വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

പുഞ്ചിരിയുടെ രഹസ്യം (കഥ)

      
രണത്തിന്റെ മണവും പേറി ചന്ദനത്തിരികളിൽ നിന്നും ഉയർന്നുപൊങ്ങിയ പുകചുരുളുകൾ ശൂന്യതയിൽ അലിഞ്ഞു ചേർന്നില്ലാതായി. മരണവീടിന്റെ വികാരാധീതമായ അന്തരീക്ഷത്തിൽ ഏതോ വൃദ്ധൻ ഉരുവിട്ടുക്കൊണ്ടിരുന്ന ഖുർആൻ വചനങ്ങൾ എല്ലാത്തിനും അതീതമായി നിറഞ്ഞു നിന്നു.

മരണവീട്ടിലേക്ക് ആളുകൾ വന്നുപൊയിക്കൊണ്ടിരിക്കുകയാണ് .

വെള്ളത്തുണിയിൽ പൊതിഞ്ഞു കിടത്തിയ പതിനാറുകാരന്റെ ശരീരം കണ്ട ആർക്കും തന്നെ അവൻ മരിച്ചു കിടക്കുന്നതുപോലെ അനുഭവപ്പെട്ടതേയില്ല, കാരണം അവന്റെ മുഖത്ത് അപ്പൊഴുമൊരു പുഞ്ചിരി അവശേഷിച്ചിരുന്നു. സ്വർഗത്തിലെ സവിശേഷ സ്ഥാനം അർഹതപ്പെട്ടവന്റെ ചുണ്ടുകൾ മരണത്തിലും പുഞ്ചിരിക്കുമത്രേ. എന്നാലും ആളുകൾക്കിടയിൽ അവന്റെ പുഞ്ചിരി നിഗൂഢമായി തുടർന്നു.

മരണത്തിനു തുല്യമായി ജീവിക്കുന്നതിലും ഭേദം മരണം തന്നെയായിരുന്നു. ആൾക്കൂട്ടത്തിൽ നിന്നാരോ അവന്റെ വിയോഗത്തെ ഇങ്ങനെ അടയാളപ്പെടുത്തി. ഉമ്മയുടേയും അടുത്ത ബന്ധുക്കളിൽ കുറച്ചുപേരുടേയുമൊഴികെ ബാക്കിയെല്ലാവരുടേയും കണ്ണിൽ കഴിഞ്ഞ രണ്ടര വർഷക്കാലം മരണത്തിനു തുല്ല്യമായിട്ടാണ് അവൻ ജീവിച്ചത്. ശരീരമൊന്നനക്കാൻ പോലും അവനു കഴിഞ്ഞിരുന്നില്ല.  ഒരിക്കൽ വീട്ടിൽ വന്ന ബന്ധുക്കളിലാരോ പറയുകയുണ്ടായി എന്റെ കുട്ടിയെ ഇങ്ങനെ കിടത്തി ഏത്രയാന്നു കരുതി നരകിപ്പിക്കാതെ റബ്ബെ അവനു വേഗം നിന്റെ വഴി കാണിച്ചു കൊടുക്കേണമേയെന്ന്. മുൻപ് പല തവണ ഇത്തരം വാക്കുകൾ കേട്ടു മടുത്തിട്ടാവണം അവന്റെ ഉമ്മാക്ക്  തന്റെ മകനെ തന്നിൽ നിന്നും  വേർപെടുത്താനുള്ള പ്രാർത്ഥനകളുമായി വരുന്നവരാരും എന്റെ വീടിന്റെ പടിക്കൽ കാലുകുത്തരുതെന്നു അറുത്തുമുറിച്ചു പറയേണ്ടിവന്നത്. ആരോടും മുഖം കറുപ്പിച്ച് സംസാരിക്കാൻ മാത്രം ശക്തയൊന്നു മായിരുന്നില്ല അവർ, കാലത്തിന്റെ വിപരീതമായ ഒഴിക്കിനൊത്ത് അതിനു പരുവപ്പെടുകയായിരുന്നു .

അത്രയും അഗാധമായി അവർ മകനെ സ്നേഹിച്ചു.
അവനിൽ ജീവന്റെ ചെറിയ തുടിപ്പു മാത്രമാണ് അവശേഷിക്കുന്നതു എങ്കിലും ജീവിതത്തിന്റെ അനന്തകാലം വരെയും അവൻ തന്നോടൊപ്പം തന്നെ വേണമെന്നാണ് ആ ഉമ്മയുടെ പ്രതിജ്ഞ.

ഈ നിമിഷത്തിൽ അവളുടെ സ്നേഹം സംശയത്തിന്റെ നിഴലിലാണ്. കാരണം ജീവൻ പൊലിഞ്ഞ മകന്റെ ദേഹത്തിനടുത്തിരിക്കുമ്പോഴും ഒരിക്കൽ പ്പോലും അവൾ കണ്ണീർ വാർത്തതില്ല, പോരാത്തതിനു മുന്നത്തേക്കാൾ കൂടുതൽ  പ്രസന്നവതിയായി കാണപെടൂകയും ചെയ്യുന്നു. അതിൽ ആളുകൾക്ക് മുറുമുറുപ്പുണ്ടായിരുന്നു. സ്ത്രീജനങ്ങൾക്കിടയിൽ അസംതൃപ്തിയുടെ അളവ് കൂടുതലായിരുന്നു. കാരണം അവരെല്ലാം തന്നെ സ്നേഹത്തെ കണ്ണീരുക്കൊണ്ട് അളക്കുന്നവരായിരുന്നു. ഒരാളുടെ വേർപാടിൽ നിങ്ങളെത്രമാത്രം കണ്ണീർ പൊഴിക്കുന്നുവോ അതിനനുസരിച്ചായിരിക്കും നിങ്ങളുടെ  സ്നേഹം കണക്കാക്കപെടുക . അതിനു മുമ്പ് ചെയ്തതുമെടുത്തതുമെല്ലാം അവരുടെ കാഴ്ച്ചയിൽ ശൂന്യമാണ്.

വയസ്സറിയിച്ച അതേ വർഷത്തിലായിരുന്നു റസിയയുടെ വിവാഹവും  കഴിഞ്ഞത്. ഇല്ലായ്മയിലുംവല്ലായമയിലും പൊറുതിമുട്ടിയിരുന്ന റസിയയുടെ കുടുംബത്തിനു സാമ്പത്തികമായി കുറച്ചെങ്കിലും മെച്ചപ്പെട്ട കുടുംബത്തിലേക്ക് മകളെ പറഞ്ഞയക്കുന്നത് ഒരാശ്വാസമായിരുന്നു. മകളെങ്കിലും രക്ഷപ്പെടുമല്ലോ. അങ്ങനെ അവരുടെ ദാമ്പത്യം സുഖകരമായി മുന്നേറുന്നതിനിടയിൽ മറ്റൊരു സന്തോഷം പെൺ കുഞ്ഞിന്റെ രൂപത്തിൽ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നു. അതിന്റെ മധുരം നുകർന്ന് തുടങ്ങുമ്പോഴേക്കും സന്തോഷം ദുഖത്തിന്റെ തോളിൽ തലചായ്ച്ചു. ജനിച്ചു രണ്ടുമാസം തികയും മുമ്പ് മുലപ്പാൽ മൂക്കിൽ കയറി കുഞ്ഞ് ശ്വാസം മുട്ടി മരിക്കുകയാണുണ്ടായത് . ദുരന്തങ്ങൾ അവിടംക്കൊണ്ട് അവസാനിക്കുന്നതായിരുന്നില്ല, അവയ്ക്ക് റസിയയുടെ ജീവിതത്തിൽ പ്രധാന പങ്കുവഹിക്കാനുണ്ടായിരുന്നു. സന്തോഷത്തിന്റെ നിറം കെടുത്താൻ, ആഗ്രഹങ്ങളുടെ മുനയൊടിക്കാൻ, പ്രതീക്ഷയുടെ കൂടുപൊളിക്കാൻ അവ നീണ്ടുപോയിക്കൊണ്ടിരുന്നു. അവളുടെ ജീവിതത്തിന്റെയോരോ  പകുതിയിലും ദുരന്തങ്ങൾ ദുഖം വിതക്കാനായി പതിയിരുന്നു.

പെൺകുഞ്ഞിനെ തിരികെയെടുത്തതിനു പ്രായശ്ചിത്തമായി ദൈവം നൽകിയ ആൺ കുഞ്ഞിനു മൂന്ന് വയസ്സായപ്പോഴാണ് അവളുടെ ജീവിതത്തിലേക്ക് മറ്റൊരു ദുരന്തം വിമാനാപകടത്തിന്റെ രൂപത്തിൽ വന്നത്. ആ വർഷം മംഗലാപുരത്ത് വിമാനാപകടത്തിൽപെട്ടു മരിച്ച ഇരുന്നൂറ്റിയെൺപത്തൊൻപതു പേരിലൊരാൾ അവളുടെ ഭർത്താവായിരുന്നു.

മൂത്തകുഞ്ഞ് മരണപ്പെട്ടതിന്റെ മനോവേദനയിൽ സമനില നഷ്ട്പെട്ട് സ്ഥലകാല ബോധം മറന്ന് ജീവിച്ച നാളുകളിൽ ഒരുപോള കണ്ണടക്കാതെ തനിക്ക് കൂട്ടുകിടന്നവന്റെ, ജീവിതത്തിൽ മറ്റെന്തിനേക്കാളും കൂടുതൽ സ്നേഹിച്ചവന്റെ മരണം അവളെ തളർത്തി. എങ്കിലും അവൾ മനോനില കൈവെടിഞ്ഞില്ല. ആരു കൈ നീട്ടിയാലും പോവാത്ത, മറ്റൊരാൾ ഭക്ഷണം കൊടുത്താലും കഴിക്കാത്ത, തന്റെ കുറച്ചു നേരത്തെ അസാന്നിധ്യത്തിലും കരഞ്ഞു കരഞ്ഞു ക്ഷീണിച്ചു തളർന്ന കുഞ്ഞിന്റെ മനസ്സിലുണ്ടായിരുന്നതുക്കൊണ്ടാവാം അവളുടെ ഓർമകൾ അബോധത്തിലേക്ക് ഇടറിവീഴാതിരുന്നത്.

ആകസ്മികമായി സംഭവിച്ചൊരാ ദുരന്തം അവളുടെ ജീവിതത്തിന്റെ അടിത്തറയിളക്കാൻ പോന്നതായിരുന്നു. കഠിനവ്യഥയിൽ നിന്നും സ്വല്പാൽപ്പമായി സാധാരണ ജീവിതത്തിലേക്ക് തിരികെ കയറിയ റസിയയ്ക്ക് പിന്നീടങ്ങോട്ടുള്ള നാളുകൾ തിരിച്ചറിവുകളുടേതായിരുന്നു. കെട്ടിച്ചുകൊണ്ടുപോരുന്ന വീടുകൾ പെൺക്കുട്ടികൾക്ക് ഒരിക്കലും സ്വന്തമാകില്ലെന്നും ചിലപ്പോഴെങ്കിലും അവളവിടെ അന്യയായി തിർന്നേക്കാം. പ്രത്യേകിച്ച് ഭർത്താവിന്റെ മരണശേഷം എന്നതായിരുന്നു അവളുടെ തിരിച്ചറിവുകളിൽ പ്രബലമായത്. ഭർതൃവീട്ടുകാർക്ക് അവിടേക്കു പറിചുനട്ട സ്ത്രീകളെ ജീവിച്ചിരിക്കുന്ന മക്കളുടെ ഭാര്യമാരായിട്ടു മാത്രമേ കാണാൻ കഴിയുകയുള്ളു . എല്ലാ തിരിചറിവുകൾക്കു മൊടുവിൽ മരിച്ച ഭർത്താവിന്റെ വീട്ടിൽ താനൊരു അന്യയാവുന്നുവെന്ന തോന്നാലാണ് അവൾക്ക് അവിടം വിട്ടിറങ്ങാൻ പ്രേരണയായത്.

രണ്ടാം വിവാഹത്തിനായുള്ള നിരന്തര ഓർമപ്പെടുത്തൽ സഹിക്കവയ്യാതയപ്പോൾ കൂടിയാണ്  അവൾ സ്വന്തം ഉമ്മയുടെയും വാപ്പയുടേയും അരികെ പോവാൻ നിർബന്ധിതയായത് . മറ്റൊരു വിവാഹത്തിനു അവൾക്ക് സമ്മതമാണോ അല്ലയോയെന്നതൊന്നും പ്രസക്തമല്ല. ഒൻപതാം തരത്തിലെ വാർഷിക പരീക്ഷയ്ക്ക് ഒന്നു രണ്ടുമാസം ബാക്കിയിരിക്കെയാണ് അവളുടെ നിക്കാഹ് കഴിഞ്ഞത് അതോടെ പഠിത്തം നിന്നു . അന്നു വയസ്സ് പതിനഞ്ച് കല്ല്യാണം കഴിഞ്ഞിട്ടിപ്പോ ആറേഴ് വർഷമായി. ഇന്നിപ്പൊ വയസ്സ് ഇരുപത്തിയൊന്ന് , വളരെ ചെറിയ പ്രായം. അവളുടെ കൂടെ പഠിച്ച പലരുടെയും വിവാഹം കഴിയുന്നതു തന്നെയിപ്പോഴാണ് . പച്ച മാംസത്തിന്റെ ദാഹം തീർന്നിട്ടുപോലുമുണ്ടാവില്ല. പിന്നെ ഭർത്തവൊരാളിന്റെ വരുമാനത്തിലാണ് റസിയ ഇത്രയുംകാലം കഴിഞ്ഞിരുന്നത്. അതുകൊണ്ട് മറ്റുള്ളവരുടെ കണ്ണിൽ അവൾക്കിനി ജീവിക്കണമെങ്കിൽ ഒരേയൊരു കുട്ടിയെ വളർത്തണമെങ്കിൽ  മറ്റൊരു വിവാഹം കഴിക്കുകയെ നിർവാഹമുള്ളു.

അവളെ കെട്ടാൻ അദ്യം സന്നദ്ധതയറിയിച്ചത് ഭർത്താവിന്റെ സഹോദരനായിരുന്നു . അള്ളാഹുവിന്റെ കൽപ്പന പ്രകാരം അതവന്റെ കടമക്കൂടിയാണ് . സ്വർഗരാജ്യത്തിലെ അതിനുള്ള പ്രതിഫലം മനുഷ്യന്റെ കണക്കുകൂട്ടലുകൾക്കപ്പുറത്താണ് . പക്ഷെ ഇത്രയും കാലം സഹോദരനായി കരുതിയിരുന്നവനെ പെട്ടെന്നൊരു സുപ്രഭാതത്തിൽ ബന്ധം മാറ്റി പ്രതിഷ്ടിക്കാൻ കഴിയാത്തവരുടെ കൂട്ടത്തിലായിരുന്നു റസിയയും. മറ്റൊന്നു കൂടിയുണ്ട് ജീവിതാവസാനം വരെയും തന്റെ ജീവശ്വാസം  അറിഞ്ഞവനെ മാത്രമേ സ്നേഹിക്കുകയുള്ളൂവെന്നത് അവളുടെ ഉറച്ച തീരുമാനങ്ങളിലൊന്നായിരുന്നു .

പിന്നിടേണ്ടിയിരുന്ന പാത കരുതിയിരുന്നതിലും എത്രയോ ദുഷ്ക്കരമായിരുന്നു. എങ്കിലും അവൾ തനിയെ നടന്നു . വീട്ടുകാർക്ക് താനൊരു ബാധ്യതയാകുന്നുവെന്ന ബോധമാണ് അവളിൽ സ്വന്തം കാലിൽ നിൽക്കണമെന്ന തോന്നലുണ്ടാക്കിയത്. റസിയ ആദ്യം തയ്യൽ പടിക്കാൻ ചേർന്നു. അതിനുശേഷം വീട്ടിലിരുന്ന് ചെറിയ തോതിൽ തയ്ച്ചുകൊടുക്കാൻ തുടങ്ങി . തുടക്കത്തിൽ തയ്ക്കാൻ കൊടുക്കുന്നവരുടെ എണ്ണം വളരേ കുറവായിരുന്നു. പക്ഷേ അവളുടെ സ്റ്റിച്ചിങ്ങിലെ കൃത്യത കണ്ട് തുന്നാൻ കൊടുക്കുന്നവരുടെ  എണ്ണം പിന്നെ പിന്നെയേറിവന്നു . ഊണും ഉറക്കവും മറന്ന് , രാവെന്നോ  പകലെന്നോ ഇല്ലാതെ അവൾ കഠിനമായി അദ്ധ്വാനിച്ചു. ഇടക്കെപ്പോഴൊ ഊറിയിറങ്ങിയ നിരാശാബോധം , എല്ലാം തന്റെ മകനുവേണ്ടിയാണല്ലോയെന്ന ആശ്വാസത്തിൽ പാടേ വറ്റിപ്പോയി.

 റസിയയുടെ പ്രതീക്ഷ മുഴുവൻ മകനിലായിരുന്നു.  ആ പ്രതീക്ഷകൾക്കു നിറം പകരുന്ന തരത്തിലാണ അവൻ വളർന്നതും. പ്രതീക്ഷയുടെ നിറങ്ങളെ അവൻ ബ്രഷിൽ ചാലിച്ച് ക്യാൻവാസിലേക്ക് പകർന്നു.  സാമ്പത്തിക പരാധീനതകളെക്കുറിച്ച് അവനു ഉത്തമ ബോധ്യമുണ്ടായിരുന്നു. അതുക്കൊണ്ടു തന്നെ അവന്റെയാവശ്യങ്ങൾ നന്നേ കുറവായിരുന്നു.

അവൻ ഒന്നിനുവേണ്ടിയും ശാഠ്യം പിടിച്ചില്ല. വിദ്യാലയത്തിലെ ഏറ്റവും മിടുക്കരായ  വിദ്യാർഥികളിൽ ഒരാളായിരുന്നു അവനും. നല്ല മര്യാദ, അച്ചടക്കം, വിനയം ,സഹാനുഭൂതി, അനുകമ്പ. ക്ഷമ  ഇവയെല്ലാം ചേർന്ന മറ്റുള്ളവർക്ക് കൈചൂണ്ടികാണിക്കാൻ പോന്ന മാതൃകയായിരുന്നു റസിയയുടെ കുട്ടി. അവളോട് ഒരധ്യാപിക പറയുകയുണ്ടായി  ഇതുപൊലൊരു മകനെ കിട്ടാൻ പുണ്യം ചെയ്യണമെന്ന് . അതിനു മറുപടിയായി അവൾ ചെറുതായൊന്ന് പുഞ്ചിരിച്ചതേയുള്ളൂ. എന്താണു അവൾ ചെയ്തപുണ്യം. പുണ്യങ്ങളുടെ അളവ് കൂടിയതുക്കൊണ്ടാണോ ജീവിതത്തിൽ ജീവിതത്തിൽ ഇത്രയുമധികം ദുഖം ഒന്നിച്ച് അനുഭവിക്കേണ്ടി വന്നത്. അതിനുത്തരം നൽകാൻ ആർക്കുമാവില്ല.. ഒരു മനുഷ്യജന്മത്തിൽ അനുഭവിച്ചു തീർക്കേണ്ട ദുഖങ്ങളെല്ലാം ഒന്നിച്ചു വന്നതുക്കൊണ്ട് ഇനിയൊന്നുമേ ഈ വഴിക്കു  വരില്ലായെന്ന ഉറച്ച വിശ്വാസത്തിൽ കഠിനമെങ്കിലും സുന്ദരമായ ജീവിതം മുന്നോട്ടു നീങ്ങി. അപ്പോഴും അജ്ഞാതനായ വേട്ടക്കാരൻ ദുരന്തമെന്ന ഇരട്ട ചങ്കുള്ള തോക്കുമായി അവളുടെ പ്രതീക്ഷകൾക്കു നേരേ ഉന്നം പാർത്തു നിൽക്കുന്നുണ്ടയിരുന്നു.

രണ്ടരവർഷങ്ങൾക്കു മുമ്പ്, അവനന്ന് എട്ടാം തരത്തിൽ പഠിച്ചുക്കൊണ്ടിരിക്കുന്ന വർഷം. അസംബ്ലിയിൽ പ്രതിജ്ഞ പറഞ്ഞുകൊടുക്കുന്നതിനിടയിൽ അവനൊന്ന് തളർന്നു വീണു. അന്നതത്ര കാര്യമാക്കിയില്ല. പിന്നെ പിന്നെ ഒരോദിനങ്ങൾ കഴിയുന്തോറും അവന്റെ ചലനങ്ങൾ പതിയെ കുറഞ്ഞുക്കൊണ്ടിരുന്നു . ആശുപത്രിയിലൊക്കെ കാണിച്ചു കുറെയേറേ വൈദ്യപരിശോധനകളൊക്കെ നടത്തി പക്ഷെ എന്താണു അസുഖമെന്ന് കണ്ടെത്താനായില്ല.  വൈദ്യശാസ്ത്രത്തിന്റെ പരിധിക്കു പുറത്തു കിടന്നിരുന്ന അറിയപ്പെടാത്ത രോഗത്തിനു കുറിച്ച മരുന്നുകൾ അവന്റെ ശരീരത്തിലുണ്ടാക്കിയ പാർശ്വഫലങ്ങളുടെ തോത് കരുതിയിരുന്നതിലും കൂടുതലായിരുന്നു. ശരീരത്തിൽ അവിടവിടങ്ങളിലായി മാംസം വിണ്ടുകീറി അതിൽ നിന്നും ചോരയും ചലവും ഒഴുകിയിറങ്ങി. വേദനകൾ അസഹ്യമായതുക്കൊണ്ടാവാം  അടുത്ത ചികിത്സാ ശാഖയിലേക്കവർ കൂടുമാറിയത്. പിന്നിട് അവന്റെ ജീവിതം തൈലങ്ങളുടേയും കഷായങ്ങളുടെയുമിടയിൽ പുകഞ്ഞു നീങ്ങി.  ബാല്യം മുതൽ സ്നേഹിച്ചു തുടങ്ങിയ നിറങ്ങൾ ഒറ്റപ്പെടലിന്റെ  വേദന മറക്കാനുള്ള സൂത്രവാക്യം അവനു പറഞ്ഞു കൊടുത്തു . ചുവരിൽതൂക്കിയിട്ടിരിക്കുന്ന താൻ നിറം പകർന്ന രചനകളിലൂടെ അവൻ ഉന്മത്തനായി സഞ്ചരിച്ചു. കയ്യിന്റെ ചലനം നിലക്കുന്നതുവരേയും അവയുടെ എണ്ണം നിരന്തരം കൂടി.

മണ്ണിൽ പുതപ്പിക്കുവാനായി അവന്റെ ശരീരവുമേറ്റു വാങ്ങിക്കൊണ്ടു ഒരു കൂട്ടമാളുകൾ ദിക് റുകളുരുവിട്ടുക്കൊണ്ട് പള്ളിത്തൊടിയിലേക്കു യാത്രയായി. തന്നെ അശ്വാസിപ്പിക്കുവാനായി കാത്തു നിന്നവരുടെ വാക്കുകൾക്ക് കാതുകൊടുക്കാതെയവൾ തന്റെ മകൻ സ്വപ്നങ്ങൾ കണ്ടു കിടന്ന മുറിക്കകത്തു കയറി വാതിലടച്ചു. ദു:ഖമുള്ള മനസ്സിനല്ലേ ആശ്വാസവാക്കുകളുടെ ആവശ്യമുള്ളൂ. ലോകം വിട്ടുപോയിട്ടും തന്റെ മകൻ അവിടെ തന്നെ കിടക്കുന്നതായി റസിയ്ക്ക് അനുഭവപ്പെട്ടു. നാലു ചുവരുകളിൽ നിരനിരയായി തൂക്കിയിട്ടിരിക്കുന്ന അവന്റെ പെയ്ന്റിംങ്ങുകളിലൂടെ അവളുടെ കണ്ണുകൾ സഞ്ചരിച്ചു. ആ നിമിഷത്തിൽ അവനൊരിക്കൽ പറഞ്ഞത് അവൾ വ്യക്തതയോടെ ഓർമിച്ചു.

''ഉമ്മാ.. ഞാൻ ഇടക്കൊകെ സങ്കല്പിക്കുന്ന ഒരു കാര്യമുണ്ട് , ഞാൻ മരിച്ചു കഴിയുമ്പോൾ ഉമ്മ ഇവിടെ വന്നു നിന്ന് എന്റെ പെയ്ന്റിംങ്ങുകൾ വെറുതെ നോക്കി നിൽക്കുന്ന രംഗം. അപ്പോൾ ഉമ്മാന്റെയുള്ളിൽ ഞാൻ മാത്രം നിറഞ്ഞു നിൽക്കും.''
''അപ്പോൾ മാത്രം എന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കയില്ലാതെ സ്നേഹത്തോടെ സന്തോഷത്തോടെ ഉമ്മ ഈ മകനെക്കുറിച്ച് ഓർമിക്കും. മരണത്തിനു ശേഷമുള്ള അവസ്ഥ എന്തായിരിക്കുമെന്നറിയില്ല. അന്ന് ഇതൊക്കെ കാണാൻ കഴിയുമോ.''

അവന്റെ ചിന്തകൾ  മറ്റുള്ളവരിൽ നിന്നെല്ലാം എത്രയോ ഉയർന്നതായിരുന്നു.  അവന്റെ വാക്കുകൾ പത്തമ്പതു വർഷത്തെ നെടുനീളൻ ജീവിതം അനുഭവിച്ചു തീർത്ത മനുഷ്യന്റേതുപ്പോലെ പാകപ്പെട്ടതായിരുന്നു. ഒരിക്കൽ പാലിയേറ്റീവ് സെന്ററിൽ നിന്നു വന്ന പ്രതിനിധിയവനോട് പറഞ്ഞു ; ''നീ ബഡ്സ് സ്കൂളിൽ പടിക്കുന്നത് നല്ലതായിരിക്കും . നിന്റേതിനേക്കാൾ കൂടുതൽ കഷ്ട്പ്പെടുന്ന കുട്ടികളെ കാണുമ്പോൾ നിനക്ക് നിന്റെ അവസ്ഥ കാര്യമല്ലാത്ത കാര്യമായി തോന്നും.''
അതിനുള്ള മറുപടിയായി അവൻ പറഞ്ഞു ; ''ഒരുപക്ഷെ അങ്ങനെ തോന്നുമായിരിക്കാം പക്ഷേ കൂടുതൽ കഷ്ടപെടുന്നവരെ കാണുമ്പോൾ അവർക്കു വേണ്ടിയൊന്നും ചെയ്യാൻ കഴിയാത്ത എന്റെ നിസഹയാവസ്ഥയായിരിക്കും അപ്പോഴെന്നെ വേദനിപ്പിക്കുക.''

ആ വലിയ മനുഷ്യൻ അവനെ നമിച്ചു കടന്നു പോയി.

മരിക്കുന്നതിനു ഏതാനും ദിവസങ്ങൾക്കു മുമ്പ് അവൻ പറഞ്ഞു;
''ഉമ്മാ.. ഞാൻ മരിച്ചാൽ നിങ്ങള്  കരയ്‌വോ? പറയൂ ഉമ്മാ നിങ്ങള്  കരയ്‌വോ.'' അവളൊന്നും മിണ്ടിയില്ല. ഉമ്മായുടെ മറുപടിക്ക് കാത്തുനിൽ ക്കാതെ അവൻ തുടർന്നു. അപ്പോൾ ഉമ്മ കരയരുത്. ഉമ്മയുടെ ചിരിക്കുന്ന മുഖം കാണാനാണെനിക്കിഷ്ടം. അല്ലെങ്കിലും ഉമ്മാ എന്തിനാണ് കരയുന്നത്. ഒരു മനുഷ്യായുസ്സിനുള്ളതെല്ലാം കരഞ്ഞു തീർത്തതല്ലെ. ''മരിച്ചാലും ഞാനീ ലോകത്തു തന്നെ മരിക്കാതെയുണ്ടാവും.'' ''പുറം ലോകത്തെ സ്വപ്നമായി ഉള്ളിൽ കണ്ടു ജീവിക്കാൻ വിധിക്കപ്പെട്ട ഒരോ മനുഷ്യനും ഞാനായിരിക്കും''.

ജീവിതം ഇനിയെങ്ങോട്ടെന്നറിയാതെ മിഴിച്ചുനിൽക്കുന്ന ഈ നിമിഷത്തിൽ അവന്റെയവസാന വാക്കുകൾ അവളുടെ ബോധോദയമാണ്. അവന്റെ വാക്കുകളൊരു പാതയാണ്, അവിടെയവനൊരു വെളിച്ചമായി കാത്തുനിൽക്കുകയാണ് . ആ പാതയിലൂടെ തന്നെ നടക്കാൻ അവൾ തീരുമാനിച്ചു.. 

25 comments:

  1. എന്താ കഥ... അൻഷാദ്..
    റസിയ എന്ന ഉമ്മയുടെ ജീവിതം സഹനത്തിന്റേതു മാത്രമായിരുന്നല്ലോ. തളരാതെ പിടിച്ചു നിന്ന അവർ അവസാനം.. പറയാതെ വയ്യ.. ഈ കഥ വായിച്ചപ്പോൾ അറിയാതെ കണ്ണുകളും നിറഞ്ഞു.
    ആശംസകൾ അൻഷാദ്.

    ReplyDelete
  2. പ്രിയപ്പെട്ട അൻഷാദ്, റസിയയുടെ ജീവിത കഥ , അതിന്റെ എല്ലാ വേദനയോടു കൂടിയും , കുറിച്ചിട്ട നല്ല എഴുത്തു !!!! എന്റെ എല്ലാ ആശംസകളും.

    ReplyDelete
  3. നല്ല എഴുത്ത് .. കണ്ണ് നിറഞ്ഞു

    ReplyDelete
    Replies
    1. വായിച്ചതിൽ സന്തോഷം ..

      Delete
  4. കഥ നന്നായിട്ടുണ്ട് അന്‍ഷാദ്...

    ReplyDelete
  5. സംഗതി ഇഷ്ട്ടമായി അന്ഷാദ്
    Saji Thattathumala.

    ReplyDelete
  6. വളരെ മനോഹരമായി എഴുതി
    ഏറെ ഇഷ്ടം

    ReplyDelete
  7. റസിയയുടെ ജീവിതകഥ ഹൃദയസ്പര്‍ശിയായി പകര്‍ത്തിയിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  8. നന്നായിട്ടുണ്ട് അർഷാദ്, അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി

    ReplyDelete
  9. നല്ല കഥ അൻഷാദ്. റസിയയുടെ ജീവിത കഥ വായിച്ച് കഴിഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. മനസ്സിനെ പിടിച്ച് കുലുക്കിക്കളഞ്ഞു.
    ഇഷ്ടായിട്ടോ.
    ആശംസകൾ...

    ReplyDelete
  10. എനിക്കും ഇഷ്ട്ടമായി
    ഗീത.
    അരവിന്ദം
    മന്നര്‍കാട്

    ReplyDelete
  11. വഴക്കുപക്ഷിയിലേക്ക് വീണ്ടും വന്നതിനും സഹകരണത്തിനും പ്രിയ എഴുത്തുകാരന് ആശംസകള്‍.
    അഡ്മിന്‍- വഴക്കുപക്ഷി

    ReplyDelete
  12. കഥ വായിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ...

    ReplyDelete
  13. ഹൃദയ സ്പർശിയായി
    ചിത്രീകരിച്ചിരിക്കുന്ന ഒരു ഉമ്മയുടെ കഥ ...

    ReplyDelete
    Replies
    1. വായിച്ചതിൽ സന്തോഷം

      Delete
  14. ഇഷ്ടം. ഇനിയും എഴുതുക

    ReplyDelete
  15. അടിപൊളി എഴുത്ത്. വീണ്ടും കാണാം.
    Nirmala, Pala, Kottayam

    ReplyDelete
  16. മനസ്സിലെവിടെയാ ഒരു നൊമ്പരം ഹ്യദയസ്പർശിയായ എഴുത്ത് അഭിനന്ദനങ്ങൾ

    ReplyDelete

Search This Blog