മറ്റാരോ ആ വഴി വരുന്നുണ്ടന്നറിഞ്ഞ അയാൾ ഇരയെ എഴുന്നേൽപ്പിച്ചു. രക്തം പറ്റിയിരുന്ന അവന്റെ മുഖം തുടച്ചു. അവരെ കടന്നുപോയവർ ഇരയുടെ വർഗ്ഗത്തിൽപ്പെട്ടവർ തന്നെയായിരുന്നു. പക്ഷേ സംഘടിതരായിരുന്ന അവർ ആ വേട്ടക്കാരന്റെ കീഴാളരും നിസ്സഹായരും ആയിരുന്നില്ല. അവരുടെ മുന്നിൽ അയാൾ ഇരയുടെ സംരക്ഷകനായി നടിച്ചു. കീഴാളനെ കൂടെ നിർത്തി, വീഴ്ചയിൽ നിന്നുമുയർത്തി മുഖത്തെ രക്തമൊപ്പി സംരക്ഷിക്കുന്ന വേട്ടക്കാരനെ വഴിപോക്കർ മഹാനെന്ന് വാഴ്ത്തി. നിസ്സാരനായ ആ ഇരയോട് കരുത്തനായ അയാൾ കാണിക്കുന്ന ദയയെ അവർ പുകഴ്ത്തി.
ഒച്ചയുണ്ടാക്കി തന്റെ നിസ്സഹായത അവരെ അറിയിച്ചു രക്ഷപ്പെടാൻ ഇര വെമ്പൽ കൊണ്ടു. എന്നാൽ മഞ്ഞു പോലെ മരവിച്ച ക്രൂരമായ ഒരു നോട്ടത്താൽ വേട്ടക്കാരനത് തടഞ്ഞു. തന്റെ വർഗ്ഗത്തിൽ ഉള്ളവരാരും അയാൾക്ക് സമനല്ല എന്നും ഒച്ച വെച്ചിട്ടും കാര്യമില്ലെന്നും മനസ്സിലാക്കിയ ഇര വീണ്ടും വേട്ടക്കാരന്റെ ദയക്കായി പ്രാർത്ഥിച്ചു.
ആളുകൾ അവരെ കടന്നു പോയപ്പോൾ അയാൾ വീണ്ടും ഇരയെ കാൽക്കീഴിലിട്ടു ചവിട്ടിയരച്ചു വേദനിപ്പിച്ചു രസിച്ചു...
എന്നിട്ട് മുരണ്ടു. "നിന്നെ ഞാൻ മരണത്തിനു പോലും അങ്ങനെ പെട്ടെന്ന് വിട്ടു കൊടുക്കില്ല. എന്റെ കാൽക്കീഴിൽ നീയിങ്ങനെ നരകിക്കുന്നത് കണ്ട് ഞാൻ ആനന്ദിക്കും... എന്നിട്ടവസാനം നിനക്കായി ഞാൻ ഒരു അന്ത്യം ഒരുക്കിയിട്ടുണ്ട് - ആ കൊമ്പൻ രാക്ഷസന്റെ ഗുഹയിൽ നിന്നെ ഞാൻ കാലുകൾ തല്ലിയൊടിച്ച് എറിഞ്ഞു കൊടുക്കും. അവൻ നിന്നെ കനലിലിട്ട് ചുട്ടു തിന്നും..."
പെട്ടെന്ന് വേട്ടക്കാരന്റെ തലയിൽ ഒരടിയേറ്റു. വരയാടിന്റെ പോലെ കൊമ്പുകളുള്ള ഒരു ഭീകര രാക്ഷസൻ അയാളെ ആക്രമിച്ചു. ഈ അവസരം മുതലെടുത്ത് ഇര രക്ഷപ്പെട്ടോടി. കുറച്ചു മുന്നോട്ടു ചെന്നപ്പോൾ തന്നെ വേട്ടയാടിയിരുന്ന ആ ക്രൂരന്റെ രക്തം മരവിപ്പിക്കുന്ന നിലവിളി കേട്ടു. അവന് വീണ്ടും മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. 'ക്രൂരനായിരുന്നുവെങ്കിലും അയാളും തന്നെപ്പോലെ ഒരു മനുഷ്യനാണല്ലോ, ആ രാക്ഷസൻ അയാളെ കൊല്ലുമല്ലോ...' എന്ന ചിന്തയിൽ തിരികെ നടന്നു.
വഴിയരികിലെ ചെടികൾക്കും മരങ്ങൾക്കും മറപറ്റി നടന്ന് അയാൾ വേട്ടക്കാരനും രാക്ഷസനുമരികിലെത്തി. രക്തത്തിൽ കുളിച്ച്, രണ്ടു കാലുകളും തകർക്കപ്പെട്ട്, അല്പപ്രാണനായി കിടന്ന വേട്ടക്കാരനെ അയാൾ കണ്ടു. രാക്ഷസന്റെ കണ്ണിൽപ്പെടാതെ അയാൾ വേട്ടക്കാരന്റെയരികിലെത്തി. താങ്ങി ഉയർത്തി, തന്റെ തോളിലേറ്റി രാക്ഷസന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചു. തന്റെ ഇരയായിരുന്നവനെക്കണ്ട വേട്ടക്കാരന്റെ കണ്ണുകൾ വീണ്ടും ക്രൗര്യം പൂണ്ടു. തന്നെ രക്ഷിക്കാനായി ശ്രമിച്ച അടിമയെ അയാൾ മുറുകെപ്പിടിച്ചു. അധിക ദൂരം രാക്ഷസനെ വെട്ടിച്ച് കടക്കാൻ കാലുകൾ തകർന്ന തനിക്ക് ആവില്ല എന്നയാൾക്കറിയാമായിരുന്നു - എന്നാൽ ഇവൻ, ഈ അടിമ ഓടിരക്ഷപ്പെട്ടേക്കാം.
തന്നെ ചുട്ടുതിന്നാൻ കനലൊരുക്കുകയായിരുന്ന രാക്ഷസനെ അയാൾ ശബ്ദമുണ്ടാക്കി വിളിച്ചു. "എന്തായാലും നീ എന്നെ കൊന്നു തിന്നും, എങ്കിൽ ഇതാ എന്റെ അടിമ - ഇവനെയും കൂടി നീ തിന്നു കൊള്ളൂ..." അയാൾ അലറി.
രാക്ഷസന്റെ മുഖത്ത് ക്രൂരമായ ഒരു ചിരി വിടർന്നു. വേട്ടക്കാരന്റെ പിടിയിൽ നിന്നും കുതറിയോടാൻ ഇരക്ക് കഴിഞ്ഞില്ല.
വേട്ടക്കാരൻ അഗ്നി കുണ്ഠത്തിലേക്ക് എറിയപ്പെട്ടു. രാക്ഷസന്റെ ഒരു കയ്യാൽ താൻ അന്തരീക്ഷത്തിലേക്കുയർത്തപ്പെടുന്നത് അടിമയറിഞ്ഞു - അഗ്നി വിഴുങ്ങുമ്പോളും വേട്ടക്കാരന്റെ കണ്ണിലെ ക്രൗര്യം കുറഞ്ഞിരുന്നില്ലെന്നും...
മഹേഷ് കൊട്ടാരത്തില്‍
maheshkottarathil@gmail.com
അവസാനം ഇരയെ രക്ഷപെടുത്താമായിരുന്നു. ഏതെങ്കിലും സംഭവവുമായി കോർത്തിണക്കിയ കഥപോലെ തോന്നി. എന്തായാലും നല്ല ചെറിയ കഥ.
ReplyDeleteആശംസകൾ.
നന്ദി,
Deleteസ്ഥിരം ശൈലി (Happy ending) ഒന്നു മാറ്റിപ്പിടിച്ചതാ...
ജീവിതം എല്ലായ്പ്പോഴും/എല്ലാവർക്കും ശുഭപര്യാവസായി അല്ലല്ലോ.
1. പിന്നെ വേട്ടക്കാരൻ ഇരക്കായി കരുതി വെച്ചിരിക്കുന്ന കെണി ചിലപ്പോൾ അവന്റെ തന്നെ വിധി ആവാം...
2. മനസ്സിൽ ദയ ഇല്ലാത്തവനോട് അനുകമ്പ കാണിക്കരുത്. ചിലപ്പോൾ അവൻ സ്വയം നശിക്കുമെന്നുറപ്പുള്ള സാഹചര്യത്തിൽ നമ്മളെയും ചതിക്കും.
3. ചിലപ്പോളെങ്കിലും നമ്മുടെ വേട്ടക്കാർക്കുണ്ടാവുന്ന ചില ദുരന്തം നമുക്ക് അനുകൂലമായേക്കാം...
ജീവിതം പഠിപ്പിച്ച പാഠമാണ്...
നല്ല എഴുത്ത് . ആശംസകള്‍..
ReplyDeleteഅനശ്വര
നന്ദി മേഡം അനശ്വര... 🙏
ReplyDeleteകഥ വളരെ ഇഷ്ടമായി. വഴക്കുപക്ഷിയില്‍ വീണ്ടും എഴുതണം.
ReplyDeleteനന്ദി...
Deleteകഥകൾ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒന്നാണ്.
കഥ എഴുതാൻ മനപ്പൂർവം ശ്രമിക്കാറുമില്ല. ഈ കഥ എഴുതാനുള്ള ആശയം മനസ്സിൽ വന്ന നിമിഷം മുതൽ ഇരുപത്തിയഞ്ച് മിനിറ്റ് കൊണ്ട് മൊബൈലിൽ ടൈപ്പ് ചെയ്തതാണ്. ഒരു തോന്നലിൽ കഥ ജനിക്കുന്നു - തിരുത്താറുമില്ല.
കാരണം ഞാൻ കഥാരചനയെ സീരിയസായി കണ്ടിട്ടില്ല. ഇനിയും കഥ എഴുതുമോ എന്നു പോലും അറിയില്ല. എഴുതിയാൽ പബ്ലിഷ് ചെയ്യാം.
നന്ദി അന്നൂസ്... 🙏
വഴക്കുപക്ഷിയിലേയ്ക്ക് വന്നതിനും സഹകരിച്ചതിനും നന്ദി.
ReplyDeleteപബ്ലിഷ് ചെയ്തതിനും പ്രോത്സാഹനത്തിനും നന്ദി.
Deleteഗൗരവമുള്ള കഥ... ഇഷ്ട്ടം
ReplyDeleteനന്ദി 🙏
Deleteവളരെ നന്ന്... ആശംസകൾ
ReplyDeletemikacha ezhuthu.ashamsakal
ReplyDeletePraveen M K
ഇരകൾക്കെന്നെന്നും ഇരയാവാനാണല്ലോ വിധി!
ReplyDeleteനല്ല രചന
ആശംസകൾ