എച്ച്മുക്കുട്ടി. തിരുവനന്തപുരത്ത് ജനനം. ഇപ്പോള്‍ താമസിക്കുന്നതും തിരുവനന്തപുരത്ത് തന്നെ. 2009 മുതല്‍ ബ്ലോഗില്‍ സജീവമാണ്. ബ്ലോഗിന്‍റെ പേരു 'എച്മുവോടുലകം'. പല വെബ് പോര്‍ട്ടലുകളിലും മലയാളത്തിലെ വിവിധ ആനുകാലികങ്ങളിലും എഴുതാറുണ്ട്. ബ്ലോഗര്‍മാരുടെ കഥാ സമാഹാരങ്ങളായ മൌനത്തിനപ്പുറത്തേക്ക്, നേരുറവകള്‍, ഭാവാന്തരങ്ങള്‍ എന്നിവയില്‍ കഥകള്‍ വന്നിട്ടുണ്ട് . അമ്മീമ്മക്കഥകള്‍ എന്ന പേരില്‍ സ്വന്തം പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധ്യമം ദിനപ്പത്രത്തില്‍ സ്വകാര്യം എന്നൊരു കോളം കൈകാര്യം ചെയ്തിരുന്നു.
എച്ച്മുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍........
"എന്‍റെ ചെറിയ തല, ചെറിയ ബുദ്ധി , ചെറിയ ആലോചനകള്‍ ഇതുകൊണ്ടൊക്കെയുള്ള ചെറിയ എഴുത്തുകള്‍, ജീവിതം എഴുതിപ്പഠിപ്പിച്ചതിനപ്പുറം യാതൊന്നും അറിയാത്തവള്‍.. അതാണ് ഞാന്‍..."
നവമലയാളി ദ്വൈവാരികയില്‍ വന്ന 'തേവിടിശ്ശിക്കോലങ്ങ'ളുടെ ലിങ്ക്.
"തേവിടിശ്ശി കോലങ്ങള്‍..!. കഥയുടെ കൊഴുപ്പിനായി മിത്തുകളെ കൂട്ട് പിടിക്കാതെ പച്ചയായ ജീവിതങ്ങളെ വായനക്കാര്‍ക്ക് സമ്മാനിക്കുന്ന കഥാകാരിയാണ് എച്മു. എച്മു കഥകളില്‍ പലപ്പോഴും നമുക്കിടയില്‍ ജീവിക്കുന്നവര്‍ തന്നെയാവും കഥാപാത്രങ്ങളായി വരുന്നത്. തേവിടിശ്ശി കോലങ്ങള്‍. കഥയുടെപേര് സൂചിപ്പിക്കുന്നത് പോലെതന്നെ അന്നത്തിനായി അറിഞ്ഞോ അറിയാതെയോ സ്വന്തം ശരീരം വില്‍ക്കേണ്ടി വരികയും പിന്നീട് അത്തരം നീര്‍ക്കയത്തില്‍ നിന്നും കരകയറാന്‍ കഴിയാതെ ജീവിതം തന്നെ ഹോമിക്കേണ്ടിവന്ന ചില കഥാപാത്രങ്ങളിലൂടെയുള്ള സഞ്ചാരമാണ്. തെരുവ് തേവിടിശ്ശികളെ പ്രമേയമാക്കി നിരവധി കഥകളും സിനിമകളും പലഭാഷകളിലുമായി വന്നിട്ടുണ്ട് എന്നതിനാല്‍ കഥാപ്രമേയത്തില്‍ പുതുമ അവകാശപ്പെടാന്‍ കഴിയില്ല, എന്നാല്‍ കഥയെ അവതരിപ്പിച്ച രീതി വായനയെ മടുപ്പിക്കാതെ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. സ്ത്രീപക്ഷത്തോട് ചേര്‍ന്ന് നേര്‍രേഖയില്‍ കൂടി. പൊടിപ്പും തൊങ്ങലുമില്ലാതെ പറഞ്ഞു പോവുന്ന രീതിയാണ് തേവിടിശ്ശി കോലങ്ങള്‍. ഇഷ്ടമില്ലാതെ "തേവിടിശ്ശി" യുടെ കുപ്പായമിടുകയും പിന്നീട് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്യുന്ന കഥാനായികയുടെ മരണത്തിന്‍റെ ദുരൂഹത നീങ്ങുന്ന കഥാന്ത്യത്തിലെ അപ്രതീക്ഷിത ട്വിസ്റ്റ്, തീര്‍ച്ചയായും കഥാന്ത്യത്തിനു ശേഷവും വായനക്കാരില്‍ ചില ചിന്തകളെ ഉണര്‍ത്തും എന്നകാര്യത്തില്‍ സംശയമില്ല." - ഫൈസല്‍ ബാബു.
അവള്‍ എന്നില്‍ ഉയിര്‍ക്കൊണ്ട തിങ്ങനെ:-
( തേവിടിശ്ശിക്കോലങ്ങള്‍ എന്ന കഥയുടെ പിറവിയിലേയ്ക്ക് )
അതൊരു നട്ടുച്ചയായിരുന്നു. നല്ല പൊള്ളുന്ന വേനല്‍ക്കാലം. തമിഴര്‍ കത്ത് രി എന്ന് പറയുന്ന ഉശിരന്‍ അഗ്നിനക്ഷത്രക്കാലം. ട്രെയിന്‍ വിന്‍ഡോക്കപ്പുറത്ത് തവിട്ടു നിറമുള്ള ഉണക്കസസ്യങ്ങള്‍ കഴുത്തൊടിഞ്ഞു വീണു കിടന്നു.
ഞാന്‍ ഒരു മഹാരാഷ്ട്രാ യാത്രകഴിഞ്ഞ് മടങ്ങുകയായിരുന്നു. ട്രെയിന്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന്‍ സമീപിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെ കമ്പാര്‍ട്ടുമെന്‍റില്‍ തിരക്കും നന്നേ കുറഞ്ഞു കഴിഞ്ഞിരുന്നു. അപ്പോഴാണ് ഞാനവളെ ശ്രദ്ധിച്ചത്. അതും പോലീസുകാരന്‍റെ തമിഴിലുള്ള തെറി വിളി എന്‍റെ കാതു പൊട്ടിയ്ക്കും വിധം ഉയര്‍ന്നതുകൊണ്ട് മാത്രം …
ഒരു കൊച്ചുപെണ്ണാണവളെന്ന് എനിക്ക് തോന്നി. എന്നേക്കാള്‍ വയസ്സു കുറഞ്ഞവരുടെ എന്നല്ല മുതിര്‍ന്നവരുടെ പ്രായവും എനിക്ക് അങ്ങനെ മനസ്സിലാക്കാന്‍ കഴിയാറില്ല.
അവള്‍ അയാളോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അപേക്ഷയോ കരച്ചിലോ ആവലാതിയോ പോലെ ദയനീയമായിത്തോന്നി എനിക്കാ ശബ്ദം.
ഞാന്‍ എണീറ്റ് ചെന്നപ്പോള്‍ എനിക്കുറപ്പാണ്, അയാള്‍ ധിറുതിയായി അവളുടെ ശരീരത്തില്‍ നിന്ന് കൈ വലിക്കുകയായിരുന്നുവെന്ന്.. എന്നിട്ട് അയാള്‍ ഒരു വെടലച്ചിരി പാസ്സാക്കി.. എന്നെ അയാള്‍ അവിടെ പ്രതീക്ഷിച്ചില്ല എന്നത് വ്യക്തമായിരുന്നു.
സാധാരണ തറവാടികളും മാന്യകളുമായ പെണ്ണുങ്ങള്‍ പോലീസ് ഒരു പെണ്ണിനെ വഴക്ക് പറയുന്നതു കേട്ടാല്‍ ആ വഴിയ്ക്ക് വരില്ലല്ലോ എന്ന വിചാരമാവാം പോലീസിനുണ്ടായിരുന്നത്. എന്‍റെ ജീന്‍സും ബോബ് ചെയ്ത മുടിയും അയാളെ അല്‍പം അധീരനാക്കിയെന്നത് സത്യമാണ്. അതുകൊണ്ടാവാം "കമോണ്‍ , വാട്ട്സ് ദ പ്രോബ്ലം" എന്ന എന്‍റെ ചോദ്യത്തിനു അയാള്‍ ഉത്തരമൊന്നും തരാതെ അടുത്ത കമ്പാര്‍ട്ട്മെന്‍റിലേക്ക് കടന്നു പോയത്. ഇനി എന്‍റെ ഈ പൊങ്ങച്ചമൊന്നും ഇല്ലെങ്കില്‍ തന്നെ അന്ന് അങ്ങനെ സംഭവിച്ചു എന്നതിനെ ഒരു വെറും ഭാഗ്യം മാത്രമായി കണക്കാക്കാന്‍ ഞാന്‍ തയാറാണ്. കാരണം പോലീസുകാര്‍ക്ക് സ്ത്രീകളോട് ഇടപെടുമ്പോള്‍ എത്ര വൃത്തികെട്ട രീതിയും സ്വീകരിയ്ക്കാനാവുമെന്ന് ഞാന്‍ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. ഞാനും ഒരു വെറും സ്ത്രീ മാത്രമാണല്ലോ.
ആ കൊച്ചു പെണ്ണ് തലയും കുമ്പിട്ട് നില്‍ക്കുകയായിരുന്നു.
ഞാനവളെ എന്‍റെ സീറ്റിലേക്ക് ക്ഷണിച്ചു. അവള്‍ ആദ്യം തല നിഷേധ രൂപത്തില്‍ വിലങ്ങനെ ആട്ടി. ഇനീം പോലീസു വന്നാലോ എന്ന് ചോദിച്ചപ്പോള്‍ അവള്‍ ഒന്നും പറയാതെ എന്‍റൊപ്പം വന്നു. ടിക്കറ്റില്ലേ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്ന് അവള്‍ ഉത്തരം തന്നു. പിന്നെ പോലീസുകാരന്‍ ബഹളം വെച്ചതെന്തിനു എന്ന് ചോദിച്ചപ്പോള്‍ മൌനമായിരുന്നു മറുപടി.
ഞാന്‍ ചോദ്യമാവര്‍ത്തിച്ചു. പൊടുന്നനെ അവളുടെ കവിളുകള്‍ കണ്ണീരില്‍ കുതിര്‍ന്നു.
പോലീസുകാരന് അവളെ പരിചയമുണ്ടത്രെ. അതാണ് അയാള്‍ വിരട്ടിയത്. പരിചയമുണ്ടെങ്കിലും എന്തിനു വിരട്ടണം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ ആ സ്ഥലത്തെപ്പറ്റി എന്നോട് പറഞ്ഞു. അവിടെ പോലീസുകാര്‍ വന്നു പോവുന്നതിനെപ്പറ്റി പറഞ്ഞു. അവിടത്തെ മിസ്സിനെപ്പറ്റി പറഞ്ഞു. കീറിയ ഉറപ്പാക്കറ്റുകള്‍ ചിതറിക്കിടക്കുന്ന കോവണിപ്പടികളെക്കുറിച്ച് പറഞ്ഞു. വാടിയ മുല്ലപ്പൂക്കളുടേയും വിലകുറഞ്ഞ സൌരഭ്യങ്ങളുടെയും മടുപ്പിക്കുന്ന വിയര്‍പ്പിന്‍റെയും ഒരിയ്ക്കലും മാറാത്ത ദുര്‍ഗന്ധത്തെപ്പറ്റി പറഞ്ഞു.
"എനക്ക് പുരുഷാളെ പാത്താലേ വായിലെടുക്ക വരും അക്കാ" എന്നവള്‍ അവസാനിപ്പിച്ചപ്പോള്‍...
ആ സഹനത്തെയും ആ വേദനയേയും ഞാന്‍ അറിഞ്ഞു. അവളിലൂടെ കടന്നു പോയ എണ്ണമില്ലാത്തതും വഴുവഴുത്തതുമായ അറപ്പുകളില്‍ എനിക്കും മനംപുരട്ടി. വൈരൂപ്യങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ എന്നില്‍ ഓക്കാനമായി കവിഞ്ഞു.
ഒരു പുരുഷന്‍റെ അടിയും ഇടിയും ചവിട്ടും തലമുടി പിടിച്ചുലയ്ക്കലും എല്ലാം നിസ്സാരമാണെന്ന് അവള്‍ വിശദീകരിച്ചു. അതുപോലെയല്ല, പല പുരുഷന്മാരുടെ പല ആഗ്രഹങ്ങള്‍ ഒരു നഗ്നശരീരം കൊണ്ട് മാത്രം സാധിപ്പിക്കേണ്ടി വരുന്നത് …
എന്നിട്ടും അവള്‍ എന്നോട് അഭിമാനത്തെപ്പറ്റി സംസാരിക്കുകയായിരുന്നു. അനവധി പ്രാവശ്യം എരിഞ്ഞു ചാമ്പലായിട്ടും ആ ചാരത്തില്‍ നിന്ന് ചിലപ്പോള്‍ അതുണരുമെന്നും അന്നേരം ആ ഇടത്തിനു തീയിടാനും സ്വയം ആ തീയില്‍ വെന്തുരുകാനും തോന്നുമെന്നും പറയുമ്പോള്‍ ആ കണ്ണുകളില്‍ ആളിപ്പടരാന്‍ വെമ്പുന്ന ഒരു ജ്വാല എരിയുന്നത് ഞാന്‍ കണ്ടു...
ആ ജ്വാല കൊണ്ടാണ് തേവിടിശ്ശിക്കോലങ്ങള്‍ ഞാനെഴുതിയത്...'
________________________________________________________________________________________________
തയ്യാറാക്കിയത് :- അന്നൂസ്




