വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

ബരൈറ്റ പിസ്റ്റള്‍ കണ്ണീര്‍ തൂവിയ വെള്ളിയാഴ്ച. (കഥ)



പൊന്‍പുലരിയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് നാട് മിഴി തുറന്നിട്ട്‌ ദിനങ്ങള്‍ പലതു കഴിഞ്ഞിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഋതുക്കള്‍ വന്നു പോയതും ഇലകള്‍ കൊഴിഞ്ഞതും പൂക്കള്‍ വിടര്‍ന്നതും ആ നാടറിഞ്ഞിരുന്നു. വലിയ ചക്രങ്ങളുള്ള പല്ലക്കുകളെ അനുസ്മരിപ്പിക്കുന്ന കുതിരവണ്ടികളില്‍ ഒഴിഞ്ഞു പോകുന്നവരുടെ തിരക്കായിരുന്നു വീഥികളില്‍ നിറയെ. അവര്‍ കടല്‍തീരത്തേയ്ക്കായിരുന്നു നീങ്ങികൊണ്ടിരുന്നത്. വര്‍ണ്ണശബളമായ ആടയാഭാരണങ്ങള്‍ക്കുള്ളില്‍ പ്രൌഡിയോടെ കടന്നുപോകുന്നവര്‍ക്കായി ജനം വഴിമാറി നിന്നു. ആ നാടിനെ പ്രിയപ്പെട്ടതെന്നു കരുതി സ്നേഹിച്ച ചില യാത്രികരുടെ മുഖം വാടിയും കണ്‍കോണുകള്‍ കലങ്ങിയും കാണപ്പെട്ടു. ആ കണ്ണുനീരിലേയ്ക്ക് അവജ്ഞയോടെ നോക്കി പരിഹാസം കലര്‍ന്ന് ജയഭേരി മുഴക്കാന്‍ നാട്ടുക്കൂട്ടം മറന്നില്ല.

എവിടെയും ഉത്സവപ്രതീതി ആയിരുന്നു. കുതിര വണ്ടികളുടെയും റിക്ഷകളുടെയും ‘ഘടഘട’ ശബ്ദവും കുളമ്പടിശബ്ദവും വല്ലപ്പോഴും വന്നുപോകുന്ന മോട്ടോര്‍കാറുകളുടെ ഇരമ്പലും ഒക്കെച്ചേര്‍ന്നു അന്തരീഷത്തെ ശബ്ദായമാനമാക്കി. പീടികകളും പാണ്ടികശാലകളും ജനങ്ങളാല്‍ നിറഞ്ഞിരുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മുട്ടിയും തട്ടിയും ജനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും തിക്കിത്തിരക്കി പോയ്കൊണ്ടിരുന്നു.

അപ്പോഴും സ്വച്ഛമായി ഒഴുകികൊണ്ടിരുന്ന പുഴയുടെ ഇരുകരകളിലും നിന്നു ജനങ്ങള്‍ ആര്‍പ്പ് വിളിക്കുന്നുണ്ടായിരുന്നു. അവര്‍ പുഴയിലേയ്ക്ക് സാകൂതം നോക്കുകയും പുഴ മൂലം നാടിനുണ്ടായ നേട്ടങ്ങള്‍ പരസ്പ്പരം പറഞ്ഞുകൊണ്ട് പുഴയെ വാഴ്ത്തുകയും ചെയ്തു. ഇരുകരകളെയും ഒന്നുപോലെ തഴുകിയുണര്‍ത്തി, നാടിനെ സമ്പല്‍സമൃദ്ധിയിലേയ്ക്കു നയിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു പുഴ.

എന്നാല്‍ പുഴയുടെ സ്വാന്തനസ്പര്‍ശത്തെചൊല്ലി ഇരുകരകളിലും ഉള്ള ചിലര്‍ പതിവില്ലാത്തവിധം അസ്വസ്ഥരായികൊണ്ടിരുന്നു. പുഴ ആര്‍ക്കുവേണ്ടിയാണ് ഒഴുകുന്നത്‌...? മറുകരയക്ക്‌ വേണ്ടിയോ...? അവര്‍ സംശയത്തോടെ മൂക്കത്ത് വിരല്‍ വച്ചു. കൂടുതല്‍ ഗുണങ്ങള്‍ മറുക്കരയ്ക്ക് നല്‍കുന്നു എന്ന പരാതിയുയര്‍ത്തി ഇരുകരകളും വൃഥാ തര്‍ക്കിച്ചും ആക്ഷേപിച്ചും സമയം പോക്കി. പുഴയുടെ ധര്‍മ്മത്തില്‍ ശങ്കയേതുമില്ലാതിരുന്ന സാമാന്യജനം ആര്‍പ്പുവിളിച്ചുകൊണ്ടും അപദാനങ്ങള്‍ വാഴ്ത്തികൊണ്ടും പിരിഞ്ഞുപോയതിനു ശേഷവും അവര്‍ പുഴയെ ഭര്‍ത്സിക്കുകയും തങ്ങളുടെ വഴിക്കു കൊണ്ടുവരുന്നതിനായി ഉപായം മെനയുകയും ചെയ്തു.

പുഴയുടെ ശുദ്ധതയോ നൈര്‍മല്ല്യമോ തങ്ങള്‍ക്കു ആവശ്യമില്ലെന്നും എക്കാലവും തങ്ങളിലേയ്ക്ക് മാത്രം ചേര്‍ന്നോഴുകുകയാണ് വേണ്ടതെന്നും അവര്‍ പലയാവര്‍ത്തി അന്ത്യശാസനം നല്‍കി. എന്നാല്‍ പുഴയ്ക്ക് ഒരു തുടക്കവും ഒഴുക്കിനൊരു നിയതിയും ആത്യന്തികമായി ചില കടമകളും ഉണ്ടെന്നു പുഴ അവരോടു പറയാതെ പറയുന്നുണ്ടായിരുന്നു. ആ മന്ത്രണം കേള്‍ക്കേണ്ടവര്‍ അതിലും ഉച്ചത്തില്‍ തര്‍ക്കത്തിലായിരുന്നു. അവരാകട്ടെ കൃത്രിമമായ സന്തോഷം പുറമേ കാട്ടികൊണ്ട്, ശബ്ദം താഴ്ത്തി അസഭ്യവര്‍ഷങ്ങള്‍ ചൊരിയുകയും പുഴയിലേയ്ക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുകയും ചെയ്യുന്നുണ്ടായിരുന്നു.

പുഴയുടെ തീരങ്ങള്‍ കൈയ്യടക്കുന്നതിനൊപ്പം അക്രമാസക്തരാകാനും അവര്‍ മടിച്ചില്ല. പുഴയ്ക്കു മീതെ പരസ്പ്പരം വീശിയെറിഞ്ഞ കുന്തമുനകളാല്‍ ചീന്തപ്പെട്ട രക്തത്താല്‍ പുഴ ചുമക്കുകയും കൊഴുത്തുരുണ്ട് ഒഴുകാന്‍ ബദ്ധപ്പെടുകയും ചെയ്തു.

മതി. ഈ പുഴ അവസാനിക്കട്ടെ.! പരിഹാരം നിര്‍ദ്ദേശിക്കാന്‍ അവര്‍ ധൃതിപ്പെട്ടു.

സായാഹ്നസൂര്യന്‍ രക്താങ്കിതവര്‍ണ്ണം കലര്‍ന്ന് ചായാന്‍ തുടങ്ങുകയായിരുന്നു അപ്പോള്‍. പുഴയോരത്തേയ്ക്ക് പ്രാര്‍ത്ഥനയ്ക്കായി വന്നെത്തിയവരുടെ നടുവിലൂടെ ഒരു കുമ്പിള്‍ വെള്ളം കോരിയെടുക്കുവാനെന്ന വ്യാജേന അവര്‍ പുഴയിലേയ്ക്കിറങ്ങി. കപടസ്നേഹത്തോടെ ‘നമസ്തേ’ പറഞ്ഞുകൊണ്ട് പുഴയുടെ മാറിലേയ്ക്ക് ക്രൌര്യത്തോടെ ദൃഷ്ടിയൂന്നി. പുഴയോരത്ത് തിങ്ങിനിറഞ്ഞിരുന്ന നാടിന്‍റെ സ്നേഹം വിറങ്ങലിച്ചു നില്‍ക്കാന്‍ പിന്നെ താമസമുണ്ടായില്ല.

കാലമത്രയും കുളിരുപകര്‍ന്നതിനു  കര നല്‍കിയ ശിക്ഷ പുഞ്ചിരിയോടെ ഏറ്റുവാങ്ങി, പുഴ കൈകള്‍ കൂപ്പി. കണ്‍തടങ്ങളില്‍നിന്ന് ഒരിറ്റു കണ്ണീര്‍ ആശ്രയമില്ലാതെ ഒലിച്ചിറങ്ങി, മുന്നേ ചുമപ്പു കലര്‍ന്ന, കൊഴുത്ത പുഴയിലേയ്ക്കുതന്നെ ലയിച്ചു ചേര്‍ന്നു.

‘ഹേ റാം..’ പുഴ വിറയാര്‍ന്ന് മന്ത്രിച്ചു.

പുഴ ഒരിക്കല്‍ക്കൂടി ഇരുകരകളെയും അഗാധമായ വാത്സല്യത്താല്‍ ചേര്‍ന്നു പുണര്‍ന്നു കൊണ്ട്, അകാലത്തില്‍ നിര്‍ജീവമായി.
-----------------------------------------------------------------------------------------------------------------------------------------------
 
എന്‍റെ ബ്ലോഗിലേയ്ക്ക്‌ പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അന്നൂസ് 

26 comments:

  1. വളരെ ഹൃദ്യം
    ആശംസകൾ നേരുന്നു

    ReplyDelete
    Replies
    1. ആശംസകള്‍ തിരിച്ചും പ്രിയ നൌഷാദ്ഭായ്

      Delete
  2. കൊള്ളാം ,അന്നൂസ് .

    ReplyDelete
    Replies
    1. സ്നേഹം തിരിച്ചും പ്രിയ വെട്ടത്താന്‍ ചേട്ടാ...

      Delete
  3. വായിച്ചു തുടങ്ങിയപ്പോള്‍ വിഷയം ഇതാവുമെന്നു കരുതിയില്ല. അപ്രതീക്ഷിത വായനാനുഭവം. നന്ദി അന്നൂസ്
    Saji Thattathumala.

    ReplyDelete
    Replies
    1. അഭിപ്രായത്തിനു ഏറെ സന്തോഷം. പ്രിയ സജി

      Delete
  4. ചേട്ടാ കഥയും, പറഞ്ഞ രീതിയും കൊള്ളാം. ഇഷ്ടായി. ആശംസകൾ.

    ReplyDelete
    Replies
    1. ഇഷ്ടവും ആശംസകളും തിരിച്ചും പ്രിയ ആദി.

      Delete
  5. ''ഹേ ..റാം'' പുഴ വിറയാർന്നു മന്ത്രിച്ചു .. ഞാനും അങ്ങനെ തന്നെ മന്ത്രിക്കുന്നു ... ഇരുകരകളേയും സ്നേഹിച്ചൊഴുകുന്ന പുഴയുടെ ജീവനെത്തന്നെ എടുത്തുകളഞ്ഞല്ലോ .. കഷ്ട്ടം തന്നെ .. അമ്മയെ തല്ലിയാലും രണ്ടു പക്ഷം .. അത് ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നു ഈ രചന .. വ്യത്യസ്തമായ രീതിയിലുള്ള അവതരണം നന്നായിരിക്കുന്നു അന്നൂസ് .. ഇതിൻറെ കൂടെ ഒരു ഓർമ്മപ്പെടുത്തലും കൂടി നൽകുന്നു .. ബ്ലോഗ്ഗിൽ എഴുതുന്നില്ല എങ്കിലും എൻറെ എഴുത്തുകൾക്ക് അഭിപ്രായം കുറിക്കുകയോ ..ഒരു ലൈക് തരുകയോ ആവാം .. ഇതുപറയുമ്പോൾ ഞാനൊരു നിഷേധിയാണോ എന്ന് തോന്നാം .. അല്ലാട്ടോ ഞാനൊരു പാവം ആണ് കേട്ടോ ..

    ReplyDelete
    Replies
    1. വരവിനും അഭിപ്രായത്തിനും സ്നേഹം. എഴുതുന്ന പോസ്റ്റുകളുടെ ലിങ്കുകള്‍ ബ്ലോഗ്‌പോസ്റ്റ് ലിങ്കുകള്‍ എന്നാ fb ഗ്രൂപ്പില്‍ നല്‍ക്കൂ. തീര്‍ച്ചയായും വന്നു വായിച്ചു കമന്റ്‌ കുറിക്കുന്നതാണ്. ഒപ്പം ആശംസകളും

      Delete
  6. " കാലമത്രയും കുളിരു പകർന്നതിനു കര നൽകിയ ശിക്ഷ പുഞ്ചിരിയോടെ ഏറ്റുവാങ്ങി . പുഴ കൈകൾ കൂപ്പി......."
    നല്ല അവതരണം .... ഇഷ്ടമായി ഈ രചന.
    ആശംസകൾ അന്നൂസ്.

    ReplyDelete
    Replies
    1. ഏറെ സ്നേഹം ചേച്ചീ... ഒപ്പം ആശംസകള്‍ തിരിച്ചും.

      Delete
  7. ചെറുകഥാരചനയുടെ ചട്ടവട്ടങ്ങള്‍ ചിട്ടപ്പെടുത്തിതയ്യാറാക്കിയ അവതരണം വായനാസുഖം നല്‍കിയിട്ടുണ്ട്.
    വായനാവസാനം അനുവാചകന്‍റെ ഉള്ളിലേക്ക് ഇരമ്പിക്കയറിവരുന്ന വിഹ്വലതയുടെഓളങ്ങള്‍....
    ആശംസകള്‍

    ReplyDelete
    Replies
    1. മികച്ച പ്രതികരണത്തിനു തികഞ്ഞ സ്നേഹം അറിയിക്കട്ടെ പ്രിയ തങ്കപ്പന്‍ ചേട്ടാ....

      Delete
  8. വളരെ മനോഹരമായ ഒരു രചന. വായനാസുഖം അതിമനോഹരമാക്കിയ ഒന്ന്. ആശംസകള്‍ അന്നൂസ്ചേട്ടാ

    ReplyDelete
  9. ഇഷ്ടമായി
    Bincy Oman

    ReplyDelete
    Replies
    1. ആശംസകള്‍ തിരിച്ചും പ്രിയ ബിന്‍സി...

      Delete
  10. പുഴയുടെ കഥ ഇഷ്ടമായി..എന്നും കല്ലടയാർ എന്നെ മോഹിപ്പിച്ചിരുന്നു..ആശംസകൾ








    ReplyDelete
    Replies
    1. വരവിനും അഭിപ്രായത്തിനും ആശംസകള്‍ തിരികെ

      Delete
  11. വഴക്കുപക്ഷിയിലേയ്ക്ക് വന്നതിനും തുടരുന്ന സഹായങ്ങള്‍ക്കും ശ്രീ അന്നൂസിനോട് നന്നിയും സ്നേഹവും അറിയിക്കട്ടെ.

    ReplyDelete
    Replies
    1. സഹകരിക്കാനും എഴുതാനും ഒരു പ്ലാറ്റ്ഫോം നല്‍കിയതിനു വഴക്കുപക്ഷിയോടു നന്ദി, സ്നേഹം തിരിച്ചും

      Delete
  12. ബാരററായ് പിസ്റ്റൾ കണ്ണീർ തൂവിയ
    ആ വെള്ളിയാഴച്ചയെ പറ്റി , ആരും തന്നെ
    ഇവിടെ പറയാതിരുന്നത് തന്നെയാണ് ഈ നല്ല കഥയുടെ
    ഒരു ഡ്രോബാക്കായി എനിക്ക് തോന്നുന്നത് ...

    ReplyDelete
    Replies
    1. ശരിയാണെന്ന് സമ്മതിക്കേണ്ടി വരും. അഭിപ്രായത്തിനു ആശംസകള്‍ തിരിച്ചും പ്രിയ മുരളിയേട്ടാ.

      Delete
  13. 'ഹേ... റാം' പുഴ വിറയാര്‍ന്ന് മന്ത്രിച്ചു...."

    ഇഷ്ടായി... ഹൃദ്യമായ അവതരണം അന്നൂസ്.

    ReplyDelete
    Replies
    1. ആശംസകള്‍ തിരിച്ചും പ്രിയ മുബി ബഹന്‍

      Delete

Search This Blog