വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

വില മതിക്കാൻ കഴിയാത്ത ഒരു കൂട് ബിസ്കറ്റ്


വില മതിക്കാൻ കഴിയാത്ത  ഒരു കൂട്  ബിസ്കറ്റ്

                                                                   

  :-പുനലൂരാൻ



 

നാട്ടിൽ നിന്ന് വന്ന ഒരു പരിചയക്കാരനെ ദുബായിലേക്കുള്ള ബസ്സ് കിട്ടുന്ന സ്ഥലത്ത്  കൊണ്ടുവിടാൻ  ആണ് ഞാൻ  പൊരിവെയിലത്ത് കാറുമായി അവിടേക്ക് പോയത്. ഞാൻ താമസ്സിക്കുന്ന ചെറുപട്ടണത്തിൽ നിന്ന് ദുബായിലേക്ക് നേരിട്ട്  ബസ്സ് ഇല്ല. സാധാരണക്കാർ ആയ പ്രവാസികളും തൊഴിലാളികളും ഗൾഫിലെ ഒരു പട്ടണത്തിൽ നിന്നും മറ്റൊരു പട്ടണത്തിലേക്ക് യാത്ര ചെയ്യുവാൻ മിക്കവാറും  ആശ്രയിക്കുക ബസ്സുകളെ ആയിരിക്കും. ഞാൻ താമസിക്കുന്ന കടലോരപട്ടണത്തിൽ നിന്ന് ബസ്സ് കിട്ടുന്ന സ്ഥലത്തേക്കു എത്തണമെങ്കിൽ ഏകദേശം അരമണിക്കൂർ യാത്രയുണ്ട്. വളഞ്ഞും പുളഞ്ഞും ഒരു പാമ്പിനെപ്പോലെ മലകയറി പോകുന്ന ഇരുവരി പാത. ഇരുപുറവും സിമന്റ്പാളികൾ വെട്ടി എടുക്കുന്ന ചുണ്ണാമ്പ് മലകൾ. ഇടയ്ക്കൊക്കെ വഴിയരികിൽ അങ്ങിങ്ങായി ഒറ്റപ്പെട്ടു നിൽക്കുന്ന ഗാഫ് മരങ്ങൾ.


മലകയറി ഒടുവിൽ എത്തുന്ന മുക്കവലയിൽ നിന്ന് ദുബായിക്ക്  ബസ്സ് കിട്ടും. അവിടെ കാറുനിറുത്തി ഞാനും പരിചയക്കാരനും ബസ്സിനായി കാത്തിരുന്നു. ഉച്ചവെയിലിന്റെ കാഠിന്യം കാറിനെ ചുട്ടുപൊള്ളിയ്ക്കുന്നു. ബോണറ്റിൽ നിന്ന് ആവി മുകളിലേക്കു പൊങ്ങുന്നത് വെറുതെ നോക്കിയിരുന്ന എനിക്ക് അന്നേരം നാട്ടിലെ അടുക്കളയിലെ ദോശക്കല്ലിനെ ആണ് ഓർമ്മ വന്നത്. പഴുത്തു ആവി പൊങ്ങുന്ന പരന്നകല്ലിലേക്കു  അമ്മ ദോശമാവ് ഒഴിക്കുമ്പോൾ ശീ..എന്ന ശബ്ദത്തോടെ വെന്തുപൊങ്ങുന്ന ചെറുദോശ, കൂടെ പച്ചതേങ്ങ അരച്ചു ചുവന്ന മുളക് ചേർത്ത ചമ്മന്തി. അപ്പപ്പോൾ ചുട്ടെടുക്കുന്ന ചൂടുദോശകൾക്ക് വേണ്ടി പ്ലേറ്റുമായി അടുക്കളപ്പുറത്ത്  കാത്തിരിയ്ക്കുന്ന ഞാൻ. മനസ്സ് അറിയാതെ നാട്ടിലെ സുഖകരമായ ഓർമ്മകളിലേക്ക് ഊളയിട്ടു.  " വണ്ടി വരുന്നു " കൂടെയുള്ള ആളുടെ ഒച്ച കേട്ടിട്ടാണ്  ഞാൻ ദിവാസ്വപ്നത്തിൽ നിന്ന്  ഉണർന്നത്. ദൂരെ നിന്ന് ചുവന്ന പെയിന്റ് അടിച്ച ആർ.ടി.ഒയുടെ  വലിയ ഒരു ബസ്സ് വരുന്നത് കാണാം. കാറിൽ നിന്ന് ഞങ്ങൾ ധൃതിയിൽ പുറത്തിറങ്ങി.ഹിന്ദിഭാഷ അറിയാത്ത പരിചയക്കാരനെ ബസ്സ് കയറ്റി ഡ്രൈവറോട് ദുബായ്  ദൈറയിൽ അയാളെ ഇറക്കണമെന്നു പറഞ്ഞേൽപ്പിച്ചു ഞാൻ മടങ്ങി.



തിരികെ ഒറ്റയ്ക്കുള്ള  യാത്രയുടെ വിരസത അകറ്റുവാൻ ഞാൻ എഫ്. എം റേഡിയോയുടെ ബട്ടനുകൾ മാറിമാറി  അമർത്തികൊണ്ടിരുന്നു. എത്ര മലയാളം  ചാനലുകളാണ്  ഗൾഫിൽ. വിരസമായ  ഗൾഫ്  ജീവിതത്തിൽ മലയാളിയെ  നാടുമായി  അടുപ്പിക്കുന്ന  കണ്ണി. അങ്ങനെ സമയം കൊല്ലുവാൻ നോക്കി കൊണ്ടിരിക്കുമ്പോൾ ആണ് റോഡിലേക്ക് ഇറങ്ങി ദയനീയമായ മുഖഭാവത്തോടെ കാറിനു കൈകാണിക്കുന്ന അയാളെ ഞാൻ കാണുന്നത്. ഏകദേശം ഒരറുപത് വയസ്സിനുമേൽ പ്രായം തോന്നിക്കുന്ന ഒരു പട്ടാണി വൃദ്ധൻ. കൈയ്യിൽ ഒരു വലിയ സാമാന കെട്ടും  ഉണ്ട്, നാട്ടിൽപോയി മടങ്ങുന്ന വഴിയാണ് എന്നു തോന്നുന്നു. ലഗേജ് കയറുകൊണ്ടു വരിഞ്ഞു കെട്ടിയിരിക്കുന്നു.  പൊതുവെ പട്ടാണികൾ അങ്ങനെ ആണ്, വിമാനയാത്രയ്ക്കുള്ള ലഗേജ് ഒരു കമ്പിളി കൊണ്ട് പൊതിഞ്ഞ്  കയറുകൊണ്ടു വരിഞ്ഞുകെട്ടിയാണ് കൊണ്ടുപോകുക. അയാളുടെ തോളിൽ അതുകൂടാതെ ഒരു ചെറിയ സഞ്ചിയും ഉണ്ട്.  എയർപോർട്ടിൽ നിന്ന് ബസ്സ് കയറി  കവലയിൽ  ഇറങ്ങിയതാണ് എന്നുതോന്നുന്നു. ഞാൻ താമസിക്കുന്ന സ്ഥലത്ത് എവിടെയോ ആകും അയാൾക്ക് എത്തേണ്ടത്.


വഴിക്ക് പോകുന്ന ഏതെങ്കിലും പിക്കപ്പുകാരോ കാറുകാരോ ദയതോന്നി തന്നെക്കൂടി കയറ്റികൊണ്ടു പോകുവാൻ വേണ്ടി കാത്തുനിൽക്കുകയാണ് അയാൾ. അത്രയും ദൂരം സ്വന്തമായി ടാക്സിയൊക്കെ പിടിച്ചുപോകണമെങ്കിൽ വലിയ ഒരു തുക ആകും. പോരെങ്കിൽ  നട്ടുച്ചനേരത്ത്  ടാക്സി കിട്ടാൻ വലിയ പ്രയാസം ഞാൻ സൈഡ് ഇൻഡിക്കേറ്റർ  ഇട്ടു കാർ നിറുത്തി. വഴിയാത്രക്കാരെ പ്രൈവറ്റ് വണ്ടികളിൽ കയറ്റികൊണ്ട് പോകുന്നത്  ഗൾഫിൽ നിയമലംഘനമാണ്.  പോലീസോ ഏതെങ്കിലും ടാക്സിക്കാരോ കണ്ടാൽ പണി കിട്ടും.  അതിനാൽ ഞാൻ കൂടുതൽ ചോദ്യത്തിനൊന്നും മുതിരാതെ അയാളോട് കാറിൽ കയറാൻ പറഞ്ഞു. അയാൾ കൈയ്യിലെ ലഗേജ് പുറകിലെ സീറ്റിൽ പെട്ടെന്ന് വെച്ചു സലാം ചൊല്ലി, ദൈവത്തിനു സ്തുതി പറഞ്ഞു മുൻസീറ്റിൽ കയറിയിരുന്നു. കാർ മുമ്പോട്ടു നീങ്ങി.

 " ബച്ചാ ആപ്കൊ അള്ളാ ഖൈർ കരേഗാ...ബാഹർ കിത്തനാ ഗർമി ഹേ? "

ദൈവം അനുഗ്രഹിക്കട്ടെ എന്നും പുറത്ത് കടുത്തചൂടാണെന്നും പറഞ്ഞുകൊണ്ടു അയാൾ സംഭാഷണമാരംഭിച്ചു.

ജൂണിലെ കൊടുംചൂടിൽ ഒരു മണിക്കൂറായി റോഡിൽ കാത്തു നിൽക്കുകയായിരുന്നിട്ടും ആരും വണ്ടി നിറുത്തിയില്ലത്രേ.

"പൂരാ ദുനിയ ബദൽ ഗയാ.."

ലോകം മുഴുവൻ മാറിയെന്നും ആർക്കും ആരോടും സ്നേഹവും കരുണയും ഇല്ലെന്നും അയാൾ തെല്ലു പരിഭവത്തോടെ പറഞ്ഞു.

"ബാബ ആപ് കിധർ  ജാത്തേ? "

ഞാൻ വൃദ്ധനോട്  എവിടെയാണ് ഇറങ്ങേണ്ടത്  എന്നു ചോദിച്ചു. അയാളെന്നെ അടിമുടി ഒന്നു നോക്കി; എന്റെ ബാബവിളി അയാൾക്ക്  ഇഷ്ടപ്പെട്ടെന്നു തോന്നുന്നു. ഒരു പിതാവിനോടുള്ള കരുതൽ അയാൾക്ക് അനുഭവപ്പെട്ടുകാണും.  ഒരു ചെറുപുഞ്ചിരിയോടെ അയാൾ ഇറങ്ങേണ്ട സ്ഥലം പറഞ്ഞു, ഞാൻ ഒന്നു മൂളി.



 മലയിറങ്ങി ചെല്ലുന്ന താഴ് വാരത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ ആണ് അയാൾക്ക് പോകേണ്ടത്. വണ്ടി ഹൈവേ കഴിഞ്ഞു ഇടറോഡിലേക്ക് കയറി. വളവും തിരിവും ഉള്ള റോഡിലൂടെ വളരെ ശ്രദ്ധിച്ചു മാത്രമേ വാഹനം ഓടിക്കാവുകയുള്ളൂ. ഞാൻ അയാളോട് സംസാരിച്ചുകൊണ്ട് തെല്ലുശ്രദ്ധയോടെ വണ്ടി ഓടിച്ചുകൊണ്ടിരുന്നു. ആ വൃദ്ധനാകട്ടെ എങ്ങോ  കണ്ടുമറന്ന പഴയ പരിചയക്കാരനെ കിട്ടിയ മട്ടിൽ നിറുത്താതെ ഉച്ചത്തിൽ എന്നോട് സംസാരം തുടർന്നു.

"മെം ഉദർ അർബാബ് കാ നക്കൽ മെം കാം കർത്താ ഹേ"

അവിടെ ഏതോ അറബിയുടെ നക്കലിൽ ( ഈന്തപ്പന തോട്ടത്തിൽ ) ആണ്അയാൾക്ക് പണി. ഗൾഫിൽ എത്തിയിട്ട് മുപ്പത്തഞ്ചുകൊല്ലമായി. ഓരോരോ സ്ഥലങ്ങളിൽ ആയി കറങ്ങിതിരിഞ്ഞു ഒടുവിൽ അർബാബിന്റെ (തൊഴിൽ ഉടമ ) കൂടെ കൂടിയിട്ട് 20 വർഷം.

 " ബച്ചാ തും ഇദർ ദേക്കോ" 

തഴമ്പു പിടിച്ചു വടുകെട്ടിയ കൈകൾ  അയാളെന്നെ കാണിച്ചു. ഞങ്ങൾ യാത്ര ചെയ്യുന്ന വഴിയുടെ ഇരുഭാഗത്തുമുള്ള സിമന്റ്മലകളുടെ മടക്കുകൾ  പോലെ തോന്നിക്കുന്ന പരുപരുത്ത  കൈത്തലങ്ങൾ.



ഈന്തപ്പനയുടെ പരിപാലനം  കഠിനമായ ഒരു അനുഷ്ടാനമാണ്. ഈന്തപ്പനകൾ കയറിഇറങ്ങി കൈയ്യും നെഞ്ചും തഴമ്പ് കെട്ടും. ഈന്തപ്പനപട്ടകൾക്ക് ഇടയിൽ തേളും വിഷചിലന്തിയുമൊക്കെ ഉണ്ട്. താഴെ മണൽകൂനയിൽ പതിയിരിക്കുന്ന മണൽ അണലികൾ. സൂക്ഷിച്ചില്ലെങ്കിൽ കടി കിട്ടും. സമയാസമയങ്ങളിൽ ഉളി  പോലുള്ള ഒരു കത്തി കൊണ്ട് ഈന്തപട്ടകൾ വെട്ടി മാറ്റണം.  എന്നാലെ  മരം പുഷ്ടിയോടെ മുകളിലേക്ക് വളരുകയുള്ളൂ. ചൂട് തുടങ്ങുന്നതോടെ പനകൾ പൂത്തുതുടങ്ങും. ആൺപെൺമരങ്ങൾ വ്യത്യസ്തമായതിനാൽ പരാഗണത്തിനു നബാത്ത് (ആൺപൂങ്കുലകൾ)  വെട്ടിയെടുത്തു  പെൺമരത്തിലെ പൂങ്കുലകൾക്കിടയിൽ  കെട്ടിവെക്കണം. അങ്ങനെ ചെയ്താൽ മാത്രമേ ധാരാളം കായ്കൾ ഉണ്ടാകുകയുള്ളൂ. ജൂൺ  മാസത്തോടെ കായ്കൾ പഴുത്തു തുടങ്ങും. നല്ല പഴുത്ത പഴങ്ങൾക്ക് റുത്താബ് എന്നാണ് അറബിയിൽ പറയുക.മഞ്ഞയും ഓറഞ്ചും കടുംചുവപ്പും നിറത്തിലുള്ള ഈന്തപ്പഴകുലകൾ. കായ് പഴുത്താൽ അവ വെട്ടി കയറുകെട്ടി  ഇറക്കണം. അർബാബ് പിക്കപ്പുമായി ഇടയ്ക്കിടെ വന്നു പഴുത്തകുലകൾ വിൽപ്പനയ്ക്ക്  കൊണ്ടുപോകും. ബാക്കി വരുന്നവ വെയിലത്ത് ഇട്ടു ഉണക്കണം. പണിക്കാർക്കായി ഉണ്ടാക്കിയ  ഷെഡിന്റെ മുമ്പിലെ കളത്തിൽ നിരത്തിയിട്ട ഈന്തപ്പഴകുലകൾ.  രാത്രി കുറുക്കനും എലിയും തിന്നാതെ അവയ്ക്കു കാവൽ കിടക്കണം. മുറ്റത്തിട്ട കയറുകട്ടിലിൽ ആണ് സമയത്തു കിടത്തം. അങ്ങനെ നൂറുകൂട്ടം പണികൾ. വെയിലും മഞ്ഞും ചൂടും കൊടുംതണുപ്പും പരുവപ്പെടുത്തിയെടുത്ത ജീവിതം. മൊത്തം 
5-6 പണിക്കാർ ഉണ്ട് തോട്ടത്തിൽ, എല്ലാം ബംഗാളികളും പാക്കിസ്ഥാനികളും.  മലബാറി ഉണ്ടോ എന്ന ചോദ്യത്തിന് അയാളുടെ മറുപടി എന്നെ രസിപ്പിച്ചു.

 "മലബാറി സബ് പഠാ ലിക്കാ ഹേ"

 മലബാറികൾക്ക്  എഴുത്തും വായനയും അറിയാമെന്നതിനാൽ പണിക്ക്  നിൽക്കുകയില്ല എന്നതാണ് സാരം.



അയാൾ വർത്തമാനം പറയുന്നതിനിടെ ബച്ചാ.. ബച്ചാ എന്നു അവർത്തിച്ചു കൊണ്ടിരിക്കും.  നിഷ്കളങ്കൻ ആയ വൃദ്ധൻ, അയാളുടെ കണ്ണിൽ ഞാനയാൾക്ക് മകനെപ്പോലെയാണ്. ഒരു പക്ഷെ മക്കളെ പിരിഞ്ഞു വന്ന ദുഃഖം കൊണ്ടാകും അയാൾ നിറുത്താതെ എന്നെ അങ്ങനെ വിളിക്കുന്നത്. അയാളെ ഒന്നു സ്വാന്തനിപ്പിക്കാൻ  ഞാൻ അയാൾക്ക് എത്ര മക്കൾ ഉണ്ടെന്നു ചോദിച്ചു.

 "ബച്ചാ മുച്ചേ പാഞ്ച് ബച്ചി ഹേ.. "

അയാൾക്ക്അഞ്ചു പെൺകുട്ടികളാണ്. ചുമ്മാതല്ല  ആ പാവം എന്നെ ബച്ചാ ബച്ചായെന്നു   നിറുത്താതെ വിളിച്ചു കൊണ്ടിരുന്നത്. ഒരു മകനില്ലാത്തതിന്റെ ഖേദം അയാളുടെ വാക്കുകളിൽ എവിടെയോ നിറഞ്ഞു നിൽക്കുന്നതുപോലെ എനിയ്ക്കു തോന്നി. ഒരു നിമിഷം അയാൾ എന്തോ ഓർത്തു . പിന്നെ നാട്ടിലെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി.  പാക്കിസ്ഥാനിലെ ഏതോ മലമടക്കുകളിൽ ആണ് അയാളുടെ ഗ്രാമം. അഞ്ചു പെൺമക്കൾ. മൂത്തനാലുപേരുടെയും വിവാഹം കഴിഞ്ഞു.  അഞ്ചാമത്തെ മകളുടെ നിക്കാഹ് നടത്തിയിട്ട് മടങ്ങി വരുകയാണയാൾ. ഇനി അടുത്ത പെരുന്നാളിന് മുമ്പ് കല്യാണം നടത്തണം.. അതിന് അർബാബ് അവധി തരുമോ ആവോ?. അവൾക്കിപ്പോൾ 14 വയസ്സ് പ്രായം.  അവരുടെ നാട്ടിലൊക്കെ പ്രായത്തിൽ വിവാഹം സാധാരണം. അയാൾ നിറുത്താതെ തന്റെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.  എനിക്ക് രണ്ടു പെൺകുട്ടികൾ ആണുള്ളത് എന്ന കാര്യം പറഞ്ഞപ്പോൾ അയാളുടെ മറുപടി ഇങ്ങനെ. 

"അള്ളാ ആപ്കോ ബഹുത്ത് പ്യാർ കർത്തേ"

പെൺകുട്ടികൾ മാത്രം ഉള്ള പിതാക്കൻമാർ ദൈവത്തിന്റെ പ്രത്യേക പ്രീതിക്ക് പാത്രമാണ് എന്നാണ് അയാളുടെ പക്ഷം. പട്ടാണികൾ അങ്ങനെയാണ് അവർ എന്തും വെട്ടിതുറന്നു പറയും. അവർക്ക് കോപവും സ്നേഹവും പെട്ടെന്ന് വരും.. കളങ്കം ഇല്ലാതെ സ്നേഹവും ദേഷ്യവും.. അയാൾ കുർത്തയുടെ  കീശയിൽ കൈയ്യിട്ടു മുഷിഞ്ഞു പൊടിഞ്ഞു തുടങ്ങിയ ഒരു പേഴ്സ് പുറത്തെടുത്തു. അതിൽ നിന്ന് പ്ലാസ്റ്റിക് കവറിട്ടു ഭദ്രമായി സൂക്ഷിച്ച ഒരു നിറം മങ്ങിയ ഫോട്ടോ പുറത്തെടുത്തു എന്നെ കാണിച്ചു. അയാളും മടിയിൽ ഇളയ മകളും. പത്തുപതിമൂന്ന് കൊല്ലം മുമ്പെടുത്ത ഫോട്ടോ ആണ്‌. പരമ്പരാഗത വേഷം അണിഞ്ഞ നല്ല ഭംഗിയുള്ള ചെറിയ പെൺകുട്ടി. അവൾക്കിപ്പോൾ വിവാഹപ്രായം ആയിരിക്കുന്നു. ഒരു പിതാവിന്റെ കരുതലും വാത്സല്യവും അഭിമാനവും അയാളുടെ മുഖത്തും വാക്കുകളിലും കാണാം.  തന്റെ ഇളയമകളെക്കൂടി സുരക്ഷിതസ്ഥാനത്ത് എത്തിക്കാനുള്ള വ്യഗ്രത മുഖത്തുനിന്ന് വായിച്ചെടുക്കാം.



കാർ മലയിറങ്ങി താഴ്വാരത്തോട് അടുക്കാറായിരിക്കുന്നു. മലകൾക്കിടയിലൂടെയുള്ള യാത്രയുടെ വൈഷ്യമ്യം അയാളോട് വർത്തമാനം പറഞ്ഞിരിന്നു ഞാൻ അറിഞ്ഞതേയില്ല.  ഒടുവിൽ അയാൾക്ക്ഇറങ്ങേണ്ടയിടം എത്തിയിരിക്കുന്നു. ഞാൻ കാർ സൈഡാക്കി നിറുത്തി അയാൾ ഇറങ്ങാൻ കാത്തു.  അയാളാകട്ടെ കീശയിൽ നിന്നു പേഴ്സ് തുറന്നു എനിയ്ക്ക് നൽകാനായി പണം തിരയുകയാണ്. ഞാൻ സ്നേഹപൂർവ്വം അയാളുടെ കൈയ്യിൽ പിടിച്ചു ഒന്നും വേണ്ട എന്നു പറഞ്ഞു.

 " ബച്ചാ യെസെ ഹേതോ ഏക്  മിനിറ്റ് "

ഞാൻ ഒന്നു വെയിറ്റ് ചെയ്യാൻ പറഞ്ഞു കൊണ്ട്  അയാൾ ലെഗേജ്കാറിന്റെ സീറ്റിൽ നിന്ന് വേഗം പുറത്തെടുത്തു. നിമിഷനേരം കൊണ്ട് അതിന്റെ കയറുകെട്ടുകൾ അഴിച്ചു അതിൽ നിന്ന് ഒരു  കടലാസ് പൊതി പുറത്തെടുത്തു, അത് തുറന്നു എനിയ്ക്കായി തന്നു.  അയാളുടെ വീട്ടിൽ ഉണ്ടാക്കിയ ഗോതമ്പ് ബിസ്കറ്റുകൾ.  നമ്മുടെ നാട്ടിലെ വെട്ടുകേക്കിന്റെ നിറവും മണവും ഉള്ള ഒരുതരം പലഹാരം. അയാളുടെ ഭാര്യ അയാൾക്കായി പ്രത്യേകം തയാറാക്കിയതാണത്രേ. തന്റെ  ഭർത്താവിനോടുള്ള സ്നേഹവും കരുതലുമൊക്കെ ബിസ്കറ്റുകളിൽ കാണും. അത് ഞാൻ കൈവശപ്പെടുത്തുന്നത് ശരിയാണോ?..പക്ഷെ ഒരു പിതാവിന്റെ വാത്സല്യത്തോടെ തരുന്നതിനെ എങ്ങനെ നിഷേധിക്കും. ഞാൻ വേണ്ട എന്നു എത്ര പറഞ്ഞിട്ടും അയാൾ നിർബന്ധിച്ചു എന്നെ അതേൽപ്പിച്ചു.  പിന്നെ  സലാം പറഞ്ഞു കൈവീശി ആ മനുഷ്യൻ  കെട്ടു ചുമലിലേറ്റി നടവഴിയിലൂടെ ദൂരെ കാണുന്ന ഈന്തപ്പന തോട്ടത്തിലേക്ക് നടന്നു നീങ്ങി.



നെയ്യുടെയും ഗോതമ്പിന്റെയും മണമുള്ള രുചികരമായ ബിസ്കറ്റിന്റെ ഒരു കഷ്ണം ഒടിച്ചു കടിച്ചുകൊണ്ട് അയാൾ കാഴ്ചയിൽ നിന്ന് മറയുന്നതുവരെ ഞാൻ നോക്കി നിന്നു. പിന്നെ കാറുമായി പതിയെ മുമ്പോട്ടു നീങ്ങി. ബിസ്കറ്റിന്റെ ഓർമ്മകൾ ഇപ്പോഴും ചിലപ്പോഴൊക്കെ മനസ്സിലെത്തും, കൂടെ അത് തന്ന  തഴമ്പ് പിടിച്ചു സിമന്റ്മലയുടെ മടക്കുകൾ പോലെയുള്ള പരുപരുത്ത രണ്ടു കൈത്തലങ്ങളും... പ്രവാസിയുടെ കൈകൾ.



ചില ഓർമ്മകളും സമ്മാനങ്ങളും അങ്ങനെയാണ്‌. അപ്രതീക്ഷിതമായി അവ നമ്മുടെ മുമ്പിലെത്തും, അത് കൊടുക്കുന്ന ആളിനേക്കാൾ ലഭിക്കുന്നയാളാണ്  ജീവിതത്തിലുടനീളം അവയെ ഓർമ്മിക്കുന്നത്. ഒരു കുഞ്ഞിനെ താലോലിക്കുന്നതുപോലെ എത്ര തവണയാണ് ജീവിതത്തിൽ ഓർമ്മകളെ നെഞ്ചോടു  ചേർത്ത് നാം ഓമനിക്കുന്നത്.



Search This Blog