വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

പോയ്‌ വരാം (കവിത )

തിരകൾ വീണ്ടുമീ
തീരങ്ങളിലെ മണ്‍  തരികലോട്‌
തന്റെ പ്രണയം പങ്കുവെക്കവെ
ഉൾകടലിലെ  അലകളിൽ
ആടിയുലയുന്ന
ആ പായ കപ്പലിലെ
തുള വീണ പായിലൂടെ
എന്റെ കണ്ണിനെ സ്പർശിച്ച
നിലാവിന്റെ രശ്മികളുടെ
തീവ്രത കണ്ണു നീരുണ്ടാക്കി
അങ്ങകലെ ഒലിയുന്ന ഗസലിന്റെ
വരികൾ ഓരോന്നും
ഈ കാറ്റിൽ എന്റെ
തനിമയെ വിളിച്ചു ചൊല്ലി
ഇരുട്ടു വീണ മണലിൽ
നിയോണ്‍ വെളിച്ചത്തിൽ
തെളിയുന്ന നിഴൽ പോലും
എന്റെ മുന്നേ നടന്നകലുന്നു
കാറ്റാടി മരങ്ങൾ തന്റെ
കാമുകനാം കാറ്റിനോട്‌
തന്റെ വിരഹം വിളിച്ചു ചൊല്ലുന്നു ...
ഒടുവിലെ സഞ്ചാരിയും
പോയ്മറഞ്ഞു ഈ തീരത്ത്
ഞാൻ ഏകയാകെ
കടലമ്മ കയ്മാടി വിളിപ്പൂ
അങ്ങകലെ കടലിന്റെ ആഴങ്ങളിൽ 
മത്സ്യ കന്യകമാർ വാഴുന്ന
കൊട്ടാരത്തിൽ എനിക്കായ്
ഒരു മഞ്ചൽ ഒരുക്കിയിട്ടുണ്ടെന്നു
സ്നേഹമെന്നതിനു മുന്നില് എന്നും 
സമ്മതം മാത്രെമേ വഴങ്ങാറുള്ളൂ
പോയ്‌ വരാം..


 ജാസി

കഥ വന്ന വഴി- 1 'പുതുമഴ ചൂരുള്ള ചുംബനങ്ങള്‍'

കഥ വന്ന വഴിയിലൂടെ  പ്രിയ എഴുത്തുകാരി ഷാഹിന.ഇ.കെ യുമായി തെല്ലു നേരം.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി. അനന്തപദ്മനാഭന്റെ മരക്കുതിരകൾ ആദ്യ കഥാസമാഹാരം. ആറു കഥാകാരികളോടൊപ്പം ചേർന്ന് ' ആറ് ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
 ചെറുകഥകൾ : അനന്തപദ്മനാഭന്റെ മരക്കുതിരകൾ, പുതുമഴ ചൂരുള്ള ചുംബനങ്ങൾ ,  കവിത : ഒറ്റഞൊടി കവിതകൾ
വിവർത്തനം : പ്രവാചകൻ (Khalil Gibran’s 'The prophet')
പുരസ്ക്കാരങ്ങൾ :വനിത കലാലയകഥാപുരസ്ക്കാരം, ഗൃഹലക്ഷ്മി അവാർഡ്‌, അറ്റ് ലസ് – കൈരളി കഥാ പുരസ്ക്കാരം, കാവ്യകൈരളി പുരസ്ക്കാരം,അവനീബാല പുരസ്ക്കാരം,അങ്കണം അവാർഡ്‌,കടത്തനാട് മാധവിയമ്മ കവിതാപുരസ്ക്കാരം. 

ഇനി പുതുമഴ ചൂരുള്ള ചുംബനങ്ങള്‍ എന്ന കഥയുടെ പിറവിയിലേയ്ക്ക് എഴുത്തുകാരിയിലൂടെ..........
കഥ വന്ന വഴി- പുതുമഴ ചൂരുള്ള ചുംബനങ്ങള്‍
ഒരെഴുത്തുകാരന്  / എഴുത്തുകാരിക്ക് അയാളുടെ എല്ലാ എഴുത്തുകളോടും ഉണ്ടാവും ചെറുതല്ലാത്ത ഒരിഷ്ടം. കാരണം അതൂർന്നു വീഴുന്നത് അയാളുടെ സ്വന്തമായ എന്തിൽ നിന്നൊക്കെയോ ആണ്. അതിൽ ഓർമ്മകൾ ഉണ്ടാവാം, കാഴ്ച്ചപ്പാടുകൾ ഉണ്ടാവാം, അനുഭവങ്ങൾ ഉണ്ടാവാം, സ്വപ്‌നങ്ങൾ ഉണ്ടാവാം ,മാഞ്ഞു പോവാത്ത ഒരു കാഴ്ച ഉണ്ടാവാം. എന്റെ  കഥകളിൽ എനിക്കു പ്രിയമുള്ള ഒന്നാണ് 'പുതുമഴച്ചൂരുള്ള ചുംബനങ്ങൾ '   എന്ന കഥ.
         എഴുത്ത്, വല്ലാത്ത മൂഡ്‌ ഡിസോർഡർ ഉള്ള ഒരാളെ പോലെയാണ്. അല്ലെങ്കിൽ ക്രമ രഹിതമായ ഋതുക്കളെ പോലെ. ചില കാലം അപ്രതീക്ഷിതമായി പെയ്തു കൊണ്ടേയിരിക്കും. ചിലപ്പോൾ കടുത്ത വേനലാവും. ചില കാലം ഒരിക്കലും പ്ലാൻ ചെയ്തിട്ടില്ലാത്ത പലതും എഴുതും ആഗ്രഹിക്കുന്നതിനെക്കാൾ ഭംഗിയായി. അതിനൊരു മറുകാലമുണ്ടാവും. സമയ ബന്ധിത മായി എഴുതി തീർക്കേണ്ട പലതും എഴുതാനാവാതെ, പ്ലോട്ട് കുറിച്ചിട്ട ഒന്നിനെയും വികസിപ്പിക്കാനാവാതെ, എഴുത്ത് നിരാസങ്ങൾ മാത്രം തരുന്ന കാലം. ആ അസ്വസ്ഥതയെ വായന കൊണ്ട് തോൽപ്പിക്കാൻ ശ്രമിക്കുമെങ്കിലും മിക്കപ്പോഴും തോൽക്കുക ഞാൻ മാത്രമാവും.
ചുറ്റുമുള്ള ലോകത്തിൽ നിന്ന് വേർപ്പെട്ടു നില്ക്കും പോലെ കഠിനമായ ഒരേകാന്തതയാണ് അത്. സത്യത്തിൽ ആ ശൂന്യതയെ നിറക്കാൻ ഒന്നിന് മാത്രമേ ആവൂ. എന്തിന്റെ അഭാവമാണോ എന്നെ അസ്വസ്ഥയാക്കുന്നത്, അതിന്.  _വാക്കുകൾക്ക് _
മാസങ്ങളോളം, വർഷങ്ങളോളം വിട്ടു പോയിട്ടുണ്ട് വാക്കുകളെന്നെ. അത്ര ക്രൂരമായി. അതിലേറെ സ്നേഹത്തോടെ തിരികെ വന്നിട്ടുമുണ്ട് പിന്നെയെപ്പോഴോ.
        തൃശ്ശൂർ ജില്ലയിലെ കട്ടിലപ്പൂവം എന്ന സ്ഥലത്ത് ജോലി നോക്കുന്ന സമയം. വളരെ ശാന്തമായ അന്തരീക്ഷം. ഏറെ ഇഷ്ടം തോന്നിപ്പിച്ച ആളുകൾ, തനിയെയുള്ള താമസം. വൈകുന്നേരങ്ങളിൽ ഗ്രാമീണ വായന ശാലയിലേക്കുള്ള നടത്തങ്ങൾ, അക്കാഡെമി ലൈബ്രറിയുടെ ചുറ്റുവട്ടങ്ങൾ, സൌഹൃദങ്ങൾ, മോശമല്ലാത്ത വായന. പുറമേ നിന്ന് നോക്കുമ്പോൾ ഒരെഴുത്തുകാരന് അത്ര ഇണക്കമുള്ള ഒരന്തരീക്ഷം .എഴുത്ത് പക്ഷെ,  പൊടുന്നനെ നിലച്ചു. കാരണമില്ലാതെ .
എഴുതാൻ ഉള്ളിൽ  ഒരുപാടുണ്ട്. പക്ഷെ  വാക്കുകൾ വല്ലാത്ത നിരാസത്തോടെ മാറി മാറി പോയ്ക്കൊണ്ടിരുന്നു പേന തൊടുമ്പോളൊക്കെ. അമ്മാതിരി അസ്വാസ്ഥ്യങ്ങളുടെ കാലത്ത് എനിക്കൊരു ഒളിത്താവളമുണ്ടായിരുന്നു.  എന്റെ പ്രിയപ്പെട്ട സഹ പ്രവർത്തകയും ചേച്ചിയും ഒക്കെയായ ബിന്ദുവിന്റെ കല്ലൂരെ വീട്. പാടങ്ങൾ, മതിക്കുന്ന് ക്ഷേത്രപരിസരം, റബ്ബർ കൂട്ടങ്ങൾ,  ബിന്ദുവിന്റെ അടുക്കള രുചികൾ, വീടിന്റെ മണങ്ങൾ  ..അങ്ങനെയങ്ങനെ എന്ത് കൊണ്ടോക്കെയോ എന്നെ സമാശ്വസിപ്പിക്കുന്ന എന്തൊക്കെയോ ഉണ്ടായിരുന്നു അവിടെ.
വല്ലാതെ അപകർഷത്തോടെ ദിവസങ്ങളോട് വഴക്കിട്ടുകൊണ്ടിരുന്ന എന്നെ ഒരു വെള്ളിയാഴ്ച വൈകുന്നേരം തൃശ്ശൂര് നിന്ന് ബിന്ദുവും ഭർത്താവ് മനുവേട്ടനും മകൾ അമ്മുവുംകൂടി കല്ലൂരെ വീട്ടിലേക്ക്  കൂടെ കൂട്ടി. കാറിലെ വയലാറിന്റെ പാട്ടിനു ചെവി കൊടുക്കാതെ ഞാൻ സീറ്റിൽ നിന്നും ഊർന്നിരുന്നു .അപ്പോൾ എന്റെ കാഴ്ച്ച മുഴുവൻ ആകാശമായി. നവംബർ മേഘങ്ങൾ കുറുഞ്ഞിപ്പൂച്ചയായി, ആനയായി, കുട്ടി ഭൂതങ്ങളായി രൂപാന്തരപ്പെട്ടു കൊണ്ട് പോയ്ക്കൊണ്ടേയിരുന്നു. പൊടുന്നനെ ,പൊടുന്നനെ വല്ലത്തോരാത്മീയതഭാവത്തോടെ ഏതോ ഒരു പള്ളിയുടെ മേൽ കുരിശ് എന്റെ കാഴ്ച്ചയിൽ പ്രത്യക്ഷമായി. ഒറ്റ നിമിഷം. അത് മാഞ്ഞു. അത് പക്ഷെ ഒരു കൊടുംകാറ്റിനെ ഉള്ളിൽ അഴിച്ചു വിട്ട് . എനിക്ക് മുന്നിൽ ഒരു മാത്ര കൊണ്ട് പുതിയൊരന്തരീക്ഷം പ്രത്യക്ഷമായി. സ്നേഹവും കാരുണ്യവും കാർക്കശ്യവും  നിറഞ്ഞ സിസ്റ്റർ സ്പെല്ലയുടെ മുഖം.
അത്രയേറെ  ശാന്തമായ, ചിട്ട വട്ടങ്ങളിൽ ഒതുങ്ങി നിൽക്കുന്ന ഒരു സ്കൂൾ മുറ്റം ബയോളജി ക്ലാസ്, വോളി ബോൾ  ക്യാപ്ടനും സുന്ദരനുമായ മുഹ്സീൻ അഹമ്മദ്, ബെല്ല റോസ് തട്ടോക്കാരൻ  അവർക്കിടയിലെ പ്രണയത്തിന്റെ മൂറിൻ തൈല ഗന്ധം. സിസ്റ്റർ സ്പെല്ലയുടെ മനസ്സ് എന്റെ മുന്നിലപ്പോൾ അത്ര വിശുദ്ധിയോടെ തുറന്നു കിടന്നു. പുതു മഴ നനയുമ്പോൾ പച്ച മണ്ണ് നിശ്വസിക്കാറുള്ള അതേ ആസക്തിയുടെ ഗന്ധമുള്ള ഒരു ചുംബനം കൈമാറുന്ന പ്ലസ് ടു വിദ്യാർഥികളായ മുഹ്സിനും ബെല്ല റോസും.. അത് യാദൃശ്ചികമായി കാണുന്ന സ്കൂൾ പ്രിൻസിപ്പലും അവരുടെ  ബയോളജി അധ്യാപികയുമായ സിസ്റ്റർ സ്പെല്ല.. ആ കാഴ്ചയിലൂടെ അവർ ചെന്ന് തൊടുന്ന അവരുടെ ഓർമകളുടെ കൌമാരം.. ആ ഓർമ്മകളോടുള്ള, നഷ്ടങ്ങളോടുള്ള അതിതീവ്രത നിറഞ്ഞ കഥയൊ ടുക്കത്തെ ചുംബനം-ബാഗു തുറന്ന് റൈറ്റിംഗ് പാഡ് എടുത്ത് ഞാൻ എഴുതിക്കൊണ്ടേയിരുന്നു .ഒരേ നേരം ആകാശത്തിലെ മേഘങ്ങളുടെ മായക്കാഴ്ചകൾ പോലെ  സിസ്റ്റെർ സ്പെല്ലയായും, മുഹ്സീനായും, ബെല്ലയായും മാർഗറീത്തായായും രൂപാന്തരപ്പെട്ടുകൊണ്ട്.       ഷാഹിന.ഇ.കെ
                                              
ഒളിനോട്ടം, മരണച്ചുറ്റ്, യന്ത്രപ്പാവ, തോട്, അഡ്ജസ്റ്റ്‌മെന്റ്, കലാപം, മൂക്കില്‍ രോമമുള്ള പെണ്‍കുട്ടി, കുണ്ടന്‍, പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍…തുടങ്ങി  ഒരെഴുത്തുകാരിയുടെ പതിനാലു കഥകളുടെ സമാഹാരം.
കഥാസമാഹാരത്തെപ്പറ്റി ശ്രീ വിജിന്‍ മഞ്ചേരി, 2015 ജൂലൈ 26 നു തന്‍റെ കരുതിപ്പൂക്കള്‍ ബ്ലോഗില്‍ കുറിച്ച വരികളിലേക്ക്.
"പുതുമഴ ചൂരുള്ള ചുംബനങ്ങള്‍,ഈയിടെ വായിച്ച ചെറുകഥാ സമാഹാരങ്ങളില്‍ എല്ലാ കഥകളും എന്നെ ആകര്‍ഷിച്ച പുസ്തകം. പതിനാലു കഥകള്‍, പതിനാലു വിധത്തില്‍, പതിനാലു തലങ്ങളില്‍ മനസ്സിനെ കീഴടക്കുന്നു. പക്വതയാര്‍ന്ന എഴുത്ത്. തള്ളപ്പൂച്ചയിലെ അവസാന രംഗങ്ങള്‍ മനസ്സില്‍ ഒരു ചിത്രമായി മായാതെ കിടപ്പുണ്ട്. കടലും കടല്‍ക്കാറ്റും കച്ചവട കുട്ടികളും കഥാകാരിയുടെ ഇഷ്ട്ട വിഷയങ്ങള്‍ ആയതുകൊണ്ടാകാം ഇടയ്ക്കു ആവര്‍ത്തിക്കുന്നത്. 'ഞാന്‍' എന്നാ വാക്കിനു ഒരു ലിംഗഭേദമില്ലാത്തത് കൊണ്ട് കഥാപാത്രങ്ങളെ ചിലയിടങ്ങളില്‍ മനസ്സിലാക്കാന്‍ വീണ്ടും പുറകിലേക്ക് മറിക്കേണ്ടി വന്നു. ഒളി നോട്ടത്തിലെ പരിഭ്രമങ്ങള്‍, പുതുമഴ ചൂരിലെ അവസാന ചുംബനം, പ്രണയത്തിനപ്പുറം പുരുഷനെ തിരയുന്ന കാമുകി, വൃദ്ധയോട് ആഡ്ജെസ്റ്റ് ചോദിക്കുന്ന തലമുറ, സ്വര്‍ഗ്ഗരതി, ബസന്തിനെ കൊലപാതകത്തിലേക്ക് നയിക്കുന്ന കുഞ്ഞു മനസ്സിന്റെ വിങ്ങലുകള്‍, യന്ത്രപ്പാവയും, തോടും, ആന്‍സിയുടെ പുതിയ ജീവിത പ്രതീക്ഷകളും എല്ലാം വായനക്കപ്പുറം എവിടെക്കയോ ചെന്ന് തൊടുന്നുണ്ട് അല്ലങ്കില്‍ എവിടെക്കയോ കൊത്തിവലിക്കുന്നുണ്ട്. ഈ ചുംബനത്തിന്റെ ചൂട് കുറച്ചു കാലം നിലനിലക്കും എന്ന് തോന്നുന്നു. നിരാശപ്പെടുത്തില്ല എന്നാ പൂര്‍ണ്ണ വിശ്വാസത്തോടെ തിരഞ്ഞെടുക്കവുന്ന പുസ്തകം. മുബീന്‍ ഇത്താ ഈ ബുക്ക്‌ നിര്‍ദേശിക്കുന്നത് മുമ്പ് തന്നെ വാങ്ങിയിരുന്നു എന്നതാണ് സത്യം.  ഇങ്ങനെ ഒരു വായന സമ്മാനിച്ചത്തിനു നന്ദി നന്ദി.... ഹൃദയം നിറഞ്ഞ ആശംസകള്‍".    വിജിന്‍ മഞ്ചേരി
                                                         തയ്യാറാക്കിയത് :- അന്നൂസ്

സ്കൂട്ടര്‍


ഭാവിവരനെക്കുറിച്ച് എനിക്ക് ഭയങ്കരമായ  സങ്കല്‍പങ്ങളൊന്നുമുണ്ടായിരുന്നില്ല. കയ്യും കാലുമൊക്കെ യഥാസ്ഥാനത്തുണ്ടാവണം,  തമാശ പറയാനറിയില്ലെങ്കിലും കേട്ടാല്‍ ചിരിക്കണം,(ഇതു നിര്‍ബന്ധമാണ്) ചിട്ട കൊണ്ട് എന്നെ കൊല്ലാന്‍ വരരുത്. വണ്ടി ( വണ്ടി എന്നു പറഞാല്‍ ബൈക്ക്) ഓടിക്കാനറിയല്‍ അഭിലഷണീയം. ഭാവിവരന്‍ വണ്ടി ഓടിച്ചു കാണാനുള്ള ആഗ്രഹം കൊണ്ടൊന്നുമായിരുന്നില്ല എനിക്കതിന്‍റെ പിന്നിലിരുന്നു പോയി ഒന്നട്ടഹസിക്കാനാണ്.  വിവാഹത്തിനു മുമ്പുള്ള സംഭാഷണത്തിനിടക്ക് ഞാനത് സൂത്രത്തില്‍ ചോദിച്ചു മനസ്സിലാക്കി ഒന്നു ഞെട്ടി.

ഉത്തരം ഇങ്ങനെയായിരുന്നു.

വണ്ടി ഓടിക്കാനൊക്കെ അറിയാം സൈക്കിളാണെന്ന് മാത്രം.

സാരമില്ല സൈക്കിളെങ്കി സൈക്കിള്‍ ( ഞാന്‍ സൈക്കിളിന്‍റെ പിന്നില്‍ പോകുന്ന എന്നെ ഒന്നു സങ്കല്‍പിച്ചു, സൂപ്പര്‍)

                                   അങ്ങനെ കല്യാണം കഴിഞ്ഞു.എന്നും സിനിമ കണ്ടില്ലെങ്കില്‍ ഞങ്ങളെ ആരെങ്കിലും തൂക്കിക്കൊല്ലും എന്ന മട്ടില്‍ ഒരു ദിവസം വിടാതെ ഞങ്ങള്‍ തിയേറ്ററിലേക്കോടി.ഒരു രാത്രി പത്തു പത്തരയാവുമ്പൊ ഞങ്ങള്‍ South kalamassery  ബസ്സിറങ്ങും, കുറ്റാകൂരിരുട്ട്, ഓട്ടോറിക്ഷ പോയിട്ട് ഒരു കാളവണ്ടി പോലും സ്റ്റാന്ഡിലുണ്ടാവില്ല.എനിക്കാണെങ്കില്‍ ഒരടി നടക്കുന്നത് ഇഷ്റ്റമല്ല. എന്‍റെ room mate നൂലുപോലത്തെ ജിനു ഉണ്ടപ്പക്ക്രുവായ എന്നെ കല്യാണത്തിനു മുമ്പ് എത്ര ഭീഷണിപ്പെടുത്തിയിട്ടും ഞാനവളുടെ കൂടെ നടക്കാന്‍ പോയിട്ടില്ല. ആ ഞാനാണ്, എത്ര ആലോചന വന്നതാ  ഞാന്‍ പകയോടെ ഷാനുക്കയെ നോക്കും .നടക്കുന്നതില്‍പരം ആനന്ദം വേറെ ഒന്നുമില്ലാത്ത ഷാനുക്ക

ഹമ്പടി അങ്ങനെയെങ്കിലും നീ ഒന്നു നടക്ക് എന്ന മട്ടില്‍ എന്നെയും വലിച്ചുകൊണ്ട് ഒന്നരക്കിലോമീറ്റര്‍ നടന്ന് വീടെത്തും.

                  കല്യാണത്തോടനുബന്ധിച്ചുള്ള ചിലവുകളും സല്‍ക്കാരങ്ങളും നിമിത്തം ഞങ്ങളുടെ (ഞങ്ങളുടെ അല്ല എന്‍റെ) വണ്ടി എന്ന സ്വപ്നം നീണ്ടുപോയി. അതിലുപരി ഷാനുക്കക്ക് വണ്ടിയോട് ഒരു താല്പര്യം വരണ്ടെ, എന്നെ ഫോര്‍ വീലര്‍ പഠിപ്പിക്കുന്നതിനിടയില്‍ two wheeler പഠിപ്പിക്കാന്‍ സാര്‍ ശ്രമിച്ചതാണ്.രണ്ടു ദിവസമെ പഠിപ്പിച്ചുള്ളൂ. mitവണ്ടിയില്‍ ആയിരുന്നു പഠിപ്പിച്ചത്. സാറെന്നെ സ്പീഡ് കുറക്കാന്‍ ഹാന്ഡില്‍ തിരിചാല്‍ മതി എന്നു പറഞ്ഞുകൊണ്ട്  സ്റ്റാര്‍ട്ട് ചെയ്ത് വിടും. ഞാനൊരു പോക്കാണ്. ലുട്ടാപ്പി കുന്തതില്‍ പോകുന്നപോലെ, ഇതിനിടക്ക് നിര്‍ത്തണേ, നിര്‍ത്തണേ... എന്നലറിക്കരഞ്ഞുകൊണ്ട് പലകുറി ഹാന്ഡില്‍ തിരിക്കും, അതോടെ സ്പീഡ് വര്‍ധിച്ച് ഞാനും വണ്ടിയും കൂടെ അവിടെ കിടക്കും. സാറാണെങ്കില്‍ ആ നേരം ഗ്രൌണ്ടില്‍ കിടന്ന് ചിരിച്ച് ചിരിച്ച് കുന്തം മറിയുകയാവും. കിടന്ന കിടപ്പിലുള്ള എന്‍റെ മുഖഭാവം കണ്ടിട്ടാവണം ചിരി നിര്‍ത്തി സാറോടിവരും,

രണ്ടുദിവസം കൂടി ഓടിച്ചാല്‍ ശെരിയാവും

കി കി കീ   എന്ന് സാറിനു പിന്നെയും ചിരിപൊട്ടും.അതോടെ ഞാന്‍ കാറു മാത്രം പഠിച്ചാല്‍ മതി എന്നുറപ്പിച്ചു. നാട്ടുകാര്‍ക്കെന്തു പറ്റിയാലും അവനവനു ഒന്നും പറ്റില്ലല്ലോ.

                   വണ്ടി വാങ്ങാനുള്ള കപ്പാസിറ്റി ഒത്തു വരാത്തതിനാലും ഡ്രൈവിങ് അറിയാത്തതുകൊണ്ടും ഷാനുക്ക ഒരു സൈക്കിള്‍ വാങ്ങി. എനിക്കു കൂടി സൈക്കിള്‍ പഠിക്കണം എന്നു പറഞ്ഞിരുന്നതിനാല്‍ ( ഇനി സൈക്കിളിലൊരു കൈ നോക്കിക്കളയാം)ചെറിയ ലേഡീസ് സൈക്കിളാണ്‍ വാങ്ങിയത്.പൊക്കം കുറവായ ഞാന്‍ അതില്‍ കയറി ഇരുന്നു നോക്കി,

ഇതും വലിയ സൈക്കിളാണല്ലോ

എന്ന് ഗര്‍ജിച്ചു. ഇതിലും ചെറുത് ഇനി അമനു (4 yrs old) പറ്റുന്നതേ ഉള്ളൂ എന്ന് ഷാനുക്ക അമര്‍ഷത്തോടെ (ലേഡീസ് സൈക്കിള്‍ വാങ്ങിയ ദേഷ്യം) തിരിച്ച് ഗര്‍ജിച്ചു , അതോടെ ഞാനടങ്ങി.സൈക്കിള്‍ പഠനം  കാറിനേക്കാളും സ്കൂട്ടറിനേക്കാളും വന്‍പരാജയമായിരുന്നു.ഒരു ദിവസം എന്നെ പഠിപ്പിച്ച് കലി കൊണ്ട ഷാനുക്ക എന്നെയും സൈക്കിളിനെയും എടുത്ത് വലിച്ചെറിഞ്ഞതിനാലും ഭര്‍ത്താക്കന്മാര്‍ എന്ന കണ്‍ട്രീസിന്‍റെ കൂടെ ഒരിക്കലും ഒരു വാഹനവും പഠിക്കരുത്, അവര്‍ നമ്മളെ ആക്ഷേപിക്കും എന്നെ ഉപദേശം മീന മാഡത്തിന്‍റെ കയ്യില്‍ നിന്നു കിട്ടുകയും ചെയ്തതിനാലും ഞാന്‍ പഠനം നിര്‍ത്തി.ഷാനുക്ക ദിവസവും ഓഫീസിലേക്ക് സൈക്കിളില്‍ പോകും , ഇങ്ങനെ വേണം ആരോഗ്യം ഇപ്പൊഴെ സംരക്ഷിക്കണമെന്നു പെനിസിലുപോലത്തെ ഷാനുക്കയെ നോക്കി അപ്പുറത്തെ വീട്ടില്‍ മുറ്റത്ത് 2 ഇന്നോവയുള്ള scientist ഞങ്ങളെ പ്രശംസിക്കും.

അതെ അതെ എന്നു വിനയാന്വിതരായി scientist കണ്‍മുന്നില്‍നിന്ന് മാറുന്ന നിമിഷം ഞങ്ങള്‍ പൊട്ടിച്ചിരിക്കും.

                                  അതിനിടക്ക് ഒരത്ഭുതം സംഭവിച്ചു. രാജാവിനു ബാംഗ്ലൂരില്‍ വെച്ച് നീന്താന്‍ കഴിഞ്ഞപോലെ അളിയന്‍റെ സ്കൂട്ടര്‍ പഠിക്കാന്‍ വേണ്ടി സ്റ്റാര്‍ട്ട് ചെയ്ത ഷാനുക്ക ഒരു പോക്കു പോയി, നാഷണല്‍ ഹൈവെയിലേക്ക് അപ്രത്യക്ഷനായി, ബേജാറായ അളിയന്‍ ഒരു കുടപോലുമെടുക്കാതെ,  ഷാനുക്കയുടെ പിന്നാലെ കുതിച്ചോടിയെങ്കിലും നിരാശനായി വേവാലാതി പൂണ്ട് ഒരു 20 മിനിറ്റിനുള്ളില്‍ തിരിച്ചെത്തി. ഏകദേശം ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ എടീ എനിക്ക് വണ്ടി ഓടിക്കാനറിയാം എന്നലറിക്കൊണ്ട് ഷാനുക്കയും തിരിച്ചെത്തി.അതോടെ ഷാനുക്കക്ക് സ്കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹം മുളപൊട്ടി, ഉടന്‍ 22000 രൂപ കൊടുത്ത് ഒരു second hand Activa വാങ്ങി. അന്ന് ആ വണ്ടിയുടെ പിന്നില്‍ യാത്ര ചെയ്ത് ഞാന്‍ കൃതാര്‍ത്ഥയാവുകയും ഇത്രയും ലാഭത്തില്‍ നമുക്ക് ഒരു വണ്ടി കിട്ടിയല്ലോ,

എന്താണു ദാസാ ഈ ബുദ്ധി മുന്നെ തോന്നാതിരുന്നത് എന്നു പരസ്പരം പ്രശംസിക്കുകയും ചെയ്തു.

                      ഏകദേശം ഒരാഴ്ചക്കുള്ളില്‍ തന്നെ activa യുടെ പൊട്ടും പൊടിയുമൊക്കെ ഇളകാന്‍ തുടങ്ങി. ഒരു ദിവസം ടെറസിന്‍റെ മുകളില്‍ നിന്ന് ഡ്രെസ്സ് ഉണക്കാനിടുകയായിരുന്ന എന്‍റെ സഹോദരി എടീ അതാ ഷാനൂ എന്നു പറഞ്ഞ് എന്നെ അലറിവിളിച്ചു. എന്തത്യാപത്താണാവോ എന്നു വിചാരിച്ചു കൊണ്ട് ഞാന്‍ ടെറസ്സിലേക്കോടി. ഷാനുക്ക ഒരു വളവു തിരിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് വരുന്ന രംഗമാണ് ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

വലിഞ്ഞു മുറുകിയിരിക്കുന്ന മുഖം, വില്ലുപോലെയുള്ള പുരികം, കത്തുന്ന കണ്ണുകള്‍,

പറക്കുന്ന വണ്ടി, ഞങ്ങള്‍ പട പട ഇടിക്കുന്ന ഹ്രുദയത്തോടെ ആ കാഴ്ച നോക്കിനിന്നു. വണ്ടി മിന്നല്‍ പോലെ വളവു തിരിഞ്ഞ് വീടിന്‍റെ ഗേറ്റ് കടന്ന്(ഗേറ്റ് അടക്കാറില്ല) പോര്‍ച്ചിലെക്കു കുതിക്കുന്നു. പെട്ടെന്നൊരു ശബ്ദം. ഞങ്ങള്‍ ഡ്രെസ്സൊക്കെ അവിടെയിട്ട് താഴേക്കോടി. ഷാനുക്ക ഒരു സര്‍ക്കസ്സുകാരനെപ്പോലെ  അവിടെയുള്ള അമന്‍റെ കളിപ്പാട്ടങ്ങളും മറ്റു സാമഗ്രികളും തട്ടിത്തെറിപ്പിച്ച് പോര്‍ച്ചിന്‍റെ തൂണില്‍ കാല്‍ ചവിട്ടി വണ്ടി നിര്‍ത്തി വിജയശ്രീലാളിതനായി ഞങ്ങളെ നോക്കി.

ഇതെന്താണിത്ര സ്പീഡ്, ഞങ്ങള്‍ അത്ഭുതപ്പെട്ടു

സ്പീഡൊന്നുമല്ല, ബ്രേക്ക് പോയതാ,

ഞങ്ങള്‍ ഞെട്ടി,

ഇനി മുതല്‍ ഈ വണ്ടി ഉപയോഗിക്കണ്ട.

ഏയ്, അതൊന്നും കുഴപ്പമില്ല, ഇതിന്‍റെ ബ്രേക്ക് എപ്പൊഴും പോകുമല്ലൊ, ഞാന്‍ വര്‍ക് ഷോപ്പില്‍ കൊടുക്കുകയാ പതിവ്

ഞങ്ങള്‍ വീണ്ടുംഞെട്ടി, അപ്പോള്‍ റോഡില്‍ വെച്ച് ബ്രേക്ക് പൊയാല്‍... സാബിറ സംശയം പ്രകടിപ്പിച്ചു.

അതിനു പോസ്റ്റോ മതിലോ ഇല്ലാത്ത റോഡുണ്ടോ ഷാനുക്ക ഞങ്ങളെ പുച്ഛിച്ചു കൊണ്ട് അകത്തേക്ക് പോയി.

                ഒരു ബിസിനസ്സുകാരനാവുക എന്ന അഭിലാഷമുള്ള ഷാനുക്ക ജോലി രാജിവെച്ച് ബിസിനസ്സ് ചെയ്താലോ എന്നെന്നോട് ചോദിക്കും.

എന്തു ബിസിനസ്സ് ചെയ്യും

കോഴിവളര്‍ത്തലായാലോ

മടിയനായ ഷാനുക്ക കോഴിവളര്‍ത്തിയാലുണ്ടാകുന്ന ആപത്താലോചിച്ച് കിടുങ്ങിക്കൊണ്ട്  ഷാനുക്കയെ ആക്ഷേപിക്കാതെ ഞാന്‍ നയത്തില്‍ അതില്‍ നിന്നു പിന്തിരിപ്പിക്കും

കോഴിപ്പനി വന്നു എല്ലാം ചത്ത് പോയാലോ

എന്നാ മീന്‍ വളര്‍ത്തിയാലോ, അലങ്കാരമല്‍സ്യം

ഹും, സ്വന്തം വീട്ടില്‍ 2 fish tank ഉണ്ട്, വീട് വാങ്ങുന്ന സമയത്ത് നിറച്ച് വലിയ മീനുകളുണ്ടായിരുന്ന ടാങ്കുകളില്‍ ഇപ്പൊ തേങ്ങയാണ്‍ കൂട്ടി ഇട്ടിരിക്കുന്നത് എന്നു മനസ്സിലാലോചിച്ച നിമിഷം നയമൊക്കെ നഷ്ടപെട്ട് ഞാന്‍ " അതും ചത്തുപോകും എന്നു പ്രതിവചിച്ചു."

ഇതു കേട്ട നിമിഷം ഷാനുക്ക എന്‍റെ മനസ്സിലിരുപ്പ് മനസ്സിലാക്കി.

നീ ഒരിക്കലും എന്നെ ബിസിനസ്സ് ചെയ്യാന്‍ സമ്മതിക്കില്ല, നിന്‍റെ വാക്കാരു കേള്‍ക്കുന്നു എന്നക്രമാസക്തനായി.

അയ്യോ കയ്യില്‍നിന്നുപോയോ എന്നു പേടിച്ച് ഞാന്‍ അടുത്ത നയം പ്രയോഗിച്ചു.

നമുക്ക് റബ്ബര്‍ഷീറ്റ് ബിസിനസ്സ് നടത്താം ( കല്യാണം കഴിഞ്ഞ സമയത്ത് ഷാനുക്ക എന്നോട് പങ്കുവെച്ച ചില രഹസ്യങ്ങളില്‍പെട്ടതായിരുന്നു റബ്ബര്‍ഷീറ്റിനെപറ്റിയുള്ളതും. ഷാനുക്ക പഠിപ്പെല്ലാം കഴിഞ്ഞ് വീട്ടില്‍ തൂണുപോലെ നിക്കുന്ന കാലം. മക്കളെ ഒരു നിമിഷം വെറുതെ ഇരുത്തരുത്, അവരെ മാടിനെപ്പോലെ പണിയെടുപ്പിക്കണമെന്ന പോളിസിയുള്ള ഷാനുക്കയുടെ ഉപ്പ ഉടന്‍ തന്‍റെ  റബ്ബര്‍ തോട്ടത്തിലെ വെട്ടുകാരനെ പറഞ്ഞുവിട്ടു. ആ ദൌത്യം ഷാനുക്കയെ ഏല്പിച്ചു. റബ്ബര്‍ വെട്ടുക മാത്രമല്ല  അവിടത്തെ എല്ലാ മേക്കാടുപണിയും  ചെയ്യണം കൂടാതെ ഷീറ്റ് വിറ്റ് കൃത്യം പൈസ ഉപ്പ എന്ന പുരുഷസിംഹത്തെ ഏല്പിക്കുകയും വേണം. റബ്ബര്‍ വെട്ടുക, തീപ്പയര്‍ സംരക്ഷണം, പോച്ച പറിക്കല്‍ ഇത്യാദി എല്ലാം ചെയ്തു കഴിയുമ്പോഴേക്കും വൈകുന്നേരമാകും. പൈസയെല്ലാം ഉപ്പയെ ഏല്പിക്കുന്നതുകാരണം വട്ടച്ചിലവിനു പൈസയില്ലാതെ ഷാനുക്ക നട്ടം തിരിഞ്ഞു. അതു കൊണ്ട് സ്വന്തം പറമ്പിലെ ഷീറ്റ് (അത്യാവശ്യത്തിനുമാത്രം) കട്ടുവിറ്റ് ഷാനുക്ക വട്ടച്ചിലവിനുള്ള പൈസ കണ്ടെത്തി. അതുകൊണ്ട് തന്നെ റബ്ബര്‍കൃഷിയെക്കുറിച്ചും ഷീറ്റിനെക്കുറിച്ചും ഷാനുക്കക്ക് വള്ളിപുള്ളി വിടാതെ അറിയാം.അതു കൊണ്ടാണ്‍ ഞാനങ്ങനെ ഒരു പരാമര്‍ശം നടത്തിയത്.)

പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് എന്നു പറയുന്നതുപോലെ  റബ്ബര്‍ എന്നുകേട്ടാല്‍ ഷാനുക്കക്ക് തന്‍റെ ജീവിതത്തിലെ ആ ഇരുണ്ട കാലഘട്ടം ഓര്‍മ വരുന്നതിനാല്‍ തല്‍സമയം ബിസിനസ്സ് ചര്‍ച്ചകള്‍ അവസാനിപ്പിച്ച് മണ്ടസ്കൂട്ടറില്‍ അവിടെനിന്നും നിഷ്ക്രമിച്ചു.

                        എന്നുമെന്നും റിപ്പയറിങ് ചെയ്തുകൊണ്ട് activa ഞങ്ങളുടെ പൈസ തിന്നുമുടിച്ചു.അന്നൊക്കെ ഒമ്പതുമണിക്ക് ഓഫീസിലെത്തേണ്ട ഞാന്‍ 9.10 നു വീട്ടില്‍ നിന്നിറങ്ങും. 9.20 നു  register എടുക്കുന്നതിനു മുമ്പ് ഓഫീസിലെത്തണം. ഷാനുക്ക എന്നെയും ഒന്നരവയസ്സുള്ള ദവീനെയും വണ്ടിയിലിരുത്തി വണ്ടി പറപ്പിക്കും, ഞങ്ങളുള്ളപ്പൊ ഇങ്ങനെ ഓടിക്കല്ലെ, ഷാനുക്ക ഒറ്റക്കുള്ളപ്പോ ഇങനെ ഓടിച്ചോന്നു പറഞ്ഞു ഞാന്‍ പിന്നിലിരുന്നു കരയും.ഹമ്പടി ഇതു കേള്‍ക്കുന്ന ഷാനുക്ക ഒന്നുകൂടെ സ്പീഡ് കൂട്ടും.ആയിടക്ക് എന്‍റെ റിസര്‍ച്ചാവശ്യത്തിനായി ഞങ്ങള്‍ എറണാകുളം  സൌത്തിലേക്ക് താമസം മാറ്റി.പതിവുപോലെ ഞാനും ദവീനും ഷാനുക്കയുടെ കൂടെ വണ്ടിയില്‍ പോവുകയായിരുന്നു. തിയറിയില്‍ expert ആയ ഞാന്‍ ലൈസന്‍സില്ലാത്ത ഷാനുക്കയെ പിന്നിലിരുന്നു നിരന്തരം ഉപദേശിച്ചുകൊണ്ടിരിക്കും. indicator ഇടൂ, ഹോണടിക്കൂ എന്നൊക്കെ. ഇനി ഒരക്ഷരം മിണ്ടിപ്പോകരുത് എന്നു പറയുന്നതു വരെ ഞാനിതു തുടരും.ഇടക്ക് വച്ച് വണ്ടി ഓഫായി. ഭാര്യയും കുട്ടിയുമായി പോകവേ വണ്ടി നിന്നുപോയതില്‍ അഭിമാനക്ഷതമേറ്റ ഷാനുക്ക (ഒട്ടും അപമാനമില്ലാതെ ഞാന്‍ പിന്നിലിരിക്കുകയാണ്)വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ തീവ്രശ്രമം നടത്തുകയാണ്

എന്തൊക്കെയോ അകത്തുനിന്ന് പൊടിയുന്ന ശബ്ദം

അതെന്താ

അതങ്ങനെയൊക്കെയാ ഷാനുക്കക്ക് ദേഷ്യം. അവസാനം മാനം കിട്ടി വണ്ടി സ്റ്റാര്‍ട്ടായി. പിന്നെയും ഉള്ളില്‍ നിന്ന് എന്തൊക്കെയൊ ശബ്ദങ്ങള്‍

അതൊന്നും വകവെക്കാതെ ഞങ്ങള്‍ മുന്നോട്ട് പോയി.അപ്പൊ അതാ അടുത്ത പ്രതിസന്ധി, റോഡ് പൊളിച്ച് മെറ്റല്‍ മാത്രം ഇട്ടിരിക്കുന്നു. പണ്ടേ ദുര്‍ബല പിന്നെ ഗര്‍ഭിണിയും എന്ന മട്ടില്‍ ഞങ്ങളുടെ വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

അപ്പൊ വീണ്ടും വണ്ടിയുടെ ഉള്ളില്‍ നിന്നും ശബ്ദങ്ങള്‍.വണ്ടി ആകപ്പാടെ കുലുങ്ങാന്‍ തുടങ്ങി.വളരെപ്പതുക്കെ പോവുന്നവണ്ടി സ്ളോമോഷനില്‍ വീഴാന്‍ പോവുകയാണ്.

ഷാനുക്ക കാലുകുത്ത്, കുത്ത് എന്നലറുന്നുണ്ട്, ഞാനൊന്നു കുത്തിയാല്‍ വണ്ടി മറിയുന്നത് ഒഴിവാക്കാം. പക്ഷെ ഇത്തരം ആപത്ഘട്ടങ്ങളില്‍ ഞാനൊരിക്കലും ഉചിതമായി പ്രവര്‍ത്തിച്ച ചരിത്രമില്ല (പാവം ദവീന്‍ നടക്കാന്‍ തുടങ്ങുന്നതിനു മുമ്പെ ദിവസവും വീഴും. ഞാന്‍ ആ ആ ആ എന്നലറിക്കൊണ്ട് അവന്‍ വീഴുന്നതും നോക്കി നില്ക്കുമെന്നല്ലാതെ ഇന്നുവരെ രക്ഷിച്ചിട്ടില്ല.ഒരിക്കല്‍ ഞാന്‍ അവനു കുറുക്കും കൊടുത്തുകൊണ്ട് സിറ്റൌട്ടില്‍ നില്‍ക്കുകയാണ്. എന്തൊ കുരുത്തക്കേടൊപ്പിച്ച അവനു സ്റ്റെപ്പിലൂടെ മുറ്റത്തേക്കു വീഴുന്നു. ഞാന്‍ പതിവുപോലെ ആ ആ ആ എന്നലറിക്കൊണ്ടു കയ്യിലുള്ള സ്പൂണ്‍ വിടാതെ അതിനെന്തെങ്കിലും സംഭവിച്ചാലോഎന്ന മട്ടില്‍ തുള്ളിക്കോണ്ട് നില്ക്കുന്നു. കുറെ അകലെ മുറ്റമടിച്ചോണ്ടിരിക്കുന്ന 64 കാരിയായ  ഉമ്മ എന്‍റെ അലര്‍ച്ച കേള്‍ക്കുകയും ചൂലു വലിച്ചെറിഞ്ഞ് പറന്നുവന്നു കുട്ടി രണ്ടാമത്തെ സ്റ്റെപ്പിലെത്തിയപ്പൊഴെക്കും താഴെയുള്ള കല്ലില്‍തട്ടാതെ പുഷ്പം പോലെ വാരിയെടുക്കുകയും ചെയ്തു). എന്തോ സംഭവിക്കാന്‍ പോകുന്നു എന്നു മനസ്സിലാകിയ ഞാന്‍ കാലുകുത്തുന്നതിനുപകരം, പെഡല്‍സ്റ്റാന്‍ഡില്‍ കാലു അമര്‍ത്തിപ്പിടിച്ചു.ഞാന്‍ ഒരിക്കലും കാലുകുത്തില്ലെന്നു മനസ്സിലാക്കിയ ഷാനുക്ക വണ്ടി വീഴാതിരിക്കാന്‍ കഠിനമായി പ്രയത്നിച്ച് മുട്ടുകാലില്‍ വണ്ടി താങ്ങി നിര്‍ത്തി.പതുക്കെ വളരെ പതുക്കെ ഞാനും ദവീനും റോഡിലേക്ക് നിരങ്ങി വീണു. ചുരിദാറില്‍ ഒരു ചെളി പോലും ആവാത്ത ഞാന്‍ ചിരിച്ചോണ്ട് ചാടിഎഴുന്നേറ്റ് അലറിക്കരയുന്ന ദവീനെ എടുത്തു.(അവന്‍ കെട്ടിയിരുന്ന pampers ഒന്നു മാറിപ്പോയതൊഴിച്ചാല്‍ ഒരു കുന്തവും പറ്റാത്ത അവന്‍ മെറ്റലില്‍ ഇരുന്നുകൊണ്ട് വെറുതെ അലറി നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു).ഇത് ചെറിയ അപകടമായിരുന്നെങ്കിലും അവന്‍റെ കരച്ചില്‍ കേട്ട് കടന്നുപോയ എല്ലാ വണ്ടികളും തിരിച്ചോടിവന്നു. എല്ലാ പാവം മനുഷ്യരും കൂടി ഞങ്ങളെആശ്വസിപ്പിക്കാന്‍ തുടങ്ങി, ആരൊക്കെയൊ മറിഞ്ഞ വണ്ടി നേരെയാക്കിവെച്ചു.ഒരു പാവം മനുഷ്യന്‍ എന്‍റെ ബാഗ് വാങ്ങിപ്പിടിച്ച് ഒന്നും പറ്റാത്ത എന്നോട്,  പേടിക്കരുത് സാരമില്ല എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു.ഞാനാണെങ്കില്‍ സന്ദര്‍ഭത്തിന്‍റെ ഗൌരവം മനസ്സിലാക്കി ദുഃഖിതയായി നിന്നു.

               ഇതിനിടക്ക് ആരോ ഷാനുക്കയോട് പാന്‍റ്റ് കീറിപ്പോയല്ലോ എന്ന് ചോദിക്കുന്നത് കേട്ടു. ഞാന്‍ നോക്കുമ്പോള്‍ മുട്ടിനു താഴെ പാന്‍റില്ല. ഒന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോഴതാ മുട്ടിന്‍മേല്‍ വലിയ ഒരു മെറ്റല്‍ കഷ്ണത്തിന്‍റെ ആക്രുതിയില്‍ എല്ലാം അടര്‍ന്നുപോയി വെള്ളക്കളറിലിരിക്കുന്നു.സ്കൂട്ടറിന്‍റെ വെയിറ്റും കൂടാതെ ഞങ്ങളുടെ 50+10 കിലോയും ഒരു മുട്ടുകാലില്‍ താങ്ങിയപ്പോള്‍ പറ്റിയതായിരുന്നു അത്. ഉടന്‍ ആളുകള്‍ ഒരു ഓട്ടോറിക്ഷ പിടിച്ച് ഞങ്ങളെ ആശുപത്രിയിലേക്ക് വിട്ടു. ligament നു ചെറിയ പരിക്കും എട്ടു സ്റ്റിച്ചും ഒക്കെയായി ഞങ്ങള്‍ അന്നു രാത്രി വീട്ടിലേക്കു മടങ്ങി. എന്തായാലും അന്നു കാലുകുത്താത്തതിന്‍റെ ശിക്ഷ എനിക്കു ഒരു ബക്കറ്റിന്‍റെ രൂപത്തില്‍ കിട്ടി.ആ ബക്കറ്റും പിടിച്ച് ഒരു പത്തു ദിവസം ഞാന്‍ ബെഡ്റൂമിനും ടോയ്‌ലറ്റിനും ഇടക്കു നടക്കേണ്ടി വന്നു. ഏകദേശം ഒരു മാസത്തെ റെസ്റ്റിനു ശേഷം (ligament നു പരിക്കു പറ്റിയതിനാല്‍)ഷാനുക്ക വീണ്ടും activa യുമായി റോഡിലിറങ്ങി.  വീണ്ടും ബ്രേക്ക് പോയി,  തല്‍സമയം റോഡില്‍ പോസ്റ്റുകളും മതിലും ഇല്ലാതിരുന്നതിനാല്‍ ബേജാറായ ഷാനുക്ക കുറെ ദൂരം ഒരു വാണം കണക്കെ മുന്നോട്ട് പോയശേഷം വണ്ടി ഒരു മെറ്റല്‍ കൂനയിലേക്ക് ഓടിച്ചുകേറ്റി മറിച്ചിട്ടു. അന്നു രാത്രി തന്നെ മഹാനായ ആക്ടീവയെ  വന്‍തുകക്കു (എന്നു ഷാനുക്ക പറയുന്നു) കൂട്ടുകാരനു കൈമാറി.

(ചിത്രത്തിനു ഗൂഗിളിനോട് കടപ്പാട്)

പാലം (മിനി കവിത)


എനിക്കും നിനക്കുമിടയില്‍
ഒരു പാലമുണ്ടായിരുന്നു.
നിര്‍മ്മാണത്തില്‍
നീ ക്രമക്കേട് കാണിച്ചതിനാല്‍
ബലം ക്ഷയിച്ചു
തകര്‍ന്നു വീണ,
ഞാനിത് വരെയും
കരുതലോടെ കാത്ത
പ്രണയത്തിന്റെ പാലം.

Search This Blog