വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!
“വിനൂ, ഇരട്ടക്കുട്ടികളാണ്. ഇന്ന് രാവിലെയാ അറിഞ്ഞത്”. അമ്മയുടെ സന്തോഷം മുഴുവന്‍ വാക്കുകളില്‍ പ്രകടമായിരുന്നു. അവന്‍ ഫോണ്‍ കട്ട് ചെയ്തു. കണ്ണുകളടച്ചു, രണ്ടു തുള്ളികള്‍ അടര്‍ന്നു. മനസ്സ് നിറയുന്നു. അവളെയൊന്നു വിളിച്ചാലോ. വേണ്ട. ടെസ്ടൊക്കെ കഴിഞ്ഞു മടുത്തു തളര്‍ന്നു കാണും. വൈകിട്ടാവട്ടെ. അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിന്റെ ഫലമാണ്. അവള് വയ്യെങ്കിലും തുള്ളിച്ചാടിക്കാണും. ഇത്ര നാളും കരച്ചില് തന്നെയായിരുന്നല്ലോ. ഓരോ രാത്രിയില്‍ നിന്നും ഉണരുമ്പോള്‍ അവള്‍ പറയും , ‘ഞാന്‍ സ്വപ്നം കണ്ടു. എന്റെ പ്രസവം. വേദനയില്‍ പുളഞ്ഞ്... ഇടയ്ക്കു ഞാന്‍ ബോധം കെട്ടന്നു തോന്നണു വിനുവേട്ടാ’. അത് കേട്ട് വിനു അവളുടെ മുടിയിഴകളില്‍ ഒന്ന് തഴുകുക മാത്രം ചെയ്യും. ആ സ്വപ്നം പുലരാന്‍ പോകുകയാണ്. പ്രസവം അടുക്കുമ്പോഴേക്കും എങ്ങനെയെങ്കിലും നാട്ടിലെത്തണം. പോയി വന്നതേ ഉള്ളൂ, ഇനിയിവര്‍ എന്ന് ലീവ് തരുമെന്നറിയില്ല. ഒരുപാട് കാര്യങ്ങളുണ്ട്. എല്ലാം ഒന്ന് ഓര്‍ഗനൈസ് ചെയ്യണം. വിനു മനസ്സില്‍ കണക്കു കൂട്ടലുകള്‍ തുടങ്ങി. രാത്രിയായി വിനുവൊന്നു ഫ്രീ ആവാന്‍. ഉച്ചക്ക് ആലോചിച്ചിരുന്നു പണികളൊക്കെ വൈകി. ഫോണ്‍ എടുത്ത് അവളൊന്നും മിണ്ടാതെയിരുന്നപ്പോള്‍ അവന് അത്ഭുതം തോന്നിയില്ല. ഇത്ര നാളും സങ്കടം കൊണ്ടാണെങ്കില്‍ ഇന്ന് സന്തോഷം കൊണ്ടായിരിക്കും വാക്കുകളൊന്നും വരാത്തത്. കുറച്ചു നേരത്തെ നിഷ്ബ്ദതക്ക് ശേഷം അവള്‍ പറഞ്ഞു. ആണ്‍കുട്ടികളായാല്‍ മതിയായിരുന്നു വിനുവേട്ടാ! തലക്കടിയേറ്റ പോലെ ഒരു നിമിഷം നിന്ന് പോയി വിനു. പെണ്‍കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന പ്രിയ, അതിനെക്കാളേറെ ഇഷ്ടപ്പെടുന്ന അമ്മ. ആണോ പെണ്ണോ , പ്രിയയുടെ മുഖം തെളിയാന്‍ ഒന്നെങ്കിലും തരണേ എന്നാഗ്രഹിക്കുന്ന താന്‍. പിന്നെയെന്തിനിവല്‍ ഇങ്ങനെ പറഞ്ഞു എന്നാശങ്കപ്പെട്ട് ഒടുവില്‍ വിനു ചോദിച്ചു. “എന്താ പെണ്ണേ, ഇപ്പോള്‍ ഇങ്ങനെയൊക്കെ പറയാന്‍?” “എനിക്ക് പേടിയാണ് വിനുവേട്ടാ” പ്രിയ ശബ്ദമില്ലാതെ പറഞ്ഞു. അധികമൊന്നും സംസാരിക്കാതെ ആ കോള്‍ കട്ടായി. പ്രസവം കഴിഞ്ഞു. ഒന്ന്‍ ആണ്‍കുട്ടി, മറ്റേതു പെണ്‍കുട്ടി. പ്രസവത്തിനു വിനു എങ്ങനെയൊക്കെയോ ലീവ് ഒപ്പിച്ചു നാട്ടില്‍ പോയി. പ്രിയയുടെയും തന്റെയും വീട്ടില്‍ ആഘോഷം തന്നെ. കുഞ്ഞുങ്ങളെ കയ്യിലെടുക്കാന്‍ എല്ലാവരും ഊഴമിട്ട്‌ കാത്തു നില്‍ക്കുന്നു. എല്ലാ സന്തോഷത്തിന്റെയുമിടയില്‍ പ്രിയ മാത്രം ചെറിയൊരു പുഞ്ചിരി മാത്രം മുഖത്തു വരുത്താന്‍ പാട് പെടുന്നു. ഡോക്ടറോട് ചോദിച്ചപ്പോള്‍ പറഞ്ഞു. ഇതൊക്കെ സ്വാഭാവികമാണ് മിസ്റ്റര്‍ വിനു, എവെരിതിംഗ് വില്‍ ബി ഓള്‍റൈറ്റ്. ആഘോഷത്തിന്റെ ദിനങ്ങളില്‍ നിന്ന് മനസ്സില്ലാ മനസ്സോടെ വിനു തിരിച്ചെത്തി ജോലിയില്‍ കയറി. അന്ന് മുഴുവന്‍ സൈറ്റിലായിരുന്നു. ഒന്നിരിക്കാന്‍ പോലും സമയമില്ലാതെ തിരക്കില്‍ തന്നെ. റൂമിലെത്തി ടീവി ഓണ്‍ ചെയ്തു നേരെ കിച്ചണില്‍ കയറി. അപ്പോഴാണ്‌ ഫോണ്‍ ഒന്ന്‍ നോക്കിയതുപോലുമില്ലല്ലോ എന്നോര്‍ത്തത്. ബിസി ആയതിനാല്‍ ഫോണ്‍ സൈലന്റിലിട്ടിരുന്നു. ഫോണ്‍ എടുത്തു നോക്കിയ വിനുവിന്റെ മുഖം വിളറി. കുറെയേറെ മിസ്‌കോളുകള്‍. കുറച്ചു നേരമേ ആയിടുള്ളൂ. വീട്ടില്‍ നിന്നും കുടുംബക്കാരില്‍ നിന്നും പേരറിയാത്ത ഒരുപാട് നമ്പറുകളില്‍ നിന്നും. അമ്മക്കെന്തെങ്കിലും...... മലയാളികളൊന്നും ഇല്ലാത്ത നാട്ടില്‍ വന്നു ജോലിക്ക് കയറിയ നിമിഷത്തെയോര്‍ത്ത് വിനു സ്വയം ശപിച്ചു. ഭയപ്പെട്ടു പ്രിയയുടെ നമ്പരിലേക്ക് വിളിക്കാന്‍ ഡയല്‍ ചെയ്തപ്പോഴേക്കും ഫോണ്‍ ഡെഡ് ആയി. പരിഭ്രാന്തിയോടെ ഫോണ്‍ ചാര്‍ജിലിട്ടു വിനു സോഫയിലിരുന്നു. ടീവിയില്‍ അപ്പോഴും ഫ്ലാഷ് ന്യൂസ്‌ എഴുതിക്കാണിക്കുന്നുണ്ടായിരുന്നു. ‘ഇരട്ടക്കുട്ടികളില്‍ ഒരാളെ കൊന്നു യുവതി ആത്മഹത്യ ചെയ്തു.......’

7 comments:

  1. നമ്മുടെ നാടിന്റെ ദുരവസ്ഥയെ ആണോ വരച്ചു കാട്ടിയത്
    എഴുത്തു നന്നായി, എന്താണ് ടൈറ്റിൽ ഇടാത്തത്

    ReplyDelete
  2. പേരൊക്കെയിട്ട്, ഖണ്ഡിക തിരിച്ച് ഒന്നൂടി മിനുക്കിയാല്‍ നല്ല കഥയാവും ശബ്ന... ആശംസകള്‍

    ReplyDelete
  3. kadha ishttamayi....nalla ashayam..
    sithara

    ReplyDelete
  4. രചന നന്നായിട്ടുണ്ട്. പെൺകുട്ടിയായതുകൊണ്ടാണോ കുഞ്ഞിനെ കൊന്നു യുവതി ആത്മഹത്യ ചെയ്തത് . എന്താണ് കഥയ്ക്ക് പേരിടാതിരുന്നത്.
    ഇനിയും നല്ല രചനകൾ വരട്ടെ. ആശംസകൾ.

    ReplyDelete
  5. സംഗതി ഇഷ്ടമായി... ആശംസകള്‍...

    ReplyDelete
  6. വഴക്കുപക്ഷിയിലേയ്ക്ക് വന്നതിനും തുടരരുന്ന സഹകരണത്തിനും നന്ദി അറിയിക്കട്ടെ..

    ReplyDelete
  7. മേൽപ്പറഞ്ഞപോലെ, അടുക്കൊന്നു ക്രമീകരിച്ച് പരുവത്തിൽ ഒരുക്കിയാൽ കഥ മനസ്സിൽ തട്ടുന്നതാകും.സ്ത്രീ മനസ്സിൻ്റെ വ്യഥ സുവ്യക്തമാകും...രചന നന്നായി..
    ആശംസകൾ

    ReplyDelete

Search This Blog