വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!
Showing posts with label ചെറുകഥ. Show all posts
Showing posts with label ചെറുകഥ. Show all posts

പറഞ്ഞതും പറയാത്തതും ..!

കാശത്തിലെ പറവകളെപ്പോലെ നാളെയെന്തന്നറിയാത്ത യാത്രയിലേക്ക് പറന്ന് പറന്നു പോകാൻ കഴിഞ്ഞെങ്കിൽ . എന്നെ ചുറ്റിയുള്ള ബന്ധങ്ങളിൽ നിന്നും കെട്ടുവിടുവിച്ച്പട്ടംപോലെ ഈ കടലിന് മുകളിലൂടെ ദൂരേയ്ക്ക് ദൂരേയ്ക്ക് മറയാൻ കഴിഞ്ഞിരുന്നുവെങ്കിൽ ..! എന്നും പരിഭവങ്ങൾ മാത്രം മൂളുന്ന കാറ്റിനോട് കെട്ടിപ്പിടിച് ഒരു മുത്തം കൊടുത്ത് 'ഞാനും വരാം ' നിൻറെ കൂടെ എന്ന് പാടാൻ കഴിഞ്ഞിരുന്നെങ്കിൽ .!
കടൽ തീരത്ത് കാറ്റുകൊണ്ട് നിൽക്കുമ്പോഴും .. തിരമാലയുടെ ശീൽക്കാരങ്ങളിലെ കുളിരിനുപോലും തൻറെ ശരീരത്തിൽ കുളിരുപകരാൻ കഴിയുന്നില്ല . അത്രയ്ക്കും പൊള്ളുകയാണ് മനസ്സും ശരീരവും .
 മോഹങ്ങളെല്ലാം വെറും പാഴ്കിനാവുകളാവുമ്പോൾ എല്ലാം ശൂന്യം .എല്ലാവർക്കും ഒരു ഭാരമാകുകയാണോ ഞാനെന്ന വേഷം . മീര തൻറെ ജീവിതത്തെ ഒന്നു വിലയിരുത്താൻ ശ്രമിക്കുകയായിരുന്നു .
ജീവിതത്തിൻറെ എല്ലാ തലങ്ങളിലും എന്നും ഞാൻ അന്തർമുഖിയായി സഞ്ചരിക്കുകയായിരുന്നു . എന്നിട്ടും അറിയാൻ കഴിഞ്ഞില്ല എൻറെ വേഷം എന്തായിരുന്നുവെന്ന് . ഞാൻ ആടിത്തീർത്ത പലവേഷങ്ങളിലും വേണ്ടത്ര മികവ് പുലർത്താൻ കഴിഞ്ഞിട്ടില്ല എന്ന് കരുതാം അതായിരിക്കുമല്ലോ ഒരു തെറ്റുകാരിയെപ്പോലെ ഇങ്ങനെ നിൽക്കേണ്ടിവരുന്നത് .
എന്തിനാണ് നീ ജീവിച്ചിരിക്കുന്നത് ..പോയി ചത്തുകൂടെ എന്ന് ഭർത്താവ് പറഞ്ഞ ആ നിമിഷം മുതൽ താൻ ശവമായി മാറുകയായിരുന്നോ ? . ആലോചനകളുടെ കുത്തൊഴുക്കിൽ പിടിച്ചു നില്ക്കാൻ ആവാതെ ഒരു തീരുമാനമെടുക്കാൻ കഴിയാതെ അവൾ നിന്നു .
''ഹായ് മീരാ .. താനെന്താ ഇവിടെ ?''.
മനസ്സിൻറെ മങ്ങലാവാം കണ്മുന്നിൽ നിൽക്കുന്നത് ആരാണെന്നുള്ള ഒരു ബോധം മറഞ്ഞിരുന്നു മീരയ്ക്ക് .

''എടോ താനെന്നെ അറിയില്ലേ .. എന്താ മനസ്സിലാകാത്തതുപോലെ . ഞാൻ വിവേക് ആണ് ''.

''ഓ നീയായിരുന്നോ ? കുറേ നാളുകൾക്കു ശേഷം കണ്ടതുകൊണ്ടാവാം മനസ്സിലാകാതെ പോയത് . തന്നെയുമല്ല ഒന്നും ഓർക്കാൻ ഇഷ്ടപ്പെടാത്തതുപോലെ മനസ്സ് മുഖം മറയ്ക്കുന്നു .''

''ഹോ തൻറെയാ പഴയ സാഹിത്യം ഇപ്പോഴുമുണ്ടോ ? കെട്ടിയോൻ എങ്ങനെ സഹിക്കുന്നു ?.''

''അത് നല്ല കോമഡി ആണല്ലോ .. അപ്പോൾ എല്ലാ ഭർത്താക്കന്മാരും ഇങ്ങനെയാണല്ലേ .. അങ്ങനെയെങ്കിൽ അദ്ദേഹം അഡ്ജസ്റ്റ് ചെയ്യുകയാവും എന്നെ ..''

''കിരൺ വന്നില്ലേ ''.

''ഇല്ല ഞാൻ ഒഫീഷ്യൽ ടൂറിൽ ആണ്.ഇവിടെ വരേണ്ടയൊരു കാര്യം ഉണ്ടായിരുന്നു .''

''ഓഹോ ..അപ്പോൾ പഴയതൊക്കെ ഒന്ന് പൊടി തട്ടിയെടുത്ത് എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാനുള്ള പ്ലാനാണല്ലേ ..എഴുത്തുകളിൽ ഇപ്പോഴും വിപ്ലവം ഉണ്ടോ ?''.

''ഹേയ് എഴുത്തൊക്കെ എന്നെ നിന്നു .. ജീവിതം വലിയൊരെഴുത്തുപുരയായതുകൊണ്ട് അവിടെ എഴുതി തീർക്കാൻ ഒരുപാട് ബാക്കിയാണ് ...പിന്നെ ഇവിടെ ഇങ്ങനെ നിൽക്കുമ്പോൾ എന്തോ ഒരു സുഖം . ഈ കടലിനെ എനിക്കെന്നും ഇഷ്ട്ടമായിരുന്നു . എൻറെ മനസ്സിലുള്ളതെല്ലാം കടലുമായി പങ്കുവെയ്ക്കാറുണ്ട് . ഒരു തരം കുമ്പസാരമെന്നുതന്നെ പറയാം . അതാകുമ്പോൾ ആരും അറിയാതെ തിരയുടെ ഓളങ്ങളിൽ അലയടിച്ച് അങ്ങ് ആഴങ്ങളിലേക്ക് പോകുന്നു .''

''അയ്യോ മതിയെൻറെ സാഹിത്യകാരി .. കോളേജിലെ ആ രണ്ടുവർഷക്കാലം തൻറെ സാഹിത്യം കേട്ട് പെട്ടുപോയവരാണ് എന്നെപ്പോലെയുള്ളവർ .''

വിവേകിൻറെ കളിയാക്കലിൽ അത്ര പുതുമയൊന്നും തോന്നാത്തതുകൊണ്ട് മീര തിരികെ ഒന്നും പറയാതെ നിന്നു .

''താൻ വരുന്നോ വീട്ടിലേക്ക് .. അടുത്ത മാസം പുതിയ ഒരാളുകൂടി ഞങ്ങളുടെ ഇടയിലേക്ക് വരും ''.

'' അതെയോ .. സന്തോഷമുള്ള വാർത്തതന്നെ . പക്ഷേ ഇപ്പോൾ എനിക്ക് വരാൻ കഴിയില്ലെടോ .. ഇനിയൊരിക്കൽ ആവട്ടെ . അന്ന് തൻറെ കുഞ്ഞിനേയും കാണാമല്ലോ .''

''എന്നാൽ ശരി അങ്ങനെയാവട്ടെ . ഞാൻ നിർബന്ധിക്കുന്നില്ല . എൻറെ നമ്പർ അറിയാമല്ലോ . വല്ലപ്പോഴും ഒന്ന് വിളിക്കു സുഹൃത്തേ ''.

''ശരി വിളിക്കാം ''.

വിവേക് പോയിക്കഴിഞ്ഞപ്പോൾ മീരയും തിരികെ റൂമിലേക്ക് പോയി . . കുറേ നേരമായി കിരണിൻറെ ഫോൺ വരുന്നു . വിവേകുമായി സംസാരിച്ചിരുന്നതുകൊണ്ട് എടുക്കാൻ കഴിഞ്ഞില്ല . അവൾ കിരണിനെ വിളിച്ചു .

''മീരാ താൻ ഇതെവിടായിരുന്നു . എത്ര നേരായിട്ട് വിളിക്കുന്നു .''

''ഞാനൊരു മീറ്റിങ്ങിൽ ആയിരുന്നു .അതുകൊണ്ട് എടുക്കാൻ കഴിഞ്ഞില്ല ''.

'' ശരി , ശരി . വേറെന്താ .. നീ ഫുഡ് കഴിച്ചോ ?''.

''കഴിച്ചു . ''

''എന്നാൽ കിടന്നോളു .. നാളെ ഞാൻ സ്റ്റേഷനിൽ എത്താം .''

എന്തു പറ്റി തൻറെ ഭർത്താവിന് പെട്ടന്നൊരു സ്നേഹം .. അതോ അഭിനയമാണോ . താൻ അടുത്തുള്ളപ്പോൾ എപ്പോഴും ഓരോന്ന് പറഞ്ഞു വഴക്കിടുന്ന ആൾക്ക് എന്താ ഇത്ര സ്നേഹം . ജീവിതത്തിൽ നിന്നും ഒഴിവായി തരണമെന്ന് ദിവസത്തിൽ ഒരുവട്ടമെങ്കിലും പറയുന്ന കിരണേട്ടന് താൻ മാറി നിന്ന ഈ നിമിഷങ്ങളിൽ ഒറ്റപ്പെടൽ അനുഭവപ്പെട്ടോ .

ഇത്രയധികം സ്നേഹമായി സംസാരിച്ചിരുന്നു വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ .. അന്ന് ഞാൻ കരുതിയില്ല അദ്ദേഹം ഒന്നുമറിയാതെ സ്നേഹിക്കുകയാണെന്ന് . ഓരോ മാസങ്ങൾ കഴിയുമ്പോഴും എന്നാണ് എനിക്കുള്ള ചോദ്യ ശരങ്ങൾ വരികയെന്നുള്ള ഭയം വല്ലാതെ അലട്ടിയിരുന്നു . അങ്ങനെ മാസങ്ങൾ കടന്നുപോകവേ , ഒരിക്കൽ കിരണിൻറെ അമ്മയുടെ സ്നേഹത്തോടെ ഉള്ള ചോദ്യം വന്നു കഴിഞ്ഞു .' വിവാഹം കഴിഞ്ഞിത്രയും കാലമായില്ലേ ഇതുവരെ കുളി തെറ്റിയില്ലേ ?'... . എന്ത് പറയണമെന്നറിയാതെ വിഷമിച്ചു നിന്ന എന്നെ അന്ന് ''ഞങ്ങൾ ചെറുപ്പമല്ലേ കുറച്ചു നാൾകൂടി കഴിയട്ടെ'' എന്നുപറഞ്ഞു രക്ഷിച്ചത് തൻറെ പ്രിയതമൻ തന്നെ ആയിരുന്നു . അന്ന് ഞാൻ അറിഞ്ഞു അദ്ദേഹം എന്നെക്കുറിച്ചൊന്നുമറിഞ്ഞിട്ടില്ല എന്ന് .

വിപ്ലവത്തിൻറെ മുറകളിൽ തനിക്കേറ്റ മറക്കാനാവാത്ത ക്ഷതമാണ് ഇന്ന് താൻ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് വർഷങ്ങൾ കഴിയുമ്പോൾ എന്നിലെ അമ്മയെ ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു . പക്ഷേ അദ്ദേഹത്തിൻറെ ചോദ്യങ്ങൾക്കുള്ള മറുപടി എന്ത് നൽകണമെന്നറിയില്ലായിരുന്നു . ഒരിക്കൽ 'അമ്മയാകാൻ കഴിയാത്തവളെ എന്തിന് ഞാൻ ചുമക്കണമെന്ന' വാക്കുകൾ എൻറെ ഉള്ളിൽ ഇപ്പോഴും മുഴങ്ങി കേൾക്കുന്നു . മനസ്സുകൊണ്ട് അകന്നുതുടങ്ങിയ ഞങ്ങൾ അന്നുമുതൽ ശരീരം കൊണ്ടും അകന്നു . ഇന്ന് ഞങ്ങൾ രണ്ടു വ്യക്തികൾ മാത്രമാണ് . ജീവിച്ചു തീർക്കണം എന്ന കർമ്മത്തിനെ മുറുകെ പിടിച്ചു മുന്നേറുന്ന രണ്ടു വ്യക്തികൾ അദ്ദേഹത്തിൻറെ കുടുംബത്തിൽ നിന്നും തനിക്ക് ഓരോ ദിവസവും അപമാനം ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും മരിക്കാനുള്ള ഭയമായിരുന്നു ഞാൻ ഇന്നും ജീവിച്ചിരിക്കുന്നതിന് കാരണം .

ഇപ്പോൾ ഞങ്ങൾക്കിടയിൽ മൂകത തളം കെട്ടി നിൽക്കാറുണ്ട് . ഒരു കുഞ്ഞില്ലാത്തതിൻറെ ദുഃഖം അദ്ദേഹത്തെ വല്ലാതെ തളർത്തുന്നു . പ്രസവിക്കാൻ ഇനി തനിക്കാവില്ല നീയൊരു പാഴ്ജന്മാമാണെന്ന് വിളിച്ചു പറയുമ്പോഴും ബീജത്തെ സ്വീകരിക്കാൻ വെമ്പൽ കൊള്ളുന്നു തൻറെ ശൂന്യമായ ഗർഭപാത്രം . ഇനിയൊരു പിറവി നല്കാൻ കഴിയാതെ തകർന്നുപോയ ശരീരഭാഗമാണ് തനിക്കെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ തനിക്കും അദ്ദേഹത്തിനും ഇത്രയധികം വേദനിക്കേണ്ടി വരില്ലായിരുന്നു .

ഞാൻ ആരുമല്ലാതാകുമ്പോഴും എന്നെ ഞാൻ മനസ്സിലാക്കിയ കാലം മുതൽ ആരുമറിയാതെ സ്നേഹിച്ചു വളർത്തുന്ന തനിക്ക് മാത്രം വിധിക്കപ്പെട്ട ആ മുത്തിനെ എങ്ങനെ മറക്കാൻ കഴിയും . എങ്ങനെ വലിച്ചെറിയാൻ കഴിയും . അതിനു തനിക്ക് കഴിയില്ല . എന്തെങ്കിലും തീരുമാനം എടുത്തേ പറ്റു . അവൾ മനസ്സിനെ ശക്തമാക്കാൻ ശ്രമിച്ചു .

പിറ്റേന്നു തന്നെ മീര .. അവളുടെ വളർത്തുമകൾക്കായി സാധനങ്ങൾ വാങ്ങി ഓർഫനേജിലേക്ക് പോയി .

''മദർ എൻറെ മോളെ ഞാൻ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു . അതിനു വേണ്ട നടപടികൾ ചെയ്യുവാൻ കൂടിയാണ് ഞാൻ വന്നത് .''

''ഇത് നല്ല തീരുമാനമാണ് മീര ..നിങ്ങളുടെ ഹസ്ബൻഡ് ഇതിന് സമ്മതിക്കുമോ?''.

''സമ്മതിക്കും .. എല്ലാം അദ്ദേഹത്തിന് അറിയാം . ഒരു കുഞ്ഞിനെ നൽകാൻ ഭാഗ്യമില്ലാത്തവളാണ് ഞാൻ , അതുകൊണ്ട് ഇനി എന്തിന് ഞാൻ കിരണിന് ഒരു ഭാരമാകണം . എനിക്ക് ജീവിക്കാൻ സ്നേഹിക്കാൻ ഇപ്പോൾ ഒരു മോളുണ്ട് . അതുപോലെ അദ്ദേഹത്തിനും ഒരാളുണ്ടാവണം . അത് നൽകാൻ എനിക്കാവില്ല .അതിനാൽ ഞാൻ ആ വേഷം സ്വയം അഴിച്ചുവയ്ക്കാൻ തീരുമാനിച്ചു .''

''അങ്ങനെയല്ല മീര .. താൻ ഒരിക്കലെങ്കിലും കിരണിനെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ ? . ഉണ്ടെന്ന് നിങ്ങൾ പറഞ്ഞാലും ഞാൻ സമ്മതിച്ചു തരില്ല . തൻറെ ഭാര്യക്ക് ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയില്ല എന്നറിയുമ്പോൾ ഏതൊരു ഭർത്താവിനും ഉണ്ടാകുന്ന വികാരങ്ങളെ കിരണിനും ഉണ്ടായിട്ടുള്ളു .''

''ശരിയാവാം. അത് ഞാൻ മനസ്സിലാക്കണ്ടേ മദർ . ഇനിയും അദ്ദേഹത്തെ എൻറെ ജീവിതത്തിൽ ഇട്ടു നരകിപ്പിക്കുന്നത് ശരിയല്ല .''

''തനിക്കറിയുമോ . ഒരുപാട് സ്നേഹമാണ് അയാൾക്ക്‌ തന്നോട് . തൻറെ കുറവിനെ അംഗീകരിച്ചുകൊണ്ട് തന്നെ അയാൾ സ്നേഹിക്കുകയാണ് ഇപ്പോഴും . മീര , താൻ അറിയാതെ അയാൾ തന്നെ പിൻതുടരുന്നുണ്ടായിരുന്നു . എന്നോട് എല്ലാക്കാര്യങ്ങളും അയാൾ പറയാറുണ്ട് . ഇന്ന് തനിക്ക് വേണമെന്ന് പറയുന്ന ആ മോള് അയാൾക്കും പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു .''

മീരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .. പറഞ്ഞും പറയാതെയും , അറിഞ്ഞും അറിയാതെയും ജീവിതത്തിൻറെ ഓരോ വേഷങ്ങൾ മാറുമ്പോൾ .. സത്യം , സ്നേഹം , വിശ്വാസം എന്നത് മനസ്സുകളുടെ വലിപ്പമാണെന്ന് അവൾ അറിഞ്ഞു .

സ്റ്റേഷനിൽ വണ്ടി ഇറങ്ങുമ്പോൾ മീരയ്ക്കായി നിറഞ്ഞ സ്നേഹത്തോടെ അയാൾ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു .





 കല പ്രിയേഷ് (ബ്ലോഗ്‌: സ്നേഹവീണ)

കണ്ണേ,മടങ്ങുക


                    കണ്ണേ,മടങ്ങുക


  സി.വി.തങ്കപ്പന്‍                                                                                ചെറുകഥ                                                                                                                

രണ്ട വെളിച്ചത്തില്‍അവളുടെ അധരദളത്തില്‍
തെളിഞ്ഞുകിടക്കുന്ന ദന്തക്ഷതാചിഹ്നം ഞാന്‍വ്യക്തമായി കണ്ടു.
           അപ്പോള്‍ എന്നില്‍ എന്നത്തേയും പോലെ ............................ പൂര്‍ത്തികരിക്കാനാവാത്ത അസ്വസ്ഥതയുടെ തിരയിളക്കം.
         കുസൃതിനിറഞ്ഞ എന്‍റെ കണ്ണുകള്‍അവളുടെ ഉയരുകയും താഴുകയും ചെയ്യുന്ന സ്തനദ്വയങ്ങളിലൂടിഴഞ്ഞ്ഉറക്കത്തില്‍വസ്ത്രംനീങ്ങിപ്പോയ കണങ്കാലില്‍കൂടി വെളുവെളുത്ത തുടയില്‍വിശ്രമിക്കവേ,
        മോഹിനീരൂപത്തില്‍മോഹംപൂണ്ട ശിവരൂപന്‍റെ കാമദാഹത്തോടെ ഞാനവളുടെ ചാരത്തേക്ക്‌പറ്റിച്ചേര്‍ന്നു.
              അമ്പിളിയെ കാര്‍മേഘം മറയ്ക്കുന്നു!
              എനിക്ക് സ്പര്‍ശിക്കാന്‍ കഴിയാത്ത അകലെ....
              നാഴികകള്‍ക്കും യുഗങ്ങള്‍ക്കും അകലെ.......
              നീ നിദ്രയിലാണ്‌,എന്‍റെ അരികെ.....
        വിറയാര്‍ന്ന കരത്തോടെ ഞാന്‍അവളുടെ മുഖം മറയ്ക്കുന്ന അളകങ്ങളെ അരുമയോടെ മാടിയൊതുക്കി.
             എനിക്ക് സഹിച്ചുകൂടാ....!
             അവളുടെ ചുണ്ടില്‍തേരട്ട.
             റോസാദളങ്ങളില്‍ഇഴയുന്ന ചാണകപ്പുഴു.
             എന്‍റെ ചുണ്ടുകള്‍......
           അവള്‍മെല്ലെ കണ്ണുതുറന്നു.
"ചേട്ടനുര്‍ന്നോ? നേരംവെളുക്കാറായെന്നു തോന്നുണു..."അവളുടെ ചുണ്ടില്‍ സ്വതസിദ്ധമായ പുഞ്ചിരി  നൃത്തംവയ്ക്കുന്നു.
               "മോളേ".  എഴുന്നേല്‍ക്കാന്‍ഒരുങ്ങുന്ന അവളെ ഞാന്‍ എന്‍റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു.ഗാഢമായി കെട്ടിപ്പുണര്‍ന്നു.
"ഹോ! എന്തൊരു കൊതി" കൊഞ്ചലോടെ അവളെന്‍റെ ഉടലില്‍ ഒട്ടിച്ചേര്‍ന്നു.
       ഉല്‍ക്കടമായ അഭിവാഞ്ഛയോടെ അവളിലേക്ക്‌പടര്‍ന്നുകയറുമ്പോള്‍ ഞാന്‍ ഞെട്ടുന്നു:  എന്‍റെ വൈകൃതങ്ങളും,വൈരൂപ്യവും നിന്നിലേക്ക്‌വ്യാപരിക്കുകയാണെന്ന് ഞാന്‍ഭയപ്പെടുന്നു!
      അന്ധകാരത്തില്‍ പുരുഷത്വം നിര്‍വീര്യമാകുന്നു!                                         
         നിര്‍വികാരതയുടെ മരവിപ്പ് നാഡികളില്‍....
   വെളിച്ചമന്വേഷിച്ച് കറങ്ങിയിരുന്ന ഏതോ ശല്യക്കാരനായ
 പ്രാണി എന്‍റെ മുഖത്തുവന്നടിച്ചു..ഞാന്‍ദേഷ്യത്തോടെ അതിനെ തട്ടിത്തെറിപ്പിച്ചു.
നിര്‍ദ്ദാക്ഷിണ്യമായ ആ അടിയില്‍ അതിന്‍റെ അന്ത്യവും അഗ്നിയില്ലാതെ
നടന്നുകാണും.
അവളുടെ മുടിയിഴകള്‍ എന്നിലേക്ക്‌ ഇഴഞ്ഞുകയറിയിരുന്ന സര്‍പ്പങ്ങള്‍. അവ മെല്ലെമെല്ലെ പത്തിതാഴ്ത്തി ഇഴഞ്ഞുപോകുകയാണെന്നറിഞ്ഞപ്പോള്‍ ആശ്വാസം ഒരു കുളിര്‍കാറ്റായി എന്നെ പൊതിഞ്ഞു.
           തലയുയര്‍ത്തി നോക്കാന്‍കഴിയാത്ത നിമിഷം!
            ആത്മനിന്ദ....
അവള്‍മുറിവിട്ടുപോയപ്പോള്‍ ഞാന്‍‍ കിടക്കയില്‍നിന്നും എഴുന്നേറ്റു.
            ലൈറ്റിട്ടു.
ട്യൂബ്‌ലൈറ്റിന്‍റെ പ്രകാശധാരയില്‍എന്‍റെ രൂപം ഒരു പേക്കോലംപോലെ സേഫ് മിററില്‍പ്രതിബിംബിച്ചു.
            കാലം എന്നില്‍വരുത്തിയ മാറ്റം!.
             വെള്ളിക്കമ്പികള്‍പാകിയത്തല
             താരതമ്യംചെയ്തപ്പോള്‍.............
            എരിയുന്ന അഗ്നികുണ്ഡത്തിലെ പുകഞ്ഞുനീറുന്ന കരിഞ്ഞ കൊള്ളി!
            എനിക്ക് കത്തിപ്പടരാന്‍ കഴിയുന്നില്ല!!
            വികാരശൂന്യനായി കണ്ണാടിയിലെ പ്രതിച്ഛായ നോക്കി നിശ്ചേതനായി ഞാന്‍നിന്നു.
              അപ്പോള്‍..............
 എന്‍റെ മുഖത്തിന് രൂപവ്യത്യാസം വരുന്നു......
               എന്‍റെ ചുറ്റും കണ്ണാടി..
                ദര്‍പ്പണവൃത്തത്തില്‍ബന്ധിതനായ ഞാന്‍.                                   .  വിചിത്രാനനങ്ങളുടെ,പരിചിതാപരിചിതവദനങ്ങളുടെ സമ്മോഹനസമ്മേളനം.
സഹസ്രങ്ങളുടെ തിരക്കില്‍പ്പെട്ട് കോടിപ്പോയ മുഖങ്ങളുള്ള ഞാന്‍.
സപ്തനിറഭേദങ്ങള്‍ എന്‍റെ മുഖത്ത് മാരിവില്ല് സൃഷ്ടിക്കുന്നു.
കണ്ണാടിക്കൂട്ടിലെ ചില്ലുകള്‍തകര്‍ത്ത് പുറത്തുവരാന്‍അശക്തനായ ഞാന്‍‍.
തരംഗങ്ങളായി മാറ്റൊലികളായി എന്‍റെ മുഖത്തിന് വിചിത്രമായ മാറ്റങ്ങള്‍.
              എന്‍റെ മുഖം.
              വര്‍ണ്ണങ്ങള്‍
              തരംഗങ്ങള്‍
              മാറ്റൊലികള്‍
              താളമേളങ്ങള്‍താളമേളങ്ങള്‍...
              എവിടെനിന്ന്?!എവിടെനിന്ന്!!!
        പാശ്ചാത്യസംഗീതത്തിന്‍റെകര്‍ണ്ണാനന്ദകരമായനാദത്തില്‍..                              താളമേളത്തില്‍.....
              മദിരയുടെ മദോന്മത്തലഹരിയില്‍....
              മദിരാക്ഷികളുടെ മദഭരിതവീക്ഷണക്ഷണത്തിന്‍റെ മദ്ധ്യത്തില്‍.....
സ്വര്‍ഗ്ഗം പോലും വില്പനക്കെടുക്കാന്‍കെല്പുണ്ടെന്നഹങ്കരിച്ച ഞാന്‍ ഇയ്യിടെ കെട്ടിയ പെണ്ണിന്‍റെ മുമ്പില്‍നല്ലവനാകാന്‍ സ്വര്‍ഗ്ഗീയസുഖങ്ങളും,ശീലങ്ങളും ഉപേക്ഷിച്ച്..........
                ഇപ്പോള്‍ഷണ്ഡനെപ്പോലെ
                ഛേ!മോശം.
               തോല്ക്കാന്‍ എനിക്ക് മനസ്സില്ലാ....
     എന്‍റെ ശക്തിയും,വീര്യവും എനിക്ക് വീണ്ടെടുക്കണം.
                    
നിശ്ചയദാര്‍ഢ്യത്തോടെ ഞാന്‍ സ്റ്റോര്‍റൂമിലേക്ക് പ്രവേശിച്ചു.                       രഹസ്യഅറയിലെ അമൂല്യാമൃതം ആര്‍ത്തിയോടെ മോന്തി.
              ഇടതടവില്ലാതെ..
              മതിവരുവോളം...
          പിന്നെ ഒരു ചാരന്‍റെ സൂക്ഷ്മതയോടെ ബെഡ്ഡില്‍......              എന്നിലേക്ക്‌ശക്തിയും,പ്രസരിപ്പുംപാഞ്ഞുകയറുയാണ്,                              വിദ്യുല്‍കാന്തികതരംഗങ്ങളായി...
       അച്ഛാ, അച്ഛന്‍റെ പ്രശസ്തി വാനോളമുയര്‍ത്താന്‍ കെല്പുള്ള       മകനായി തീര്‍ന്നു ഇന്നു ഞാന്‍....
         അച്ഛന്‍റെ സ്വത്തിന് ഏകാവകാശിയായ ഈ മകന്‍........                ലോകമെമ്പാടുമുള്ള ബിസ്സിനസ്സ്സാമ്രാജ്യങ്ങള്‍എന്‍റെകുടക്കീഴില്‍.
          എങ്കിലും എങ്കിലും...
         എനിക്ക് സഹിക്കുന്നില്ലല്ലോ......
              ഹോ!
       എന്‍റെ അച്ഛനും,അമ്മയും,അനുജനും,അനുജത്തിയും .......
       ഹാാ......ആ ദുരന്തത്തില്‍........
ഞാന്‍‍വിങ്ങിപ്പൊട്ടി. അത്യധികമായ ആത്മസംഘര്‍ഷത്തോടെ ഞാന്‍വേച്ചുവേച്ച്‌ ബെഡ്ഡില്‍നിന്നും എഴുന്നേറ്റു.
   അന്നേരം എന്‍റെ ശത്രു  നേരെ മുന്നില്‍......                             എന്‍റെ ദൌര്‍ബല്യങ്ങള്‍അതേപടി അബോധമണ്ഡലത്തില്‍പകര്‍ത്താന്‍ കാരണഭൂതനായ  പ്രതിയോഗി.ഞാന്‍സ്വരൂപിക്കുന്ന ശക്തിയുടെ പ്രവാഹം അബോധമനസ്സില്‍പടുത്തുയര്‍ത്തിയ മണല്‍ഭിത്തി ഭേദിച്ച് ഉപയോഗശൂന്യമായി ഒലിച്ചുപോകുന്നു.
               നീ എന്‍റെ ശത്രുവാണ്
               എന്‍റെ ജീവിതം നരകതുല്യമാക്കിയ ശത്രു.
             എന്നില്‍കോപം ഇരച്ചുകയറി.
             വിവരണാതീതമായൊരു കലിബാധ എന്നില്‍ആവേശിച്ചു.
             എന്‍റെചുരുട്ടിയ മുഷ്ടി ഊക്കോടെ ശത്രുവിന്‍റെ മേല്‍പ്പതിച്ചു.
             രക്തം ചീറ്റിയൊഴുകി......
             ചില്ലുകള്‍അടര്‍ന്നുവീണു.
ഞാന്‍മുഖമില്ലാത്തവനായി.
എന്‍റെ രൂപം അസത്യമായി                                                                                             
               എന്‍റെ പുനര്‍ജ്ജന്മം
               കൈയില്‍ചോര ! ദേഹമാസകലം ചോര!!                                          
നിണത്തില്‍കുളിച്ച് സംശുദ്ധീകരിക്കപ്പെട്ട് പുനര്‍ജ്ജനിച്ചിരിക്കുന്ന ഞാന്‍!!!
 പതിഞ്ഞ കാല്‍വെപ്പുകളോടെ,ഇടറുന്ന കാലടിയോടെ ബാത്തുറൂമിന്‍റെ അടുത്തേക്ക് നടന്നു.,
ഷവര്‍ബാത്തില്‍നിന്നും വെള്ളം വീഴുന്ന സുഖകരമായ നാദം..
 തരിക്കുന്ന കരത്താല്‍വാതിലില്‍മുട്ടി."വാതില്‍തുറക്ക്‌"
              'ദാ വരുന്നു"
ഞാന്‍അക്ഷമയോടെ വീണ്ടും ഊക്കോടെ മുട്ടി.
               "ദാ കഴിഞ്ഞൂന്നെ"അവള്‍വെപ്രാളപ്പെടുന്നതുപ്പോലെ തോന്നി.
          "കഴിയേണ്ട,തുറക്കാനാ പറഞ്ഞത്"എന്‍റെ ശബ്ദത്തില്‍ചെകുത്താന്‍കുടിയേറിയിരിക്കുന്നു!!!
അവള്‍വാതില്‍പാതിതുറക്കവേ;ഞാന്‍വാതില്‍പ്പാളി ബലമായി തള്ളിത്തുറന്ന് അകത്തുകയറി ഡോര്‍അടച്ചുകുറ്റിയിട്ടു.
          അവള്‍ടര്‍ക്കിടവല്‍കൊണ്ട് ദേഹം മറച്ചിരുന്നു.
അവളെ ഞാന്‍രാക്ഷസീയമായ  ആവേശത്തോടെ വാരിപ്പുണര്‍ന്നു.വിടര്‍ന്നച്ചുണ്ടില്‍ആര്‍ത്തിയോടെ ചുംബിച്ചു..
"എന്താണിത്?!വീണ്ടും തുട...."തുടരാന്‍‍അനുവദിക്കാതെ അവളുടെ കീഴ്ചുണ്ട് എന്‍റെ പല്ലിനടിയിലേക്ക് ഞെരിച്ചമര്‍ത്തി.
അവള്‍കിടന്നു പുളഞ്ഞു.  കുതറി രക്ഷപ്പെടാന്‍ശ്രമിച്ചു.
ഇരയെ കൈയില്‍കിട്ടിയ കാട്ടുമൃഗത്തിന്‍റെ ക്രൌര്യത എന്നില്‍ആവേശിച്ചുകഴിഞ്ഞിരുന്നു.
           കുതറിമാറാന്‍ നീ  നോക്കേണ്ട.നിന്‍റെ വേദനയാണ് എന്‍റെ ആനന്ദം!
            വിടില്ല  വിടില്ല.
     കീഴടങ്ങാത്ത അവളെ ഞാന്‍ബലപ്രയോഗത്തിലൂടെ തറയിലേക്ക്‌തട്ടിയിട്ടു.
വിശന്ന സിംഹത്തിന്‍റെ ആര്‍ത്തിയോടെ ഞാന്‍അവളിലേയ്ക്കമര്‍ന്നു.
        വിഭ്രാത്മകമായ ഉന്മാദാവസ്ഥയിലും,അബോധാവസ്ഥയിലും അടിമപ്പെട്ടുപോയിരുന്ന ഞാന്‍ഒടുവില്‍ തളര്‍ന്നുവീണു.

ആ വീഴ്ചയില്‍എനിക്ക് ആനന്ദമുണ്ടായി.
                               
          ഞാന്‍വിശ്വജേതാവായിരിക്കുന്നു..
          വായില്‍ചോരയുടെ ചവര്‍പ്പ്.
          വിരല്‍കൊണ്ട് തൊട്ടുനോക്കിയപ്പോള്‍ചോര!
          അവളുടെ ചുണ്ടില്‍നിന്നും ചോര ഒഴുകുന്നു.
ഞാന്‍പരിഭ്രമത്തോടെ അവളെ കുലുക്കീവിളിച്ചു.
          ചലനമില്ല......ഹേ!ചലനമില്ല.
അപ്പോള്‍കണ്ടു:  കഴുത്തൊടിഞ്ഞുമടങ്ങിക്കിടക്കുന്ന അവളുടെ തലയ്ക്കുപിന്നിലൂടെചോരപ്പുഴ ഒഴുകയാണ്‌...

  =================================================================                        ====================================================================                                                                      

വാർത്ത / അന്വേഷണം / സത്യം ( ചെറു കഥ )


PART 1 :: വാർത്ത -
മുൻപത്തെ ദിവസം രാത്രിയിലെ വെള്ളമടി പാർട്ടിയുടെ ഹാങ്ങ്‌ ഓവർ കാരണം , രാവിലെ പതിനൊന്നു മണിക്ക് എങ്ങനെയൊക്കെയോ ഒന്ന് തലയും പൊക്കി , എന്നത്തേയും പതിവ് പോലെ പല്ല് തേക്കാതെയുള്ള , കട്ടൻ കാപ്പിയുമായി പത്രം വായന തുടരവെയാണ് , പ്രാദേശിക വാർത്താ പേജിലെ , ആ ചെറിയ ഫോട്ടോയും വാർത്തയും എന്റെ ശ്രദ്ധയിൽ പെട്ടത് ;

പത്ര വാർത്തയിലെ പ്രസക്ത ഭാഗം ::
" പുലർച്ചെ രണ്ടു മണിയോടെ സഹപാഠിയുടെ വീട്ടിൽ നിന്നും കമ്പയിൻ സ്റ്റഡി കഴിഞ്ഞു വീട്ടിലേക്കു വരവെയാണ് ടിന്റു ജേക്കബ് ആക്രമിക്കപ്പെട്ടത്. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. കോളേജിലെ സജീവ രാഷ്ട്രീയ പ്രവർത്തനവും , പ്രാദേശിക പ്രശ്നങ്ങളിലെ സജീവ ഇടപെടലുകളും കൊണ്ട് ശ്രദ്ധേയനായ ടിന്റുവിനെ ആകമിച്ചതിനു പിന്നില്‍ , സ്ഥലത്തെ ചില  രാഷ്ട്രീയ , മതസംഘടനകളെ സംശയിക്കുന്നതായി പോലീസ് അറിയിച്ചു ."

ഞാൻ കണ്ണുകൾ തിരുമ്മി വീണ്ടും രണ്ടു മൂന്നു വട്ടം വാർത്തയും ഫോട്ടോയും മാറി മാറി വായിച്ചു . സ്ഥലം , പേര് , ലക്ഷണം , ഫോട്ടോ എല്ലാം അവന്റെ തന്നെ , ടിന്റു ജേക്കബ്.!പക്ഷെ , ഈ പ്രശ്നത്തിന്റെ അതി ഗൌരവം അതല്ല. ഇന്നലത്തെ പാർട്ടിയും കഴിഞ്ഞു , രാത്രി പതിനൊന്നരക്കു എന്റെ ബൈക്കിൽ ഞാൻ വീട്ടിൽ കൊണ്ട് വിട്ട , അടിച്ചു ഫിറ്റായ ടിന്റു ജേക്കബ്, ഈ വാർത്തയിൽ പറയും പോലെ എങ്ങനെ പുലർച്ചെ രണ്ടു മണിക്ക്  സഹപാഠിയുടെ വീട്ടിൽ നിന്നും കമ്പയിൻ സ്റ്റഡി കഴിഞ്ഞു വീട്ടിലേക്കു വന്നു !! അതിലും പ്രധാനമായി , ആർക്കും പ്രത്യേകിച്ച് ഒരു ഉപയോഗവും , ഉപദ്രവവും ഇല്ലാത്ത ഇവനെയാര് ആക്രമിക്കാൻ !!! ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങളുമായി , സത്യം എന്തെന്നറിയാനുള്ള ആകാംഷയോടെ , അമ്മയോട് കരഞ്ഞു വാങ്ങിയ കാശിനു കുറച്ചു ആപ്പിളുമായി, കൂടുതൽ അന്വേഷണത്തിനായി ഞാൻ ആശുപത്രിയിലേക്ക് ...

PART 2 :: അന്വേഷണം -
ആശുപത്രിയിൽ ടിന്റുവിന്റെ റൂമിലേക്ക്‌ അടുക്കാനെ പറ്റുന്നില്ല . മുറിക്കു പുറത്തു പോലീസ്, സ്ഥലത്തെ ചില രാഷ്ട്രീയക്കാരു , ബന്ധുക്കൾ , അയൽക്കാര് , കൂട്ടുകാര് എന്ന് വേണ്ട , ഇന്നലെ വരെ ആരും തിരിഞ്ഞു നോക്കാത്ത അവനെ കാണാൻ ഇന്ന് വലിയ ജനക്കൂട്ടം ! ധീരനായ സഖാവ് ടിന്റുവിനു നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ചു , അവന്റെ പഞ്ചായത്തിൽ ഇന്ന് LDF ഹർത്താലും നടന്നു. ആളുകളോട് കാര്യങ്ങൾ വിശദീകരിച്ചു നിന്ന ടിന്റുവിന്റെ അപ്പൻ , 'എന്താണ് ജേക്കബ്‌ അങ്കിൾ കാര്യം' എന്ന് അന്വേഷിച്ച എന്നോടും ആ ഭയങ്കര സംഭവം വിവരിച്ചു ;

അങ്കിൾ പറഞ്ഞതിലെ പ്രസക്ത ഭാഗം ::
" എന്ത് പറയാൻ ആണ് മോനെ , ഒരു രണ്ടു മണിയോടെ ആരൊക്കെയോ മതില് ചാടുന്ന വലിയ ശബ്ദവും പിന്നെ ടിന്റുവിന്റെ നിലവിളിയും ! ഞാൻ ഓടി കതകു തുറന്നു നോക്കുമ്പോൾ മുറ്റത്ത്‌ ചോരയിൽ കിടക്കയാണ് അവൻ !! അക്രമികൾ ഉപയോഗിച്ച കല്ലും അടുത്ത് ഉണ്ടായിരുന്നു . അവരു രണ്ടു മൂന്നു പേര് ഉണ്ടായിരുന്നു . ഞാൻ  എത്തുമ്പോഴേക്കും അവര് ഓടിയതിനാൽ ആളുകളെ കണ്ടില്ല "


ഇപ്പോൾ ഞാൻ കൂടുതൽ വട്ടായി ! അങ്കിൾ പറയുന്നത് വിശ്വസനീയമായ സാക്ഷി മൊഴിയാണ് . പത്ര വാർത്തയിലെ അതി  ഭാവുകത്വങ്ങളായ ഗുരുതരാവസ്ഥ , രാഷ്ട്രിയം , മതം ഇതൊന്നും ഇപ്പോൾ ഇല്ല . എങ്കിലും സത്യം ഇപ്പോഴും അവ്യക്തമാണ് , രാത്രി പതിനൊന്നരക്കു ഞാൻ എന്റെ ബൈക്കിൽ വീട്ടിൽ കൊണ്ട് വിട്ട , അടിച്ചു പൂസായ ടിന്റു , എങ്ങനെ എപ്പോൾ എന്തിനു , രണ്ടു മണിക്ക് ആക്രമിക്കപ്പെട്ടു ! അവൻ രണ്ടു മണിക്ക് എവിടെനിന്നും വരുകയായിരുന്നു !! ഇവനെയാര് ആക്രമിക്കാൻ !!! ഒളിഞ്ഞിരിക്കുന്ന ബാക്കി സത്യങ്ങളുടെ പൊരുൾ തേടി , ഞാൻ ആപ്പിൾ പൊതിയുമായി, ആരും കാണാതെ  ടിന്റുവിന്റെ മുറിയിലേക്ക് ...

PART 3 :: സത്യം -
മുറിയിലേക്ക് കടന്ന എന്നെ കണ്ടതും ടിന്റു കയ്യിലെ അപ്പിൾ പൊതി പിടിച്ചു വാങ്ങി സൈഡിൽ വെച്ച് , എന്നോട് വേഗം വാതിൽ കുറ്റിയിട്ടു , കട്ടിലിൽ അരികിലിരിക്കാൻ പറഞ്ഞു . കട്ടിലിൽ ചാരി കിടന്നു , മുഖത്തെ പ്ലസ്റ്റെർ ചുരുളുകൾക്ക് ഇടയിലൂടെ  അവൻ എന്നോട് ആ വലിയ സത്യത്തിന്റെ ചുരുളഴിച്ചു ;

ടിന്റു പറഞ്ഞ സത്യത്തിലെ പ്രസക്ത ഭാഗം ::
" എന്റെ അളിയോ ! നീ എന്നെ രാത്രി വീട്ടിൽ ഇറക്കി പോയ ശേഷം , കെട്ടൊന്നു ഇറങ്ങട്ടെ എന്നും പറഞ്ഞു കുറച്ചു നേരം വീടിന്റെ ടെറസിൽ പോയിരുന്നതാണ് . കാറ്റടിച്ചു അവിടെ കിടന്നുറങ്ങി പോയി . ഇടയ്ക്കെപ്പോഴോ മൂത്രം ഒഴിക്കാൻ മുട്ടി എഴുന്നേറ്റപ്പോൾ ഞാൻ എന്റെ ബെഡ് റൂമിൽ ആണെന്ന് കരുതി ബാത്ത് റൂമിലേക്ക്‌  നടന്നതാണ് !!! പിന്നെ ടെറസിൽ നിന്നും വലിയ ശബ്ധത്തിൽ ഞാൻ താഴെ വീണു , വീടിനു മുന്പിലെ ഏതോ കല്ലിൽ മുഖമടിച്ചു കിടക്കുമ്പോൾ , വാതിൽ തുറന്നു അപ്പൻ ഒറ്റ നിലവിളിയായിരുന്നു , ആരാടാ നിന്നെ തല്ലിയതെന്നു ! ആരാന്നു കണ്ടില്ല , രണ്ടു മൂന്നു പേരുണ്ടെന്ന്, അപ്പോൾ പെട്ടെന്ന് കള്ളം പറഞ്ഞതെ പിന്നെയെനിക്ക്‌ ഓർമയുള്ളൂ... "

പുറത്തെ പുകിലൊന്നും അറിയാതെ കട്ടിലിൽ കിടക്കുന്ന അവനോടു നല്ലോണം റസ്റ്റ്‌  എടുക്കാൻ പറഞ്ഞു , ഞാൻ ആ ആശ്പത്രി മുറി വിടുമ്പോൾ ,  ഒരു വാർത്തയുടെ എങ്കിലും പിന്നിലെ യഥാർത്ഥ സത്യം അറിയാൻ കഴിഞ്ഞ എന്റെ അപൂർവ മഹാ ഭാഗ്യമോർത്തു ഞാൻ സന്തോഷിച്ചു.






--: ഷഹീം അയിക്കര്‍

കങ്കണരേഖ (ചെറുകഥ ) - ചിന്താക്രാന്തന്‍

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 

നേരം പുലരുന്നെ ഉണ്ടായിരുന്നുള്ളൂ .സൂര്യകിരണങ്ങള്‍ ഭൂമിയിലേക്ക്‌ പ്രകാശിപ്പിക്കാന്‍ സജ്ജമാകുന്നു .മഞ്ഞുകണങ്ങള്‍ സൂര്യതാപം ഏറ്റു ഉരുകിത്തീരാന്‍ ഇനി ഏതാനും സമയം മാത്രം .അന്തരീക്ഷം  മൂടല്‍മഞ്ഞിനാല്‍ ദൂര കാഴ്ചകള്‍ മറയ്ക്കുന്നു .പ്രവാസിയായ ഇസ്മായിലിന്‍റെ മുക്രിയായ  വാപ്പ ഫജര്‍ നിസ്കാരത്തിന് വീട്ടില്‍ നിന്നും ഏതാണ്ട് അരകിലോമീറ്റര്‍ ദൂരമുള്ള മസ്ജിദില്‍ പോയി തിരികെയെത്തി നേരെ   ഇസ്മായിലിന്‍റെ മക്കള്‍ കിടക്കുന്ന മുറിയിലേക്ക് തിടുക്കത്തില്‍  നടന്നു .ഇസ്മായിലിന് ഒന്‍പതും ആറും വയസ്സായ  രണ്ടു പെണ്‍കുട്ടികളും , മൂന്നു വയസ്സുള്ള  ഒരു ആണ്‍കുട്ടിയുമുണ്ട്.പെണ്‍കുട്ടികളെ   പതിവായി മദ്രസ്സയിലേക്ക് പറഞ്ഞയക്കുവാനായി വിളിച്ചുണര്‍ത്തുന്നതും. മദ്രസ്സയില്‍ കൊണ്ടാക്കുന്നതും  ഇസ്മയിലിന്‍റെ വാപ്പയാണ്. ഇസ്മയിലിന്‍റെ ഭാര്യ മുംതാസ് മക്കളെ വിളിച്ചുണര്‍ത്തിയാല്‍ മക്കള്‍ വീണ്ടും മടിപിടിച്ച്  മെത്തയില്‍ തന്നെ കിടക്കും.അതുകൊണ്ടുതന്നെയാണ്  മക്കളെ വിളിച്ചുണര്‍ത്തുന്ന ജോലി മുംതാസ് വാപ്പയെ  ഏല്പിച്ചത് .വാപ്പ വിളിച്ചാല്‍ മക്കള്‍ സടകുടഞ്ഞു എഴുന്നേല്‍ക്കും .വാപ്പ മുറിയില്‍ കടന്നപ്പോള്‍ പെണ്‍കുട്ടികള്‍ പുതപ്പിനുള്ളില്‍ തണുപ്പിനാല്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു .വിളിച്ചപ്പോള്‍ രണ്ടുപേരും   അല്‍പം മടിയോടെ എഴുന്നേല്‍ക്കുവാന്‍ വൈമുഖ്യം പ്രകടിപ്പിച്ചുകൊണ്ട് തിരിഞ്ഞു കിടന്നു .ഒച്ചവെച്ചു വിളിച്ചപ്പോള്‍ രണ്ടു പേരും മെത്തയില്‍ നിന്നും എഴുന്നേറ്റ് മുറിയില്‍ നിന്നും പുറത്തേക്ക് ഓടി .അപ്പോള്‍ തറയില്‍ വിരിച്ച പായയിലെ റബ്ബര്‍ ഷീറ്റില്‍ സുഖനിദ്രയിലായിരുന്നു ഇസ്മായിലിന്‍റെ മകന്‍ .അയാള്‍ നിലത്ത് കുനിഞ്ഞിരുന്ന്  കുഞ്ഞിന്‍റെ മുടിയിഴകളിലൂടെ വിരലുകളോടിച്ച്  നെറ്റിയില്‍ ചുംബനം നല്‍കി മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി .

നാട്ടില്‍ മഞ്ഞുകാലമാണെങ്കിലും സൌദിഅറേബ്യയിലെ  റിയാദില്‍ താപനില ഉയര്‍ന്നിരുന്നു .ഇസ്മായില്‍ നാട്ടില്‍ പോയിവന്നിട്ട്‌ രണ്ടുമാസം കഴിഞ്ഞിരിക്കുന്നു .മുപ്പത്തിയാറ് വയസായ അയാള്‍  ഡ്രൈവര്‍ ജോലി ചെയ്യുവാന്‍ തുടങ്ങിയിട്ട് വര്‍ഷം പതിനഞ്ചു കഴിഞ്ഞു .പ്രതീക്ഷകളോടെ സ്വപ്നങ്ങളുടെ ഭാണ്ഡകെട്ടുമായി മണലാരണ്യത്തില്‍ കാലുകുത്തിയ ഇസ്മായിലിന്‍റെ സ്വപ്നങ്ങളുടെ ഭാണ്ഡകെട്ടിലെ പൂവണിയാത്ത സ്വപ്നങ്ങള്‍ ഇപ്പോഴും അതേപടി നില കൊള്ളുന്നു എന്നതാണ് വാസ്തവം .ഈ പതിനഞ്ചു വര്‍ഷക്കാലയളവില്‍ കുടുംബം പട്ടിണിയില്ലാതെ ജീവിച്ചുപോന്നു .രണ്ട് സഹോദരിമാരെ തരക്കേടില്ലാതെ വിവാഹം ചെയ്തയച്ചു.പഴയ വീട് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പൊളിച്ച് മൂന്ന് കിടപ്പ് മുറികളുള്ള വാര്‍ക്ക വീടിന്‍റെ പണികള്‍ തുടങ്ങി വെച്ചു .വീടിന്‍റെ പണികള്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല .മേല്‍കൂരയുടെ വാര്‍ക്ക പണി കഴിഞ്ഞ്  കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ വീടിന് അകത്തെ ചുമരുകള്‍ തേയ്ക്കുകയും നിലം മുസൈക്ക് ഇടുകയും ചെയ്ത് പുതിയ വീട്ടിലേക്ക് താമസം മാറുകയായിരുന്നു .നാട്ടില്‍ പോകുമ്പോള്‍ അയാള്‍ ഏതാനും സുഹൃത്തുക്കളില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചിട്ടുണ്ട് .കടം വാങ്ങുവാന്‍ ഇഷ്ടമില്ലാത്ത അയാള്‍ എങ്ങിനെയെങ്കിലും വീടിന്‍റെ പണികള്‍ തീര്‍ക്കുവാനായി മാത്രമാണ് പലരില്‍ നിന്നും കടം വാങ്ങിയത് .എന്നിട്ടും രൂപ തികയാതെ വന്നപ്പോള്‍ മുംതാസിന്‍റെ അവശേഷിക്കുന്ന സ്വര്‍ണ്ണ പണ്ടങ്ങള്‍  പണയംവച്ചു .ഈയിടെ അയാള്‍ തന്‍റെ ആരോഗ്യകരമായ കാലങ്ങള്‍ മണലാരണ്യത്തില്‍ മെഴുകുതിരിയുടെ അവസ്ഥയെ പോലെ മറ്റുള്ളവര്‍ക്ക് പ്രകാശമേകികൊണ്ട് സ്വയം  ഉരുകി തീരുന്നതില്‍   അതീവ ദുഖിതനായിരുന്നു .

വാപ്പ മദ്രസ്സയില്‍ നിന്നും അദ്ധ്യാപനം കഴിഞ്ഞ് ഇസ്മയിലിന്‍റെ രണ്ടു മക്കളേയും കൂട്ടി തിടുക്കത്തില്‍ വീട്ടിലേക്ക് നടന്നു .മക്കള്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിക്കുന്നത് ഇസ്മായിലിന്‍റെ ഏറ്റവുംവലിയ ആഗ്രഹം മക്കള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസം നല്‍കുക എന്നതാണ്. അതുകൊണ്ടുതന്നെയാണ് ഉന്നതരുടെ മക്കള്‍ പഠിക്കുന്ന സ്കൂളില്‍ മക്കളെ ചേര്‍ത്തത് .മദ്രസ്സയില്‍ നിന്നും കുഞ്ഞുങ്ങളെയായി ഇസ്മായിലിന്‍റെ  വാപ്പ തിടുക്കത്തില്‍ നടന്നു .കുഞ്ഞുങ്ങള്‍ വാപ്പ  നടക്കുന്നതിനൊപ്പം  നടക്കുവാനാവാതെ  രണ്ടു പേരും വാപ്പയുടെ പുറകെ ഓടുകയായിരുന്നു .വീട്ടിലെത്തി വസ്ത്രം മാറി മക്കള്‍ എന്തെങ്കിലും കഴിക്കുമ്പോഴേക്കും മക്കള്‍ക്ക്‌ പോകുവാനുള്ള വാഹനം എത്തും. വാഹനം എത്തിയാല്‍ ഉടനെ മക്കള്‍ വാഹനത്തില്‍ കയറണം അല്ലെങ്കില്‍ ഡ്രൈവര്‍ ബഹളം വെയ്ക്കും . 
ഡ്രൈവറുടെ ചിന്ത ആദ്യ ബെല്ല് അടിക്കുമ്പോഴേക്കും കുട്ടികളെ സ്കൂളില്‍ എത്തിക്കണം എന്നത് മാത്രമാണ് .കുട്ടികള്‍ വാഹനത്തില്‍ കയറുവാന്‍ വൈകിയാല്‍ അയാള്‍ ശകാരിച്ചു കൊണ്ടിരിക്കും .

സൌദിഅറേബ്യയില്‍ സമയം പന്ത്രണ്ടു കഴിഞ്ഞു കാണും. ഇസ്മായില്‍ എണ്‍പത്  കിലോമീറ്റര്‍ ദൂരത്തുള്ള സൈറ്റിലേക്ക് തൊഴിലാളികള്‍ക്കുള്ള ഭക്ഷണം വാഹനത്തിലേക്ക് എടുത്തു വെയ്ക്കുവാന്‍ തിടുക്കം കൂട്ടി .പൊരിവെയിലില്‍  പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഒരു മണിക്ക് മുന്‍പ്‌ ഭക്ഷണം എത്തിക്കുവാനാണ് അയാളുടെ തിടുക്കം കൂട്ടല്‍ .ഭക്ഷണ  പാത്രങ്ങള്‍ എല്ലാം വാഹനത്തില്‍ കയറ്റിയപ്പോള്‍ അയാള്‍ തിടുക്കത്തില്‍ വാഹനം ഓടിച്ചു പോയി .പട്ടണം കഴിഞ്ഞ് വിജനമായ മൂന്നുവരി  പാതയിലൂടെ അമിത വേഗതയില്‍ അയാള്‍ വാഹനം ഓടിച്ചുകൊണ്ടിരുന്നു . പാതിവഴി പിന്നിട്ടപ്പോള്‍ ഒന്നാം പാതയിലൂടെ പോകുന്ന വാഹനത്തില്‍ നിന്നും യുവാക്കളായ അറബികള്‍ ഇസ്മായിലിന് നേരെ കളിയാക്കുന്ന തരത്തില്‍ കൈകള്‍ കൊണ്ട് ആംഗ്യം കാണിക്കുകയും അയാളുടെ വാഹനത്തിന് മുന്‍പിലേക്ക് വാഹനം ഓടിക്കുകയും ചെയ്തു കൊണ്ടിരുന്നു .കുറേ നേരം ആ നില തുടര്‍ന്നു .അയാള്‍ വേഗത കുറയ്ക്കുമ്പോള്‍ അറബിയും വേഗത കുറയ്ക്കും .അറബികളുടെ വാഹനത്തെ മറികടക്കാന്‍ അയാള്‍ ശ്രമിച്ചു പൊടുന്നനെ അറബികളുടെ വാഹനം അയാളുടെ വാഹനം പോകുന്ന പാതയിലേക്ക് കയറി ബ്രൈക്ക് ചവിട്ടി ഒപ്പം അയാളും .അയാളുടെ വാഹനം നിയന്ത്രണം വിട്ട് മൂന്നാമത്തെ പാതയിലൂടെ പോകുന്ന ട്രെയിലറില്‍ ഇടിച്ചു പല തവണ മറിഞ്ഞു .

അസര്‍ ബാങ്കിനുള്ള സമയമാകാറായപ്പോള്‍  വാപ്പ വീട്ടില്‍ നിന്നും ഇറങ്ങി അല്‍പം നടന്നപ്പോള്‍ അയാളുടെ ഭാര്യ അയാളെ പുറകില്‍ നിന്നും വിളിച്ചു .അവര്‍ മുംതാസിന്‍റെ മൊബൈല്‍ഫോണ്‍ അയാളുടെ നേരെ നീട്ടി പറഞ്ഞു .

,, മോന്‍റെ സ്നേഹിതനാണ് വാപ്പാനെ ചോദിക്കുന്നു ,,

,, ഇങ്ങനെയൊരു പതിവില്ലല്ലാ ഇത്‌പ്പോ എന്താണാവോ ,,

,, ഇങ്ങള് സംസാരിച്ച് നോക്കീം മനുഷ്യാ ..,,
അയാള്‍ മൊബൈല്‍ഫോണ്‍ വാങ്ങി ചെവിയോടടുപ്പിച്ചു .

,, ഹലോ ഇസ്മായില്‍ ഇക്കാടെ വാപ്പയല്ലെ ,,

,, അതെ നിങ്ങള് ആരാ ഓന് എവിടെ ഇസ്മായില്‍ ,,

,, ഞാന്‍ ഇസ്മായില്‍ ഇക്കാടെ റൂമില്‍ താമസിക്കുന്നയാളാ ഇസ്മയില്‍ ഇക്ക ഓടിക്കുന്ന  വണ്ടി മറിഞ്ഞു.ഇസ്മയ്ല്‍ ഇക്ക ഇപ്പോള്‍ അബോധാവസ്ഥയില്‍  ആശുപത്രിയിലാണ് നില അല്‍പം സീരിയസ്സാണ് .,,

വാക്കുകള്‍ മുഴുവിപ്പിക്കുന്നത്തിനു മുന്പ് തന്നെ മൊബൈല്‍ഫോണ്‍ അയാളുടെ   കയ്യില്‍നിന്നും താഴെ വീണു .

അയാളുടെ ഭാര്യ താഴെ വീണ  മൊബൈല്‍ഫോണ്‍ എടുക്കുവാനായി തുനിഞ്ഞു കൊണ്ട് ചോദിച്ചു .

,, എന്താ .. എന്താ ഉണ്ടായെ ,,

,, നമ്മുടെ മോന്‍ ,,

,, നിങ്ങള് കാര്യം പറ നമ്മുടെ മോന് എന്താ ഉണ്ടായെ ,,

,, മോന് ഓടിക്കുന്ന  വണ്ടി മറിഞ്ഞൂന്ന്‍,,

,, ഞാനെന്താണ് ഈ കേക്കണത്    എന്‍റെ റബ്ബേ ,,

ഉമ്മ വാവിട്ടുകരയുന്നത്‌ കേട്ടപ്പോള്‍ മുംതാസ് അടുക്കളയില്‍ നിന്നും പുറത്ത് വന്ന് ക്കാര്യം തിരക്കി .വിവരമറിഞ്ഞ മുംതാസും കരയുവാന്‍ തുടങ്ങി .വാപ്പ എന്ത് ചെയ്യണം എന്നറിയാതെ നിസ്സഹായനായി നിന്നു .പരിസരവാസികള്‍ ഓടിക്കൂടി വിവരമറിഞ്ഞവര്‍ ആ കുടുംബത്തെ ആശ്വസിപ്പിക്കുവാന്‍ വാക്കുകള്‍ ലഭിക്കാതെ ബുദ്ധിമുട്ടി .ദിവസങ്ങള്‍  കൊഴിഞ്ഞു പോയികൊണ്ടിരുന്നു .ഒരു  ദിവസം ഇസ്മയിലിന്‍റെ വാപ്പയെ തേടി സൌദിഅറേബ്യയില്‍ നിന്നും  മുംതാസിന്‍റെ മൊബൈല്‍ഫോണിലേക്ക് ഒരു   ഒരു കോള്‍ വന്നു .മുംതാസ്  ഫോണ്‍ വാപ്പയ്ക്ക്‌ കൈമാറി .മറുതലയ്ക്കല്‍ നിന്നും മുന്‍പ്‌ വിളിക്കാറുള്ള ആളുടെ ശബ്ദം .വാപ്പ  മകന്‍റെ അസുഖ വിവരങ്ങള്‍ അറിയാനുള്ള ആകാംക്ഷയോടെ കാതോര്‍ത്തുനിന്നു .


,, ഞാന്‍  ഇസ്മായില്‍ ഇക്കയുടെ അരികില്‍ നിന്നും  വിളിക്കുന്നു .ഇപ്പോഴും ഇസ്മായില്‍ ഇക്ക അബോധാവസ്ഥയില്‍ തന്നെയാണ് .ഡോക്ടര്‍മാര്‍ പറയുന്നത് .മസ്തിഷ്കത്തിന് തകരാറ് പറ്റിയെന്നാണ് അപകടം ഉണ്ടായ ഉടനെ ഹാര്‍ട്ട്‌ അറ്റാക്കും  ഉണ്ടായി എന്ന് പറയുന്നു ,,

,, എന്‍റെ മോനെ നിങ്ങള് എങ്ങിനെയെങ്കിലും ഇവിടേക്ക് എത്തിക്കുമോ .ഞങ്ങള്‍ ഇവിടെ ചികിത്സിച്ചു അസുഖം ഭേദമാക്കിക്കോളാം ,,

,, നാട്ടിലേക്ക് ഇസ്മയില്‍ ഇക്കയെ ഈ അവസ്ഥയില്‍  കൊണ്ടു വരാന്‍ കഴിയില്ല .യന്ത്രങ്ങളുടെ സഹായത്താലാണ് ഇപ്പോള്‍  ജീവന്‍ നില നിര്‍ത്തുന്നത് .ഇവിടെയാവുമ്പോള്‍ സര്‍ക്കാരിന്‍റെ ചിലവില്‍ ചികിത്സ നടക്കും .നാട്ടില്‍ ചികിത്സിക്കുവാന്‍ ഭീമമായ തുക നമ്മള്‍ കാണേണ്ടിവരും ,,

വിളിച്ചയാള്‍ പിന്നീട് കുറെയേറെ സംസാരിച്ചു .മസ്തിഷ്കം നിര്‍ജീവമായ  ഇസ്മായില്‍ ഇനി ജീവിതത്തിലേക്ക് തിരികെ വരില്ല എന്നും യന്ത്രം പ്രവര്‍ത്തിക്കാതെയിരുന്നാല്‍ ജീവന്‍ നിശ്ചലമാകുമെന്നും  ഡോക്ടര്‍ പറഞ്ഞ വിവരം  അയാള്‍ വാപ്പയോട് മനപ്പൂര്‍വം പറഞ്ഞില്ല .ഇസ്മയിലിന്‍റെ കുടുംബം അസുഖങ്ങള്‍ ഭേദമായി  ഇസ്മായില്‍ വരുന്നതും കാത്തിരുന്നു .ഇസ്മായില്‍ ഇപ്പോള്‍ ഒന്നും അറിയുന്നില്ല .പ്രവര്‍ത്തനരഹിതമായ മസ്തിഷ്കവുമായി യന്ത്രങ്ങളുടെ സഹായത്താല്‍ ജീവന്‍ നിലകൊള്ളുന്ന   അയാളുടെ സ്വപ്നങ്ങള്‍ക്ക് ഇനി ഈ ജന്മത്തില്‍ സാക്ഷാത്കാരമില്ല .മനുഷ്യര്‍ ജീവിതം ആസ്വദിച്ചു ജീവിക്കുവാന്‍ തന്നെയാണ് ശ്രമിക്കുക .സ്വപ്നങ്ങളാല്‍ ജീവിതത്തില്‍ നേടാവുന്ന അത്രയും സമ്പത്ത് നേടുവാനായി മനുഷ്യര്‍ രാപകല്‍ അദ്ധ്വാനിക്കുന്നു .അപ്പോഴൊന്നും കൂടുതല്‍ പേരും മരണത്തെക്കുറിച്ച് ചിന്തിക്കുകപോലുമില്ല .അത് മനുഷ്യസഹജമാണ് .അല്ലെങ്കിലും മരണമെന്ന ഭയാനകമായ നിമിഷത്തെ ഓര്‍ത്തുകൊണ്ടിരുന്നാല്‍  ജീവിക്കുവാനുള്ള പ്രേരണ തന്നെ മനുഷ്യനില്‍ അന്യമാകും .

ഇസ്മായിലിന്‍റെ പണം വീട്ടിലേക്ക് എത്തുന്നത് നിലച്ചപ്പോള്‍ കുടുംബം ജീവിക്കുവാന്‍ നന്നേ കഷ്ടത അനുഭവിക്കുവാന്‍ തുടങ്ങി. ആ വീട്ടില്‍ എല്ലാവരും കുഞ്ഞുങ്ങളെ എങ്ങിനെയെങ്കിലും ഇപ്പോള്‍ പഠിക്കുന്ന സ്കൂളില്‍ തന്നെ പഠിപ്പിക്കണം എന്ന് തീരുമാനിച്ചു .മദ്രസ്സ അദ്ധ്യാപനത്തില്‍ നിന്നും മസ്ജിദിലെ മുക്രി തൊഴിലില്‍ നിന്നും ലഭിക്കുന്ന വേതനം കൊണ്ട് ആ കുടുംബത്തെ ചിലവുകള്‍ വഹിക്കുവാന്‍ വാപ്പ നന്നെ പാടുപെട്ടു.ഗ്രാമത്തിലെ നല്ലവരായ ചിലര്‍ സഹായ ഹസ്തം നീട്ടിയപ്പോള്‍ വാപ്പ ആ സഹായങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു .എങ്ങിനെ ആയാലും കുഞ്ഞുങ്ങളെ നല്ലത് പോലെ പഠിപ്പിക്കുക എന്നത് മാത്ര മായിരുന്നു വാപ്പയുടെ ചിന്ത .

ഇസ്മായിലിന്‍റെ മുതിര്‍ന്ന രണ്ടു കുട്ടികള്‍ക്കും ഏറെക്കുറെ വാപ്പയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അറിയാം .കണ്ണുനീര്‍ തോരാത്ത അവരുടെ ഉമ്മയുടെ മുഖം ആ കുഞ്ഞുങ്ങളെ വിഷമിപ്പിച്ചു .അതുകൊണ്ട് തന്നെ കുട്ടികള്‍ വാപ്പയെ കുറിച്ച് വീട്ടില്‍ ഒന്നും സംസാരിക്കാറില്ല .പക്ഷെ മൂന്ന് വയസ്സ് കഴിഞ്ഞ മകന്‍ അങ്ങിനെ ആയിരുന്നില്ല .ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്‌ അവന്‍റെ അരികില്‍ വന്ന് കുന്നോളം സ്നേഹിച്ച വാപ്പയുടെ ഓര്‍മകളായിരുന്നു ആ പൈതലിന്‍റെ മനസ്സ് നിറയെ  .ഒരു ദിവസ്സം മകന് ഉച്ച ഭക്ഷണം നല്‍കി അവനെ ഉറക്കാനായി കിടപ്പ് മുറിയില്‍ തറയില്‍ വിരിച്ച പായയില്‍ കിടക്കുകയായിരുന്നു .ഏറെനേരം കഴിഞ്ഞിട്ടും മകന്‍ ഉറങ്ങാതെ ആയപ്പോള്‍ മുംതാസ് പറഞ്ഞു .

,, ഉമ്മച്ചീടെ പൊന്നു മോനെന്താ ഉറങ്ങാതെ കിടക്കുന്നെ ,,

,, വാപ്പച്ചി ഇനി എന്ന വരിക ഉമ്മച്ചീ .വാപ്പച്ചി ഇപ്പൊ എന്താ വിളിക്കാത്തെ .എനിക്ക് വാപ്പച്ചീടെ ശബ്ദം കേള്‍ക്കണം ,,

മേശപ്പുറത്തു നിന്നും  മൊബൈല്‍ഫോണ്‍ എടുത്ത് മുംതാസിന്‍റെ നേര്‍ക്ക്‌ നീട്ടികൊണ്ട് ആ കുരുന്ന് പറഞ്ഞു .

,, ഉമ്മച്ചി വാപ്പച്ചിക്ക് വിളിച്ചു തായോ .എനിക്ക് വാപ്പച്ചീനെ കാണണം .എനിക്ക് വാപ്പച്ചീനെ ആയി ആന കളിക്കണം ,,

കുഞ്ഞിനോട് എന്തു  മറുപടി  പറയണം എന്നറിയാതെ  മുംതാസ് എഴുന്നേറ്റുനിന്നു .അവള്‍ക്ക് സങ്കടം സഹിക്കാന്‍ കഴിയാതെയായപ്പോള്‍ ബാത്ത്‌റൂമില്‍  കയറി പൈപ്പിലെ വെള്ളം തുറന്നിട്ട്‌ പൊട്ടിക്കരഞ്ഞു .അല്പനേരം കഴിഞ്ഞപ്പോള്‍ മുംതാസിനെ കാണാതെയായപ്പോള്‍ കുഞ്ഞ് വാതിലില്‍ ഉച്ചത്തില്‍ തട്ടുവാന്‍ തുടങ്ങി അവള്‍ മുഖം കഴുകി പുറത്തിറങ്ങി .കുഞ്ഞിനെ എടുത്തുകൊണ്ട് ചുംബനം നല്‍കി കൊണ്ട് പറഞ്ഞു .

,, മോന്‍റെ വാപ്പച്ചി വരും  ആന കളിക്കാന്‍ മോന്‍റെ വാപ്പച്ചി ഒരു ദിവസ്സം വരും എന്നിട്ട് ഈ വീടിന് അകത്ത് മുഴുവന്‍ മോന്‍റെ വാപ്പച്ചി മോനേയും പുറത്തിരുത്തി ആനയെ പോലെ നടക്കും. ഇപ്പൊ ഉമ്മച്ചീടെ പൊന്നു മോന്‍ നല്ല കുട്ടിയായി കിടന്ന് ഉറങ്ങിയെ .കുഞ്ഞ് അനുസരണയോടെ  വീണ്ടും പായയില്‍ പോയി കിടന്നു .മുംതാസ് കുഞ്ഞിന്‍റെ അരികില്‍ കിടന്ന് താരാട്ട് പാട്ട് പാടി കുഞ്ഞിനെ ഉറക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിന്നു ,,

ലാഇലാഹ  ഇല്ലള്ളാഹു     ലാഇലാഹ  ഇല്ലള്ളാ
ലാഇലാഹ  ഇല്ലള്ളാ മുഹമ്മദു റസൂലുള്ളാ
താലോലം താലോലം താലൊലം കുഞ്ഞേ
താലോലം കേട്ടു നീ ഉറങ്ങണം കുഞ്ഞേ ...
താലോലം കേട്ടു നീ ഉറങ്ങണം മോനെ  ...
                                                     
                                                                          ശുഭം
rasheedthozhiyoor@gmail.com             rasheedthozhiyoor.blogspot.com

Search This Blog