വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

എനിക്കിഷ്ടം?.. (കവിത)


ഉറങ്ങാനാകാതെ ഉണർന്നിരിക്കുന്ന
ഘോരതപത്തിന്‍റെ വെള്ളിവെളിച്ചത്തിൽ
മോഹിപ്പിച്ചു തളർത്തുന്ന
വെറും വെളിച്ചം മാത്രമായ
സൂര്യനെയും പകലിനെയും
വെറുക്കുന്നില്ല ഞാനെങ്കിലും
ഇഷ്ടപ്പെടുന്നില്ല തരിമ്പും
വന്നുവീണതും പിച്ചവച്ചതും
വയറു നിറച്ചതുമെല്ലാമിരുട്ടിൽ
പകലിലേക്ക് രാത്രിയിൽ നടന്നു
കറുപ്പ് കനത്ത ഇരുട്ടില്‍
പൊട്ടൻതെയ്യങ്ങൾ അലറിവന്നു
മിന്നാമിന്നിവെട്ടത്തിൽ തലപൊക്കിയപ്പോൾ
ഞാന്‍ കാലുതട്ടി വീണു
മുട്ടുപൊട്ടി ചോരകിനിഞ്ഞു
ഇരുട്ടിനെ സ്നേഹിക്കാൻ
നിലാവ് പഠിപ്പിച്ചു
അമ്പിളിയുടെ കുളിർതീർത്ഥം!.
പൊട്ടന്മാരെല്ലാം കോമാളികളായി
ചോര കിനിഞ്ഞിടം വൃണമായെങ്കിലും
നോവെല്ലാം സുഖമുള്ളതായിരുന്നു
രതിനദി ശാന്തസംഗീതമായി
പ്രണയിച്ചൊഴുകിയതും ഇരുട്ടിലാണ്
മണലൂറ്റി അവളെ വറ്റിച്ചത്
പകലിന്റെ വിരുതും
കൂമസംഗീതവും തവളക്കാറലുകളും
നിലാവഴികളിൽ എനിക്ക് സ്വന്തം
അടക്കപ്പെട്ട വാതിലിനപ്പുറം
പ്രകാശം പിറക്കുമെന്ന്
കറുത്ത ഇരുട്ടിലാണ് പഠിച്ചത്
വെളിച്ചത്തിന് തൊട്ടുമുമ്പ്
ഇരുട്ടതിൻറെ പരകോടിയിലായിരുന്നു
വെളിച്ചത്തിലേക്ക് തുറക്കുന്ന
പ്രകാശമാണെനിക്ക് ഇരുട്ട്
അതെ, എനിക്കിഷ്ടം ഇരുട്ടാണ് രാത്രിയാണ്
അതിൻറെ നിശ്ശബ്ദസംഗീതമാണ്...
--------------------------
...ജോഫിൻ മണിമല...
  08682871736


8 comments:

  1. ആശംസകള്‍... കവിത ഇഷ്ട്ടമായി - നവീന്‍ മണിമല

    ReplyDelete
  2. ഇരുട്ടല്ലോ സുഖപ്രദം!!

    ReplyDelete
  3. ഇങ്ങിനെ അതി വേഗത്തിൽ പോയാൽ എങ്ങിനെയാ. ഇടയ്ക്കിടെ ഒന്ന് നിർത്തൂ. "തരിമ്പും" അത് കഴിഞ്ഞ് ഒരു നിറുത്ത് .. ചോര കിനിഞ്ഞു അതിനു ശേഷം അങ്ങിനെ പലയിടത്തും. വ്യതസ്തമായ ആശയങ്ങളോ പറച്ചിലോ തുടങ്ങുന്നതിനു മുൻപ് ഇങ്ങിനെ ചെയ്യുന്നത് കവിത മനസ്സിലാക്കാനും അതിന്റെ ഭംഗിക്കും ആവശ്യമാണ്. അങ്ങിനെ ഒന്ന് ചെയ്തു നോക്കൂ അപ്പോൾ മനസ്സിലാകും.
    ഗദ്യമാണ് കവിതയിൽ കൂടുതൽ കാണുന്നത്. ഇന്നത്തെ രീതി.
    കവിത നന്നായി. കാര്യങ്ങൾ ഭംഗിയായി അവതരിപ്പി ച്ചു.വായിക്കാനും സുഖം.

    ReplyDelete
  4. ആശംസകള്‍ പ്രിയ jofin... കവിത ഇഷ്ട്ടമായി . വീണ്ടും കാണാം

    ReplyDelete
  5. വെളിച്ചത്തിലേക്ക് തുറക്കുന്ന
    പ്രകാശമാണെനിക്ക് ഇരുട്ട്... ഇഷ്ടായിട്ടോ കവിത. ആശംസകള്‍ :)

    ReplyDelete
  6. വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും നന്ദിയും സ്നേഹവും അറിയിക്കട്ടെ...!

    ReplyDelete
  7. കറുപ്പിനെ സ്നഹിച്ച് ഇരുട്ടിനടയിരുന്നു പകലിനെ സൃഷ്ടിച്ചു ....സംഹരിക്കുന്ന കവിതക്ക് ആശംസകൾ.....

    ReplyDelete

Search This Blog