വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

മുത്തുതേന്‍ നിറച്ച വലിയ ഒരു കുപ്പി അയാളുടെ ഇടതുകൈയ്യില്‍ തൂങ്ങിക്കിടന്നിരുന്നു. വലതുകൈയ്യില്‍ അയാള്‍ നീട്ടിയ ആ തുണ്ടുകടലാസ്സിലെ അക്ഷരങ്ങള്‍ ഞാന്‍ ഒരിക്കല്‍കൂടി വായിച്ചു.
"കല്ലറക്കല്‍ അന്തോണി".
എന്‍റെ മുന്നില്‍ നില്‍ക്കുന്നത് അല്പം മുന്‍പ് കടന്നുപോയ ബസ്സില്‍ നിന്നും ഇറങ്ങിയ ഒരാദിവാസി കുടുംബമാണ്. എണ്ണനിറഞ്ഞ തലമുടി ഭംഗിയായി ചീകിനിര്‍ത്തി സമപ്രായക്കാരനായ ഒരു പന്ത്രണ്ടുവയസ്സുകാരന്‍ നെഞ്ചില്‍ തുണിസഞ്ചി ചേര്‍ത്തുപിടിച്ചു നില്ക്കുന്നു. ഒക്കത്ത് കൈകുഞ്ഞുമായി ഒരമ്മ.
എന്‍റെ മറുപടിക്കായ് അവര്‍ കാത്തു നില്ക്കുകയാണ്.
"അന്തോണി മുതലാളിയുടെ വീട് .."
"അതാ.. ആ കാണുന്ന വളവ് കഴിഞ്ഞാല്‍ ആദ്യം കാണുന്ന ഇടവഴി ഇറങ്ങി ചെല്ലുന്നത് മുതലാളിയുടെ വീട്ടിലേക്കാണ്. അല്ലെങ്കില്‍ വേണ്ട.. വാ.. ഞാന്‍ കാണിച്ചുതരാം." "
നെഞ്ചില്‍ അവന്‍ ചേര്‍ത്തുപിടിച്ച തുണിസഞ്ചി പിടിച്ചുവാങ്ങി ഞാന്‍ സൈക്കിളിനു പുറകില്‍ വെച്ചു.
ചുറ്റും കണ്ണുകള്‍ പായിച്ച് എന്‍റെ ഗ്രാമത്തെ അവന്‍ അത്ഭുതത്തോടെ വീക്ഷിക്കുകയാണ്. ആ മുഖത്ത് നോക്കി ഞാന്‍ ചെറുതായൊന്നു പുഞ്ചിരിച്ചു.
മുഖത്തെ വിഷാദഭാവം വെടിഞ്ഞ് തിരിച്ച് എനിക്കായ് ഒരു പുഞ്ചിരി നല്കാന്‍ അവന്‍ വല്ലാതെ പണിപ്പെടുന്നതായ് തോന്നി.
"എന്താ നിന്‍റെ പേര് ..?"
"മുത്തു .." അവന്‍ പറഞ്ഞു.
കൊട്ടാരം പോലുള്ള അന്തോണി മുതലാളിയുടെ വീടിനു ചുറ്റുമുള്ള കോട്ടമതിലിനു മുന്നിലൂടെ രണ്ടും മൂന്നും തവണ ഞാന്‍ വട്ടമിട്ടു. ഇന്നലെ ഈ വലിയ ഗേറ്റിനു മുന്നില്‍ വെച്ചാണ് മുത്തുവിന്‍റെ അച്ഛന്‍റെ കൈകളിലേക്ക് അന്തോണി മുതലാളി പണം എണ്ണികൊടുത്തത്. തേന്‍ നിറച്ച കുപ്പിയും തൂക്കിപ്പിടിച്ച് മുതലാളിക്ക് പുറകില്‍ അകത്തേക്ക് നടന്നുപോകുന്ന മുത്തുവിനെ കണ്ണില്‍ നിന്നും മറയുന്നതുവരെ ആ അച്ഛനും അമ്മയും നോക്കിനിന്നു. കൂടെ ഞാനും.

മതിലിനു മുകളിലൂടെ കാണാവുന്ന മരങ്ങളില്‍ മാങ്ങയും, ലൂബിയും, ചാമ്പയും നാവില്‍ വെള്ളം നിറക്കുന്നു. അകത്തുള്ള മുത്തുവിനെ കണ്ടെത്തിയാല്‍ മാത്രമേ കൊതിയുടെ ഈ യാത്രകൊണ്ട് നേട്ടമുള്ളൂ. മതിലില്‍ ഒരു വിടവ് കണ്ടു. കട്ടകള്‍ ഇളക്കിമാറ്റി ഞാന്‍ അകത്തെ ലോകത്തേക്ക് കണ്ണുകള്‍ ചേര്‍ത്തുവെച്ചു.
വീടിന്‍റെ പുറകുവശത്തെ തൊഴുത്തില്‍ മുത്തു പശുക്കളെ തേച്ചുകഴുകി കുളിപ്പിക്കുന്നു.
"മുത്തു .."
എന്റെ ശബ്ദം അവന്‍റെ കാതുകളില്‍ തട്ടി.
അവന്‍ ചുറ്റും നോക്കി. സമീപത്ത് ആരുംതെന്നെയില്ല എന്ന് ഉറപ്പുവരുത്തിയശേഷം അവന്‍ മതിലിനരികിലേക്ക് ഓടി വന്നു.
"ഞാനാ അപ്പു. എനിക്ക് കുറച്ച് ലൂബിക്കായ് തരോ ?
അവിടെ നിലക്ക് എന്ന്പറഞ്ഞ് അവന്‍ തിരിച്ചോടി. അല്പം കഴിഞ്ഞ് കൈകളില്‍ ഒരു കടലാസ്സ് പൊതിനിറയെ ലൂബിക്കയും ചാമ്പക്കയുമായി അവന്‍ തിരിച്ചുവന്നു.
“മുത്തൂ ..നീ ഇവിടെ പശുവിനെ കുളിപ്പിക്കാന്‍ വന്നതാണോ.” ?
"പശുവിനെ കുളിപ്പിക്കുക മാത്രമല്ല. തുണി അലക്കണം, പാത്രം കഴുകണം, നിലം തുടക്കണം, പശുവിന് പുല്ല് അരിയണം..അങ്ങിനെ ഈ വീട്ടിലെ എല്ലാ പണിയും എടുക്കണം."
തമിഴ് കലര്‍ന്ന മലയാളത്തില്‍ ആണ് അവന്‍ പറയുന്നത് എങ്കിലും എനിക്ക് എല്ലാം മനസിലാകുന്നുണ്ടായിരുന്നു..
"ഞാന്‍ പോകട്ടെ കൊച്ചമ്മയോ മുതലാളിയോ കണ്ടാല്‍ അടികിട്ടും."
മതിലിന്‍റെ വിടവിലേക്ക് ആ കടലാസ്സ്പൊതി തിരുകിവെച്ച് അവന്‍ തിരിച്ചോടി.

ആ രാത്രിയില്‍ എനിക്കുറക്കം വന്നില്ല. മുത്തു അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഓര്‍ത്ത് എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കരയുന്നതെന്തിന് എന്ന് അമ്മ പലവട്ടം ചോദിച്ചിട്ടും പറയാന്‍ എന്തോ മനസ്സ് അനുവദിച്ചില്ല.

പിന്നീട് അവധി ദിനങ്ങളിലെല്ലാം തന്നെ ആ വലിയകോട്ടമതില്‍ പ്രദക്ഷിണം വെക്കുക എന്‍റെ പതിവായ്‌ മാറി. പലപ്പോഴും തമിഴ് സംസാരിക്കുന്ന സമപ്രായക്കാരനായ ആ സുഹൃത്തിനെ അകത്ത് കണ്ടെത്താനായില്ലയെങ്കിലും, കട്ടകള്‍ ഇളക്കി മാറ്റിയ ആ മതിലിന്‍ വിടവില്‍ എന്നെയും കാത്ത് അപ്പോഴും ഒരു കടലാസ്സ് പൊതി ഒളിച്ചിരിക്കുന്നുണ്ടാകും.

'മുത്തൂ.... "
പാടത്തിന്‍റെ കരയില്‍ ഇരുള്‍പരക്കുന്ന തെങ്ങിന്‍ തോപ്പിനുള്ളില്‍ നിന്നും ഘനഗംഭീരമായ ശബ്ദം മുഴങ്ങി. പന്തുരുളുന്ന ഇളംകാലുകള്‍ പെട്ടെന്ന് നിശ്ചലമായി. അകലെ അവ്യക്തമായിക്കാണാവുന്ന ആ ആള്‍ രൂപം അന്തോണി മൊതലാളിയുടെതാണ്. മുത്തു പന്തുകളിക്കുന്നത് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു.

പശുവിന് പുല്ലരിയാന്‍ പാടത്തേക്ക് വരുമ്പോള്‍ മാത്രം വീടിനു പുറത്തിറങ്ങാന്‍ അനുവദിച്ചുകിട്ടുന്ന സ്വാതന്ത്ര്യം ഞങ്ങള്‍ അവന് കളിക്കാന്‍ ഉള്ള അവസരം ഒരുക്കി. കളി ആരംഭിക്കുന്നതിന് മുന്‍പ് മുത്തുവിന് ആവശ്യമായ പുല്ല് ഞങ്ങള്‍ കുട്ടികള്‍ കൂട്ടംച്ചേര്‍ന്ന് വയല്‍വരമ്പില്‍ അരിഞ്ഞുവെക്കും. പിന്നെ തെങ്ങിന്‍ തോപ്പിനുള്ളില്‍ നിന്നും പാടത്തേക്ക് ഇറങ്ങിവരുന്ന മുത്തുവിന്‍റെ വരവിനായുള്ള കാത്തിരിപ്പാണ്. അതിന് മുന്‍പേ ആരുടെ ടീമില്‍ അവന്‍ കളിക്കണം എന്ന് ഞങ്ങള്‍ നറുക്കെടുത്ത് വെച്ചിരിക്കും. മുത്തു ബാക്ക് നിന്നാല്‍ ആ കാലില്‍ നിന്നും പന്ത് ചോരുകയില്ല. മുത്തുവിനെ സ്വന്തമാക്കിയാല്‍ ടീം വിജയിച്ചു എന്നായിരുന്നു ഞങ്ങളുടെ ആത്മവിശ്വാസം.

വയല്‍വരമ്പില്‍ അരിഞ്ഞുവെച്ചിരുന്ന പുല്ല്കെട്ട് തലയില്‍ എടുത്തുവെച്ച് മുത്തു ഓടി. അടുത്തെത്തിയപ്പോള്‍ അന്തോണി മുതലാളി നടക്കാന്‍ ഉപയോഗിക്കുന്ന ഊന്നുവടികൊണ്ട് അവന്‍റെ പുറത്ത് ആഞ്ഞടിക്കുന്നത് ഞങ്ങള്‍ക്കകലെനിന്നും കാണാമായിരുന്നു. അടികൊണ്ട മുത്തു നിലവിളിച്ചുവോ.? അറിയില്ല. ഒരുപക്ഷെ ആ നിലവിളി ദൂരദൈര്‍ഘ്യത്താല്‍ അലിഞ്ഞുപോയതാകാം. അല്ലെങ്കില്‍ ശബ്ധമില്ലാതെ കരയാന്‍ മുത്തു പഠിച്ചിരിക്കണം.

മുത്തു കളം വിട്ടതോടെ കളിയുടെ രസച്ചരട് മുറിഞ്ഞു. കളി അവസാനിപ്പിച്ച് ഞങ്ങള്‍ അടുത്തുള്ള കുളക്കടവിലേക്കിറങ്ങി.

ചക്രവാളത്തില്‍ അന്തിസൂര്യന്‍റെ ചെങ്കനല്‍ മായാന്‍ തുടങ്ങി.

എന്താണ് സംഭവിച്ചത് എന്ന് ഒന്നും മനസിലാകുന്നില്ല.

പാടത്ത് ഉണ്ടായിരുന്ന സ്ത്രീകളും പുരുഷന്മാരും കൂട്ടത്തോടെ കരയിലേക്ക് ഓടിക്കയറുന്നു. അവരുടെ ശരീര ഭാഷയിലും കാലുകളിലെ വേഗതയിലും അസ്വഭാവികത പ്രകടമായിരുന്നു. കുളി അവനാനിപ്പിച്ച് ഞങ്ങള്‍ അവര്‍ക്ക് പുറകില്‍ ധൃതിയില്‍ ചലിക്കുന്ന നിഴലുകായ് മാറി.
എല്ലാകാലുകളും അന്തോണിമുതലാളിയുടെ ആ വലിയ വീടിനെയാണ്‌ ലക്‌ഷ്യം വെക്കുന്നത്. മതില്‍ ഗേറ്റ് തള്ളിത്തുറന്ന് അവര്‍ അകത്തേക്കോടുന്നു. അകത്ത് മോട്ടോര്‍ പുരയുടെ സമീപം ഏതാനും ആളുകള്‍ വട്ടം കൂടി നില്ക്കുന്നുണ്ട്.
അങ്ങോട്ട്‌ ഓടിയടുക്കും മുന്പേ ആരുടെയോ നാവില്‍ നിന്നും ഞാനാസത്യം അറിഞ്ഞു.
"എല്ലാം കഴിഞ്ഞു.."
ആളുകളെ തള്ളിമാറ്റി ഞാന്‍ ഞാനാകാഴ്ചകണ്ടു..
വായില്‍ നിന്നും നുര പുറത്തേക്ക് വന്ന് പച്ചപുല്ലില്‍ മുത്തു മലര്‍ന്നുകിടക്കുന്നു..
മുത്തൂ..എന്നലറിവിളിച്ചുകൊണ്ട് ഞാനവനെ കുലുക്കിവിളിച്ചു.
ശബ്ദമില്ലാത്തലോകത്തുനിന്നും ആ വിളികെള്ക്കാന്‍ ഇനിയവന് കഴിയില്ല. മുത്തു ഷോക്കേറ്റ് മരിച്ചിരിക്കുന്നു. മോട്ടോര്‍ ഓണ്‍ചെയ്യുന്നതിനിടയില്‍ മുത്തുവിന് ഷോക്ക് അടിക്കുകയായിരുന്നു.
കരഞ്ഞുതളര്‍ന്ന മനസ്സുമായി ആ രാത്രിയില്‍ ഏറെനേരം ഞാന്‍ മുത്തുവിന് കൂട്ടിരുന്നു.

പിന്നീടെപ്പോഴാണ് അച്ഛന് എന്നെ വീട്ടിലേക്ക് കൊണ്ടുപോയത്? എപ്പോഴാണ് ഞാന്‍ ഉറക്കത്തിലേക്ക് കടന്നത്..? അറിയില്ല. മറ്റൊരു പ്രഭാതം പൊട്ടിവിടരും മുന്പേ ഞാന്‍ ഞെട്ടിയുണര്‍ന്നത് മുത്തൂ എന്നുറക്കെ വിളിച്ചുകൊണ്ടാണ്‌.
ആകാശം വെള്ളകീറാന്‍ തുടങ്ങുന്നു. പ്രഭാതത്തിന്‍റെ ഉണര്‍ത്തുപാട്ടായ് കാതില്‍ അലയടിക്കുന്ന കിളികൊഞ്ചലുകള്‍ക്ക് ഒരാളുടെ നിദ്രയെ മടക്കിവിളിക്കാനാകുമോ ? എങ്കില്‍ എനിക്കെന്‍റെ മുത്തിവിനെ തിരിച്ചുതാ ..

കയ്യാലയിലെ ഒരു മരബഞ്ചില്‍ അവര്‍ മുത്തുവിനെ കിടത്തിയിരിക്കുന്നു. പാലക്കാട് നിന്നും അവന്‍റെ വീട്ടുകാര്‍ വരുന്നത് കാത്തിരികുകയാണ് എല്ലാവരും.
കാത്തിരിപ്പിന് വിരാമമായി ഗേറ്റിനു മുന്നില്‍ ഒരുജീപ്പ് വന്നുനിന്നു. വലതു കൈയ്യില്‍ കയറില്‍ തൂക്കിപ്പിടിച്ച ഒരു വലിയ തേന്‍ കുപ്പിയുമായി മൂത്തുവിന്‍റെ അച്ഛന്‍ ഒരിക്കല്‍കൂടി എന്‍റെ മുന്നില്‍ വാഹനമിറങ്ങി.

കയ്യാലയിലെ ബഞ്ചില്‍ വെള്ളപുതപ്പിച്ചു കിടക്കുന്ന ചലനമറ്റ മകന്‍റെ ദേഹം ഏറ്റുവാങ്ങാന്‍ ഗേറ്റിനു പുറത്ത് അയാള്‍ കാത്തുനിന്നു. അന്തോണി മുതലാളി അവരെ കൈ നീട്ടി അകത്തേക്ക് വിളിക്കുന്നുണ്ടെങ്കിലും ആ പടികടക്കാന്‍ അയാള്‍ തയ്യാറല്ലായിരുന്നു. അടക്കിപ്പിടിച്ച ദുഃഖം മറച്ചുപിടിക്കുന്ന ആ മുഖം ഞാന്‍ ഒരിക്കല്‍ക്കൂടി നോക്കി. കടുത്ത വേദനയിലും കരയാതിരിക്കാന്‍ മുത്തു പഠിച്ച പാഠശാല. ശബ്ദമില്ലാത്ത വാക്കുകള്‍ വാചാലമാകുന്ന ഭാഷയായ് മാറുന്നത് ഞാന്‍ കണ്ടറിഞ്ഞു.

രണ്ടുപേര്‍ ചേര്‍ന്ന് മുത്തുവിന്‍റെ ശരീരം താങ്ങിയെടുത്തു. പുറത്ത് കാത്തുനില്ക്കുന്ന ജീപ്പിന്‍റെ പിന്‍സീറ്റിലേക്ക് അവര്‍ അവനെ എടുത്തുവെച്ചു.
അന്തോണി മുതലാളിയുടെ ആശ്വസിപ്പിക്കന്ന കരങ്ങള്‍ മുത്തുവിന്‍റെ അച്ഛന്‍റെ തോളില്‍ പതിഞ്ഞു. മുട്ടോളം നീണ്ടുകിടക്കുന്ന സില്ക്കിന്‍റെ ജുബ്ബയുടെ പോക്കറ്റില്‍ നിന്നും പണം അടങ്ങുന്ന ഒരു പൊതിയെടുത്ത് അയാള്‍ ആ കൈകളില്‍ വെച്ചുകൊടുത്തു.

പ്രിയപ്പെട്ട കൂട്ടുകാരനേയും വഹിച്ചുകൊണ്ട് ആ വാഹനം എന്‍റെ കണ്ണില്‍ നിന്നും മറയുകയാണ്. ഗേറ്റിനു മുന്നില്‍ കണ്ണീരോടെ വിടപറയുന്ന നാട്ടുകാര്‍ക്കിടയില്‍ അവരിലൊരുവനായി ഞാനും.

ചുറ്റും കൂടിനില്‍ക്കുന്നവര്‍ക്ക് മുന്നില്‍ ആ കോട്ടമതിലിന്‍റെ വാതില്‍ അന്തോണി മുതലാളി വലിച്ചടച്ചു. അകത്തേക്ക് നടന്നു പോകുന്ന അദ്ദേഹത്തിന്‍റെ വലതുകൈയ്യില്‍ അപ്പോള്‍ ഒരു തേന്‍കുപ്പി തൂങ്ങിയാടുന്നുണ്ടായിരുന്നു...


മൊയ്തുക്ക-യാത്രികരുടെ തമ്പുരാന്‍.

മനസ്സിന് ലഹരിപകരുന്ന യാത്രയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. എന്നാല്‍ യാത്രികരെ ഇഷ്ടപ്പെടുന്ന എത്ര പേരുണ്ടിവിടെ? അതും ലോകം മുഴുവന്‍ സഞ്ചരിച്ച ആളായാലോ? എങ്കില്‍ അത്തരമൊരു ആളെ തേടി ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതില്ല. മലപ്പുറം ജില്ലയില്‍ അരീക്കോടിന് സമീപമുള്ള കിഴിശ്ശേരിയിലെത്തി 'മൊയ്തുക്ക'യുടെ വീടേതെന്ന് അന്വേഷിച്ചാല്‍ ആരും കാണിച്ചുതരും.. മുറ്റം നിറയെ ചെടികളുള്ള വീട്ടിലേക്ക് കയറിയാല്‍ കാണാന്‍ കൊതിച്ച ഒരുപാട് പുരാവസ്തുക്കള്‍ തിങ്ങിക്കിടക്കുന്ന ആ വീട്ടില്‍ ഓര്‍ത്താല്‍ തീരാത്ത ഓര്‍മകളുമായി നിങ്ങള്‍ക്ക് മൊയ്തുക്കയെ കാണാം.. ഒന്നും ചോദിക്കാതെ തന്നെ മൊയ്തു ഓര്‍മകളൊന്നൊന്നായ് സ്വയം പകര്‍ന്നുതരും..

ഉപ്പയുടെ ആകസ്മിക മരണം തീര്‍ത്ത ദാരിദ്രവും അനാഥത്വവും കാരണം നാടുവിടേണ്ടി വന്ന ഒരു ഏഴുവയസ്സുകാരന്‍.. മരണം ജീവിതത്തില്‍ തീര്‍ത്ത ശൂന്യത തിരിച്ചറിഞ്ഞ ആ പയ്യന്‍ ജീവിതത്തിന്‍റെ രഹസ്യം തേടി പുറപ്പെട്ടു. ഏഴാമത്തെ വയസ്സില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിലൂടെ അലഞ്ഞുനടന്ന അവനു മുന്നില്‍ ഈ രാജ്യത്തിന്‍റെ ആത്മാവ് തുറന്നുകിട്ടി. വേശ്യകളും സൂഫികളും സന്യാസികളും തെരുവ് മനുഷ്യരും നിറഞ്ഞ ഈ ലോകത്തെ ജീവിതമെന്ന പ്രഹേളിക അവനുമുന്നില്‍ വെളിവാക്കപ്പെട്ടു. നിരര്‍ത്ഥകമായ ജീവിതയാത്രയില്‍ മനുഷ്യന്‍റെ കാട്ടിക്കൂട്ടലുകളുടെ ചിത്രം നിറഞ്ഞു നില്‍ക്കുന്നു. 

തന്‍റെ പതിനാലാമത്തെ വയസ്സില്‍ ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് കടന്ന മൊയ്തു ഇത്തിരി പോന്ന ഈ ലോകത്ത് തടസ്സങ്ങളായ് നാം സൃഷ്ടിച്ച അതിര്‍വരമ്പുകളെ ഉല്ലംഘിക്കുന്നുണ്ട്. എത്ര തവണ പട്ടാളക്കാര്‍ തടഞ്ഞാലും വീണ്ടും വീണ്ടും അതിര്‍ത്തി കിടക്കാനുള്ള തീവ്രമായ ശ്രമം നമ്മെ അത്ഭുതപ്പെടുത്തും. പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്കും ഇറാഖ്, ഇറാന്‍, തുര്‍ക്കി, റഷ്യ തുടങ്ങി 43 ഓളം രാജ്യങ്ങള്‍ മൊയ്തു സഞ്ചരിച്ചു. ഇതിനിടെ സൈനികനായും ചാരനായും പത്ര റിപ്പോര്‍ട്ടറായും ജോലി ചെയ്തു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി പ്ലമ്പറും ഇലക്ട്രീഷനുമായി വേഷമണിഞ്ഞു. 53 വയസ്സുകാരനായ മൊയ്തുവിന് നിരവധി ഭാഷകള്‍ സംസാരിക്കാനും തുര്‍ക്കിയടക്കം ആറ് ഭാഷകള്‍ എഴുതാനും അറിയാം.

ജീവിതത്തിലെന്ത് നേടി എന്ന് ആരെങ്കിലും ചോദിച്ചാല്‍ മൊയ്തുവിനുള്ള ഉത്തരം ഒരുപാട് ഓര്‍മകളും വിലമതിക്കുന്ന പുരാവസ്തുക്കളും എന്നാവും. സ്വന്തമായ് ശേഖരിച്ചതും സുഹൃത്തുക്കള്‍ ഉപഹാരമായ് നല്‍കിയതുമായ ഒരുപാട് പുരാവസ്തുക്കള്‍ മൊയ്തു ഇന്നും നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നു. അരയിഞ്ച് വലിപ്പമുള്ള ലോകത്തിലെ ഏറ്റവും ചെറിയ ഖുര്‍ആന്‍, പഴയ പാട്ടുപെട്ടി, ഇംഗ്ലണ്ടിലെ മരപ്പെട്ടി ടെലിഫോണ്‍, ക്യാമറ, 1918 ല്‍ ലോകമഹായുദ്ധത്തിന് ഉപയോഗിച്ച തോക്ക്, ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച കൈവിലങ്ങ്, 1921 ലെ മലബാര്‍ കലാപത്തില്‍ ഉപയോഗിച്ച വാളുകള്‍, രാജ്യഭരണകാലത്തെ രാജദൂത്, പുരാതന ലിപികളുടെ ചിത്രങ്ങള്‍, വിവിധ തരത്തിലുള്ള രത്നങ്ങള്‍, ആദിവാസി ആഭരണം, ചൈനീസ് കലാശില്‍പം, ചില്ല് വിളക്കുകള്‍, 10 ലക്ഷത്തിന്‍റെ അമേരിക്കന്‍ ഡോളര്‍, നാണയങ്ങളുടെ അമൂല്യശേഖരം തുടങ്ങിയ ഒറ്റനവധി വസ്തുക്കള്‍ മൊയ്തു ഭദ്രമായി സൂക്ഷിക്കുന്നു. 

ഇന്ന് ഈ യാത്രാപ്രിയന്‍ പ്രയാസങ്ങളുടെ നടുക്കടലിലാണ്. ഒരു ഭാഗത്ത് രോഗം വിടാതെ വേട്ടയാടുമ്പോള്‍ മറുഭാഗത്ത് സാമ്പത്തിക പ്രതിസന്ധിയും വെല്ലുവിളിയായ് ഉയര്‍ന്നുനില്‍ക്കുന്നു. 'ഒരുപാട് പേരുടെ പ്രയാസങ്ങളിലൂടെ കടന്നുപോയ അനുഭവങ്ങള്‍ കൂട്ടായ് ഉള്ളതുകൊണ്ടാവാം സ്വന്തം പ്രയാസങ്ങള്‍ക്ക് ഭാരം തോന്നാത്തത്' എന്ന് മൊയ്തുക്ക ചിരി വരുത്തി പറയുമ്പോഴും പ്രയാസങ്ങള്‍ അദ്ദേഹത്തില്‍ നിഴലിച്ച് കാണുന്നുണ്ടായിരുന്നു. 

കടന്നുപോയ അനുഭവങ്ങളെ ഓര്‍ത്തെടുത്ത് ലിവിംഗ് ഓണ്‍ ദ എഡ്ജ്, സൂഫികളുടെ നാട്ടില്‍, മരുഭൂകാഴ്ചകള്‍, ദര്‍ദെ ജുദാഈ, തുര്‍ക്കിയിലേക്കൊരു സാഹസിക യാത്ര, ചരിത്രങ്ങളിലൂടെ എന്നിങ്ങനെ ആറോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 
ഇന്ന് മൊയ്തുക്കയുടെ പ്രധാനപ്രശ്നം സാമ്പത്തികപ്രതിസന്ധിയാണ്. എന്തുചെയ്യണമെന്ന ചോദ്യത്തിനുമുന്നില്‍ പലപ്പോഴും പ്രിയപ്പെട്ടതായ് ചേര്‍ത്തുപിടിക്കുന്ന പുരാവസ്തുക്കള്‍ ആര്‍ക്കെങ്കിലും വില്‍പന ചെയ്താലോ എന്ന് തോന്നിപ്പോവുമെന്ന് മൊയ്തു പറയുന്നു. ഒരു മ്യൂസിയമായ് ആരെങ്കിലും ഏറ്റെടുത്തിരുന്നെങ്കില്‍ എന്ന് ഇടക്കിടെ കൊതിച്ചുപോവുന്നു. നമുക്കാവുന്നത് നമുക്ക് ചെയ്യാം..
ആരോഗ്യ സ്ഥിതി വീണ്ടെടുത്ത് ഇനിയും യാത്ര പോവണമെന്ന ആഗ്രഹത്തിന് നമുക്കും താങ്ങേകാം..എന്‍റെ പ്രണയം......

പ്രിയ ബ്ലോഗ്ഗര്‍ പ്രീത തോന്നയ്ക്കല്‍ വഴക്കുപക്ഷിക്കായി എഴുതി അയച്ചു തന്നതാണീ കുറിപ്പ്.  ബ്ലോഗ്ഗില്‍ ലോഗിന്‍ ചെയ്തു സ്വന്തമായി പോസ്റ്റ്‌ ചെയ്യാം എന്ന് അറിയിച്ചപ്പോള്‍,
" അതൊന്നും വേണ്ട... അങ്ങ് പോസ്റ്റ്‌ ചെയ്യൂ... അല്ലെങ്കില്‍ ഞാന്‍ ഇതെടുത്ത് എന്റെ ബ്ലോഗ്ഗില്‍ ഇടും.." എന്ന് സ്നേഹത്തോടെ ഭീക്ഷണി മുഴക്കുകയാണ് ഉണ്ടായത്. 
വഴക്കുപക്ഷിയെ ഓര്‍ത്തതിനും സഹകരിച്ചതിനും പ്രിയ സോദരിക്കു സ്നേഹം ആദ്യമേ...
ഒപ്പം ഏറെ കരുതലോടെ അവരെ സ്നേഹിക്കുന്ന ബ്ലോഗുലകത്തിന് നന്ദിയും.....
  
എന്‍റെ പ്രണയം...... (കുറിപ്പ്)

അതെ.. ആദ്യം സ്നേഹിച്ചതവനായിരുന്നു.. 

ആദ്യമായിട്ടവനെ കാണുന്നത് ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. അന്ന് ഞാന്‍ അമ്മയോടൊപ്പം ഒരകന്ന ബന്ധുവിനെ കാണാന്‍ തിരുവനന്തപുരത്ത് ഒരാശുപത്രിയില്‍ നില്‍ക്കുവായിരുന്നു. വെറുതേ ഒരു നോട്ടം. അവനും തിരികെ നോക്കി. അത്ര തന്നെ. പക്ഷെ അപ്പോഴൊന്നും ഞാനോര്‍ത്തില്ല, അവനെന്‍റെ ജീവിതത്തിന്‍റെ തന്നെ ഭാഗമായിത്തീരുമെന്ന്. ഞാനെന്നല്ലാ, ആരായാലും അങ്ങനെ ചിന്തിക്കില്ലല്ലോ. 

വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ കോളേജില്‍ പഠിക്കുമ്പോഴാണ് വീണ്ടും ഞങ്ങള്‍ കാണുന്നത്. അതും മറ്റൊരാശുപത്രിയില്‍ വച്ചുതന്നെ. അന്ന് ഞാനാകെ മാറിപ്പോയിരുന്നു. പക്ഷെ അവന് പറയത്തക്ക മാറ്റമില്ല. കുറച്ച് കൂടി സുന്ദരനായെന്നു എനിക്ക് തോന്നി. 

ഞങ്ങള്‍ വീണ്ടും കണ്ടു. 

അവനെന്നെ തിരിച്ചറിയുമെന്ന് ഞാന്‍ കരുതിയതേയില്ല. ഞാന്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ അവനെന്‍റെ കട്ടിലിനരികില്‍ തന്നെയുണ്ടാകും. 

ആദ്യമൊക്കെ എനിക്ക് പേടിയായിരുന്നു. തെല്ലൊരാശങ്കയോടെ ഒരിക്കല്‍ ഞാനവനെ തൊട്ടു. പിന്നെ ഞങ്ങള്‍ കൂട്ടായി. എന്നാലും ആദ്യമായി എന്നെ അവന്‍റെ മടിയിലിരുത്തിയപ്പോള്‍ ഒരു കാമുകിയുടെ നാണത്തേക്കാള്‍ പരിഭ്രമമായിരുന്നു എനിക്ക്. പക്ഷെ അപ്പോഴും അവനെന്നെ ഞെട്ടിച്ചു. ഒട്ടും പരിഭ്രമമില്ലാതെ, ലജ്ജയില്ലാതെ അവനെന്നെയും കൊണ്ട് നടന്നു. 

പിന്നെപ്പോഴും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ശരിക്കും ഞാനവനെയല്ലാ, അവനെന്നെ സ്വന്തമാക്കുകയായിരുന്നു എന്ന് പറയുന്നതാണ് സത്യം. 

എനിക്കുതന്നെ എന്നെ നഷ്ടപ്പെടുംവിധം അവനെന്നെ സ്നേഹിച്ചു. എന്‍റെ മനസോ ശരീരമോ തളരുമ്പോള്‍ അവന്‍ ഇരുകൈകളും കൊണ്ടെന്നെ താങ്ങി. എന്‍റെ കാലൊന്നിടറുമ്പോള്‍ ചെറിയൊരു ഞരക്കത്തോടെ അവനെന്നെ പിടിച്ചുനിര്‍ത്തും. ഞാന്‍ കൊണ്ട വെയിലും മഴയും കാറ്റുമൊക്കെ എന്നോടൊപ്പം നിന്ന് അവനും കൊണ്ടു. ഒട്ടും പരിഭവമില്ലാതെ. എന്‍റെ ജീവിതത്തിലെ ഓരോ ഉയര്‍ച്ചയിലും ഏറ്റവുമധികം സന്തോഷിച്ചതും അവന്‍ തന്നെയായിരിക്കും. അവനങ്ങനെ ആകാനേ കഴിയൂ. 

 ഒരിക്കലൊരു സംഭവമുണ്ടായി കേട്ടോ. ഞാനും അവനും കൂടി കോവളം കടല്‍ത്തീരത്തിരിക്കുകയായിരുന്നു. തീരത്തെന്ന് പറഞ്ഞാല്‍ ആ പടിക്കെട്ടിനിപ്പുറം. 

പെട്ടെന്ന് എനിക്കൊരാഗ്രഹം, കടലിനടുത്ത് പോണം, കടലിനെ തൊടണം എന്നൊക്കെ. എന്‍റെ നിര്‍ബന്ധം സഹിയ്ക്കവയ്യാതെ അവനെന്നെയും കൊണ്ട് കടലിലേക്ക് നടന്നു. അല്‍പ്പം മുന്നോട്ടുചെന്നതും, കഷ്ടമെന്നു പറഞ്ഞാല്‍ മതിയല്ലോ, അവന്‍റെ കാലുകള്‍ മണലില്‍ പുതഞ്ഞുപോയി. നനഞ്ഞു കിടന്ന മണലല്ലേ. പാവം, കുറെ കഷ്ടപ്പെട്ടിട്ടും ഒരു രക്ഷയുമില്ല. ഒടുവില്‍ അവിടുണ്ടായിരുന്ന ചിലര്‍ ഞങ്ങളെ സഹായിക്കാന്‍ ഓടിയെത്തി. 

അവനന്ന് ഒരുപാട് വേദനിച്ചു. പക്ഷെ അപ്പോഴും അവന്‍റെ സങ്കടം എന്നെ കടലു കാണിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നായിരുന്നു. 

ഞങ്ങള്‍ പ്രണയത്തിലായിട്ട്‌ ഇപ്പോള്‍ പതിനഞ്ചുവര്‍ഷം കഴിഞ്ഞു. അതൊരു ചെറിയദൂരമല്ലെങ്കിലും, ഇപ്പോഴും അവനെ പിരിഞ്ഞിരിക്കുന്നത് എനിക്ക് ചിന്തിക്കാന്‍ കൂടി വയ്യ. അവനുമങ്ങനെ തന്നെ. ഞങ്ങള്‍ക്കൊരുമിച്ചു ഇനിയുമൊരുപാട് ദൂരങ്ങള്‍ താണ്ടാനുണ്ട്. 

ഒരു പക്ഷേ അവനെന്‍റെ ജീവിതത്തിലേക്ക് കടന്ന്‍ വന്നില്ലായിരുന്നെങ്കില്‍ ഇന്നത്തെ ഞാനുണ്ടാകുമായിരുന്നില്ല. ഏതെങ്കിലും നാല് ചുമരുകള്‍ക്കുള്ളില്‍ ആരാലും അറിയാപ്പെടാതെയങ്ങനെ... 

ഞാനവനെ പ്രണയിക്കുന്നതിലും പതിന്മടങ്ങ്‌ അവനെന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. മരണം വരെ അവനെന്നെ കൈവിടില്ലെന്നും.. കാരണം, ഞാന്‍ അവനെയല്ലല്ലോ, അവന്‍ എന്നെയല്ലേ സ്വന്തമാക്കിയത്.. 

എന്‍റെ സ്വന്തം “ചക്രക്കസേര..”

Search This Blog