വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

മുത്തു



തേന്‍ നിറച്ച വലിയ ഒരു കുപ്പി അയാളുടെ ഇടതുകൈയ്യില്‍ തൂങ്ങിക്കിടന്നിരുന്നു. വലതുകൈയ്യില്‍ അയാള്‍ നീട്ടിയ ആ തുണ്ടുകടലാസ്സിലെ അക്ഷരങ്ങള്‍ ഞാന്‍ ഒരിക്കല്‍കൂടി വായിച്ചു.
"കല്ലറക്കല്‍ അന്തോണി".
എന്‍റെ മുന്നില്‍ നില്‍ക്കുന്നത് അല്പം മുന്‍പ് കടന്നുപോയ ബസ്സില്‍ നിന്നും ഇറങ്ങിയ ഒരാദിവാസി കുടുംബമാണ്. എണ്ണനിറഞ്ഞ തലമുടി ഭംഗിയായി ചീകിനിര്‍ത്തി സമപ്രായക്കാരനായ ഒരു പന്ത്രണ്ടുവയസ്സുകാരന്‍ നെഞ്ചില്‍ തുണിസഞ്ചി ചേര്‍ത്തുപിടിച്ചു നില്ക്കുന്നു. ഒക്കത്ത് കൈകുഞ്ഞുമായി ഒരമ്മ.
എന്‍റെ മറുപടിക്കായ് അവര്‍ കാത്തു നില്ക്കുകയാണ്.
"അന്തോണി മുതലാളിയുടെ വീട് .."
"അതാ.. ആ കാണുന്ന വളവ് കഴിഞ്ഞാല്‍ ആദ്യം കാണുന്ന ഇടവഴി ഇറങ്ങി ചെല്ലുന്നത് മുതലാളിയുടെ വീട്ടിലേക്കാണ്. അല്ലെങ്കില്‍ വേണ്ട.. വാ.. ഞാന്‍ കാണിച്ചുതരാം." "
നെഞ്ചില്‍ അവന്‍ ചേര്‍ത്തുപിടിച്ച തുണിസഞ്ചി പിടിച്ചുവാങ്ങി ഞാന്‍ സൈക്കിളിനു പുറകില്‍ വെച്ചു.
ചുറ്റും കണ്ണുകള്‍ പായിച്ച് എന്‍റെ ഗ്രാമത്തെ അവന്‍ അത്ഭുതത്തോടെ വീക്ഷിക്കുകയാണ്. ആ മുഖത്ത് നോക്കി ഞാന്‍ ചെറുതായൊന്നു പുഞ്ചിരിച്ചു.
മുഖത്തെ വിഷാദഭാവം വെടിഞ്ഞ് തിരിച്ച് എനിക്കായ് ഒരു പുഞ്ചിരി നല്കാന്‍ അവന്‍ വല്ലാതെ പണിപ്പെടുന്നതായ് തോന്നി.
"എന്താ നിന്‍റെ പേര് ..?"
"മുത്തു .." അവന്‍ പറഞ്ഞു.
കൊട്ടാരം പോലുള്ള അന്തോണി മുതലാളിയുടെ വീടിനു ചുറ്റുമുള്ള കോട്ടമതിലിനു മുന്നിലൂടെ രണ്ടും മൂന്നും തവണ ഞാന്‍ വട്ടമിട്ടു. ഇന്നലെ ഈ വലിയ ഗേറ്റിനു മുന്നില്‍ വെച്ചാണ് മുത്തുവിന്‍റെ അച്ഛന്‍റെ കൈകളിലേക്ക് അന്തോണി മുതലാളി പണം എണ്ണികൊടുത്തത്. തേന്‍ നിറച്ച കുപ്പിയും തൂക്കിപ്പിടിച്ച് മുതലാളിക്ക് പുറകില്‍ അകത്തേക്ക് നടന്നുപോകുന്ന മുത്തുവിനെ കണ്ണില്‍ നിന്നും മറയുന്നതുവരെ ആ അച്ഛനും അമ്മയും നോക്കിനിന്നു. കൂടെ ഞാനും.

മതിലിനു മുകളിലൂടെ കാണാവുന്ന മരങ്ങളില്‍ മാങ്ങയും, ലൂബിയും, ചാമ്പയും നാവില്‍ വെള്ളം നിറക്കുന്നു. അകത്തുള്ള മുത്തുവിനെ കണ്ടെത്തിയാല്‍ മാത്രമേ കൊതിയുടെ ഈ യാത്രകൊണ്ട് നേട്ടമുള്ളൂ. മതിലില്‍ ഒരു വിടവ് കണ്ടു. കട്ടകള്‍ ഇളക്കിമാറ്റി ഞാന്‍ അകത്തെ ലോകത്തേക്ക് കണ്ണുകള്‍ ചേര്‍ത്തുവെച്ചു.
വീടിന്‍റെ പുറകുവശത്തെ തൊഴുത്തില്‍ മുത്തു പശുക്കളെ തേച്ചുകഴുകി കുളിപ്പിക്കുന്നു.
"മുത്തു .."
എന്റെ ശബ്ദം അവന്‍റെ കാതുകളില്‍ തട്ടി.
അവന്‍ ചുറ്റും നോക്കി. സമീപത്ത് ആരുംതെന്നെയില്ല എന്ന് ഉറപ്പുവരുത്തിയശേഷം അവന്‍ മതിലിനരികിലേക്ക് ഓടി വന്നു.
"ഞാനാ അപ്പു. എനിക്ക് കുറച്ച് ലൂബിക്കായ് തരോ ?
അവിടെ നിലക്ക് എന്ന്പറഞ്ഞ് അവന്‍ തിരിച്ചോടി. അല്പം കഴിഞ്ഞ് കൈകളില്‍ ഒരു കടലാസ്സ് പൊതിനിറയെ ലൂബിക്കയും ചാമ്പക്കയുമായി അവന്‍ തിരിച്ചുവന്നു.
“മുത്തൂ ..നീ ഇവിടെ പശുവിനെ കുളിപ്പിക്കാന്‍ വന്നതാണോ.” ?
"പശുവിനെ കുളിപ്പിക്കുക മാത്രമല്ല. തുണി അലക്കണം, പാത്രം കഴുകണം, നിലം തുടക്കണം, പശുവിന് പുല്ല് അരിയണം..അങ്ങിനെ ഈ വീട്ടിലെ എല്ലാ പണിയും എടുക്കണം."
തമിഴ് കലര്‍ന്ന മലയാളത്തില്‍ ആണ് അവന്‍ പറയുന്നത് എങ്കിലും എനിക്ക് എല്ലാം മനസിലാകുന്നുണ്ടായിരുന്നു..
"ഞാന്‍ പോകട്ടെ കൊച്ചമ്മയോ മുതലാളിയോ കണ്ടാല്‍ അടികിട്ടും."
മതിലിന്‍റെ വിടവിലേക്ക് ആ കടലാസ്സ്പൊതി തിരുകിവെച്ച് അവന്‍ തിരിച്ചോടി.

ആ രാത്രിയില്‍ എനിക്കുറക്കം വന്നില്ല. മുത്തു അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഓര്‍ത്ത് എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കരയുന്നതെന്തിന് എന്ന് അമ്മ പലവട്ടം ചോദിച്ചിട്ടും പറയാന്‍ എന്തോ മനസ്സ് അനുവദിച്ചില്ല.

പിന്നീട് അവധി ദിനങ്ങളിലെല്ലാം തന്നെ ആ വലിയകോട്ടമതില്‍ പ്രദക്ഷിണം വെക്കുക എന്‍റെ പതിവായ്‌ മാറി. പലപ്പോഴും തമിഴ് സംസാരിക്കുന്ന സമപ്രായക്കാരനായ ആ സുഹൃത്തിനെ അകത്ത് കണ്ടെത്താനായില്ലയെങ്കിലും, കട്ടകള്‍ ഇളക്കി മാറ്റിയ ആ മതിലിന്‍ വിടവില്‍ എന്നെയും കാത്ത് അപ്പോഴും ഒരു കടലാസ്സ് പൊതി ഒളിച്ചിരിക്കുന്നുണ്ടാകും.

'മുത്തൂ.... "
പാടത്തിന്‍റെ കരയില്‍ ഇരുള്‍പരക്കുന്ന തെങ്ങിന്‍ തോപ്പിനുള്ളില്‍ നിന്നും ഘനഗംഭീരമായ ശബ്ദം മുഴങ്ങി. പന്തുരുളുന്ന ഇളംകാലുകള്‍ പെട്ടെന്ന് നിശ്ചലമായി. അകലെ അവ്യക്തമായിക്കാണാവുന്ന ആ ആള്‍ രൂപം അന്തോണി മൊതലാളിയുടെതാണ്. മുത്തു പന്തുകളിക്കുന്നത് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു.

പശുവിന് പുല്ലരിയാന്‍ പാടത്തേക്ക് വരുമ്പോള്‍ മാത്രം വീടിനു പുറത്തിറങ്ങാന്‍ അനുവദിച്ചുകിട്ടുന്ന സ്വാതന്ത്ര്യം ഞങ്ങള്‍ അവന് കളിക്കാന്‍ ഉള്ള അവസരം ഒരുക്കി. കളി ആരംഭിക്കുന്നതിന് മുന്‍പ് മുത്തുവിന് ആവശ്യമായ പുല്ല് ഞങ്ങള്‍ കുട്ടികള്‍ കൂട്ടംച്ചേര്‍ന്ന് വയല്‍വരമ്പില്‍ അരിഞ്ഞുവെക്കും. പിന്നെ തെങ്ങിന്‍ തോപ്പിനുള്ളില്‍ നിന്നും പാടത്തേക്ക് ഇറങ്ങിവരുന്ന മുത്തുവിന്‍റെ വരവിനായുള്ള കാത്തിരിപ്പാണ്. അതിന് മുന്‍പേ ആരുടെ ടീമില്‍ അവന്‍ കളിക്കണം എന്ന് ഞങ്ങള്‍ നറുക്കെടുത്ത് വെച്ചിരിക്കും. മുത്തു ബാക്ക് നിന്നാല്‍ ആ കാലില്‍ നിന്നും പന്ത് ചോരുകയില്ല. മുത്തുവിനെ സ്വന്തമാക്കിയാല്‍ ടീം വിജയിച്ചു എന്നായിരുന്നു ഞങ്ങളുടെ ആത്മവിശ്വാസം.

വയല്‍വരമ്പില്‍ അരിഞ്ഞുവെച്ചിരുന്ന പുല്ല്കെട്ട് തലയില്‍ എടുത്തുവെച്ച് മുത്തു ഓടി. അടുത്തെത്തിയപ്പോള്‍ അന്തോണി മുതലാളി നടക്കാന്‍ ഉപയോഗിക്കുന്ന ഊന്നുവടികൊണ്ട് അവന്‍റെ പുറത്ത് ആഞ്ഞടിക്കുന്നത് ഞങ്ങള്‍ക്കകലെനിന്നും കാണാമായിരുന്നു. അടികൊണ്ട മുത്തു നിലവിളിച്ചുവോ.? അറിയില്ല. ഒരുപക്ഷെ ആ നിലവിളി ദൂരദൈര്‍ഘ്യത്താല്‍ അലിഞ്ഞുപോയതാകാം. അല്ലെങ്കില്‍ ശബ്ധമില്ലാതെ കരയാന്‍ മുത്തു പഠിച്ചിരിക്കണം.

മുത്തു കളം വിട്ടതോടെ കളിയുടെ രസച്ചരട് മുറിഞ്ഞു. കളി അവസാനിപ്പിച്ച് ഞങ്ങള്‍ അടുത്തുള്ള കുളക്കടവിലേക്കിറങ്ങി.

ചക്രവാളത്തില്‍ അന്തിസൂര്യന്‍റെ ചെങ്കനല്‍ മായാന്‍ തുടങ്ങി.

എന്താണ് സംഭവിച്ചത് എന്ന് ഒന്നും മനസിലാകുന്നില്ല.

പാടത്ത് ഉണ്ടായിരുന്ന സ്ത്രീകളും പുരുഷന്മാരും കൂട്ടത്തോടെ കരയിലേക്ക് ഓടിക്കയറുന്നു. അവരുടെ ശരീര ഭാഷയിലും കാലുകളിലെ വേഗതയിലും അസ്വഭാവികത പ്രകടമായിരുന്നു. കുളി അവനാനിപ്പിച്ച് ഞങ്ങള്‍ അവര്‍ക്ക് പുറകില്‍ ധൃതിയില്‍ ചലിക്കുന്ന നിഴലുകായ് മാറി.
എല്ലാകാലുകളും അന്തോണിമുതലാളിയുടെ ആ വലിയ വീടിനെയാണ്‌ ലക്‌ഷ്യം വെക്കുന്നത്. മതില്‍ ഗേറ്റ് തള്ളിത്തുറന്ന് അവര്‍ അകത്തേക്കോടുന്നു. അകത്ത് മോട്ടോര്‍ പുരയുടെ സമീപം ഏതാനും ആളുകള്‍ വട്ടം കൂടി നില്ക്കുന്നുണ്ട്.
അങ്ങോട്ട്‌ ഓടിയടുക്കും മുന്പേ ആരുടെയോ നാവില്‍ നിന്നും ഞാനാസത്യം അറിഞ്ഞു.
"എല്ലാം കഴിഞ്ഞു.."
ആളുകളെ തള്ളിമാറ്റി ഞാന്‍ ഞാനാകാഴ്ചകണ്ടു..
വായില്‍ നിന്നും നുര പുറത്തേക്ക് വന്ന് പച്ചപുല്ലില്‍ മുത്തു മലര്‍ന്നുകിടക്കുന്നു..
മുത്തൂ..എന്നലറിവിളിച്ചുകൊണ്ട് ഞാനവനെ കുലുക്കിവിളിച്ചു.
ശബ്ദമില്ലാത്തലോകത്തുനിന്നും ആ വിളികെള്ക്കാന്‍ ഇനിയവന് കഴിയില്ല. മുത്തു ഷോക്കേറ്റ് മരിച്ചിരിക്കുന്നു. മോട്ടോര്‍ ഓണ്‍ചെയ്യുന്നതിനിടയില്‍ മുത്തുവിന് ഷോക്ക് അടിക്കുകയായിരുന്നു.
കരഞ്ഞുതളര്‍ന്ന മനസ്സുമായി ആ രാത്രിയില്‍ ഏറെനേരം ഞാന്‍ മുത്തുവിന് കൂട്ടിരുന്നു.

പിന്നീടെപ്പോഴാണ് അച്ഛന് എന്നെ വീട്ടിലേക്ക് കൊണ്ടുപോയത്? എപ്പോഴാണ് ഞാന്‍ ഉറക്കത്തിലേക്ക് കടന്നത്..? അറിയില്ല. മറ്റൊരു പ്രഭാതം പൊട്ടിവിടരും മുന്പേ ഞാന്‍ ഞെട്ടിയുണര്‍ന്നത് മുത്തൂ എന്നുറക്കെ വിളിച്ചുകൊണ്ടാണ്‌.
ആകാശം വെള്ളകീറാന്‍ തുടങ്ങുന്നു. പ്രഭാതത്തിന്‍റെ ഉണര്‍ത്തുപാട്ടായ് കാതില്‍ അലയടിക്കുന്ന കിളികൊഞ്ചലുകള്‍ക്ക് ഒരാളുടെ നിദ്രയെ മടക്കിവിളിക്കാനാകുമോ ? എങ്കില്‍ എനിക്കെന്‍റെ മുത്തിവിനെ തിരിച്ചുതാ ..

കയ്യാലയിലെ ഒരു മരബഞ്ചില്‍ അവര്‍ മുത്തുവിനെ കിടത്തിയിരിക്കുന്നു. പാലക്കാട് നിന്നും അവന്‍റെ വീട്ടുകാര്‍ വരുന്നത് കാത്തിരികുകയാണ് എല്ലാവരും.
കാത്തിരിപ്പിന് വിരാമമായി ഗേറ്റിനു മുന്നില്‍ ഒരുജീപ്പ് വന്നുനിന്നു. വലതു കൈയ്യില്‍ കയറില്‍ തൂക്കിപ്പിടിച്ച ഒരു വലിയ തേന്‍ കുപ്പിയുമായി മൂത്തുവിന്‍റെ അച്ഛന്‍ ഒരിക്കല്‍കൂടി എന്‍റെ മുന്നില്‍ വാഹനമിറങ്ങി.

കയ്യാലയിലെ ബഞ്ചില്‍ വെള്ളപുതപ്പിച്ചു കിടക്കുന്ന ചലനമറ്റ മകന്‍റെ ദേഹം ഏറ്റുവാങ്ങാന്‍ ഗേറ്റിനു പുറത്ത് അയാള്‍ കാത്തുനിന്നു. അന്തോണി മുതലാളി അവരെ കൈ നീട്ടി അകത്തേക്ക് വിളിക്കുന്നുണ്ടെങ്കിലും ആ പടികടക്കാന്‍ അയാള്‍ തയ്യാറല്ലായിരുന്നു. അടക്കിപ്പിടിച്ച ദുഃഖം മറച്ചുപിടിക്കുന്ന ആ മുഖം ഞാന്‍ ഒരിക്കല്‍ക്കൂടി നോക്കി. കടുത്ത വേദനയിലും കരയാതിരിക്കാന്‍ മുത്തു പഠിച്ച പാഠശാല. ശബ്ദമില്ലാത്ത വാക്കുകള്‍ വാചാലമാകുന്ന ഭാഷയായ് മാറുന്നത് ഞാന്‍ കണ്ടറിഞ്ഞു.

രണ്ടുപേര്‍ ചേര്‍ന്ന് മുത്തുവിന്‍റെ ശരീരം താങ്ങിയെടുത്തു. പുറത്ത് കാത്തുനില്ക്കുന്ന ജീപ്പിന്‍റെ പിന്‍സീറ്റിലേക്ക് അവര്‍ അവനെ എടുത്തുവെച്ചു.
അന്തോണി മുതലാളിയുടെ ആശ്വസിപ്പിക്കന്ന കരങ്ങള്‍ മുത്തുവിന്‍റെ അച്ഛന്‍റെ തോളില്‍ പതിഞ്ഞു. മുട്ടോളം നീണ്ടുകിടക്കുന്ന സില്ക്കിന്‍റെ ജുബ്ബയുടെ പോക്കറ്റില്‍ നിന്നും പണം അടങ്ങുന്ന ഒരു പൊതിയെടുത്ത് അയാള്‍ ആ കൈകളില്‍ വെച്ചുകൊടുത്തു.

പ്രിയപ്പെട്ട കൂട്ടുകാരനേയും വഹിച്ചുകൊണ്ട് ആ വാഹനം എന്‍റെ കണ്ണില്‍ നിന്നും മറയുകയാണ്. ഗേറ്റിനു മുന്നില്‍ കണ്ണീരോടെ വിടപറയുന്ന നാട്ടുകാര്‍ക്കിടയില്‍ അവരിലൊരുവനായി ഞാനും.

ചുറ്റും കൂടിനില്‍ക്കുന്നവര്‍ക്ക് മുന്നില്‍ ആ കോട്ടമതിലിന്‍റെ വാതില്‍ അന്തോണി മുതലാളി വലിച്ചടച്ചു. അകത്തേക്ക് നടന്നു പോകുന്ന അദ്ദേഹത്തിന്‍റെ വലതുകൈയ്യില്‍ അപ്പോള്‍ ഒരു തേന്‍കുപ്പി തൂങ്ങിയാടുന്നുണ്ടായിരുന്നു...


മൊയ്തുക്ക-യാത്രികരുടെ തമ്പുരാന്‍.

മനസ്സിന് ലഹരിപകരുന്ന യാത്രയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. എന്നാല്‍ യാത്രികരെ ഇഷ്ടപ്പെടുന്ന എത്ര പേരുണ്ടിവിടെ? അതും ലോകം മുഴുവന്‍ സഞ്ചരിച്ച ആളായാലോ? എങ്കില്‍ അത്തരമൊരു ആളെ തേടി ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതില്ല. മലപ്പുറം ജില്ലയില്‍ അരീക്കോടിന് സമീപമുള്ള കിഴിശ്ശേരിയിലെത്തി 'മൊയ്തുക്ക'യുടെ വീടേതെന്ന് അന്വേഷിച്ചാല്‍ ആരും കാണിച്ചുതരും.. മുറ്റം നിറയെ ചെടികളുള്ള വീട്ടിലേക്ക് കയറിയാല്‍ കാണാന്‍ കൊതിച്ച ഒരുപാട് പുരാവസ്തുക്കള്‍ തിങ്ങിക്കിടക്കുന്ന ആ വീട്ടില്‍ ഓര്‍ത്താല്‍ തീരാത്ത ഓര്‍മകളുമായി നിങ്ങള്‍ക്ക് മൊയ്തുക്കയെ കാണാം.. ഒന്നും ചോദിക്കാതെ തന്നെ മൊയ്തു ഓര്‍മകളൊന്നൊന്നായ് സ്വയം പകര്‍ന്നുതരും..

ഉപ്പയുടെ ആകസ്മിക മരണം തീര്‍ത്ത ദാരിദ്രവും അനാഥത്വവും കാരണം നാടുവിടേണ്ടി വന്ന ഒരു ഏഴുവയസ്സുകാരന്‍.. മരണം ജീവിതത്തില്‍ തീര്‍ത്ത ശൂന്യത തിരിച്ചറിഞ്ഞ ആ പയ്യന്‍ ജീവിതത്തിന്‍റെ രഹസ്യം തേടി പുറപ്പെട്ടു. ഏഴാമത്തെ വയസ്സില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിലൂടെ അലഞ്ഞുനടന്ന അവനു മുന്നില്‍ ഈ രാജ്യത്തിന്‍റെ ആത്മാവ് തുറന്നുകിട്ടി. വേശ്യകളും സൂഫികളും സന്യാസികളും തെരുവ് മനുഷ്യരും നിറഞ്ഞ ഈ ലോകത്തെ ജീവിതമെന്ന പ്രഹേളിക അവനുമുന്നില്‍ വെളിവാക്കപ്പെട്ടു. നിരര്‍ത്ഥകമായ ജീവിതയാത്രയില്‍ മനുഷ്യന്‍റെ കാട്ടിക്കൂട്ടലുകളുടെ ചിത്രം നിറഞ്ഞു നില്‍ക്കുന്നു. 

തന്‍റെ പതിനാലാമത്തെ വയസ്സില്‍ ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് കടന്ന മൊയ്തു ഇത്തിരി പോന്ന ഈ ലോകത്ത് തടസ്സങ്ങളായ് നാം സൃഷ്ടിച്ച അതിര്‍വരമ്പുകളെ ഉല്ലംഘിക്കുന്നുണ്ട്. എത്ര തവണ പട്ടാളക്കാര്‍ തടഞ്ഞാലും വീണ്ടും വീണ്ടും അതിര്‍ത്തി കിടക്കാനുള്ള തീവ്രമായ ശ്രമം നമ്മെ അത്ഭുതപ്പെടുത്തും. പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്കും ഇറാഖ്, ഇറാന്‍, തുര്‍ക്കി, റഷ്യ തുടങ്ങി 43 ഓളം രാജ്യങ്ങള്‍ മൊയ്തു സഞ്ചരിച്ചു. ഇതിനിടെ സൈനികനായും ചാരനായും പത്ര റിപ്പോര്‍ട്ടറായും ജോലി ചെയ്തു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി പ്ലമ്പറും ഇലക്ട്രീഷനുമായി വേഷമണിഞ്ഞു. 53 വയസ്സുകാരനായ മൊയ്തുവിന് നിരവധി ഭാഷകള്‍ സംസാരിക്കാനും തുര്‍ക്കിയടക്കം ആറ് ഭാഷകള്‍ എഴുതാനും അറിയാം.

ജീവിതത്തിലെന്ത് നേടി എന്ന് ആരെങ്കിലും ചോദിച്ചാല്‍ മൊയ്തുവിനുള്ള ഉത്തരം ഒരുപാട് ഓര്‍മകളും വിലമതിക്കുന്ന പുരാവസ്തുക്കളും എന്നാവും. സ്വന്തമായ് ശേഖരിച്ചതും സുഹൃത്തുക്കള്‍ ഉപഹാരമായ് നല്‍കിയതുമായ ഒരുപാട് പുരാവസ്തുക്കള്‍ മൊയ്തു ഇന്നും നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നു. അരയിഞ്ച് വലിപ്പമുള്ള ലോകത്തിലെ ഏറ്റവും ചെറിയ ഖുര്‍ആന്‍, പഴയ പാട്ടുപെട്ടി, ഇംഗ്ലണ്ടിലെ മരപ്പെട്ടി ടെലിഫോണ്‍, ക്യാമറ, 1918 ല്‍ ലോകമഹായുദ്ധത്തിന് ഉപയോഗിച്ച തോക്ക്, ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച കൈവിലങ്ങ്, 1921 ലെ മലബാര്‍ കലാപത്തില്‍ ഉപയോഗിച്ച വാളുകള്‍, രാജ്യഭരണകാലത്തെ രാജദൂത്, പുരാതന ലിപികളുടെ ചിത്രങ്ങള്‍, വിവിധ തരത്തിലുള്ള രത്നങ്ങള്‍, ആദിവാസി ആഭരണം, ചൈനീസ് കലാശില്‍പം, ചില്ല് വിളക്കുകള്‍, 10 ലക്ഷത്തിന്‍റെ അമേരിക്കന്‍ ഡോളര്‍, നാണയങ്ങളുടെ അമൂല്യശേഖരം തുടങ്ങിയ ഒറ്റനവധി വസ്തുക്കള്‍ മൊയ്തു ഭദ്രമായി സൂക്ഷിക്കുന്നു. 

ഇന്ന് ഈ യാത്രാപ്രിയന്‍ പ്രയാസങ്ങളുടെ നടുക്കടലിലാണ്. ഒരു ഭാഗത്ത് രോഗം വിടാതെ വേട്ടയാടുമ്പോള്‍ മറുഭാഗത്ത് സാമ്പത്തിക പ്രതിസന്ധിയും വെല്ലുവിളിയായ് ഉയര്‍ന്നുനില്‍ക്കുന്നു. 'ഒരുപാട് പേരുടെ പ്രയാസങ്ങളിലൂടെ കടന്നുപോയ അനുഭവങ്ങള്‍ കൂട്ടായ് ഉള്ളതുകൊണ്ടാവാം സ്വന്തം പ്രയാസങ്ങള്‍ക്ക് ഭാരം തോന്നാത്തത്' എന്ന് മൊയ്തുക്ക ചിരി വരുത്തി പറയുമ്പോഴും പ്രയാസങ്ങള്‍ അദ്ദേഹത്തില്‍ നിഴലിച്ച് കാണുന്നുണ്ടായിരുന്നു. 

കടന്നുപോയ അനുഭവങ്ങളെ ഓര്‍ത്തെടുത്ത് ലിവിംഗ് ഓണ്‍ ദ എഡ്ജ്, സൂഫികളുടെ നാട്ടില്‍, മരുഭൂകാഴ്ചകള്‍, ദര്‍ദെ ജുദാഈ, തുര്‍ക്കിയിലേക്കൊരു സാഹസിക യാത്ര, ചരിത്രങ്ങളിലൂടെ എന്നിങ്ങനെ ആറോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 
ഇന്ന് മൊയ്തുക്കയുടെ പ്രധാനപ്രശ്നം സാമ്പത്തികപ്രതിസന്ധിയാണ്. എന്തുചെയ്യണമെന്ന ചോദ്യത്തിനുമുന്നില്‍ പലപ്പോഴും പ്രിയപ്പെട്ടതായ് ചേര്‍ത്തുപിടിക്കുന്ന പുരാവസ്തുക്കള്‍ ആര്‍ക്കെങ്കിലും വില്‍പന ചെയ്താലോ എന്ന് തോന്നിപ്പോവുമെന്ന് മൊയ്തു പറയുന്നു. ഒരു മ്യൂസിയമായ് ആരെങ്കിലും ഏറ്റെടുത്തിരുന്നെങ്കില്‍ എന്ന് ഇടക്കിടെ കൊതിച്ചുപോവുന്നു. നമുക്കാവുന്നത് നമുക്ക് ചെയ്യാം..
ആരോഗ്യ സ്ഥിതി വീണ്ടെടുത്ത് ഇനിയും യാത്ര പോവണമെന്ന ആഗ്രഹത്തിന് നമുക്കും താങ്ങേകാം..



എന്‍റെ പ്രണയം......

പ്രിയ ബ്ലോഗ്ഗര്‍ പ്രീത തോന്നയ്ക്കല്‍ വഴക്കുപക്ഷിക്കായി എഴുതി അയച്ചു തന്നതാണീ കുറിപ്പ്.  ബ്ലോഗ്ഗില്‍ ലോഗിന്‍ ചെയ്തു സ്വന്തമായി പോസ്റ്റ്‌ ചെയ്യാം എന്ന് അറിയിച്ചപ്പോള്‍,
" അതൊന്നും വേണ്ട... അങ്ങ് പോസ്റ്റ്‌ ചെയ്യൂ... അല്ലെങ്കില്‍ ഞാന്‍ ഇതെടുത്ത് എന്റെ ബ്ലോഗ്ഗില്‍ ഇടും.." എന്ന് സ്നേഹത്തോടെ ഭീക്ഷണി മുഴക്കുകയാണ് ഉണ്ടായത്. 
വഴക്കുപക്ഷിയെ ഓര്‍ത്തതിനും സഹകരിച്ചതിനും പ്രിയ സോദരിക്കു സ്നേഹം ആദ്യമേ...
ഒപ്പം ഏറെ കരുതലോടെ അവരെ സ്നേഹിക്കുന്ന ബ്ലോഗുലകത്തിന് നന്ദിയും.....
  
എന്‍റെ പ്രണയം...... (കുറിപ്പ്)

അതെ.. ആദ്യം സ്നേഹിച്ചതവനായിരുന്നു.. 

ആദ്യമായിട്ടവനെ കാണുന്നത് ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. അന്ന് ഞാന്‍ അമ്മയോടൊപ്പം ഒരകന്ന ബന്ധുവിനെ കാണാന്‍ തിരുവനന്തപുരത്ത് ഒരാശുപത്രിയില്‍ നില്‍ക്കുവായിരുന്നു. വെറുതേ ഒരു നോട്ടം. അവനും തിരികെ നോക്കി. അത്ര തന്നെ. പക്ഷെ അപ്പോഴൊന്നും ഞാനോര്‍ത്തില്ല, അവനെന്‍റെ ജീവിതത്തിന്‍റെ തന്നെ ഭാഗമായിത്തീരുമെന്ന്. ഞാനെന്നല്ലാ, ആരായാലും അങ്ങനെ ചിന്തിക്കില്ലല്ലോ. 

വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ കോളേജില്‍ പഠിക്കുമ്പോഴാണ് വീണ്ടും ഞങ്ങള്‍ കാണുന്നത്. അതും മറ്റൊരാശുപത്രിയില്‍ വച്ചുതന്നെ. അന്ന് ഞാനാകെ മാറിപ്പോയിരുന്നു. പക്ഷെ അവന് പറയത്തക്ക മാറ്റമില്ല. കുറച്ച് കൂടി സുന്ദരനായെന്നു എനിക്ക് തോന്നി. 

ഞങ്ങള്‍ വീണ്ടും കണ്ടു. 

അവനെന്നെ തിരിച്ചറിയുമെന്ന് ഞാന്‍ കരുതിയതേയില്ല. ഞാന്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ അവനെന്‍റെ കട്ടിലിനരികില്‍ തന്നെയുണ്ടാകും. 

ആദ്യമൊക്കെ എനിക്ക് പേടിയായിരുന്നു. തെല്ലൊരാശങ്കയോടെ ഒരിക്കല്‍ ഞാനവനെ തൊട്ടു. പിന്നെ ഞങ്ങള്‍ കൂട്ടായി. എന്നാലും ആദ്യമായി എന്നെ അവന്‍റെ മടിയിലിരുത്തിയപ്പോള്‍ ഒരു കാമുകിയുടെ നാണത്തേക്കാള്‍ പരിഭ്രമമായിരുന്നു എനിക്ക്. പക്ഷെ അപ്പോഴും അവനെന്നെ ഞെട്ടിച്ചു. ഒട്ടും പരിഭ്രമമില്ലാതെ, ലജ്ജയില്ലാതെ അവനെന്നെയും കൊണ്ട് നടന്നു. 

പിന്നെപ്പോഴും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ശരിക്കും ഞാനവനെയല്ലാ, അവനെന്നെ സ്വന്തമാക്കുകയായിരുന്നു എന്ന് പറയുന്നതാണ് സത്യം. 

എനിക്കുതന്നെ എന്നെ നഷ്ടപ്പെടുംവിധം അവനെന്നെ സ്നേഹിച്ചു. എന്‍റെ മനസോ ശരീരമോ തളരുമ്പോള്‍ അവന്‍ ഇരുകൈകളും കൊണ്ടെന്നെ താങ്ങി. എന്‍റെ കാലൊന്നിടറുമ്പോള്‍ ചെറിയൊരു ഞരക്കത്തോടെ അവനെന്നെ പിടിച്ചുനിര്‍ത്തും. ഞാന്‍ കൊണ്ട വെയിലും മഴയും കാറ്റുമൊക്കെ എന്നോടൊപ്പം നിന്ന് അവനും കൊണ്ടു. ഒട്ടും പരിഭവമില്ലാതെ. എന്‍റെ ജീവിതത്തിലെ ഓരോ ഉയര്‍ച്ചയിലും ഏറ്റവുമധികം സന്തോഷിച്ചതും അവന്‍ തന്നെയായിരിക്കും. അവനങ്ങനെ ആകാനേ കഴിയൂ. 

 ഒരിക്കലൊരു സംഭവമുണ്ടായി കേട്ടോ. ഞാനും അവനും കൂടി കോവളം കടല്‍ത്തീരത്തിരിക്കുകയായിരുന്നു. തീരത്തെന്ന് പറഞ്ഞാല്‍ ആ പടിക്കെട്ടിനിപ്പുറം. 

പെട്ടെന്ന് എനിക്കൊരാഗ്രഹം, കടലിനടുത്ത് പോണം, കടലിനെ തൊടണം എന്നൊക്കെ. എന്‍റെ നിര്‍ബന്ധം സഹിയ്ക്കവയ്യാതെ അവനെന്നെയും കൊണ്ട് കടലിലേക്ക് നടന്നു. അല്‍പ്പം മുന്നോട്ടുചെന്നതും, കഷ്ടമെന്നു പറഞ്ഞാല്‍ മതിയല്ലോ, അവന്‍റെ കാലുകള്‍ മണലില്‍ പുതഞ്ഞുപോയി. നനഞ്ഞു കിടന്ന മണലല്ലേ. പാവം, കുറെ കഷ്ടപ്പെട്ടിട്ടും ഒരു രക്ഷയുമില്ല. ഒടുവില്‍ അവിടുണ്ടായിരുന്ന ചിലര്‍ ഞങ്ങളെ സഹായിക്കാന്‍ ഓടിയെത്തി. 

അവനന്ന് ഒരുപാട് വേദനിച്ചു. പക്ഷെ അപ്പോഴും അവന്‍റെ സങ്കടം എന്നെ കടലു കാണിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നായിരുന്നു. 

ഞങ്ങള്‍ പ്രണയത്തിലായിട്ട്‌ ഇപ്പോള്‍ പതിനഞ്ചുവര്‍ഷം കഴിഞ്ഞു. അതൊരു ചെറിയദൂരമല്ലെങ്കിലും, ഇപ്പോഴും അവനെ പിരിഞ്ഞിരിക്കുന്നത് എനിക്ക് ചിന്തിക്കാന്‍ കൂടി വയ്യ. അവനുമങ്ങനെ തന്നെ. ഞങ്ങള്‍ക്കൊരുമിച്ചു ഇനിയുമൊരുപാട് ദൂരങ്ങള്‍ താണ്ടാനുണ്ട്. 

ഒരു പക്ഷേ അവനെന്‍റെ ജീവിതത്തിലേക്ക് കടന്ന്‍ വന്നില്ലായിരുന്നെങ്കില്‍ ഇന്നത്തെ ഞാനുണ്ടാകുമായിരുന്നില്ല. ഏതെങ്കിലും നാല് ചുമരുകള്‍ക്കുള്ളില്‍ ആരാലും അറിയാപ്പെടാതെയങ്ങനെ... 

ഞാനവനെ പ്രണയിക്കുന്നതിലും പതിന്മടങ്ങ്‌ അവനെന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. മരണം വരെ അവനെന്നെ കൈവിടില്ലെന്നും.. കാരണം, ഞാന്‍ അവനെയല്ലല്ലോ, അവന്‍ എന്നെയല്ലേ സ്വന്തമാക്കിയത്.. 

എന്‍റെ സ്വന്തം “ചക്രക്കസേര..”

അഭിതര്‍പ്പണം. (കഥ)

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 
പുരാതനമായ തറവാടിന്‍റെ  പൂമുഖത്ത് ചാരുകസേരയില്‍ കിടക്കുകയാണ്  ആദിത്യവര്‍മ്മ .കൈയുള്ള ബനിയനും,ലുങ്കിയുമാണ് അയാളുടെ വേഷം .കട്ടിയുള്ള മീശയും കുറ്റിത്താടിയുമുള്ള അയാളെ കണ്ടാല്‍ ഗൌരവക്കാരനാണെന്ന്   തോന്നും. തൊട്ടടുത്ത് ഓടിട്ട മേല്‍കൂരയ്ക്ക് താങ്ങായ  മരത്തൂണില്‍ ചാരിയിരുന്ന് ആദിത്യ വർമ്മയുടെ കാല്‍പാദങ്ങള്‍  തിരുമ്മുകയാണ് സിദ്ധാര്‍ത്ഥന്‍.മുറ്റത്തിനപ്പുറം ഇടതൂര്‍ന്നുനില്‍ക്കുന്ന വൃക്ഷങ്ങള്‍ക്കിടയിലൂടെ വീശുന്ന  സുഖശീതളമായ കാറ്റ് അവരെ തഴുകിപോകുന്നുണ്ട് .നിലാവുള്ള രാത്രികളില്‍  അത്താഴം കഴിഞ്ഞാല്‍ പൂമുഖത്തെ വൈദ്യുതി പ്രകാശം അണച്ച് നിലാവെട്ടത്തില്‍ രണ്ടുപേരും  വര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കുന്ന പതിവിന്  വര്‍ഷങ്ങളുടെ പഴക്കമുണ്ട്.  മേല്‍കൂര ഓടിട്ട പ്രൌഡിയുള്ള ഇരുന്നില വീടിന്‍റെ പൂമുഖത്തിരിക്കുന്ന   സുഖം മറ്റ് എവിടെപ്പോയിരുന്നാലും സിദ്ധാര്‍ത്ഥന് ലഭിക്കാറില്ല.രക്തബന്ധങ്ങളെക്കാള്‍ അതീതമായ ബന്ധമാണ് ആ വീട്ടിലുള്ളവരുമായി സിദ്ധാര്‍ത്ഥനുള്ളത്. ആദിത്യവര്‍മ്മയും സഹധര്‍മ്മിണി ലീലാവതിയും, ഒരു വേലക്കാരിയുമാണ്   ആ ഇരുനില മാളികയില്‍ താമസം.സിദ്ധാര്‍ത്ഥന്‍ മാളികയോട് ചേര്‍ന്നുള്ള കയ്യാലപ്പുരയിലാണ് അന്തിയുറക്കം. ആദിത്യവര്‍മ്മയുടെ  ഒരേയൊരു മകള്‍  ഡോക്ടര്‍  അഞ്ജലി  ഭര്‍ത്താവുമൊത്ത് ആസ്ട്രേലിയയിലാണ് താമസം .മാതാപിതാക്കളെ ആസ്ട്രേലിയയിലേക്ക് സുഖവാസത്തിന്‌ ക്ഷണിച്ചിട്ട് വരാത്തതിന്‍റെ വൈഷമ്യത്തിലാണ് അഞ്ജലി.മൂന്ന് ഏക്കര്‍ പുരയിടം പലതരം കൃഷികളാല്‍ സമ്പന്നമാണ് .

ആദിത്യവര്‍മ്മ നിലത്തിരിക്കുന്ന കോളാമ്പിയെടുത്ത്  മുറുക്കാന്‍ തുപ്പിയതിനു ശേഷം നിവര്‍ന്നിരുന്ന്  സിദ്ധാര്‍ത്ഥനോട് പറഞ്ഞു.

,,അഞ്ജലി ഇന്നും വിളിച്ചിരുന്നു. ഞങ്ങള്‍ക്ക് വിസയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കുവാന്‍  ഞങ്ങളുടെ  സമ്മതത്തിനായി.അമ്മയുടെ സമ്മതം നേരത്തെതന്നെ അവള്‍  വാങ്ങിയിട്ടുണ്ട്.എനിക്ക് ഈ ഗ്രാമവും, വീടും പിന്നെ മോനെയും  വിട്ടുപോകാന്‍ മനസ്സുവരുന്നില്ല.മോന്‍ ഇവിടെ വന്നതില്‍പിന്നെ നമ്മള്‍ ഒരുദിവസം പോലും പിരിഞ്ഞിരുന്നിട്ടില്ലല്ലോ ? ലീലാവതിയോട്  അഞ്ജലിയുടെ  അരികിലേക്ക് പൊയ്ക്കൊള്ളാന്‍ പറഞ്ഞിട്ട് ഞാനില്ലാതെ അവളെങ്ങോട്ടും പോവുന്നില്ല എന്നാണ്  പറയുന്നത്.നേരം പത്തുമണി കഴിഞ്ഞിരിക്കുന്നു.മോന്  നാളെ നേരത്തെ  കോളേജില്‍ പോകുവാനുള്ളതല്ലെ? മോന്‍  പോയി കിടന്നോളൂ,,

സിദ്ധാര്‍ത്ഥന്‍ അയാളുടെ പാദങ്ങളില്‍ നിന്നും കൈകള്‍ പിന്‍വലിച്ച്  പറഞ്ഞു.

" അഞ്ജലി ചേച്ചിക്ക് അച്ഛനോടും അമ്മയോടും ഒരുപാട് ഇഷ്ടമുള്ളതുകൊണ്ടല്ലേ ആസ്ട്രേലിയയിലേക്ക് ക്ഷണിക്കുന്നത് .എന്നെ തനിച്ചാക്കിയിട്ടു പോകുവാനാവാത്തതുക്കൊണ്ടല്ലെ അച്ഛന്‍ പോകുവാന്‍ വിസ്സമ്മതിക്കുന്നത്.ആസ്ട്രേലിയയിലേക്ക് പോകുവാന്‍ അവസരം ലഭിച്ചിട്ട് പോകാതെയിരിക്കേണ്ട "

ആദിത്യവര്‍മ്മ സിദ്ധാര്‍ത്ഥന്‍റെ ശിരസ്സില്‍ തലോടിക്കൊണ്ട് പറഞ്ഞു .

" നേരം ഒരുപാടായി മോന്‍  പോയി കിടക്കുവാന്‍ നോക്ക് "

ആദിത്യവര്‍മ്മ എഴുന്നേറ്റ്‌  പോയി.അയാള്‍ വാതിലടച്ചു  സാക്ഷയിടുന്ന ശബ്ദം കേട്ടപ്പോള്‍ സിദ്ധാര്‍ത്ഥന്‍ എഴുന്നേറ്റ്  നടന്നു.നനുത്ത കാറ്റിനാല്‍ അയാളുടെ ശരീരമാസകലം വിറയ്ക്കുന്നുണ്ടായിരുന്നു.പൗർണ്ണമി ദിവസമായതിനാല്‍  നല്ല നിലാവുണ്ട്. സൂര്യകിരണങ്ങൾ ചന്ദ്രനില്‍ തട്ടി ഭൂമിയില്‍  പ്രതിഫലിക്കുന്ന നിലാവെളിച്ചത്തെകുറിച്ചയാള്‍ ഓര്‍ത്തു.ഭൂലോകമാകെ എന്തെല്ലാം  അത്ഭുതങ്ങളാണ് അരങ്ങേറുന്നത് . ചില പ്രതിഭാസങ്ങള്‍ അവശ്വസനീയാമായി തോന്നുമെങ്കിലും യാഥാര്‍ത്യങ്ങള്‍  യാഥാര്‍ഥ്യം അല്ലാതെയാവുന്നില്ലല്ലോ.അയാളുടെ  ജീവിതത്തിലുണ്ടായ  സംഭവവികാസങ്ങള്‍  അയാള്‍ക്ക്‌  വിശ്വസിക്കുവാന്‍  ആവുന്നില്ലെങ്കിലും ഉണ്ടായതൊക്കെ യാഥാര്‍ത്ഥ്യം ആണെന്നോര്‍ക്കുമ്പോള്‍       അയാളുടെ മനസിലെ സങ്കടം അസഹനീയമായി തോന്നും.ബാത്രൂമോട് കൂടിയ  രണ്ട് കിടപ്പുമുറികളുള്ള കയ്യാലപ്പുരയുടെ പൂമുഖം തേക്കുമരത്തിനാല്‍ ആവരണം  ചെയ്തിട്ടുണ്ട് .സിദ്ധാര്‍ത്ഥന്‍ കിടപ്പുമുറിയില്‍ കയറി വാതിലടച്ചു സാക്ഷയിട്ട് ബാത്രൂമില്‍ പോയിവന്നതിനുശേഷം ഉറങ്ങുവാനായി  കിടന്നു.

അരമണിക്കൂര്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം അയാളെ തേടിയെത്തിയില്ല.കിടപ്പുമുറിയില്‍ ചുവന്ന ബെഡ് ലാമ്പിന്‍റെ  അരണ്ടവെളിച്ചത്തിലയാള്‍ വലതുകൈ നെറ്റിയില്‍ വെച്ച് ഇമകള്‍ ഇറുക്കിയടച്ചു  നീണ്ടുനിവര്‍ന്നു കിടന്നു.അമ്മയെ കുറിച്ചോര്‍ത്താല്‍ എപ്പോഴും ഇങ്ങിനെയാണ്‌ . അസ്വസ്ഥനായ സിദ്ധാര്‍ത്ഥന്‍  എഴുന്നേറ്റിരുന്നു.ഉത്തരത്തില്‍ കെട്ടിതൂങ്ങിയ അമ്മയുടെ മൃതശരീരം കണ്മുന്നില്‍ തൂങ്ങിക്കിടക്കുന്നത്പോലെ.ആ കാഴ്ചകണ്ട്‌ ശരീരവും മനസും ഒരുപോലെ തളര്‍ന്നിരുന്നു. തൊണ്ട വരണ്ടുണങ്ങിയതുപോലെ തോന്നിയപ്പോള്‍    ജെഗ്ഗില്‍ നിന്നും വെള്ളം ഗ്ലാസില്‍ പകര്‍ന്നുകുടിച്ചു. വയറുനിറയെ വെള്ളംകുടിച്ചിട്ടും  ദാഹം ശമിക്കാത്തതുപോലെ   അനുഭവപ്പെട്ടു.മനസില്‍ സങ്കടങ്ങളുടെ വേലിയേറ്റം നടക്കുമ്പോള്‍ ഈയൊരു അവസ്ഥ  പതിവാണ് .    ഒമ്പതാമത്തെ    പിറന്നാള്‍ ദിനംവരെ സന്തോഷപ്രദമായിരുന്നു അയാളുടെ  ജീവിതം .അച്ഛന്  ദുബായിയില്‍ വ്യാപാരസ്ഥാപനങ്ങളുണ്ടായിരുന്നു.പണത്തിനോട് വല്ലാത്തൊരു ആര്‍ത്തിയായിരുന്നു   അച്ഛന് .ആ കാലത്ത്   അച്ഛന്‍  നാട്ടില്‍  ഒരുപാട് വസ്തുവഹകള്‍ വാങ്ങിക്കൂട്ടിയിരുന്നു. അമ്മയുടെ പക്കല്‍ എപ്പോഴും ധാരാളം പണമുണ്ടാകും , സിദ്ധാര്‍ത്ഥന്‍   എന്ത് ആഗ്രഹങ്ങള്‍ പറഞ്ഞാലും അമ്മ  ആഗ്രഹങ്ങളെല്ലാം  നിറവേറ്റി കൊടുക്കുമായിരുന്നു .അച്ഛനെ അവസാമായി സിദ്ധാര്‍ത്ഥന്‍ നേരില്‍ക്കണ്ടത് അയാളുടെ ആറാമത്തെ വയസിലാണ് .അച്ഛന്‍ അങ്ങിനെയാണ് മൂന്നും നാലും വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് നാട്ടില്‍ വരുന്നത്.നാട്ടില്‍ വന്നാല്‍ ഒരുമാസം തികയുന്നതിന് മുമ്പ്തന്നെ തിരികെപോകും . വീട്ടില്‍ സിദ്ധാര്‍ത്ഥനും   അമ്മയും, അച്ഛമ്മയുമാണ്   താമസം .

അച്ഛന്‍ അമ്മയ്ക്ക് വാങ്ങിക്കൊടുത്ത ആഡംബര കാറിന് സ്ഥിരമായി ഡ്രൈവര്‍ ഉണ്ടായിരുന്നില്ല.അയല്പക്കത്തെ അന്യമതസ്ഥനായ ഒരു യുവാവ് ആവശ്യമുള്ളപ്പോള്‍ വാഹനമോടിക്കാന്‍ വരുമായിരുന്നു.സുമുഖനായ  ഡ്രൈവറേയും സിദ്ധാര്‍ത്ഥന്‍റെ അമ്മയേയും ചേര്‍ത്ത് ഗ്രാമവാസികള്‍ പല കഥകളും  പറയുന്നുണ്ടായിരുന്നു.  സിദ്ധാര്‍ത്ഥന്‍റെ ഒന്‍പതാം ജന്മദിനത്തിന്‍റെ   അന്ന് ഉച്ചയൂണിന് കുടുംബാംഗങ്ങളെ ക്ഷണിച്ചിരുന്നു.ഭക്ഷണശേഷം അമ്മയുടെ കുടുംബാംഗങ്ങളുടെ കൂടെ സിദ്ധാര്‍ത്ഥന്‍ അമ്മയുടെ വീട്ടിലേക്ക് വിരുന്നിന് പോയി   .അന്ന്  ഗ്രാമവാസികളില്‍ ചിലര്‍ അവിഹിതബന്ധം കൈയ്യോടെ പിടികൂടുവാനായി    തക്കംപാര്‍ത്തിരുന്നു .കാത്തിരുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വന്നില്ല . അര്‍ദ്ധരാത്രി ഡ്രൈവര്‍    സിദ്ധാര്‍ത്ഥന്‍റെ അമ്മയുടെ   കിടപ്പുമുറിയിലേക്ക് കയറിയപ്പോള്‍  .ഗ്രാമവാസികള്‍ പുറത്തുനിന്നും  കതകിന്‍റെ സാക്ഷയിട്ടു .  ഗ്രാമവാസികള്‍ എന്ന് പറഞ്ഞാല്‍ സിദ്ധാര്‍ത്ഥന്‍റെ അമ്മയുമായി ചങ്ങാത്തം കൂടാന്‍ അഹോരാത്രം ശ്രമിച്ചിരുന്ന ചില യുവാക്കളായിരുന്നു ആ സദാചാരപ്പോലീസ്  . നേരം പുലര്‍ന്നപ്പോള്‍ സദാചാരപ്പോലീസ് യുവാവിനെ  ബന്ധസ്ഥനാക്കി മര്‍ദ്ദിച്ച് അവശനാക്കി.

 വിവരങ്ങള്‍ കാട്ടുതീപോലെ  ഗ്രാമമാകെ  പരന്നു . വിദേശത്തുള്ള സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍ വിവരമറിഞ്ഞപ്പോള്‍ . അമ്മയെ വീട്ടില്‍ നിന്നും പുറത്താക്കാന്‍  സഹോദരനോട് ആജ്ഞാപിച്ചു .സഹോദരനും കൂട്ടാളികളും അച്ഛന്‍റെ ആജ്ഞാപനം  പ്രാവര്‍ത്തികമാക്കി.വീട്ടില്‍നിന്നും പുറത്താക്കപ്പെട്ട അമ്മ സ്വന്തം വീട്ടില്‍ അഭയം തേടിയെത്തി .പക്ഷെ അമ്മയുടെ രണ്ടു സഹോദരന്മാര്‍ കുടുംബത്തിന്‍റെ  മാനംകെടുത്തിയ ഒരേയൊരു സഹോദരിക്ക് അഭയം നല്‍കിയില്ല.സിദ്ധാര്‍ത്ഥന്‍റെ കൈപിടിച്ചിറങ്ങിയ അമ്മയുടെ കൂടെ അമ്മാമയുമിറങ്ങി.പിന്നെ ഗത്യന്തരമില്ലാതെ എത്തപ്പെട്ടത് ദൂരെയുള്ള ഈ ഗ്രാമത്തിലാണ്.ഇവിടെ ചെറിയൊരു  വീട് വാടകയ്ക്കെടുത്ത് അവര്‍ പുതിയ ജീവിതത്തിന് നാന്ദികുറിച്ചു .സിദ്ധാര്‍ത്ഥനെ ഗ്രാമത്തിലുള്ള  വിദ്യാലയത്തില്‍ ചേര്‍ത്തു .ഏതാണ്ട് ഒരു വര്‍ഷം  അല്ലലില്ലാതെയവര്‍  ജീവിച്ചു.അമ്മയുടെ  ബാങ്കിലുള്ള പണവും,സ്വര്‍ണാഭരണങ്ങളും തീര്‍ന്നപ്പോള്‍ അമ്മാമ അമ്മാമയുടെ  സ്വര്‍ണാഭരണങ്ങളും അമ്മയ്ക്ക്  വില്‍ക്കുവാന്‍ നല്കി .അച്ഛന്‍ നാട്ടില്‍വന്ന് പുനര്‍വിവാഹിതനായി ഭാര്യയുമായി വിദേശത്തേക്ക്പോയി എന്ന വാര്‍ത്ത ആ കുടുംബത്തെ തേടിയെത്തി .പണത്തിന്‍റെ ദൌര്‍ലഭ്യം നിമിത്തം . പിന്നെപ്പിന്നെ  സിദ്ധാര്‍ത്ഥന്  ആഗ്രഹമുള്ള  സാധനങ്ങള്‍ ഒന്നും തന്നെ ലഭിക്കതെയായി.പലപ്പോഴും  വിദ്യാലയത്തില്‍ നിന്നുള്ള ഉച്ചക്കഞ്ഞിയാല്‍ ആ കുരുന്ന് വിശപ്പടക്കി .

ഏതാനും മാസങ്ങള്‍ കൊഴിഞ്ഞുപോയി. സിദ്ധാര്‍ത്ഥന്‍റെ സഹപാഠികള്‍ വിദ്യാലയത്തിന് അടുത്തുള്ള   കടയില്‍ നിന്നും മിഠായി  വാങ്ങിക്കഴിക്കുമ്പോള്‍ .സിദ്ധാര്‍ത്ഥന്‍ കൊതിയോടെ അത് നോക്കിനിന്നു.ചില സഹപാഠികള്‍  പറങ്കിയണ്ടി  വീടുകളില്‍ നിന്നും ക്കൊണ്ടുവന്ന്‍ കടയില്‍ കൊടുക്കും .കടക്കാരന്‍ പറങ്കിയണ്ടിക്ക്  പകരം സഹപാഠികള്‍ക്ക്   മിഠായി  കൊടുക്കുന്നത്  സിദ്ധാര്‍ത്ഥന്‍റെ ശ്രദ്ധയില്‍പ്പെട്ടു.പക്ഷെ സിദ്ധാര്‍ത്ഥന്‍ താമസിക്കുന്ന പുരയിടത്തില്‍ പറങ്കിമാവുണ്ടായിരുന്നില്ല.വാടകവീടിന് അടുത്തായിരുന്നു ആദിത്യവര്‍മ്മയുടെ പുരയിടം . ആദിത്യവര്‍മ്മയുടെ തൊടിയില്‍ പറങ്കിമാവുണ്ടായിരുന്നു.സിദ്ധാര്‍ത്ഥന്‍ വിദ്യാലയത്തിലേക്ക്‌ പോകുമ്പോള്‍ ആദിത്യവര്‍മ്മയുടെ തൊടിയില്‍ കയറി പറങ്കിയണ്ടി മോഷ്ടിക്കുവാന്‍ തുടങ്ങി.സഹപാഠികള്‍  മിഠായി  വാങ്ങിക്കഴിക്കുമ്പോള്‍ സിദ്ധാര്‍ത്ഥനും പറങ്കിയണ്ടി കൊടുത്ത് പകരം മിഠായി വാങ്ങിക്കഴിച്ചു.സിദ്ധാര്‍ത്ഥന്‍  ആദിത്യവര്‍മ്മയുടെ തൊടിയില്‍  നിന്നും പറങ്കിയണ്ടി എടുക്കുന്നത്  പതിവാക്കി.   ഒരു ദിവസം ആദിത്യവര്‍മ്മ തൊണ്ടിമുതല്‍ സഹിതം  സിദ്ധാര്‍ത്ഥനെ പിടിക്കൂടി.ആദിത്യവര്‍മ്മ സിദ്ധാര്‍ത്ഥനോട് പറഞ്ഞു.

"ആരുടേയും മുതല്‍ സമ്മതമില്ലാതെ എടുക്കരുത് .സമ്മതമില്ലാതെ എടുത്താല്‍ അത് മോഷണമാണ്  .ഇത്ര ചെറുപ്രായത്തില്‍ മോഷണം തുടങ്ങിയാല്‍ വലുതാവുമ്പോള്‍ കുട്ടി  വലിയ മോഷ്ടാവായി മാറും .രണ്ടുദിവസമായി ഞാന്‍ കുട്ടിയെ  വീക്ഷിക്കുന്നുണ്ടായിരുന്നു . ഈ തൊടിയില്‍ നിന്നും മറ്റൊന്നും എടുക്കാതെ   പറങ്കിയണ്ടികള്‍ മാത്രം  എടുക്കുന്നത് എന്തിനാണ്  ? "

സിദ്ധാര്‍ത്ഥന്‍  മറുപടി പറയാതെ കരഞ്ഞുക്കൊണ്ട്  കീശയില്‍ നിന്നും പറങ്കിയണ്ടികള്‍ ആദിത്യവര്‍മ്മയുടെ നേര്‍ക്ക്‌ നീട്ടി. അയാളത് സിദ്ധാര്‍ത്ഥന് തിരികെ നല്കിക്കൊണ്ട് പറഞ്ഞു .

" കരയണ്ട എന്ത് ആവശ്യത്തിന് എടുത്തതായാലും ഇത് മോന്‍ തന്നെ കൊണ്ടുപോയ്ക്കോളൂ .പക്ഷെ അനുവാദം ഇല്ലാതെ ഇനിയൊരിക്കലും അന്യന്‍റെ മുതല്‍ എടുക്കരുത് "

സിദ്ധാര്‍ത്ഥന്‍  നിലത്തുനിന്നും പുസ്തകങ്ങള്‍ വാരിയെടുത്ത് അനുസരണയോടെ  തലയാട്ടി നടന്നകന്നു.അടുത്ത ദിവസം സിദ്ധാര്‍ത്ഥന്‍ വിദ്യാലയത്തിലേക്ക്‌ പോകുമ്പോള്‍ വഴിയരികില്‍ പറങ്കിയണ്ടികളുമായി ആദിത്യവര്‍മ്മ സിദ്ധാര്‍ത്ഥനേയും കാത്തുനിന്നിരുന്നു.  പിന്നീട്  സിദ്ധാര്‍ത്ഥന്‍   ആദിത്യവര്‍മ്മയുടെ വീട്ടില്‍ പതിവ് സന്ദര്‍ശകനായി .അതൊരു പുതിയ ബന്ധത്തിന്‍റെ നാന്ദികുറിക്കലായിരുന്നു. ആദിത്യവര്‍മ്മ സിദ്ധാര്‍ത്ഥന് കൈ നിറയെ പറങ്കിയണ്ടികള്‍ കൊടുത്തുക്കൊണ്ടിരുന്നു.അവധി ദിവസങ്ങളില്‍ സിദ്ധാര്‍ത്ഥന്‍ ആദിത്യവര്‍മ്മയുടെ വീട്ടില്‍ പോയിരിക്കും. ആദിത്യവര്‍മ്മയ്ക്ക് നേരമ്പോക്കിന് അതൊരു ആശ്വാസമായിരുന്നു.അയാളവന് പാഠങ്ങള്‍ പറഞ്ഞുക്കൊടുത്തു.ആയിടയ്ക്ക് അമ്മാമ അസുഖമായി കിടപ്പിലായി .അധികനാള്‍ അമ്മാമ്മ ആ  കിടപ്പ് കിടന്നില്ല. അമ്മാമ്മ ഇഹലോകവാസം വെടിഞ്ഞു .അമ്മാമ്മയുടെ വേര്‍പാട് അമ്മയെ മാനസീകമായി തളര്‍ത്തി.ഒരു ദിവസം ആദിത്യവര്‍മ്മയുടെ വീട്ടില്‍ നിന്നും വാടകവീട്ടില്‍ എത്തിയ സിദ്ധാര്‍ത്ഥന്‍ അമ്മ ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയതുകണ്ട് പൊട്ടിക്കരഞ്ഞു .അയല്‍പക്കക്കാര്‍ ഓടിക്കൂടി .വിവരമറിഞ്ഞ്  ആദിത്യവര്‍മ്മ സിദ്ധാര്‍ത്ഥന്‍റെ അരികിലെത്തി.അമ്മയുടെ മൃതദേഹം ഗ്രാമവാസികള്‍ പൊതു ശ്മശാനത്തില്‍ സംസ്കരിച്ചു .  ശ്മശാനത്തില്‍ നിന്നും ഗ്രാമവാസികള്‍ പിരിഞ്ഞുപോയി .തനിച്ചായ സിദ്ധാര്‍ത്ഥന്‍റെ കരം നുകര്‍ന്ന് ആദിത്യവര്‍മ്മ നടന്നു.അപ്പോള്‍  ആകാശവും ഭൂമിയും തമ്മിൽ തൊടുന്നതായി തോന്നുന്ന ദ്വിഗ്വലയത്തിനാല്‍ പ്രപഞ്ചം ചുവന്നിരുന്നു.

 അഗ്നിപര്‍വ്വതങ്ങളില്‍ നിന്നുമുണ്ടാകുന്ന സ്ഫോടനങ്ങളാല്‍ ഉത്ഭവിക്കുന്ന ഉരുകിയ ദ്രാവകമാഗ്മയ ലാവപോലെ മനസില്‍ എപ്പോഴും  പകയുടെ   അഗ്നി ആളിക്കത്തിക്കൊണ്ടിരുന്നു. കാമം ശമിപ്പിക്കാന്‍ അവിഹിതബന്ധം പുലര്‍ത്തിയ പത്തുമാസം നൊന്തുപ്രസവിച്ച അമ്മയോട്, ഒരു തെറ്റും ചെയ്യാത്ത മകനെ കുറിച്ച് അന്വേഷിക്കത്ത അച്ഛനോട്,അഭിസാരികയുടെ മകനെന്ന് മുദ്രകുത്തിയ സമൂഹത്തോട് , ദുരിതപൂര്‍ണ്ണമായ ജീവിതം നല്കിയ സൃഷ്ടാവിനോട് ഒക്കെത്തന്നെ അയാള്‍ക്ക്‌ പകയായിരുന്നു. ഇപ്പോള്‍ സിദ്ധാര്‍ത്ഥന്‍ ജീവനു തുല്യം സ്നേഹുക്കുന്നത് ആദിത്യവര്‍മ്മയേയും കുടുംബത്തേയുമാണ്‌  . ആദിത്യവര്‍മ്മയെ സിദ്ധാര്‍ത്ഥന്‍ അച്ഛനെന്നാണ് വിളിക്കുന്നത്‌.ആദിത്യവര്‍മ്മ യാതൊരുവിധ കുറവുകളും കൂടാതെ സിദ്ധാര്‍ത്ഥനെ പഠിപ്പിക്കുന്നു.സിദ്ധാര്‍ത്ഥന് സമൂഹം വിലകല്‍പ്പിക്കുന്ന  സര്‍ക്കാര്‍ ഉദ്വേഗം കരസ്ഥമാക്കണം എന്നതാണ് ആഗ്രഹം .ആഗ്രഹം സഫലീകരിക്കാന്‍ സിദ്ധാര്‍ത്ഥന്‍ നന്നായി പഠിക്കുന്നുണ്ട്.ഓര്‍മ്മകളുടെ ഭാണ്ഡം ശൂന്യമായപ്പോള്‍ ഉറക്കം സിദ്ധാര്‍ത്ഥനെ തേടിയെത്തി.

അടുത്ത ദിവസം കുളികഴിഞ്ഞപ്പോഴേക്കും വേലക്കാരി അമ്മു പ്രാതലുമായി  വന്നു .കയ്യാലപ്പുരയിലെ പൂമുഖത്ത് സിദ്ധാര്‍ത്ഥന്  ഭക്ഷണം കഴിക്കുവാനായി ചെറിയ തീന്മേശയിട്ടുണ്ട് .ആദിത്യവര്‍മ്മയുടെ കൂടെ വീടിന്‍റെ അകത്തിരുന്ന് ഭക്ഷണം കഴിക്കുവാന്‍ സിദ്ധാര്‍ത്ഥനെ വിളിച്ചാല്‍ സിദ്ധാര്‍ത്ഥന്‍ അത് അനുസരിക്കാറില്ല.ആദ്യകാലങ്ങളില്‍ സിദ്ധാര്‍ത്ഥന്‍റെ വാസം  വീടിനകത്തായിരുന്നു . മുതിര്‍ന്നതില്‍പിന്നെ സിദ്ധാര്‍ത്ഥന്‍റെ നിര്‍ബന്ധം മൂലം  കയ്യാലപ്പുരയില്‍ താമസിക്കുവാന്‍ ആദിത്യവര്‍മ്മ സമ്മതം മൂളുകയായിരുന്നു.അനുവതിച്ചുകിട്ടിയ സ്വാതന്ത്ര്യം മനപൂര്‍വ്വം സിദ്ധാര്‍ത്ഥന്‍ വേണ്ടെന്നു വെയ്ക്കുകയായിരുന്നു.അമ്മു തീന്മേശയില്‍  കൊണ്ടുവന്ന്‌ വെച്ച ചൂടുള്ള  ഇഡലിയും സാംബാറും തിടുക്കത്തില്‍ കഴിക്കുമ്പോള്‍ അമ്മു ചോദിച്ചു.

" ഭക്ഷണം സാവധാനം ആസ്വദിച്ചു കഴിക്കണം. എന്തിനാ ഭക്ഷണം  ഇത്ര തിടുക്കത്തില്‍ കഴിക്കുന്നത്‌.ആരെങ്കിലും കണ്ടാല്‍ കരുതും നാലുദിവസം പട്ടിണിയായിരുന്നു എന്ന് "

സിദ്ധാര്‍ത്ഥനും അമ്മുവും കീരിയു പാമ്പും പോലെയാണ് . നേരില്‍ കണ്ടാല്‍ എപ്പോഴും രണ്ടുപേരും  വഴക്കാണ്. അവളുടെ ചോദ്യം രസിക്കാതെ സിദ്ധാര്‍ത്ഥന്‍ പറഞ്ഞു.

" ശെ ഇതെന്തൊരു ശല്യമാണ് . ഏതുനേരവും ഇങ്ങിനെ ഓരോന്ന് പുലമ്പിക്കൊണ്ടിരിക്കും . ഭക്ഷണം ഇവിടെ കൊണ്ടന്നു വെച്ചാല്‍ ഉടനെ സ്ഥലം കാലിയാക്കണം .നേരം ഒത്തിരി  വൈകി. ബസ്സ് എനിക്കായി അവിടെ കാത്തുനിക്കില്ല. ഈ പെണ്ണിന് എന്തറിയാം "

അമ്മു വിട്ടുകൊടുത്തില്ല അവള്‍ പറഞ്ഞു.

" അറിവുകള്‍ പറഞ്ഞു തരുമ്പോള്‍ അത് കേള്‍ക്കുവാനുള്ള മനസുണ്ടാവണം. അല്ലാതെ ഇങ്ങിനെ കടിച്ചുകീറാന്‍  വരരുത് "

സിദ്ധാര്‍ത്ഥന്‍ അവളെ തുറിച്ചുനോക്കി പറഞ്ഞു .

" ഹോ ഒരു അറിവുകാരി വന്നിരിക്കുന്നു .എനിക്ക് ആരും  അറിവുകള്‍ പറഞ്ഞുതരേണ്ട .ഇവിടെ നിന്നും പോയിത്തരാമോ  ? "

അമ്മു തല തിരിച്ച് പുറത്തേക്ക് നോക്കിക്കൊണ്ട്‌ പറഞ്ഞു.

" അങ്ങിനെ ഞാനിപ്പോള്‍ പോകുന്നില്ല. സിദ്ധു ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷമേ ഞാനിവിടന്ന് പോകുന്നുള്ളൂ "

സിദ്ധാര്‍ത്ഥനെ അമ്മു സിദ്ധു എന്നാണ് വിളിക്കുന്നത്‌ .സിദ്ധാര്‍ത്ഥന്‍  പ്രാതല്‍ കഴിച്ച്,തിടുക്കത്തില്‍ വസ്ത്രംധരിച്ച് ആദിത്യവര്‍മ്മയോട് യാത്രപറഞ്ഞു   നടന്നു.അമ്മു ഇവിടേയ്ക്ക്  വന്നിട്ട് മൂന്ന് വര്‍ഷം കഴിയുന്നു.ഇരുനിറമാണെങ്കിലും അവളെ കാണാന്‍ നല്ല ഭംഗിയാണ് .വട്ടമുഖവും , കവിളിലെ നുണക്കുഴിയും, നീണ്ട നാസികയും,ഇടതൂര്‍ന്ന നീണ്ട കാര്‍കൂന്തലും അവളുടെ ഭംഗിക്ക് മാറ്റ് കൂട്ടുന്നുണ്ട്.സിദ്ധാര്‍ത്ഥന് അമ്മുവിനെ ഇഷ്ടമാണ് പക്ഷെ അയാളത് പ്രകടിപ്പിക്കാറില്ല.പാലക്കാട്  ജില്ലയില്‍  തമിഴ്‌നാടിനോടു ചേര്‍ന്നുള്ള ഗ്രാമ  പ്രദേശത്താണ് അമ്മുവിന്‍റെ വീട് .അവള്‍ക്ക് സ്വന്തം വീട്ടിലേക്ക് പോകുവാന്‍ വലിയ താല്പര്യമില്ല രണ്ടാനച്ഛന്‍റെ പീഡനമാണ് അതിനുള്ള കാരണം.രണ്ടാനച്ഛന്‍ കഴിഞ്ഞ വര്‍ഷം വരെ മാസാമാസം അമ്മുവിന്‍റെ ശമ്പളം  വാങ്ങുവാനായി ഇവിടെ വരികയായിരുന്നു പതിവ് .പിന്നെ അമ്മു തന്നെയാണ് രണ്ടാനച്ഛനോട്  പറഞ്ഞത് ശമ്പളം തപാല്‍ വഴി അയക്കാമെന്ന് . 

സിദ്ധാര്‍ത്ഥന്‍ കോളേജില്‍നിന്ന് തിരികെയെത്തിയപ്പോള്‍ ആദിത്യവര്‍മ്മ ചാരുകസേരയില്‍ കിടക്കുന്നുണ്ടായിരുന്നു.സിദ്ധാര്‍ത്ഥന്‍ അയാളുടെ അരികില്‍ തൂണില്‍ ചാരിയിരുന്നു.ഇവിടെ വന്നതില്‍പിന്നെ ഏറ്റവുംകൂടുതല്‍ സമയം ചിലവഴിച്ചത് ഈ തുണില്‍ ചാരിയിരുന്ന് ആദിത്യവര്‍മ്മയോട് വര്‍ത്തമാനങ്ങള്‍  പറഞ്ഞിരുന്നിട്ടാണ്.ആദിത്യവര്‍മ്മ അല്പം നിവര്‍ന്നിരുന്ന് ഉച്ചത്തില്‍ പറഞ്ഞു.

" അമ്മൂ ....സിദ്ധാര്‍ത്ഥന് ചായ കൊണ്ടുവന്ന്‌ കൊടുക്കൂ  "

അകത്തുനിന്നും ലീലാവതിയാണ് മറുപടി പറഞ്ഞത് 

" അമ്മുവിന്‍റെ കൈ ഒഴിഞ്ഞത് ഇപ്പോഴാണ്.ഇന്ന്  പിടിപ്പതു പണിയുണ്ടായിരുന്നു അവള്‍ക്ക് . അമ്മു കുളിക്കുകയാണ് .ചായ ഞാനിട്ടുതരാം .അവിടെ ചായ വേണോ ആവോ "

" ആയിക്കോട്ടെ .......എനിക്ക് അല്‍പം കടുപ്പത്തില്‍ തന്നെ ആയിക്കോട്ടെ "

ആദിത്യവര്‍മ്മ സിദ്ധാര്‍ത്ഥനോടായി പറഞ്ഞു .

" മോന്‍ പോയി വസ്ത്രം മാറി  പഠിക്കുവാനിരുന്നോളൂ .ഡിഗ്രി അവസാന വര്‍ഷമാണെന്ന ഓര്‍മ്മ വേണം .ചായ അമ്മ കയ്യാലപ്പുരയിലേക്ക് കൊണ്ടുവന്നു തരും "

സിദ്ധാര്‍ത്ഥന്‍ എഴുന്നേറ്റ് അല്പം നടന്നതിനു ശേഷം തിരിഞ്ഞു നിന്ന് ചോദിച്ചു.

" ഇന്ന് അഞ്ജലി ചേച്ചി വിളിച്ചിരുന്നോ ? "

" ഇല്ല വിളിക്കുമായിരിക്കും "

സിദ്ധാര്‍ത്ഥന്‍ വസ്ത്രം മാറി പഠിക്കുവാനിരുന്നപ്പോഴേക്കും .ലീലാവതി  ചായയും, കലത്തപ്പവുമായി അയാള്‍ക്കരികിലെത്തി പറഞ്ഞു.

" അഞ്ജലി ഞങ്ങളോട് കുറച്ചുകാലം അവളുടെ അരികിലേക്ക് ചെല്ലുവാന്‍  പറഞ്ഞിട്ട്   നിര്‍ബന്ധം പിടിക്കുന്നു .അച്ഛന്‍ ഇവിടം വിട്ടുപോകാന്‍ ഒട്ടും സമ്മതിക്കുന്നില്ല .മോനൊന്നു പറഞ്ഞു നോക്കു .മോന്‍ പറഞ്ഞാല്‍ അച്ഛന്‍ കേള്‍ക്കാതെയിരിക്കില്ല "
" ഞാന്‍ പറഞ്ഞു നോക്കാം .അച്ഛന്‍റെ മനസ് മാറും "

ലീലാവതി പോയപ്പോള്‍ സിദ്ധാര്‍ത്ഥന്‍ ഓര്‍ത്തു അച്ഛനും, അമ്മയും പോയാല്‍ താന്‍ ഒറ്റപെട്ടുപോകും .മാസങ്ങള്‍ക്ക് ശേഷമാകും അവര്‍  തിരികെ വരിക.എന്തായാലും അഞ്ജലി ചേച്ചിയുടേയും  അമ്മയുടേയും  ആഗ്രഹം നടക്കട്ടെ .സിദ്ധാര്‍ത്ഥന്‍ പഠിപ്പില്‍ മുഴികിയിരുന്നു.കുറേനേരം കഴിഞ്ഞപ്പോള്‍ അമ്മു അയാളുടെ അരികിലേക്ക് വന്നു.രാധാസ് സോപ്പിന്‍റെയും കുട്ടികുറ പൌഡറിന്‍റെയും  നറുമണം മുറിയിലാകെ നിറഞ്ഞു നിന്നു .അമ്മു ചായഗ്ലാസും, കലത്തപ്പം കൊണ്ടുവന്ന പ്ലേറ്റും എടുത്തുക്കൊണ്ട് പറഞ്ഞു.

" അച്ഛനും ,അമ്മയും അഞ്ജലി ചേച്ചിയുടെ അരികിലേക്ക് പോകും എന്നാണ്  തോന്നുന്നത്.അവര്‍ പോയാല്‍ ഞാന്‍ എന്‍റെ വീട്ടിലേക്ക് പോകേണ്ടി വരും എന്നോര്‍ക്കുമ്പോള്‍.... എന്‍റെ ഈശ്വരാ .... ഒരു എത്തുംപ്പിടിയും കിട്ടുന്നില്ല. "

സിദ്ധാര്‍ത്ഥന്‍ മറുപടി പറയാതെ അവളുടെ മുഖത്തേക്ക് നോക്കുകമാത്രം ചെയ്തു .അമ്മു പോയപ്പോള്‍ അയാള്‍ ഓര്‍ത്തു. പാവം സ്വന്തം വീട്ടിലേക്ക് പോകുവാന്‍ അവള്‍ എന്തുമാത്രം ഭയക്കുന്നു.മൊബൈല്‍ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടപ്പോള്‍ അയാള്‍ ഫോണെടുത്ത് നോക്കി. അഞ്ജലി ചേച്ചിയുടെ ഫോണ്‍ കാള്‍ ..... അയാള്‍ ഫോണ്‍ കാതോടടുപ്പിച്ചു .

" എടാ സിദ്ധു എന്തൊക്കയാണ്  വിശേഷങ്ങള്‍ "

" സുഖമാണ് ചേച്ചി .എന്താ അവിടത്തെ വിശേഷങ്ങള്‍? .അളിയനും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നോ ? "

" ഊം ഇവിടെ എല്ലാവരും സുഖമായിരിക്കുന്നു.പഠിപ്പില്‍ നീ ഉഴപ്പുന്നുണ്ടോടാ നീ  നന്നായി പഠിക്കുന്നില്ലേ ? "

" ഞാന്‍  നന്നായി പഠിക്കുന്നുണ്ട് ചേച്ചി "

" അച്ഛന് എന്താ അവിടം വിട്ടുപോരാന്‍ ഇത്ര മടി .എനിക്കറിയാം നിന്നെ തനിച്ചാക്കി പോരാന്‍ അച്ഛന് പറ്റാണ്ടെ,  ആണെന്ന് നീ.... പഠിക്കുന്നത് കൊണ്ടാണ് അല്ലെങ്കില്‍ നിനക്കുംകൂടി വിസ തരപ്പെടുത്താന്‍ ഞാന്‍ അളിയനോട് പറഞ്ഞേനെ "
" ഞാന്‍ അച്ഛന്‍റെ മനസ് മാറ്റിക്കോളാം .അച്ഛനും അമ്മേം ചേച്ചിയുടെ അരികില്‍ എത്തിയിരിക്കും ഉറപ്പ് "

" എന്നാല്‍ ശെരി ഞാന്‍ പിന്നെവിളിക്കാം "

കഴിഞ്ഞ തവണ അഞ്ജലിചേച്ചി  നാട്ടില്‍ വന്നപ്പോള്‍ കൊണ്ടുവന്നതാണ് മൊബൈല്‍ഫോണ്‍. ഫോണ്‍ കോളെജിലേക്ക് കൊണ്ടുപോകുവാനുള്ള അനുവാദം സിദ്ധാര്‍ത്ഥന്  ആദിത്യവര്‍മ്മ നല്കാത്തതിനാല്‍  ഫോണ്‍ കിടപ്പുമുറിയില്‍ വെക്കുകയാണ്   പതിവ്. അത്താഴത്തിനു ശേഷം പതിവ് പോലെ ആദിത്യവര്‍മ്മയും ,സിദ്ധാര്‍ത്ഥനും വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിടിയില്‍ സിദ്ധാര്‍ത്ഥന്‍ പറഞ്ഞു.

" മാതാപിതാക്കളുടെ കടമയാണ്  മക്കളുടെ ആഗ്രഹങ്ങള്‍ നിറവേറ്റികൊടുക്കുക എന്നത് .മക്കള്‍ ആഗ്രഹങ്ങള്‍ പറയുമ്പോള്‍ അത് കേള്‍ക്കാത്ത  ഭാവം നടിക്കുകയല്ല വേണ്ടത് "

ആദിത്യവര്‍മ്മ സിദ്ധാര്‍ത്ഥന്‍റെ ചെവിയില്‍ നുള്ളിക്കൊണ്ട് പറഞ്ഞു .

" നിനക്ക് ചേച്ചി വിളിച്ചിരുന്നോ ? നീ എന്താ പറഞ്ഞുവരുന്നത് എന്ന് എനിക്ക് മനസിലാവുന്നുണ്ട് .അവിടെ പോയാല്‍ ശെരിയാവില്ലെന്നെയ് .കൂട്ടില്‍ അടയ്ക്കപ്പെട്ട പക്ഷികളെപോലെ അവര്‍ രണ്ടുപേരും ജോലിക്ക് പോയാല്‍ ഞങ്ങള്‍ അവിടെ ഒറ്റപ്പെടും "

" അച്ഛന്‍ ഓരോ മുടന്തന്‍ ന്യായങ്ങള്‍   പറഞ്ഞൊഴിയണ്ട. ആസ്ട്രേലിയയിലേക്ക് പോകുവാന്‍ ഒരവസരം ലഭിച്ചാല്‍ ആരെങ്കിലും പോകാതെയിരിക്കുമോ ? എന്നെക്കുറിച്ച് ഓര്‍ത്തുവിഷമിക്കേണ്ട .ഞാന്‍ പഠിപ്പില്‍ ഉഴപ്പില്ല .അമ്മയ്ക്കും നല്ല ആഗ്രഹമുണ്ട് അഞ്ജലി ചേച്ചിയുടെ അരികിലേക്ക് പോകുവാന്‍ "

പറഞ്ഞുപറഞ്ഞ് സിദ്ധാര്‍ത്ഥന്‍ ആദിത്യവര്‍മ്മയെക്കൊണ്ട് സമ്മതം മൂളിപ്പിച്ചു .ഒരുമാസത്തിനകം വിസയും ടിക്കറ്റും എത്തി .പോകുവാന്‍ ഒരാഴ്ച ബാക്കിയുള്ളപ്പോള്‍ പതിവ്പോലെ അത്താഴത്തിനു ശേഷം ആദിത്യവര്‍മ്മയും സിദ്ധാര്‍ത്ഥനും വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ ആദിത്യവര്‍മ്മ അമ്മുവിനെ വിളിച്ചു .

" അമ്മു ഇവിടെ വരൂ "

അമ്മു തിടുക്കത്തില്‍ അയാളുടെ അരികിലെത്തി നിന്നു .പതിവില്ലാത്ത ഈ നേരത്തുള്ള വിളി തന്നോട് വീട്ടിലേക്ക് പൊയ്ക്കൊള്ളാന്‍ പറയുവാനായിരിക്കുമെന്നവള്‍ ഊഹിച്ചു .

" ഇവിടെ സിദ്ധാര്‍ത്ഥന്‍റെ കാര്യങ്ങള്‍ നോക്കാന്‍ അമ്മു കൂടി  ഇല്ലാതെയായാല്‍ ഒട്ടും ശെരിയാവില്ല .അതുകൊണ്ട് നാണിത്തള്ള കൂടിയുണ്ടാവും അമ്മുവിന് കൂട്ടിനായി .എന്താ അമ്മുവിന് വിരോധമുണ്ടോ ?"

ആദിത്യവര്‍മ്മയുടെ ആ   വാക്കുകള്‍ കേട്ടപ്പോഴാണ്  അമ്മുവിന്‍റെ ശ്വാസം നേരെയായത്‌    .അവള്‍ക്ക് ഒന്ന് തുള്ളിച്ചാടാന്‍ തോന്നി .അപ്പോള്‍ സിദ്ധാര്‍ത്ഥന്‍ പറഞ്ഞു .

"എനിക്കിവടെ തുണയ്ക്ക് ആരും വേണമെന്നില്ല .അമ്മു അമ്മുവിന്‍റെ വീട്ടിലേക്ക് പൊയ്ക്കോട്ടേ "

അമ്മു ദേഷ്യത്തോടെ സിദ്ധാര്‍ത്ഥനെ നോക്കി .സിദ്ധാര്‍ത്ഥന്‍ അങ്ങിനെ പറഞ്ഞെങ്കിലും ആദിത്യവര്‍മ്മ  അമ്മുവിനെ പറഞ്ഞുവിടും എന്ന ആശങ്കയുണ്ടായിരുന്നു .പുഞ്ചിരിയോടെ ആദിത്യവര്‍മ്മ പറഞ്ഞു.

" ഊം ഒരു ചായ ഉണ്ടാക്കുവാന്‍  അറിയാത്ത ആളാ  ഇവിടെ തനിയെ ജീവിക്കുവാന്‍  പോകുന്നത്.ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം  ഞാനിവിടെ ഇല്ലാ എന്ന് കരുതി സ്വഭാവത്തില്‍  യാതൊരുവിധ മാറ്റങ്ങളും ഉണ്ടാവരുത്.കോളേജ്  വിട്ടാല്‍ നേരെ  വീട്ടിലേക്ക് വന്നേക്കണം . പതിവായി  വീട്ടില്‍ എത്തുന്ന സമയത്ത് ഞാന്‍ അമ്മുവിന്  വിളിക്കും .വരാന്‍ വൈകിയെന്ന്  അറിഞ്ഞാല്‍  ആ  നിമിഷം ഞാന്‍ തിരികെപോരും പറഞ്ഞേക്കാം"

നാണിത്തള്ള ആദിത്യവര്‍മ്മയുടെ അകന്ന ബന്ധത്തില്‍പ്പെട്ടതാണ് അവിവാഹിതയായ അവര്‍ ഇടയ്ക്കൊക്കെ രാപാര്‍ക്കാന്‍ വരാറുണ്ട്.   യാത്രയാകുവാന്‍ ദിവസങ്ങള്‍ അടുക്കുംതോറും  ആദിത്യവര്‍മ്മയിലും  സിദ്ധാര്‍ത്ഥനിലും ദു:ഖം  ഖനീഭവിച്ചുക്കൊണ്ടിരുന്നു  .അന്ന് ശനിയാഴ്ച രാവിലെയായിരുന്നു യാത്ര . എയര്‍പ്പോര്‍ട്ടിലേക്ക് സിദ്ധാര്‍ത്ഥനും യാത്രയാക്കുവാന്‍ പോയി. അമ്മുവിനും പോകണമെന്നുണ്ടായിരുന്നു .സിദ്ധാര്‍ത്ഥനാണ് അവളുടെ ആഗ്രഹത്തിന് വിലങ്ങുതടിയായത് .നാണിത്തള്ളയെ  വീട്ടില്‍ തനിച്ചാക്കുവാനാവില്ല എന്ന് സിദ്ധാര്‍ത്ഥന്‍ തീര്‍ത്തുപറഞ്ഞു.ആദിത്യവര്‍മ്മയും ലീലാവതിയും എയര്‍പ്പോര്‍ട്ടില്‍ നിന്നും യാത്രപറഞ്ഞു നടന്നു .അല്പം നടന്നതിനു ശേഷം ആദിത്യവര്‍മ്മ തിരികെവന്ന് സിദ്ധാര്‍ത്ഥനെ കെട്ടിപ്പിടിച്ചുക്കൊണ്ട് പറഞ്ഞു.

"ഞങ്ങള്‍ ഒരാണ്‍കുഞ്ഞിനുവേണ്ടി   എത്രയെത്ര ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയിരിക്കുന്നു.   എത്രയെത്ര വഴിപാടുകള്‍   നേര്‍ന്നിരിക്കുന്നു.ലീലാവതി  നിന്നെ പ്രസവിച്ചില്ലായെങ്കിലും നീ ഞങ്ങള്‍ക്ക് സ്വന്തം മോന്‍  തന്നെയാണ് .നിന്നെ പിരിഞ്ഞുപോകാന്‍ എന്നെക്കൊണ്ട് ആവാത്തത്ക്കൊണ്ടു  തന്നെയാണ്  ഞാന്‍ പോകുന്നില്ലെന്ന് പറഞ്ഞത്.അച്ഛന്‍ എന്നും വിളിക്കാം .എത്രയും വേഗം തിരികെ വരാനും ശ്രമിക്കാം."

സിദ്ധാര്‍ത്ഥന്‍റെ സര്‍വ നിയന്ത്രണവും   കൈവിട്ടുപോയി .ആദിത്യവര്‍മ്മയുടെ  മാറില്‍ തലചായ്ച്ച് അയാള്‍ കുഞ്ഞിനെപ്പോലെ തേങ്ങിക്കരഞ്ഞു.ആദിത്യവര്‍മ്മ സിദ്ധാര്‍ത്ഥനെ ച്ചുംബിച്ചുക്കൊണ്ട് നടന്നകന്നു.

ദിവസങ്ങള്‍ കൊഴിഞ്ഞുപോയിക്കൊണ്ടിരുന്നു.സിദ്ധാര്‍ത്ഥന്‍ കോളേജ് വിട്ടാല്‍ നേരെ വീട്ടിലേക്ക് പോരും .തൊടിയിലെ  കൃഷികള്‍ അയാള്‍ നല്ലതുപോലെ  പരിപാലിച്ചു. അത്താഴത്തിനുശേഷം അല്പനേരം ആദിത്യവര്‍മ്മയുടെ ചാരുകസേരയുടെ അരികിലെ തൂണില്‍ ചാരിയിരിക്കുന്നത്  സിദ്ധാര്‍ത്ഥന്‍ പതിവാക്കി.    ഒരു ദിവസം അത്താഴവുമായി വന്ന അമ്മുവിന്‍റെ  വേഷം     ബ്ലൗസും പാദംവരെയെത്തുന്ന പാവാടയും മാത്രമായിരുന്നു .ദാവണി പൂര്‍ണമായും ധരിച്ചാണ് ഇതുവരെ  സിദ്ധാര്‍ത്ഥന്‍ അമ്മുവിനെ കണ്ടിട്ടുള്ളൂ .അവളുടെ പെരുമാറ്റത്തിലും ചില പൊരുത്തക്കേട് സിദ്ധാര്‍ത്ഥന് അനുഭവപ്പെട്ടു.കസേരയില്‍ ഇരുന്ന്  പഠിക്കുകയായിരുന്ന അയാളുടെ പുറകില്‍ വന്ന് അവള്‍ മേശയിലിരിക്കുന്ന ജഗ്ഗ് എടുക്കുവാന്‍ ശ്രമിച്ചു.അഴിച്ചിട്ട  അവളുടെ കാര്‍കൂന്തല്‍ അയാളുടെ ശിരസിലൂടെ     മുഖത്തേക്ക് ഊര്‍ന്നിറങ്ങി.കാച്ചിയ എണ്ണയുടെ മണം അവിടമാകെ നിറഞ്ഞു നിന്നു .അമ്മുവിന്‍റെ മാറ് അയാളുടെ തോളില്‍  തട്ടിയപ്പോള്‍ എഴുന്നേല്‍ക്കുവാന്‍ ശ്രമിച്ച സിദ്ധാര്‍ത്ഥനെ  അവള്‍  വാരിപുണര്‍ന്നു.അവളെ തള്ളിമാറ്റി സിദ്ധാര്‍ത്ഥന്‍ അവളുടെ  കവിളില്‍ ശക്തിയോടെ ആഞ്ഞടിച്ചു.അമ്മു അതൊട്ടും  പ്രതീക്ഷിച്ചിരുന്നില്ല. മറിഞ്ഞുവീഴാന്‍ പോയ അവള്‍ ഭിത്തിയില്‍ കൈയൂന്നി പതുക്കെ നിലത്തിരുന്നു. സിദ്ധാര്‍ത്ഥന്‍ കിതപ്പോടെ പറഞ്ഞു.


" എന്‍റെ  അമ്മയുടെ വികാരത്തിന്‍റെ കടിഞ്ഞാണ്‍ പൊട്ടിയതിന്‍റെ അനന്തരഫലമായി ഞാന്‍ അനുഭവിച്ച മാനസീകസങ്കര്‍ഷങ്ങള്‍ക്ക് കണക്കില്ല.സുഖം തേടി അന്യപുരുഷനെ കാമിക്കാന്‍ പോയ അമ്മയെ അച്ഛന്‍ വീട്ടില്‍ നിന്നും പുറത്താക്കി.അമ്മയില്‍ നിന്നും സുഖം തേടിയെത്തിയവന്‍ ഇപ്പോള്‍ വിവാഹിതനായി സുഖമായി ജീവിക്കുന്നു. എന്‍റെ അച്ഛന്‍ മാത്രമല്ല  ഭാര്യ പിഴച്ചുപോയാല്‍ ഏതൊരു ഭര്‍ത്താവും  എന്‍റെ അച്ഛന്‍ ചെയ്തതുപോലെ തന്നെ ചെയ്യുകയുള്ളൂ.അമ്മ ചെയ്ത തെറ്റിന് ഒരു തെറ്റും ചെയ്യാത്ത ഞാനും ബലിയാടായി .അവസാനം ജീവിക്കാന്‍ വകയില്ലാതെയായപ്പോള്‍ അമ്മ ഉത്തരത്തില്‍ കെട്ടിതൂങ്ങി ജീവന്‍ അവസാനിപ്പിച്ചു.ഈ ലോകത്ത് ഒരു പെണ്ണും പിഴക്കാന്‍  പാടില്ല "

അമ്മു കരയുകയായിരുന്നു.സങ്കടം സഹിക്കവയ്യാതെ ആയപ്പോള്‍ അവള്‍ പറഞ്ഞു .

" ഞാന്‍ ....ഞാന്‍  അങ്ങിനെയൊന്നും ഉദ്ദേശിച്ചിരുന്നില്ല "

സിദ്ധാര്‍ത്ഥന്‍ അപ്പോഴും  കിതയ്ക്കുന്നുണ്ടായിരുന്നു.അയാള്‍ കോപത്തോടെ ചോദിച്ചു .

" പിന്നെ ...പിന്നെ  നീ എന്താണ്  ഉദ്ദേശിച്ചത്?. "

" എനിക്ക് സിദ്ധുനെ ഇഷ്ടമാണ്. ഒരുപാട് നാളായി സിദ്ധുവിനോടുള്ള ഇഷ്ടവും പേറി ഞാന്‍ നടക്കുന്നു "

സിദ്ധാര്‍ത്ഥന്‍ പുച്ഛത്തോടെ പറഞ്ഞു .

" ഹും ഇഷ്ടം....... എനിക്ക് ഇഷ്ടമല്ല. എനിക്ക് പഠിക്കണം. പഠിച്ച് എന്‍റെ ലക്ഷ്യസ്ഥാനത്ത് എനിക്ക് എത്തണം .അമ്മയുടെ ശവസംസ്കാരം  കഴിഞ്ഞ്  ശ്മശാനത്തില്‍  തനിച്ചായ എനിക്ക് ഒരു പുതിയ ജീവിതം തന്ന ഇവിടത്തെ അച്ഛനേയും അമ്മയേയും വേദനിപ്പിക്കാന്‍ എന്നെക്കൊണ്ടാവില്ല .വിവാഹിതനാവാനാവുമ്പോള്‍ അമ്മയും അച്ഛനും കണ്ടെത്തുന്ന പെണ്ണിന്‍റെ കഴുത്തിലെ ഞാന്‍ മിന്നുകെട്ടുകയുള്ളൂ . സംഭവിച്ചത് സംഭവിച്ചു  ഇനി മേലാല്‍ ഇങ്ങിനെയൊന്നും   ആവര്‍ത്തിക്കരുത് "

അമ്മു കരഞ്ഞുകൊണ്ട്‌ മുറിയില്‍ നിന്നും ഇറങ്ങിനടന്നു .അവള്‍ കരയുന്നുണ്ടായിരുന്നെകിലും  അയാളോടുള്ള അവളുടെ ഇഷ്ടം കൂടുകയാണുണ്ടായത് .അടുത്ത പ്രഭാതത്തില്‍ പ്രാതലുമായി സിദ്ധാര്‍ത്ഥന്‍റെ അരികിലേക്ക് വന്ന അമ്മുവിന്‍റെ മുഖത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളുടെ യാതൊരുവിധ ജാള്യതയും, കുറ്റബോധവും   നിഴലിച്ചിരുന്നില്ല.ഏതാണ്ട്  അഞ്ചു മാസം  കഴിഞ്ഞപ്പോള്‍ പതിവായി ഫോണ്‍  വിളിക്കുന്ന സമയത്ത് ആദിത്യവര്‍മ്മ  വിളിച്ചു .

" മോനെ ഞങ്ങള്‍ അടുത്തയാഴ്ച നാട്ടിലേക്ക് വരികയാണ് .അഞ്ജലിയും, അളിയനും, മക്കളും  ഞങ്ങളോടൊപ്പം നാട്ടിലേക്ക്  വരുന്നുണ്ട്.വീട്ടാവശ്യത്തിനുള്ള സാദനങ്ങള്‍ എല്ലാംതന്നെ മോന്‍ വാങ്ങിവെക്കണം.പിന്നെ ആ വേലായുധനോട് ഞങ്ങള്‍ വരുന്ന ദിവസത്തേക്ക് വരാല്‍ മത്സ്യം   വേണമെന്ന് പറയണം .അളിയന് വരാല്‍ വല്യ ഇഷ്ടമാണെന്ന് അറിയാലോ "

സിദ്ധാര്‍ത്ഥന്‍ സന്തോഷത്താല്‍ കുശിനിയുടെ അടുത്ത്‌പോയി അമ്മുവിനോടും നാണിത്തള്ളയോടും കാര്യം പറഞ്ഞു.സിദ്ധാര്‍ത്ഥന്‍റെ സന്തോഷം കണ്ടപ്പോള്‍ അമ്മു മനസില്‍ പ്രാര്‍ഥിച്ചു .

"ഈശ്വരാ  ഈ  വീട്ടിലുള്ളവരുടെ സ്നേഹം  ആരോരുമില്ലാത്ത  സിദ്ധുന് എന്നും നല്‍കേണമേ"

അങ്ങിനെ ആ ദിവസം വന്നണഞ്ഞു .എയര്‍പ്പോര്‍ട്ടിലേക്ക് പോകുവാന്‍ വലിയ വാഹനമാണ് സിദ്ധാര്‍ത്ഥന്‍ ഏര്‍പ്പാടാക്കിയത് അതുക്കൊണ്ടുതന്നെ അമ്മുവിനേം നാണിത്തള്ളയേയും ഒപ്പം കൂട്ടി .ആദിത്യവര്‍മ്മയും ലീലാവതിയും പോയതിനിശേഷം സിദ്ധാര്‍ത്ഥന് വല്ലാത്ത വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടിരുന്നു.സ്നേഹസമ്പന്നരായവരെ വരവേല്‍ക്കാന്‍ വാഹനം വളവുകളും നേര്‍വഴികളും താണ്ടി എയര്‍പ്പോര്‍ട്ട് ലക്ഷ്യമാക്കി യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു . അപ്പോള്‍  പടിഞ്ഞാറേ ചക്രവാളം കറുത്ത് ചുവന്നു മേഘാവൃതമായിരുന്നു .
                                                       ശുഭം







 rasheedthozhiyoor.blogspot.qa                             rasheedthozhiyoor@gmail.com

Search This Blog