വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

കോവാലൻ ( ഓർമ്മകുറിപ്പ് ) - പുനലൂരാൻ


കോവാലൻ






ങ്ങളുടെ നാട്ടിലെ അപ്പുക്കിളി ആയിരുന്നു കോവാലൻ. അപ്പുക്കിളിയെ ഓർമ്മയില്ലേ, ഖസാക്കിന്‍റെ ഇതിഹാസത്തിലെ അപ്പുക്കിളി. എട്ടുകാലിപ്രാന്തനായ അപ്പുക്കിളിയെപ്പോലെ ഞങ്ങളുടെ കുട്ടിക്കാലം ഓർമ്മകളാൽ സമ്പന്നമാക്കിയ ഒരു കഥാപാത്രം ആയിരുന്നു കോവാലൻ. 1975-80 കളിൽ ഞങ്ങളുടെ നാട്ടിലെ ഏക പ്രാഥമിക വിദ്യാഭ്യാസകേന്ദ്രം ആയിരുന്നു ഇടമൺ ഗവ. എൽ.പി സ്‌കൂൾ. കൊല്ലം ചെങ്കോട്ട റോഡിന്‍റെ സൈഡിൽ നിലകൊള്ളുന്ന ഈ പള്ളികൂടത്തിനു കുറഞ്ഞത് ഒരു പത്തറുപത് കൊല്ലമെങ്കിലും പഴക്കം കാണും. ഈ സ്‌കൂളിനെ കുറിച്ചുള്ള എന്‍റെ ഓർമ്മകളിൽ ഇപ്പോഴും ഒളിമങ്ങാതെ നിൽക്കുന്ന കഥാപാത്രമാണ് കോവാലൻ.


കോവാലന് ഏകദേശം 18 വയസ്സുപ്രായം കാണും, കണ്ടാൽ ഒരു ഹൈസ്‌കൂൾ കുട്ടിയുടെ വലിപ്പം തോന്നും. ബുദ്ധിയും തലയും ഉറയ്ക്കാത്ത കോവാലൻ, തന്‍റെ ഉടലിനേക്കാൾ വലിയ തലയും ആട്ടി സ്‌കൂൾ പരിസരത്ത് എവിടെയെങ്കിലും കാണും. അതിനൊരുകാരണം ഉണ്ട് സ്‌കൂളിൽ നിന്ന് കുട്ടികൾ കഴിച്ചതിന്‍റെ ബാക്കി ഉച്ചപ്പുട്ട് കോവാലനു കിട്ടും.  സ്‌കൂളിലെ പാചകക്കാരി നാണിയമ്മയുടെ മാനസപുത്രൻ ആയിരുന്നു കോവാലൻ. കോവാലനും  നാണിയമ്മയെ  വലിയ  ഇഷ്ടം  ആയിരുന്നു. കോവാലൻ ഞങ്ങളുടെ നാട്ടിൽ എങ്ങനെ എത്തിയെന്ന് ആർക്കും അറിയില്ല. കോവാലനോട് ദയ കാണിച്ചിരുന്ന നാട്ടിലെ അനേകം അമ്മമാരിൽ ഒരാളായിരുന്നു നാണിയമ്മ. വലിയ ഒരു കാക്കി ചൗക്കാളനിക്കറും ബട്ടണുകളില്ലാത്ത ഒരു ഷർട്ടും ഇട്ടു വായിൽ നിന്നു ഈളയും ഒലുപ്പിച്ചു  കോവാലൻ അലുമിനിയത്തിന്‍റെ  ഒരു പിഞ്ഞാണിയുമായി  ഉച്ചനേരം സ്‌കൂളിന്‍റെ  പാചകപ്പുരയുടെ  വെളിയിൽ  ഇരുപ്പുറപ്പിക്കും. ശല്യക്കാരൻ അല്ലാത്തതിനാൽ സ്കൂൾ അധികാരികളും അവനെ തടഞ്ഞിരുന്നില്ല.


അന്നൊക്കെ  സ്‌കൂളുകളിൽ  ഉച്ചക്കഞ്ഞിക്ക്  പകരം നൽകിയിരുന്നത്  അമേരിക്കൻ പുട്ട് എന്നറിയപ്പെടുന്ന  ഉപ്പുമാവും  പാലുമായിരുന്നു. 1970 കളിലെ  വറുതിക്കാലത്ത്,  അമേരിക്ക ഇന്ത്യയെ  പ്രീതിപ്പെടുത്താനും  കൂടെ നിറുത്താനുമായി നൽകിയിരുന്ന  ഗോതമ്പ് പൊടിയും  പാലും എണ്ണയുമെല്ലാം കേരളത്തിലെ  സ്‌കൂൾ കുട്ടികൾക്ക് മറക്കാനാകാത്ത ഒട്ടേറെ ഓർമ്മകളായിരുന്നു സമ്മാനിച്ചത്. അന്നത്തെ  സ്കൂൾ  ജീവിതത്തിൽ  എനിക്ക്  മറക്കാനാവാത്ത  ഒരു  ഗന്ധമുണ്ട്പുട്ടുപുരയിൽ  നിന്ന്  പൊങ്ങുന്ന  ഉപ്പുമാവിന്‍റെ ഗന്ധം. ഉള്ളിയും  മുളകും  വഴറ്റിയ എണ്ണയിലേക്ക്  ഗോതമ്പ് റവപ്പൊടി  ഇട്ടു  കയിൽ  കൊണ്ടു ഇളക്കി,  പാചകക്കാരി നാണിയമ്മ  ചെമ്പ് ഇറക്കി അടുപ്പിന്‍റെ  ഓരത്തു വെയ്ക്കും. ഉച്ചയ്ക്ക്  മണിയടിക്കുന്നതിനു അരമണിക്കൂർ  മുമ്പ് തന്നെ അതിന്‍റെ  കൊതിപ്പിക്കുന്ന മണം ക്ലാസ്സ് റൂമുകളിലേക്ക്  അടിച്ചു കയറും. നാണിയമ്മയുടെ കൈപുണ്യത്തിന്‍റെ രുചി അറിഞ്ഞവർ ആയിരുന്നു ഞങ്ങളുടെ നാട്ടിലെ എന്‍റെ പ്രായത്തിലുള്ള മിക്കവരും. ആ ഗോതമ്പുപുട്ടിനു എന്ത് രുചി ആയിരുന്നു. എല്ലാവർക്കും  ഉപ്പുമാവ്  ലഭിക്കുകയില്ല. സ്‌കൂൾ  തുറക്കുമ്പോൾ  തന്നെ ക്ലാസ്  ടീച്ചർക്ക് പേരു കൊടുക്കണം. സാമ്പത്തികശേഷിയുള്ള  വീട്ടിലെ  കുട്ടികൾ  കൊതിമൂത്ത്  പേരുകൊടുത്താലും  ടീച്ചറന്മാർ  അത്  വെട്ടിക്കളയും. അതു മാത്രമല്ല  വലിയ  വീട്ടിലെ  കുട്ടികൾക്ക്  സ്‌കൂളിലെ  ഉപ്പുമാവൊക്കെ  കഴിക്കുക  അല്പം  കുറച്ചിൽ  ആണ് . അപ്പനുമമ്മയും  സ്‌കൂൾ ടീച്ചേർസ്  ആയതിനാൽ  ഉപ്പുമാവ്  എനിക്കും  നിഷിദ്ധം. ഞാൻ കൊതി പറയുമ്പോൾ വല്ലപ്പോഴും എന്‍റെ കൂട്ടുകാരൻ മൊട്ട ഷാജി ആരും കാണാതെ വട്ടയിലയിൽ പൊതിഞ്ഞ അല്പം  ഉപ്പുമാവ് എനിക്ക് തരും. വട്ടയിലയിൽ പൊതിഞ്ഞ ഉപ്പുമാവിന് ഒരു പ്രത്യേക സ്വാദാണ് കേട്ടോ. ചെറിയ ചൂടോടെ, എണ്ണയിൽ മൂത്തുകറുത്ത ഉള്ളികഷ്ണങ്ങളും മുളകും  ചേർത്ത  ഗോതമ്പുപുട്ട് കഴിയ്ക്കാൻ നല്ല ടേസ്റ്റാണ്.  അതിന്‍റെ സ്വാദ് ഇപ്പോഴും നാവിൻ തുമ്പത്തുണ്ട്. ഗോതമ്പ് കൊണ്ടുള്ള റവ ഉപ്പുമാവ് കൂടാതെ മഞ്ഞ ചോളപ്പൊടി കൊണ്ടുള്ള പുട്ടും ചിലപ്പോൾ കിട്ടും. അതിനാണ് സ്വാദ് കൂടുതൽ. വല്ലപ്പോഴൊക്കെ  കുട്ടികൾക്ക് കൊടുത്തു ബാക്കിവരുന്ന മഞ്ഞപ്പുട്ട് ചോറ്റുപാത്രത്തിൽ വീട്ടിൽ കൊണ്ടുവന്നു നാലുമണിക്ക് ഞങ്ങൾക്ക് പഞ്ചസാര ചേർത്തിളക്കി അമ്മ തരും. അതോർക്കുമ്പോൾ നാവിലെ രസമുകുളങ്ങളിൽ  ഒരു കപ്പലോട്ടത്തിന്‍റെ അവസരം ഇപ്പോഴും ഉണ്ടാകുന്നു എന്നതാണ് സത്യം.


ഉപ്പുമാവ് കഴിക്കുന്ന കുട്ടികൾ ഒന്നുരണ്ടു വട്ടയില നാലായി ചുരുട്ടി പോക്കറ്റിൽ കരുതും. ഉച്ചമണി അടിക്കുമ്പോൾ ആകെക്കൂടി ഒരു കൂട്ടപൊരിച്ചിൽ ആണ്. ഒടുവിൽ സാറന്മാരുടെ തലവട്ടം കാണുന്നതോടെ നല്ലകുട്ടികളായി വരിവരിയ്ക്ക് സ്‌കൂൾ വരാന്തയിൽ നിരന്നു ഇരിക്കും. ഉപ്പുമാവ് വിളമ്പുന്നത് പാചകക്കാരിയും സാറന്മാരും ക്ലാസ്സിൽ തോറ്റുതോറ്റു മുതിർന്ന ഒന്നുരണ്ടു കുട്ടികളും ചേർന്നാകും. ഹെഡ്മാസ്റ്ററുടെ ചൂരൽ കൈയ്യിൽ ഇരുന്നു പല്ലിളിക്കുന്നതിനാൽ വല്യ കലപില ഒന്നും ഉണ്ടാകില്ല.
 

ഈ സമയത്തൊക്കെയും പുറത്തു കോവാലനും കാക്കകളും അക്ഷമരായി ഇരിക്കുകയാകും. ഇടയ്ക്കിടെ കുട്ടികൾക്ക് നേര്‍ക്ക് നോക്കി, വായിലൂടെ വരുന്ന ഈള ഇറക്കി വിശപ്പിന്റെ വിളി സഹിച്ചു അവനങ്ങനെ ഇരിയ്ക്കും. കോവാലന്‍റെ ബദ്ധശത്രുക്കൾ ആണ് കാക്കകൾ. അതിനൊരു കാരണമുണ്ട് കോവാലന്‍റെ പാത്രത്തിൽ നിന്നു ഉപ്പുമാവ് തരംകിട്ടിയാൽ അവറ്റകൾ കൊത്തികൊണ്ടു പോകും. കോവാലനാകട്ടെ കാക്കകളുമായി നിരന്തര യുദ്ധത്തിലാണ്. കുട്ടികൾ കഴിച്ചു കഴിഞ്ഞാൽ നാണിയമ്മ രണ്ടുമൂന്നു തവി ഉപ്പുമാവ് അവന്‍റെ ചളുങ്ങിയ അലൂമിനിയം പാത്രത്തിൽ വിളമ്പും. ഉപ്പുമാവ് പ്രിയനായ കോവാലൻ കണ്ണടച്ചു തുറക്കുംമുമ്പേ അത് അകത്താക്കും. പിന്നീടാകും കുട്ടികളുടെ ഊഴം. ശാന്തനായ  കോവാലനെ  കുട്ടികൾക്കും  ഇഷ്ടമാണ്.  അവർ വട്ടയിലയിൽ ബാക്കിവെയ്ക്കുന്ന  ഉപ്പുമാവ് കോവാലന്‍റെ പാത്രത്തിലേക്ക് തട്ടും. അപ്പോഴേക്കും നാണിയമ്മയും സാറന്മാരും പോയിക്കഴിഞ്ഞിരിക്കും. കാക്കകൾക്ക് സ്വാതന്ത്യം കിട്ടുന്ന സമയമാണ്. പിന്നീട് ആണ് കാക്കകളും കോവാലനുമായുള്ള കശപിശ. കാക്കകൾക്കാകട്ടെ കുട്ടികളെയും കോവാലനേയും അശേഷം പേടിയില്ല. അവർ കോവാലന്‍റെ പാത്രത്തിൽ നിന്നു ഉപ്പുമാവിന്‍റെ ഭൂരിഭാഗവും അടിച്ചുമാറ്റും. മിക്കവാറും ആ ബാലിസുഗ്രീവ യുദ്ധത്തിൽ കാക്കകളാവും ജയിക്കുക. 





കുട്ടികൾ ശടേന്ന് സ്കൂൾ കിണറ്റിൽ നിന്ന് വെള്ളം കോരി വായ് കഴുകി എന്നുവരുത്തി കളികൾ തുടങ്ങും. സ്കൂൾ മുറ്റത്തു  വലിയൊരു  തേന്മാവ്  ഉണ്ട് . അതിന്‍റെ  ചുവട്ടിൽ  ആകും  കളികൾ. എന്തെല്ലാം കളികൾ ആണ് അക്കാലത്തു, കളത്തിൽ ചാടിയുള്ള കക്കുകളി, സാറ്റ്, കിളിത്തട്ട്, കബഡി, കഴുതപ്പെട്ടി, കണ്ണാരംപൊത്തിക്കളി, ഗോലികളി അങ്ങനെ എണ്ണിയാൽ തീരാത്ത കളികൾ. രണ്ടുമണിക്ക് ബെല്ലടിക്കുന്നതു വരെ നേരം പോകുന്നതറിയില്ല. കോവാലന് കുട്ടികളുടെ കളി കാണുക വലിയ ഇഷ്ടമാണ്. അവരുടെ കളി കാണുമ്പോൾ തന്നെ ആവേശം കൊണ്ടു കോവാലൻ ചാടിത്തുടങ്ങും. കുട്ടികൾ ആകട്ടെ കോവാലനെ കുരങ്ങുകളിപ്പിക്കാനായി അവരിൽ ആരോ ഉണ്ടാക്കിയ പാട്ട് കോറസായി പാടും,

"കോവാലൻ പെണ്ണുകെട്ടി
കോഴിക്കൂട്ടിൽ കൊണ്ടുവെച്ചു
നാണിയമ്മേ, നാണിയമ്മേ
കോഴികൊത്തല്ലേ...''

പാട്ടുകേൾക്കുന്നതോടെ കോവാലൻ ഉഷാറാകും, രണ്ടുകൈയും കൂട്ടിഅടിച്ചു കോവാലൻ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കും. അതോടെ കുട്ടികൾ കൂക്കുവിളി തുടങ്ങും. കുട്ടികളുടെ കൂക്കുവിളി കേൾക്കുമ്പോൾ വ്യക്തമായി തിരിയാത്ത വാക്കുകൾ കൊണ്ടു ഉച്ചത്തിൽ ശബ്ദമുണ്ടാക്കി കോവാലൻ തന്‍റെ സന്തോഷം പ്രകടിപ്പിക്കും.





അപ്പോഴാകും സൈക്കിളിൽ ഐസ് വിൽപ്പനക്കാരന്‍റെ വരവ്. സൈക്കിൾ ബാറിൽ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പുപട്ടയിൽ ഇരുമ്പുദണ്ഡു കൊണ്ട് അടിച്ചു താളാത്മകമായി അയാൾ കൂകും ഐസ് മുട്ടായി...ഐസ് മുട്ടായി.  എന്തൊക്കെ തരത്തിൽ ഉള്ള ഐസ് മിട്ടായികളാണ് അയാളുടെ സൈക്കിളിൽ കെട്ടിവെച്ച ചെറിയ ഐസ് പെട്ടിയിൽ ഉണ്ടാകുക. അഞ്ചുപൈസ കൊടുത്താൽ കോലൈസ് എന്നു വിളിക്കുന്ന കമ്പ് ഐസ് കിട്ടും. ഒരു ചെറിയ മരക്കോലിൽ വർണ്ണപ്രപഞ്ചം തീർക്കുന്ന ഐസ് മിട്ടായി.. ചെമല, മഞ്ഞ, പച്ച, കാപ്പിപ്പൊടി അങ്ങനെ എന്തെല്ലാം ഇനങ്ങൾ. നാവിൻ തുമ്പിൽ  ഇട്ടാൽ അലിഞ്ഞു നാവിനും ചുണ്ടിനും നിറങ്ങളുടെ വർണ്ണഭംഗി നൽകും. കുറേനേരത്തെക്കെങ്കിലും മധുരവും തണുപ്പും നൽകുന്ന അനുഭൂതിയുടെ സ്വർഗ്ഗലോകത്താകും കുട്ടികൾ. ഐസ് മിട്ടായി വാങ്ങി കഴിക്കരുത് എന്നു വീട്ടിൽനിന്നു പറഞ്ഞതൊക്കെ ആരു കേൾക്കാൻ. എന്തെല്ലാം രുചികളാ..പാലൈസ്, സേമിയ, ഓറഞ്ച്, ചോക്കലൈറ്റ്, മാംഗോ അങ്ങനെ ഹരം പിടിപ്പിക്കുന്ന രുചികളും ഓർമ്മകളും.  കോലൈസ്  വാങ്ങി വായിലേക്ക് നീട്ടുമ്പോളാകും ആരെങ്കിലും കുശുമ്പ് മൂത്തു പുറകിൽ നിന്നു തട്ടുക. കോലിൽ നിന്നു അടർന്നു വീഴുന്ന ഐസിനു വേണ്ടി കുട്ടികളുടെ പരക്കംപാച്ചിലും തല്ലും ഇപ്പോഴും ഓർമ്മയുണ്ട്. ഐസ് മിട്ടായി നഷ്ടപ്പെട്ടവൻ അണ്ടി കളഞ്ഞ അണ്ണാനെ പോലെ നിൽക്കുന്ന നിൽപ്പുണ്ടല്ലോ,  മുഖത്തെ ഭാവം ഒന്നു  കാണേണ്ടത് തന്നേ.. കരുണം, രൗദ്രം, ബീഭത്സം.. ചുരുക്കം  ചില കുട്ടികൾ  തറയിൽ  വീഴുന്ന  ഐസിൽ  പൊടിപറ്റിയാൽ   എടുത്ത്  കോവാലന്‍റെ  പാത്രത്തിൽ  ഇടും.  അതോടെ  കോവാലനു  സ്വർഗ്ഗം  കിട്ടിയതുപോലുള്ള  സന്തോഷമാണ്. പാവം..ആർക്കും  വേണ്ടാത്തതല്ലേ  പിച്ചക്കാർക്ക്  വിധിച്ചിരിക്കുന്നത്. കോവാലന്  അതൊക്കെ  തന്നെ  ധാരാളം.

( ചില ചിത്രങ്ങൾ കടപ്പാട്  : ഗൂഗിൾ )



സ്‌കൂൾ  ഇല്ലാത്ത  ദിവസങ്ങളിൽ  ആകും  കോവാലൻ  ഊരുതെണ്ടൽ  തുടങ്ങുക. മിക്കവാറും  വീടുകളിൽ  നിന്നു  എന്തെങ്കിലും ഒക്കെ  അവനു കൊടുക്കും. എന്‍റെ  വീട്ടിൽ  എത്തിയാൽ  അമ്മ  വയറു നിറയെ  കോവാലനു  എന്തെങ്കിലും  കഴിക്കാൻ  കൊടുക്കും. മിക്കവാറും  തലേന്നത്തെ  പഴങ്കഞ്ഞിയോ  രാവിലത്തെ  പലഹാരത്തിന്‍റെ  ബാക്കിയോ  മറ്റോ  ആകും. ഞങ്ങൾ  കുട്ടികൾ  അവൻ  കഴിക്കുന്നത്  തെല്ലു  കൗതുകത്തോടെ  നോക്കി  നിൽക്കും. പലപ്പോഴും  കോവാലൻ  കുളിച്ചിട്ടു  ആഴ്ചകൾ  ആയിക്കാണും. അമ്മ  അവന്‍റെ  ചപ്രത്തലയിൽ  ഒരു  തുടം  എണ്ണ  കമിഴ്ത്തി  കിണറ്റുകരയിലേക്ക്  വഴക്കു പറഞ്ഞു  ഓടിക്കും. കുളിയ്ക്കുന്നത് കോവാലനു അത്ര ഇഷ്ടമുള്ള കാര്യം അല്ല. എന്നാൽ അഞ്ചാറു തൊട്ടി  വെള്ളം  കോരി  അമ്മ  അവന്‍റെ  തലയിൽ  ഒഴിക്കുന്നതോടെ  കോവാലൻ  ഉഷാറാകും. പിന്നെ  വീട്ടിലെ  പഴയ  ഉടുപ്പോ  മറ്റോ  കൊടുത്താൽ  പറയുകയും  വേണ്ട. കാലിലും  മറ്റും  ഈച്ച  പറ്റുന്ന  വൃണങ്ങൾ  കാണുംഅതിൽ  അന്നു  നാട്ടിൽ  കിട്ടുന്ന  ടെട്രാസൈക്ലിൻ (ആന്റിബയോട്ടിക്ക്) പൊടി  ഇട്ടുകൊടുക്കും  അമ്മ. അങ്ങനെ  എന്‍റെ  അമ്മയുടെയും  നാട്ടിലെ  മറ്റു  പല  അമ്മമാരുടെയും  വളർത്തുപുത്രൻ  ആയിരുന്നു കോവാലൻ  എന്നു  വേണമെങ്കിൽ  പറയാം. ഈ കർമ്മബന്ധം കൊണ്ടാകാം കോവാലൻ ഗ്രാമം വിട്ടു ദൂരേയ്ക്ക് പോകാൻ ഇഷ്ടപ്പെടാത്തത്.



അങ്ങനെ  ഇരിക്കുമ്പോൾ  ഒരു  സ്കൂൾ ദിനത്തിൽ   വെളിയ്ക്കു  (ഇന്റർവെൽ) വിട്ടപ്പോൾ  ഒരു  ബഹളവും  കരച്ചിലും  കേട്ടു  ഞാൻ  ഓടിച്ചെല്ലുമ്പോൾ, കോവാലനെ ഒരു  നീല  അഴികൾ  ഉള്ള  വാനിൽ  രണ്ടു  തടിമാടന്മാർ  എടുത്തു  കയറ്റുന്നതാണ്  കണ്ടത്. അന്ന്  അടിയന്തരാവസ്ഥ കാലത്ത്  നാട്ടിലെ  പിച്ചക്കാരെ എല്ലാം  ഇന്ദിരാഗാന്ധി  പിടിച്ചു  അനാഥാലയത്തിലും മറ്റും  ആക്കിയിരുന്നു.  അങ്ങനെ  അവർ കോവാലനേയും പിടികൂടി. കോവാലനാകട്ടെ  പേടിച്ചു  അടഞ്ഞ വാനിന്‍റെ  അഴികളിൽ  തട്ടി വലിയ  ബഹളവും  കരച്ചിലും, ആരു  കേൾക്കാൻ..  അടഞ്ഞ  വാതിൽ  താഴിട്ടു  അവർ  കോവാലനെയും  കൊണ്ടു  എവിടേക്കോ  പോയി. അതിനുശേഷം കോവാലനെ  ഞങ്ങൾ  കണ്ടിട്ടില്ല...


അന്നു  ഉച്ചയ്ക്ക്  ഉപ്പുമാവ്  നിറഞ്ഞ  ഒരു  അലൂമിനിയം  പാത്രം  സ്‌കൂൾ  മുറ്റത്തു  അനാഥമായി  കിടന്നു,  കാക്കകളും കലപില  കൂടാതെ  മര്യാദാരാമന്മാരായി  ഉപ്പുമാവ്  കഴിച്ചു. അവർക്കു  കശപിശ  കൂടാൻ  കോവാലൻ  ഇല്ലല്ലോ. ഒരു പക്ഷെ അവരും അടിയന്തരാവസ്ഥയെ  പേടിച്ചിരുന്നോ  ആവോ? ..... കാക്കകൾ  ചിലതു  നമ്മെ  ഓർമ്മിപ്പിക്കും. ഓർമ്മകൾ  ഉണ്ടായിരിക്കണം. ചരിത്രം  ആവർത്തിക്കാതിരിക്കട്ടെ...



പുനലൂരാൻ

www.punalurachayan.blogspot.ae



42 comments:

  1. മധുരം കിനിയുന്ന ഓര്‍മ്മകള്‍. ആശംസകള്‍.

    ReplyDelete
  2. ഒരുപാട് ഓര്‍മ്മകള്‍ കൊണ്ടു തന്ന നല്ലൊരു പോസ്റ്റ് മാഷേ. അവസാനം കുറച്ചു വിഷമിപ്പിച്ചു...

    എങ്കിലും എന്റെയും സ്കൂള്‍ ഓര്‍മ്മകളെ തിരികെ തന്നതിന് നന്ദി :)

    പുതുവത്സരാശംസകള്‍!

    ReplyDelete
    Replies
    1. സ്കൂൾ ഓർമ്മകൾ ഒരിയ്ക്കലും മറക്കാൻ സാധ്യമല്ല ..സന്തോഷം ചെങ്ങാതി ..പുതുവത്സരാശംസകൾ

      Delete
  3. മനസ്സിരുത്തി വായിച്ചു .. ഒരു നിമിഷം ഞാനും ആ സ്കൂളിലെ കുട്ടിയായി മാറി .. അതിന് കാരണമുണ്ട് .. എൻറെ കൂട്ടുകാരിയുടെ അനിയൻ ഇതുപോലൊരു അവസ്ഥയിലായിരുന്നു .. അവൻ എന്നും ഉച്ചയ്ക്ക് സ്കൂളിൽ വരും .. ഞങ്ങളുടെ കൂടെയിരുന്ന് ഉച്ചക്കഞ്ഞി കഴിക്കാൻ .. കോവാലനെപ്പോലെ ഭക്ഷണപ്രിയൻ ആയിരുന്നു .. എത്രകിട്ടിയാലും അവന് മതിയാകില്ല .. ഒരിക്കൽ സ്കൂളിൽ ചെന്നപ്പോൾ അറിഞ്ഞു 'ഉണ്ണിക്കുട്ടനെ ' കാണാനില്ല എന്ന് .. കുറേ വർഷങ്ങൾ കഴിഞ്ഞു അവൻ തിരികെ എത്തി .. എവിടെപ്പോയി എന്നൊന്നും ആർക്കും അറിയില്ല ..അവന് പോലും .. ഇന്ന് അവൻ ഈ ഭൂമിയിൽ ഇല്ല ! ഇന്നും ആ കൂട്ടുകാരിയെ കാണുമ്പോൾ ഉണ്ണിക്കുട്ടൻറെ കാര്യം പറയാറുണ്ട് .. അനുഭവങ്ങൾ ഒരിക്കലും മായാത്ത ഓർമ്മകൾ ആണ് .. ഓരോ ദിവസങ്ങൾ കഴിയുന്തോറും അവയുടെ മാറ്റു കൂടുന്നു .. അത് വേദനിപ്പിക്കുന്ന ഓർമ്മകൾ ആണെങ്കിൽ പോലും .. നല്ല എഴുത്ത് ഇഷ്ട്ടമായി.. ഞാനും ഓർമ്മകളിലേക്ക് തിരികെ പോയി .

    ReplyDelete
    Replies
    1. നാം ഇഷ്ടപ്പെടുന്ന ഇത്തരം നൊമ്പരമുണർത്തുന്ന ജീവിതങ്ങൾ എല്ലാ നാട്ടിലും കാണും ... നന്ദി വായനയ്ക്കും ഹൃദയത്തിൽ തൊടുന്ന അഭിപ്രായത്തിനും ...ആശംസകൾ

      Delete
  4. ashamskal, ezhuthu ishttamaayi.
    Anaswara.

    ReplyDelete
  5. ഒരിക്കല്‍ പോലും രുചിയുള്ള ഭക്ഷണം കഴിച്ചു മരിക്കാന്‍ വിധിയില്ലാത്തവരുടെ മുന്‍പില്‍ സമര്‍പ്പിക്കാം ഇത്. എഴുത്തിനു ആശംസകള്‍.

    ReplyDelete
    Replies
    1. സത്യം സുഹൃത്തേ ... നന്ദി വായനയ്ക്കും അഭിപ്രായത്തിനും

      Delete
  6. അടിയന്തരാവസ്ഥയില്‍ അറിയപ്പെടാത്ത ഒരുരക്തസാക്ഷിക്കൂടി...കോവാലന്‍റെ ചിത്രം മനസ്സില്‍ നൊമ്പരമുണര്‍ത്തുന്ന തരത്തില്‍ വരച്ചുവെക്കുവാന്‍ കഴിഞ്ഞിരിക്കുന്നു.
    ഓര്‍മ്മകള്‍ ഹൃദ്യമായി എഴുതി.
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടാ .. ഈ സംഭവങ്ങൾ ഒക്കെ നടന്നത് തന്നെ ..അന്നു എല്ലാവരും അടിയന്തരാവസ്ഥയെ ഭയന്നിരുന്നു .. നിർബന്ധിത വന്ധികരണത്തെ ഭയന്നു ചെറുപ്പക്കാർ വീടുവിട്ടു പുറത്തുപോകുവാൻ ഭയപ്പെട്ടിരുന്നു .. നന്ദി വായനയ്ക്കും അഭിപ്രായത്തിനും

      Delete
  7. വഴക്കുപക്ഷിയിലേയ്ക്ക് വന്നതിനും പ്രോത്സാഹനത്തിനും നന്ദി അറിയിക്കുന്നു. വീണ്ടും കാണാം. ആശംസകള്‍.

    ReplyDelete
    Replies
    1. വളരെ സന്തോഷം എനിയ്ക്ക് ഈ പ്ലാറ്റുഫോം തന്നതിന് .. മറ്റു ചിലതുകൂടി ബ്ലോഗ് ഭൂലോകത്തിന്റെ ഏതോ ഒരു കോണിൽ ഇരുന്ന എന്നെ കൈപിടിച്ചു മുന്നോട്ടു നടത്തിച്ച എന്റെ പ്രിയ സുഹൃത്ത് സുധി അറയ്ക്കലിനോടുള്ള എന്റെ നന്ദി അറിയിക്കുന്നു . കൂടാതെ വേണ്ട നിർദ്ദേശങ്ങൾ തന്ന അന്നൂസ് ,പി. വി ഏരിയൽ സർ , ബിപിൻ സർ തുടങ്ങിയവരോടും എനിയ്ക്കു ഏറെ കടപ്പാടുണ്ട്..പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദി ..

      Delete
  8. നൊമ്പരപ്പെടുത്തുന്ന ഒരോര്‍മ്മയായി കോവാലന്‍... നല്ലൊരു വായനാനുഭവമായിരുന്നു. ആശംസകള്‍.

    ReplyDelete
    Replies
    1. വളരെ സന്തോഷം മുബി .. വായനയ്ക്കും അഭിപ്രായത്തിനും

      Delete
  9. ഹൃദ്യമായ എഴുത്ത്.. ആശംസകള്‍ പ്രിയ സുഹൃത്തെ...

    ReplyDelete
    Replies
    1. പ്രോത്സാഹനത്തിനു വളരെ സന്തോഷം

      Delete
  10. valare valare nannayirikkunnu, pazhaya kaalavum annullavarute nanmakalum ormippikkunna nalloru kuripp

    ReplyDelete
    Replies
    1. ഇഷ്ടപ്പെട്ടതിനു വളരെ സന്തോഷം .. കുട്ടിക്കാലം എല്ലാവർക്കും പ്രിയപ്പെട്ടതാണ് .. ആശംസകൾ

      Delete
  11. എല്ലാവരേയും ഇഷ്ടപ്പെടുന്ന, എന്നാൽ ആർക്കും വേണ്ടാത്ത കോവാലൻമാരെ ഞാനും കണ്ടിട്ടുണ്ട്.

    ReplyDelete
    Replies
    1. വളരെ സന്തോഷം .. നാം ഇഷ്ടപ്പെടുന്ന എന്നാൽ നൊമ്പരമുണർത്തുന്ന ഇത്തരം കഥാപാത്രങ്ങൾ എല്ലാ നാട്ടിലും കാണും .. ആശംസകൾ

      Delete
  12. ഞങ്ങളുടെ നാട്ടിലുമുണ്ടായിരുന്നു
    കോവാലനെ പോലൊരു അപ്പുക്കിളി ...
    ഏവരും അവനെ വിളിച്ചിരുന്നത് പൊട്ടൻ ബാലൻ എന്നാണ് ....
    പഴയകാല സ്‌മൃതികളുമായി നല്ലൊരു
    രചനയിൽ കൂടി നൊമ്പരമുണർത്തി പോയിരിക്കുകയാണ് ഭായ് ഇവിടെ ...

    ReplyDelete
    Replies
    1. ഭായി നമുക്ക് reply ഒന്നും തരാത്തത് എന്താണാവോ

      Delete
    2. ബഹൻജി , അരാംസേ ഖായേതോ പനാ ഭീ ഖാ സക്ത്തേ ( പയ്യെ തിന്നാൽ പനയും തിന്നാം) എന്നല്ലേ പ്രമാണം ..

      Delete
    3. മുരളി ഭായി സന്തോഷം .. നാം ഇഷ്ടപ്പെടുന്ന എന്നാൽ നൊമ്പരമുണർത്തുന്ന ഇത്തരം കഥാപാത്രങ്ങൾ എല്ലാ നാട്ടിലും കാണും .. ആശംസകൾ

      Delete
  13. വായിച്ചു. ആശംസകള്‍..!
    Saji thattathymala.

    ReplyDelete
    Replies
    1. മാഷെ,താങ്കളുടെ എഴുത്തിന്റെ ലാളിത്യ ഭംഗിയിൽ ഞാൻ ലയിച്ചിരുന്നു പോയി..ആ നിമിഷങ്ങളിൽ താങ്കൾ പറഞ്ഞ ആ കാല ഘട്ടങ്ങളിലൂടെ ഞാനും കടന്നു പോയി..എന്റെ വീട്ടിനടുത്തുള്ള പാടത്തേക്കു കണ്ണീരിന് പഠിച്ച എന്റെ പ്രാഥമിക വിദ്യാഭ്യാസ കാലവും അതെ സമയത്തു തന്നെ ആയിരുന്നു..അവിടെ കോവാലനായിരുന്നില്ല..ഒരു നാരായണി ആയിരുന്നു..എന്റെ ചെറുപ്പകാലത്തു കണ്ടു ശീലിച്ച നായരായണിയിൽ നിന്നു അവരുടെ അന്ത്യകാലത്തു പോലും വലിയ മാറ്റമുണ്ടാണ്ടായിരുന്നില്ല..ആരോരുമില്ലാതെ ഉന്മാദം കാർന്നു തിന്നൊരു ജീവിതം...Care എന്ന പേരിൽ അറിയപ്പെട്ട അമേരിക്കൻ ഗോതമ്പു ഉപ്പുമാവും.വട്ടായിലയുടെ മണവും ഇന്നും കൊതിയൂറുന്നത് തന്നെ..വളരെ വളരെ ഹൃദ്യമാണ് താങ്കളുടെ ഓരോ വരികളും എന്ന് പറയാതെ വയ്യ..എല്ലാവിധ ഭാവുകങ്ങളും നേരുന്നു..

      Delete
    2. മാഷെ,താങ്കളുടെ എഴുത്തിന്റെ ലാളിത്യ ഭംഗിയിൽ ഞാൻ ലയിച്ചിരുന്നു പോയി..ആ നിമിഷങ്ങളിൽ താങ്കൾ പറഞ്ഞ ആ കാല ഘട്ടങ്ങളിലൂടെ ഞാനും കടന്നു പോയി..എന്റെ വീട്ടിനടുത്തുള്ള പാടത്തേക്കു കണ്ണീരിന് പഠിച്ച എന്റെ പ്രാഥമിക വിദ്യാഭ്യാസ കാലവും അതെ സമയത്തു തന്നെ ആയിരുന്നു..അവിടെ കോവാലനായിരുന്നില്ല..ഒരു നാരായണി ആയിരുന്നു..എന്റെ ചെറുപ്പകാലത്തു കണ്ടു ശീലിച്ച നായരായണിയിൽ നിന്നു അവരുടെ അന്ത്യകാലത്തു പോലും വലിയ മാറ്റമുണ്ടാണ്ടായിരുന്നില്ല..ആരോരുമില്ലാതെ ഉന്മാദം കാർന്നു തിന്നൊരു ജീവിതം...Care എന്ന പേരിൽ അറിയപ്പെട്ട അമേരിക്കൻ ഗോതമ്പു ഉപ്പുമാവും.വട്ടായിലയുടെ മണവും ഇന്നും കൊതിയൂറുന്നത് തന്നെ..വളരെ വളരെ ഹൃദ്യമാണ് താങ്കളുടെ ഓരോ വരികളും എന്ന് പറയാതെ വയ്യ..എല്ലാവിധ ഭാവുകങ്ങളും നേരുന്നു..

      Delete
    3. സജി മാഷെ വളരെ സന്തോഷം .. ആശംസകൾ

      Delete
    4. പ്രിയ സുഹൃത്ത്‌ കൃഷ്ണകുമാർ കൂടാളിയുടെ ഈ അഭിപ്രായത്തിന് വളരെ നന്ദി... ബ്ലോഗ് ഭൂലോകത്ത് ഏറെ പരിചിതനല്ലാത്ത ഈ സുഹൃത്ത് നല്ല ഒരു എഴുത്തുകാരൻ ആണ്. അദ്ദേഹത്തിന്റെ സ്‌മൃതിപഥം എന്ന ബ്ലോഗ് എല്ലാ സ്നേഹിതർക്കും പരിചയപ്പെടുത്തുന്നു. അതിൽ ഒക്ടോബർ മാസത്തിൽ എഴുതിയ നക്ഷത്ര കണ്ണുള്ള മാലാഖ എന്ന ചെറുകഥയും മറ്റു ഗൾഫ് ഓർമ്മകളും ഏറെ ഹൃദ്യം... എല്ലാ ആശംസകളും നേരുന്നു

      Delete
    5. വളരെ നന്ദിയുണ്ട് പുനലൂരാൻ ജീ..ബ്ലോഗെഴുത്തിനെ കുറിച്ച് വലിയ വശമില്ലാത്ത വ്യക്തിയാണ് ഞാൻ..താങ്കളെ പോലുള്ള അനുഗ്രഹീത എഴുത്തുകാരന്റെ നിർലോഭ പിന്തുണ കാണുമ്പോൾ..ആനന്ദാശ്രുക്കളാൽ കണ്ണു നിറയുന്നു..നന്ദി..ഒരുപാടു നന്ദി..

      Delete
  14. valare hridyamaayi ezhuthi-ashamskal ariyikkunnu.
    Syamala. thiruvarppu

    ReplyDelete
  15. ഞങ്ങളുടെ സമയത്തു L P സ്‌കൂളിൽ കഞ്ഞി, ഉപ്പുമാവ്,പാല് ഇവ ഉണ്ടായിരുന്നു. അമേരിക്കയുടെ PL -480 ആണെന്ന് തോന്നുന്നു. (പാൽപ്പൊടി വരുന്ന നീളത്തിലുള്ള കാർട്ടൺ സൈഡ് ജനലൊക്കെ വെട്ടി ചെറിയ മരത്തിന്റെ വീലുകളും വച്ച് ബസ് ഉണ്ടാക്ക് കളിക്കുമായിരിന്നു കുട്ടികൾ ) ഉപ്പുമാവും പാലും രുചിച്ചു നോക്കിയിട്ടുണ്ട്. കഞ്ഞി കുടിക്കാൻ മാത്രം സ്‌കൂളിൽ ചേർന്ന ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. പിന്നെ കുറെ കോവാലന്മാരും. എ ഴുത്തു നന്നായി.

    ReplyDelete
    Replies
    1. എല്ലായിടവും കാണും നാം ഇഷ്ടപ്പെടുന്ന ഇത്തരം കോവാലന്മാർ..സന്തോഷം സർ അഭിപ്രായത്തിന്.. ആശംസകൾ






      Delete
  16. സ്‌കൂളിൽ ഉച്ചക്ക് കിട്ടിയിരുന്ന ഉപ്പുമാവ് ശരിക്കും ഇപ്പോൾ ആലോചിക്കുമ്പോൾ നഷ്ടബോധം തോന്നുന്നു ...........
    പലതും ഓർത്തു ആശംസകൾ

    ReplyDelete
    Replies
    1. പിന്നീട് ആലോചിക്കുമ്പോൾ മാത്രമേ നഷ്ടപ്പെട്ട പലതിന്റെയും വില അറിയൂ...സന്തോഷം.. ആശംസകൾ









      Delete
  17. കോവാലന്റെ ഓര്‍മ്മകളിലൂടെ അടിയന്തരാവസ്ഥയുടെയും എഴുപതുകളിലെ വറുതിയിലേക്ക് ഒരു പിന്‍ നടത്തം ..നന്നായി അവതരിപ്പിച്ചു ..

    ReplyDelete
  18. വളരെ സന്തോഷം സുഹൃത്തേ..ഇനി ഒരിക്കലും ഇന്ത്യയിൽ അടിയന്തരാവസ്ഥ ഉണ്ടാകരുത് എന്ന് ആഗ്രഹിയ്ക്കാം..ആശംസകൾ









    ReplyDelete
  19. എൽ പി സ്കൂൾ ജീവിതത്തിലെ മറക്കാനാൻവാത്ത ഒരനുഭവമാണ് കോവാലൻ .ആദ്യമൊക്കെ ഭയമായിരുന്നെങ്കിലും പിന്നീടെപ്പോഴോക്കെയോ കോവാലനെ ഞാൻ ഉം ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു .ആ ചളുങ്ങിയ അലുമിനിയ പാത്രം ഇപ്പോഴും എന്റെ മനസിലുണ്ട്.പഴയ സ്കോള് ജീവിതത്തിലെ ഓർമ്മകൾ മടക്കിത്തന്നതിനു ഒരുപാടു നന്ദിയുണ്ട്.ഇനിയും പ്രതീക്ഷിക്കുന്നു .അഭിനന്ദനങ്ങൾ

    ReplyDelete

Search This Blog