ദൂരെനിന്ന് നോക്കിയാല്‍ അയാളുടെ വീട് വലിയൊരു പൂന്തോട്ടത്തിന് നടുവിലാണെന്ന് തോന്നും.
ചെടികളുടെ വര്‍ണ്ണവൈവിധ്യങ്ങള്‍ക്ക് നടുവിലൂടെ ഒരിടവഴിയുണ്ട്; വീട്ടിലേക്ക്. സുഗന്ധംപുരണ്ട അകവും പുറവുമായി അതിലൂടെ നടന്നെത്തുന്പോഴാണ് കള്ളിമുള്ളുകള്‍ അതിരിട്ട തുണ്ട് ഭൂമിയിലാണ് അയാളും കുടുംബവും താമസിക്കുന്നതെന്ന് മനസ്സിലാവുക.
അയാളുടെ അതിരില്‍ നിന്ന് ഗ്രൗണ്ടിന്‍റെ ഒരുഭാഗം വരെ നാട്ടിലെ ചെറുപ്പക്കാരാണവ വെച്ചുപിടിപ്പിച്ചത്. കളികഴിഞ്ഞാല്‍ അവരതിന്‍റെ വശങ്ങളിലുണ്ടാക്കിയ ഇരിപ്പിടങ്ങളില്‍ വിശ്രമിക്കുകയും ഇരുട്ട് കനക്കുന്പോള്‍ മടങ്ങുകയും ചെയ്യും. പൂന്തോട്ടത്തിന്‍റെ നനയും പരിചരണവും അയാള്‍ക്കും വീട്ടുകാര്‍ക്കും.
വീട്ടുകാരെന്ന് പറയാന്‍ ആരുമില്ല. അയാളും ഭാര്യയും. മക്കളൊന്നും ആയിട്ടില്ല. ദീര്‍ഘനാളത്തെ മരുവാസത്തിന് ശേഷം, ബാധ്യതകളൊതുക്കി, ചെറിയൊരു വീട് പണിത് അവര്‍ അതിഥികളെ കാത്തിരിക്കുകയാണ്.
‘ഇപ്പോ മനസ്സിനൊരു സമാധാനമുണ്ട്’
വരാന്തയിലെ ചാരുകസേരയിലിരുന്ന് അയാള്‍ തന്നോടുതന്നെ പറഞ്ഞു.
-ആദ്യമൊക്കെ ഇവിടിരുന്ന് നോക്കിയാല്‍ കാണുമായിരുന്നത്, നിറംകെട്ട വലിയൊരു കഷ്ണംഭൂമി. ഇപ്പോ എന്തൊരു രസമാണ്. കണ്ണ് ചെറുങ്ങനിച്ച് നോക്കിയാല്‍ ഇരിക്കുന്നത് പൂക്കളുടെ വലിയൊരു താഴ്വരയിലാണെന്ന് തോന്നും. ചുറ്റിനും പച്ചപ്പിന്‍റെ സമൃദ്ധി. കിളികളുടെ വികൃതി, ശലഭങ്ങളുടെ തേര്പോക്ക് കണ്ടാല്‍ ചെടിത്തുന്പിലെ പൂക്കളെ കാറ്റടര്‍ത്തിക്കൊണ്ടുപോവുകയാണെന്നേ തോന്നൂ. ദൈവം പൂക്കള്‍ക്കും പൂന്പാറ്റകള്‍ക്കും ഒരേ മൂശയിലായിരിക്കണം നിറം പകര്‍ന്നത്. പുത്തനുടുപ്പണിഞ്ഞ കുഞ്ഞുങ്ങളെപ്പോലെ എന്തൊരു ഗമയാണവയ്ക്ക്. അവര്‍ മാത്രമല്ല, കിളികളും കാറ്റും ഒക്കെ അഹങ്കാരികളായിട്ടുണ്ട്. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്വന്തമായൊരു ആവാസസ്ഥലം ഉണ്ടാകുന്പോള്‍ ആരും തെല്ലഹങ്കാരിയാകും.
പൂന്തോട്ടത്തില്‍ നിന്ന് കണ്ണെടുക്കാതെ, വൈകുന്നേരത്തെ ചായ ആസ്വദിച്ചിറക്കുകയായിരുന്നു അയാള്‍.
-ഇന്നന്തേ കുട്ടികളാരേം ഗ്രൗണ്ടില്‍ കാണാത്തത്?
സാധാരണ ഇന്നേരം ബഹളമയമാണ്. ഫുട്ബോള്‍, ക്രിക്കറ്റ്, ഫൗളുകള്‍, വഴക്ക്, ചര്‍ച്ച, തമാശ, പൊട്ടിച്ചിരി... ഇന്നൊന്നിനേം... ഓ, ഞാനത് മറന്നു. എല്ലാവരും ക്ലബ്ബിലെ ടെലിവിഷന് മുന്‍പിലാകും. വണ്‍ഡേ മാച്ചുണ്ട്. ആരാധകര്‍ തമ്മില്‍ വാക്കേറ്റം മൂക്കുന്നുണ്ടാകും.
ഈ പ്രായം എത്ര രസകരമാണ്.
ഓരോന്നാലോചിച്ചിരുന്ന അയാളുടെ മുഖം പൊടുന്നനെ വിടര്‍ന്നു.
പൂന്തോട്ടത്തില്‍ നിന്ന് കണ്ണെടുത്ത് ചുറ്റിനും നോക്കി. വീണ്ടും പൂന്തോട്ടത്തിലേക്ക്.
പിന്നെയും പരിസരങ്ങളിലേക്ക്... അത്ഭുതപരിഭ്രാന്തനായ അയാളെഴുന്നേറ്റ് ഭാര്യയെ വിളിച്ചു.
‘ഒന്നിങ്ങോട്ടു വേം വര്ണ്ണ്ടോ....?’
‘എന്തേ.. എന്തുപറ്റി...?’ അവള്‍ അകത്തുനിന്നും ഭീതിയോടെ പാഞ്ഞുവന്നു.
‘ആ പൂന്തോട്ടത്തിലേക്കൊന്ന് നോക്ക്...’
‘ഇങ്ങനേണ്ടോ മനുഷ്യന്മാര്? ഞാന്‍ വിചാരിച്ചു...., ഹല്ലാ...! ഇതെന്താ ഇങ്ങിനെ...?!’
പറഞ്ഞുവന്നത് മറന്ന് അത്ഭുതത്തോടുകൂടി പൂന്തോട്ടത്തിലേക്ക് നോക്കി അവള്‍ അയാളോട് ചോദിച്ചു.
‘അതുതന്നെയാണ് ഞാനും നോക്കുന്നത്. പരിസരം മുഴുവന്‍ അനങ്ങാതെ നില്‍ക്കുന്നു. നമ്മുടെ പൂന്തോട്ടത്തില്‍ മാത്രം അനക്കങ്ങളുടെ ആരവാരം. നോക്ക്, ഈ മുരിങ്ങയില പോലും അനങ്ങ്ണില്ല. പക്ഷെ, പൂന്തോട്ടത്തില്‍ മാത്രം കാറ്റ് പാഞ്ഞുനടക്കുന്നു’
ഇരുവരും അത്ഭുതത്തോടുകൂടി രംഗം ആസ്വദിച്ചുനില്‍ക്കെ, പടിഞ്ഞാറുനിന്നൊരു കാറ്റു വന്ന് പരിസരം ചലിപ്പിച്ചു.
‘ഇപ്പോ എല്ലാം സമാസമം’ അയാള്‍ കസേരയിലിരുന്നു.
‘കാറ്റ് ദൈവത്തിന്‍റെ കരതലങ്ങളാണ്. അനുഗ്രഹമായി അവ പ്രകൃതി മുഴുവന്‍...., കാറ്റ് തൊടുന്പോ പൂക്കള്‍ ചിരിക്കുന്നത് കണ്ടിട്ടുണ്ടോ..? പൈതങ്ങളുടെ പുഞ്ചിരിപോലെ എത്ര മനോഹരമാണത്’
‘ന്ന്ട്ടെന്തേ... ആ പുഞ്ചിരിയും അനുഗ്രഹവും നമുക്ക് മാത്രം അന്യമായിപ്പോകുന്നത്...?’ വിദൂരതയിലേക്ക് നോക്കി അവള്‍ അയോളോട് ചോദിച്ചു.
‘എന്താണ് ഇങ്ങിനെ സംസാരിക്കുന്നത്. നീ ചെടികളെ കുറിച്ചാലോചിച്ച് നോക്ക്. പറയുന്പോ എല്ലാം ചെടികളാണ്. പക്ഷെ എല്ലാം ഒരുപോലെയാണോ. നീലക്കുറിഞ്ഞി എത്ര കൊല്ലം കൂടുന്പഴാ ഒന്നു പൂക്കുന്നത്. രാത്രി മാത്രം പൂക്കുന്ന ചെടികളില്ലേ. ഒരിക്കല്‍ പൂത്താല്‍ നശിച്ചുപോകുന്നവയില്ലേ. മാസങ്ങളോളം പൂത്തു നില്‍ക്കുന്നവയില്ലേ. അങ്ങിനെ എന്തെല്ലാം വ്യത്യസ്തതകളാണ് ചെടികളില്‍. അതുപോലൊരു സൃഷ്ടി മാത്രമാണ് നമ്മളും. സമയമാകുന്പോ നമുക്ക് പൂക്കളുണ്ടാവുക തന്നെ ചെയ്യും. ദൈവം കാരുണ്യവാനാണ്’
അവള്‍ ചിരിച്ചു, അയാളും.
‘നീ കേട്ടോ അവരുടെ സങ്കടവും കളിയുംചിരിയും?’
പൂന്തോട്ടത്തിലുലഞ്ഞ ഇളങ്കാറ്റിനോട് പരിസരംമുഴുക്കെ വീശുന്ന പടിഞ്ഞാറന്‍കാറ്റ് ചോദിച്ചു.
‘ഇന്നിത്രയല്ലേയുള്ളൂ. മറ്റുദിവസങ്ങളിലുള്ളതൊന്നും കാണാറില്ലല്ലോ...?’
പുഞ്ചിരിയോടെ ഇളങ്കാറ്റ് പറഞ്ഞു.
‘അല്ലാ, നീ എന്ത് ഭാവിച്ചാണിങ്ങനെ....? കുസൃതി നിയന്ത്രിക്കാറായിരിക്കുന്നു.
മനുഷ്യരടക്കമുള്ള ജീവികള്‍ക്ക് കാറ്റിനെ കുറിച്ച് ധാരണകളുണ്ട്. അതിനപ്പുറമുള്ള ഓരോ ചലനവും അവരെ ചകിതരാക്കും. പാതിരാത്രിയില്‍ നടന്നുപോകുന്ന മനുഷ്യന്‍റെ അരികിലെ ഒറ്റമരം മാത്രം നീ ഇളക്കിയാല്‍... അതുപോകട്ടെ, ഭൂമിയുടെ മറുഭാഗത്തേക്കയച്ച കൊടുങ്കാറ്റുകളുടെ കൂട്ടത്തില്‍ നിന്ന് പിന്‍മാറിയതെന്തേ...?’
‘അത് പിന്നെ, വയ്യ, ഛിന്നം വിളിച്ച് കണ്‍മുന്‍പിലുള്ളവയെല്ലാം തകര്‍ത്ത്...
നശിപ്പിക്കപ്പെടുന്നവരില്‍ നല്ലവരുമുണ്ടാകില്ലേ...?’
‘ദൈവശിക്ഷ ഇറങ്ങുന്പോള്‍ നല്ലവരും ഉള്‍പ്പെട്ടേക്കാം. അവര്‍ക്ക് മഹത്തായ സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. ദൈവകാരുണ്യമില്ലായിരുന്നെങ്കില്‍ നിന്നെ ഇല്ലായ്മ ചെയ്യുമായിരുന്നു’
പുഞ്ചിരിയോടെ ഇളങ്കാറ്റ് പറഞ്ഞു: ‘അറിയാം, അതല്ലെ, എനിക്കീ പൂന്തോട്ടം മതിയെന്ന് പറഞ്ഞപ്പോ അനുവദിക്കപ്പെട്ടത്. ഇവിടെ എന്തോരു സുഖമാ. സദാസമയം സുഗന്ധം പുരണ്ട്... നല്ലവെള്ളം നനഞ്ഞ്... ഒരേയൊരു ഖേദമുള്ളത് അവരുടേതാണ്. അവരുടെ വിധിയില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടോ. കഷ്ടപ്പെടുന്നവന്‍റെ ശ്വാസോച്ഛ്വാസം പോലും പ്രാര്‍ത്ഥനയെന്നാണ്...’
‘അതു പറയാനാണ് വന്നത്. കാനനവാസം കഴിഞ്ഞിരിക്കുന്നു. നീ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു; അവരോടൊപ്പം. മനുഷ്യന്‍റെ പ്രാണവായു ആകാനാണ് നിയോഗം. ആകട്ടെ, ഏതാണ് തെരഞ്ഞെടുക്കുന്നത്?’
‘ദൈവത്തിന് സ്തുതി’ ഇളങ്കാറ്റ് തെല്ല് ആലോചിച്ച് പറഞ്ഞു:
‘എനിക്കിഷ്ടം സദ്സ്വഭാവിയായൊരു പെണ്‍കുരുന്നിനൊപ്പം കഴിയാനാണ്’
‘നല്ല തീരുമാനം. ദുഃശ്ശീലക്കാരുടെ പ്രാണവായു ആകുന്നതിനേക്കാള്‍ ശപിക്കപ്പെട്ട മറ്റൊരു ജന്മം ഉണ്ടോ എന്നറിയില്ല. എത്ര കഷ്ടമാണത്.’
‘പുറത്ത് കാറ്റുണ്ടെന്ന് തോന്നുന്നു. ജനാല തുറന്നിട്ടാലോ..?’ അയാള്‍ അവളോട് ചോദിച്ചു.
‘ശരിയാണ്. ഉറക്കം വരുന്പോള്‍ അടക്കാം’
അവളെഴുന്നേറ്റ് ജനാലകള്‍ തുറന്നു. അല്‍പ്പനേരം അവിടെനിന്നു.
‘എന്താണ് നോക്കുന്നത്..?’
‘നല്ലകാറ്റ്... ഇരുട്ടും’
‘നിലാവുദിക്കാന്‍ സമയമാകുന്നല്ലെയുള്ളു’
‘നാളെയല്ലെ ഡോക്ടറെ കാണേണ്ട തിയ്യതി?’
‘അതെ, ബുക്ക് ചെയ്തിട്ടുണ്ടല്ലോ, പിന്നെന്താ..?’
‘അതല്ല, വരുന്നവഴി ജാറത്തിലൊന്ന് കേറണം. നേര്‍ച്ചയുണ്ടെനിക്ക്.’
‘ആകാം. ഇനി അതിന്‍റെ കുറവുണ്ടാകേണ്ട’
അവര്‍ കിടന്നു. ചെറുസല്ലാപങ്ങളില്‍ മുഴുകി. തണുത്ത കാറ്റ് ഇരുവരെയും നിരന്തരം തഴുകി.
അതിനിടയില്‍... കാറ്റ് ഇളങ്കാറ്റിനോട് ചോദിച്ചു:
‘കേട്ടോ അവരുടെ വര്‍ത്തമാനം?’
‘കേട്ടു. ചിരിയടക്കാന്‍ വയ്യാതായി. മനുഷ്യര്ടെ ഒരു കാര്യം. ദൈവാനുഗ്രഹത്തെ കുറിച്ച് ഒന്നുമറിയില്ല. ഇനീപ്പോ, ആ ഡോക്ടറും ജാറവുമാകും ഇവരുടെ എല്ലാം. ഏതൊരു കാര്യത്തിനും തരാതരം ഇവര്‍ അതിനേ ആശ്രയിക്കൂ’
‘മനുഷ്യര്‍ അങ്ങിനെയൊക്കെയാണ്. പാവങ്ങള്‍. പക്ഷെ, അക്രമികളായാല്‍ ഈ ഭൂമിതന്നെ നശിപ്പിച്ചുകളയും’
‘പോകാന്‍ നേരമായി. നീ പൂന്തോട്ടത്തിലേക്ക് പൊയ്ക്കോളൂ. അവരുറങ്ങട്ടെ’
വീട്ടിലുള്ളവരുടെ രാവുകളില്‍ മുഴുനിലാവുദിച്ചു. സന്തോഷത്തില്‍ മതിമറന്ന്, പറയാന്‍ വാക്കുകളില്ലാതെ നിശ്ശബ്ദരായി. പുതിയ അതിഥിയെ വരവേല്‍ക്കുന്നതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടും മതിവരാതിരുന്നു.
‘ആ ജാറം എങ്ങിനെ വന്നൂന്നറിയോ നിനക്ക്...?’
ഒരു രാത്രിയില്‍, സംസാരമധ്യേ അയാള്‍ അവളോട് ചോദിച്ചു.
‘ഇല്ല..’ അവള്‍ പറഞ്ഞു.
‘കടലിലൊഴുകിവന്നതാണ്. അതുകാണാന്‍ നാട്ടുകാര്‍ വന്നു. കേട്ടറിഞ്ഞ് അടുത്ത നാട്ടുകാര്‍. പിന്നെപ്പിന്നെ... ജനസമൂഹം...’
നമുക്കവിടെ കുഞ്ഞിനെ കൂട്ടിപ്പോകണം. എല്ലാ മാസാന്ത്യത്തിലുംരാത്രിയില്‍ നടക്കുന്ന പ്രത്യേകകര്‍മ്മങ്ങളില്‍ പങ്കെടുത്തവിടെ കൂടണം’
‘തീര്‍ച്ചയായും, ഇത് അവരുടേത് കൂടിയാണ്’
‘പേടിയുണ്ടോ നിനക്ക്...? നാളെയാണ് അഡ്മിറ്റ് ചെയ്യേണ്ടത്’
‘പേടിയൊന്നുമില്ല, എങ്കിലും ചെറിയ ടെന്‍ഷന്‍....’
‘ദൈവം കാത്തോളും’
പതിയെ അവര്‍ ഉറക്കത്തിലേക്ക് വഴുതി.
പനിനീര്‍പൂക്കളെ ഉമ്മവെയ്ക്കാന്‍ അവസരം നല്‍കാതെ, വണ്ടുകളെത്തുന്പോള്‍ ശക്തമായനക്കി അവയെ കളിയാക്കുകയായിരുന്നു ഇളങ്കാറ്റ്.
കാറ്റ് അരികിലെത്തിയപ്പോള്‍ ഇളങ്കാറ്റടങ്ങി. വണ്ടുകള്‍ പൂക്കളിലിറങ്ങി തേന്‍ നുകര്‍ന്നു.
‘ഇന്നാണ് ആ കുട്ടിയുടെ ജന്മം. പ്രഭാതവെയില്‍ ചൂടാകുന്നേരം അതുണ്ടാകും. എന്തെങ്കിലും വേവലാതികളുണ്ടോ....?’
‘ഒന്നുമില്ല, പക്ഷെ, ഒരുതരം... ഒരുതരം...’
‘അതുണ്ടാകും. ആദ്യമായല്ലെ. അതിന് മുന്‍പ് ചിലഅറിവുകള്‍ കൈമാറേണ്ടതുണ്ട്’
കാറ്റ് ഇളങ്കാറ്റിനേയും കൊണ്ട് പറന്നു, കടല്‍തീരത്തേക്ക്.
‘കടലിനൊരു സ്വഭാവമുണ്ട്. സൂക്ഷിക്കാനേല്‍പ്പിച്ചതെല്ലാം അത് തിരിച്ചെടുക്കും.
പ്രതിരോധത്തിന്‍റെ ഏത് നെടുങ്കന്‍കോട്ടയും ഉപ്പുരസത്താല്‍ അടയാളപ്പെടുത്തി പതുക്കെ അപ്രത്യക്ഷമാക്കും.
ഈ ജാറം കണ്ടോ...? വര്‍ഷങ്ങളായി കടല്‍ അവകാശം ചോദിക്കുന്നു.
പക്ഷെ, ഗ്രാമത്തിന്‍റെ വിഹ്വലതകള്‍ ഈ കരിങ്കല്‍ കഷ്ണങ്ങള്‍ നിരത്തി പ്രതിരോധിക്കുകയാണ്. പതിനെട്ട് വര്‍ഷം തികയുന്പോള്‍ കൂനന്‍മലയാകും ഇവര്‍ക്കും കടലിനുമിടയില്‍.
രാവിന്‍റെ നിശ്ശബ്ദതയില്‍ ഉയരുന്ന, മാസാന്ത്യത്തിലെ മന്ത്രധ്വനികളുടെയും ചന്ദനപ്പുകയുടെയും മായികതയില്‍, സ്വയമറിയാതെയെന്നവണ്ണം കൂനന്‍മലയുടെ ചരിവിലൂടെ പെണ്‍കുട്ടി നടക്കും, നിലാവുതിളങ്ങുന്ന നീലക്കടലിനപ്പോള്‍ വശ്യതയേറും. നിഗൂഢതയുടെ കടല്‍കൊട്ടാരങ്ങളിലിരുന്ന് ആയിരംകൈകളാല്‍ രാജകുമാരന്മാര്‍ നിന്‍റെ കുഞ്ഞുബീവിയെ മാടിവിളിക്കും. നീ നിറഞ്ഞൊഴുകിയ അറകളില്‍ ഉപ്പുവെള്ളം നിറയും. നിന്‍റെ മാത്രം കരുത്തില്‍ ഒന്നോ രണ്ടോ തവണ ജലപ്പരപ്പിന് മീതെ... ജീവിതത്തില്‍ നിന്ന് നിങ്ങള്‍ വേര്‍പിരിയുന്നതങ്ങിനെയാണ്’
‘ദൈവമെ.., എന്തിനാണ് ആ പെണ്‍കുട്ടി.....?’
-‘നീയെന്താണ് മനുഷ്യരെപ്പോലെ... കാരണങ്ങള്‍ അവരാണ് ചികയുക.
ആ സ്ത്രീ ഇപ്പോള്‍ പേറ്റുനോവ് അനുഭവിക്കുകയാകും’
‘എനിക്ക്... എനിക്ക് കരയാന്‍ തോന്നുന്നു’
കാറ്റ് ചിരിച്ചുകൊണ്ടു പറഞ്ഞു: ‘നീ പാകപ്പെടുകയാണ്’
ഡോക്ടറുടെ കൈകളില്‍ നവമുകുളം ചേര്‍ന്നനിമിഷം, നാസാരന്ധ്രങ്ങളിലൂടെ ശ്വസനത്തിന്‍റെ ഉള്ളറകളിലേക്ക്. നേര്‍ത്തയനക്കം.പിന്നീട്, കൈകാലുകള്‍ ചുരുട്ടി ബലം പിടിച്ച്, പാകപ്പെടുന്നവരുടെ നിലവിളി.
തിയേറ്ററിന് പുറത്ത്, ഉത്കണ്ഠപൊഴിച്ച് നിലവിളിയില്‍ സന്തോഷിക്കുന്ന മുഖങ്ങളിലേക്കയാള്‍ മധുരം വിതരണം ചെയ്തു!
----------------------------
picture@Google
mikacha kathayumaayi vanna ali bayikku aashamsakal...!
ReplyDeleteമികച്ച കഥ - പവനന് വല്ലാത്ത ദൈവീകതയുണ്ട് - എല്ലാ കാലങ്ങളിലൂടെയും സഞ്ചരിക്കാനുള്ള കരുത്തുണ്ട് - അതാണല്ലോ കഥ അടയാളപ്പെടുത്തിയതും.
ReplyDeleteഎല്ലാ കഥാപാത്രങ്ങളെയും സംവദിക്കാനനുവദിചു നടത്തിയ രചനാ ശൈലി മേന്മയുള്ളതാണ്. വായനക്കാരനെ വീഴ്ത്തുന്ന ഒരു തന്ത്രം. മിതമായി എഴുതിയ കഥ ഇഷ്ടമായി. നല്ല തൂലികയിൽ നിന്ന് കഥകളിനിയും തുടരട്ടെ.
അന്ധവിശ്വാസം അവസാനിക്കില്ല. എത്ര പരിഷ്കൃതമായാലും
ReplyDeleteകഥ അനുഭവിപ്പിച്ചു.ഒത്തിരി ഇഷ്ടമായി ഇക്കഥ.അഭിനന്ദനങ്ങൾ!
ReplyDeleteആശംസകള്‍ എന്റെയും വക....! ഒപ്പം ന്യൂ ഈയര്‍ ആശംസകളും
ReplyDeleteഇന്ന് രണ്ടു നല്ല കഥകള്‍ വായിച്ചു. അതില്‍ ഒരെണ്ണം ഈ കഥയാണ്... മികച്ച അവതരണം..
ReplyDeleteഅഭിനന്ദനങ്ങള്‍..
കാറ്റിനേ കൂട്ട് പിടിച്ച് വശ്യ മനോഹരമായൊരു കഥ. മിതത്വമുള്ള ആഖ്യാനം.
ReplyDeleteഇന്നലെ വായിച്ചിരുന്നു ,, നല്ല കഥ അലിഭായ്
ReplyDeleteവഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും അലി ബായിയോടുള്ള നന്ദിയും സ്നേഹവും അറിയിക്കട്ടെ...ഒപ്പം ശ്രീ അലിഭായിയെ വഴക്കുപക്ഷിയിലേക്ക് ക്ഷണിച്ച പ്രിയ സുഹൃത്ത് അന്നൂസിനോടും...! പ്രോത്സാഹനം തുടരുമല്ലോ....എല്ലാപേര്‍ക്കും വഴക്കുപക്ഷി ബ്ലോഗിന്‍റെ പുതുവത്സരാശംസകള്‍ ..!
ReplyDeleteവ്യത്യസ്തമായിരിക്കുന്നു. ആശംസകള്‍.
ReplyDeleteനല്ല കഥ -ആശംസകൾ
ReplyDeleteeshttamaayi..
ReplyDeleteഅതെ, നീ പാകപ്പെടുകയാണ്.
ReplyDeleteഅങ്ങിനെ എന്തെല്ലാം വ്യത്യസ്തതകളാണ് ചെടികളില്‍. അതുപോലൊരു സൃഷ്ടി മാത്രമാണ് നമ്മളും. സമയമാകുന്പോ നമുക്ക് പൂക്കളുണ്ടാവുക തന്നെ ചെയ്യും.
നന്നായിരിക്കുന്നു.
അര്‍ത്ഥസമ്പുഷ്ടമായ അവതരണം.
ReplyDeleteകഥ ഇഷ്ടപ്പെട്ടു
ആശംസകള്‍
കൊള്ളാം സൂപ്പറായി അവതരിപ്പിച്ച ഒരു കഥ
ReplyDeleteവൈകി. എങ്കിലും എല്ലാവര്ക്കും നന്ദി.
ReplyDeleteരസകരമായതൊന്നു
ReplyDeleteരസകരമായി
അവതരിപ്പിച്ചു..rr
നീലക്കുറിഞ്ഞി എത്ര കൊല്ലം കൂടുന്പഴാ ഒന്നു പൂക്കുന്നത്. രാത്രി മാത്രം പൂക്കുന്ന ചെടികളില്ലേ. ഒരിക്കല്‍ പൂത്താല്‍ നശിച്ചുപോകുന്നവയില്ലേ. മാസങ്ങളോളം പൂത്തു നില്‍ക്കുന്നവയില്ലേ. അങ്ങിനെ എന്തെല്ലാം വ്യത്യസ്തതകളാണ് ചെടികളില്‍. അതുപോലൊരു സൃഷ്ടി മാത്രമാണ് നമ്മളും. സമയമാകുന്പോ നമുക്ക് പൂക്കളുണ്ടാവുക തന്നെ ചെയ്യും. :) കാറ്റിനൊപ്പം ഒരു ജീവിതം
ReplyDeleteആൽകെമിസ്റ്റിലെ കാറ്റിനെ ഓർത്തു...ഒന്നിനെയും മുറിവേൽപ്പിക്കാതിരിക്കാൻ വല്ലാത്ത ഒരു കരുതലുണ്ട്
ReplyDelete