വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

കടംകൊള്ളലുകൾ (കവിത) ധന്യ അരവിന്ദ്

ഒറ്റയ്ക്കാകുന്ന നേരങ്ങളിലെല്ലാം
വേദനക്കാലങ്ങളിൽ നഷ്ടപ്പെട്ട 
വന്യമായ കരുതലിനെ, 
അദൃശ്യമായ മാന്ത്രികതയോടെ 
നക്ഷത്രക്കൂട്ടങ്ങളിൽ നിന്നുമടർത്തി
മഴകൊണ്ടൊരു കൂടൊരുക്കി ഹൃദയ-
ച്ചുവപ്പിൽ കൊരുത്തുവയ്ക്കും, 

ഇരുട്ടിന്‍റെ മൗനമിരതേടുമ്പോൾ,   
കാണാതെ/കേൾക്കാതെയറിഞ്ഞ
നിശ്ശബ്ദത വിഴുങ്ങിയ വാക്കുകൾ
നിറം മങ്ങിയ ചുവരെഴുത്തുകളിലേ-
യ്ക്കൊരീറൻ മേഘത്തെ വരച്ചു 
ചേർത്താനിഴലുകളിലമർത്തിയുമ്മ
വച്ചുമ്മവച്ചുള്ളനങ്ങാതെ നിൽക്കും,

ചിതറിത്തെറിച്ച് വിരലറ്റുപോകുന്ന 
ഓർമ്മയുടെ ഒഴിഞ്ഞ ചില്ലകളിൽനിന്നു
മുപ്പുമണമുള്ളോരുകാറ്റ് കാത്തിരിക്കു-
ന്നോരാധിയുടെ മരവിപ്പുകൾക്കുമേൽ,
ഓർമ്മവിത്തുകൾ പാകിമുളച്ച നാട്ടു
മാഞ്ചുനകളുടെ പൊള്ളലുകൾ പോലെ 
ഉണങ്ങാത്ത മുറിവ് ബാക്കിയാക്കും,

ഒരുറക്കം കൊണ്ടുലഞ്ഞൊരു വസന്തം
കൊണ്ടുണർന്നൊരുവരിക്കവിതയുടെ 
എഴുത്താണി തൊട്ടൊരുടലിലൊരു 
തൈത്തെന്നലിൻ വിരൽത്തുമ്പുപോലെ,
കടങ്കഥകൾക്കുത്തരം തേടിപ്പോകുന്ന 
മഞ്ചാടിമുത്തുകളാരെയോ കാത്തുകാത്തു
നിൽക്കുന്ന മഴവഴിയുടെ ഉന്മാദമാകും,

തീവ്രമായ നിശ്വാസങ്ങളത്രമേല്‍ 
തീവ്രതയോ,ടൊരുപുറം കരുതല്‍നിറഞ്ഞ 
നെറ്റിയുമ്മകളില്‍ പൊതിഞ്ഞു നെഞ്ചോട്  
ചേ൪ക്കുമ്പോഴും, ആത്മബന്ധങ്ങളുടെ 
ബന്ധനത്തില്‍ മറുപുറമത്രമേല്‍ സാന്ദ്രമാ
യാ൪ദ്രമായൊരുജീവനെന്ന തൂവല്‍ഭാരമോ-
ടാഴിയില്‍കല൪ന്ന നീലിമയുടെയാഴം തേടും,

മുറിപ്പെട്ടകന്ന തളിരിലെ പൊടിപ്പുപോലെ, 
പുലരിയുടെയോരോ ഉണർവ്വിൻ ശേഷങ്ങളിലും 
പാതി പകുത്ത ജീവന്‍റെ കടംകൊള്ളലുകൾ
കാലങ്ങളെ കാതങ്ങളോളംപി൯നടത്തി നിർവ്വ- 
ചനമസാദ്ധ്യമാക്കി,യപൂർണ്ണതയിലുംപൂർണ്ണത
തേടി, സ്വയമപരനാകുമാകസ്മികതയുടെ 
ബോധിച്ചുവട്ടിൽ നിഴൽത്തണലൊരുക്കും.

എന്‍റെ മഴമുറിവ് (കവിത)

 എന്‍റെ മഴമുറിവ് 
-----------------------------------------

 പുകയുന്ന കനൽപ്പഴങ്ങളിൽ നീറി 
വേവുന്ന നെഞ്ചിലെ കടലിനെ 
ചിരിക്കുന്ന മുഖത്തിലൊളിപ്പിച്ച്
മിഴിനിറയാതെ കരയാൻ
പഠിപ്പിച്ച ജീവന്‍റെ പാതി മുറിവ്

വാക്കിൻ പായൽപ്പച്ചകളിൽ തെന്നി
കടുത്ത അവഗണനയിലേക്ക് 
വീഴുമ്പോഴും തകർന്ന ഹൃദയത്തിന്‍റെ
നൊമ്പരങ്ങൾ പങ്കുവയ്ക്കാനാവാതെ 
ബന്ധങ്ങൾക്ക് മുന്നിൽ തോൽക്കാതെ,
എത്ര ചെയ്താലും തീരാത്തത്തത്ര 
പണിത്തിരക്കെന്ന ചിരിയണിഞ്ഞ്
ഉള്ളിയരിഞ്ഞു കൊണ്ട് ചിരിച്ചു കരഞ്ഞ
മനസ്സിന്‍റെ ഉണങ്ങാത്ത നൊമ്പര മുറിവ്,

പലപ്പോഴും തനിച്ചാക്കപ്പെട്ട 
നടവഴികളിൽ പകച്ച് തകർന്നു നിന്നിട്ടും
പ്രാണൻ പകർന്നു നല്കിയ വസന്തങ്ങളെ
ചിറകിലൊതുക്കി നെഞ്ചിലെ ചൂടിൽ 
പൊതിഞ്ഞ് പരാതികളില്ലാതെ മക്കളിലേക്ക് 
മാത്രമായൊതുങ്ങിയ നേർമുറിവ്,  

ബന്ധങ്ങൾ ബന്ധനങ്ങളായി വിഷ-
സർപ്പങ്ങളെപ്പോൽ ഫണമെടുത്താടവേ 
എന്തേലും ചെയ്തുപോയാൽ പിള്ളേർക്ക്
ആരെന്നോർത്തിട്ടാ ദൈവമേയെന്ന് 
തളർന്ന മനസ്സിൽ നിന്നറിയാതെ വീണു 
പൊള്ളിച്ച വാക്കിന്‍റെ കനൽ മുറിവ്,

നിസ്സഹായതകളുടെ നീരാഴങ്ങളിൽ 
മൗനങ്ങൾ ഉരുക്കിയൊഴിച്ച്,
തുടുത്ത കനല്പ്പാടുകളെ ചേലത്തുമ്പാൽ   
കൂട്ടിത്തുന്നിമറച്ച്, വിടർന്നോരരവിന്ദത്തി- 
ന്നുള്ളിൽ ഹസിക്കുന്ന ലക്ഷ്മിയായി 
ഉദരച്ചൂടിന്‍റെ സ്നേഹ മുറിവ്, 

പാടത്തും പറമ്പിലും വീട്ടിലും 
ഒരേസമയം കൈയും കാലുമെത്തിക്കാൻ
കിതച്ചോടി, അടുക്കളപ്പാത്രങ്ങൾക്ക്
മുന്നിൽ, വെണ്ടയോടും പയറിനോടും 
ആവലാതി പറഞ്ഞ്, കാന്താരിയിൽ 
എരിഞ്ഞ് വിശപ്പാറ്റുന്ന  രുചി മുറിവ്, 

ചുണ്ടിൽ തടയുന്ന ഏകാന്തതകളിൽ,
നെഞ്ചിലെ അടക്കിവച്ച കെട്ടുവള്ളങ്ങൾക്ക്
മേൽ മഴയിലകളുടെ പ്രാർത്ഥനകൾ കൊരുത്ത്
വെയിൽ കത്തലുകളുടെ കർപ്പൂരമുഴിഞ്ഞ്, 
പൂഴി പുതഞ്ഞു നാലുമണിക്കൂട്ടിലെത്തുന്ന
കിളികൊഞ്ചലിൽ ചേർന്ന് വരാനിരിക്കുമാ-
കുലതകളിലേയ്ക്കുറ്റുനോക്കും രാത്രിമുറിവ്,

രാവുറക്കങ്ങളിൽ തേങ്ങലുകളുറഞ്ഞ
ചങ്കിലെ ഒരു ഉപ്പുകടൽ കവിൾത്തടങ്ങളിൽ
വറ്റി ഉപ്പളങ്ങളായി, ചിതറിയ 
പ്രതിബിംബങ്ങളുടെ ആഴങ്ങളിലേക്ക് വീണ്
അഗ്നി തെളിയുന്ന തിരിത്തുമ്പുകളായി  
ദൈവങ്ങളിലേക്ക് വിവർത്തിക്കപ്പെട്ട്
സ്വയമെരിഞ്ഞു തെളിയുന്ന വെളിച്ച മുറിവ്,

പുകയുന്ന കനൽപ്പഴങ്ങളിൽ നീറി 
വേവുന്ന നെഞ്ചിലെ കടലിനെ 
ചിരിക്കുന്ന മുഖത്തിലൊളിപ്പിച്ച്
മിഴിനിറയാതെ കരയാൻ
പഠിപ്പിച്ച ജീവന്‍റെ പാതി മുറിവ്
നെഞ്ചിൽ പെയ്യും വേദനയിലും തളരാത്ത
ജീവിതത്തിന്‍റെ / ജീവന്‍റെ  മഴമുറിവ് 
നിറഞ്ഞ സ്നേഹത്തിന്‍റെ അമ്മ മുറിവ്

-----------ധന്യ അരവിന്ദ്-----------

"തനിയാവർത്തനം" കവിത


"തനിയാവർത്തനം"

ഭരണം നീതിയെ മൊഴിചൊല്ലി
ദേവത കരയുകയാണ്
സൂക്ഷ്മതയുടെ തുലാസിൽ
നിയമം ശൂന്യമാണ്

ഉലയിൽ നീറ്റിയെടുത്ത
വ്യവസ്ഥകൾ പഠിക്കാൻ
സമയമില്ല പോലും
കെട്ടുകഥകൾ,പുരാണങ്ങൾ,
മതങ്ങൾ, വർഗ്ഗങ്ങൾ ....

ദൈവങ്ങൾക്ക് ഭ്രാന്താണ്
മതഭ്രാന്ത്‌, മനുഷ്യനാണ്
ഇപ്പോൾ ദൈവത്തിന്റെ
വിധി നിർണ്ണയിക്കുന്നത്‌....

ജനിത്രം നിനക്ക് അന്യമാണ്
ആട്ടിയോടിയ്ക്കപ്പെടാം
അതിന്മുമ്പ് തേര് തെളിയ്ക്കണം
ഒരു നേരിനായി ....

ഇലകളാണ് നഗ്നതമറയ്ക്കാൻ
നല്ലത് എന്ന് കാലം തിരിച്ചറിയും
അന്ന് ലഭ്യതയുണ്ടായിരിക്കില്ല ...
ഇലകൊഴിഞ്ഞ ശിഖരങ്ങളിൽ
കാലം ആത്മഹത്യ ചെയ്തിട്ടുണ്ടാകാം

പൂർണ്ണമാകാത്ത
കവിതയിലെ വരകളും, കുത്തുകളും
കവിയുടെ ഹൃദയമാണ്
അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്ന
കാറ്റാടിയെന്ത്രം പോലെ...

സ്വരച്ചേർച്ച ഇല്ലാത്ത ദാമ്പത്യമാണ്
കവിത, നേരിനെ കാണാൻ കഴിയുന്ന
കണ്ണും, കണ്ണാടിയും തിരയുകയാണ് കവി.


നൗഷാദ് പൂച്ചക്കണ്ണൻ

പോയ്‌ വരാം (കവിത )


പാലം (മിനി കവിത)


എനിക്കും നിനക്കുമിടയില്‍
ഒരു പാലമുണ്ടായിരുന്നു.
നിര്‍മ്മാണത്തില്‍
നീ ക്രമക്കേട് കാണിച്ചതിനാല്‍
ബലം ക്ഷയിച്ചു
തകര്‍ന്നു വീണ,
ഞാനിത് വരെയും
കരുതലോടെ കാത്ത
പ്രണയത്തിന്റെ പാലം.

എനിക്കിഷ്ടം?.. (കവിത)


ഉറങ്ങാനാകാതെ ഉണർന്നിരിക്കുന്ന
ഘോരതപത്തിന്‍റെ വെള്ളിവെളിച്ചത്തിൽ
മോഹിപ്പിച്ചു തളർത്തുന്ന
വെറും വെളിച്ചം മാത്രമായ
സൂര്യനെയും പകലിനെയും
വെറുക്കുന്നില്ല ഞാനെങ്കിലും
ഇഷ്ടപ്പെടുന്നില്ല തരിമ്പും
വന്നുവീണതും പിച്ചവച്ചതും
വയറു നിറച്ചതുമെല്ലാമിരുട്ടിൽ
പകലിലേക്ക് രാത്രിയിൽ നടന്നു
കറുപ്പ് കനത്ത ഇരുട്ടില്‍
പൊട്ടൻതെയ്യങ്ങൾ അലറിവന്നു
മിന്നാമിന്നിവെട്ടത്തിൽ തലപൊക്കിയപ്പോൾ
ഞാന്‍ കാലുതട്ടി വീണു
മുട്ടുപൊട്ടി ചോരകിനിഞ്ഞു
ഇരുട്ടിനെ സ്നേഹിക്കാൻ
നിലാവ് പഠിപ്പിച്ചു
അമ്പിളിയുടെ കുളിർതീർത്ഥം!.
പൊട്ടന്മാരെല്ലാം കോമാളികളായി
ചോര കിനിഞ്ഞിടം വൃണമായെങ്കിലും
നോവെല്ലാം സുഖമുള്ളതായിരുന്നു
രതിനദി ശാന്തസംഗീതമായി
പ്രണയിച്ചൊഴുകിയതും ഇരുട്ടിലാണ്
മണലൂറ്റി അവളെ വറ്റിച്ചത്
പകലിന്റെ വിരുതും
കൂമസംഗീതവും തവളക്കാറലുകളും
നിലാവഴികളിൽ എനിക്ക് സ്വന്തം
അടക്കപ്പെട്ട വാതിലിനപ്പുറം
പ്രകാശം പിറക്കുമെന്ന്
കറുത്ത ഇരുട്ടിലാണ് പഠിച്ചത്
വെളിച്ചത്തിന് തൊട്ടുമുമ്പ്
ഇരുട്ടതിൻറെ പരകോടിയിലായിരുന്നു
വെളിച്ചത്തിലേക്ക് തുറക്കുന്ന
പ്രകാശമാണെനിക്ക് ഇരുട്ട്
അതെ, എനിക്കിഷ്ടം ഇരുട്ടാണ് രാത്രിയാണ്
അതിൻറെ നിശ്ശബ്ദസംഗീതമാണ്...
--------------------------
...ജോഫിൻ മണിമല...
  08682871736


സദാചാര സമരം

സദാചാര തെരുവിലൂടെ
നഗ്ന പാദരായി
ചുംബനത്തിലേക്ക്
നടന്നു പോവുകയാണ്
ശരീരം അഴിച്ചുവിട്ട  ചുണ്ടുകൾ

തിളയ്ക്കുന്ന ചുണ്ടുകൾ
തൂവി പോകുന്നത്
കണ്ണുകടിയോടെ
ചുംബനം ആയി
സംപ്രേക്ഷണം
ചെയ്യപ്പെടുന്നുണ്ട്
തത്സമയം

കണ്ടുനിന്നത് കൊണ്ട്
അശുദ്ധമാകുമോ
എന്ന് പേടിച്ച്
ഉമിനീരുകൊണ്ട്
സമരപുണ്യാഹം നടത്തി
ചുംബനത്തെ   പരസ്യമായി
മുദ്രാവാക്യം തളിക്കുകയാണ്
ചുറ്റും കൂടി നില്ക്കുന്ന
വേറെ ഒന്നും
ചെയ്യാനില്ലാത്ത ചുണ്ടുകൾ 

അപാനന്‍ : ഗംഗാധരന്‍ മക്കന്നേരി

റപ്പുരസാഹിത്യത്തിന്
മടിയിലൊട്ടും കനമില്ല. 
വഴിതുറന്നതായതിനാല്‍ 
 വഴിപോക്കരെ പേടിയുമില്ല. 
സ്വയംപുകഴ്ത്താതെതന്നെ
 'മാന്യവായനക്കാരന'തിനെ
 തേടിത്തേടിവന്നോളും. 

കൃത്യനിര്‍വഹണത്തിനായി 
തട്ടകത്തിലിരിപ്പുറപ്പിച്ചാല്‍ 
ഗൂഢമായൊരാനന്ദത്തില്‍
 മുഖമാകെ വലിഞ്ഞുമുറുകും. 
നാലുചുവരിലേക്കും 
പതുക്കെ കണ്ണോടിക്കും. 
ചുമര്‍ചരിത്രലിഖിതങ്ങളെ
 ഒരുവേള അറപ്പോടെനോക്കി 
സൃഷ്ടികര്‍ത്താക്കളെയാകെ
 മനസ്സില്‍ ആഞ്ഞുപുച്ഛിക്കും.. 
അമ്മയും പെങ്ങളുമില്ലാത്ത വക. 

അടഞ്ഞവാതിലിന്നു പിന്നിലും 
 നാലുചുവരിന്നകത്തെങ്കിലും 
ആരെയോ പേടിക്കുന്നമട്ടില്‍ 
 പതുക്കെ തലവെട്ടിച്ച് 
അങ്ങോട്ടുമിങ്ങോട്ടും 
ഇടംകണ്ണാല്‍ പാളിനോക്കും. 

പിന്നെ, സമാധാനത്തോടെ, 
കട്ടുതിന്നുന്നവന്റെ ഇക്കിളിച്ചിരിയോടെ,
 ഓരോന്നോരോന്നായിവായിക്കും. 
ചെറിയക്ഷരങ്ങള്‍ തെളിഞ്ഞുകാണാന്‍ 
ഇരുന്നേടത്തുനിന്നും തള്ളിനോക്കും.
 ചിലവരികള്‍ മായ്ച്ചുകളഞ്ഞ
 'സദാചാരി'കളെ ഉള്ളില്‍പ്രാകും. 
സാഹിത്യത്തിനിടയ്ക്കുള്ള 
പത്തക്കങ്ങളില്‍ കണ്ണുടക്കും. 

കരളിലെ മഞ്ഞദ്രാവകം 
ഖരമാലിന്യമാക്കി മാറ്റി 
പ്രകൃതിയോട് പങ്കുവെയ്ക്കും. 
സമയംപോയതറിയാതെ... 

ഏഴുതവണ ശൗചാനന്തരം 
എണീറ്റൊന്നു കുമ്പകുലുക്കി, 
ഊര്‍ന്നുപോയ പാന്റൊന്നു കുടുക്കി, 
സാഹിത്യത്തിലേക്കിടംകണ്ണിട്ട് 
തിരിഞ്ഞുനോക്കാതെ 
പതുക്കെ വാതില്‍തുറന്ന് 
ലോകത്തിലേറ്റമാഹ്ളാദവാനായി 
ആശ്വാസത്തോടെ പുറത്തുവന്ന്  
ആരുംകാണാത്തിടങ്ങളില്‍
ആസ്വാദനക്കുറിപ്പെഴുതും. 

- മടുത്താല്‍ വിമര്‍ശനക്കുറിപ്പും. 
© 8480 ■ dharan.ıɹǝuuɐʞʞɐɯ ■

ഇരുകാലികളുടെ ലോകം (കവിത)








അഗ്നി വിഴുങ്ങുമെൻ കൈകളില്‍
കാലുകളിൽ രോമകൂപങ്ങളിൽ
പാഞ്ഞിറങ്ങി ആഴ്ന്നിറങ്ങി
ഉള്ളറകൾ വെന്തു വെണ്ണീരാക്കി
എന്നെ ചാരമാക്കുമ്പോൾ
ഒരു തുള്ളി ജലത്തിനായ്‌ നീട്ടിയോരെൻ
കൈകുമ്പിളിൽ രക്തം ചൊരിഞ്ഞ
മാരക ലോകമെൻ വലതു ഭാഗത്ത്‌

അഴലിന്റെ ചുഴികളിൽ പെട്ടുഴലുമ്പോൾ
കലുഷിത മനസുമായ് ദൂരെയാ
പാറ മുനമ്പിന്റെ അറ്റത്ത്‌
ജീവിത യാത്രയുടെ അറ്റമെന്നു
തീരുമാനിച്ചുറച്ച്
ആഴങ്ങൾ നോക്കി നിന്നപ്പോൾ
തോളിൽ പതിഞ്ഞ കൈയ്യിലെ
നേർത്ത തണുപ്പാനെൻ
ഇടതു ഭാഗത്തെ  ലോകത്തിനു

രണ്ടും തമ്മിൽ
നേർത്തൊരു സ്നേഹചിന്തതൻ
നൂല്പാലം മാത്രം....

കുഴലുകള്‍ (കവിത ) - മുഹമ്മദുകുട്ടി ഇരിമ്പിലിയം

(Image courtesy Google )
_______

ചില തുളകള്‍ -
'കുഴലു'കളായി പരിണമിക്കും.
ചില യുക്തികള്‍ -
ഗുപ്തമാകുന്നത് അങ്ങിനെയാണ്.

ആര്‍ത്തികളുടെ -
ഒളിവിരുതുകള്‍
നിയമക്കുരുക്കുകളുടെ ചൂണ്ട-
ക്കെണികളില്‍ വീഴാതിരിക്കാന്‍ 
വക്രബുദ്ധികള്‍ തന്‍ 
ശരീര ശാസ്ത്രം .....!

അവിടെ -
ചിലപ്പോള്‍ ,ഗ്രീന്‍ ചാനലുകളും 
എക്സറേ തരംഗങ്ങളും  
കണ്ണു തുറിക്കും !

കണ്ണിന്‍റെ മറവുകള്‍ 
പൊന്നിന്‍റെ തുറവുകള്‍ക്ക്
'കുഴലൂ'തുന്ന വിദ്യകളില്‍ 
നവദ്വാരങ്ങള്‍ -
നവരത്നങ്ങളേക്കാള്‍ അനര്‍ഘം!

കടല്‍ ദൂരങ്ങളിലെ പൊന്ന്
കരളാഴങ്ങളിലെ ചിന്ന സൂത്രങ്ങളില്‍ 
കരേറുന്ന 'തുരങ്ക വിസ്മയ'ത്തിന് 
കറുകറുത്ത ദുരയടെ പൊട്ടിച്ചിരികള്‍ !!
*********



________________________
________________
___________

ചിന്ത (കവിത)- കെ.കെ. രതീഷ്‌


പൊട്ടിയഴിഞ്ഞീടും ചങ്ങലക്കൂട്ടങ്ങള്‍

കട്ടിലുപേറും വ്രണമേറ്റഗന്ധവും

ഈച്ചകള്‍ളാര്‍ക്കും ദീനമാംകണ്ണുകള്‍
 

ഈര്‍പ്പമടങ്ങാത്ത ചോരത്തടിപ്പുകള്‍
 

ബോധമബോധമായ് ബാധകയറ്റുമ്പോള്‍
 

താളംകൊടുക്കുകയാണെന്‍റെ കാലുകള്‍
 

കൂടെക്കുരുങ്ങി കലമ്പലായ് കേഴുന്ന
 

കാരാഗ്രഹത്തിലെ ചങ്ങലക്കണ്ണികള്‍
 

രോഗമണം പേറിയെത്തും വെളിച്ചവും 

കുത്തിയിറക്കും മരുന്നും കരങ്ങളും
 

ആവിശ്യമില്ലാതെയെത്തുന്നരാത്രിയും

കൃത്രിമം പേറിക്കഴിയുന്ന നിദ്രയും
 

യാത്രപറയും സ്വപ്നവും ചിന്തയും 

മാത്രയെണ്ണി കഴിക്കുന്നു യെന്‍ ജീവിതം
 

ജാതകമേല്‍പിച്ച ഭാരമാവാമിത്
 

ജോതിമറക്കുന്ന ഭാഷയാവാമിത്
 

വീര്‍ത്തുകയറുകയാണീപുഴുക്കളും
 

വര്‍ദ്ധക്യമേറും ഞരമ്പും നഖങ്ങളും

Search This Blog