വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

ഇടപാടുകാരൻ (മിനിക്കഥ)

ടിവാരത്തിൽ വന്ന അവസാനത്തെ ബസ്സിൽ അയാളുമുണ്ടായിരുന്നു. വഴിയിൽ ചില പ്രതിഷേധജാഥകൾ കാരണം പതിവിലും വൈകിയാണ്‌ ബസ് ഓടിയെത്തിയത്. അയാൾ നീണ്ടയാത്ര ചെയ്ത ഒരാളെ പോലെ ക്ഷീണിതനായിരുന്നു. തണുപ്പിറങ്ങിയതു കൊണ്ട് തലയിലൂടെ താടിക്ക് തോർത്ത് കൊണ്ട് ചുറ്റിക്കെട്ടിയിരുന്നു. തോളിൽ കിടന്ന ബാഗ് മുറുക്കെപ്പിടിച്ചു കൊണ്ട്, തുറന്നിരുന്ന ഒരു പീടികയുടെ നേർക്ക് നടക്കുമ്പോൾ, ഭ്രാന്തനെന്ന് തോന്നിക്കുന്ന ഒരാൾ പീടികയുടെ മുന്നിൽ നിന്നും എഴുന്നേറ്റു അയാളേയും കടന്ന് പോയി. എന്തൊക്കെയോ പുലമ്പി കൊണ്ട്, അന്തരീക്ഷത്തിൽ മുഷ്ടി ചുരുട്ടി ഇടിക്കുന്നുണ്ടായിരുന്നു അയാൾ. ഏതോ അദൃശ്യനായ ശത്രുവിനെ ആക്രമിക്കും പോലെ.

‘സാറ്‌ ചോദിക്കുന്ന സ്ഥലമൊന്നും എനിക്കറിയില്ല..ഞാനിവിടെ പുതുതായി ജോലിക്ക് വന്നതാ..ദാ..ആ കാണുന്ന ഓട്ടോ മണിയേട്ടന്റെയാ..പുള്ളി ഇവിടെ വർഷങ്ങളായിട്ട് ഓടുന്നതാ..അവിടെയൊന്ന് ചോദിച്ചു നോക്ക്..’
പീടികക്കാരന്റെ മറുപടി കേട്ട്, താടി ചൊറിഞ്ഞു കൊണ്ടയാൾ ഓട്ടോറിക്ഷയുടെ അടുത്തേക്ക് നടന്നു.

അയാൾ ഓട്ടോറിക്ഷാ ഡ്രൈവറോട് മുൻപ് ചോദിച്ച് ചോദ്യങ്ങൾ ആവർത്തിച്ചു. അല്പനേരത്തെ ആലോചനയ്ക്ക് ശേഷം ഡ്രൈവർ പറഞ്ഞു,
‘ആ സ്ത്രീ..നിങ്ങള്‌ പറയണ സ്ഥലത്തല്ല..കൊറേ ദൂരെയാണിപ്പോ..സ്ഥലം എനിക്കറിയാം..തിരിച്ച് ട്രിപ്പ് കിട്ടത്തില്ല..റിട്ടേൺ കൂടി വേണ്ടി വരും..‘ അതുപറഞ്ഞ് ആഗതനെ അടിമുടിയൊന്നു സൂക്ഷിച്ചു നോക്കി.
’കുറെ ദൂരേന്നാ..അല്ലെ..പഴേ ആളായിരിക്കും..?‘
അയാൾ അതിനു മറുപടിയൊന്നും പറഞ്ഞില്ല.

കുറച്ച് ദൂരം സഞ്ചരിച്ചപ്പോൾ മണി പറഞ്ഞു,
’അവര്‌..മറ്റെ ബിസിനസ്സാ..ചില സ്ഥിരം ആൾക്കാരുണ്ട് അവർക്ക്..നിങ്ങൾക്ക് വേണേൽ വേറെ ചിലരെ കാണിച്ചു തരാം..പക്ഷെ..കൊറച്ചൂടെ ദൂരെ പോണം..കൊറച്ച് നേരത്തെ വന്നാരുന്നെങ്കിൽ..‘
വന്നയാൾ ഒന്നും ശബ്ദിച്ചതേയില്ല. അയാൾ ചുറ്റിലും ഒരോ വഴിയും നോക്കിക്കൊണ്ടിരുന്നു.
കുറേ നേരം കഴിഞ്ഞ് ചോദിച്ചു,
’ആ സ്ത്രീയുടെ..ഭർത്താവ്..?‘
’ഓ അയാളോ..അയാൾക്കിപ്പൊ പ്രാന്താ..ഹോട്ടലീന്ന് എച്ചിലും മറ്റും കഴിച്ച് അയാളാ സ്റ്റാൻഡിന്റെ അടുത്തെങ്ങാണ്ട് ചുറ്റിക്കറങ്ങുന്നുണ്ട്..ആ സ്ത്രീ ചിലപ്പോ അയാൾക്ക് ചോറ്‌ വാങ്ങിക്കൊടുക്കും..‘

പിന്നീടയാളൊന്നും സംസാരിച്ചതേയില്ല.
അല്പദൂരം കൂടി കഴിഞ്ഞപ്പോൾ ഓട്ടോ പ്രധാന വഴിവിട്ട് ടാറിടാത്ത റോഡിലേക്ക് കയറി..
’സാറെ ഇവിടുന്ന് വഴി മോശമാ..‘
ഓട്ടോറിക്ഷ ഇടംവലം കുലുങ്ങാൻ തുടങ്ങി.
കുറച്ച് ദൂരം കൂടി പോയിട്ട് മങ്ങിക്കത്തുന്ന ഒരു സ്റ്റ്രീറ്റ്ലൈറ്റ്ന്റെ അടുത്തായി അയാൾ ഓട്ടോറിക്ഷ നിർത്തി.
’ദാ..ആ കാണുന്ന ഓടിട്ട കെട്ടിടം..അതു തന്നെ..സാറിനു ഭാഗ്യൊണ്ട്..പുറത്ത് ലൈറ്റ് കിടപ്പുണ്ട്..വേറെ ആരേലും വേണെ..എന്നെ സ്റ്റാൻഡിൽ വന്നു കണ്ടാ മതി..‘ ഒരു വഷളൻ ചിരിയോടെ പറഞ്ഞു.

ഓട്ടോറിക്ഷ പോയശേഷം അയാൾ വീട്ടിലേക്ക് നടന്നു. ഇരുട്ടിലെവിടെയൊക്കെയൊ ഇരുന്നു തവളകൾ കരഞ്ഞു. ചീവീടുകളുടെ നിർത്താത്ത ശബ്ദം. ചില മിന്നാമിനുങ്ങുകൾ അവിടവിടെ മിന്നിത്തിളങ്ങി.

അയാൾ വാതിലിനു മുന്നിൽ കുറച്ച് നേരം മുഖം കുനിച്ചു നിന്നു. പിന്നീട് പതിയെ ഒന്നുരണ്ടു വട്ടം മുട്ടി. അല്പനേരം കഴിഞ്ഞ് ഒരു കാൽപ്പെരുമാറ്റം കേട്ടു. വാതിൽ തുറന്നത് പാതിയുറക്കത്തോടെ വന്ന ഒരു സ്ത്രീയായിരുന്നു. അവർ ബ്ലൗസ്സും കൈലിയുമാണുടുത്തിരുന്നത്. അല്പം വണ്ണിച്ച ശരീരം. പ്രായം കണ്ണുകൾക്ക് ചുറ്റും കറുപ്പ് വരച്ചു തുടങ്ങിയിട്ടുണ്ട്. സ്ത്രീ അഴിഞ്ഞ മുടി പിന്നിലേക്ക് ചുറ്റിക്കെട്ടിക്കൊണ്ട് വന്നയാളെ സൂക്ഷിച്ചു നോക്കി.
‘ആരാ..ആദ്യായിട്ടാ?..’
അയാൾ മുഖം കുനിച്ചു നിന്നതേയുള്ളൂ.
‘പേടിക്കേണ്ട കേറി പോര്‌..ഇവിടെ ആരും വരമ്പോണില്ല..’
അയാൾ സാവധാനം അകത്തേക്ക് കയറി. പിന്നിൽ വാതിലിന്റെ കുറ്റി വീഴുന്ന ശബ്ദം കേട്ടു.
‘ഉറങ്ങാൻ പോവാരുന്നു..അകത്ത് വാ’
സ്ത്രീ അകത്തെ മുറിയിലേക്ക് നടന്നു പോയി.
‘പിന്നെ..കാശ് ആദ്യമേ തരണം..എല്ലാം കഴിഞ്ഞ് കണാകുണാ പറയരുത്’ അകത്തെ മുറിയിൽ നിന്ന് സ്ത്രീ പറഞ്ഞതയാൾ കേട്ടു.
അയാൾ മുറിയിൽ കണ്ണോടിച്ചു. ഒരു ചെറിയ പഴയ മേശ. ഒരു കസേര. ഒരു മൂലയിലായി അടുപ്പ്..കുറെ പാത്രങ്ങൾ..ചുവരിനോട് ചേർന്ന് ഒരു പായ ചുരുട്ടിവെച്ചിരിക്കുന്നു. അയയിൽ കുറെ തുണികൾ..
കുറച്ച് നേരം കഴിഞ്ഞിട്ടും അകത്തെ മുറിയിലേക്ക് അയാൾ കയറി വരാത്തത് കൊണ്ട് സ്ത്രീ മുറിക്ക് പുറത്തേക്ക് വന്നു.
‘പേടിക്കണ്ടാന്ന്..കൊച്ചനിങ്ങ് പോര്‌..’
അയാൾ മുഖം പൊത്തി നിന്നു കരയുന്നതാണ്‌ സ്ത്രീ കണ്ടത്.
കാര്യമെന്തെന്ന് മനസ്സിലാവാതെ സ്ത്രീ അയാളെ തന്നെ നോക്കി നിന്നു.
അയാൾ താടിക്ക് ചേർത്ത് കെട്ടിയിരുന്ന തോർത്തിന്റെ കെട്ടഴിച്ചു കൊണ്ട് അവരുടെ നേർക്ക് നോക്കാതെ പറഞ്ഞു,
‘അമ്മാ..ഇത് ഞാനാ..’
ഒരു നിമിഷത്തെ നടുക്കത്തിനു ശേഷം സ്ത്രീ നിലവിളിച്ചു കൊണ്ട് അകത്തെ മുറിയിലേക്കോടിക്കയറി വാതിൽ വലിച്ചടച്ചു.
അയാൾ വാതിലിനു മുന്നിലിരുന്നു യാചനാഭാവത്തിൽ തട്ടിക്കൊണ്ട് പറഞ്ഞു,
‘അമ്മാ..മാപ്പ്..ഞാൻ പോയത് കൊണ്ടല്ലെ..അമ്മെ കൊണ്ട് പോവാനാ ഞാൻ വന്നത്..അമ്മ ഒരു തെറ്റും ചെയ്തിട്ടില്ലല്ലൊ..’
അടഞ്ഞ വാതിലിനു അപ്പുറവുമിപ്പുറവുമായി രണ്ട് ജീവനുകൾ തേങ്ങിക്കൊണ്ടിരുന്നു. മുറിക്കുള്ളിൽ ആ സ്ത്രീ മുഖം പൊത്തി ഇരുന്നു. പുറത്ത് അയാൾ എന്തൊക്കെയോ പുലമ്പിക്കൊണ്ടും. വീടിനു പുറത്ത് ആകാശത്ത് കണ്ണുപൊത്തി ഇരുന്നു, പാതിമുഖമുള്ള ചന്ദ്രനും.

സാബു ഹരിഹരൻ

വേട്ട - കഥ

"ജീവിക്കാൻ അനുവദിക്കണം... ഞാൻ അങ്ങേക്ക് ഒരിക്കലും ഒരു പ്രശ്നമാവില്ല. അങ്ങയുടെ കൺവെട്ടത്ത് പോലും വരാതെ ഒഴിഞ്ഞുമാറി ജീവിച്ചുകൊള്ളാം. എന്നെ ഇത്ര ക്രൂരമായി വിടാതെ ഉപദ്രവിക്കരുത്... ദുർബലനായ ഞാൻ അങ്ങേക്ക് ഒരു ഭീഷണിയേ അല്ലല്ലോ..." കീഴാളൻ കരഞ്ഞു പറഞ്ഞിട്ടും അയാളുടെ മനസ്സലിഞ്ഞില്ല. പ്രാണഭയത്തോടെ ഇര കരഞ്ഞപ്പോൾ അയാൾ ഉള്ളിൽ ഊറിച്ചിരിച്ചു. ഓടിമാറുവാൻ ശ്രമിച്ച അടിമയെ അയാൾ തൊഴിച്ചു വീഴ്ത്തി, മുഖം പൂഴിയിൽ ചവിട്ടിയമർത്തി അട്ടഹസിച്ചു. ചവിട്ടേറ്റ് അടർന്ന പല്ലുകൾക്കിടയിൽ നിന്നും ചോരയുടെ ഉപ്പുരസം വായിലേക്കു കിനിയുന്നത് അടിമ അറിഞ്ഞു.

മറ്റാരോ ആ വഴി വരുന്നുണ്ടന്നറിഞ്ഞ അയാൾ ഇരയെ എഴുന്നേൽപ്പിച്ചു. രക്തം പറ്റിയിരുന്ന അവന്റെ മുഖം തുടച്ചു. അവരെ കടന്നുപോയവർ ഇരയുടെ വർഗ്ഗത്തിൽപ്പെട്ടവർ തന്നെയായിരുന്നു. പക്ഷേ സംഘടിതരായിരുന്ന അവർ ആ വേട്ടക്കാരന്റെ കീഴാളരും നിസ്സഹായരും ആയിരുന്നില്ല. അവരുടെ മുന്നിൽ അയാൾ ഇരയുടെ സംരക്ഷകനായി നടിച്ചു. കീഴാളനെ കൂടെ നിർത്തി, വീഴ്ചയിൽ നിന്നുമുയർത്തി മുഖത്തെ രക്തമൊപ്പി സംരക്ഷിക്കുന്ന വേട്ടക്കാരനെ വഴിപോക്കർ മഹാനെന്ന് വാഴ്ത്തി. നിസ്സാരനായ ആ ഇരയോട് കരുത്തനായ അയാൾ കാണിക്കുന്ന ദയയെ അവർ പുകഴ്ത്തി.

ഒച്ചയുണ്ടാക്കി തന്റെ നിസ്സഹായത അവരെ അറിയിച്ചു രക്ഷപ്പെടാൻ ഇര വെമ്പൽ കൊണ്ടു. എന്നാൽ മഞ്ഞു പോലെ മരവിച്ച ക്രൂരമായ ഒരു നോട്ടത്താൽ വേട്ടക്കാരനത് തടഞ്ഞു. തന്റെ വർഗ്ഗത്തിൽ ഉള്ളവരാരും അയാൾക്ക് സമനല്ല എന്നും ഒച്ച വെച്ചിട്ടും കാര്യമില്ലെന്നും മനസ്സിലാക്കിയ ഇര വീണ്ടും വേട്ടക്കാരന്റെ ദയക്കായി പ്രാർത്ഥിച്ചു.
ആളുകൾ അവരെ കടന്നു പോയപ്പോൾ അയാൾ വീണ്ടും ഇരയെ കാൽക്കീഴിലിട്ടു ചവിട്ടിയരച്ചു വേദനിപ്പിച്ചു രസിച്ചു...
എന്നിട്ട് മുരണ്ടു. "നിന്നെ ഞാൻ മരണത്തിനു പോലും അങ്ങനെ പെട്ടെന്ന് വിട്ടു കൊടുക്കില്ല. എന്റെ കാൽക്കീഴിൽ നീയിങ്ങനെ നരകിക്കുന്നത് കണ്ട് ഞാൻ ആനന്ദിക്കും... എന്നിട്ടവസാനം നിനക്കായി ഞാൻ ഒരു അന്ത്യം ഒരുക്കിയിട്ടുണ്ട് - ആ കൊമ്പൻ രാക്ഷസന്റെ ഗുഹയിൽ നിന്നെ ഞാൻ കാലുകൾ തല്ലിയൊടിച്ച് എറിഞ്ഞു കൊടുക്കും. അവൻ നിന്നെ കനലിലിട്ട് ചുട്ടു തിന്നും..."

പെട്ടെന്ന് വേട്ടക്കാരന്റെ തലയിൽ ഒരടിയേറ്റു. വരയാടിന്റെ പോലെ കൊമ്പുകളുള്ള ഒരു ഭീകര രാക്ഷസൻ അയാളെ ആക്രമിച്ചു. ഈ അവസരം മുതലെടുത്ത് ഇര രക്ഷപ്പെട്ടോടി. കുറച്ചു മുന്നോട്ടു ചെന്നപ്പോൾ തന്നെ വേട്ടയാടിയിരുന്ന ആ ക്രൂരന്റെ രക്തം മരവിപ്പിക്കുന്ന നിലവിളി കേട്ടു. അവന് വീണ്ടും മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. 'ക്രൂരനായിരുന്നുവെങ്കിലും അയാളും തന്നെപ്പോലെ ഒരു മനുഷ്യനാണല്ലോ, ആ രാക്ഷസൻ അയാളെ കൊല്ലുമല്ലോ...' എന്ന ചിന്തയിൽ തിരികെ നടന്നു.

വഴിയരികിലെ ചെടികൾക്കും മരങ്ങൾക്കും മറപറ്റി നടന്ന് അയാൾ വേട്ടക്കാരനും രാക്ഷസനുമരികിലെത്തി. രക്തത്തിൽ കുളിച്ച്, രണ്ടു കാലുകളും തകർക്കപ്പെട്ട്, അല്പപ്രാണനായി കിടന്ന വേട്ടക്കാരനെ അയാൾ കണ്ടു. രാക്ഷസന്റെ കണ്ണിൽപ്പെടാതെ അയാൾ  വേട്ടക്കാരന്റെയരികിലെത്തി. താങ്ങി ഉയർത്തി, തന്റെ തോളിലേറ്റി രാക്ഷസന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചു. തന്റെ ഇരയായിരുന്നവനെക്കണ്ട വേട്ടക്കാരന്റെ കണ്ണുകൾ വീണ്ടും ക്രൗര്യം പൂണ്ടു. തന്നെ രക്ഷിക്കാനായി ശ്രമിച്ച അടിമയെ അയാൾ മുറുകെപ്പിടിച്ചു. അധിക ദൂരം രാക്ഷസനെ വെട്ടിച്ച് കടക്കാൻ കാലുകൾ തകർന്ന തനിക്ക് ആവില്ല എന്നയാൾക്കറിയാമായിരുന്നു - എന്നാൽ ഇവൻ, ഈ അടിമ ഓടിരക്ഷപ്പെട്ടേക്കാം.

തന്നെ ചുട്ടുതിന്നാൻ കനലൊരുക്കുകയായിരുന്ന രാക്ഷസനെ അയാൾ ശബ്ദമുണ്ടാക്കി വിളിച്ചു. "എന്തായാലും നീ എന്നെ കൊന്നു തിന്നും, എങ്കിൽ ഇതാ എന്റെ അടിമ - ഇവനെയും കൂടി നീ തിന്നു കൊള്ളൂ..." അയാൾ അലറി.
രാക്ഷസന്റെ മുഖത്ത് ക്രൂരമായ ഒരു ചിരി വിടർന്നു. വേട്ടക്കാരന്റെ പിടിയിൽ നിന്നും കുതറിയോടാൻ ഇരക്ക് കഴിഞ്ഞില്ല.

വേട്ടക്കാരൻ അഗ്നി കുണ്ഠത്തിലേക്ക് എറിയപ്പെട്ടു. രാക്ഷസന്റെ ഒരു കയ്യാൽ താൻ അന്തരീക്ഷത്തിലേക്കുയർത്തപ്പെടുന്നത് അടിമയറിഞ്ഞു - അഗ്നി വിഴുങ്ങുമ്പോളും വേട്ടക്കാരന്റെ കണ്ണിലെ ക്രൗര്യം കുറഞ്ഞിരുന്നില്ലെന്നും...

മഹേഷ്‌ കൊട്ടാരത്തില്‍
maheshkottarathil@gmail.com
“വിനൂ, ഇരട്ടക്കുട്ടികളാണ്. ഇന്ന് രാവിലെയാ അറിഞ്ഞത്”. അമ്മയുടെ സന്തോഷം മുഴുവന്‍ വാക്കുകളില്‍ പ്രകടമായിരുന്നു. അവന്‍ ഫോണ്‍ കട്ട് ചെയ്തു. കണ്ണുകളടച്ചു, രണ്ടു തുള്ളികള്‍ അടര്‍ന്നു. മനസ്സ് നിറയുന്നു. അവളെയൊന്നു വിളിച്ചാലോ. വേണ്ട. ടെസ്ടൊക്കെ കഴിഞ്ഞു മടുത്തു തളര്‍ന്നു കാണും. വൈകിട്ടാവട്ടെ. അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിന്റെ ഫലമാണ്. അവള് വയ്യെങ്കിലും തുള്ളിച്ചാടിക്കാണും. ഇത്ര നാളും കരച്ചില് തന്നെയായിരുന്നല്ലോ. ഓരോ രാത്രിയില്‍ നിന്നും ഉണരുമ്പോള്‍ അവള്‍ പറയും , ‘ഞാന്‍ സ്വപ്നം കണ്ടു. എന്റെ പ്രസവം. വേദനയില്‍ പുളഞ്ഞ്... ഇടയ്ക്കു ഞാന്‍ ബോധം കെട്ടന്നു തോന്നണു വിനുവേട്ടാ’. അത് കേട്ട് വിനു അവളുടെ മുടിയിഴകളില്‍ ഒന്ന് തഴുകുക മാത്രം ചെയ്യും. ആ സ്വപ്നം പുലരാന്‍ പോകുകയാണ്. പ്രസവം അടുക്കുമ്പോഴേക്കും എങ്ങനെയെങ്കിലും നാട്ടിലെത്തണം. പോയി വന്നതേ ഉള്ളൂ, ഇനിയിവര്‍ എന്ന് ലീവ് തരുമെന്നറിയില്ല. ഒരുപാട് കാര്യങ്ങളുണ്ട്. എല്ലാം ഒന്ന് ഓര്‍ഗനൈസ് ചെയ്യണം. വിനു മനസ്സില്‍ കണക്കു കൂട്ടലുകള്‍ തുടങ്ങി. രാത്രിയായി വിനുവൊന്നു ഫ്രീ ആവാന്‍. ഉച്ചക്ക് ആലോചിച്ചിരുന്നു പണികളൊക്കെ വൈകി. ഫോണ്‍ എടുത്ത് അവളൊന്നും മിണ്ടാതെയിരുന്നപ്പോള്‍ അവന് അത്ഭുതം തോന്നിയില്ല. ഇത്ര നാളും സങ്കടം കൊണ്ടാണെങ്കില്‍ ഇന്ന് സന്തോഷം കൊണ്ടായിരിക്കും വാക്കുകളൊന്നും വരാത്തത്. കുറച്ചു നേരത്തെ നിഷ്ബ്ദതക്ക് ശേഷം അവള്‍ പറഞ്ഞു. ആണ്‍കുട്ടികളായാല്‍ മതിയായിരുന്നു വിനുവേട്ടാ! തലക്കടിയേറ്റ പോലെ ഒരു നിമിഷം നിന്ന് പോയി വിനു. പെണ്‍കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന പ്രിയ, അതിനെക്കാളേറെ ഇഷ്ടപ്പെടുന്ന അമ്മ. ആണോ പെണ്ണോ , പ്രിയയുടെ മുഖം തെളിയാന്‍ ഒന്നെങ്കിലും തരണേ എന്നാഗ്രഹിക്കുന്ന താന്‍. പിന്നെയെന്തിനിവല്‍ ഇങ്ങനെ പറഞ്ഞു എന്നാശങ്കപ്പെട്ട് ഒടുവില്‍ വിനു ചോദിച്ചു. “എന്താ പെണ്ണേ, ഇപ്പോള്‍ ഇങ്ങനെയൊക്കെ പറയാന്‍?” “എനിക്ക് പേടിയാണ് വിനുവേട്ടാ” പ്രിയ ശബ്ദമില്ലാതെ പറഞ്ഞു. അധികമൊന്നും സംസാരിക്കാതെ ആ കോള്‍ കട്ടായി. പ്രസവം കഴിഞ്ഞു. ഒന്ന്‍ ആണ്‍കുട്ടി, മറ്റേതു പെണ്‍കുട്ടി. പ്രസവത്തിനു വിനു എങ്ങനെയൊക്കെയോ ലീവ് ഒപ്പിച്ചു നാട്ടില്‍ പോയി. പ്രിയയുടെയും തന്റെയും വീട്ടില്‍ ആഘോഷം തന്നെ. കുഞ്ഞുങ്ങളെ കയ്യിലെടുക്കാന്‍ എല്ലാവരും ഊഴമിട്ട്‌ കാത്തു നില്‍ക്കുന്നു. എല്ലാ സന്തോഷത്തിന്റെയുമിടയില്‍ പ്രിയ മാത്രം ചെറിയൊരു പുഞ്ചിരി മാത്രം മുഖത്തു വരുത്താന്‍ പാട് പെടുന്നു. ഡോക്ടറോട് ചോദിച്ചപ്പോള്‍ പറഞ്ഞു. ഇതൊക്കെ സ്വാഭാവികമാണ് മിസ്റ്റര്‍ വിനു, എവെരിതിംഗ് വില്‍ ബി ഓള്‍റൈറ്റ്. ആഘോഷത്തിന്റെ ദിനങ്ങളില്‍ നിന്ന് മനസ്സില്ലാ മനസ്സോടെ വിനു തിരിച്ചെത്തി ജോലിയില്‍ കയറി. അന്ന് മുഴുവന്‍ സൈറ്റിലായിരുന്നു. ഒന്നിരിക്കാന്‍ പോലും സമയമില്ലാതെ തിരക്കില്‍ തന്നെ. റൂമിലെത്തി ടീവി ഓണ്‍ ചെയ്തു നേരെ കിച്ചണില്‍ കയറി. അപ്പോഴാണ്‌ ഫോണ്‍ ഒന്ന്‍ നോക്കിയതുപോലുമില്ലല്ലോ എന്നോര്‍ത്തത്. ബിസി ആയതിനാല്‍ ഫോണ്‍ സൈലന്റിലിട്ടിരുന്നു. ഫോണ്‍ എടുത്തു നോക്കിയ വിനുവിന്റെ മുഖം വിളറി. കുറെയേറെ മിസ്‌കോളുകള്‍. കുറച്ചു നേരമേ ആയിടുള്ളൂ. വീട്ടില്‍ നിന്നും കുടുംബക്കാരില്‍ നിന്നും പേരറിയാത്ത ഒരുപാട് നമ്പറുകളില്‍ നിന്നും. അമ്മക്കെന്തെങ്കിലും...... മലയാളികളൊന്നും ഇല്ലാത്ത നാട്ടില്‍ വന്നു ജോലിക്ക് കയറിയ നിമിഷത്തെയോര്‍ത്ത് വിനു സ്വയം ശപിച്ചു. ഭയപ്പെട്ടു പ്രിയയുടെ നമ്പരിലേക്ക് വിളിക്കാന്‍ ഡയല്‍ ചെയ്തപ്പോഴേക്കും ഫോണ്‍ ഡെഡ് ആയി. പരിഭ്രാന്തിയോടെ ഫോണ്‍ ചാര്‍ജിലിട്ടു വിനു സോഫയിലിരുന്നു. ടീവിയില്‍ അപ്പോഴും ഫ്ലാഷ് ന്യൂസ്‌ എഴുതിക്കാണിക്കുന്നുണ്ടായിരുന്നു. ‘ഇരട്ടക്കുട്ടികളില്‍ ഒരാളെ കൊന്നു യുവതി ആത്മഹത്യ ചെയ്തു.......’

...പത്ത് പതിനഞ്ച് മിനുട്ട് നേരം പ്രകാശം പരത്തിയ പെൺകുട്ടി... ( ഒരു കഥയില്ലാ നർമ്മകഥ )



ചിലർ നമ്മുടെ ജീവിതത്തെ വല്ലാതെ സ്വാധീനിക്കും. ചിലപ്പോൾ അത് വളരെ കുറച്ചു നേരം മാത്രം ആയിരിക്കാം , പക്ഷെ , അവരെ നമ്മൾ പിന്നെയൊരിക്കലും മറക്കില്ല. എന്റെ ജീവിതത്തിൽ വെറും പത്ത് പതിനഞ്ച് മിനുട്ട് നേരം മാത്രമാണ് പ്രകാശം പരത്തിയതെങ്കിലും , എനിക്ക് ഒരിക്കലും മറക്കാനാവാത്ത എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ പറ്റിയാണ് ഈ കുറിപ്പ്.തൽക്കാലം, നമുക്ക് അവളെ പാർവതി (പാറു) എന്ന് വിളിക്കാം. 


നമ്മുടെ ഫോണുകൾ ഇപ്പോഴത്തെ പോലെ അത്ര സ്മാർട്ട് അല്ലാത്ത കാലം. കമ്പനിയാവശ്യത്തിനു പെട്ടെന്ന് ഞാൻ ചെന്നൈയിൽ ചെന്ന് പെട്ട ഒരു ദിവസം. അവിടെ ചിലവാക്കുന്ന കാശുകൾ തിരിച്ചെത്തിയാൽ ഉടനെ റിഇമ്പർസ് ചെയ്യുമെന്ന് കമ്പനിയും , അതിനു എന്റെ കയ്യിൽ അഞ്ചു പൈസ ഉണ്ടായാലല്ലേ ചിലവാക്കാൻ പറ്റുവെന്ന് ഞാനും, പറഞ്ഞു നിൽക്കുന്ന ഒരു സിറ്റുവേഷൻ. എന്തായാലും , അടുത്ത ദിവസം ആകുമ്പോഴേക്കും എന്റെ ബാങ്ക് അക്കൊണ്ടിൽ സാലറി വീഴുമെന്ന ആശ്വാസത്തിൽ , ഇനിയിപ്പോ ആരോടും പ്രാരാബ്ധം പറഞ്ഞു കടം വാങ്ങാൻ നിക്കേണ്ടയെന്നു എന്ന് കരുതി ഞാൻ ചെന്നൈയിൽ ചെന്നിറങ്ങിയ, ഒരു ഉച്ച നേരം.


നാളെ ഒന്നാം തിയതിയാണെങ്കിലും , ചില അവസരങ്ങളിൽ എന്റെ ബാങ്ക് അക്കൊണ്ടിൽ , ഒരു ദിവസം മുൻപേ കാശ് വീഴാറുണ്ടല്ലോയെന്ന് പെട്ടെന്ന് ഞാൻ ഓർത്തു. ഇൻഡസ് ഇൻഡ് ആണ് ബാങ്ക് . അടുത്തൊന്നും എത്തി നോക്കിയിട്ട് ATM കണ്ടില്ല . ഇനി കാശ് വന്നോ എന്നറിയണമെങ്കിൽ ഓൺലൈൻ അക്കൊണ്ട് നോക്കണം. പുറത്തു നെറ്റ് കഫെയിൽ കയറി അക്കൊണ്ട് നോക്കാൻ മാത്രം, ഈ ലോകത്തെ പറ്റിയൊരു നല്ല അഭിപ്രായം എനിക്കില്ല ! ഇനിയിപ്പോ , വിശ്വാസമുള്ള ആരെയെങ്കിലും വിളിച്ചു , പാസ്സ്‌വേർഡ് കൊടുത്തു അക്കൊണ്ട് നോക്കിക്കണം. അങ്ങനെയിപ്പോ ആരാണ് !! പെട്ടെന്നാണ്, പാർവതിയുടെ മുഖം എന്റെ മനസ്സിലെത്തിയത് .


പാർവതി , എന്റെ കമ്പനിയിലെ ടീം മേറ്റ് ആണ്. കൊച്ചിയിലെ ഏതോ കോടീശ്വരന്റെ ഒറ്റ മകൾ. എന്റെ സങ്കൽപ്പത്തിലെ ഒരു പെൺകുട്ടിക്കുണ്ടാവേണ്ട ആ മൂന്നു ഗുണവും അവൾക്കുണ്ടായിരുന്നു . ' ആവശ്യത്തിന് ഭംഗി, ഒരുപാട് കാശ് , കുറച്ചുമാത്രം ബുദ്ധി  ' !!! പക്ഷെ , എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ ആവാത്ത മറ്റൊന്ന് കൂടി അവൾക്കുണ്ടായിരുന്നു , ' വായ തുറന്നാൽ, മറ്റുള്ളവർ കരഞ്ഞു പോകുന്നത് പോലെ, മുഖത്തടിച്ചു സത്യങ്ങൾ ഉറക്കെ വിളിച്ചു പറയുക ' !! ഒരു സംഭവം പറഞ്ഞാൽ , ഒരിക്കൽ കമ്പനിയിലെ ഒരുത്തൻ പോയി അവളെ പതുക്കെ പ്രൊപ്പോസ് ചെയ്തു . അതിനവൾ അവനോടു ഉറക്കെ പറഞ്ഞത് , " നോക്ക് ചേട്ടാ ... നിങ്ങൾ എന്നെ പ്രൊപ്പോസ് ചെയ്തത് എനിക്ക് മനസ്സിലാകും .. പക്ഷെ , എനിക്കും കൊള്ളാവുന്ന ഒരുത്തനെ കെട്ടണമെന്നു ആഗ്രഹമുണ്ടാവില്ലേ ? എന്റെ അച്ഛന് മോളെ ഒരു കഴിവുള്ളവനെക്കൊണ്ട് കല്യാണം കഴിപ്പിക്കണമെന്നു ആഗ്രഹം ഉണ്ടാവില്ലേ ? എന്റെ അമ്മയ്ക്ക് മോളെ ഒരു അലവലാതി കെട്ടരുതെന്നു പ്രാർത്ഥനയുണ്ടാവില്ലേ  .... " ; അതോടെ പ്രൊപ്പോസ് ചെയ്യാൻ പോയവൻ കാലിൽ വീണു കരഞ്ഞു മാപ്പു ചോദിച്ചു , ഇനിയിങ്ങനെ പബ്ലിക്കായി നാറ്റിക്കരുതെന്നു അപേക്ഷിക്കുകയും , പിന്നെ അവൻ കല്യാണമേ വേണ്ടായെന്നു വെച്ചെന്നുമാണ് കേട്ടത് !!


പാർവതിയെ വിളിച്ചു അക്കൊണ്ട് നോക്കിക്കുന്നതാണ് നല്ലത്. അവൾ ആണേൽ,  അവളുടെ പാസ്സ്‌വേർഡോ , സാലറിയോ പോലും ഓർത്തു വെക്കാൻ സാധ്യതയില്ല !! അവൾക്കു കാശിന്റെ ആവശ്യം ഇല്ലാത്തോണ്ട് അടിച്ചുമാറ്റുമെന്ന പേടിയും വേണ്ട !! എന്തായാലും പാർവതിയെ വിളിച്ചു , എങ്ങനെ എന്റെ ഓൺലൈൻ അക്കൊണ്ട് നോക്കണമെന്ന് , ഓരോ സ്റ്റെപ്പ് ബൈ സ്റ്റെപ്പും പറഞ്ഞു കൊടുത്ത്, അവസാനം "നീയൊന്നു ആ അവൈലബിൾ ബാലൻസ് പറഞ്ഞേ ?" എന്നും പറഞ്ഞു മതിലും ചാരി നിന്ന ഞാൻ , അവൾ പറഞ്ഞ ബാലൻസ് കേട്ട് , കണ്ണുംതള്ളി ആ ചെന്നൈ  നഗരത്തിൽ നിന്നു .    

" ഓക്കേ ...ബാലൻസ് , ഒന്നേക്കാൽ കോടി .. "

"എന്ത് !!! നീ എന്താ പറഞ്ഞത് പാറു !!"

"ബാലൻസ് 1.25 ക്രോർസ് .... അതേ, ഞാൻ ഇപ്പോൾ കുറച്ചു ബിസിയാണെ ... പിന്നെ വിളിക്കാവേ .... ", എന്നും പറഞ്ഞു പാറു ഫോണും വെച്ച് പോയി .

പിന്നീട് , എന്റെ ജീവിതത്തിലെ , ഏറ്റവും മനോഹരമായ പത്ത് പതിനഞ്ചു മിനുട്ടുകളായിരുന്നു അവിടെ !! ചുറ്റുമുള്ള ലോകം മുഴുവൻ ഒരു കണ്ണാടിക്കൂടിലായ പോലെ എനിക്ക് തോന്നി. അല്ല , അത് കണ്ണാടി കൂടല്ല, എന്റെ കണ്ണിൽ നിന്നും കണ്ണീരു നിറഞ്ഞു വരുന്നത് കൊണ്ട് ബാക്കിയെല്ലാം കണ്ണാടിക്കുള്ളിലായി തോന്നിയതാണ് !! എന്തായായാലും , ഇതുവരെ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച എല്ലാ കഷ്ടപ്പാടിനും , ഇപ്പോൾ ഒരു അവസാനമായി. ഒരു വീട് വാങ്ങണം , ഒരു കാറ് വാങ്ങണം. ഇനിയിപ്പോ ഞാനും ഒരു കോടീശ്വരനായ സ്ഥിതിക്ക് , ഐശ്വര്യമുള്ള പാർവതിയെ തന്നെ പറ്റിയാൽ കെട്ടണം , സത്യം പറയുന്ന സ്വഭാവം എങ്ങനേലും ഉപദേശിച്ചായാലും നന്നാക്കാൻ ശ്രമിക്കാലോ !!!

അല്ല ! ഇതിപ്പോ എങ്ങനെ സംഭവിച്ചു !!! ഇനിയിപ്പോ ലോട്ടറിയടിച്ചതാണോ ! അതിനു കാശില്ലാത്തോണ്ട് ഞാൻ ലോട്ടറി വാങ്ങാറില്ലല്ലോ !!! നൈജീരിയയിലെ ആ മെയിൽ ! അവരിനി കാശ് അക്കൊണ്ടിൽ ഇട്ടതാകുമോ ? !! പക്ഷെ , അതിനു ഞാൻ അവർക്കു അക്കൊണ്ട് നമ്പർ കൊടുത്തിട്ടില്ലല്ലോ !!! ഇനിയിപ്പോ , ബാങ്ക്കാര് അക്കൊണ്ട് മാറി , വേറെ ആരുടെയെങ്കിലും കാശ് എന്റെ അക്കൊണ്ടിൽ ഇട്ടതാകുമോ !!!! അങ്ങനെയാണേൽ , അമ്മച്ചിയാണേ ഞാൻ കാശ് തിരിച്ചു കൊടുക്കില്ല ! എത്രയും പെട്ടെന്ന് ബാങ്കിൽ ചെന്ന് കാശ് വിത്ത്ഡ്രോ ചെയ്യണം ! ഉടൻ തന്നെ ടാക്സി വിളിച്ചു അഞ്ചുമിനിറ്റ് മാത്രം അടുത്തുള്ള ഇന്ഡസ് ഇൻഡ് ബാങ്കിലേക്ക് തിരിച്ചു !! ശെടാ , ബാങ്ക് സമയം കഴിഞ്ഞതുകൊണ്ടു ഇനിയിപ്പോ ഇന്ന് കാശ് എടുക്കൽ നടക്കില്ല !! എന്തായാലും,  ഇവിടെ എത്തിയ സ്ഥിതിക്ക് ATM ഇൽ കയറി,  ഒരു മുപ്പതിനായിരം  രൂപ എടുത്തു അടുത്തുള്ള ഏതേലും 5 സ്റ്റാർ ഹോട്ടലിൽ ഇരുന്നു , ഒരു ചായ കുടിച്ചു കൊണ്ട് സമാധാനമായി , ഭാവിയെ പറ്റി ചിന്തിക്കാം. ATM ഇൽ കയറി  കാശും കാത്തു നിന്ന ഞാൻ , എന്റെ കയ്യിൽ കിട്ടിയ റെസിപ്ട് നോക്കി . ആ റെസിപ്പ്റ്റും ATM ഉം ചുറ്റുപാടും ഒക്കെ കണ്ണാടിക്കൂടിലായ തോന്നി !!!

രണ്ടുമിനിട്ടു നേരം കൊണ്ട് , സ്ഥലകാലബോധം തിരിച്ചു കിട്ടിയ എനിക്ക്  , സംഭവിച്ച കാര്യങ്ങളുടെ ഒരു ഏകദേശ രൂപം പിടികിട്ടി ... ഞാൻ പയ്യെ ഫോണെടുത്തു പാറുവിനെ വിളിച്ചു .

" എന്താടാ ... ഞാൻ ബിസിയാണെന്നു പറഞ്ഞതല്ലേ .. നീ പെട്ടെന്ന് പറ , എന്താകാര്യം ? "

അൽപ്പം വിറയാർന്ന ശബ്ദത്തിൽ ഞാൻ പറഞ്ഞു ...
" നന്ദിയുണ്ട് എന്റെ പാറു ... എനിക്ക് നിന്നോട് ഒരു പാട് ഒരു പാട് നന്ദിയുണ്ട്  ... " !

"ഇട്സ് ഓക്കെ ഡാ ... ഇതിനൊക്കെ എന്തിനാ നീ എന്നോട് നന്ദി പറയുന്നേ .. ടേക്ക് കെയർ ഡിയർ ... ബൈ ബൈ "

എന്തോ !! ആ ഒരു രൂപ ഇരുപത്തഞ്ചു പൈസാ ബാലൻസ് പ്രിന്റ് ചെയ്ത , ബാങ്ക് റെസിപ്റ് ചുരുട്ടി കൂട്ടി ദൂരെ കളഞ്ഞു , ചെന്നൈയിലെ ഏതോ ഒരു ബസ് സ്റ്റാൻഡിൽ നിന്നും , താമസിക്കാനുള്ള ഹോട്ടലിലേക്ക് ബസ്സു കയറാൻ കാത്തു നിൽക്കവേ , എനിക്ക് പാറുവിനോട് ഒട്ടും  ദേഷ്യമോ , ബാങ്കുകളിലൊക്കെ 'Cr' എന്നു ചുരുക്കി പറയുന്നത് ക്രെഡിറ്റ് ആണെന്ന് പറഞ്ഞു മനസ്സിലാക്കാനോ ഒന്നും   അപ്പോൾ തോന്നിയില്ല ...!


< The End >

കാനൽ ജലം


പ്രായമായവരെ കരയിക്കാമോ?
ഒരിക്കലും പാടില്ല. എനിക്കറിയാം. എന്തുചെയ്യാം പക്ഷെ, സംഭവിച്ചു പോയി.
അതെ., ഞാൻ എഴുതുകയല്ല.,
പറഞ്ഞുതുടങ്ങുകയാണ്.
പാതയോരത്ത് ആരോ ഉപേക്ഷിച്ചു പോയ ഒരു പൂച്ചകുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് തുടക്കം. ഒരു പ്രാർത്ഥനയോടെ മനസ്സിൽ പറഞ്ഞു. ആ കരച്ചിൽ നിലക്കാതിരിക്കട്ടെ..
ഒരു ദിവസത്തെ ജോലിയുടെ പാതിഭാഗം കഴിഞ്ഞ് റൂമിലേക്കുള്ള മടക്കയാത്രയിൽ ഇനിയെനിക്ക് പത്ത് കി.മി. ദൂരം ബാക്കിയുണ്ട്. ഉച്ചയാണ്, നല്ല വെയിലും. കറുത്തറോഡിൽ കണ്മുന്നിൽ കാണുന്ന കാനൽജലം പിടിതരാതെ ഓടിയകലുന്നു. കാറിലെ റേഡിയോവിൽ പ്രതിദിനസംവാദ പരിപാടിയിൽ അവതാരകൻ ഇന്നും നാട്ടിലെ അസഹിഷ്ണുത വികാരത്തിന് തിരികൊളുത്തിയിട്ടുണ്ട്. മനസ്സിൽ ക്ഷോഭം തിരയിളക്കുന്ന പ്രതികരണം നാവിൽ കുടുങ്ങിയപ്പോൾ ഞാൻ റേഡിയോ മെല്ലെ ഓഫ് ചെയ്തു വെച്ചു. വെറുതെ എന്തിന് ബി പി കൂട്ടണം?
നടുറോട്ടിൽ കിന്നാരം പറഞ്ഞിരിക്കുമ്പോൾ ഈ ചങ്ങാലിപ്രാവുകൾ എന്തേ പരിസരം മറന്നുപോകുന്നു? അതോ അവക്ക് കാഴ്ച്ചക്കുറവും കേൾവിക്കുറവുമുണ്ടോ?
കാൽ കാറിന്റെ ബ്രേക്കിൽ പെട്ടെന്നമർന്നു. ചിറകടിയുടെ പട പട ശബ്ദം വാനിലുയർന്നപ്പോൾ തെല്ല് ആശ്വാസമായി. ഭാഗ്യം, രണ്ടും ജീവനോടെയുണ്ട്.
വണ്ടി ആദ്യ സിഗ്നലിനടുത്തെത്തും മുൻപേ ഒരാൾ ദൂരെ ലിഫ്റ്റിനായി കൈയുയർത്തി നിൽക്കുന്നത് കാണാമായിരുന്നു. റോഡിലെ സ്വാഭാവികമായ ബ്ലോക്ക് അയാൾക്കുമുന്നിൽ തന്നെ കാർ എത്തിനിൽകാൻ കാരണമായി. ഒരു വയസ്സൻ സൂരി(സിറിയ) കറവീണ പല്ലുകൾ മുഴുക്കെ കാണിച്ചു അടുത്തുവന്നു.
അയാൾക്ക് പോകേണ്ടത് ഇൻഡസ്ട്രിയൽ ഏരിയയിലേക്കാണ്. 'ഞാൻ ആ വഴിയല്ല, നേരെയാണ് പോകുന്നത് '- ഞാൻ പറഞ്ഞു. 'സാരമില്ല, നാലാമത്തെ സിഗ്നലിൽ എന്നെ ഇറക്കിയാലും മതി'. വൃദ്ധൻ പറഞ്ഞു.
ഞാൻ തലകുലുക്കി.
'ശുക്രൻ' വളരെ സന്തോഷത്തോടെ പിൻസീറ്റിൽ കയറിയിരുന്ന് അയാൾ നന്ദി പറഞ്ഞു. ആ മുഷിഞ്ഞ വേഷവും പഴകി ദ്രവിച്ച ഷൂസും ഒറ്റ നോട്ടത്തിൽ ഒരു നിർമ്മാണതൊഴിലാളിയുടെതാണെന്ന് എനിക്ക് മനസ്സിലായി.
മുഖത്തെ ദൈന്യതകണ്ടപ്പോൾ ഈ പ്രായത്തിലും മരുഭൂമിയിൽ വന്ന് കഷ്ടപ്പെടേണ്ട അനിവാര്യതയെ ഒരു നിമിഷം ഞാൻ ചിന്തിച്ചുപോയി.
'പണിയില്ലാതെ ദിവസങ്ങളായി'. അയാൾ പുറകിലിരുന്നു സംസാരിക്കാൻ തുടങ്ങി.
അത് ആ മുഖത്ത് കാണാനാകും.
'ഇവിടെ ഒരു പരിചയക്കാരനെ തിരഞ്ഞു വന്നതാണ്, പണി വല്ലതും തരപ്പെടുമോ എന്നറിയാൻ, കൂട്ടുകാരനെ കാണാൻ കഴിയാത്തതിൽ അതും നടന്നില്ല.'
ക്ഷീണവും ദുഃഖവും പടരുന്ന ആ വിയർപ്പുമുഖം അയാൾ ചുവന്ന കള്ളികളുള്ള തോൾതൂവാലകൊണ്ടു ഇടക്കിടെ ഒപ്പുന്നുണ്ടായിരുന്നു.
ഇവിടെ എത്തിയിട്ട് എത്ര വർഷമായിയെന്ന് ചുമ്മാ ഞാനൊന്നു ചോദിച്ചു. എന്തെങ്കിലും ചോദിക്കണമല്ലോ..
'രണ്ടുവർഷം കഴിഞ്ഞു'. വയസ്സൻ സൂരി മറുപടി നല്കി.
'കുടുംബം കൂടെയുണ്ടോ, അതോ സിറിയയിലാണോ'?
ആ വയസ്സനിൽ നിന്നും അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതല്ല. അറിയാവുന്ന അറബികൊണ്ട് കൈയ്യിൽ കരുതിവെക്കുന്ന ചോദ്യങ്ങളിൽ ഒന്നു എടുത്തു പ്രയോഗിച്ചു എന്നുമാത്രം.
ആ മുഖത്ത് അല്പമെങ്കിലും അവശേഷിച്ചിരുന്ന സന്തോഷം ഒരൊറ്റ ചോദ്യം കൊണ്ട് അപ്രത്യക്ഷമായി.  ഒരു മറുപടിക്ക് വേണ്ടി കാത്തുനിന്ന എന്നെ നിരാശനാക്കി കണ്ണുകൾ പുറത്തേക്ക് പറിച്ചുനട്ട് അയാൾ മുഖം മറച്ചുപിടിച്ചു.
തെല്ലിട നേരിയ കുറ്റബോധം കൊണ്ട് മനസ്സൊന്നു ഇടറിയപ്പോൾ ഇന്നെലെയിലെവിടെയോ കണ്ട ആ ഒരു വീഡിയോ ദൃശ്യം ഒരു നിമിഷം എന്റെ അകക്കണ്ണിലൂടെ വീണ്ടും ചലനാത്മകമായി.
പുകയും പൊടിയും കലർന്ന അന്തരീക്ഷത്തിൽ വെടിയൊച്ചയുടേയും നിലവിളിയുടേയും നിലക്കാത്ത ആരവങ്ങൾ.. ഷെല്ലാക്രമണത്തിൽ തകർന്നുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അവർ ഉറ്റവരെ തിരയുന്നു. മുറിവേറ്റ പിഞ്ചുകുഞ്ഞിന്റെ ശരീരം നെഞ്ചോട് ചേർത്ത് അമ്മമാർ പ്രാണനും കൊണ്ട് കരഞ്ഞോടുന്നു.
വിദൂരതയിൽ നിന്നും കണ്ണെടുക്കാതെ പുറകോട്ട് പായുന്ന ഈന്തപ്പനകൾക്കിടയിലൂടെ ഈ വയസ്സൻ കാണുന്നതും അതേ കാഴ്ച്ചതെന്നെയായിരിക്കുമോ. ആർക്കറിയാം?

കൊടും ചൂടിലും കൊടും തണുപ്പിലും എനിക്ക് നിന്റെ പുതപ്പ് വേണം. ഉണങ്ങിനിർജ്ജീവമായാലും കൊഴിയാതെ തായ് തടിയോട് ചേർന്നുകിടക്കുന്ന ഈന്തപ്പനയുടെ ഓലകൾ ചുടുകാറ്റിൽ ആടിയുലയുന്നു.

വണ്ടിയുടെ പിൻസീറ്റിൽ എന്റെ ഓഫീസ് ബാഗും ഒരു ബോട്ടിൽ വെള്ളവും ഉണ്ടായിരുന്നു. വരണ്ട മണ്ണിന്റെ ദാഹം പോലെ അയാൾ ബോട്ടിലിൽ നിന്നും വെള്ളം വായിലേക്ക് പകർന്നു.
ആ ചോദ്യം ഒഴിവാക്കാമായിരുന്നു. ഞാനെന്നോട് പറഞ്ഞുകൊണ്ടേയിരുന്നു.
വണ്ടി നാലാമത്തെ സിഗ്നലിൽ എത്തി.
'ഇവിടെ നിർത്തിക്കൊള്ളൂ'. അയാൾ പറഞ്ഞു.
'ശരി. ഇനി അല്പം വലത്തോട്ട് നടന്നാൽ മതി, ബസ്സ് സ്റ്റോപ്പ് കാണാം'. ഞാൻ പറഞ്ഞു.
കാലിയായ കീശയെ തലോടി അയാളെനിക്ക് മറുപടി തന്നു.
'ഇല്ല, നിങ്ങളെപ്പോലെ ആരെങ്കിലും ഒരാൾ വണ്ടി നിർത്തിത്തരും'.
വണ്ടി പാർക്ക് ചെയ്തു, ഡോർ തുറന്ന് അയാൾ കാറിൽനിന്നുമിറങ്ങി.
ഒരിക്കൽ കൂടി ശുക്രൻ പറഞ്ഞ് അയാൾ മുന്നോട്ട് നടന്നു. ഈ പ്രായത്തിലും ഇടറാതെ ചലിക്കുന്ന ചുവടുകളെ എന്റെ കണ്ണുകൾ പിന്നെയും ഏറെ നേരം പിന്തുടരുന്നുണ്ടായിരുന്നു.
അമ്മയുടെ ഉദരത്തിൽ നിന്നുള്ള പിറവിയിൽ നമ്മിൽ എവിടെയാണ് അന്തരം? ജ്വലിക്കുന്ന സൂര്യനും ശ്വസിക്കുന്ന വായുവും തമ്മിൽ എവിടെയാണ് മുറിവ് ? നീ അവിടെയും ഞാനിവിടെയുമായത് ആരാൽ പ്രേരിതമായാണ് ? ഏതാണ് ആ നിയോഗം ? 
നടന്നുനീങ്ങുന്ന ആ വൃദ്ധനെ അധികനേരം എനിക്ക് നോക്കിനിൽക്കാനായില്ല.
ഞാനെന്നിൽനിന്നുതന്നെ അകലുന്നതുപോലെ, ഇനിയെനിക്ക് ചെയ്യാൻ ബാക്കിയെന്തുണ്ട് എന്ന ചിന്ത ഒരു നിമിഷം കടന്നുവന്നപ്പോൾ ഒരു ഉൾവിളി പോലെ ഞാനയാളെ വിളിച്ചു.
'ഒന്നുനിൽക്കൂ'. അയാൾ നിന്നു.
ഞാൻ അടുത്തുചെന്നു, പേഴ്സിൽ നിന്നും നൂറ് റിയാലെടുത്തു ആ വയസ്സൻ സൂരിയുടെ കീശയിൽ വെച്ചുകൊടുത്തു.  കലങ്ങിയ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.  ഒരു മകനെയെന്നപോലെ അയാളെന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. ആ കരച്ചിൽ സന്തോഷത്തിന്റേതാകും. 'സാരമില്ല'- ഞാൻ സമാശ്വസിപ്പിച്ചു. പക്ഷെ, അവിടെ എനിക്ക് തെറ്റി.  നിറഞ്ഞ കണ്ണുകളിലെ കൃഷ്ണമണികൾ എന്റെ കണ്ണുകളിൽ ഉറപ്പിച്ചു നിർത്തി അതുവരെ ചുരുട്ടിപ്പിടിച്ച വലതുകൈ അയാൾ എന്റെ മുന്നിൽ തുറന്നുവെച്ചു. ഏതാനും പത്ത് റിയാൽ നോട്ടുകൾ. അവ എനിക്ക് നേരെ നീട്ടി അയാൾ പറഞ്ഞു.
'ഈ പണം നിങ്ങളുടേതാണ്, നിങ്ങളുടെ ബാഗിൽ നിന്നും ഞാനെടുത്തതാണ്. മാലിഷ്'. (മാപ്പ്).
കാലത്ത് കാറിൽ പെട്രോൾ അടിച്ചതിന്റെ ബാക്കിലഭിച്ച ഏതാനും പത്തുറിയാൽ നോട്ടുകൾ വിറക്കുന്ന ആ കൈക്കുള്ളിൽക്കിടന്നുപിടയുന്നത് ഞാൻ കണ്ടു. അതിനുള്ളിൽ നിന്നും പെട്രോൾ ബില്ല് മാത്രം തിരിച്ചെടുത്ത ശേഷം ഞാൻ പറഞ്ഞു.
'ഇതുകൊണ്ട് നിങ്ങൾക്ക് പ്രയോജനമില്ല.'
കാനൽചൂടിൽ പൊടിഞ്ഞ വിയർപ്പുകണം കണ്ണീരിനോടൊപ്പം അയാളുടെ മുഖത്ത് ചാലുകൾ തീർക്കുന്നു. ചുവന്നകള്ളികളുള്ള തോൾ തൂവാലകൊണ്ടു അയാൾ അത് തുടച്ചുനീക്കി. ആ വൃദ്ധൻ കരഞ്ഞതല്ല, ഞാനയാളെ കരയിച്ചതാണ്.
ക്ഷമചോദിക്കാൻ കഴിയാത്ത ഒരു കുറ്റബോധം മനസ്സിന്റെ അടിത്തട്ടിൽ ബാക്കിയാകുന്നു.
വിടർന്ന ആ വിരലുകൾ ഒരിക്കൽകൂടി ചേർത്തുപിടിച്ചുകൊണ്ട് വയസ്സനായ ആ സൂരിയോട് ഞാൻ യാത്രപറഞ്ഞു.
'അസ്സലാമു അലൈക്കും'.
*******************
മോദൻ കാട്ടൂർ

വില മതിക്കാൻ കഴിയാത്ത ഒരു കൂട് ബിസ്കറ്റ്


വില മതിക്കാൻ കഴിയാത്ത  ഒരു കൂട്  ബിസ്കറ്റ്

                                                                   

  :-പുനലൂരാൻ



 

നാട്ടിൽ നിന്ന് വന്ന ഒരു പരിചയക്കാരനെ ദുബായിലേക്കുള്ള ബസ്സ് കിട്ടുന്ന സ്ഥലത്ത്  കൊണ്ടുവിടാൻ  ആണ് ഞാൻ  പൊരിവെയിലത്ത് കാറുമായി അവിടേക്ക് പോയത്. ഞാൻ താമസ്സിക്കുന്ന ചെറുപട്ടണത്തിൽ നിന്ന് ദുബായിലേക്ക് നേരിട്ട്  ബസ്സ് ഇല്ല. സാധാരണക്കാർ ആയ പ്രവാസികളും തൊഴിലാളികളും ഗൾഫിലെ ഒരു പട്ടണത്തിൽ നിന്നും മറ്റൊരു പട്ടണത്തിലേക്ക് യാത്ര ചെയ്യുവാൻ മിക്കവാറും  ആശ്രയിക്കുക ബസ്സുകളെ ആയിരിക്കും. ഞാൻ താമസിക്കുന്ന കടലോരപട്ടണത്തിൽ നിന്ന് ബസ്സ് കിട്ടുന്ന സ്ഥലത്തേക്കു എത്തണമെങ്കിൽ ഏകദേശം അരമണിക്കൂർ യാത്രയുണ്ട്. വളഞ്ഞും പുളഞ്ഞും ഒരു പാമ്പിനെപ്പോലെ മലകയറി പോകുന്ന ഇരുവരി പാത. ഇരുപുറവും സിമന്റ്പാളികൾ വെട്ടി എടുക്കുന്ന ചുണ്ണാമ്പ് മലകൾ. ഇടയ്ക്കൊക്കെ വഴിയരികിൽ അങ്ങിങ്ങായി ഒറ്റപ്പെട്ടു നിൽക്കുന്ന ഗാഫ് മരങ്ങൾ.


മലകയറി ഒടുവിൽ എത്തുന്ന മുക്കവലയിൽ നിന്ന് ദുബായിക്ക്  ബസ്സ് കിട്ടും. അവിടെ കാറുനിറുത്തി ഞാനും പരിചയക്കാരനും ബസ്സിനായി കാത്തിരുന്നു. ഉച്ചവെയിലിന്റെ കാഠിന്യം കാറിനെ ചുട്ടുപൊള്ളിയ്ക്കുന്നു. ബോണറ്റിൽ നിന്ന് ആവി മുകളിലേക്കു പൊങ്ങുന്നത് വെറുതെ നോക്കിയിരുന്ന എനിക്ക് അന്നേരം നാട്ടിലെ അടുക്കളയിലെ ദോശക്കല്ലിനെ ആണ് ഓർമ്മ വന്നത്. പഴുത്തു ആവി പൊങ്ങുന്ന പരന്നകല്ലിലേക്കു  അമ്മ ദോശമാവ് ഒഴിക്കുമ്പോൾ ശീ..എന്ന ശബ്ദത്തോടെ വെന്തുപൊങ്ങുന്ന ചെറുദോശ, കൂടെ പച്ചതേങ്ങ അരച്ചു ചുവന്ന മുളക് ചേർത്ത ചമ്മന്തി. അപ്പപ്പോൾ ചുട്ടെടുക്കുന്ന ചൂടുദോശകൾക്ക് വേണ്ടി പ്ലേറ്റുമായി അടുക്കളപ്പുറത്ത്  കാത്തിരിയ്ക്കുന്ന ഞാൻ. മനസ്സ് അറിയാതെ നാട്ടിലെ സുഖകരമായ ഓർമ്മകളിലേക്ക് ഊളയിട്ടു.  " വണ്ടി വരുന്നു " കൂടെയുള്ള ആളുടെ ഒച്ച കേട്ടിട്ടാണ്  ഞാൻ ദിവാസ്വപ്നത്തിൽ നിന്ന്  ഉണർന്നത്. ദൂരെ നിന്ന് ചുവന്ന പെയിന്റ് അടിച്ച ആർ.ടി.ഒയുടെ  വലിയ ഒരു ബസ്സ് വരുന്നത് കാണാം. കാറിൽ നിന്ന് ഞങ്ങൾ ധൃതിയിൽ പുറത്തിറങ്ങി.ഹിന്ദിഭാഷ അറിയാത്ത പരിചയക്കാരനെ ബസ്സ് കയറ്റി ഡ്രൈവറോട് ദുബായ്  ദൈറയിൽ അയാളെ ഇറക്കണമെന്നു പറഞ്ഞേൽപ്പിച്ചു ഞാൻ മടങ്ങി.



തിരികെ ഒറ്റയ്ക്കുള്ള  യാത്രയുടെ വിരസത അകറ്റുവാൻ ഞാൻ എഫ്. എം റേഡിയോയുടെ ബട്ടനുകൾ മാറിമാറി  അമർത്തികൊണ്ടിരുന്നു. എത്ര മലയാളം  ചാനലുകളാണ്  ഗൾഫിൽ. വിരസമായ  ഗൾഫ്  ജീവിതത്തിൽ മലയാളിയെ  നാടുമായി  അടുപ്പിക്കുന്ന  കണ്ണി. അങ്ങനെ സമയം കൊല്ലുവാൻ നോക്കി കൊണ്ടിരിക്കുമ്പോൾ ആണ് റോഡിലേക്ക് ഇറങ്ങി ദയനീയമായ മുഖഭാവത്തോടെ കാറിനു കൈകാണിക്കുന്ന അയാളെ ഞാൻ കാണുന്നത്. ഏകദേശം ഒരറുപത് വയസ്സിനുമേൽ പ്രായം തോന്നിക്കുന്ന ഒരു പട്ടാണി വൃദ്ധൻ. കൈയ്യിൽ ഒരു വലിയ സാമാന കെട്ടും  ഉണ്ട്, നാട്ടിൽപോയി മടങ്ങുന്ന വഴിയാണ് എന്നു തോന്നുന്നു. ലഗേജ് കയറുകൊണ്ടു വരിഞ്ഞു കെട്ടിയിരിക്കുന്നു.  പൊതുവെ പട്ടാണികൾ അങ്ങനെ ആണ്, വിമാനയാത്രയ്ക്കുള്ള ലഗേജ് ഒരു കമ്പിളി കൊണ്ട് പൊതിഞ്ഞ്  കയറുകൊണ്ടു വരിഞ്ഞുകെട്ടിയാണ് കൊണ്ടുപോകുക. അയാളുടെ തോളിൽ അതുകൂടാതെ ഒരു ചെറിയ സഞ്ചിയും ഉണ്ട്.  എയർപോർട്ടിൽ നിന്ന് ബസ്സ് കയറി  കവലയിൽ  ഇറങ്ങിയതാണ് എന്നുതോന്നുന്നു. ഞാൻ താമസിക്കുന്ന സ്ഥലത്ത് എവിടെയോ ആകും അയാൾക്ക് എത്തേണ്ടത്.


വഴിക്ക് പോകുന്ന ഏതെങ്കിലും പിക്കപ്പുകാരോ കാറുകാരോ ദയതോന്നി തന്നെക്കൂടി കയറ്റികൊണ്ടു പോകുവാൻ വേണ്ടി കാത്തുനിൽക്കുകയാണ് അയാൾ. അത്രയും ദൂരം സ്വന്തമായി ടാക്സിയൊക്കെ പിടിച്ചുപോകണമെങ്കിൽ വലിയ ഒരു തുക ആകും. പോരെങ്കിൽ  നട്ടുച്ചനേരത്ത്  ടാക്സി കിട്ടാൻ വലിയ പ്രയാസം ഞാൻ സൈഡ് ഇൻഡിക്കേറ്റർ  ഇട്ടു കാർ നിറുത്തി. വഴിയാത്രക്കാരെ പ്രൈവറ്റ് വണ്ടികളിൽ കയറ്റികൊണ്ട് പോകുന്നത്  ഗൾഫിൽ നിയമലംഘനമാണ്.  പോലീസോ ഏതെങ്കിലും ടാക്സിക്കാരോ കണ്ടാൽ പണി കിട്ടും.  അതിനാൽ ഞാൻ കൂടുതൽ ചോദ്യത്തിനൊന്നും മുതിരാതെ അയാളോട് കാറിൽ കയറാൻ പറഞ്ഞു. അയാൾ കൈയ്യിലെ ലഗേജ് പുറകിലെ സീറ്റിൽ പെട്ടെന്ന് വെച്ചു സലാം ചൊല്ലി, ദൈവത്തിനു സ്തുതി പറഞ്ഞു മുൻസീറ്റിൽ കയറിയിരുന്നു. കാർ മുമ്പോട്ടു നീങ്ങി.

 " ബച്ചാ ആപ്കൊ അള്ളാ ഖൈർ കരേഗാ...ബാഹർ കിത്തനാ ഗർമി ഹേ? "

ദൈവം അനുഗ്രഹിക്കട്ടെ എന്നും പുറത്ത് കടുത്തചൂടാണെന്നും പറഞ്ഞുകൊണ്ടു അയാൾ സംഭാഷണമാരംഭിച്ചു.

ജൂണിലെ കൊടുംചൂടിൽ ഒരു മണിക്കൂറായി റോഡിൽ കാത്തു നിൽക്കുകയായിരുന്നിട്ടും ആരും വണ്ടി നിറുത്തിയില്ലത്രേ.

"പൂരാ ദുനിയ ബദൽ ഗയാ.."

ലോകം മുഴുവൻ മാറിയെന്നും ആർക്കും ആരോടും സ്നേഹവും കരുണയും ഇല്ലെന്നും അയാൾ തെല്ലു പരിഭവത്തോടെ പറഞ്ഞു.

"ബാബ ആപ് കിധർ  ജാത്തേ? "

ഞാൻ വൃദ്ധനോട്  എവിടെയാണ് ഇറങ്ങേണ്ടത്  എന്നു ചോദിച്ചു. അയാളെന്നെ അടിമുടി ഒന്നു നോക്കി; എന്റെ ബാബവിളി അയാൾക്ക്  ഇഷ്ടപ്പെട്ടെന്നു തോന്നുന്നു. ഒരു പിതാവിനോടുള്ള കരുതൽ അയാൾക്ക് അനുഭവപ്പെട്ടുകാണും.  ഒരു ചെറുപുഞ്ചിരിയോടെ അയാൾ ഇറങ്ങേണ്ട സ്ഥലം പറഞ്ഞു, ഞാൻ ഒന്നു മൂളി.



 മലയിറങ്ങി ചെല്ലുന്ന താഴ് വാരത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ ആണ് അയാൾക്ക് പോകേണ്ടത്. വണ്ടി ഹൈവേ കഴിഞ്ഞു ഇടറോഡിലേക്ക് കയറി. വളവും തിരിവും ഉള്ള റോഡിലൂടെ വളരെ ശ്രദ്ധിച്ചു മാത്രമേ വാഹനം ഓടിക്കാവുകയുള്ളൂ. ഞാൻ അയാളോട് സംസാരിച്ചുകൊണ്ട് തെല്ലുശ്രദ്ധയോടെ വണ്ടി ഓടിച്ചുകൊണ്ടിരുന്നു. ആ വൃദ്ധനാകട്ടെ എങ്ങോ  കണ്ടുമറന്ന പഴയ പരിചയക്കാരനെ കിട്ടിയ മട്ടിൽ നിറുത്താതെ ഉച്ചത്തിൽ എന്നോട് സംസാരം തുടർന്നു.

"മെം ഉദർ അർബാബ് കാ നക്കൽ മെം കാം കർത്താ ഹേ"

അവിടെ ഏതോ അറബിയുടെ നക്കലിൽ ( ഈന്തപ്പന തോട്ടത്തിൽ ) ആണ്അയാൾക്ക് പണി. ഗൾഫിൽ എത്തിയിട്ട് മുപ്പത്തഞ്ചുകൊല്ലമായി. ഓരോരോ സ്ഥലങ്ങളിൽ ആയി കറങ്ങിതിരിഞ്ഞു ഒടുവിൽ അർബാബിന്റെ (തൊഴിൽ ഉടമ ) കൂടെ കൂടിയിട്ട് 20 വർഷം.

 " ബച്ചാ തും ഇദർ ദേക്കോ" 

തഴമ്പു പിടിച്ചു വടുകെട്ടിയ കൈകൾ  അയാളെന്നെ കാണിച്ചു. ഞങ്ങൾ യാത്ര ചെയ്യുന്ന വഴിയുടെ ഇരുഭാഗത്തുമുള്ള സിമന്റ്മലകളുടെ മടക്കുകൾ  പോലെ തോന്നിക്കുന്ന പരുപരുത്ത  കൈത്തലങ്ങൾ.



ഈന്തപ്പനയുടെ പരിപാലനം  കഠിനമായ ഒരു അനുഷ്ടാനമാണ്. ഈന്തപ്പനകൾ കയറിഇറങ്ങി കൈയ്യും നെഞ്ചും തഴമ്പ് കെട്ടും. ഈന്തപ്പനപട്ടകൾക്ക് ഇടയിൽ തേളും വിഷചിലന്തിയുമൊക്കെ ഉണ്ട്. താഴെ മണൽകൂനയിൽ പതിയിരിക്കുന്ന മണൽ അണലികൾ. സൂക്ഷിച്ചില്ലെങ്കിൽ കടി കിട്ടും. സമയാസമയങ്ങളിൽ ഉളി  പോലുള്ള ഒരു കത്തി കൊണ്ട് ഈന്തപട്ടകൾ വെട്ടി മാറ്റണം.  എന്നാലെ  മരം പുഷ്ടിയോടെ മുകളിലേക്ക് വളരുകയുള്ളൂ. ചൂട് തുടങ്ങുന്നതോടെ പനകൾ പൂത്തുതുടങ്ങും. ആൺപെൺമരങ്ങൾ വ്യത്യസ്തമായതിനാൽ പരാഗണത്തിനു നബാത്ത് (ആൺപൂങ്കുലകൾ)  വെട്ടിയെടുത്തു  പെൺമരത്തിലെ പൂങ്കുലകൾക്കിടയിൽ  കെട്ടിവെക്കണം. അങ്ങനെ ചെയ്താൽ മാത്രമേ ധാരാളം കായ്കൾ ഉണ്ടാകുകയുള്ളൂ. ജൂൺ  മാസത്തോടെ കായ്കൾ പഴുത്തു തുടങ്ങും. നല്ല പഴുത്ത പഴങ്ങൾക്ക് റുത്താബ് എന്നാണ് അറബിയിൽ പറയുക.മഞ്ഞയും ഓറഞ്ചും കടുംചുവപ്പും നിറത്തിലുള്ള ഈന്തപ്പഴകുലകൾ. കായ് പഴുത്താൽ അവ വെട്ടി കയറുകെട്ടി  ഇറക്കണം. അർബാബ് പിക്കപ്പുമായി ഇടയ്ക്കിടെ വന്നു പഴുത്തകുലകൾ വിൽപ്പനയ്ക്ക്  കൊണ്ടുപോകും. ബാക്കി വരുന്നവ വെയിലത്ത് ഇട്ടു ഉണക്കണം. പണിക്കാർക്കായി ഉണ്ടാക്കിയ  ഷെഡിന്റെ മുമ്പിലെ കളത്തിൽ നിരത്തിയിട്ട ഈന്തപ്പഴകുലകൾ.  രാത്രി കുറുക്കനും എലിയും തിന്നാതെ അവയ്ക്കു കാവൽ കിടക്കണം. മുറ്റത്തിട്ട കയറുകട്ടിലിൽ ആണ് സമയത്തു കിടത്തം. അങ്ങനെ നൂറുകൂട്ടം പണികൾ. വെയിലും മഞ്ഞും ചൂടും കൊടുംതണുപ്പും പരുവപ്പെടുത്തിയെടുത്ത ജീവിതം. മൊത്തം 
5-6 പണിക്കാർ ഉണ്ട് തോട്ടത്തിൽ, എല്ലാം ബംഗാളികളും പാക്കിസ്ഥാനികളും.  മലബാറി ഉണ്ടോ എന്ന ചോദ്യത്തിന് അയാളുടെ മറുപടി എന്നെ രസിപ്പിച്ചു.

 "മലബാറി സബ് പഠാ ലിക്കാ ഹേ"

 മലബാറികൾക്ക്  എഴുത്തും വായനയും അറിയാമെന്നതിനാൽ പണിക്ക്  നിൽക്കുകയില്ല എന്നതാണ് സാരം.



അയാൾ വർത്തമാനം പറയുന്നതിനിടെ ബച്ചാ.. ബച്ചാ എന്നു അവർത്തിച്ചു കൊണ്ടിരിക്കും.  നിഷ്കളങ്കൻ ആയ വൃദ്ധൻ, അയാളുടെ കണ്ണിൽ ഞാനയാൾക്ക് മകനെപ്പോലെയാണ്. ഒരു പക്ഷെ മക്കളെ പിരിഞ്ഞു വന്ന ദുഃഖം കൊണ്ടാകും അയാൾ നിറുത്താതെ എന്നെ അങ്ങനെ വിളിക്കുന്നത്. അയാളെ ഒന്നു സ്വാന്തനിപ്പിക്കാൻ  ഞാൻ അയാൾക്ക് എത്ര മക്കൾ ഉണ്ടെന്നു ചോദിച്ചു.

 "ബച്ചാ മുച്ചേ പാഞ്ച് ബച്ചി ഹേ.. "

അയാൾക്ക്അഞ്ചു പെൺകുട്ടികളാണ്. ചുമ്മാതല്ല  ആ പാവം എന്നെ ബച്ചാ ബച്ചായെന്നു   നിറുത്താതെ വിളിച്ചു കൊണ്ടിരുന്നത്. ഒരു മകനില്ലാത്തതിന്റെ ഖേദം അയാളുടെ വാക്കുകളിൽ എവിടെയോ നിറഞ്ഞു നിൽക്കുന്നതുപോലെ എനിയ്ക്കു തോന്നി. ഒരു നിമിഷം അയാൾ എന്തോ ഓർത്തു . പിന്നെ നാട്ടിലെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി.  പാക്കിസ്ഥാനിലെ ഏതോ മലമടക്കുകളിൽ ആണ് അയാളുടെ ഗ്രാമം. അഞ്ചു പെൺമക്കൾ. മൂത്തനാലുപേരുടെയും വിവാഹം കഴിഞ്ഞു.  അഞ്ചാമത്തെ മകളുടെ നിക്കാഹ് നടത്തിയിട്ട് മടങ്ങി വരുകയാണയാൾ. ഇനി അടുത്ത പെരുന്നാളിന് മുമ്പ് കല്യാണം നടത്തണം.. അതിന് അർബാബ് അവധി തരുമോ ആവോ?. അവൾക്കിപ്പോൾ 14 വയസ്സ് പ്രായം.  അവരുടെ നാട്ടിലൊക്കെ പ്രായത്തിൽ വിവാഹം സാധാരണം. അയാൾ നിറുത്താതെ തന്റെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.  എനിക്ക് രണ്ടു പെൺകുട്ടികൾ ആണുള്ളത് എന്ന കാര്യം പറഞ്ഞപ്പോൾ അയാളുടെ മറുപടി ഇങ്ങനെ. 

"അള്ളാ ആപ്കോ ബഹുത്ത് പ്യാർ കർത്തേ"

പെൺകുട്ടികൾ മാത്രം ഉള്ള പിതാക്കൻമാർ ദൈവത്തിന്റെ പ്രത്യേക പ്രീതിക്ക് പാത്രമാണ് എന്നാണ് അയാളുടെ പക്ഷം. പട്ടാണികൾ അങ്ങനെയാണ് അവർ എന്തും വെട്ടിതുറന്നു പറയും. അവർക്ക് കോപവും സ്നേഹവും പെട്ടെന്ന് വരും.. കളങ്കം ഇല്ലാതെ സ്നേഹവും ദേഷ്യവും.. അയാൾ കുർത്തയുടെ  കീശയിൽ കൈയ്യിട്ടു മുഷിഞ്ഞു പൊടിഞ്ഞു തുടങ്ങിയ ഒരു പേഴ്സ് പുറത്തെടുത്തു. അതിൽ നിന്ന് പ്ലാസ്റ്റിക് കവറിട്ടു ഭദ്രമായി സൂക്ഷിച്ച ഒരു നിറം മങ്ങിയ ഫോട്ടോ പുറത്തെടുത്തു എന്നെ കാണിച്ചു. അയാളും മടിയിൽ ഇളയ മകളും. പത്തുപതിമൂന്ന് കൊല്ലം മുമ്പെടുത്ത ഫോട്ടോ ആണ്‌. പരമ്പരാഗത വേഷം അണിഞ്ഞ നല്ല ഭംഗിയുള്ള ചെറിയ പെൺകുട്ടി. അവൾക്കിപ്പോൾ വിവാഹപ്രായം ആയിരിക്കുന്നു. ഒരു പിതാവിന്റെ കരുതലും വാത്സല്യവും അഭിമാനവും അയാളുടെ മുഖത്തും വാക്കുകളിലും കാണാം.  തന്റെ ഇളയമകളെക്കൂടി സുരക്ഷിതസ്ഥാനത്ത് എത്തിക്കാനുള്ള വ്യഗ്രത മുഖത്തുനിന്ന് വായിച്ചെടുക്കാം.



കാർ മലയിറങ്ങി താഴ്വാരത്തോട് അടുക്കാറായിരിക്കുന്നു. മലകൾക്കിടയിലൂടെയുള്ള യാത്രയുടെ വൈഷ്യമ്യം അയാളോട് വർത്തമാനം പറഞ്ഞിരിന്നു ഞാൻ അറിഞ്ഞതേയില്ല.  ഒടുവിൽ അയാൾക്ക്ഇറങ്ങേണ്ടയിടം എത്തിയിരിക്കുന്നു. ഞാൻ കാർ സൈഡാക്കി നിറുത്തി അയാൾ ഇറങ്ങാൻ കാത്തു.  അയാളാകട്ടെ കീശയിൽ നിന്നു പേഴ്സ് തുറന്നു എനിയ്ക്ക് നൽകാനായി പണം തിരയുകയാണ്. ഞാൻ സ്നേഹപൂർവ്വം അയാളുടെ കൈയ്യിൽ പിടിച്ചു ഒന്നും വേണ്ട എന്നു പറഞ്ഞു.

 " ബച്ചാ യെസെ ഹേതോ ഏക്  മിനിറ്റ് "

ഞാൻ ഒന്നു വെയിറ്റ് ചെയ്യാൻ പറഞ്ഞു കൊണ്ട്  അയാൾ ലെഗേജ്കാറിന്റെ സീറ്റിൽ നിന്ന് വേഗം പുറത്തെടുത്തു. നിമിഷനേരം കൊണ്ട് അതിന്റെ കയറുകെട്ടുകൾ അഴിച്ചു അതിൽ നിന്ന് ഒരു  കടലാസ് പൊതി പുറത്തെടുത്തു, അത് തുറന്നു എനിയ്ക്കായി തന്നു.  അയാളുടെ വീട്ടിൽ ഉണ്ടാക്കിയ ഗോതമ്പ് ബിസ്കറ്റുകൾ.  നമ്മുടെ നാട്ടിലെ വെട്ടുകേക്കിന്റെ നിറവും മണവും ഉള്ള ഒരുതരം പലഹാരം. അയാളുടെ ഭാര്യ അയാൾക്കായി പ്രത്യേകം തയാറാക്കിയതാണത്രേ. തന്റെ  ഭർത്താവിനോടുള്ള സ്നേഹവും കരുതലുമൊക്കെ ബിസ്കറ്റുകളിൽ കാണും. അത് ഞാൻ കൈവശപ്പെടുത്തുന്നത് ശരിയാണോ?..പക്ഷെ ഒരു പിതാവിന്റെ വാത്സല്യത്തോടെ തരുന്നതിനെ എങ്ങനെ നിഷേധിക്കും. ഞാൻ വേണ്ട എന്നു എത്ര പറഞ്ഞിട്ടും അയാൾ നിർബന്ധിച്ചു എന്നെ അതേൽപ്പിച്ചു.  പിന്നെ  സലാം പറഞ്ഞു കൈവീശി ആ മനുഷ്യൻ  കെട്ടു ചുമലിലേറ്റി നടവഴിയിലൂടെ ദൂരെ കാണുന്ന ഈന്തപ്പന തോട്ടത്തിലേക്ക് നടന്നു നീങ്ങി.



നെയ്യുടെയും ഗോതമ്പിന്റെയും മണമുള്ള രുചികരമായ ബിസ്കറ്റിന്റെ ഒരു കഷ്ണം ഒടിച്ചു കടിച്ചുകൊണ്ട് അയാൾ കാഴ്ചയിൽ നിന്ന് മറയുന്നതുവരെ ഞാൻ നോക്കി നിന്നു. പിന്നെ കാറുമായി പതിയെ മുമ്പോട്ടു നീങ്ങി. ബിസ്കറ്റിന്റെ ഓർമ്മകൾ ഇപ്പോഴും ചിലപ്പോഴൊക്കെ മനസ്സിലെത്തും, കൂടെ അത് തന്ന  തഴമ്പ് പിടിച്ചു സിമന്റ്മലയുടെ മടക്കുകൾ പോലെയുള്ള പരുപരുത്ത രണ്ടു കൈത്തലങ്ങളും... പ്രവാസിയുടെ കൈകൾ.



ചില ഓർമ്മകളും സമ്മാനങ്ങളും അങ്ങനെയാണ്‌. അപ്രതീക്ഷിതമായി അവ നമ്മുടെ മുമ്പിലെത്തും, അത് കൊടുക്കുന്ന ആളിനേക്കാൾ ലഭിക്കുന്നയാളാണ്  ജീവിതത്തിലുടനീളം അവയെ ഓർമ്മിക്കുന്നത്. ഒരു കുഞ്ഞിനെ താലോലിക്കുന്നതുപോലെ എത്ര തവണയാണ് ജീവിതത്തിൽ ഓർമ്മകളെ നെഞ്ചോടു  ചേർത്ത് നാം ഓമനിക്കുന്നത്.



Search This Blog