്ട ആ മുത്തിനെ എങ്ങനെ മറക്കാൻ കഴിയും . എങ്ങനെ വലിച്ചെറിയാൻ കഴിയും . അതിനു തനിക്ക് കഴിയില്ല . എന്തെങ്കിലും തീരുമാനം എടുത്തേ പറ്റു . അവൾ മനസ്സിനെ ശക്തമാക്കാൻ ശ്രമിച്ചു .

പിറ്റേന്നു തന്നെ മീര .. അവളുടെ വളർത്തുമകൾക്കായി സാധനങ്ങൾ വാങ്ങി ഓർഫനേജിലേക്ക് പോയി .

''മദർ എൻറെ മോളെ ഞാൻ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു . അതിനു വേണ്ട നടപടികൾ ചെയ്യുവാൻ കൂടിയാണ് ഞാൻ വന്നത് .''

''ഇത് നല്ല തീരുമാനമാണ് മീര ..നിങ്ങളുടെ ഹസ്ബൻഡ് ഇതിന് സമ്മതിക്കുമോ?''.

''സമ്മതിക്കും .. എല്ലാം അദ്ദേഹത്തിന് അറിയാം . ഒരു കുഞ്ഞിനെ നൽകാൻ ഭാഗ്യമില്ലാത്തവളാണ് ഞാൻ , അതുകൊണ്ട് ഇനി എന്തിന് ഞാൻ കിരണിന് ഒരു ഭാരമാകണം . എനിക്ക് ജീവിക്കാൻ സ്നേഹിക്കാൻ ഇപ്പോൾ ഒരു മോളുണ്ട് . അതുപോലെ അദ്ദേഹത്തിനും ഒരാളുണ്ടാവണം . അത് നൽകാൻ എനിക്കാവില്ല .അതിനാൽ ഞാൻ ആ വേഷം സ്വയം അഴിച്ചുവയ്ക്കാൻ തീരുമാനിച്ചു .''

''അങ്ങനെയല്ല മീര .. താൻ ഒരിക്കലെങ്കിലും കിരണിനെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ ? . ഉണ്ടെന്ന് നിങ്ങൾ പറഞ്ഞാലും ഞാൻ സമ്മതിച്ചു തരില്ല . തൻറെ ഭാര്യക്ക് ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയില്ല എന്നറിയുമ്പോൾ ഏതൊരു ഭർത്താവിനും ഉണ്ടാകുന്ന വികാരങ്ങളെ കിരണിനും ഉണ്ടായിട്ടുള്ളു .''

''ശരിയാവാം. അത് ഞാൻ മനസ്സിലാക്കണ്ടേ മദർ . ഇനിയും അദ്ദേഹത്തെ എൻറെ ജീവിതത്തിൽ ഇട്ടു നരകിപ്പിക്കുന്നത് ശരിയല്ല .''

''തനിക്കറിയുമോ . ഒരുപാട് സ്നേഹമാണ് അയാൾക്ക്‌ തന്നോട് . തൻറെ കുറവിനെ അംഗീകരിച്ചുകൊണ്ട് തന്നെ അയാൾ സ്നേഹിക്കുകയാണ് ഇപ്പോഴും . മീര , താൻ അറിയാതെ അയാൾ തന്നെ പിൻതുടരുന്നുണ്ടായിരുന്നു . എന്നോട് എല്ലാക്കാര്യങ്ങളും അയാൾ പറയാറുണ്ട് . ഇന്ന് തനിക്ക് വേണമെന്ന് പറയുന്ന ആ മോള് അയാൾക്കും പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു .''

മീരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .. പറഞ്ഞും പറയാതെയും , അറിഞ്ഞും അറിയാതെയും ജീവിതത്തിൻറെ ഓരോ വേഷങ്ങൾ മാറുമ്പോൾ .. സത്യം , സ്നേഹം , വിശ്വാസം എന്നത് മനസ്സുകളുടെ വലിപ്പമാണെന്ന് അവൾ അറിഞ്ഞു .

സ്റ്റേഷനിൽ വണ്ടി ഇറങ്ങുമ്പോൾ മീരയ്ക്കായി നിറഞ്ഞ സ്നേഹത്തോടെ അയാൾ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു .

 കല പ്രിയേഷ് (ബ്ലോഗ്‌: സ്നേഹവീണ)

ബരൈറ്റ പിസ്റ്റള്‍ കണ്ണീര്‍ തൂവിയ വെള്ളിയാഴ്ച. (കഥ)പൊന്‍പുലരിയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് നാട് മിഴി തുറന്നിട്ട്‌ ദിനങ്ങള്‍ പലതു കഴിഞ്ഞിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഋതുക്കള്‍ വന്നു പോയതും ഇലകള്‍ കൊഴിഞ്ഞതും പൂക്കള്‍ വിടര്‍ന്നതും ആ നാടറിഞ്ഞിരുന്നു. വലിയ ചക്രങ്ങളുള്ള പല്ലക്കുകളെ അനുസ്മരിപ്പിക്കുന്ന കുതിരവണ്ടികളില്‍ ഒഴിഞ്ഞു പോകുന്നവരുടെ തിരക്കായിരുന്നു വീഥികളില്‍ നിറയെ. അവര്‍ കടല്‍തീരത്തേയ്ക്കായിരുന്നു നീങ്ങികൊണ്ടിരുന്നത്. വര്‍ണ്ണശബളമായ ആടയാഭാരണങ്ങള്‍ക്കുള്ളില്‍ പ്രൌഡിയോടെ കടന്നുപോകുന്നവര്‍ക്കായി ജനം വഴിമാറി നിന്നു. ആ നാടിനെ പ്രിയപ്പെട്ടതെന്നു കരുതി സ്നേഹിച്ച ചില യാത്രികരുടെ മുഖം വാടിയും കണ്‍കോണുകള്‍ കലങ്ങിയും കാണപ്പെട്ടു. ആ കണ്ണുനീരിലേയ്ക്ക് അവജ്ഞയോടെ നോക്കി പരിഹാസം കലര്‍ന്ന് ജയഭേരി മുഴക്കാന്‍ നാട്ടുക്കൂട്ടം മറന്നില്ല.

എവിടെയും ഉത്സവപ്രതീതി ആയിരുന്നു. കുതിര വണ്ടികളുടെയും റിക്ഷകളുടെയും ‘ഘടഘട’ ശബ്ദവും കുളമ്പടിശബ്ദവും വല്ലപ്പോഴും വന്നുപോകുന്ന മോട്ടോര്‍കാറുകളുടെ ഇരമ്പലും ഒക്കെച്ചേര്‍ന്നു അന്തരീഷത്തെ ശബ്ദായമാനമാക്കി. പീടികകളും പാണ്ടികശാലകളും ജനങ്ങളാല്‍ നിറഞ്ഞിരുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മുട്ടിയും തട്ടിയും ജനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും തിക്കിത്തിരക്കി പോയ്കൊണ്ടിരുന്നു.

അപ്പോഴും സ്വച്ഛമായി ഒഴുകികൊണ്ടിരുന്ന പുഴയുടെ ഇരുകരകളിലും നിന്നു ജനങ്ങള്‍ ആര്‍പ്പ് വിളിക്കുന്നുണ്ടായിരുന്നു. അവര്‍ പുഴയിലേയ്ക്ക് സാകൂതം നോക്കുകയും പുഴ മൂലം നാടിനുണ്ടായ നേട്ടങ്ങള്‍ പരസ്പ്പരം പറഞ്ഞുകൊണ്ട് പുഴയെ വാഴ്ത്തുകയും ചെയ്തു. ഇരുകരകളെയും ഒന്നുപോലെ തഴുകിയുണര്‍ത്തി, നാടിനെ സമ്പല്‍സമൃദ്ധിയിലേയ്ക്കു നയിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു പുഴ.

എന്നാല്‍ പുഴയുടെ സ്വാന്തനസ്പര്‍ശത്തെചൊല്ലി ഇരുകരകളിലും ഉള്ള ചിലര്‍ പതിവില്ലാത്തവിധം അസ്വസ്ഥരായികൊണ്ടിരുന്നു. പുഴ ആര്‍ക്കുവേണ്ടിയാണ് ഒഴുകുന്നത്‌...? മറുകരയക്ക്‌ വേണ്ടിയോ...? അവര്‍ സംശയത്തോടെ മൂക്കത്ത് വിരല്‍ വച്ചു. കൂടുതല്‍ ഗുണങ്ങള്‍ മറുക്കരയ്ക്ക് നല്‍കുന്നു എന്ന പരാതിയുയര്‍ത്തി ഇരുകരകളും വൃഥാ തര്‍ക്കിച്ചും ആക്ഷേപിച്ചും സമയം പോക്കി. പുഴയുടെ ധര്‍മ്മത്തില്‍ ശങ്കയേതുമില്ലാതിരുന്ന സാമാന്യജനം ആര്‍പ്പുവിളിച്ചുകൊണ്ടും അപദാനങ്ങള്‍ വാഴ്ത്തികൊണ്ടും പിരിഞ്ഞുപോയതിനു ശേഷവും അവര്‍ പുഴയെ ഭര്‍ത്സിക്കുകയും തങ്ങളുടെ വഴിക്കു കൊണ്ടുവരുന്നതിനായി ഉപായം മെനയുകയും ചെയ്തു.

പുഴയുടെ ശുദ്ധതയോ നൈര്‍മല്ല്യമോ തങ്ങള്‍ക്കു ആവശ്യമില്ലെന്നും എക്കാലവും തങ്ങളിലേയ്ക്ക് മാത്രം ചേര്‍ന്നോഴുകുകയാണ് വേണ്ടതെന്നും അവര്‍ പലയാവര്‍ത്തി അന്ത്യശാസനം നല്‍കി. എന്നാല്‍ പുഴയ്ക്ക് ഒരു തുടക്കവും ഒഴുക്കിനൊരു നിയതിയും ആത്യന്തികമായി ചില കടമകളും ഉണ്ടെന്നു പുഴ അവരോടു പറയാതെ പറയുന്നുണ്ടായിരുന്നു. ആ മന്ത്രണം കേള്‍ക്കേണ്ടവര്‍ അതിലും ഉച്ചത്തില്‍ തര്‍ക്കത്തിലായിരുന്നു. അവരാകട്ടെ കൃത്രിമമായ സന്തോഷം പുറമേ കാട്ടികൊണ്ട്, ശബ്ദം താഴ്ത്തി അസഭ്യവര്‍ഷങ്ങള്‍ ചൊരിയുകയും പുഴയിലേയ്ക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുകയും ചെയ്യുന്നുണ്ടായിരുന്നു.

പുഴയുടെ തീരങ്ങള്‍ കൈയ്യടക്കുന്നതിനൊപ്പം അക്രമാസക്തരാകാനും അവര്‍ മടിച്ചില്ല. പുഴയ്ക്കു മീതെ പരസ്പ്പരം വീശിയെറിഞ്ഞ കുന്തമുനകളാല്‍ ചീന്തപ്പെട്ട രക്തത്താല്‍ പുഴ ചുമക്കുകയും കൊഴുത്തുരുണ്ട് ഒഴുകാന്‍ ബദ്ധപ്പെടുകയും ചെയ്തു.

മതി. ഈ പുഴ അവസാനിക്കട്ടെ.! പരിഹാരം നിര്‍ദ്ദേശിക്കാന്‍ അവര്‍ ധൃതിപ്പെട്ടു.

സായാഹ്നസൂര്യന്‍ രക്താങ്കിതവര്‍ണ്ണം കലര്‍ന്ന് ചായാന്‍ തുടങ്ങുകയായിരുന്നു അപ്പോള്‍. പുഴയോരത്തേയ്ക്ക് പ്രാര്‍ത്ഥനയ്ക്കായി വന്നെത്തിയവരുടെ നടുവിലൂടെ ഒരു കുമ്പിള്‍ വെള്ളം കോരിയെടുക്കുവാനെന്ന വ്യാജേന അവര്‍ പുഴയിലേയ്ക്കിറങ്ങി. കപടസ്നേഹത്തോടെ ‘നമസ്തേ’ പറഞ്ഞുകൊണ്ട് പുഴയുടെ മാറിലേയ്ക്ക് ക്രൌര്യത്തോടെ ദൃഷ്ടിയൂന്നി. പുഴയോരത്ത് തിങ്ങിനിറഞ്ഞിരുന്ന നാടിന്‍റെ സ്നേഹം വിറങ്ങലിച്ചു നില്‍ക്കാന്‍ പിന്നെ താമസമുണ്ടായില്ല.

കാലമത്രയും കുളിരുപകര്‍ന്നതിനു  കര നല്‍കിയ ശിക്ഷ പുഞ്ചിരിയോടെ ഏറ്റുവാങ്ങി, പുഴ കൈകള്‍ കൂപ്പി. കണ്‍തടങ്ങളില്‍നിന്ന് ഒരിറ്റു കണ്ണീര്‍ ആശ്രയമില്ലാതെ ഒലിച്ചിറങ്ങി, മുന്നേ ചുമപ്പു കലര്‍ന്ന, കൊഴുത്ത പുഴയിലേയ്ക്കുതന്നെ ലയിച്ചു ചേര്‍ന്നു.

‘ഹേ റാം..’ പുഴ വിറയാര്‍ന്ന് മന്ത്രിച്ചു.

പുഴ ഒരിക്കല്‍ക്കൂടി ഇരുകരകളെയും അഗാധമായ വാത്സല്യത്താല്‍ ചേര്‍ന്നു പുണര്‍ന്നു കൊണ്ട്, അകാലത്തില്‍ നിര്‍ജീവമായി.
-----------------------------------------------------------------------------------------------------------------------------------------------
 
എന്‍റെ ബ്ലോഗിലേയ്ക്ക്‌ പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അന്നൂസ് 

Search This Blog