വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

ഓർമയിലെ ഖുർഷിദ് ഹസൻ

"പ്രവാസം ഒരു ശിക്ഷയാണ്
സ്വയം തീർക്കുന്ന തടവറ
പ്രിയപ്പെട്ടവരുടെ സന്തോഷത്തിനായി
സ്വപ്നങ്ങള്‍ ഹൃദയത്തില്‍ ചിതയൊരുക്കി എരിച്ചടക്കുന്നവനാണ് പ്രവാസി"
ഖുർഷിദ് ഭായിയെ ഞാന്‍ കാണുന്നത് വർഷങ്ങൾക്ക് മുൻപാണ്
റിയാദിൽ വെച്ച്
മാർക്കറ്റിൽ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങാൻ വേണ്ടി ടാക്സി കാത്തു നിൽക്കുമ്പോഴാണ്
എങ്ങോട്ടാ പോവേണ്ടതെന്നും ചോദിച്ചു അയാള്‍ വന്നത്
ഒരു അസ്സല്‍ ബംഗാളി , വേഷത്തിലും ഭാവത്തിലും
ഉച്ചവെയിലിന്റെ കാഠിന്യം കാരണം കൂടുതല്‍ ഒന്നും ചോദിക്കാതെ പോകേണ്ട സ്ഥലം പറഞ്ഞു.
കള്ള ടാക്സി ഓടിക്കുന്നവർ നഗരത്തില്‍ ഒരുപാട് ഉണ്ട് കൂട്ടത്തില്‍ മലയാളികളെയും കണ്ടിട്ടുണ്ട്, തുച്ഛവരുമാനത്തിൽ നിന്ന് ഒരു നേരിയ രക്ഷ അങ്ങനെ  ഉള്ളവരില്‍ ഒരാള്‍ മാത്രം  എന്ന എന്റെ  ചിന്തയെ മാറ്റി മറിക്കുന്നതായിരുന്നു അദ്ദേഹവുമായുള്ള പരിചയപ്പെടൽ.
 അതൊരു തുടക്കമായിരുന്നു,
പിന്നീട് അദ്ദേഹമായി ഞങ്ങളുടെ സാരഥി,
ഖുർഷിദ് ഹസൻ എന്ന ബംഗ്ലാദേശുകാരൻ!!
കൂടുതലും അദ്ദേഹത്തിന്റെ വേഷം സൗദികളുടെ വെള്ള കുർത്തയാണ്
അതിന്റെ വെളുത്ത നിറം മങ്ങി മണ്ണു നിറമായിട്ടുണ്ട്' നീണ്ട വെള്ള താടി പറ്റെ വെട്ടിയ മീശ തലയില്‍ ഒരു തൊപ്പി ചെറിയ മനുഷ്യന്‍ !!
 സംസാരിക്കുമ്പോൾ ഹിന്ദിയും അറബിയും ബംഗ്ലയും കൂടിക്കലരും
സംസാരത്തിനിടെ തമാശ ഇല്ലെങ്കില്‍ പോലും പൊട്ടിച്ചിരിക്കും
സൗദി അറേബ്യ യില്‍ എത്ര വർഷമായി എന്ന എന്റെ ചോദ്യത്തിന് തിരിച്ച് ഒരു ചോദ്യം ചോദിച്ചു അദ്ദേഹം
എത്ര വയസ്സായി . . ?
ഞാന്‍ എന്റെ പ്രായം പറഞ്ഞപ്പോള്‍ വെളുക്കെ പൊട്ടിച്ചിരിച്ചു
പിന്നെ പറഞ്ഞു
നിങ്ങള്‍ ജനിക്കുന്നതിനു മുൻപെ ഞാന്‍ ഇവിടെയുണ്ട്  പണ്ട് ഉംറയ്ക്കുള്ള വിസയിൽ വന്നിറങ്ങി പിന്നെ ജോലിക്കു കയറി  ഒന്നും രണ്ടുമല്ല മുപ്പത്തി ആറ് വർഷം കഴിഞ്ഞു ഇവിടെ "
മുപ്പത്തി ആറ് വർഷം !!
ജീവിതത്തിന്റെ പകുതിയില്‍ അധികം.
നാട്ടില്‍ പോയിട്ട് ഇപ്പോള്‍ എത്ര വർഷമായി എന്നായി എന്റെ ചോദ്യം
ആ മനുഷ്യന്‍ കുറെ സമയം ചിരിച്ചു
പിന്നെ മുൻപിലെ നീണ്ട പാതയിലേക്ക് മിഴിയയച്ചു പതിയെ പറഞ്ഞു
അത്രയും വർഷമായി ഞാനിവിടെ മുപ്പത്തി ആറ് വർഷത്തിനിടെ ഒരിക്കല്‍ പോലും പോയിട്ടില്ല  ...!!
വല്ലാത്തൊരു നിശബ്ദത പരന്ന പോലെ തോന്നി
ജന്മ നാടും സ്വന്തക്കാരെയും വിട്ട്  ഇത്രയും കാലം ഓർക്കാൻ കൂടി വയ്യ
 "അപ്പോള്‍ വീട്ടുകാരൊക്കെ "
ഖുർഷിദ് ഭായി ദീർഘമായി ഒന്നു നിശ്വസിച്ചു പിന്നെ വെറുതെ ചിരിച്ചു
എല്ലാ മനോവ്യഥകളും അതില്‍ അലിയിച്ചു കളയാനെന്ന പോലെ
പിന്നെ പറഞ്ഞു തുടങ്ങി
സ്വന്തമായി അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ബംഗ്ലാദേശ് പാക്കിസ്ഥാൻ വിമോചന യുദ്ധം നടന്ന
1971ൽ പാക്കിസ്ഥാനിൽ നിന്ന് ഞങ്ങള്‍ ബംഗ്ലാദേശിൽ എത്തുന്നത്  അന്നത്തെ സമരത്തില്‍ അച്ചനും പങ്കാളിയായിരുന്നു  പാക്കിസ്ഥാൻ പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചതാണ് അദ്ദേഹം, മറ്റു ബന്ധുക്കളൊക്കെ എവിടെ ആണെന്ന് അറിയില്ലായിരുന്നു
കണ്ടെത്താന്‍ ഒരു മാർഗവുംം ഉണ്ടായിരുന്നില്ല
പിന്നെ എങ്ങനെയൊക്കെയോ ജീവിച്ചു
ഞങ്ങള്‍ മാത്രമല്ല ഒരുപാട് പേരുണ്ടായിരുന്നു അനാഥരായവർ
അന്ന് പതിനാലു വയസ്സായിരുന്നു എനിക്ക് എന്തൊക്കെയോ ജോലി ചെയ്തു ജീവിച്ചു , അതിനിടെ ഉംറയ്ക്ക് പോകുന്നതിനെ പറ്റി അറിഞ്ഞത് അങ്ങനെ സ്വരൂപിച്ചുണ്ടാക്കിയ പണം കൊണ്ട്  പതിനെട്ടാമത്തെ വയസ്സിൽ ഇവിടെ എത്തി
തിരിച്ചു പോകണം  ഒരു വീടുണ്ടാക്കി അമ്മക്കൊപ്പം ജീവിക്കണം കല്യാണം കഴിക്കണം ഇതൊക്കെ ആയിരുന്നു സ്വപ്നങ്ങള്‍ അങ്ങനെ മൂന്ന് വർഷങ്ങൾ!! പിന്നെ തിരിച്ചു പോകാനുള്ള വെമ്പലായിരുന്നു അമ്മയെ കാണാനുള്ള മോഹം കലശലായിരുന്നു അമ്മയ്ക്ക് ഞാന്‍ മാത്രമല്ലെ ഉള്ളത് പരസ്പരം കാണാതെ മൂന്ന് വർഷം കഴിഞ്ഞു ഇടയ്ക്ക് എപ്പോഴെങ്കിലും  നാട്ടില്‍ നിന്ന് ആളുകള്‍ വരുമ്പോള്‍ കൊടുത്തു വിടുന്ന എഴുത്തുകൾ ആയിരുന്നു വിശേഷങ്ങള്‍ അറിയാനുള്ള ഏക വഴി
അങ്ങനെ പോകാനുള്ള ഒരുക്കമായിരുന്നു അതിനിടെ ആണ്‌ നാട്ടില്‍ നിന്ന് ഒരാള്‍ വന്നത് എഴുത്തുകളുടെ കൂട്ടത്തില്‍ എനിക്കും ഉണ്ടായിരുന്നു ഒരെണ്ണം
അമ്മയുടെ കത്ത് !!
ആർത്തിയോടെ പൊട്ടിച്ചു വായിക്കാന്‍ തുടങ്ങുമ്പോളറിഞ്ഞു
അമ്മയുടെതല്ല അമ്മയ്ക്ക് വേണ്ടി കത്തെഴുതുന്ന അയൽവാാസിയുടേതാണ് അമ്മ അവരെ കൊണ്ടാണ് എഴുതിക്കാറുള്ളത്
അതായിരുന്നു എന്നെ തേടിയെത്തിയ അവസാനത്തെ കത്ത്
അമ്മ മരിച്ചിട്ട് ഒരു മാസം കഴിഞ്ഞിരുന്നു അതായിരുന്നു ഉള്ളടക്കം
പിന്നെ നാട്ടില്‍ പോകാന്‍ തോന്നിയില്ല
ഇനി ആരുണ്ട് അവിടെ..?
അമ്മ ഇല്ലാത്ത നാടും വീടും ഓർക്കാൻ കൂടി വയ്യായിരുന്നു
ആരുമില്ല അവിടെ  കാത്തിരിക്കാൻ ഇവിടെ നിന്ന് പോകുമ്പോള്‍ സ്വീകരിക്കാന്‍ സന്തോഷിക്കാൻ.
 പിന്നെ കാലം അത് ഒഴുകി കൊണ്ടേ ഇരിക്കുന്നു  ആരെയും കാത്തു നിൽക്കുന്നില്ല അതിന്റെ കുത്തൊഴുക്കിൽ പിടിച്ചു നിൽക്കാൻ പഴുതുകൾ ഒന്നുമില്ല നരകൾ ബാധിച്ചും തൊലി ചുളിഞ്ഞും മാറ്റങ്ങള്‍ ഉണ്ടാക്കി പൊയ്ക്കൊണ്ടേ ഇരിക്കുന്നു ഇനി ജീവിതത്തില്‍ ഒന്നും ഉണ്ടാക്കി എടുക്കാനോ നേടാനോ ഒന്നുമില്ല ഈ ജീവിതം ഇങ്ങനെ കഴിഞ്ഞു പോകണം,
ഇങ്ങനെ ജീവിക്കുമ്പോഴും ഒരു തോന്നലുണ്ട് അവിടെ എന്നെയും കാത്ത് അമ്മ ഉണ്ട് എന്ന തോന്നൽ, അമ്മ ഇല്ല എന്നത് എന്നെ ആരോ പറ്റിക്കാൻ പറഞ്ഞതാവാം  ഒരിക്കല്‍ ഞാന്‍ പോകും അമ്മയുടെ അടുക്കലേക്ക് എന്നൊരു തോന്നൽ അന്ന് കെട്ടിപ്പിടിച്ചു കരഞ്ഞിറങ്ങിയ അതേ പതിനെട്ടു കാരനായിട്ട് ചെല്ലും അമ്മയുടെ മുന്നിലേക്ക് അന്ന് ഞങ്ങള്‍ക്കിടയിലെ കൊഴിഞ്ഞു വീണ വർഷങ്ങൾ ഒന്നുമല്ലാതാവും എന്നൊക്കെ  വെറുതെ തോന്നും.
നിറഞ്ഞു വരുന്ന കണ്ണുകള്‍ ഒളിപ്പിക്കാൻ പണിപ്പെടുുന്നുണ്ടായിരുന്നു  അദ്ദേഹം
സൗദി അറേബ്യയിലെ ഒരുപാട് സ്ഥലങ്ങളില്‍ ജോലി ചെയ്തു നാട്ടുകാരും അല്ലാത്തവരുമായി ഒരുപാട് പേർക്കൊപ്പം ഇവിടെ റിയാദിൽ പതിനൊന്ന് വർഷമായി, വയസ്സായ സൗദിയുടെ ഡ്രൈവര്‍ ആയിരുന്നു അദ്ദേഹം മരിച്ചപ്പോൾ മക്കള്‍ തന്നതാണ് ഈ പഴയ വണ്ടി,  സ്വന്തമായി ഓടിച്ചു തുടങ്ങി ടാക്സി പോലെ
എനിക്ക് കുറഞ്ഞ ചെലവെ ഉള്ളൂ ചെറിയ മുറിയുണ്ട് അതിന്റെ വാടകയും എന്റെ ഭക്ഷണത്തിനും മാസം വേണ്ടത് നാനൂറോ അഞ്ഞൂറോ റിയാൽ.
 ബാക്കി ഉള്ളത് നാട്ടിലെ അനാഥാലയത്തിലേക്ക് അയക്കും ദൈവം സഹായിച്ച് മാസം നാൽപതിനായിരമോ മുപ്പതിനായിരമോ ബംഗ്ലാദേശ് ടാക്ക  സ്വരൂപിച്ച് അയക്കാന്‍ സാധിക്കുന്നുണ്ട്, ആർക്കെങ്കിലും ഉപകാരപ്പെടെട്ടെ ജീവിതം, ഒരുപാട് കുട്ടികള്‍ പഠിക്കുന്നുണ്ട് അവിടെ ആരുമില്ലാത്തവർ എല്ലാവരും ഉണ്ടായിട്ടും അനാഥരായവർ, ഇപ്പോള്‍ എനിക്ക് പേടി  ഉണ്ട്, ഇനി എത്ര കാലം ഞാന്‍ ഇങ്ങനെ ഉണ്ടാവും, ഞാന്‍ അയക്കുന്ന വരുമാനം നിന്നാല്‍ ആ കുഞ്ഞുങ്ങളുടെ കാര്യം വിഷമത്തിലാവും. അതാണ് എന്റെ സങ്കടം.
 റിയാദിൽ നിന്ന് വിട പറയുന്നത് വരെ ഞങ്ങൾക്ക് നല്ലൊരു സഹായി ആയിരുന്നു ആ വലിയ മനുഷ്യന്‍
 ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു
"വേണ്ട നമ്മള്‍ വെറും ചിത്രങ്ങളായി മാത്രം ബാക്കിയാവരുത് മറ്റുള്ളവരുടെ മനസ്സില്‍ നന്മയായി ശേഷിക്കണം അപ്പോള്‍ അവരുടെ പ്രാർത്ഥനയിൽ നമ്മുടെ മുഖവുമുണ്ടാവും"
ഇന്ന് ഖുർഷിദ് ഹസൻ  ഇടയ്ക്കിടെ മറവിയുടെ നിശബ്ദതയെ ഭേദിച്ച് ഒരു പൊട്ടിച്ചിരിയുമായി മനസ്സിലേക്കെത്തും.
                                                              അസീസ് ഈസ . 966 540643971

11 comments:

  1. പ്രവാസം ഒരു ശിക്ഷയാണ്
    സ്വയം തീർക്കുന്ന തടവറ
    പ്രിയപ്പെട്ടവരുടെ സന്തോഷത്തിനായി
    സ്വപ്നങ്ങള്‍ ഹൃദയത്തില്‍ ചിതയൊരുക്കി എരിച്ചടക്കുന്നവനാണ് പ്രവാസി..
    ഹൃദയത്തിൽ തൊടുന്ന വാക്കുകൾ.. പ്രവാസി യുടെ വേദന ഒരു പ്രവാസിക്കേ മനസ്സിലാവൂ..പ്രവാസിയായ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. നല്ല ഒതുക്കം കഥപറയാൻ..ആശംസകൾ














    ReplyDelete
  2. നല്ല എഴുത്ത്.നല്ല കഥ. ഇഷ്ടായിട്ടോ. ആശംസകൾ

    ReplyDelete
  3. കഥ ഇഷ്ട്ടമായി
    Saji Thattathumala.

    ReplyDelete
  4. പരിചയപ്പെടുമ്പോഴാണ് പരുക്കരെന്ന് നമ്മള്‍ ധരിച്ചുവെച്ചിരുന്ന പലരുടെയും നിര്‍മ്മലഹൃദയത്തിന്‍റെ ശുദ്ധി അനുഭവവേദ്യമാകുക.അത്തരമൊരു നിര്‍മ്മലഹൃദയത്തിന്‍റെ ഉടമയാണ് ഖുര്‍ഷിദ്ഹസന്‍.നന്മയുടെ പ്രതിരൂപം!
    നല്ല എഴുത്തിന് എന്‍റെ ഹൃദയംനിറഞ്ഞ ആശംസകള്‍

    ReplyDelete
  5. എത്ര പറഞ്ഞാലും തീരാത്ത
    പ്രവാസത്തിന്റെ പ്രയാസങ്ങൾ നന്നായി തൊട്ടറിയിച്ചിരിക്കുന്നു

    ReplyDelete
  6. ഹൃദയത്തില്‍ തൊട്ടെഴുതിയ ഒരു കുറിപ്പ്.... ആശംസകള്‍ പ്രിയ ഈസാ...

    ReplyDelete
  7. വഴക്കുപക്ഷിയിലേയ്ക്ക് വീണ്ടും വന്നതിനും പ്രോത്സാഹനത്തിനും നന്ദിയും സ്നേഹവും പ്രിയ എഴുത്തുകാരാ..

    ReplyDelete
  8. കുറിപ്പ് ഏറെ ഇഷ്ടമായി. ഹൃദയഹാരിയായ കുറിപ്പുകളുമായി വീണ്ടും വരുമെന്ന് പ്രതീക്ഷിക്കട്ടെ.

    ReplyDelete
  9. നന്മയുടെ മുഖം... നല്ല കഥ. ആശംസകൾ.

    ReplyDelete

Search This Blog