വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!
Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

...പത്ത് പതിനഞ്ച് മിനുട്ട് നേരം പ്രകാശം പരത്തിയ പെൺകുട്ടി... ( ഒരു കഥയില്ലാ നർമ്മകഥ )



ചിലർ നമ്മുടെ ജീവിതത്തെ വല്ലാതെ സ്വാധീനിക്കും. ചിലപ്പോൾ അത് വളരെ കുറച്ചു നേരം മാത്രം ആയിരിക്കാം , പക്ഷെ , അവരെ നമ്മൾ പിന്നെയൊരിക്കലും മറക്കില്ല. എന്റെ ജീവിതത്തിൽ വെറും പത്ത് പതിനഞ്ച് മിനുട്ട് നേരം മാത്രമാണ് പ്രകാശം പരത്തിയതെങ്കിലും , എനിക്ക് ഒരിക്കലും മറക്കാനാവാത്ത എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ പറ്റിയാണ് ഈ കുറിപ്പ്.തൽക്കാലം, നമുക്ക് അവളെ പാർവതി (പാറു) എന്ന് വിളിക്കാം. 


നമ്മുടെ ഫോണുകൾ ഇപ്പോഴത്തെ പോലെ അത്ര സ്മാർട്ട് അല്ലാത്ത കാലം. കമ്പനിയാവശ്യത്തിനു പെട്ടെന്ന് ഞാൻ ചെന്നൈയിൽ ചെന്ന് പെട്ട ഒരു ദിവസം. അവിടെ ചിലവാക്കുന്ന കാശുകൾ തിരിച്ചെത്തിയാൽ ഉടനെ റിഇമ്പർസ് ചെയ്യുമെന്ന് കമ്പനിയും , അതിനു എന്റെ കയ്യിൽ അഞ്ചു പൈസ ഉണ്ടായാലല്ലേ ചിലവാക്കാൻ പറ്റുവെന്ന് ഞാനും, പറഞ്ഞു നിൽക്കുന്ന ഒരു സിറ്റുവേഷൻ. എന്തായാലും , അടുത്ത ദിവസം ആകുമ്പോഴേക്കും എന്റെ ബാങ്ക് അക്കൊണ്ടിൽ സാലറി വീഴുമെന്ന ആശ്വാസത്തിൽ , ഇനിയിപ്പോ ആരോടും പ്രാരാബ്ധം പറഞ്ഞു കടം വാങ്ങാൻ നിക്കേണ്ടയെന്നു എന്ന് കരുതി ഞാൻ ചെന്നൈയിൽ ചെന്നിറങ്ങിയ, ഒരു ഉച്ച നേരം.


നാളെ ഒന്നാം തിയതിയാണെങ്കിലും , ചില അവസരങ്ങളിൽ എന്റെ ബാങ്ക് അക്കൊണ്ടിൽ , ഒരു ദിവസം മുൻപേ കാശ് വീഴാറുണ്ടല്ലോയെന്ന് പെട്ടെന്ന് ഞാൻ ഓർത്തു. ഇൻഡസ് ഇൻഡ് ആണ് ബാങ്ക് . അടുത്തൊന്നും എത്തി നോക്കിയിട്ട് ATM കണ്ടില്ല . ഇനി കാശ് വന്നോ എന്നറിയണമെങ്കിൽ ഓൺലൈൻ അക്കൊണ്ട് നോക്കണം. പുറത്തു നെറ്റ് കഫെയിൽ കയറി അക്കൊണ്ട് നോക്കാൻ മാത്രം, ഈ ലോകത്തെ പറ്റിയൊരു നല്ല അഭിപ്രായം എനിക്കില്ല ! ഇനിയിപ്പോ , വിശ്വാസമുള്ള ആരെയെങ്കിലും വിളിച്ചു , പാസ്സ്‌വേർഡ് കൊടുത്തു അക്കൊണ്ട് നോക്കിക്കണം. അങ്ങനെയിപ്പോ ആരാണ് !! പെട്ടെന്നാണ്, പാർവതിയുടെ മുഖം എന്റെ മനസ്സിലെത്തിയത് .


പാർവതി , എന്റെ കമ്പനിയിലെ ടീം മേറ്റ് ആണ്. കൊച്ചിയിലെ ഏതോ കോടീശ്വരന്റെ ഒറ്റ മകൾ. എന്റെ സങ്കൽപ്പത്തിലെ ഒരു പെൺകുട്ടിക്കുണ്ടാവേണ്ട ആ മൂന്നു ഗുണവും അവൾക്കുണ്ടായിരുന്നു . ' ആവശ്യത്തിന് ഭംഗി, ഒരുപാട് കാശ് , കുറച്ചുമാത്രം ബുദ്ധി  ' !!! പക്ഷെ , എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ ആവാത്ത മറ്റൊന്ന് കൂടി അവൾക്കുണ്ടായിരുന്നു , ' വായ തുറന്നാൽ, മറ്റുള്ളവർ കരഞ്ഞു പോകുന്നത് പോലെ, മുഖത്തടിച്ചു സത്യങ്ങൾ ഉറക്കെ വിളിച്ചു പറയുക ' !! ഒരു സംഭവം പറഞ്ഞാൽ , ഒരിക്കൽ കമ്പനിയിലെ ഒരുത്തൻ പോയി അവളെ പതുക്കെ പ്രൊപ്പോസ് ചെയ്തു . അതിനവൾ അവനോടു ഉറക്കെ പറഞ്ഞത് , " നോക്ക് ചേട്ടാ ... നിങ്ങൾ എന്നെ പ്രൊപ്പോസ് ചെയ്തത് എനിക്ക് മനസ്സിലാകും .. പക്ഷെ , എനിക്കും കൊള്ളാവുന്ന ഒരുത്തനെ കെട്ടണമെന്നു ആഗ്രഹമുണ്ടാവില്ലേ ? എന്റെ അച്ഛന് മോളെ ഒരു കഴിവുള്ളവനെക്കൊണ്ട് കല്യാണം കഴിപ്പിക്കണമെന്നു ആഗ്രഹം ഉണ്ടാവില്ലേ ? എന്റെ അമ്മയ്ക്ക് മോളെ ഒരു അലവലാതി കെട്ടരുതെന്നു പ്രാർത്ഥനയുണ്ടാവില്ലേ  .... " ; അതോടെ പ്രൊപ്പോസ് ചെയ്യാൻ പോയവൻ കാലിൽ വീണു കരഞ്ഞു മാപ്പു ചോദിച്ചു , ഇനിയിങ്ങനെ പബ്ലിക്കായി നാറ്റിക്കരുതെന്നു അപേക്ഷിക്കുകയും , പിന്നെ അവൻ കല്യാണമേ വേണ്ടായെന്നു വെച്ചെന്നുമാണ് കേട്ടത് !!


പാർവതിയെ വിളിച്ചു അക്കൊണ്ട് നോക്കിക്കുന്നതാണ് നല്ലത്. അവൾ ആണേൽ,  അവളുടെ പാസ്സ്‌വേർഡോ , സാലറിയോ പോലും ഓർത്തു വെക്കാൻ സാധ്യതയില്ല !! അവൾക്കു കാശിന്റെ ആവശ്യം ഇല്ലാത്തോണ്ട് അടിച്ചുമാറ്റുമെന്ന പേടിയും വേണ്ട !! എന്തായാലും പാർവതിയെ വിളിച്ചു , എങ്ങനെ എന്റെ ഓൺലൈൻ അക്കൊണ്ട് നോക്കണമെന്ന് , ഓരോ സ്റ്റെപ്പ് ബൈ സ്റ്റെപ്പും പറഞ്ഞു കൊടുത്ത്, അവസാനം "നീയൊന്നു ആ അവൈലബിൾ ബാലൻസ് പറഞ്ഞേ ?" എന്നും പറഞ്ഞു മതിലും ചാരി നിന്ന ഞാൻ , അവൾ പറഞ്ഞ ബാലൻസ് കേട്ട് , കണ്ണുംതള്ളി ആ ചെന്നൈ  നഗരത്തിൽ നിന്നു .    

" ഓക്കേ ...ബാലൻസ് , ഒന്നേക്കാൽ കോടി .. "

"എന്ത് !!! നീ എന്താ പറഞ്ഞത് പാറു !!"

"ബാലൻസ് 1.25 ക്രോർസ് .... അതേ, ഞാൻ ഇപ്പോൾ കുറച്ചു ബിസിയാണെ ... പിന്നെ വിളിക്കാവേ .... ", എന്നും പറഞ്ഞു പാറു ഫോണും വെച്ച് പോയി .

പിന്നീട് , എന്റെ ജീവിതത്തിലെ , ഏറ്റവും മനോഹരമായ പത്ത് പതിനഞ്ചു മിനുട്ടുകളായിരുന്നു അവിടെ !! ചുറ്റുമുള്ള ലോകം മുഴുവൻ ഒരു കണ്ണാടിക്കൂടിലായ പോലെ എനിക്ക് തോന്നി. അല്ല , അത് കണ്ണാടി കൂടല്ല, എന്റെ കണ്ണിൽ നിന്നും കണ്ണീരു നിറഞ്ഞു വരുന്നത് കൊണ്ട് ബാക്കിയെല്ലാം കണ്ണാടിക്കുള്ളിലായി തോന്നിയതാണ് !! എന്തായായാലും , ഇതുവരെ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച എല്ലാ കഷ്ടപ്പാടിനും , ഇപ്പോൾ ഒരു അവസാനമായി. ഒരു വീട് വാങ്ങണം , ഒരു കാറ് വാങ്ങണം. ഇനിയിപ്പോ ഞാനും ഒരു കോടീശ്വരനായ സ്ഥിതിക്ക് , ഐശ്വര്യമുള്ള പാർവതിയെ തന്നെ പറ്റിയാൽ കെട്ടണം , സത്യം പറയുന്ന സ്വഭാവം എങ്ങനേലും ഉപദേശിച്ചായാലും നന്നാക്കാൻ ശ്രമിക്കാലോ !!!

അല്ല ! ഇതിപ്പോ എങ്ങനെ സംഭവിച്ചു !!! ഇനിയിപ്പോ ലോട്ടറിയടിച്ചതാണോ ! അതിനു കാശില്ലാത്തോണ്ട് ഞാൻ ലോട്ടറി വാങ്ങാറില്ലല്ലോ !!! നൈജീരിയയിലെ ആ മെയിൽ ! അവരിനി കാശ് അക്കൊണ്ടിൽ ഇട്ടതാകുമോ ? !! പക്ഷെ , അതിനു ഞാൻ അവർക്കു അക്കൊണ്ട് നമ്പർ കൊടുത്തിട്ടില്ലല്ലോ !!! ഇനിയിപ്പോ , ബാങ്ക്കാര് അക്കൊണ്ട് മാറി , വേറെ ആരുടെയെങ്കിലും കാശ് എന്റെ അക്കൊണ്ടിൽ ഇട്ടതാകുമോ !!!! അങ്ങനെയാണേൽ , അമ്മച്ചിയാണേ ഞാൻ കാശ് തിരിച്ചു കൊടുക്കില്ല ! എത്രയും പെട്ടെന്ന് ബാങ്കിൽ ചെന്ന് കാശ് വിത്ത്ഡ്രോ ചെയ്യണം ! ഉടൻ തന്നെ ടാക്സി വിളിച്ചു അഞ്ചുമിനിറ്റ് മാത്രം അടുത്തുള്ള ഇന്ഡസ് ഇൻഡ് ബാങ്കിലേക്ക് തിരിച്ചു !! ശെടാ , ബാങ്ക് സമയം കഴിഞ്ഞതുകൊണ്ടു ഇനിയിപ്പോ ഇന്ന് കാശ് എടുക്കൽ നടക്കില്ല !! എന്തായാലും,  ഇവിടെ എത്തിയ സ്ഥിതിക്ക് ATM ഇൽ കയറി,  ഒരു മുപ്പതിനായിരം  രൂപ എടുത്തു അടുത്തുള്ള ഏതേലും 5 സ്റ്റാർ ഹോട്ടലിൽ ഇരുന്നു , ഒരു ചായ കുടിച്ചു കൊണ്ട് സമാധാനമായി , ഭാവിയെ പറ്റി ചിന്തിക്കാം. ATM ഇൽ കയറി  കാശും കാത്തു നിന്ന ഞാൻ , എന്റെ കയ്യിൽ കിട്ടിയ റെസിപ്ട് നോക്കി . ആ റെസിപ്പ്റ്റും ATM ഉം ചുറ്റുപാടും ഒക്കെ കണ്ണാടിക്കൂടിലായ തോന്നി !!!

രണ്ടുമിനിട്ടു നേരം കൊണ്ട് , സ്ഥലകാലബോധം തിരിച്ചു കിട്ടിയ എനിക്ക്  , സംഭവിച്ച കാര്യങ്ങളുടെ ഒരു ഏകദേശ രൂപം പിടികിട്ടി ... ഞാൻ പയ്യെ ഫോണെടുത്തു പാറുവിനെ വിളിച്ചു .

" എന്താടാ ... ഞാൻ ബിസിയാണെന്നു പറഞ്ഞതല്ലേ .. നീ പെട്ടെന്ന് പറ , എന്താകാര്യം ? "

അൽപ്പം വിറയാർന്ന ശബ്ദത്തിൽ ഞാൻ പറഞ്ഞു ...
" നന്ദിയുണ്ട് എന്റെ പാറു ... എനിക്ക് നിന്നോട് ഒരു പാട് ഒരു പാട് നന്ദിയുണ്ട്  ... " !

"ഇട്സ് ഓക്കെ ഡാ ... ഇതിനൊക്കെ എന്തിനാ നീ എന്നോട് നന്ദി പറയുന്നേ .. ടേക്ക് കെയർ ഡിയർ ... ബൈ ബൈ "

എന്തോ !! ആ ഒരു രൂപ ഇരുപത്തഞ്ചു പൈസാ ബാലൻസ് പ്രിന്റ് ചെയ്ത , ബാങ്ക് റെസിപ്റ് ചുരുട്ടി കൂട്ടി ദൂരെ കളഞ്ഞു , ചെന്നൈയിലെ ഏതോ ഒരു ബസ് സ്റ്റാൻഡിൽ നിന്നും , താമസിക്കാനുള്ള ഹോട്ടലിലേക്ക് ബസ്സു കയറാൻ കാത്തു നിൽക്കവേ , എനിക്ക് പാറുവിനോട് ഒട്ടും  ദേഷ്യമോ , ബാങ്കുകളിലൊക്കെ 'Cr' എന്നു ചുരുക്കി പറയുന്നത് ക്രെഡിറ്റ് ആണെന്ന് പറഞ്ഞു മനസ്സിലാക്കാനോ ഒന്നും   അപ്പോൾ തോന്നിയില്ല ...!


< The End >

സ്കൂട്ടര്‍


ഭാവിവരനെക്കുറിച്ച് എനിക്ക് ഭയങ്കരമായ  സങ്കല്‍പങ്ങളൊന്നുമുണ്ടായിരുന്നില്ല. കയ്യും കാലുമൊക്കെ യഥാസ്ഥാനത്തുണ്ടാവണം,  തമാശ പറയാനറിയില്ലെങ്കിലും കേട്ടാല്‍ ചിരിക്കണം,(ഇതു നിര്‍ബന്ധമാണ്) ചിട്ട കൊണ്ട് എന്നെ കൊല്ലാന്‍ വരരുത്. വണ്ടി ( വണ്ടി എന്നു പറഞാല്‍ ബൈക്ക്) ഓടിക്കാനറിയല്‍ അഭിലഷണീയം. ഭാവിവരന്‍ വണ്ടി ഓടിച്ചു കാണാനുള്ള ആഗ്രഹം കൊണ്ടൊന്നുമായിരുന്നില്ല എനിക്കതിന്‍റെ പിന്നിലിരുന്നു പോയി ഒന്നട്ടഹസിക്കാനാണ്.  വിവാഹത്തിനു മുമ്പുള്ള സംഭാഷണത്തിനിടക്ക് ഞാനത് സൂത്രത്തില്‍ ചോദിച്ചു മനസ്സിലാക്കി ഒന്നു ഞെട്ടി.

ഉത്തരം ഇങ്ങനെയായിരുന്നു.

വണ്ടി ഓടിക്കാനൊക്കെ അറിയാം സൈക്കിളാണെന്ന് മാത്രം.

സാരമില്ല സൈക്കിളെങ്കി സൈക്കിള്‍ ( ഞാന്‍ സൈക്കിളിന്‍റെ പിന്നില്‍ പോകുന്ന എന്നെ ഒന്നു സങ്കല്‍പിച്ചു, സൂപ്പര്‍)

                                   അങ്ങനെ കല്യാണം കഴിഞ്ഞു.എന്നും സിനിമ കണ്ടില്ലെങ്കില്‍ ഞങ്ങളെ ആരെങ്കിലും തൂക്കിക്കൊല്ലും എന്ന മട്ടില്‍ ഒരു ദിവസം വിടാതെ ഞങ്ങള്‍ തിയേറ്ററിലേക്കോടി.ഒരു രാത്രി പത്തു പത്തരയാവുമ്പൊ ഞങ്ങള്‍ South kalamassery  ബസ്സിറങ്ങും, കുറ്റാകൂരിരുട്ട്, ഓട്ടോറിക്ഷ പോയിട്ട് ഒരു കാളവണ്ടി പോലും സ്റ്റാന്ഡിലുണ്ടാവില്ല.എനിക്കാണെങ്കില്‍ ഒരടി നടക്കുന്നത് ഇഷ്റ്റമല്ല. എന്‍റെ room mate നൂലുപോലത്തെ ജിനു ഉണ്ടപ്പക്ക്രുവായ എന്നെ കല്യാണത്തിനു മുമ്പ് എത്ര ഭീഷണിപ്പെടുത്തിയിട്ടും ഞാനവളുടെ കൂടെ നടക്കാന്‍ പോയിട്ടില്ല. ആ ഞാനാണ്, എത്ര ആലോചന വന്നതാ  ഞാന്‍ പകയോടെ ഷാനുക്കയെ നോക്കും .നടക്കുന്നതില്‍പരം ആനന്ദം വേറെ ഒന്നുമില്ലാത്ത ഷാനുക്ക

ഹമ്പടി അങ്ങനെയെങ്കിലും നീ ഒന്നു നടക്ക് എന്ന മട്ടില്‍ എന്നെയും വലിച്ചുകൊണ്ട് ഒന്നരക്കിലോമീറ്റര്‍ നടന്ന് വീടെത്തും.

                  കല്യാണത്തോടനുബന്ധിച്ചുള്ള ചിലവുകളും സല്‍ക്കാരങ്ങളും നിമിത്തം ഞങ്ങളുടെ (ഞങ്ങളുടെ അല്ല എന്‍റെ) വണ്ടി എന്ന സ്വപ്നം നീണ്ടുപോയി. അതിലുപരി ഷാനുക്കക്ക് വണ്ടിയോട് ഒരു താല്പര്യം വരണ്ടെ, എന്നെ ഫോര്‍ വീലര്‍ പഠിപ്പിക്കുന്നതിനിടയില്‍ two wheeler പഠിപ്പിക്കാന്‍ സാര്‍ ശ്രമിച്ചതാണ്.രണ്ടു ദിവസമെ പഠിപ്പിച്ചുള്ളൂ. mitവണ്ടിയില്‍ ആയിരുന്നു പഠിപ്പിച്ചത്. സാറെന്നെ സ്പീഡ് കുറക്കാന്‍ ഹാന്ഡില്‍ തിരിചാല്‍ മതി എന്നു പറഞ്ഞുകൊണ്ട്  സ്റ്റാര്‍ട്ട് ചെയ്ത് വിടും. ഞാനൊരു പോക്കാണ്. ലുട്ടാപ്പി കുന്തതില്‍ പോകുന്നപോലെ, ഇതിനിടക്ക് നിര്‍ത്തണേ, നിര്‍ത്തണേ... എന്നലറിക്കരഞ്ഞുകൊണ്ട് പലകുറി ഹാന്ഡില്‍ തിരിക്കും, അതോടെ സ്പീഡ് വര്‍ധിച്ച് ഞാനും വണ്ടിയും കൂടെ അവിടെ കിടക്കും. സാറാണെങ്കില്‍ ആ നേരം ഗ്രൌണ്ടില്‍ കിടന്ന് ചിരിച്ച് ചിരിച്ച് കുന്തം മറിയുകയാവും. കിടന്ന കിടപ്പിലുള്ള എന്‍റെ മുഖഭാവം കണ്ടിട്ടാവണം ചിരി നിര്‍ത്തി സാറോടിവരും,

രണ്ടുദിവസം കൂടി ഓടിച്ചാല്‍ ശെരിയാവും

കി കി കീ   എന്ന് സാറിനു പിന്നെയും ചിരിപൊട്ടും.അതോടെ ഞാന്‍ കാറു മാത്രം പഠിച്ചാല്‍ മതി എന്നുറപ്പിച്ചു. നാട്ടുകാര്‍ക്കെന്തു പറ്റിയാലും അവനവനു ഒന്നും പറ്റില്ലല്ലോ.

                   വണ്ടി വാങ്ങാനുള്ള കപ്പാസിറ്റി ഒത്തു വരാത്തതിനാലും ഡ്രൈവിങ് അറിയാത്തതുകൊണ്ടും ഷാനുക്ക ഒരു സൈക്കിള്‍ വാങ്ങി. എനിക്കു കൂടി സൈക്കിള്‍ പഠിക്കണം എന്നു പറഞ്ഞിരുന്നതിനാല്‍ ( ഇനി സൈക്കിളിലൊരു കൈ നോക്കിക്കളയാം)ചെറിയ ലേഡീസ് സൈക്കിളാണ്‍ വാങ്ങിയത്.പൊക്കം കുറവായ ഞാന്‍ അതില്‍ കയറി ഇരുന്നു നോക്കി,

ഇതും വലിയ സൈക്കിളാണല്ലോ

എന്ന് ഗര്‍ജിച്ചു. ഇതിലും ചെറുത് ഇനി അമനു (4 yrs old) പറ്റുന്നതേ ഉള്ളൂ എന്ന് ഷാനുക്ക അമര്‍ഷത്തോടെ (ലേഡീസ് സൈക്കിള്‍ വാങ്ങിയ ദേഷ്യം) തിരിച്ച് ഗര്‍ജിച്ചു , അതോടെ ഞാനടങ്ങി.സൈക്കിള്‍ പഠനം  കാറിനേക്കാളും സ്കൂട്ടറിനേക്കാളും വന്‍പരാജയമായിരുന്നു.ഒരു ദിവസം എന്നെ പഠിപ്പിച്ച് കലി കൊണ്ട ഷാനുക്ക എന്നെയും സൈക്കിളിനെയും എടുത്ത് വലിച്ചെറിഞ്ഞതിനാലും ഭര്‍ത്താക്കന്മാര്‍ എന്ന കണ്‍ട്രീസിന്‍റെ കൂടെ ഒരിക്കലും ഒരു വാഹനവും പഠിക്കരുത്, അവര്‍ നമ്മളെ ആക്ഷേപിക്കും എന്നെ ഉപദേശം മീന മാഡത്തിന്‍റെ കയ്യില്‍ നിന്നു കിട്ടുകയും ചെയ്തതിനാലും ഞാന്‍ പഠനം നിര്‍ത്തി.ഷാനുക്ക ദിവസവും ഓഫീസിലേക്ക് സൈക്കിളില്‍ പോകും , ഇങ്ങനെ വേണം ആരോഗ്യം ഇപ്പൊഴെ സംരക്ഷിക്കണമെന്നു പെനിസിലുപോലത്തെ ഷാനുക്കയെ നോക്കി അപ്പുറത്തെ വീട്ടില്‍ മുറ്റത്ത് 2 ഇന്നോവയുള്ള scientist ഞങ്ങളെ പ്രശംസിക്കും.

അതെ അതെ എന്നു വിനയാന്വിതരായി scientist കണ്‍മുന്നില്‍നിന്ന് മാറുന്ന നിമിഷം ഞങ്ങള്‍ പൊട്ടിച്ചിരിക്കും.

                                  അതിനിടക്ക് ഒരത്ഭുതം സംഭവിച്ചു. രാജാവിനു ബാംഗ്ലൂരില്‍ വെച്ച് നീന്താന്‍ കഴിഞ്ഞപോലെ അളിയന്‍റെ സ്കൂട്ടര്‍ പഠിക്കാന്‍ വേണ്ടി സ്റ്റാര്‍ട്ട് ചെയ്ത ഷാനുക്ക ഒരു പോക്കു പോയി, നാഷണല്‍ ഹൈവെയിലേക്ക് അപ്രത്യക്ഷനായി, ബേജാറായ അളിയന്‍ ഒരു കുടപോലുമെടുക്കാതെ,  ഷാനുക്കയുടെ പിന്നാലെ കുതിച്ചോടിയെങ്കിലും നിരാശനായി വേവാലാതി പൂണ്ട് ഒരു 20 മിനിറ്റിനുള്ളില്‍ തിരിച്ചെത്തി. ഏകദേശം ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ എടീ എനിക്ക് വണ്ടി ഓടിക്കാനറിയാം എന്നലറിക്കൊണ്ട് ഷാനുക്കയും തിരിച്ചെത്തി.അതോടെ ഷാനുക്കക്ക് സ്കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹം മുളപൊട്ടി, ഉടന്‍ 22000 രൂപ കൊടുത്ത് ഒരു second hand Activa വാങ്ങി. അന്ന് ആ വണ്ടിയുടെ പിന്നില്‍ യാത്ര ചെയ്ത് ഞാന്‍ കൃതാര്‍ത്ഥയാവുകയും ഇത്രയും ലാഭത്തില്‍ നമുക്ക് ഒരു വണ്ടി കിട്ടിയല്ലോ,

എന്താണു ദാസാ ഈ ബുദ്ധി മുന്നെ തോന്നാതിരുന്നത് എന്നു പരസ്പരം പ്രശംസിക്കുകയും ചെയ്തു.

                      ഏകദേശം ഒരാഴ്ചക്കുള്ളില്‍ തന്നെ activa യുടെ പൊട്ടും പൊടിയുമൊക്കെ ഇളകാന്‍ തുടങ്ങി. ഒരു ദിവസം ടെറസിന്‍റെ മുകളില്‍ നിന്ന് ഡ്രെസ്സ് ഉണക്കാനിടുകയായിരുന്ന എന്‍റെ സഹോദരി എടീ അതാ ഷാനൂ എന്നു പറഞ്ഞ് എന്നെ അലറിവിളിച്ചു. എന്തത്യാപത്താണാവോ എന്നു വിചാരിച്ചു കൊണ്ട് ഞാന്‍ ടെറസ്സിലേക്കോടി. ഷാനുക്ക ഒരു വളവു തിരിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് വരുന്ന രംഗമാണ് ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

വലിഞ്ഞു മുറുകിയിരിക്കുന്ന മുഖം, വില്ലുപോലെയുള്ള പുരികം, കത്തുന്ന കണ്ണുകള്‍,

പറക്കുന്ന വണ്ടി, ഞങ്ങള്‍ പട പട ഇടിക്കുന്ന ഹ്രുദയത്തോടെ ആ കാഴ്ച നോക്കിനിന്നു. വണ്ടി മിന്നല്‍ പോലെ വളവു തിരിഞ്ഞ് വീടിന്‍റെ ഗേറ്റ് കടന്ന്(ഗേറ്റ് അടക്കാറില്ല) പോര്‍ച്ചിലെക്കു കുതിക്കുന്നു. പെട്ടെന്നൊരു ശബ്ദം. ഞങ്ങള്‍ ഡ്രെസ്സൊക്കെ അവിടെയിട്ട് താഴേക്കോടി. ഷാനുക്ക ഒരു സര്‍ക്കസ്സുകാരനെപ്പോലെ  അവിടെയുള്ള അമന്‍റെ കളിപ്പാട്ടങ്ങളും മറ്റു സാമഗ്രികളും തട്ടിത്തെറിപ്പിച്ച് പോര്‍ച്ചിന്‍റെ തൂണില്‍ കാല്‍ ചവിട്ടി വണ്ടി നിര്‍ത്തി വിജയശ്രീലാളിതനായി ഞങ്ങളെ നോക്കി.

ഇതെന്താണിത്ര സ്പീഡ്, ഞങ്ങള്‍ അത്ഭുതപ്പെട്ടു

സ്പീഡൊന്നുമല്ല, ബ്രേക്ക് പോയതാ,

ഞങ്ങള്‍ ഞെട്ടി,

ഇനി മുതല്‍ ഈ വണ്ടി ഉപയോഗിക്കണ്ട.

ഏയ്, അതൊന്നും കുഴപ്പമില്ല, ഇതിന്‍റെ ബ്രേക്ക് എപ്പൊഴും പോകുമല്ലൊ, ഞാന്‍ വര്‍ക് ഷോപ്പില്‍ കൊടുക്കുകയാ പതിവ്

ഞങ്ങള്‍ വീണ്ടുംഞെട്ടി, അപ്പോള്‍ റോഡില്‍ വെച്ച് ബ്രേക്ക് പൊയാല്‍... സാബിറ സംശയം പ്രകടിപ്പിച്ചു.

അതിനു പോസ്റ്റോ മതിലോ ഇല്ലാത്ത റോഡുണ്ടോ ഷാനുക്ക ഞങ്ങളെ പുച്ഛിച്ചു കൊണ്ട് അകത്തേക്ക് പോയി.

                ഒരു ബിസിനസ്സുകാരനാവുക എന്ന അഭിലാഷമുള്ള ഷാനുക്ക ജോലി രാജിവെച്ച് ബിസിനസ്സ് ചെയ്താലോ എന്നെന്നോട് ചോദിക്കും.

എന്തു ബിസിനസ്സ് ചെയ്യും

കോഴിവളര്‍ത്തലായാലോ

മടിയനായ ഷാനുക്ക കോഴിവളര്‍ത്തിയാലുണ്ടാകുന്ന ആപത്താലോചിച്ച് കിടുങ്ങിക്കൊണ്ട്  ഷാനുക്കയെ ആക്ഷേപിക്കാതെ ഞാന്‍ നയത്തില്‍ അതില്‍ നിന്നു പിന്തിരിപ്പിക്കും

കോഴിപ്പനി വന്നു എല്ലാം ചത്ത് പോയാലോ

എന്നാ മീന്‍ വളര്‍ത്തിയാലോ, അലങ്കാരമല്‍സ്യം

ഹും, സ്വന്തം വീട്ടില്‍ 2 fish tank ഉണ്ട്, വീട് വാങ്ങുന്ന സമയത്ത് നിറച്ച് വലിയ മീനുകളുണ്ടായിരുന്ന ടാങ്കുകളില്‍ ഇപ്പൊ തേങ്ങയാണ്‍ കൂട്ടി ഇട്ടിരിക്കുന്നത് എന്നു മനസ്സിലാലോചിച്ച നിമിഷം നയമൊക്കെ നഷ്ടപെട്ട് ഞാന്‍ " അതും ചത്തുപോകും എന്നു പ്രതിവചിച്ചു."

ഇതു കേട്ട നിമിഷം ഷാനുക്ക എന്‍റെ മനസ്സിലിരുപ്പ് മനസ്സിലാക്കി.

നീ ഒരിക്കലും എന്നെ ബിസിനസ്സ് ചെയ്യാന്‍ സമ്മതിക്കില്ല, നിന്‍റെ വാക്കാരു കേള്‍ക്കുന്നു എന്നക്രമാസക്തനായി.

അയ്യോ കയ്യില്‍നിന്നുപോയോ എന്നു പേടിച്ച് ഞാന്‍ അടുത്ത നയം പ്രയോഗിച്ചു.

നമുക്ക് റബ്ബര്‍ഷീറ്റ് ബിസിനസ്സ് നടത്താം ( കല്യാണം കഴിഞ്ഞ സമയത്ത് ഷാനുക്ക എന്നോട് പങ്കുവെച്ച ചില രഹസ്യങ്ങളില്‍പെട്ടതായിരുന്നു റബ്ബര്‍ഷീറ്റിനെപറ്റിയുള്ളതും. ഷാനുക്ക പഠിപ്പെല്ലാം കഴിഞ്ഞ് വീട്ടില്‍ തൂണുപോലെ നിക്കുന്ന കാലം. മക്കളെ ഒരു നിമിഷം വെറുതെ ഇരുത്തരുത്, അവരെ മാടിനെപ്പോലെ പണിയെടുപ്പിക്കണമെന്ന പോളിസിയുള്ള ഷാനുക്കയുടെ ഉപ്പ ഉടന്‍ തന്‍റെ  റബ്ബര്‍ തോട്ടത്തിലെ വെട്ടുകാരനെ പറഞ്ഞുവിട്ടു. ആ ദൌത്യം ഷാനുക്കയെ ഏല്പിച്ചു. റബ്ബര്‍ വെട്ടുക മാത്രമല്ല  അവിടത്തെ എല്ലാ മേക്കാടുപണിയും  ചെയ്യണം കൂടാതെ ഷീറ്റ് വിറ്റ് കൃത്യം പൈസ ഉപ്പ എന്ന പുരുഷസിംഹത്തെ ഏല്പിക്കുകയും വേണം. റബ്ബര്‍ വെട്ടുക, തീപ്പയര്‍ സംരക്ഷണം, പോച്ച പറിക്കല്‍ ഇത്യാദി എല്ലാം ചെയ്തു കഴിയുമ്പോഴേക്കും വൈകുന്നേരമാകും. പൈസയെല്ലാം ഉപ്പയെ ഏല്പിക്കുന്നതുകാരണം വട്ടച്ചിലവിനു പൈസയില്ലാതെ ഷാനുക്ക നട്ടം തിരിഞ്ഞു. അതു കൊണ്ട് സ്വന്തം പറമ്പിലെ ഷീറ്റ് (അത്യാവശ്യത്തിനുമാത്രം) കട്ടുവിറ്റ് ഷാനുക്ക വട്ടച്ചിലവിനുള്ള പൈസ കണ്ടെത്തി. അതുകൊണ്ട് തന്നെ റബ്ബര്‍കൃഷിയെക്കുറിച്ചും ഷീറ്റിനെക്കുറിച്ചും ഷാനുക്കക്ക് വള്ളിപുള്ളി വിടാതെ അറിയാം.അതു കൊണ്ടാണ്‍ ഞാനങ്ങനെ ഒരു പരാമര്‍ശം നടത്തിയത്.)

പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് എന്നു പറയുന്നതുപോലെ  റബ്ബര്‍ എന്നുകേട്ടാല്‍ ഷാനുക്കക്ക് തന്‍റെ ജീവിതത്തിലെ ആ ഇരുണ്ട കാലഘട്ടം ഓര്‍മ വരുന്നതിനാല്‍ തല്‍സമയം ബിസിനസ്സ് ചര്‍ച്ചകള്‍ അവസാനിപ്പിച്ച് മണ്ടസ്കൂട്ടറില്‍ അവിടെനിന്നും നിഷ്ക്രമിച്ചു.

                        എന്നുമെന്നും റിപ്പയറിങ് ചെയ്തുകൊണ്ട് activa ഞങ്ങളുടെ പൈസ തിന്നുമുടിച്ചു.അന്നൊക്കെ ഒമ്പതുമണിക്ക് ഓഫീസിലെത്തേണ്ട ഞാന്‍ 9.10 നു വീട്ടില്‍ നിന്നിറങ്ങും. 9.20 നു  register എടുക്കുന്നതിനു മുമ്പ് ഓഫീസിലെത്തണം. ഷാനുക്ക എന്നെയും ഒന്നരവയസ്സുള്ള ദവീനെയും വണ്ടിയിലിരുത്തി വണ്ടി പറപ്പിക്കും, ഞങ്ങളുള്ളപ്പൊ ഇങ്ങനെ ഓടിക്കല്ലെ, ഷാനുക്ക ഒറ്റക്കുള്ളപ്പോ ഇങനെ ഓടിച്ചോന്നു പറഞ്ഞു ഞാന്‍ പിന്നിലിരുന്നു കരയും.ഹമ്പടി ഇതു കേള്‍ക്കുന്ന ഷാനുക്ക ഒന്നുകൂടെ സ്പീഡ് കൂട്ടും.ആയിടക്ക് എന്‍റെ റിസര്‍ച്ചാവശ്യത്തിനായി ഞങ്ങള്‍ എറണാകുളം  സൌത്തിലേക്ക് താമസം മാറ്റി.പതിവുപോലെ ഞാനും ദവീനും ഷാനുക്കയുടെ കൂടെ വണ്ടിയില്‍ പോവുകയായിരുന്നു. തിയറിയില്‍ expert ആയ ഞാന്‍ ലൈസന്‍സില്ലാത്ത ഷാനുക്കയെ പിന്നിലിരുന്നു നിരന്തരം ഉപദേശിച്ചുകൊണ്ടിരിക്കും. indicator ഇടൂ, ഹോണടിക്കൂ എന്നൊക്കെ. ഇനി ഒരക്ഷരം മിണ്ടിപ്പോകരുത് എന്നു പറയുന്നതു വരെ ഞാനിതു തുടരും.ഇടക്ക് വച്ച് വണ്ടി ഓഫായി. ഭാര്യയും കുട്ടിയുമായി പോകവേ വണ്ടി നിന്നുപോയതില്‍ അഭിമാനക്ഷതമേറ്റ ഷാനുക്ക (ഒട്ടും അപമാനമില്ലാതെ ഞാന്‍ പിന്നിലിരിക്കുകയാണ്)വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ തീവ്രശ്രമം നടത്തുകയാണ്

എന്തൊക്കെയോ അകത്തുനിന്ന് പൊടിയുന്ന ശബ്ദം

അതെന്താ

അതങ്ങനെയൊക്കെയാ ഷാനുക്കക്ക് ദേഷ്യം. അവസാനം മാനം കിട്ടി വണ്ടി സ്റ്റാര്‍ട്ടായി. പിന്നെയും ഉള്ളില്‍ നിന്ന് എന്തൊക്കെയൊ ശബ്ദങ്ങള്‍

അതൊന്നും വകവെക്കാതെ ഞങ്ങള്‍ മുന്നോട്ട് പോയി.അപ്പൊ അതാ അടുത്ത പ്രതിസന്ധി, റോഡ് പൊളിച്ച് മെറ്റല്‍ മാത്രം ഇട്ടിരിക്കുന്നു. പണ്ടേ ദുര്‍ബല പിന്നെ ഗര്‍ഭിണിയും എന്ന മട്ടില്‍ ഞങ്ങളുടെ വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

അപ്പൊ വീണ്ടും വണ്ടിയുടെ ഉള്ളില്‍ നിന്നും ശബ്ദങ്ങള്‍.വണ്ടി ആകപ്പാടെ കുലുങ്ങാന്‍ തുടങ്ങി.വളരെപ്പതുക്കെ പോവുന്നവണ്ടി സ്ളോമോഷനില്‍ വീഴാന്‍ പോവുകയാണ്.

ഷാനുക്ക കാലുകുത്ത്, കുത്ത് എന്നലറുന്നുണ്ട്, ഞാനൊന്നു കുത്തിയാല്‍ വണ്ടി മറിയുന്നത് ഒഴിവാക്കാം. പക്ഷെ ഇത്തരം ആപത്ഘട്ടങ്ങളില്‍ ഞാനൊരിക്കലും ഉചിതമായി പ്രവര്‍ത്തിച്ച ചരിത്രമില്ല (പാവം ദവീന്‍ നടക്കാന്‍ തുടങ്ങുന്നതിനു മുമ്പെ ദിവസവും വീഴും. ഞാന്‍ ആ ആ ആ എന്നലറിക്കൊണ്ട് അവന്‍ വീഴുന്നതും നോക്കി നില്ക്കുമെന്നല്ലാതെ ഇന്നുവരെ രക്ഷിച്ചിട്ടില്ല.ഒരിക്കല്‍ ഞാന്‍ അവനു കുറുക്കും കൊടുത്തുകൊണ്ട് സിറ്റൌട്ടില്‍ നില്‍ക്കുകയാണ്. എന്തൊ കുരുത്തക്കേടൊപ്പിച്ച അവനു സ്റ്റെപ്പിലൂടെ മുറ്റത്തേക്കു വീഴുന്നു. ഞാന്‍ പതിവുപോലെ ആ ആ ആ എന്നലറിക്കൊണ്ടു കയ്യിലുള്ള സ്പൂണ്‍ വിടാതെ അതിനെന്തെങ്കിലും സംഭവിച്ചാലോഎന്ന മട്ടില്‍ തുള്ളിക്കോണ്ട് നില്ക്കുന്നു. കുറെ അകലെ മുറ്റമടിച്ചോണ്ടിരിക്കുന്ന 64 കാരിയായ  ഉമ്മ എന്‍റെ അലര്‍ച്ച കേള്‍ക്കുകയും ചൂലു വലിച്ചെറിഞ്ഞ് പറന്നുവന്നു കുട്ടി രണ്ടാമത്തെ സ്റ്റെപ്പിലെത്തിയപ്പൊഴെക്കും താഴെയുള്ള കല്ലില്‍തട്ടാതെ പുഷ്പം പോലെ വാരിയെടുക്കുകയും ചെയ്തു). എന്തോ സംഭവിക്കാന്‍ പോകുന്നു എന്നു മനസ്സിലാകിയ ഞാന്‍ കാലുകുത്തുന്നതിനുപകരം, പെഡല്‍സ്റ്റാന്‍ഡില്‍ കാലു അമര്‍ത്തിപ്പിടിച്ചു.ഞാന്‍ ഒരിക്കലും കാലുകുത്തില്ലെന്നു മനസ്സിലാക്കിയ ഷാനുക്ക വണ്ടി വീഴാതിരിക്കാന്‍ കഠിനമായി പ്രയത്നിച്ച് മുട്ടുകാലില്‍ വണ്ടി താങ്ങി നിര്‍ത്തി.പതുക്കെ വളരെ പതുക്കെ ഞാനും ദവീനും റോഡിലേക്ക് നിരങ്ങി വീണു. ചുരിദാറില്‍ ഒരു ചെളി പോലും ആവാത്ത ഞാന്‍ ചിരിച്ചോണ്ട് ചാടിഎഴുന്നേറ്റ് അലറിക്കരയുന്ന ദവീനെ എടുത്തു.(അവന്‍ കെട്ടിയിരുന്ന pampers ഒന്നു മാറിപ്പോയതൊഴിച്ചാല്‍ ഒരു കുന്തവും പറ്റാത്ത അവന്‍ മെറ്റലില്‍ ഇരുന്നുകൊണ്ട് വെറുതെ അലറി നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു).ഇത് ചെറിയ അപകടമായിരുന്നെങ്കിലും അവന്‍റെ കരച്ചില്‍ കേട്ട് കടന്നുപോയ എല്ലാ വണ്ടികളും തിരിച്ചോടിവന്നു. എല്ലാ പാവം മനുഷ്യരും കൂടി ഞങ്ങളെആശ്വസിപ്പിക്കാന്‍ തുടങ്ങി, ആരൊക്കെയൊ മറിഞ്ഞ വണ്ടി നേരെയാക്കിവെച്ചു.ഒരു പാവം മനുഷ്യന്‍ എന്‍റെ ബാഗ് വാങ്ങിപ്പിടിച്ച് ഒന്നും പറ്റാത്ത എന്നോട്,  പേടിക്കരുത് സാരമില്ല എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു.ഞാനാണെങ്കില്‍ സന്ദര്‍ഭത്തിന്‍റെ ഗൌരവം മനസ്സിലാക്കി ദുഃഖിതയായി നിന്നു.

               ഇതിനിടക്ക് ആരോ ഷാനുക്കയോട് പാന്‍റ്റ് കീറിപ്പോയല്ലോ എന്ന് ചോദിക്കുന്നത് കേട്ടു. ഞാന്‍ നോക്കുമ്പോള്‍ മുട്ടിനു താഴെ പാന്‍റില്ല. ഒന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോഴതാ മുട്ടിന്‍മേല്‍ വലിയ ഒരു മെറ്റല്‍ കഷ്ണത്തിന്‍റെ ആക്രുതിയില്‍ എല്ലാം അടര്‍ന്നുപോയി വെള്ളക്കളറിലിരിക്കുന്നു.സ്കൂട്ടറിന്‍റെ വെയിറ്റും കൂടാതെ ഞങ്ങളുടെ 50+10 കിലോയും ഒരു മുട്ടുകാലില്‍ താങ്ങിയപ്പോള്‍ പറ്റിയതായിരുന്നു അത്. ഉടന്‍ ആളുകള്‍ ഒരു ഓട്ടോറിക്ഷ പിടിച്ച് ഞങ്ങളെ ആശുപത്രിയിലേക്ക് വിട്ടു. ligament നു ചെറിയ പരിക്കും എട്ടു സ്റ്റിച്ചും ഒക്കെയായി ഞങ്ങള്‍ അന്നു രാത്രി വീട്ടിലേക്കു മടങ്ങി. എന്തായാലും അന്നു കാലുകുത്താത്തതിന്‍റെ ശിക്ഷ എനിക്കു ഒരു ബക്കറ്റിന്‍റെ രൂപത്തില്‍ കിട്ടി.ആ ബക്കറ്റും പിടിച്ച് ഒരു പത്തു ദിവസം ഞാന്‍ ബെഡ്റൂമിനും ടോയ്‌ലറ്റിനും ഇടക്കു നടക്കേണ്ടി വന്നു. ഏകദേശം ഒരു മാസത്തെ റെസ്റ്റിനു ശേഷം (ligament നു പരിക്കു പറ്റിയതിനാല്‍)ഷാനുക്ക വീണ്ടും activa യുമായി റോഡിലിറങ്ങി.  വീണ്ടും ബ്രേക്ക് പോയി,  തല്‍സമയം റോഡില്‍ പോസ്റ്റുകളും മതിലും ഇല്ലാതിരുന്നതിനാല്‍ ബേജാറായ ഷാനുക്ക കുറെ ദൂരം ഒരു വാണം കണക്കെ മുന്നോട്ട് പോയശേഷം വണ്ടി ഒരു മെറ്റല്‍ കൂനയിലേക്ക് ഓടിച്ചുകേറ്റി മറിച്ചിട്ടു. അന്നു രാത്രി തന്നെ മഹാനായ ആക്ടീവയെ  വന്‍തുകക്കു (എന്നു ഷാനുക്ക പറയുന്നു) കൂട്ടുകാരനു കൈമാറി.

(ചിത്രത്തിനു ഗൂഗിളിനോട് കടപ്പാട്)

എല്ലാമറിയുന്നവൻ വിക്രമാദിത്യൻ (നര്‍മ്മം)


അങ്ങനെ ചന്തുവിന്റെ യാത്രാവിവരണപ്രകാരം...

എന്നുവച്ചാൽ  എറണാകുളത്തെ കോളേജിൽ നിന്നും തിരുവനന്തപുരത്തെ വീട്ടിലേയ്ക്കുള്ള യാത്രയാണ്. റെയിൽവേ സ്റേഷൻ വരെ ആലുവാക്കാരൻ കൂട്ടുകാരനും അകമ്പടി സേവിച്ചു. രണ്ടുപേരും ആത്മാവും പറങ്കിമാവുമാണ്.

ട്രെയിൻ  വരാൻ ഇനിയും രണ്ടു മണിക്കൂർ സമയം ഉണ്ട്.
രണ്ടു  മണി സമയം. ഒന്നും കഴിക്കാൻ സമയം കിട്ടിയില്ല. വിശന്നാണേൽ  അണ്ടം കീറുന്നു.
ഫുഡ്ബങ്കിൽ നല്ല ചിക്കൻറോൾ കിട്ടും. ഒരെണ്ണം തട്ടിയാലോ ?

അപ്പോൾ  കൂട്ടുകാരൻ ഉവാച.
"വാടാ എന്റെ വീട്ടിൽപ്പോയി വല്ലതും കഴിച്ചിട്ടുവരാം. നീ തിരിച്ചുവരുമ്പോഴേയ്ക്കുമേ ട്രെയിനിന്റെ സമയം ആകത്തൊള്ളൂ."

ആഹാരം കഴിക്കാൻ ആരെങ്കിലും വിളിച്ചാൽ ആദ്യം വേണ്ടാ എന്നേ  പറയാവൂ എന്ന് വീട്ടുകാർ പ്രത്യേകം പറഞ്ഞിട്ടുണ്ട്. എന്നുവച്ചാൽ ആക്രാന്തം കാണിക്കരുതെന്ന്.
കുട്ടിയായിരുന്ന കാലത്ത് ഇതെല്ലാം സമ്മതിച്ച് ഒരിക്കൽ ഒരു വീട്ടിൽ പോയി.  കുറേനേരം ഇരുന്നിട്ടും അവർ ഒന്നും തരുന്ന ലക്ഷണമില്ല. വല്ലതും തന്നാലല്ലേ വേണ്ടാന്നു പറയാൻ പറ്റൂ. കുറച്ചുനേരം  ഇരുന്ന് ക്ഷമ കേട്ടപ്പോൾ  കൈ കൊണ്ട് പാത്രത്തിൽ നിന്നും വാരിക്കഴിക്കുന്നതായി മൂന്നാലുവട്ടം അമ്മയെ അഭിനയിച്ചു കാണിച്ചുകൊടുത്തു. കാര്യം മനസ്സിലാക്കിയ വീട്ടുകാർ പലഹാരങ്ങൾ നിരത്തിയപ്പോൾ  സമാധാനത്തോടെ പറഞ്ഞു, വേണ്ട.

" വേണ്ടാടാ, ഇവിടുന്നെങ്ങാനം ഒരു ചിക്കൻറോളോ  മറ്റോ കഴിക്കാം."
"നീ വെറ്തെ പന്ന സാധനൊക്കെക്കഴിച്ച് വയറു ചീത്തയാക്കണ്ട. പോവാം. വീട്ടിൽ  ചിക്കൻ കറി കാണും. അമ്മയെന്നും ചിക്കൻ കറി  ഉണ്ടാക്കും. നല്ല സൊയമ്പൻ ചിക്കൻ കറി.. !!"
ചിക്കൻ കറി എന്ന് കേട്ടാൽ വീഴാത്ത ചന്തുവുണ്ടോ?

"ട്രെയിൻ  വരുമ്മുമ്പ് തിരിച്ചെത്താൻ പറ്റുമോ?"
"പിന്നല്ലാതെ.ദേ പോയി,ചിക്കൻ കറി കൂട്ടി ചോറുണ്ടു , ദാ വന്നു..!!"
വച്ചു പിടിച്ചു കൂട്ടുകാരന്റെ വീട്ടിലേയ്ക്ക്.
ചിക്കൻ കറി  കൂട്ടി ചോറുണ്ണാൻ.

വീട്ടുവാതിൽക്കൽ എത്തിയപ്പോഴേ കൂട്ടുകാരന്റെ അമ്മ വിസ്മയം പൂണ്ടു.
"ങ്ഹെ? നീ നേരത്തെയെത്തിയോ? കോളേജുകന്റീനിൽ നിന്നും വല്ലതും കഴിച്ചു കാണുമല്ലോ, അല്ലേ ?"

ഠിം..!!
, ഒന്നും വേണ്ടാ എന്ന് ഇപ്പോഴേ പറഞ്ഞാലോ? അല്ലെങ്കിൽ വേണ്ട, പിന്നെ ഒന്നും തന്നില്ലെങ്കിലോ?
"ചിക്കൻ കറിയുണ്ടോ അമ്മേ ഇത്തിരി ചോറെടുക്കാൻ?" കൂട്ടുകാരൻ അമ്മയോട് ആരാഞ്ഞു
"ചോറ്  ശകലം ഫ്രിഡ്ജിൽ കാണുമെടാ . ചിക്കൻ കറീം കുറച്ചു കാണും. തുറന്നു നോക്ക്."
ചിക്കൻ കറി, ചിക്കൻ കറി ..!! 

ആക്രാന്തരാമന്മാർ ഫ്രിഡ്ജ് തുറന്ന് ചിക്കൻ കറി പുറത്തെടുത്തു.
ആലുവാദേശം മുഴുവൻ ഒരു വളിച്ച നാറ്റം അലയടിച്ചു
എറണാകുളത്തുകാർ പതിവുപോലെ അത് തിരിച്ചറിഞ്ഞതുമില്ല.

സങ്കടരാമന്മാരെ കണ്ട കൂട്ടുകാരന്റെ അമ്മ പറഞ്ഞു.
"ചിക്കൻ  ഫ്രീസറിലുണ്ടെടാ ..ഇപ്പൊ ശരിയാക്കിത്തരാം. നമുക്ക് ചാപ്സ് ഉണ്ടാക്കാം."
ചിക്കൻ ചാപ്സ്, ചിക്കൻ ചാപ്സ്..!!

അമ്മ ഫ്രീസറിൽ നിന്നും ചിക്കൻ എടുത്ത് വെളിയിലിട്ടു.
പണ്ട് റ്റൈറ്റാനിക് ഇടിച്ചു തകർന്ന  മഞ്ഞുകട്ട ഫ്രീസറിൽ അതേപടി സൂക്ഷിച്ചു വച്ചിരിക്കുകയാണ്. അത്  ഉരുകി ചിക്കനാകുമ്പോഴേയ്ക്കും ഇന്നത്തെ  ട്രെയിനും പോകുംനാളത്തെ ട്രെയിനും പോകും.

"സാരമില്ലെടാ, എനിക്ക് പോകാൻ നേരമായി.." ചന്തു പരാജയം സമ്മതിച്ചു.
കൂട്ടുകാരന് സങ്കടമായി.
"നീയെന്റെ വീട്ടിൽ വന്നിട്ട് ഒന്നും തന്നില്ലനിനക്ക് ഞാൻ ഒരു നാരങ്ങാവെള്ളമെങ്കിലും ഉണ്ടാക്കിത്തരാം. "

കൂട്ടുകാരൻ ഓടിപ്പോയി ഗ്ലാസ്സിൽ  വെള്ളമെടുത്ത്, ഐസ് ക്യൂബുകൾ പെറുക്കി ഇട്ടു.
ചന്തുവിനെ നോക്കി പ്രായശ്ചിത്തമെന്ന വണ്ണം തലകുലുക്കിച്ചിരിച്ച് ഒരു ഐസ്ക്യൂബ് അവന്റെ ഗ്ലാസ്സിൽ കൂടുതലിട്ടു. പഞ്ചസാരയിട്ട് സ്പൂണ്കൊണ്ടിളക്കി. സ്പൂണിന്റെ അതേ താളത്തിൽ തലയുമാട്ടി.
പിന്നെ ഫ്രിഡ്ജിനകത്ത് തലയിട്ടു പരതി  ഉറക്കെ വിളിച്ചു.
"അമ്മേ  ഇതിലിരുന്ന നാരങ്ങായൊക്കെ എവിടെ?"
"നാരങ്ങാ   തീർന്നു പോയെടാ, വാങ്ങാൻ മറന്നു !!"
കൂട്ടുകാരൻ ഫ്രിഡ്ജ് അടച്ച് ഒരു വളിച്ച  ചിരിയോടെ മേശപ്പുറത്തെ പഞ്ചസാരലായനിയെ  നോക്കി.

"സാരമില്ലെടാ, നമുക്ക് പോകാം. എന്റെ ട്രെയിൻ  വരാൻ സമയമായി"
ഇനി അവനെങ്ങാനും പഞ്ചസാരലായനി കുടിക്കാൻ പറഞ്ഞാലോ എന്ന് വിചാരിച്ച് ചന്തു ചാടിയെഴുന്നേററ്  ബായ്ഗ് എടുത്ത് തോളിൽ തൂക്കി.

"എന്നാലും നിനക്കൊന്നും ഞാൻ തന്നില്ല..!!"
വൈക്ലബ്യൻ ഓടിപ്പോയി മേശപ്പുറത്തുനിന്നും ഒരു ടിന്നെടുത്തു തുറന്ന് രണ്ടു ബിസ്കറ്റ് എടുത്തു നീട്ടി.
"നീ  ഇതേലും തിന്ന്.!!"

ചിക്കൻകറി  കൂട്ടി ചോറുണ്ണാൻ ബസ്സും പിടിച്ചു വന്ന ചന്തുവിന്റെ രണ്ടു  കണ്ണുകളിലും നിന്ന് സന്തോഷാശ്രുക്കൾ ധാരധാരയായി പൊഴിഞ്ഞു.
"എന്തെടാ, അത് എരിവുള്ള ബിസ്കറ്റ് അല്ലെല്ലോ !?" കൂട്ടുകാരന് സംശയമായി."എന്തായാലും രണ്ടെണ്ണമേ ആകെയുണ്ടായിരുന്നുള്ളൂ. നെന്റെയൊരു ബാഗ്യമേ..!"

രണ്ട് ബിസ്കറ്റും ഉദരാഗ്നിയിൽ നിക്ഷേപിച്ച്  ബായ്ഗുമായി  ചന്തു വെളിയിൽ  ചാടി.
വീടിന്റെ ഗേറ്റ് തുറന്നു വെളിയിൽ കടക്കുമ്പോൾ കൂട്ടുകാരന്റെ പട്ടി വിക്രമാദിത്യൻ എന്ന വിക്രു ക്രൌര്യത്തോടെ കുരച്ചു മറിഞ്ഞു.
ചന്തു ഒട്ടൊരു സംശയത്തോടെ കൂട്ടുകാരനോട് ആരാഞ്ഞു.
"ഡാ, ബിസ്കറ്റ് അവന്റെയായിരുന്നോ?"

ഒരു  വിധത്തിൽ ബസ് പിടിച്ച് തിരിച്ച് റെയിൽവേസ്റേഷനിലെത്തി.
ട്രെയിൻ  വരാൻ ഇനിയും പത്തു മിനിട്ടുണ്ട്. വയറുകത്തി ഓടി ഫുഡ് ബങ്കിലെത്തി.
"ചേട്ടാ ഒരു ചിക്കൻ റോൾ"
"അയ്യോന്റെ കുട്ടാ, ചിക്കൻ റോൾ തീർന്നുപോയല്ലോ. ഒരു മണിക്കൂർ  മുമ്പ് വരെയുണ്ടായിരുന്നു."

അഞ്ചുമണിക്കൂറുകൾ വല്ലവിധേനയും താണ്ടി  സ്വന്തം വീട്ടിലെത്തിയപ്പോൾ ഗേറ്റിൽ നിന്നേ പിച്ചക്കാരനെപ്പോലെ നിലവിളിച്ചു .
"അമ്മേ തായേ, വല്ലതും തരണേ,  അമ്മോ, ഹമ്മോ, ഹമ്മഹമ്മ ഹമ്മോ..!!"

അമ്മ ചോറും കറികളും കൂടെ അവന്റെ ഇഷ്ടഭോജനം ചിക്കൻ ഫ്രൈയ്യും മേശപ്പുറത്ത് വിളമ്പി വച്ചു
", വേണ്ടായിരുന്നു..!"
"പോടാ, വന്നുകഴിക്ക്.."

ചന്തു ഓടിപ്പോയി ഫോ  കയ്യിലെടുത്തു.
"വിശക്കുന്നു എന്ന് പറഞ്ഞിട്ട് ഇപ്പൊ ഫോ  ചെയ്യാൻ പോന്നതെന്തിനാ?" അമ്മ വഴക്ക് പറഞ്ഞു.
"കാര്യമുണ്ട്..!!"

ഫോണ്‍  ഡയൽ ചെയ്ത് ഇടതുകയ്യിൽ മാറ്റിപ്പിടിച്ച്  വലതുകൈ കൊണ്ട് ഒരു ചിക്കൻകാലെടുത്ത്  വായിൽ വച്ച് കടിച്ചു മുറിച്ചു എല്ല് പൊട്ടിച്ച്  ശബ്ദമുണ്ടാക്കി ചന്തു  ഫോണിലേയ്ക്ക്  അലറി.
"ഡാ തെണ്ടീ, ചിക്കൻ കടിച്ചു പറിക്കുന്ന ശബ്ദം കേക്കടാ..!!"

അവിടെ നിന്നും പശ്ചാത്തലത്തിൽ വിക്രമാദിത്യന്റെ കുര കേട്ടു .
_____________________________________________________________________
വര- Annus Ones

calling............ !! (നര്‍മ്മം) അന്നൂസ്


നാലഞ്ചു വര്‍ഷമായി മേസ്തിരി സോമന്റെ കൂടെയാണ് ചന്ദ്രന് ജോലി. മൈക്കാടുപണി. മിക്കവാറും ദിവസങ്ങളില്‍ പണികഴിയുമ്പോള്‍ ആറു മണിയെങ്കിലും ആകും. ഷാപ്പിലൊന്ന് കേറും. എട്ടെട്ടര വരെ ഇരിക്കും. ഒരു കുപ്പി അടിക്കും. ഒരു പ്ലേറ്റ് പന്നിക്കറിയും. അതാ പതിവ്. എല്ലാ ദിവസവും കൂട്ടത്തില്‍ പുഷ്പ്പാകരനുണ്ടാകും.

അന്ന് പണി ഇല്ലായിരുന്നു. എന്നിട്ടും ഷാപ്പില്‍ പോയി. രണ്ടു കുപ്പി കഴിച്ചു. പന്നിക്കറി വേണ്ടെന്നു വച്ചു. പതിവിനു വിപരീതമായിരുന്നു എല്ലാം. അന്നത്തെ കൂട്ടുകക്ഷി പത്രോസ്സു ചേട്ടനായിരുന്നു. പുഷ്പ്പാകരന്റെ മരണത്തെപ്പറ്റിയായിരുന്നു ഇരുവരും പറഞ്ഞതൊക്കെയും.

‘നിങ്ങളെ രണ്ടു പേരെയും ഒരുമിച്ചേ ഞാന്‍ കണ്ടിട്ടുള്ളു... നിങ്ങള് വല്ല്യ അടുപ്പത്തിലയിരുന്നല്ലേ ടാ ചന്ദ്രാ..’

‘അതെ പത്രോസ്സേട്ടാ...അഞ്ചു വര്‍ഷമായി ഒരുമിച്ചല്ലേ പണി...മരിച്ചിട്ടിപ്പം നാല് ദിവസം....കഴിഞ്ഞാഴ്ച ഇതേ ദിവസ്സം ദേ  ഇതേ പോലെ ഒരുമിച്ചിരുന്നു കുടിച്ചതല്ലേ...ഓര്‍ക്കുംബം.....’ കള്ളും ഗദ്ഗദവും ഇഴപിരിഞ്ഞു.

‘മനുഷ്യന്റെ കാര്യം അത്രേള്ളൂടാ....ഒരു അറ്റാക്ക്.....എന്നാലും ഇച്ചിരി കടന്നു പോയി....നാല്പ്പത്തിയെട്ടെന്നു പറഞ്ഞാ അതത്ര വല്ല്യ ഒരു പ്രായമാണോടാ’ പത്രോസ്സു ചേട്ടന്‍ ഒരു ഗ്ലാസ് മോന്തി, മീന്കറിയില്‍ വിരലുമുക്കി നക്കികൊണ്ട് ഫിലോസഫി അടിച്ചു.

‘മരിക്കുന്നതിന്റെ തലേദിവസം ഒരിക്കലും പതിവില്ലാതെ ഞങ്ങള് തമ്മില്‍ ഒന്നുംരണ്ടും പറഞ്ഞു വഴക്കുണ്ടായി......ഞാന്‍ കുറെ ചീത്ത അവനെ വിളിച്ചു. അതോര്‍ത്തിട്ടാ എനിക്ക് സങ്കടം.....’ ചന്ദ്രന്‍ വിതുമ്പി...

അന്ന്‍ ഷാപ്പീന്ന് പിരിയുമ്പോള്‍ രാത്രി പത്തുമണി.

‘ആടുന്നുണ്ടല്ലോടാ... കൊണ്ടെ വിടണോ..? ‘ പത്രോസ്ചേട്ടന്‍ സ്നേഹം ചൊരിഞ്ഞു.

‘ഒന്ന് പോ പത്രോസ്സു ചേട്ടാ...’ അയാള്‍ ആട്ടം ശരിപ്പെടുത്തി. ഇരുവരും ഇരുദിശയില്‍ കുഴഞ്ഞു നടന്നു.

ഗള്ഗ്ലു..ഗ്ല...ഗ്ലൂഉ........

അങ്ങോട്ടുമിങ്ങോട്ടുമോന്നും നോക്കണ്ട.... ശബ്ദം വയറ്റീന്നാ. മീന്‍കറി പണ്ടേ പഥ്യമല്ല. പന്നിക്കറി വാങ്ങിയാല്‍ മതിയാരുന്നു. പത്രോസ്സുചെട്ടന്റെ നിര്‍ബന്ധത്തിനു വഴങ്ങണ്ടായിരുന്നു.

വീട്ടിലേക്ക് ഇനിയും ദൂരമുണ്ട്. കയറ്റം തുടങ്ങിയതെ ഉള്ളു. വയറ്റില്‍ ക്ഷോഭം രൂക്ഷമായി. താങ്ങാന്‍ കഴിയുന്നില്ല. ചുറ്റും നല്ല ഇരുട്ടാണ്‌. പൊന്തക്കാട്‌ തന്നെ ശരണം.

കുറ്റിക്കാട്ടിലെ പടര്‍പ്പുകള്‍ വകഞ്ഞു മാറ്റി ചെറിയൊരു പാറക്കല്ലില്‍ അഭയം കണ്ടെത്തി.

‘.......ഹാവൂ.....’ ആമാശയഭാരം ഇറക്കി വച്ച് അയാള്‍ നിര്‍വൃതി പൂണ്ടു. നെറ്റിക്ക് കൈകളൂന്നി കണ്ണുകളടച്ച് ധ്യാനത്തിലിരിക്കുംപോഴാണ് എളിയില്‍ തിരുകിയിരുന്ന മൊബൈല്‍ അടിച്ചു തുടങ്ങിയത്....

“ലല്ലലം ചൊല്ലുന്ന കുഞ്ഞിക്കിളികളെ......

വേടന്കുരുക്കും കടങ്കഥയിക്കഥ.....അക്കഥ.....”

അത്രേം എത്തിയപ്പോള്‍ മൊബൈല്‍ തപ്പിയെടുത്ത് ഉറയ്ക്കാത്ത കണ്ണുകള്‍ മൊബൈല്‍ സ്ക്രീനില്‍ ഉറപ്പിച്ചു നിര്‍ത്തി.  മൊബൈലില്‍ ദൃഷ്ടി ഉറച്ചപ്പോള്‍ ചന്ദ്രന്‍റെ കണ്ണ് തള്ളി.
‘pushpakaran calling..... ...... ....... ......’

ങേ...!!! ഞെട്ടി. അണ്ടകടാഹം മുഴുവന്‍ ഞെട്ടി...! ഒരു നിമിഷം കൊണ്ട് ചിന്തകള്‍ കാട് കയറി തല്യ്ക്കകം മരവിച്ചു.....അവന്‍ സ്വര്‍ഗത്തീന്നാണോ..?’

ഭയം കൊടുംകാറ്റു പോലെ ആര്ത്തലച്ചു വന്ന്‍ പൊന്തക്കാടിന് ചുറ്റും ചുറ്റിത്തിരിഞ്ഞു  ചുഴി തീര്‍ത്തു. പിന്നെ താമസ്സിച്ചില്ല. സര്‍വ്വവും വാരിപ്പിടിച്ചു ഓടി. “ലല്ലലം..” ഒരു തവണ ചൊല്ലിത്തീര്‍ന്നു മൊബൈല്‍ നിശബ്ദമായി. ഓട്ടത്തിനിടയില്‍ അത് വല്ല്യൊരു ആശ്വാസമായിരുന്നു.

‘എടിയേ...........അമ്മിണിയെ.........എന്നെ പുഷ്പ്പാകാരന്‍ വിളിച്ചെടിയേ....’

അലറികൊണ്ടാണ് അയാള്‍ വീട്ടിനുള്ളിലേക്ക് പാഞ്ഞു കയറിയത്.

‘എന്താ മനുഷ്യേനെ.....നിങ്ങക്കെന്താ പറ്റീത്....’ ഭാര്യാസഹജമായ ആക്രാന്തത്തോടെ അമ്മിണി ഓടിയെത്തി ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചു നിര്‍ത്തി.

‘എടീ....’ അയാള്‍ നിന്ന് കിതച്ചു. ‘ എടീ നീ നോക്ക്... എന്നെ മരിച്ചു പോയ പുഷ്പാകരന്‍ വിളിച്ചെടി...’ അയാള്‍ മൊബൈല്‍ അമ്മിണിക്ക് നീട്ടി ഒരു വിധം പറഞ്ഞൊപ്പിച്ചു.

അമ്മിണി സംശയത്തോടെ മൊബൈല്‍ വാങ്ങി തിരിച്ചും മറിച്ചും നോക്കുന്നതിനിടയില്‍ വീണ്ടും പുഷ്പ്പാകരന്റെ കോള്‍ വന്നു...! ഇത്തവണ ഇരുവരും ഒന്നിച്ചു ഞെട്ടി, ഒന്നിച്ചു നിലവിളിച്ചു...! അമ്മിണിയുടെ കൈയ്യില്‍ നിന്ന് മൊബൈല്‍ കട്ടിലിലേക്ക് തെറിച്ചുവീണ് അവിടെക്കിടന്നു ലല്ലലം പാടി.

സമനില വീണ്ടെടുത്ത് അമ്മിണി ഫോണ്‍ കൈയ്യിലെടുത്തു.

‘എടുക്കല്ലേടി...മരിക്കുന്നതിനു തലേ ദിവസം ഞാന്‍ അവനെ തെറി വിളിച്ചായിരുന്നു..... അവന്റെ പ്രേതം....അതിന്റെ പ്രതികാരം....’

‘ഒന്ന് മിണ്ടാതിരി മനുഷ്യേനെ...’ രണ്ടും കല്‍പ്പിച്ചു അമ്മിണി പച്ച ബട്ടണില്‍ ഞെക്കി.

‘ഹല്ലോ ....ആരാ....’ വിറച്ചു കൊണ്ട് അമ്മിണിയുടെ ചോദ്യം.

‘ങാ...ചേച്ചി ആരുന്നോ...? ചേച്ചീ ഞാന്‍ പുഷ്പ്പാകരന്ചെട്ടന്റെ ഭാര്യ സുശീലയാ..... ചന്ദ്രന്‍ ചേട്ടന്‍ അവിടുണ്ടോ...?’

‘ഉണ്ട്....എന്താ സുശീലേ...’

‘മറ്റന്നാള്‍ പുലകര്‍മ്മങ്ങള്‍ തുടങ്ങുകയാ....ഒന്ന് പറയാന്‍ വിളിച്ചതാ...’

‘ഞാന്‍ പറഞ്ഞേക്കാം സുശീലേ....’ അമ്മിണി കാള്‍ കട്ട് ചെയ്ത് അല്‍പ്പസമയം ഭര്‍ത്താവിനെ ദഹിപ്പിച്ചു നോക്കി നിന്നു.

‘ഒരു പരിധിയില്ലാതെ കള്ള് വലിച്ചു കേറ്റിയാല്‍ ഇതല്ല ഇതിലപ്പുറവും ഉണ്ടാകും....’

ചന്ദ്രന്‍ ചമ്മി ‘നാറി’ നിന്നു.

‘എന്താ മനുഷ്യേനെ ഒരു വല്ലാത്ത നാറ്റം...? അമ്മിണി ഭര്‍ത്താവിനെ അടിമുടി ഉഴിഞ്ഞു നോക്കി.

‘അത്...ഞാന്‍ വെളിക്കിറങ്ങികൊണ്ടിരുന്നപ്പോഴാ..........’

‘പോയി കുളിക്ക് മനുഷ്യേനെ.....’ ഭര്‍ത്താവിനെ പുശ്ചിച്ചു അമ്മിണി അടുക്കളയിലേക്കു തവിട്ടിത്തുള്ളി പോകുമ്പോള്‍, അയാള്‍ ഇളിഭ്യനായി നിലംതൊടാതെ കുളിമുറിയിലേക്ക് നടന്നു.........
(നടന്ന സംഭവം അതേപടി....)

Search This Blog