വഴിയില്‍ കണ്ടുമുട്ടുന്നവരെ പലപ്പോഴും നമ്മളാരും ഓര്‍ത്തുവെക്കാറില്ല.
പലരും യാത്ര അവസാനിക്കുന്നതോടെ മറവിയുടെ
ഗര്‍ത്തത്തിലേക്കാണ്ടു പോകാറാണ് പതിവ്. ഓര്‍മ്മയുടെയും മറവിക്കുമിടയില്‍ മനസ്സിനെ അലസോരപ്പെടുത്തി
കൊണ്ടെയിരുന്നവരുമുണ്ട്. ഓരോ മയക്കം
വിട്ടുണരുമ്പോഴും ഇവരെല്ലാം ഒളിച്ചും പാത്തും എനിക്കൊപ്പമുണ്ടായിരുന്നു.
ആരാണെന്നും എന്തിനാണെന്നും അറിയാതെ യാത്രയുടെ സുഖകരമായ ഓര്‍മ്മകളുടെ കൂട്ടത്തില്‍ അവ്യക്തമായ ഒരിടം നേടി
എന്നെ വിടാതെ പിന്തുടരുന്നവര്‍.
Killarney Provincial Park |
വെങ്കല്ലുകളും,
പിങ്ക് ഗ്രാനൈറ്റും നിറഞ്ഞ കില്ലര്‍നെ
ഗ്രാമത്തിനടുത്തുള്ള കില്ലര്‍നെ പാര്‍ക്കിലെ ജോര്‍ജ്ജ് തടാക കരയിലായിരുന്നു വേനല്‍ക്കാല
ക്യാമ്പിംഗ്. 1820 ല്‍ ഏറ്റിന്‍ അഗസ്റ്റിനാണെത്രേ ഫര്‍ ട്രേഡിനുള്ള കേന്ദ്രം ഇവിടെ തുടങ്ങിയത്. ഗോത്രവംശജയായ ഏറ്റിന്‍റെ
ഭാര്യയുടെ പേര് നീള കൂടുതല്‍ കാരണം ഓര്‍ത്തെടുക്കുക പ്രയാസമാണെങ്കിലും പേരിന്റെ
അര്‍ത്ഥം “വുമന്‍ ഓഫ് ദി ഫാളിംഗ് സ്നോ” എന്ന് വായിച്ചത് മറന്നിട്ടില്ല. മിസ്സിസ്സാഗയില്‍
നിന്ന് ട്രാന്‍സ്കാനഡ ഹൈവേയിലൂടെ നാന്നൂറ്റി ഇരുപത് കിലോമീറ്റര്‍ ദൂരം പോകണം
ശാന്തതയുടെ പര്യായമെന്നോണം പ്രക്ഷുബ്ധമായ ജോര്‍ജിയന്‍ ഉള്‍ക്കടലിന് തീരത്ത് ജോര്‍ജ്ജ്
ദ്വീപിനാല്‍ പരിരക്ഷിക്കപ്പെട്ട് നില്‍ക്കുന്ന കില്ലര്‍നെ ഗ്രാമത്തിലെത്താന്‍. നാലടികള്‍ക്കപ്പുറം നീല
നിറത്തില്‍ കാടിന് നടുവില്‍ ആരെയും മോഹിപ്പിച്ച് കൊണ്ട് നിറഞ്ഞുനിന്ന തടാകത്തിനടുത്തായിരുന്നു
ഞങ്ങളുടെ ക്യാമ്പ് ഗ്രൗണ്ട്. ചെറിയ പാതയ്ക്കപ്പുറം ഞങ്ങളുടെ അയല്‍വാസി പ്രായമായൊരു
സ്ത്രീയാണ്. അവര്‍ക്ക് കൂട്ട് അവരുടെ വളര്‍ത്തു നായയുണ്ട്. കഴിഞ്ഞ എട്ട്
കൊല്ലമായി മുടങ്ങാതെ പത്ത് ദിവസം അവരിവിടെ വന്ന് താമസിച്ച് പോകുന്നു.
ലോകത്തൊരിടത്തും എനിക്കിത്രയും സന്തോഷം കിട്ടിയിട്ടില്ല, ഇവിടെ കിട്ടുന്നത് പോലെ..
പ്രകൃതിയുടെ മടിത്തട്ടിലേക്കൊരു തീര്‍ഥാടകയെ പോലെയെത്തുന്ന അമ്മയുമായി ഞങ്ങള്‍
പെട്ടെന്ന് കൂട്ടായി.
George Lake Campground |
കൂടാരമൊക്കെ
കെട്ടിയുറപ്പിച്ചു ഞങ്ങള്‍ ഇരുട്ടുന്നതിന് മുന്‍പ് നടക്കാനിറങ്ങി. ചുറ്റുവട്ടമെല്ലാം
വിസ്മരിച്ച് ബെഞ്ചില്‍ ഇരുന്ന് ബുക്ക് വായിക്കുന്ന ആളെ ഇറങ്ങിയപ്പോഴേ
ശ്രദ്ധിച്ചിരുന്നു. കുറച്ചപ്പുറത്തായി നിര്‍ത്തിയിട്ട കാറില്‍ നിന്ന് തുടര്‍ച്ചയായി
മുഴങ്ങിയിരുന്ന അലാറം പോലും അയാളെ അലസോരപ്പെടുത്തിയിരുന്നില്ല. അധികനേരം
ചുറ്റിനടക്കാതെ ഞങ്ങള്‍ തിരിച്ചു വരുമ്പോഴും ആ കാറിന്‍റെ നെലോളി അവസാനിച്ചിട്ടിലായിരുന്നു.
സൂര്യാസ്തമയം കണ്ടിട്ട് കൂടാരത്തിലേക്ക് പോകാമെന്ന് മകനോട് പറഞ്ഞ് ഞങ്ങള്‍ തടാകകരയില്‍
തന്നെ നിന്നു. ഇരിക്കാനിടമില്ല. കുറച്ചു നേരം കഴിഞ്ഞപ്പോഴുണ്ട് ഒരാള്‍ ഞങ്ങളെ വിളിക്കുന്നു.
പകല്‍ വെളിച്ചം മങ്ങി തുടങ്ങിയതിനാല്‍ വായന അവസാനിപ്പിച്ചിരിക്കുന്ന സുഹൃത്താണ്
വിളിക്കുന്നത്. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെ... ഞാന്‍ അയാളുടെ
ബുക്കിലേക്കും കുറിച്ചിട്ട വരികളിലേക്കുമാണ് നോക്കുന്നത്. അപ്പോള്‍ ഞാന്‍ വായിച്ചു
കൊണ്ടിരിക്കുന്ന എസ്. ശങ്കറിന്റെ “ചുവന്ന സൂര്യന്‍റെ അസ്തമയ”വുമായി ഏറെ
സാമ്യമുമുണ്ടായിരുന്നു അയാളുടെ പക്കലുള്ള പുസ്തകം(The Inconvenient Indian by Thomas King).
അമേരിക്കന്‍
ആദിവാസി സമൂഹമായ റെഡ് ഇന്ത്യക്കാരെ കുറിച്ചായിരുന്നു രണ്ടു പുസ്തകവും. അപരിചിതര്‍
എത്ര പെട്ടെന്നാണ് ചിരകാല സുഹൃത്തുക്കളെ പോലെ സംസാരിക്കാന്‍ തുടങ്ങിയത്! വായനയില്‍
നിന്ന് സംസാരം ഫോട്ടോഗ്രാഫിയിലേക്കും പിന്നെ യാത്രകളിലേക്കും വഴിമാറി. ഒരേ സ്വപ്നത്തിന്‍റെ
കാവല്‍ക്കാരായിരുന്നു ഹുസ്സൈനും ആ സുഹൃത്തും. ആര്‍ട്ടിക് സര്‍ക്കിളിലേക്ക്
ഡംപ്സ്റ്റര്‍ ഹൈവേയി (Dempster Highway)ലൂടെ വണ്ടിയോടിച്ച് പോകണമെന്ന “കുഞ്ഞു” സ്വപ്നം ഉറക്കം
കെടുത്തുന്ന ഒരാളും അതിലൂടെ യാത്ര ചെയ്ത മറ്റൊരു വ്യക്തിയും തമ്മില്‍ കണ്ടുമുട്ടുക
എന്നതായിരിക്കും ഈ യാത്രയുടെ നിയോഗം. എങ്ങിനെ എപ്പോള്‍ എന്നൊന്നും നിശ്ചയമില്ലാത്ത
സ്വപ്നത്തിനൊരു രൂപരേഖ നല്‍കാന്‍ വേണ്ടിയാണോ തടാകകരയില്‍ നിന്നിരുന്ന ഞങ്ങളെ അയാള്‍
വിളിച്ചത്? കൊതുകും പ്രാണികളും സംസാരത്തിനിടക്ക് മൂളിപ്പാട്ടു പാടി രംഗം കൊഴുപ്പിക്കാന്‍
തുടങ്ങിയപ്പോള്‍ ഞങ്ങള്‍ തടാക കരയില്‍ നിന്ന് കൂടാരത്തിലേക്കു മടങ്ങി.
കൂടാരത്തിനടുത്ത് വെച്ച് ശുഭരാത്രി പറഞ്ഞു പിരിഞ്ഞപ്പോഴും ഞങ്ങള്‍ പരസ്പരം പേര്
ചോദിച്ചിരുന്നില്ല...
അത്താഴം
കഴിക്കാന്‍ ഇരുന്നപ്പോഴേക്കും കരഞ്ഞു കരഞ്ഞു കാറിന്‍റെ ശബ്ദം അടങ്ങിയിരുന്നു.
ഞങ്ങളുടെ അയല്‍വാസിയാണ് പറഞ്ഞത് പാര്‍ക്ക് ഓഫീസര്‍മാര്‍ വന്നു കാറിനെ മിണ്ടാണ്ടാക്കിയെന്ന്‍.
അതിന്‍റെ ഉടമസ്ഥര്‍ കാറ് നിര്‍ത്തി തടാകം കടന്ന് ഉള്‍ക്കാട്ടിലേക്ക്
ഹൈക്കിങ്ങിനായി പോയിരിക്കുകയാണ് എപ്പോഴാണ് കാടിറങ്ങി തിരികെയെത്തുക എന്നറിയില്ല.
അതായിരിക്കും പാര്‍ക്ക് ഓഫീസര്‍മാര്‍ മെക്കാനിക്കിനെ കൊണ്ട് വന്നത്. “കുറച്ചു
നേരത്തേക്കാണെങ്കിലും നമ്മളെയൊക്കെ ബുദ്ധിമുട്ടിച്ചൂന്ന് അറിയുമ്പോള്‍ എന്തുമാത്രം
വിഷമമാവും, ഒന്ന് ക്ഷമ പറയാന്‍ കൂടി അവര്‍ക്ക് കഴിയില്ലല്ലോ..” ഇങ്ങിനെയൊക്കെ
ചിന്തിക്കുന്നവരുമുണ്ടല്ലേ ഈ ലോകത്ത്. നന്മയുടെ അംശം ബാക്കിയാക്കുന്ന ചിന്തകള്‍!
വേലിക്കരികിലെ
അയല്‍പ്പക്കഭാഷണങ്ങള്‍ അവസാനിപ്പിക്കാന്‍ നേരമായീന്ന് കൊതുകുകള്‍ വീണ്ടും ഓര്‍മ്മപ്പെടുത്തിയപ്പോള്‍
നാളെ കാണാമെന്ന് പറഞ്ഞ് കൂടാരത്തിനുള്ളിലേക്ക് കയറി. ഉറങ്ങാതെ ഞങ്ങള്‍ ഇരുട്ടിന് കനം
വെക്കുന്നതുവരെ കാത്തിരുന്നു. ഏറെ ഇരുട്ടിയപ്പോള്‍ ഞങ്ങള്‍ വീണ്ടും
തടാകകരയിലെത്തി. ഇരുട്ടത്ത് നില്‍ക്കുന്ന മക്കളോട് പതുക്കെ മേലോട്ട് നോക്കാന്‍
പറഞ്ഞു. കണ്ണുചിമ്മി കളിക്കുന്ന നക്ഷത്രങ്ങളെ കൊണ്ട് ആകാശം നിറഞ്ഞിരുന്നു.
കുട്ടികളും ആദ്യമായാണ് ഇങ്ങിനെയൊന്ന് കാണുന്നത്. ഉപ്പയുടെ കൂടെ ചെറുപ്പത്തില്‍ ഹുസ്സൈന്‍ രാത്രി കപ്പ ഉണക്കാനിട്ടതിന് കാവല്‍
കിടക്കാന്‍ പോകുമായിരുന്നത്രേ. ഇരുട്ടത്ത് നക്ഷത്രങ്ങളെ നോക്കികിടന്നിരുന്ന ആ
കുട്ടിയുടെ കൌതുകം മാറാത്ത കണ്ണുകള്‍! മരിച്ചു പോയവരെല്ലാം നക്ഷത്രങ്ങളായി നമ്മളെ
കാണാനെത്തുമെന്ന് പറഞ്ഞു തന്നത് ആരാണെന്നെനിക്കറിയില്ല. അത് കൊണ്ടാവുമോ ഇപ്പോഴും
നക്ഷത്രങ്ങള്‍ കണ്ടാല്‍ ഇനിയൊരിക്കലും കാണാനാവാത്ത മുഖങ്ങളെ തിരയുന്നത്? എത്രനേരമാണെന്നോ
ആകാശത്തെ മറിമായങ്ങള്‍ ഞങ്ങളെ തണുപ്പത്ത് കൊതിപ്പിച്ചിരുത്തിയത്!
The Granite Ridge Trail |
1920 കളില്‍ ‘ഗ്രൂപ്പ്
ഓഫ് സെവന്‍’ എന്നപ്പേരില്‍ അറിയപ്പെട്ടിരുന്ന ഏഴു കനേഡിയന്‍ പ്രകൃതിചിത്രക്കാരന്മാരുടെ
ചിത്രങ്ങളിലൂടെ പ്രശസ്തമായ “ദി ക്രാക്കി”ലൂടെ ഹൈക്കിങ്ങിനു പോകാനുള്ള മോഹം ആരോഗ്യം
തല്ലിക്കെടുത്തി. എങ്കിലും അതിരാവിലെ ക്രാന്‍ബെറി ബോഗ് ട്രെയിലിലൂടെ നടക്കാന്‍ പോയി.
നാലു കിലോമീറ്ററാണെങ്കിലും ഉച്ചയോടടുത്തു ഞങ്ങള്‍ തിരിച്ചെത്താന്‍. ഒരു
കൈയകലത്തില്‍ നിന്ന് ക്രാക്ക് മാടിവിളിക്കുന്നുണ്ടായിരുന്നു. ഇപ്പോഴെന്തായാലും പറ്റിലാന്ന്
ഉപ്പയും മകനും കട്ടായം പറഞ്ഞതിനാല്‍ ആ മോഹമൊക്കെ പൂട്ടികെട്ടി ഉച്ച ഭക്ഷണം കഴിച്ച്
കുറച്ചു നേരം വിശ്രമിക്കാന്‍ കിടന്നു. വെയിലാറിയിട്ടാണ് ഗ്രാനൈറ്റ് റിഡ്ജ് ട്രെയിലിലേക്ക് പോയത്. ഇളം ചുവപ്പ്
നിറത്തിലുള്ള പാറകളിലൂടെയുള്ള നടത്തം ശ്രദ്ധിച്ചില്ലെങ്കില്‍ പിഴക്കും. പാറയുടെ
ഭംഗി വഴുക്കി വീഴുമ്പോള്‍ ഓര്‍മ്മയില്‍ പോലും നില്‍ക്കില്ലാന്ന് ഇടയ്ക്കിടയ്ക്ക്
മകന്‍റെ വക ഓര്‍മ്മപ്പെടുത്തല്‍ നടത്തം വളരെ പതുക്കെയാക്കി.
ഹുസ്സൈന്‍ വളരെ അകലെ
ഒരാളുമായി സംസാരിച്ചു നില്‍ക്കുന്നത് ഞങ്ങള്‍ക്ക് കാണാം പക്ഷെ ആരാണെന്ന്
വ്യക്തമായിരുന്നില്ല. ഇവിടെ വഴിയടയാളങ്ങള്‍ നന്നേ കുറവാണ്. കൈയിലുള്ള ഭൂപടം നോക്കി
വേണം വഴി കണ്ടെത്താന്‍. ആര്‍ക്കാണ് വഴി തെറ്റിയത്? ഒരുവിധം ശ്രമപ്പെട്ട് ഞങ്ങള്‍
ഹുസ്സൈനരികിലെത്തി. അവിടെ കണ്ടത് തലേന്ന് രാത്രി പരിചയപ്പെട്ട വ്യക്തിയായിരുന്നു.
ഇയാളെപ്പോഴാണ് ഇവിടെയെത്തിയത്.. വരുന്ന വഴിക്കൊന്നും ആരും ഇതിലൂടെ കടന്നു പോയ
ഒരുലക്ഷണവും കണ്ടിരുന്നില്ല. ‘ഇരുട്ടുന്നതിന് മുന്നേ ഇവിടെ നിന്ന് മടങ്ങണം,
കരടികള്‍ ഏറെയുള്ള സ്ഥലമാണെന്ന’ മുന്നറിയിപ്പും തന്ന് അയാള്‍ നടന്നു മറഞ്ഞു...
La Cloche Mountain view from the top of the ridge trail |
കൈയില്‍ കരുതിയിരുന്ന കുടിവെള്ളത്തിന്‍റെ അളവ് കുറഞ്ഞു
തുടങ്ങിയത് മകനെ പരിഭ്രാന്തനാക്കാന്‍ തുടങ്ങിയിരുന്നു. അതിന്‍റെ ലക്ഷണം വെറുതെ
ദാഹം തോന്നുന്നാണ് അവന്റെ കണ്ടുപ്പിടുത്തം. മടക്കത്തിലും ഞങ്ങളുടെ സംസാരം മുഴുവന്‍
അയാളെങ്ങിനെ അവിടെയെത്തിയെന്നതായിരുന്നു. രാവിലെ വന്ന് ഏതെങ്കിലും പാറയിടുക്കില്‍ അയാള്‍
ധ്യാനിക്കാന്‍ ഇരുന്നിട്ടുണ്ടാകും നമ്മളെക്കണ്ടപ്പോള്‍ പുറത്തിറങ്ങി വന്നതാവുമെന്നൊരു
കള്ളക്കഥ മെനഞ്ഞെടുത്ത് ആശ്വസിച്ചു. ഫോട്ടോയെടുത്ത് കൊണ്ടിരുന്ന ഹുസ്സൈനടുത്തെത്തി
ഡംപ്സ്റ്റര്‍ ഹൈവേയിലൂടെയുള്ള യാത്ര മറക്കരുതെന്നാണത്രേ അയാള്‍ പറഞ്ഞത്.
തിരിച്ചെത്തി ഞങ്ങളുടെ അയല്‍വാസിയോട് അന്നത്തെ വിശേഷങ്ങള്‍ പറഞ്ഞ് വേഗം ഉറങ്ങാന്‍
കിടന്നു.
പിറ്റേന്നു രാവിലെ വുഡ് ലെയിക്ക് ട്രെയിലിലൂടെ നടക്കാന്‍ തയ്യാറായി
ഞങ്ങള്‍ പാര്‍ക്ക് ഓഫീസിനു മുന്നിലുള്ള വഴിയില്‍ നില്‍ക്കുകയായിരുന്നു. മാപ്പ്
നോക്കി വഴി തിട്ടപ്പെടുത്തുന്നതിനിടയില്‍ ഞങ്ങള്‍ക്കിടയിലേക്ക് വീണ്ടും ആ
ചങ്ങാതിയെത്തി. രണ്ടു കൂട്ടര്‍ക്കും അത്ഭുതമായി. ‘ഹായ്’ എന്നല്ലാതെ രണ്ടു തവണ
കണ്ടിട്ടും പരസ്പരം പേരു ചോദിച്ചിട്ടില്ല ഞങ്ങളെന്നു അപ്പോഴാണ്
വെളിപ്പാടുണ്ടായത്. നമ്മള്‍ തമ്മില്‍ കാണേണ്ടവര്‍ തന്നെയാകും അത് കൊണ്ടാണ്
എപ്പോഴും കണ്ടുമുട്ടുന്നതെന്നായിരുന്നു ഇമ്മാനുവേലിന്റെ പക്ഷം. മകന്‍
പഠിക്കുന്ന സ്കൂളില്‍ നിന്നു അവന്‍ ജനിക്കുന്നതിനു പതിനൊന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ്
പഠിച്ചിറങ്ങിയ വ്യക്തിയാണ്. ഇപ്പോള്‍ ഞങ്ങളുടെ തൊട്ടടുത്ത സിറ്റിയിലെ സ്കൂളില്‍
അധ്യാപകനായി ജോലി ചെയ്യുന്നു. മകനുമായി അദ്ദേഹം കുറേനേരം സംസാരിച്ചു. കുട്ടികളെയും
കൂട്ടിയുള്ള നിങ്ങളുടെ യാത്രകള്‍ സന്തോഷിപ്പിക്കുന്നുവെന്ന് പറഞ്ഞ ഇമ്മാനുവേല്‍
മകനോട് പറഞ്ഞത് കുഞ്ഞേ നീ കണ്ട നക്ഷത്രങ്ങളെ പോലെ തിളങ്ങുന്ന ഓര്‍മ്മകളായി എക്കാലവും
ഈ യാത്രകള്‍ നിനക്കുള്ളിലുണ്ടാകുമെന്നാണ്.
യാത്ര പറയേണ്ടെന്നും നമ്മള്‍ വീണ്ടും കാണുമെന്നും പറഞ്ഞു
ഇമ്മാനുവേല്‍ നടന്നു. ഞങ്ങള്‍ ട്രെയിലിലേക്കും കയറി. ആമ്പല്‍ നിറഞ്ഞു നില്‍ക്കുന്ന
കുളവും ഇളം ചുവപ്പ് പാറകളും കടന്നു ബീവെര്‍ നിര്‍മ്മിച്ച ഡാമിനരികിലെത്തി അന്തംവിട്ടു
നില്‍ക്കുകയാണ് ഞാന്‍. ഒരു വലിയ പൂച്ചയെ പോലിരിക്കുന്ന ജീവിയാണ് ബീവര്‍. അതിനു
താമസിക്കാനാണ് മരങ്ങള്‍ പല്ല് കൊണ്ട് ഈര്‍ന്നു
തടാകത്തില്‍ കൊച്ചു ഡാമുകള്‍ ഉണ്ടാക്കി വെള്ളം തടുത്ത് നിര്‍ത്തുന്നത്. ഏതൊരു
എഞ്ചിനീയറെയും തോല്‍പ്പിക്കും ഈ വിദ്വാന്‍. അത്രയ്ക്ക് പെര്‍ഫെക്റ്റായാണ് ഡാമിന്റെ
നിര്‍മ്മാണം. ഡാമിനടുത്തായി ചതുപ്പ് നിറഞ്ഞ സ്ഥലത്ത് ബീവര്‍ ചെറിയ മരച്ചില്ലകള്‍
കൂട്ടിയിട്ടിട്ടുണ്ട് അവിടെ താറാവുകളും മറ്റു പക്ഷികളും ചേക്കേറി അധികാരം സ്ഥാപിക്കുന്നതിനോട്
ബീവര്‍ എതിര്‍പ്പൊന്നും പ്രകടിപ്പിക്കാറില്ല. ആ ധൈര്യത്തില്‍ ഞാന്‍ ആ മരച്ചില്ലകള്‍
ചവിട്ടി കടന്നു.
ഒരിക്കല്‍ ഇതുപോലെ ഒരു ബീവര്‍ ഡാം കടക്കാനാവാതെ ഞങ്ങള്‍
തിരിച്ചു പോന്നിട്ടുണ്ട്. അന്ന് ഞങ്ങളെ കുഴക്കിയത് ബീവര്‍ മാത്രമല്ല... ലെയിക്ക്
സുപ്പീരിയറിനടുത്തുള്ള ഹാര്‍ബറില്‍ കാറ് നിര്‍ത്തി ഞങ്ങള്‍ നടക്കാനിറങ്ങി.
തൊട്ടടുത്ത് പൊടിപ്പിടിച്ചൊരു കാറ് കിടന്നിരുന്നു. ആ കാറിനകത്ത്
ആരെങ്കിലുമുള്ളതായി ഞങ്ങള്‍ക്ക് തോന്നിയിരുന്നില്ല. പെട്ടെന്നാണ് കാറിനുള്ളില്‍
നിന്ന് രണ്ടുപേര്‍ ഇറങ്ങി ഞങ്ങളോട് വഴി ചോദിച്ചത്. ഈ സ്ഥലത്ത് ആദ്യമായിട്ടാണ് വരുന്നത്
എന്നവര്‍ പറഞ്ഞു. ഹുസ്സൈന്‍ അറിയുന്നത് പോലെ ആ സ്ഥലത്തെ കുറിച്ച് അവര്‍ക്ക് പറഞ്ഞു
കൊടുത്തു. നേരിയ മഴ ചാറ്റിലുള്ളതിനാല്‍ ഞങ്ങള്‍ പതുക്കെയാണ് ട്രെയിലൂടെ നടക്കുന്നത്.
വഴി ചോദിച്ചു പോയവരെ ഞങ്ങള്‍ മറന്നിരുന്നു. കാടിന്‍റെ നിശബ്ദതയില്‍ അലിഞ്ഞു മഴയും
കൊണ്ട് നടക്കുന്ന ഞങ്ങളുടെ മുന്നിലേക്ക് വഴി ചോദിച്ചവരില്‍ ഒരാളെത്തി. അയാളുടെ
കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ കണ്ടില്ല. ചിലപ്പോള്‍ എന്നെ പോലെ പതിയെ വരുന്നുണ്ടാകുമെന്നോര്‍ത്ത്
ഞങ്ങളും മുന്നോട്ടു പോയി. കുറച്ചു ദൂരം പോയപ്പോഴാണ് ബീവര്‍ ഡാം നിറഞ്ഞിരിക്കുന്നതിനാല്‍
അത് മുറിച്ചു കടക്കരുതെന്ന ബോര്‍ഡ് കണ്ടത്. ബോര്‍ഡ് വായിച്ച് തിരിച്ചു
നടക്കുമ്പോഴാണ് മക്കള്‍ “ആ അങ്കിളിന്‍റെ കൂടെയുണ്ടായിരുന്ന ലേഡിയെവിടെന്ന്
ചോദിച്ചത്.” ചുവന്ന ഷാള്‍ മാത്രമാണ് അടയാളം. നിറഞ്ഞു നില്‍ക്കുന്ന ഈ വെള്ളകെട്ട് ആ
കുട്ടി മുറിച്ചു കടക്കില്ലാന്നുറപ്പാണ്. വേറെ വഴിയൊന്നും ഞങ്ങള്‍ കണ്ടതുമില്ല. പ്രേതബാധയുള്ള സ്ഥലമാണെന്ന് എവിടെയോ ഞാന്‍ വായിച്ചിരുന്നത്
അപ്പോഴാണ് എന്‍റെ മണ്ടയില്‍ കത്തിയത്..
ഞങ്ങള്‍ പോലും അറിയാതെ ഞങ്ങളുടെ നടത്തത്തിന് വേഗതയേറി.
കാറിനടുത്ത് അവരുടെ കാറ് കിടപ്പുണ്ട്. പക്ഷെ അതിനുള്ളില്‍ ആരുമില്ല. മക്കള്‍ കുറെ
തട്ടി നോക്കി. ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളുമായി ഞങ്ങള്‍ അവിടെന്നു പോന്നു.
പോരുന്നതിനു മുന്പ് ആ കാറിന്‍റെ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി. വീട്ടിലേക്കു ദൂരം
കുറേയുണ്ട്. രാത്രിയേറെ വൈകിയിരിക്കുന്നു. ഏതോ സ്ഥലത്ത് കാപ്പി കുടിക്കാനായി വണ്ടി നിര്‍ത്തി. കുട്ടികളും ഒരുറക്കം കഴിഞ്ഞുണര്‍ന്നിരുന്നു. കാപ്പി ഓര്‍ഡര്‍ കൊടുക്കാനായി ക്യൂവില്‍ നില്‍ക്കുമ്പോഴുണ്ട് തൊട്ടടുത്ത വരിയിലുണ്ട് ചുവന്ന ഷാള്‍ ചുറ്റിയ പെണ്‍കുട്ടി!മക്കള്‍ ഓടിച്ചെന്ന് ഹുസ്സൈനോട് അവരെ കണ്ട കാര്യം പറഞ്ഞു. അവര്‍ ഞങ്ങളെ തിരിച്ചറിയുകയും കുശലം ചോദിച്ചു കൊണ്ട് അടുത്ത് വരികയും ചെയ്തു. കഴുത്തില്‍ ചുറ്റിയ ചുവന്ന ഷാള്‍ ഞങ്ങള്‍ ആരും മറന്നിരുന്നില്ല. സന്തോഷമാണോ
ആശ്വാസമാണോ ഞങ്ങള്‍ക്ക് തോന്നിയത് എന്നറിയില്ല. നിങ്ങള്‍ എന്തോ അപകടത്തില്‍പ്പെട്ടിരിക്കുമെന്നാണ് ഞങ്ങള്‍ കരുതിയതെന്നും കാറിന്‍റെ ഫോട്ടോയെടുത്ത് വച്ചിരുന്നതെല്ലാം അവര്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. കൂട്ടത്തില്‍ എന്‍റെ പ്രേതകഥയും അവരോട് വിളമ്പി.. ബീവര്‍ ഡാം വരെ പോകാതെ
പകുതിയില്‍ വെച്ച് മറ്റൊരു വഴിയിലൂടെ പെണ്‍കുട്ടി ബീച്ചിലേക്ക് ഇറങ്ങിയതിനാലാണ്
ഞങ്ങള്‍ കാണാഞ്ഞതെത്രേ. എന്തായാലും പ്രേതമല്ലാന്നും പറഞ്ഞു കിട്ടിയ തക്കത്തില്‍
എന്നെ കളിയാക്കാനും ഹുസ്സൈനും മക്കളും മറന്നില്ല...
അല്ലിയാമ്പല്‍ കടവും ബീവര്‍ ഡാമും കടന്നു കാട് കയറി
ഞങ്ങള്‍ തിരിച്ചെത്തുമ്പോള്‍ വൈകുന്നേരമായി. അന്ന് തന്നെ ഞങ്ങള്‍ക്ക് തിരികെ പോരണം.
കൂടാരമൊക്കെ മടക്കി എല്ലാം വൃത്തിയാക്കി അയല്‍വാസിയോട് യാത്ര പറയാന്‍ ഞങ്ങള്‍ ചെന്നു.
നിങ്ങള്‍ പോയാല്‍ ഇനി ആരാണ് ഇവിടെ വരിക എന്നറിയില്ല, വീണ്ടും ഇവിടെ വരണമെന്നൊക്കെ
പറഞ്ഞാണ് അവര്‍ ഞങ്ങളെ യാത്രയാക്കിയത്. പെര്‍മിറ്റുകള്‍ പാര്‍ക്ക് ഓഫീസില്‍ ഏല്‍പ്പിച്ചു
വണ്ടിയെടുക്കുമ്പോഴുണ്ട് ഇമ്മാനുവേല്‍ മുന്നില്‍ നില്‍ക്കുന്നു. ഡംപ്സ്റ്റര്‍ ഹൈവേ
മറക്കരുതെന്ന് ഓര്‍മ്മപ്പെടുത്താനായി എത്തിയത് പോലെ.. ഒരാളുടെ സ്വപ്നത്തിന്
മറ്റൊരാള്‍ വഴിക്കാട്ടുകയാണോ അതോ ഇമ്മാനുവേല്‍ ഒരു സ്വപ്നം പോലെ ഞങ്ങളെ പിന്തുടരുകയോ....
Dreams..... Far away |
ഹൃദ്യമായ യാത്രാവിവരണം ഒരു കഥ പറയുന്നത് പോലെ തോന്നിക്കുന്നു.സ്വപ്നം കാണുന്നത് പോലെ വായിച്ച് തീർത്തു.
ReplyDeleteഒരു ഭാഗം കൂടി വേഗം എഴുത്.
ആദ്യ വായനക്കും കമന്റിനും നന്ദി സുധി...
Deleteസുധി പറഞ്ഞപോലെ വളരെ നല്ല ഒരു യാത്രാവിവരണം. ജീവിതത്തിൽ ഇടക്കിടെ ഇങ്ങനെ ചില യാത്രകൾ എത്ര നല്ലതാണ്. അല്പം സാഹസികതയും, ഇത്തിരി പ്രേതതോന്നലുകളും ഒക്കെ നിറഞ്ഞ ആ യാത്രാനുഭവങ്ങൾ പങ്കുവച്ചതിനു നന്ദി. ആശംസകൾ മുബീ.
ReplyDeleteഗീത, ഓരോ യാത്രയും സമ്മാനിക്കുന്നത് വ്യത്യസ്ഥമായ അനുഭവങ്ങളാണ്.അത് തന്നെയാണ് യാത്രയെ ഇത്രയേറെ ഇഷ്ടപ്പെടുന്നതും... നന്ദി സ്നേഹം..
Deleteമനോഹരം ഈ യാത്ര വിവരണം
ReplyDeleteനന്ദി മാനവന് :)
Deleteഇമ്മാനുവൽ വിടാതെ കൂടിയിരിക്കുകയാണല്ലോ പിന്നാലെ...
ReplyDeleteഏതായാലും ഒരു സംരക്ഷണം പോലെ ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കാം...
വിവരണം നന്നായി... ആശംസകൾ
ഉവ്വ്.. സന്തോഷായിട്ടോ
Deleteഅവിടെ എത്തേണ്ട താമസമേയുണ്ടായുള്ളൂ... അപ്പോഴേക്കും കെട്ടും കെട്ടി ഇറങ്ങി അല്ലേ...? നടക്കട്ടെ നടക്കട്ടെ... :)
ReplyDeleteഇല്യ വിനുവേട്ടാ... ഇത് നാട്ടില്‍ പോകുന്നതിന് മുന്‍പ് പോയതാണ്. അപ്പോള്‍ എഴുതാന്‍ പറ്റിയില്ല.
Deleteചിലയിടങ്ങളിൽ, ചിലർ, ചില നേരത്ത്...
ReplyDeleteഅതെ.. പ്രതീക്ഷിക്കാതെ നമ്മള്‍ അറിയാതെ നമ്മുടെ കൂടെ ചിലര്‍!
Deletenalloru yathra..aashamsakal
ReplyDelete-ourangaseeb
നന്ദി സുഹൃത്തേ..
Deletesuper- nalla vayanaa sugham
ReplyDeletesaji thattathumala
സന്തോഷം ഇവിടെ വന്നതില്‍... നന്ദി
Deleteഎല്ലാവര്‍ക്കും എന്‍റെ സ്നേഹംനിറഞ്ഞ പുതുവത്സരാശംസകള്‍... 2016 നല്ല വായനകളും എഴുത്തുകളും കൊണ്ട് സമ്പന്നമാകട്ടെ!
ReplyDeleteവഴക്കുപക്ഷിയിലേക്ക് വന്നതിനും പ്രോത്സാഹനത്തിനും നന്ദി അറിയിക്കട്ടെ. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.
ReplyDeleteനന്ദി... തീര്‍ച്ചയായും :)
Deleteinteresting...........!!!
ReplyDeleteThanks
Deleteമികച്ച അവതരണം. നല്ല ചിത്രങ്ങള്‍- വീണ്ടും വഴക്കുപക്ഷിയില്‍ കണ്ടതിനു സ്നേഹം തിരകെ.
ReplyDeleteഅന്നൂസ്, സ്നേഹം പ്രിയ സുഹൃത്തേ...
Deleteവരികൾക്കനുയോജ്യമായ ചിത്രങ്ങൾ കൂടി ചേർന്നപ്പോൾ ഒരു കിടിലൻ യാത്രാനുഭവം.
ReplyDeleteനന്നായിരിക്കുന്നു. ആശംസകളോടെ
അബൂതി, സന്തോഷംട്ടോ :)
Deleteപതിവുപോലെ ഈ രചനയും,ഫോട്ടോകളും മനോഹരം!
ReplyDeleteആശംസകള്‍
തങ്കപ്പന്‍ ചേട്ടാ... നന്ദി :)
Deleteഎത്ര മനോഹരമായ ദൃശ്യങ്ങള്‍.പതിവ് പോലെ ഒന്നാന്തരം വിവരണവും.
ReplyDeleteഹുസ്സൈനോട് പറയാം വെട്ടത്താന്‍ ചേട്ടാ... സ്നേഹം
Delete
ReplyDeleteമനോഹരമായ ചിത്രങ്ങളും , അതി ഹൃദ്യമായ യാത്രാ വിവരണവും ... എന്റെ ആശംസകൾ.
ഷഹീം... സന്തോഷം :)
Deleteജോര്‍ജ് തടാകകരയും അവിടുത്തെ കാഴ്ചകളും ...പിന്നെ ഇമ്മാനുവലിനെയും പരിചയപെടാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം ... കണ്ട കാഴ്ചകള്‍ സുന്ദരം ...ഇനിയും കാണേണ്ട കാഴ്ചകള്‍ അതിസുന്ദരം !എല്ലാ ഭാവുകങ്ങളും ..സസ്നേഹം ...
ReplyDeleteഅമല്‍ ഒത്തിരി സന്തോഷം ഈ യാത്രയില്‍ കൂടെ കൂടിയതില്‍... നന്ദി
Deleteഹൃദ്യമായ യാത്രാനുഭവം..
ReplyDeleteമനോജ്, നന്ദി... സ്നേഹം
Deleteഎന്നാലും സമ്മതിക്കണം ...
ReplyDeleteകാടും മലയും ഡാമുമൊക്കെ വടിയും
കുത്തി താണ്ടി പോകുന്ന പ്രേതം പോലും പേടിക്കുന്ന
ഒരു ഉമ്മച്ചിക്ടാവ് ...പിന്നീട് അതിലും കേമമായ ഒരു സഞ്ചാര വിവരണവും .
ബെസ്റ്റ് കണ്ണാ ..ബെസ്റ്റ് ..!
പ്രദേശതു നേരിട്ടെത്തിയ പ്രതീതിയാണ്,നന്നായി രേഖേപെടുതിയിരിക്കുന്നു ,..................
ReplyDeleteവിവരണങ്ങളോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും
ReplyDeleteഅതീവ സുന്ദരം..എഴുത്തും ദൃശ്യങ്ങളും...ഒരുപാടിഷ്ടായി..
ReplyDeleteമുബീൻ ഹുസൈൻ നിങ്ങളോടെനിക്ക് അസൂയ തോനുന്നു... നിങ്ങളുടെ ഒട്ടു മിക്ക അനുഭവ കഥകളും യാത്രാ വിവരണവും ഞാൻ വായികാറുണ്ട്
ReplyDeleteസ്വപ്ന തുല്യമായ യാത്രകളും അത് തരുന്ന അനുഭൂതികൾ ഒട്ടും അതിശയോക്തി ഇല്ലാതെ വായനക്കാരന്റെ മനസ്സിൽ തട്ടുന്ന വിവരണവും... നിങ്ങളും കുടുംബവും എന്നെന്നും സന്തോഷത്തിലായിരിക്കട്ടെ
നന്ദി കണ്ണെത്താ ദൂരത്തിൽ മനസ്സെത്തിച്ചതിന്