വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

എനിക്കിഷ്ടം?.. (കവിത)


ഉറങ്ങാനാകാതെ ഉണർന്നിരിക്കുന്ന
ഘോരതപത്തിന്‍റെ വെള്ളിവെളിച്ചത്തിൽ
മോഹിപ്പിച്ചു തളർത്തുന്ന
വെറും വെളിച്ചം മാത്രമായ
സൂര്യനെയും പകലിനെയും
വെറുക്കുന്നില്ല ഞാനെങ്കിലും
ഇഷ്ടപ്പെടുന്നില്ല തരിമ്പും
വന്നുവീണതും പിച്ചവച്ചതും
വയറു നിറച്ചതുമെല്ലാമിരുട്ടിൽ
പകലിലേക്ക് രാത്രിയിൽ നടന്നു
കറുപ്പ് കനത്ത ഇരുട്ടില്‍
പൊട്ടൻതെയ്യങ്ങൾ അലറിവന്നു
മിന്നാമിന്നിവെട്ടത്തിൽ തലപൊക്കിയപ്പോൾ
ഞാന്‍ കാലുതട്ടി വീണു
മുട്ടുപൊട്ടി ചോരകിനിഞ്ഞു
ഇരുട്ടിനെ സ്നേഹിക്കാൻ
നിലാവ് പഠിപ്പിച്ചു
അമ്പിളിയുടെ കുളിർതീർത്ഥം!.
പൊട്ടന്മാരെല്ലാം കോമാളികളായി
ചോര കിനിഞ്ഞിടം വൃണമായെങ്കിലും
നോവെല്ലാം സുഖമുള്ളതായിരുന്നു
രതിനദി ശാന്തസംഗീതമായി
പ്രണയിച്ചൊഴുകിയതും ഇരുട്ടിലാണ്
മണലൂറ്റി അവളെ വറ്റിച്ചത്
പകലിന്റെ വിരുതും
കൂമസംഗീതവും തവളക്കാറലുകളും
നിലാവഴികളിൽ എനിക്ക് സ്വന്തം
അടക്കപ്പെട്ട വാതിലിനപ്പുറം
പ്രകാശം പിറക്കുമെന്ന്
കറുത്ത ഇരുട്ടിലാണ് പഠിച്ചത്
വെളിച്ചത്തിന് തൊട്ടുമുമ്പ്
ഇരുട്ടതിൻറെ പരകോടിയിലായിരുന്നു
വെളിച്ചത്തിലേക്ക് തുറക്കുന്ന
പ്രകാശമാണെനിക്ക് ഇരുട്ട്
അതെ, എനിക്കിഷ്ടം ഇരുട്ടാണ് രാത്രിയാണ്
അതിൻറെ നിശ്ശബ്ദസംഗീതമാണ്...
--------------------------
...ജോഫിൻ മണിമല...
  08682871736


എല്ലാമറിയുന്നവൻ വിക്രമാദിത്യൻ (നര്‍മ്മം)


അങ്ങനെ ചന്തുവിന്റെ യാത്രാവിവരണപ്രകാരം...

എന്നുവച്ചാൽ  എറണാകുളത്തെ കോളേജിൽ നിന്നും തിരുവനന്തപുരത്തെ വീട്ടിലേയ്ക്കുള്ള യാത്രയാണ്. റെയിൽവേ സ്റേഷൻ വരെ ആലുവാക്കാരൻ കൂട്ടുകാരനും അകമ്പടി സേവിച്ചു. രണ്ടുപേരും ആത്മാവും പറങ്കിമാവുമാണ്.

ട്രെയിൻ  വരാൻ ഇനിയും രണ്ടു മണിക്കൂർ സമയം ഉണ്ട്.
രണ്ടു  മണി സമയം. ഒന്നും കഴിക്കാൻ സമയം കിട്ടിയില്ല. വിശന്നാണേൽ  അണ്ടം കീറുന്നു.
ഫുഡ്ബങ്കിൽ നല്ല ചിക്കൻറോൾ കിട്ടും. ഒരെണ്ണം തട്ടിയാലോ ?

അപ്പോൾ  കൂട്ടുകാരൻ ഉവാച.
"വാടാ എന്റെ വീട്ടിൽപ്പോയി വല്ലതും കഴിച്ചിട്ടുവരാം. നീ തിരിച്ചുവരുമ്പോഴേയ്ക്കുമേ ട്രെയിനിന്റെ സമയം ആകത്തൊള്ളൂ."

ആഹാരം കഴിക്കാൻ ആരെങ്കിലും വിളിച്ചാൽ ആദ്യം വേണ്ടാ എന്നേ  പറയാവൂ എന്ന് വീട്ടുകാർ പ്രത്യേകം പറഞ്ഞിട്ടുണ്ട്. എന്നുവച്ചാൽ ആക്രാന്തം കാണിക്കരുതെന്ന്.
കുട്ടിയായിരുന്ന കാലത്ത് ഇതെല്ലാം സമ്മതിച്ച് ഒരിക്കൽ ഒരു വീട്ടിൽ പോയി.  കുറേനേരം ഇരുന്നിട്ടും അവർ ഒന്നും തരുന്ന ലക്ഷണമില്ല. വല്ലതും തന്നാലല്ലേ വേണ്ടാന്നു പറയാൻ പറ്റൂ. കുറച്ചുനേരം  ഇരുന്ന് ക്ഷമ കേട്ടപ്പോൾ  കൈ കൊണ്ട് പാത്രത്തിൽ നിന്നും വാരിക്കഴിക്കുന്നതായി മൂന്നാലുവട്ടം അമ്മയെ അഭിനയിച്ചു കാണിച്ചുകൊടുത്തു. കാര്യം മനസ്സിലാക്കിയ വീട്ടുകാർ പലഹാരങ്ങൾ നിരത്തിയപ്പോൾ  സമാധാനത്തോടെ പറഞ്ഞു, വേണ്ട.

" വേണ്ടാടാ, ഇവിടുന്നെങ്ങാനം ഒരു ചിക്കൻറോളോ  മറ്റോ കഴിക്കാം."
"നീ വെറ്തെ പന്ന സാധനൊക്കെക്കഴിച്ച് വയറു ചീത്തയാക്കണ്ട. പോവാം. വീട്ടിൽ  ചിക്കൻ കറി കാണും. അമ്മയെന്നും ചിക്കൻ കറി  ഉണ്ടാക്കും. നല്ല സൊയമ്പൻ ചിക്കൻ കറി.. !!"
ചിക്കൻ കറി എന്ന് കേട്ടാൽ വീഴാത്ത ചന്തുവുണ്ടോ?

"ട്രെയിൻ  വരുമ്മുമ്പ് തിരിച്ചെത്താൻ പറ്റുമോ?"
"പിന്നല്ലാതെ.ദേ പോയി,ചിക്കൻ കറി കൂട്ടി ചോറുണ്ടു , ദാ വന്നു..!!"
വച്ചു പിടിച്ചു കൂട്ടുകാരന്റെ വീട്ടിലേയ്ക്ക്.
ചിക്കൻ കറി  കൂട്ടി ചോറുണ്ണാൻ.

വീട്ടുവാതിൽക്കൽ എത്തിയപ്പോഴേ കൂട്ടുകാരന്റെ അമ്മ വിസ്മയം പൂണ്ടു.
"ങ്ഹെ? നീ നേരത്തെയെത്തിയോ? കോളേജുകന്റീനിൽ നിന്നും വല്ലതും കഴിച്ചു കാണുമല്ലോ, അല്ലേ ?"

ഠിം..!!
, ഒന്നും വേണ്ടാ എന്ന് ഇപ്പോഴേ പറഞ്ഞാലോ? അല്ലെങ്കിൽ വേണ്ട, പിന്നെ ഒന്നും തന്നില്ലെങ്കിലോ?
"ചിക്കൻ കറിയുണ്ടോ അമ്മേ ഇത്തിരി ചോറെടുക്കാൻ?" കൂട്ടുകാരൻ അമ്മയോട് ആരാഞ്ഞു
"ചോറ്  ശകലം ഫ്രിഡ്ജിൽ കാണുമെടാ . ചിക്കൻ കറീം കുറച്ചു കാണും. തുറന്നു നോക്ക്."
ചിക്കൻ കറി, ചിക്കൻ കറി ..!! 

ആക്രാന്തരാമന്മാർ ഫ്രിഡ്ജ് തുറന്ന് ചിക്കൻ കറി പുറത്തെടുത്തു.
ആലുവാദേശം മുഴുവൻ ഒരു വളിച്ച നാറ്റം അലയടിച്ചു
എറണാകുളത്തുകാർ പതിവുപോലെ അത് തിരിച്ചറിഞ്ഞതുമില്ല.

സങ്കടരാമന്മാരെ കണ്ട കൂട്ടുകാരന്റെ അമ്മ പറഞ്ഞു.
"ചിക്കൻ  ഫ്രീസറിലുണ്ടെടാ ..ഇപ്പൊ ശരിയാക്കിത്തരാം. നമുക്ക് ചാപ്സ് ഉണ്ടാക്കാം."
ചിക്കൻ ചാപ്സ്, ചിക്കൻ ചാപ്സ്..!!

അമ്മ ഫ്രീസറിൽ നിന്നും ചിക്കൻ എടുത്ത് വെളിയിലിട്ടു.
പണ്ട് റ്റൈറ്റാനിക് ഇടിച്ചു തകർന്ന  മഞ്ഞുകട്ട ഫ്രീസറിൽ അതേപടി സൂക്ഷിച്ചു വച്ചിരിക്കുകയാണ്. അത്  ഉരുകി ചിക്കനാകുമ്പോഴേയ്ക്കും ഇന്നത്തെ  ട്രെയിനും പോകുംനാളത്തെ ട്രെയിനും പോകും.

"സാരമില്ലെടാ, എനിക്ക് പോകാൻ നേരമായി.." ചന്തു പരാജയം സമ്മതിച്ചു.
കൂട്ടുകാരന് സങ്കടമായി.
"നീയെന്റെ വീട്ടിൽ വന്നിട്ട് ഒന്നും തന്നില്ലനിനക്ക് ഞാൻ ഒരു നാരങ്ങാവെള്ളമെങ്കിലും ഉണ്ടാക്കിത്തരാം. "

കൂട്ടുകാരൻ ഓടിപ്പോയി ഗ്ലാസ്സിൽ  വെള്ളമെടുത്ത്, ഐസ് ക്യൂബുകൾ പെറുക്കി ഇട്ടു.
ചന്തുവിനെ നോക്കി പ്രായശ്ചിത്തമെന്ന വണ്ണം തലകുലുക്കിച്ചിരിച്ച് ഒരു ഐസ്ക്യൂബ് അവന്റെ ഗ്ലാസ്സിൽ കൂടുതലിട്ടു. പഞ്ചസാരയിട്ട് സ്പൂണ്കൊണ്ടിളക്കി. സ്പൂണിന്റെ അതേ താളത്തിൽ തലയുമാട്ടി.
പിന്നെ ഫ്രിഡ്ജിനകത്ത് തലയിട്ടു പരതി  ഉറക്കെ വിളിച്ചു.
"അമ്മേ  ഇതിലിരുന്ന നാരങ്ങായൊക്കെ എവിടെ?"
"നാരങ്ങാ   തീർന്നു പോയെടാ, വാങ്ങാൻ മറന്നു !!"
കൂട്ടുകാരൻ ഫ്രിഡ്ജ് അടച്ച് ഒരു വളിച്ച  ചിരിയോടെ മേശപ്പുറത്തെ പഞ്ചസാരലായനിയെ  നോക്കി.

"സാരമില്ലെടാ, നമുക്ക് പോകാം. എന്റെ ട്രെയിൻ  വരാൻ സമയമായി"
ഇനി അവനെങ്ങാനും പഞ്ചസാരലായനി കുടിക്കാൻ പറഞ്ഞാലോ എന്ന് വിചാരിച്ച് ചന്തു ചാടിയെഴുന്നേററ്  ബായ്ഗ് എടുത്ത് തോളിൽ തൂക്കി.

"എന്നാലും നിനക്കൊന്നും ഞാൻ തന്നില്ല..!!"
വൈക്ലബ്യൻ ഓടിപ്പോയി മേശപ്പുറത്തുനിന്നും ഒരു ടിന്നെടുത്തു തുറന്ന് രണ്ടു ബിസ്കറ്റ് എടുത്തു നീട്ടി.
"നീ  ഇതേലും തിന്ന്.!!"

ചിക്കൻകറി  കൂട്ടി ചോറുണ്ണാൻ ബസ്സും പിടിച്ചു വന്ന ചന്തുവിന്റെ രണ്ടു  കണ്ണുകളിലും നിന്ന് സന്തോഷാശ്രുക്കൾ ധാരധാരയായി പൊഴിഞ്ഞു.
"എന്തെടാ, അത് എരിവുള്ള ബിസ്കറ്റ് അല്ലെല്ലോ !?" കൂട്ടുകാരന് സംശയമായി."എന്തായാലും രണ്ടെണ്ണമേ ആകെയുണ്ടായിരുന്നുള്ളൂ. നെന്റെയൊരു ബാഗ്യമേ..!"

രണ്ട് ബിസ്കറ്റും ഉദരാഗ്നിയിൽ നിക്ഷേപിച്ച്  ബായ്ഗുമായി  ചന്തു വെളിയിൽ  ചാടി.
വീടിന്റെ ഗേറ്റ് തുറന്നു വെളിയിൽ കടക്കുമ്പോൾ കൂട്ടുകാരന്റെ പട്ടി വിക്രമാദിത്യൻ എന്ന വിക്രു ക്രൌര്യത്തോടെ കുരച്ചു മറിഞ്ഞു.
ചന്തു ഒട്ടൊരു സംശയത്തോടെ കൂട്ടുകാരനോട് ആരാഞ്ഞു.
"ഡാ, ബിസ്കറ്റ് അവന്റെയായിരുന്നോ?"

ഒരു  വിധത്തിൽ ബസ് പിടിച്ച് തിരിച്ച് റെയിൽവേസ്റേഷനിലെത്തി.
ട്രെയിൻ  വരാൻ ഇനിയും പത്തു മിനിട്ടുണ്ട്. വയറുകത്തി ഓടി ഫുഡ് ബങ്കിലെത്തി.
"ചേട്ടാ ഒരു ചിക്കൻ റോൾ"
"അയ്യോന്റെ കുട്ടാ, ചിക്കൻ റോൾ തീർന്നുപോയല്ലോ. ഒരു മണിക്കൂർ  മുമ്പ് വരെയുണ്ടായിരുന്നു."

അഞ്ചുമണിക്കൂറുകൾ വല്ലവിധേനയും താണ്ടി  സ്വന്തം വീട്ടിലെത്തിയപ്പോൾ ഗേറ്റിൽ നിന്നേ പിച്ചക്കാരനെപ്പോലെ നിലവിളിച്ചു .
"അമ്മേ തായേ, വല്ലതും തരണേ,  അമ്മോ, ഹമ്മോ, ഹമ്മഹമ്മ ഹമ്മോ..!!"

അമ്മ ചോറും കറികളും കൂടെ അവന്റെ ഇഷ്ടഭോജനം ചിക്കൻ ഫ്രൈയ്യും മേശപ്പുറത്ത് വിളമ്പി വച്ചു
", വേണ്ടായിരുന്നു..!"
"പോടാ, വന്നുകഴിക്ക്.."

ചന്തു ഓടിപ്പോയി ഫോ  കയ്യിലെടുത്തു.
"വിശക്കുന്നു എന്ന് പറഞ്ഞിട്ട് ഇപ്പൊ ഫോ  ചെയ്യാൻ പോന്നതെന്തിനാ?" അമ്മ വഴക്ക് പറഞ്ഞു.
"കാര്യമുണ്ട്..!!"

ഫോണ്‍  ഡയൽ ചെയ്ത് ഇടതുകയ്യിൽ മാറ്റിപ്പിടിച്ച്  വലതുകൈ കൊണ്ട് ഒരു ചിക്കൻകാലെടുത്ത്  വായിൽ വച്ച് കടിച്ചു മുറിച്ചു എല്ല് പൊട്ടിച്ച്  ശബ്ദമുണ്ടാക്കി ചന്തു  ഫോണിലേയ്ക്ക്  അലറി.
"ഡാ തെണ്ടീ, ചിക്കൻ കടിച്ചു പറിക്കുന്ന ശബ്ദം കേക്കടാ..!!"

അവിടെ നിന്നും പശ്ചാത്തലത്തിൽ വിക്രമാദിത്യന്റെ കുര കേട്ടു .
_____________________________________________________________________
വര- Annus Ones

മഴവില്ലിന്റെ തുണ്ട്

ച്ചപുല്ലു നിറഞ്ഞ കുന്നിൻപുറത്തിരുന്നു സായാഹ്നവെയിലാസ്വദിക്കുകയായിരുന്നു ഫെലിപ്പെ. സ്വർണ്ണ വെയിൽ പുൽക്കൊടികളിലൂടെ കടന്ന് അവയുടെ ഞരമ്പുകളുടെ വടിവ് വ്യക്തമാക്കി. കാറ്റ് എവിടെ നിന്നോ ചില കരിയിലകളെ തട്ടി നീക്കി മുന്നിലിട്ടത് അയാൾ ശ്രദ്ധിച്ചതേയില്ല. സമീപത്തെങ്ങും മരങ്ങളൊ ചെടികളൊ ഇല്ലായിരുന്നെങ്കിലും എവിടെന്നാവും ആ കരിയിലകൾ വന്നിരിക്കുക എന്ന ജിജ്ഞാസ നിറഞ്ഞ ചിന്ത പോലും അയാൾക്കുണ്ടായില്ല. ഫെലിപ്പെയുടെ കണ്ണുകൾ ദൂരെ വളഞ്ഞു നിന്ന മഴവില്ലിലായിരുന്നു. അതിനു ഏഴു നിറങ്ങളുമില്ലായിരുന്നു. വെറും അഞ്ചു നിറങ്ങൾ. മറ്റു രണ്ടു നിറങ്ങൾ എവിടെ പോയെന്നയാൾ ആലോചിച്ചതേയില്ല. കണ്ണടച്ച ശേഷം അയാൾ പിന്നിലേക്ക് ചാഞ്ഞു. അയാളുടെ കൺപോളകൾക്കടിയിൽ അപ്പോഴും മഴവില്ലുണ്ടായിരുന്നു. എന്നാൽ ഏഴു നിറങ്ങളുമുണ്ടായിരുന്നു ആ മഴവില്ലിന്‌.

ആ കിടപ്പിൽ ഒന്നുറങ്ങിയാലോ എന്നാലോചിച്ചെങ്കിലും, അൽപനേരം കഴിഞ്ഞാൽ ഇരുട്ടു വീഴുമെന്നും, പിന്നീട് മഞ്ഞു പൊഴിയുമെന്നുമോർത്ത് അയാൾ ഉണർന്നിരിക്കാൻ തന്നെ തീരുമാനിച്ചു. ഇരുകൈകളാൽ അയാൾ പച്ചപുൽക്കൊടികളെ മൃദുവായി തടവി കൊണ്ടിരുന്നു. വിരലുകളിൽ നേരിയ തണുപ്പ് അനുഭവപ്പെട്ടപ്പോഴാണ്‌ കണ്ണു തുറക്കാൻ തോന്നിയത്. കണ്ടത് ഒരു മിനുങ്ങുന്ന ചെറിയ ഒരു കഷ്ണമായിരുന്നു. അതിനു മുറിച്ചു വെച്ച ഇരുമ്പു കമ്പിയേക്കാൾ തിളക്കമുണ്ടായിരുന്നു, മഞ്ഞിനേക്കാൾ തണുപ്പും, പുൽക്കൊടിയേക്കാൾ മിനുസവുമുണ്ടായിരുന്നു. അയാളതെടുത്ത് കണ്ണിനരികിൽ പിടിച്ചു. അതിനുള്ളിൽ ഒഴുകി നടക്കുന്നുണ്ട് അഞ്ചു നിറങ്ങൾ.
‘ഇതു മഴവില്ലിന്റെ തുണ്ടാണ്‌!’
അയാൾ അത്ഭുതത്തോടെ സ്വയം പറഞ്ഞു. ശേഷം കമഴ്ന്നു കിടന്നതിനെ സൂക്ഷിച്ചു നോക്കി. ആ നേരമത്രയും അതയാളുടെ കൈവെള്ളയിൽ തന്നെയുണ്ടായിരുന്നു. സൂക്ഷിച്ചു നോക്കും തോറും അയാൾക്കതിനുള്ളിൽ നക്ഷത്രങ്ങളേയും, ഗ്രഹങ്ങളേയും കാണാൻ കഴിഞ്ഞു. പ്രപഞ്ചം മുഴുവൻ തന്റെ കൈക്കുള്ളിലായതു പോലെയയാൾക്ക് തോന്നി.

ഇതു ചിലപ്പോൾ താൻ കണ്ട മഴവില്ലിന്റേതാവില്ല.
ചിലപ്പോൾ മഴപെയ്യുന്ന മറ്റെവിടെയോ ഉണ്ടായ മഴവില്ലിന്റെ ഭാഗമാവും.

ഫെലിപ്പെ തലയുയർത്തി നോക്കി. കുറച്ച് മുൻപ് താൻ കണ്ണിനുള്ളിലാക്കിയ മഴവില്ലവിടെ ഉണ്ടായിരുന്നില്ല.
ഇരുട്ടിന്റെ ഒരു പാളി വീണു കഴിഞ്ഞിരിക്കുന്നു. ഇനി മഞ്ഞ് അടർന്നു വീഴാൻ തുടങ്ങും. പച്ചപ്പ് മുഴുവൻ വിളറി വെളുക്കും. അയാൾ ആ തിളങ്ങുന്ന തുണ്ട് തന്റെ നീണ്ട കോട്ടിന്റെ കീശയിലിട്ടു കുന്നിറങ്ങി നടന്നു.

തനിക്ക് കിട്ടിയത് ഇതു വരെ ആർക്കും കിട്ടാത്ത ഒന്നാണെന്നയാൾക്ക് പൂർണ്ണ ബോദ്ധ്യമുണ്ടായിരുന്നു. ഇതേക്കുറിച്ച് മാർത്തയോട് പറയണോ വേണ്ടയോ എന്ന സംശയം കലർന്ന ചിന്ത അയാൾക്കുണ്ടായില്ല. തന്റേതെന്നു പറയാൻ ഒരു രഹസ്യമെങ്കിലും അവശേഷിക്കട്ടെ. നടക്കുമ്പോഴൊക്കെ അയാൾ വലതു കൈ കൊണ്ട് പോക്കറ്റിനുള്ളിലെ മഴവിൽ നിറമുള്ള കഷ്ണത്തേ സ്പർശിച്ചു കൊണ്ടിരുന്നു. പ്രപഞ്ചസ്പർശത്തിന്റെ സുഖമനുഭവിച്ചു കൊണ്ടയാൾ നടന്നു. എതിരെ വന്ന ചിലർ അഭിവാദ്യം ചെയ്തതോ, ‘നല്ലൊരു സായാഹ്നം ആശംസിക്കുന്നു’ എന്നു പറഞ്ഞതോ അയാൾ കേട്ടില്ല.
താനിത് എവിടെ ഒളിപ്പിക്കും?.
താനിത് എന്താണ്‌ ചെയ്യാൻ പോകുന്നത്?
എന്നൊക്കെ ഓർത്താണയാൾ നടന്നു കൊണ്ടിരുന്നത്.

വീടിന്റെ പടികൾ കയറുമ്പോൾ പാൽ ചൂടാക്കാൻ വെച്ച കുക്കറിന്റെ ചൂളം വിളി കേട്ടു.
മാർത്ത ഇപ്പോൾ ബ്രെഡ് മൊരിക്കാനുള്ള തിരക്കിലായിരിക്കും.

സാധാരണ മഞ്ഞു വീണു തുടങ്ങുമ്പോഴെക്കും അത്താഴം കഴിച്ച്, കമ്പിളിപുതപ്പിനുള്ളിൽ നൂണ്ട് കയറിയിട്ടുണ്ടാവും മാർത്ത. അത്താഴം കഴിഞ്ഞാൽ കൂനി പിടിച്ച് പഴയ സോഫയുടെ മൂലയിലിരിക്കുക അവളുടെ പതിവാണ്‌. കൈയ്യിൽ അവളുടെ സുഹൃത്ത് അന്റോണിയോയുടെ കടയിൽ നിന്നും വാങ്ങിയ ചുവന്ന വീഞ്ഞ് നിറച്ച സ്ഫടിക ഗ്ലാസ്സും കാണും. അന്റോണിയോയുടെ കടയിലാണവൾ ജോലി ചെയ്യുന്നതും. അയാൾ ചിലപ്പോൾ വീഞ്ഞ് സമ്മാനമായി കൊടുക്കാറുണ്ട്.
ഫെലിപ്പെ ഇടയ്ക്കോർക്കാറുണ്ട്, എന്തിനാണ്‌ മാർത്തയ്ക്ക് മാത്രം സൗജന്യമായി വീഞ്ഞിന്റെ കുപ്പി കൊടുക്കുന്നത്?.
എന്നാലതേക്കുറിച്ച് കൂടുതലാലോചിച്ച് തലപുണ്ണാക്കാൻ ഒരിക്കലും അയാൾ തയ്യാറായിരുന്നില്ല.

‘ഇത്രയും നേരമെവിടെയായിരുന്നു?‘ എന്ന അരിശം കലർന്ന പെൺശബ്ദം അവഗണിച്ച് അയാൾ രണ്ടാം നിലയിലേക്ക് തടി കൊണ്ട് നിർമ്മിച്ച പടികൾ കയറി പോയി.
മരപ്പലകളുണ്ടാക്കിയ അക്ഷേപസ്വരങ്ങളയാൾ കേട്ടില്ല.
മുറിക്കകത്തേക്ക് കടന്നയുടൻ വാതിലടച്ചു സാക്ഷയിട്ടു. വാതിലിനു പിന്നിലെ ചെമ്പുകൊളുത്തിൽ തൂക്കിയിട്ടിരുന്ന നിശാവസ്ത്രങ്ങൾ ഉലഞ്ഞു. അയാൾ കോട്ടിന്റെ കീശയിൽ നിന്നും തനിക്കു കിട്ടിയ വസ്തു പുറത്തെടുത്തു നോക്കി. അതപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു. ഇപ്പോഴതിനു ഇളം മഞ്ഞ നിറമായിരിക്കുന്നു. കണ്ണുകൾക്കടുത്തേക്ക് പിടിച്ചു നോക്കി. എവിടെ വാൽനക്ഷത്രങ്ങൾ? എവിടെ തിളക്കമാർന്ന ഗോളങ്ങൾ?. നക്ഷത്രങ്ങൾ തിളങ്ങി മറയുന്നതയാൾ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. ഇതെവിടെ സൂക്ഷിച്ചു വെയ്ക്കാനാണ്‌?. ഇതു കണ്ടാൽ അവൾ ചിലപ്പോളെടുത്ത് വിൽക്കും. അയാളുടെ ചിന്തകൾ തെന്നി തടി മില്ലിൽ അന്നു വൈകിട്ടുണ്ടായ ഒരു സംഭാഷണത്തിലെത്തി.
യുദ്ധത്തെക്കുറിച്ച് ആരോ പറഞ്ഞിരുന്നല്ലോ?.
യുദ്ധത്തിനേക്കുറിച്ചുള്ള വാർത്തകൾ ഇവിടുള്ളവർ കേട്ടു തുടങ്ങിയിരിക്കുന്നു. ഇപ്പോൾ ഇവിടുള്ളവരാരും മഴവില്ലിന്റെ നിറഭംഗി കാണാൻ നിൽക്കാറില്ല. ചിലർ ഇപ്പോഴെ ഉരുളക്കിഴങ്ങ് വാങ്ങി കൂട്ടുന്നുണ്ട്. യുദ്ധം ഇരച്ചാർത്ത് വന്നാൽ ഒരു പക്ഷെ അതു പോലുമുണ്ടാവില്ല. അന്യദേശത്ത് നിന്നും ഒളിച്ചോടി വന്നവർ പറയുന്ന കഥകൾ വിശ്വസിക്കാൻ കൂടി കഴിയുന്നില്ല. ചിലർ വിശപ്പു സഹിക്കാതെ പച്ചപുല്ല്‌ പറിഞ്ഞു തിന്നെന്നും, ചിലർ പുഴയിൽ നിന്നും മീനുകളെ പിടിച്ച് പച്ചയ്ക്ക് കഴിച്ചെന്നും. ഓക്കാനിച്ചു പോകുന്ന കഥകൾ വേറേയും കേട്ടു. അയാൾ കട്ടിനടിയിൽ നിന്നും ഒരു ഇരുമ്പു പെട്ടി വലിച്ചു നീക്കി പുറത്തിട്ടു. ഒരു പഴയ കാലുറ അതിൽ നിന്നുമെടുത്ത് അതിനുള്ളിലേക്ക് തന്റെ നിധി ഇട്ടു. കാലുറയുടെ നേരിയ ആവരണത്തിലൂടേയും തിളക്കം പുറത്തേക്ക് കാണാമായിരുന്നു. ഇതെവിടെയാണൊളിപ്പിക്കേണത്?. അയാൾ കട്ടിലിന്റെ പുറത്ത് കയറി നിന്നു മച്ചിലേക്കുള്ള ചെറിയ അടപ്പു തുറന്ന് അവിടേക്ക് തന്റെ പൊതി നീക്കി വെച്ചു.

ഇരുമ്പു പെട്ടി നീക്കി കട്ടിനടിയിലേക്ക് വെച്ച് വാതിൽ തുറന്നയാൾ താഴേക്ക് പടികളിറങ്ങി. ഇത്തവണ പടികൾ കരയുന്ന ശബ്ദം കേൾക്കുകയുണ്ടായില്ല. അതും അയാൾ ശ്രദ്ധിച്ചില്ല. മാർത്ത അപ്പോഴേക്കും ഒരു ചൈനീസ് കളിമൺ പാത്രത്തിൽ മൊരിച്ച ബ്രെഡ് അടുക്കി വെച്ചിട്ടുണ്ടായിരുന്നു.
‘ഇന്നെന്തു കിട്ടി?’
പുശ്ചം കലർന്ന ചോദ്യം അയാളുടെ തല താഴ്ത്തി കളഞ്ഞു.
‘എടുത്തു കഴിച്ചോ..ഇതൊക്കെ എവിടെന്നു വരുന്നു എന്നാർക്കും അറിയണ്ടല്ലോ..’
ഒരു വലിയ സൗജന്യം ചെയ്തു കൊടുക്കുന്ന ഭാവത്തോടെയാണ്‌ പറഞ്ഞു തുടങ്ങിയതെങ്കിലും പറഞ്ഞു തീരാറാവുമ്പോഴേക്കും അവളുടെ മുഖത്ത് നിസ്സംഗത നിറഞ്ഞു.
ഫെലിപ്പെ അപ്പോഴും ആലോചിച്ചത് മറ്റൊന്നായിരുന്നു.
മാർത്തയുടെ മുഖത്ത് എന്തു കൊണ്ട് യുദ്ധത്തേക്കുറിച്ചോർത്ത് ആവലാതി നിറഞ്ഞ ഭാവം ഉണ്ടാവുന്നില്ല?. ഇവൾക്ക് ഒന്നിനേയും പേടിയുണ്ടാവില്ല. അവൾക്ക് വേണ്ടത് മഞ്ഞ് വീഴുമ്പോൾ നുണയാൻ അൽപം ചുവന്ന വീഞ്ഞ് മാത്രമാണ്‌. ചിലപ്പോൾ ഇവൾ യുദ്ധത്തിനെക്കുറിച്ചുള്ള വാർത്തകൾ കേട്ടില്ല എന്നിരിക്കുമോ?. മില്ലിൽ യുദ്ധകഥകൾ പറയാൻ മാത്രമാണ്‌ ചിലർ വരുന്നതെന്നും തോന്നും. തടികൾ മുറിച്ചിടുമ്പോൾ യുദ്ധം ജയിച്ച ഭാവം ചിലരുടെ മുഖത്തു തെളിഞ്ഞു വന്നിരുന്നോ?. അവർക്ക് ഈ കഥകളൊക്കെ എവിടെ നിന്നാണ്‌ കിട്ടുന്നത്?. അവരിൽ ചിലർ - ചിലർ മാത്രം യുദ്ധം വരും മുൻപ് രാജ്യം വിടുന്നതിനെ കുറിച്ച് ശബ്ദം താഴ്ത്തി പറഞ്ഞിരുന്നു. ചിലർ യുദ്ധത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും. മൂന്നാമത്തൊരു വിഭാഗം കൂടി ഉണ്ടാവണമല്ലോ?. അവർ എന്താണാഗ്രഹിക്കുന്നത്?. ചിലപ്പോൾ അവർക്ക് ശബ്ദമൊന്നുമുണ്ടാവില്ല, ആഗ്രഹങ്ങളും.

കിടക്കയിലേക്ക് കയറി കമ്പിളി പുതയ്ക്കുമ്പോൾ അയാൾക്ക് മാർത്തയെ ഒന്നു ചേർത്തു പിടിച്ച് ചുംബിക്കണമെന്നു തോന്നി. അവൾ ചുവരിനോട് ചേർന്നാണ്‌ കിടക്കുന്നത്. നിറം മങ്ങിയ ചുവരിലേക്ക് നോക്കിയാണവൾ ഉറക്കത്തിലേക്ക് പോവുക. ചുവന്ന വീഞ്ഞിനു സമം അവളുടെ മുഖം ചുവന്നിട്ടുണ്ടാകുമപ്പോൾ. അയാൾ വീണ്ടും ഗ്രഹങ്ങളെ കുറിച്ചോർത്തു, നക്ഷത്രങ്ങളെ കുറിച്ചും. വീദൂരതയിൽ നിന്നും വന്ന ഒരും നക്ഷത്രവെളിച്ചം മങ്ങിയണഞ്ഞു പോകുന്നത് പോലെയയാൾ ഉറക്കത്തിലേക്കാണ്ടു പോയി.

പിറ്റേന്ന് ഫെലിപ്പെ ഉണരുമ്പോൾ നന്നെ വൈകി പോയിരുന്നു. സമയസൂചികൾ പതിവിലും വേഗത്തിൽ സഞ്ചരിച്ചോ എന്നയാൾ സംശയിച്ചു.

അയാൾ മാർത്തയെ രണ്ടു വട്ടം വിളിച്ചു നോക്കി. മറുപടി കിട്ടാത്തതു കൊണ്ട് മനസ്സിലായി. അവൾ പിണങ്ങി പോയിരിക്കുകയാണ്‌. തന്നോടിപ്പോൾ സംസാരിക്കാൻ കൂടി അവൾ വൈമനസ്യം കാണിച്ചു തുടങ്ങിയിരിക്കുന്നു. എന്നാൽ അയൽക്കാരോട് സംസാരിക്കുമ്പോൾ അവൾക്ക് മറ്റൊരു മുഖമാണ്‌. ഏഷണി പറച്ചിലിൽ അവൾക്കെന്താണിത്രയും സന്തോഷം?. വർഷങ്ങൾക്ക് മുൻപ് പള്ളിയിലേക്കുള്ള വഴിയിൽ വെച്ച് കാണുമ്പോൾ അവൾ മറ്റൊരു പെണ്ണായിരുന്നു. അന്റോണിയോ - അയാളുടെ കടയിൽ ജോലിക്ക് പോയി തുടങ്ങിയതു മുതലാണവൾ മാറി തുടങ്ങിയത്. ഇനി അയാൾ വീഞ്ഞിൽ എന്തെങ്കിലും കലർത്തി കൊടുക്കുന്നുണ്ടാവുമോ?.

ഫെലിപ്പെയുടെ മില്ലിൽ ഇപ്പോൾ പണി കുറവാണ്‌. താമസിച്ചു ചെന്നാലും ഇല്ലെങ്കിലും പ്രത്യേകിച്ച് കാര്യമില്ല. പണി കിട്ടുന്നതിനനുസരിച്ചു മാത്രമേ കൂലി കൊടുക്കുകയുള്ളൂ. ദിവസം ചെല്ലും തോറും പണി കുറഞ്ഞു വരുന്നു. ചിലപ്പോൾ ഉടൻ തന്നെ അയാളെ പിരിച്ചു വിടാനും സാധ്യതയുണ്ട്. പഴയ സുഹൃത്തുക്കൾ പലരും പലവഴിക്ക് പിരിഞ്ഞു പോയിരിക്കുന്നു. ചിലർ കപ്പൽപ്പണിക്ക്, ചിലർ പട്ടാളത്തിൽ, ചിലർ വീടു പണിക്ക്.

ഇനി ഈ രാജ്യത്തിൽ നിന്നിട്ട് കാര്യമില്ല. എവിടേക്കെങ്കിലും പോകണം. യുദ്ധത്തിനെ കുറിച്ചുള്ള വാർത്തകൾ സത്യമാവുകയോ അല്ലയോ എന്നതു വിഷയമല്ല. ഇന്നു വൈകിട്ട് മാർത്തയോട് അതേക്കുറിച്ച് സംസാരിക്കണം. അയാളുടെ കണ്ണുകൾ മച്ചിൽ തറച്ചു നിന്നു. എഴുന്നേറ്റ് വാതിലിനരികിൽ ചെന്ന് കുറച്ച് നേരം ശബ്ദങ്ങൾ ശ്രദ്ധിച്ചു. ആരുമില്ല. കട്ടിലിൽ കയറി നിന്ന് അയാൾ മച്ചിൽ നിന്നും താൻ തലേന്ന് വെച്ച പൊതിയെടുത്തു. അതിപ്പോഴും തിളങ്ങുന്നുണ്ട്. അതെടുത്ത് ഉള്ളം കൈയ്യിൽ വെച്ചു. ഇപ്പോഴതിനുള്ളിൽ ഗ്രഹങ്ങളോ നക്ഷത്രങ്ങളോ കാണാൻ കഴിയുന്നില്ല. മഴവില്ലിന്റെ നിറങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. കട്ടിൽ ചെന്ന് കിടന്ന് ചില്ലു ജനാല വഴി വരുന്ന വെളിച്ചത്തിനു നേർക്ക് പിടിച്ചു നോക്കി. അതിനുള്ളിലെന്തോ ചലിക്കുന്നുണ്ട്. കണ്ണിനടുത്തേക്ക് പിടിച്ചപ്പോൾ കാണാൻ കഴിഞ്ഞു, ചില മനുഷ്യരൂപങ്ങൾ!. അയാൾ കൂടുതൽ സൂക്ഷമതയോടെ നോക്കി. പരിചയമുള്ളിടങ്ങൾ, പരിചയമുഖങ്ങൾ. അവിടെ മാർത്തയെ അയാൾ കണ്ടു. കൂടെ അന്റോണിയോയേയും. അയാൾ അവൾക്കെന്തൊ കൈമാറുന്നത് കണ്ടു. ഒരു ചെറിയ കടലാസ് പൊതി. അതു കൈമാറുമ്പോൾ അയാൾ എന്തോ അവളുടെ ചെവിയിൽ പറയുന്നതും കണ്ടു. ഒന്നും ഒന്നും രണ്ടു തന്നെയാണെപ്പോഴും. ആ പൊതിയിൽ എന്താണെന്ന് ഫെലിപ്പെയ്ക്ക് ഊഹിക്കാൻ കഴിഞ്ഞു. അയാൾ കണ്ണടച്ചു കിടന്നു. അവൾക്കെങ്ങനെ ഇത്രയും മാറാൻ കഴിഞ്ഞു?. പള്ളി വഴിയിൽ താൻ കാത്തു നിന്നത്, മുറ്റത്ത് ഓറഞ്ചിന്റെ ചെടി ഒന്നിച്ച് നട്ടത്, വേലിയിൽ വെളുത്ത പെയ്ന്റടിച്ചത്.. ശരിക്കും യുദ്ധം തുടങ്ങിരിക്കുന്നു. അതിർത്തിക്കപ്പുറത്ത് നിന്നല്ല ആക്രമണം എന്നു മാത്രം. അയാൾ വീണ്ടും കൈയ്യിലിരുന്ന വസ്തുവിലേക്ക് നോക്കി. ഇപ്പോഴതിൽ മഴവില്ലിന്റെ നിറങ്ങൾ ഒഴുകി പരക്കുന്നതു കാണാൻ കഴിയുന്നുണ്ട്. ഗ്രഹങ്ങൾ..നക്ഷത്രങ്ങൾ..
അപ്പോൾ മാർത്തയും അന്റോണിയോയും?. തനിക്ക് തോന്നിയതാണോ?. ആവില്ല.
അയാൾ വേഷം മാറി പുറത്തേക്ക് പോയി.

നടക്കുമ്പോൾ ഫെലിപ്പെ ആലോചിച്ചത് രണ്ടു കാര്യങ്ങൾ മാത്രമായിരുന്നു. ഇന്നു വൈകുന്നേരം മാർത്ത തനിക്കും വീഞ്ഞു നിറച്ചു തരും. തനിക്ക് മഴവില്ലിന്റെ തുണ്ട് കിട്ടിയില്ലായിരുന്നെങ്കിൽ?. എല്ലാം യാദൃശ്ചികമാവാൻ ഒരു സാധ്യതയുമില്ല. ആരോ എല്ലാം മുൻകൂട്ടിയറിഞ്ഞു തനിക്ക് മുന്നറിയിപ്പ് തരുന്നു. പക്ഷെ എന്തിന്‌?.
വേണമെങ്കിൽ അന്റോണിയോയുടെ കടയിലേക്ക് കയറി ചെല്ലാം. ഇപ്പോൾ തന്നെ. അവളോട് നേരിട്ട് ചോദിക്കാം. പക്ഷെ എല്ലാം തനിക്ക് തോന്നിയതാണെങ്കിൽ, ആ ഒരു ചോദ്യം ചോദിച്ചെന്ന കാരണത്താൽ തന്നെ അവൾ പിണങ്ങി പോകും. വൈകുന്നേരം വരെ കാത്തിരിക്കാം.

അന്നു മില്ലിൽ നല്ല പോലെ പണിയുണ്ടായിരുന്നു ഫെലിപ്പെയ്ക്ക്. താമസിച്ചു വന്നതിനു അയാളൊരു നുണ പറഞ്ഞു. ഇന്നു വീട്ടിലേക്ക് ചെല്ലുന്നത് അവളിതു വരേയ്ക്കും കഴിക്കാത്ത മുന്തിയ വീഞ്ഞുമായിട്ടാവണം. കൂലി വാങ്ങുമ്പോഴയാളോർത്തു. മധുരപലഹാരങ്ങൾ കൂടി വാങ്ങിയിട്ടാണ്‌ വീട്ടിലേക്ക് പോയത്.

മൊരിച്ച ബ്രഡിന്റെ മണമാണയാളെ വീട്ടിലേക്ക് വരവേറ്റത്. അയാൾ മാർത്തയുടെ നേർക്ക് വീഞ്ഞിന്റെ കുപ്പി നീട്ടി. അവളുടെ കണ്ണുകൾ വിടരുന്നതും, ചുണ്ടിൽ ചിരി നിറയുന്നതും അയാൾ നിർവൃതിയോടെ കണ്ടു. ഇന്നു തന്റെ ജന്മദിനമാണോ എന്നവൾ സംശയിച്ചു കാണും. അന്നു രാത്രി അവർ ധാരാളം കഴിക്കുകയും മദ്യമകത്താക്കുകയും ചെയ്തു. ഉറയ്ക്കാത്ത കാലുകളുമായി അവരിരുവരും മുകളിൽ കിടപ്പു മുറിയിലേക്ക് പോയി. അപ്പോൾ പെട്ടെന്നയാൾക്ക് തോന്നി. തന്റെ രഹസ്യം അവളോട് പങ്കുവെച്ചാലോന്ന്.
‘മാർത്താ, നിനക്ക് ഞാനൊരു അത്ഭുതം കാണിച്ചു തരാം’
‘..എതത്ഭുതം..’ എന്ന് നാവു കുഴഞ്ഞു പോകുന്ന ശബ്ദത്തിൽ ചോദിക്കുമ്പോഴേക്കും അയാൾ കട്ടിലിൽ കയറി നിന്നിരുന്നു. അയാൾ മച്ചിൽ നിന്നും ആ പൊതിയെടുത്ത്, അതിനുള്ളിലിരുന്ന വസ്തു അവളെ കാണിച്ചു.
‘ഇതിലു നോക്കിയാൽ എല്ലാം കാണാം’
അയാളതവളുടെ കൈയ്യിൽ വെച്ചു കൊടുത്തു.
അവൾ കണ്ടത് മനുഷ്യരൂപങ്ങളെ ആയിരുന്നു.
വ്യക്തമായല്ലെങ്കിലും അവൾ കണ്ടു, ഫെലിപ്പെയുടെ മുഖഛായയുള്ളൊരാളെ. അയാൾ തീവണ്ടിയിൽ ഇരിക്കുന്നതാണവൾ കണ്ടത്. കാറ്റിൽ ജനാലയ്ക്കരികിലിരിക്കുന്ന അയാളുടെ മുടി പറക്കുന്നുണ്ട്.
‘നിങ്ങൾ..നിങ്ങളിതെങ്ങോട്ടാണ്‌...പോകുന്നത്?’ അതും ചോദിച്ച് അവൾ പിന്നിലേക്ക് മറിഞ്ഞു.
അയാളതു അവളുടെ കൈയ്യിൽ നിന്നുമതെടുത്ത് നോക്കി.
തിളങ്ങുന്ന നക്ഷത്രങ്ങൾ..ഗ്രഹങ്ങൾ..പ്രപഞ്ചം മുഴുക്കേയും..
അയാൾ അതു മേശപ്പുറത്ത് വെച്ച് അവൾക്ക് സമീപം കിടന്നു. കിടന്നതും അയാൾ ഉറക്കമായി.

പിറ്റേന്ന് എഴുന്നേറ്റപ്പോൾ ആദ്യം ഓർമ്മ വന്നത് തന്റെ രഹസ്യ വസ്തുവിനെ കുറിച്ചായിരുന്നു. താനും മാർത്തയും കുടിച്ചു..പിന്നീട് എങ്ങനെയോ പടികൾ കയറി വന്നു..പിന്നീട്..താനതെടുത്ത് മാർത്തയ്ക്ക് കാണിച്ചു കൊടുത്തു.
അപ്പോഴവളെന്തോ പറഞ്ഞിരുന്നല്ലൊ?
എന്താണ്‌ പറഞ്ഞത്‌?
അല്ല..എന്തോ ചോദിച്ചു..ആരോ എവിടേയ്ക്കോ പോകുന്ന കാര്യം..
മാർത്ത എവിടെ?
എവിടെ തന്റെ നിധി?
അയാൾ കട്ടിലിനിടിയിലും, തലയിണയുടെ അടിയിലും, മേശപ്പുറത്തും തിരഞ്ഞു.
അതവിടെങ്ങും ഉണ്ടായിരുന്നില്ല.

അയാൾ വിയർക്കാനാരംഭിച്ചു.
ചിലപ്പോൾ..ചിലപ്പോൾ അവളതെടുത്തിട്ടുണ്ടാവും. അതെവിടെയെങ്കിലും കൊടുത്ത് വിറ്റിട്ടുണ്ടാവും.
അയാൾ നിശാവസ്ത്രങ്ങളാണിട്ടിരിക്കുന്നതെന്ന് കൂടി ഓർക്കാതെ പുറത്തേക്ക് പാഞ്ഞു.
തെരുവിലൂടെ അയാൾ കുറെ ദൂരം ഓടി. മാർത്തയെ അയാൾക്ക് കാണാൻ കഴിഞ്ഞില്ല.
അയാളുടെ പരിഭ്രമവും, വസ്ത്രവും കണ്ട് ചിലർ
‘ഇയാൾക്കിതെന്തു പറ്റി?’ എന്ന ഭാവത്തിൽ നോക്കി നിന്നു.

പകൽ മുഴുവനും അയാൾ വീടിനുള്ളിൽ തന്നെയിരുന്നു.
മില്ലിൽ അയാളേയും കാത്തിരുന്നവർ അയാളെ ശപിച്ചു.

വൈകിട്ട് മാർത്ത വരുമ്പോൾ കണ്ടത് ഫെലിപ്പെ മുൻവശത്തെ പടിയിൽ ഇരിക്കുന്നതാണ്‌.
അയാളെ ആരൊ എടുത്തുയർത്തി കുടഞ്ഞതു പോലുണ്ടായിരുന്നു.
‘നീ അതു കണ്ടോ?’
‘എന്തു കണ്ടോന്ന്?’
‘ഇന്നലെ ഞാൻ കാണിച്ചു തന്നില്ലെ? ആ തിളങ്ങുന്ന..‘
’ഇന്നലെ എപ്പോൾ?‘
’സത്യം പറ! നീ അതെടുത്ത് വിറ്റു അല്ലെ?‘ അയാളുടെ ശബ്ദം പെട്ടെന്നുയർന്നപ്പോൾ അവൾ വിറച്ചു പോയി.
’ഫെലിപ്പെ..ഞാനെന്തു വിറ്റെന്നാണ്‌ പറയുന്നത്?..ഇന്നല്ലെ നിങ്ങൾ എത്ര നല്ലവനായിരുന്നു..ഇന്നെന്താ പണിക്ക് പോയില്ലെ?..സുഖമില്ലെ?‘ അതും പറഞ്ഞ് അവൾ അയാളുടെ കഴുത്തിൽ കൈ വെച്ച് നോക്കാനൊരുങ്ങി.
കൈ തട്ടി കൊണ്ടയാൾ മുകളിലേക്ക് കയറി പോകുന്നതിനിടയിൽ അയാൾ ശാപസ്വരത്തിൽ പറയുന്നത് മാർത്ത കേട്ടു.
’ദുഷ്ട!..വഞ്ചകി..അവളാണെടുത്തത്..എനിക്കറിയാം..എനിക്കെല്ലാമറിയാം‘

അയാൾ ശബ്ദത്തോടെ പടികൾ കയറി പോകുന്നത് നോക്കി മാർത്ത നിന്നു.
ഫെലിപ്പെക്ക് എന്താണ്‌?. ഇതെന്തിന്റെ ലക്ഷണങ്ങളാണ്‌? എത്ര നാളുകളായി ഇങ്ങനെ?. ചില ദിവസങ്ങളിൽ മൗനം. ചില ദിവസങ്ങളിൽ സ്നേഹം. ചില ദിവസങ്ങളിൽ അമ്മയുടെ സാന്ത്വനം തേടുന്ന ഒരു കൊച്ചു കുട്ടിയെ പോലെ. ഒരു ദിവസം കണ്ട ആൾ ആവില്ല മറ്റൊരു ദിവസം..മടുപ്പിന്റെ, നൈരാശ്യത്തിന്റെ പടുകുഴികൾ.. മാർത്ത മുഖം കൈകൾ കൊണ്ട് താങ്ങി താഴേക്ക് നോക്കി നിന്നു.

അയാൾ മച്ചിലേക്ക് കയറി അവിടം മുഴുവൻ വീണ്ടും തിരഞ്ഞു. ഇനി ചിലപ്പോൾ തലേന്ന് വീര്യത്തിന്റെ വികൃതിയിൽ..അയാൾ കട്ടിലിനടിയിൽ നിന്നും പഴയ ഇരുമ്പു പെട്ടി വലിച്ചു നീക്കി അതിനുള്ളിൽ പരിശോധിച്ചു. ആ പഴയ കാലുറ അവിടെ തന്നെയുണ്ട്. ഇതെങ്ങനെ ഇവിടെ വന്നു? ഇതിലല്ലെ താനത് ..?
എല്ലാം ആരോ കാണുന്നുണ്ട്.
എല്ലാം ആരോ അറിയുന്നുണ്ട്.
തന്റെ നിധി മോഷ്ടിച്ച ശേഷം എല്ലാം പഴയതു പോലെ കൊണ്ടു വെച്ചിരിക്കുന്നു.
തനിക്ക് എല്ലാം തോന്നിയതാണെന്നു തോന്നിക്കാനാണ്‌ ഇതെല്ലാം ചെയ്യുന്നത്..
പക്ഷെ അതാരാണ്‌?

അയാൾ ആദ്യം മുതൽക്കെ എല്ലാമൊന്നോർത്തെടുക്കാൻ ശ്രമിച്ചു.
രണ്ടു ദിവസങ്ങൾക്ക് മുൻപായിരുന്നില്ലെ അത്?.
താൻ മില്ലിൽ നിന്നും വരും വഴി കുന്നിൻപുറത്ത് അൽപം വിശ്രമിക്കാൻ കിടന്നു..തനിക്ക് കിട്ടിയ ആ വസ്തു..അതിൽ ഈ പ്രപഞ്ചം മുഴുക്കേയും കാണാൻ കഴിഞ്ഞു..
ഇപ്പോഴത് നഷ്ടമായിരിക്കുന്നു.
തനിക്ക് തന്റെ ലോകം നഷ്ടമായിരിക്കുന്നു.
തനിക്ക് ഏറ്റവും വിലപ്പെട്ട വസ്തു നഷ്ടമായിരിക്കുന്നു.
അതിലൂടെ തനിക്ക് എല്ലാമറിയാൻ കഴിഞ്ഞിരുന്നു..മാർത്തയെ..അന്റോണിയോയെ..
ഒരു പക്ഷെ യുദ്ധം വരുന്നത് പോലും കാണാൻ കഴിഞ്ഞേനെ..
അത്രയും വിലപ്പെട്ട, വിലമതിക്കാനാവാത്ത വസ്തു ആരോ തന്നിൽ നിന്നും മോഷ്ടിച്ചെടുത്തു കൊണ്ട് പോയിരിക്കുന്നു..

അയാൾ താഴേക്ക് ചെന്ന് വീണ്ടും മാർത്തയെ ചോദ്യം ചെയ്യാനാരംഭിച്ചു. ഇത്തവണ അവൾ ഒരു പുലിയെ പോലെ ചീറി കൊണ്ട് നിന്നു.
‘നിങ്ങൾക്ക് ഇതെന്താണ്‌ പറ്റിയത്?..ഇനി ഒരിക്കൽ കൂടി ഈ കാര്യം പറഞ്ഞു വന്നാൽ ഞാനിറങ്ങി പോകും..’
‘എനിക്കതുമറിയാം!..നീ ഇറങ്ങി പോകുമെന്ന്..ആ നശിച്ചവൻ..അവൻ നിനക്ക് പൊതിഞ്ഞു തന്ന കാര്യമൊക്കെ എനിക്കറിയാം..പക്ഷെ അതിനു മുൻപ് അവന്റെ കഥ ഞാൻ തീർക്കും..’
‘കർത്താവെ!..ഇയാൾക്ക് ശരിക്കും ഭ്രാന്തായി പോയിരിക്കുന്നു!’
‘ഭ്രാന്ത് നിനക്കാണ്‌..നിന്നെ ഞാനിത്രയ്ക്കും സ്നേഹിച്ചിട്ടും നിനക്ക് അവന്റെ കൂടെ പോകണം അല്ലെ?’
മാർത്ത കരഞ്ഞു കൊണ്ട് മുകളിലേക്ക് പടികൾ ഓടി കയറി പോയി.

അന്നു രാത്രി അവരിരുവരും അത്താഴം കഴിക്കുകയോ പരസ്പരം സംസാരിക്കുകയോ ചെയ്തില്ല.
മങ്ങിയ നിറമുള്ള ചുവരിലേക്ക് നോക്കി കിടക്കുമ്പോൾ മാർത്ത അന്റോണിയോയെ കുറിച്ചോർത്തു.
അന്റോണിയോ ഒരിക്കൽ പോലും തന്നോട് മോശമായിട്ട് പെരുമാറിയിട്ടില്ല. ക്രിസ്തുമസ്സിനും, വിശേഷദിവസങ്ങളിലും തനിക്ക് സൗജന്യമായി ഒരു വീഞ്ഞു കുപ്പി തരാറുള്ള നല്ല മനസ്സുള്ള ഒരു കടയുടമയാണയാൾ. ഫെലിപ്പെ എന്തിനാണ്‌ തന്നേയും അന്റോണിയോയേയും ചേർത്ത് ഇങ്ങനെ അപവാദം പറയുന്നത്?
ഏതു യുദ്ധത്തിന്റെ കാര്യമാണ്‌ ഇയാൾ ഇടയ്ക്കിടെ പറയുന്നത്?.
യുദ്ധത്തിനു ശേഷമാണ്‌ താനിയാളെ കാണുന്നത് തന്നെ. അതും പട്ടാള വേഷത്തിൽ. രണ്ടാമത് കാണുന്നത് പള്ളിയിലേക്കുള്ള വഴിയിൽ വെച്ചും. എല്ലാ ഞായറാഴ്ചകളിലും പള്ളിയിലേക്ക് പോകുന്നത് നോക്കി നിൽക്കുന്ന ഫെലിപ്പെ. പിന്നീട് പള്ളിയിൽ പോകുന്നത് തന്നെ ഫെലിപ്പെയെ കാണാൻ വേണ്ടി എന്നായി.

വിവാഹം കഴിഞ്ഞ നാളുകളിൽ ചില രാത്രികളിൽ ഫെലിപ്പെ ഉറക്കമില്ലാതെ നടക്കുന്നത് ശ്രദ്ധിച്ചതാണ്‌.
എന്തോ ശബ്ദം കേട്ടെന്നു പറഞ്ഞാണ്‌ എഴുന്നേൽക്കുക.
എത്ര രാത്രികളിൽ തന്റെ ഉറക്കം കൂടി ഇടയ്ക്ക് വെച്ച് നഷ്ടപ്പെട്ടിരിക്കുന്നു?.
ഉണർന്നു കഴിഞ്ഞാൽ ധാരാളം വെള്ളം കുടിച്ചിട്ടാണ്‌ കിടക്കുക.
ചില ദിവസങ്ങളിൽ വല്ലാതെ ക്ഷോഭിക്കുന്നു.
ചില ദിവസങ്ങളിൽ തികഞ്ഞ മൗനത്തിലാവും.
നിയന്ത്രണം വിട്ട് താൻ ചിലപ്പോഴൊക്കെ ചിലത് പറഞ്ഞു പോയിട്ടുണ്ട്. പക്ഷെ ഇന്ന് ഫെലിപ്പെ പറഞ്ഞതൊന്നും മനസ്സിലാകുന്നില്ല. എന്തോ ഒരു രഹസ്യം അയാൾ സൂക്ഷിക്കുന്നുണ്ട്.

ഫെലിപ്പെയുടെ കാലടി ശബ്ദം കേട്ടപ്പോൾ അവൾ കണ്ണുകളിറുക്കിയടച്ച് കിടന്നു.
തന്നെ ചിലപ്പോൾ അപായപ്പെടുത്തിയാലോ?.
കഴുത്ത് ഞെരിച്ച്..ഫെലിപ്പെയുടെ കൈകൾക്ക് ഇപ്പോഴും ശക്തിയുണ്ട്. മരം മുറിക്കുന്ന കൈകൾ..അതേ ലാഘവത്തോടെ തന്നേയും..വേണമെങ്കിൽ.
അവൾ കണ്ണു തുറന്നതേയില്ല. ആ കിടപ്പിൽ അവൾ ഉറങ്ങി പോയി.

ഉണർന്ന് കണ്ണു തുറന്ന് നോക്കുമ്പോൾ അവളാദ്യം കണ്ടത് പതിവു പോലെ മങ്ങിയ ചുവരിനെ തന്നെയായിരുന്നു.
ഫെലിപ്പെ..അയാൾ തൊട്ടടുത്തുണ്ടാവുമോ? അതോ എല്ലാം മറന്ന് പഴയതു പോലെ മില്ലിലേക്ക് പുറപ്പെട്ടിട്ടുണ്ടാവുമോ?. വിവാഹം കഴിഞ്ഞ നാളുകളിൽ തനിക്കുള്ള ബ്രെഡ് മൊരിച്ച് വെയ്ക്കുമായിരുന്നു. ഒരു ഗ്ലാസ്സ് നിറയെ ചൂടു പാലും തയ്യാറാക്കി വെയ്ക്കുമായിരുന്നു. അതെല്ലാം ഇപ്പോൾ സ്വപ്നങ്ങളുടേ ഭാഗമായിരിക്കുന്നു. ചില നേരങ്ങളിൽ അതൊക്കെ ഒരിക്കൽ യഥാർത്ഥ്യമായിരുന്നോ എന്നു കൂടി കരുതാൻ മനസ്സ് വിസമ്മതിക്കുന്നു.

അവൾ തിരിഞ്ഞു കിടന്നു കൊണ്ട് നോക്കി.
ഫെലിപ്പെ മെത്തയിലുണ്ടായിരുന്നില്ല.

എഴുന്നേറ്റപ്പോൾ കണ്ടു, തറയിൽ ഒരു പായയിൽ കിടക്കുന്നു.
ഈ തണുപ്പത്ത്! അതും മെത്തയില്ലാതെ?!
അവൾ പുതപ്പെടുത്ത് കൊണ്ട് ചെന്ന് അയാളെ പുതപ്പിച്ചു. ഇപ്പോൾ ഒരു കൊച്ചു കുട്ടിയുടെ ഭാവമാണ്‌ മുഖത്ത്. തലേന്ന് കണ്ടത് മറ്റാരേയോ ആയിരുന്നൊ?.

അവൾക്കുടൻ പ്രാർത്ഥിക്കണമെന്നു തോന്നി.
മുട്ടുകുത്തി നിന്ന്, കുരിശ് വരച്ച് അവളത് ചെയ്യുകയും ചെയ്തു.
എല്ല്ലാത്തിനും നന്ദി. 

ശബ്ദമുണ്ടാക്കാതെയവൾ പടിയിറങ്ങി പോയി.

കടയിൽ ജോലിത്തിരക്കിനിടയിലും അവൾ ആലോച്ചിക്കുകയായിരുന്നു.
ഫെലിപ്പെയ്ക്ക് തണുപ്പത്ത് കിടന്ന് ചിലപ്പോൾ ജ്വരം വരാൻ സാധ്യതയുണ്ട്. ഇന്നു താൻ ജോലിക്കു വരേണ്ടിയിരുന്നില്ല. ഒരുപക്ഷെ തന്റെ സാമീപ്യം കൊണ്ട് ഫെലിപ്പെ പഴയതു പോലെ..

അതെ സമയം ഫെലിപ്പെ പുറത്ത് കുന്നിൻ ചെരുവിലൂടെ നടക്കുകയായിരുന്നു. അതിരാവിലെ മഞ്ഞിന്റെ ആവരണം മുഴുവനായും പകൽ അഴിച്ചു മാറ്റിയിരുന്നില്ല. പുൽക്കൊടികളിൽ അപ്പോഴും വെളിച്ചം വിഴുങ്ങിയ മഞ്ഞുത്തുള്ളികൾ കാണാമായിരുന്നു. ഫെലിപ്പെയുടെ അടുത്തേക്ക് ഒരു യാചകൻ വന്നു ചോദിച്ചു,
‘എന്താണ്‌ നോക്കുന്നത്?’
‘ഒന്നുമില്ല’ അതു പറഞ്ഞിട്ട് അയാൾ വീണ്ടും പുൽക്കൊടികൾക്കിടയിൽ കാലിട്ട് ഇളക്കുകയും ഇടയ്ക്കിടെ നിലത്തേക്ക് സൂക്ഷിച്ചു നോക്കി നിൽക്കുകയും ചെയ്തു.
കുറച്ച് നേരം അതു നോക്കിയ ശേഷം യാചകൻ നടന്നകന്നു.
നടന്നു പോകുന്നതിനിടയിൽ ‘ഭ്രാന്തൻ’ എന്നയാൾ പിറുപിറുത്തത് ഫെലിപ്പെ കേട്ടില്ല.

മാർത്ത ജോലി കഴിഞ്ഞു വരുമ്പോഴും ഫെലിപ്പെ വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. വാതിലും ജനലുമൊക്കെ തുറന്നു കിടക്കുകയായിരുന്നു. അടുത്ത വീട്ടിലെ പൂച്ച അവളെ കണ്ടതും പടിയിറങ്ങി പോയി.
ഫെലിപ്പെ എവിടെ?
ഇന്നു കടയിൽ വന്ന ഒരു സ്ത്രീ - അതു വിന്നി ആയിരുന്നോ? പറഞ്ഞിരുന്നല്ലൊ ഫെലിപ്പെ കുന്നിൻ പുറത്തു കൂടി നടക്കുന്നത് കണ്ടെന്ന്.
അയാൾ അവിടെ എന്തെടുക്കുകയായിരുന്നു?. അതും ഈ തണുപ്പത്ത്.

കുറച്ച് കഴിഞ്ഞാണ്‌ ഫെലിപ്പെ വന്നത്. ഇപ്പോൾ ആ മുഖം കരഞ്ഞു വീങ്ങിയതു പോലുണ്ട്.
മാർത്തയെ കണ്ടതും അയാൾ ദയനീയ ശബ്ദത്തിൽ പറഞ്ഞു,
‘മാർത്താ..എന്റെ ലോകം..അതു കാണുന്നില്ല..സത്യം പറയൂ..നീ അതെടുത്തോ?‘
’ഏതു ലോകത്തിനെ കുറിച്ചാണ്‌ പറയുന്നത്?‘
’ഞാൻ ഇന്നലെ കാണിച്ചു തന്നില്ലെ?..നക്ഷത്രങ്ങൾ കാണാവുന്ന..‘
മാർത്ത അയാളുടെ അടുത്തേക്ക് ചെന്ന് അയാളുടെ മുഖം തന്റെ മാറിൽ ചേർത്തു.
’നമുക്കത് ഒന്നിച്ചു കണ്ടു പിടിക്കാം..വിഷമിക്കരുത്..ഇനി അതു കിട്ടിയില്ലെങ്കിൽ പോലും ഞാനില്ലെ ഫെലിപ്പെയുടെ കൂടെ?. എന്നേക്കാൾ വലുതാണൊ ലോകം?‘
’അല്ല..‘

അല്പനേരം കഴിഞ്ഞയാൾ ചോദിച്ചു,
’പക്ഷെ യുദ്ധം വന്നാലെന്തു ചെയ്യും?‘
’അതിനു യുദ്ധം വന്നാലല്ലെ?..ഇനി ഒരു യുദ്ധവുമുണ്ടാവില്ല. യുദ്ധം കഴിഞ്ഞല്ലെ ഫെലിപ്പെ വന്നത്?. ഓർമ്മയില്ലെ?‘
’ആ യുദ്ധം വേണ്ടിയില്ലായിരുന്നു. എന്തിനായിരുന്നു ആ യുദ്ധം?‘
’അറിയില്ല..‘
’ഇനി യുദ്ധം വന്നാലും ഫെലിപ്പെ പോകരുത്‘
’ഇല്ല‘ ഒരു കൊച്ചു കുട്ടിയുടെ നിർബന്ധബുദ്ധിയോടെ അയാൾ പറഞ്ഞു.
മാർത്ത ഫെലിപ്പെയുടെ നെറ്റിയിൽ കൈ വെച്ചു നോക്കി. ചുട്ടുപൊള്ളുന്ന ചൂട്.
’ഞാൻ കുറച്ച് സൂപ്പുണ്ടാക്കാം..ഫെലിപ്പെ കുറച്ച് നേരം വിശ്രമിക്കൂ‘
അയാൾ ചെന്ന് സോഫയിൽ ചുരുണ്ടു കൂടി.

സൂപ്പ് തയ്യാറാകുന്നതിനിടയിൽ മാർത്ത ഓർത്തത് യുദ്ധത്തെക്കുറിച്ചായിരുന്നു.
ഫെലിപ്പെ എത്ര പേരെയാവും കൊന്നിരിക്കുക?
എത്ര അപരിചിതരെ?
എത്ര സ്ത്രീകളെ?
ചിലപ്പോൾ അറിയാതെ കുട്ടികൾ പോലും ഇടയിൽ പെട്ട്..

ഫെലിപ്പെ പലപ്പോഴും യുദ്ധഭൂമിയിൽ പെട്ടു പോകുന്നു.
ഫെലിപ്പെയുടെ കൂടെ താനും..
രക്ഷപെടണം..ഫെലിപ്പെയെ രക്ഷപ്പെടുത്തണം.
യുദ്ധമില്ലാത്ത രാജ്യത്തിലേക്ക്. അകലേക്ക് പോകണം.
ആയുധങ്ങളില്ലാത്ത, അതിരുകളില്ലാത്തിടത്ത്..ഒന്നിച്ച്..
എന്നിട്ട് എല്ലാം ആദ്യം മുതല്ക്കെ..

ആന്റോണിയോ തന്ന കവർ പുറത്തെടുത്തു അവൾ സൂപ്പിലേക്ക് കമഴ്ത്തി.
ചെടികൾ പുഴുക്കൾ തിന്നു കൊള്ളട്ടെ.
നിസ്സംഗതയോടെ അവൾ സൂപ്പിളക്കാൻ തുടങ്ങി.

സാബു ഹരിഹരൻ
ബ്ലോഗ്: നീഹാരബിന്ദുക്കൾ

Search This Blog