വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

ശബ്ദമില്ലാത്ത വാക്കുകള്‍



എപ്പോഴാണ് നമുക്കിടയില്‍ മൗനം ഒരു മുള്‍ച്ചെടിയായി വളര്‍ന്ന് പന്തലിച്ചത്? ഹൃദയം പൂക്കുന്ന  മുള്‍ച്ചെടി.  ഓരോ മുള്ളിലും ഹൃദയാകൃതിയില്‍  വാക്കുകള്‍ തൂങ്ങുകയാണ്.. ഉണങ്ങിയ രക്തത്തിന്‍റെ നിറത്തില്‍, കറ പുരണ്ട അക്ഷരങ്ങളില്‍. എന്തിനായ് ജനിച്ചു എന്ന കരച്ചില്‍ ഒതുക്കിക്കൊണ്ട്‌  മുള്ളില്‍ കൊരുത്ത് പിടയുകയാണവ.

ഒരിക്കല്‍ ജീവാമൃതമായി നിറഞ്ഞുപെയ്ത  വാക്കുകള്‍ മരണം കൊതിച്ച് കേഴുകയാണിന്ന്.. ഉയര്‍ന്നു പൊങ്ങി മേഘമായി ഘനീഭവിക്കുവാനായെങ്കിലെന്ന്‍, പെയ്യാതെ പോയൊരു മഴയുടെ  ഗര്‍ഭത്തില്‍ ഒളിക്കുവാനായെങ്കിലെന്ന് ഗദ്ഗദപ്പെടുകയാണ്. 

ബന്ധിതമല്ലാത്ത  ചിറകുകള്‍ വിരിച്ച്, ആകാശത്തിലുയരങ്ങളില്‍ പറക്കാന്‍ കഴിവുണ്ടായിരുന്ന പറവകളായിരുന്നു അവ !!

ഓരോ രാത്രിയും ഓരോ പകലും ചിത്രച്ചിറകുകള്‍ വീശിപ്പറന്ന്   ഏഴു കടലുകളും ഏഴു സ്വര്‍ഗ്ഗങ്ങളും കടന്ന് മാന്ത്രികോദ്യാനത്തിലെ  വിശിഷ്ട കനി തേടി പോയിരുന്ന  പറവകള്‍!

നിനക്കക്കോര്‍മ്മയില്ലേ, സ്നേഹത്തിന്‍റെ രുചിയുള്ള വിശുദ്ധഫലം..? ഏതു വിശപ്പിനേയും അടക്കാനാവുന്ന മാന്ത്രികക്കനി.
ഒരു സര്‍പ്പത്തിനും അതിനടുത്തെത്താനായിരുന്നില്ല...അതിനെ വിഷം തീണ്ടിയിരുന്നില്ല, അത് പാപം പേറിയിരുന്നുമില്ല.
അത് നമുക്ക് വേണ്ടി ഉണ്ടായതാണ്.

നിനക്കും എനിക്കും വേണ്ടി മാത്രം!

നിനക്കറിയാമോ, വാക്കുകള്‍ക്ക് അര്‍ത്ഥവും ജീവനും ഉണ്ട്.  

ജീവിതകുടുക്കുകളില്‍, ചിലപ്പോള്‍ മരണക്കുടുക്കിലും   വാക്കുകള്‍ രക്ഷകന്‍റെ പുതപ്പുമായെത്തും.  കുടുക്കുകള്‍നിഷ്പ്രയാസം അഴിഞ്ഞ് മടിയിലെ സാന്ത്വനമാവും. കഴുത്തില്‍ വരിഞ്ഞമര്‍ന്ന മുറിപ്പാടിലെ തലോടലാവും. കണ്‍പീലികളിലെ പരിഭവമാവും. കണ്‍പോളകളിലെ ചുംബനമാവും..  ചുണ്ടുകളാല്‍  മുത്തിയെടുക്കുന്ന നെറ്റിയിലെ വിയര്‍പ്പുതുള്ളികളാവും...

ഭാരമില്ലാത്ത  വാക്കുകള്‍! മുള്ളുകള്‍ക്ക് പകരം അന്നവയ്ക്ക് ചിറകുകളായിരുന്നു.!

എന്‍റെ   ഹൃദയത്തില്‍ പൂവിട്ടത് സ്നേഹസൗരഭ്യം പരത്തിയ നിര്‍മ്മലസൂനങ്ങളായിരുന്നു. നീയവയെ തിരിച്ചറിഞ്ഞില്ലെന്നും അവ നിന്‍റെ കാലടിയില്‍ ഞെരിഞ്ഞ്‌ ചതഞ്ഞരഞ്ഞെന്നും  വിശ്വസിക്കുക പ്രയാസം!

നിനക്കറിയാമോ, വാക്കുകള്‍ക്ക് മരണമില്ല. അവയ്ക്ക്  ശബ്ദമില്ലാതെ കരയുവാനാകും.

നോക്കൂ... നിന്‍റെ  വാക്കുകള്‍.... നീല നിറമുള്ള  ഫലങ്ങളായി മുള്‍ച്ചെടിയില്‍  തൂങ്ങുകയാണവ.. വിഷഫലങ്ങള്‍! എന്നിട്ടും  അവയില്‍ ഇപ്പോഴും സ്നേഹബീജം തുടിക്കുന്നുണ്ടെന്ന് ഞാന്‍ അറിയുന്നുണ്ടല്ലോ...പക്ഷേ   അവയെ സ്പര്‍ശിക്കുവാന്‍  എനിക്ക് ഭയമാകുന്നു.

ആരാണ് അവയില്‍ വിഷം നിറച്ചത്?

നീതന്നെയോ?

എനിക്കിനി അത് അറിയേണ്ടതില്ല.

നമുക്കിടയില്‍ വളര്‍ന്ന ഈ മുള്‍ച്ചെടിപ്പടര്‍പ്പ് നോക്കി ഞാനിതേയിരിപ്പ് തുടങ്ങിയിട്ട് നേരമെത്രയായി!

നീ ഇത് കാണുന്നില്ലെന്നോ?

നിനക്കൊന്നും പറയുവാനില്ലെന്നോ?

ശരി. എനിക്ക് പോകുവാന്‍ നേരമാകുന്നു.

വാക്കുകള്‍...അവയെ എന്ത് ചെയ്യണം..?

മരണപ്പെടാതെ കുഴിച്ചു മൂടിയാല്‍ അവയ്ക്ക് ശ്വാസം മുട്ടുകയില്ലേ? ദാഹവും വിശപ്പും തോന്നുകയില്ലേ..?

വിഷവിമുക്തമാക്കുവാന്‍ കഴിയുമോയെന്ന് ഒരു അവസാനശ്രമമാവാം.
ഞാനവയെ മുള്‍ച്ചെടിയില്‍ നിന്നും മോചിപ്പിക്കട്ടെ...

ഒരാവര്‍ത്തികൂടി, ഹൃദയത്തോട് ചേര്‍ത്തു വെയ്ക്കട്ടെ.

ചുംബനങ്ങള്‍ കൊണ്ട് പുതുജീവനം നല്‍കട്ടെ.

ചന്തമുള്ള കിനാവുകള്‍ നിറയ്ക്കട്ടെ...

അവ മരിക്കാതിരിക്കട്ടെ.

പകരം ഞാന്‍ മരണം തേടി പോകുകയാണ്.

ശാപവാക്കുകള്‍ക്കായി തിരയുന്നില്ല

വിഷം പുരണ്ട വാക്കുകളോളം ശക്തി  ഒരു ശാപത്തിനുമില്ലല്ലോ..

ഒരു പുനര്‍ജ്ജന്മം പ്രതീക്ഷകളിലെങ്ങുമില്ല..
ജീവിച്ച് കൊതി തീരാത്തവരത്രേ പുനര്‍ജ്ജനിക്കുക!

നീ നല്കിയതെല്ലാം  ഞാന്‍ എന്നോടൊപ്പം എടുക്കുന്നു, ഒരു യാത്രയ്ക്കു വേണ്ടുന്നതെല്ലാം! കൂടെ നിന്നെയും....

നമ്മുടെ വാക്കുകള്‍ക്ക് മരണമില്ല.

അവ അനശ്വരമാണ്!

പരിപാവനമാണ്‌.

നമുക്ക് ശേഷവും അവയില്‍  ജീവന്‍ തുടിക്കട്ടെ..

അവ സ്നേഹം വര്‍ഷിക്കട്ടെ...

ആയിരം നക്ഷത്രങ്ങളായി തിളങ്ങട്ടെ..

കടയിളകി വീഴുന്ന ഈ  മുള്‍ച്ചെടിയോടൊപ്പം  ഞാനും അവസാനിക്കുകയാണ്.

മുള്ളുകള്‍ ഒന്നായി എന്നെ ചുറ്റിവരിയട്ടെ....

കാതുകള്‍ മൂടട്ടെ...കണ്ണുകള്‍ അടയട്ടെ...

വേദന ഞാന്‍ ഒറ്റയ്ക്ക് ഏറ്റു വാങ്ങട്ടെ...

ശ്വാസം നിലയ്ക്കും മുന്‍പ് , വാക്കുകളേ, ശബ്ദമുണ്ടാക്കാതെ നിങ്ങളെന്നെ മുറുകെ പുണരുവിന്‍!

പകരം വയ്ക്കുകയാണ് ഞാനീ  ജീവന്‍....

ഇനിയാവാം നീണ്ട നിശബ്ദത.....

35 comments:

  1. വാക്കുകള്‍ക്ക് മരണമില്ല.....
    വാക്കുകള്‍ക്ക് അര്‍ത്ഥവും ജീവനും ഉണ്ട്
    Manoharam.
    Aasamsakal

    ReplyDelete
  2. "എന്റെ ഹൃദയത്തിൽ പൂവിട്ട് വിരിഞ്ഞത് സ്നേഹസൗരഭ്യം പരത്തിയ നിർമ്മല സൂനങ്ങളായിരുന്നുവെന്ന് നീയെന്തേ അറിയാതെ പോയി.. നീയെന്തിനവയെ ചവിട്ടിയരച്ചു" എന്നാണ് നമ്മുടെ മൗനം മരുഭൂമിയിലെ കള്ളിമുള്ളു പോലെ വളർന്ന് നമ്മെ കുത്തി നോവിച്ചു തുടങ്ങിയത്. എന്നാണ് നിന്റെ വാക്കുകൾ വിഷലിപ്തമായത്. മനോഹരമായ ഒരു ഗദ്യകവിത.

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം രാജഗോപാൽ സാർ

      Delete
  3. aahaa athi gambeeram..!
    Vinu.P.Das ,vizhinjam

    ReplyDelete
  4. വിഷം പുരണ്ട വാക്കുകളോളം ശക്തി ഒരു ശാപത്തിനുമില്ലല്ലോ.
    വിഷാദത്തിന്റെ നേര്‍ത്ത രേഖകള്‍ തെന്നിളം കാറ്റുപോലെ.
    നന്നായി.

    ReplyDelete
  5. വാക്കുകളുടെ മാസ്മരിക ശക്തി!
    ആ വാക്കുകള്‍ തന്നെയല്ലോ വിഷലിപ്‌തമായി തീരുന്നതും.....
    അര്‍ത്ഥമുള്ള വരികള്‍
    ആശംസകള്‍

    ReplyDelete
  6. thankalkku swanthamaayi blog undo ennariyilla. vazhakkupakshiyilekku vannathu kondu vaayikkanaayi. ezhithile varikalkku vallathoru sakthi... ashamsakal. (malayalam fond work aakunnilla.kshamikkuka)

    ReplyDelete
    Replies

    1. സന്തോഷം ...ആരാണെന്ന് അറിയാൻ കഴിയാത്തതിൽ വിഷമവും... എനിക്ക് ബ്ലോഗ്‌ ഉണ്ട്..ലിങ്ക് ഇതാ...
      http://vazhitharakalil.blogspot.com/

      Delete
  7. നല്ല കഥയ്ക്ക്‌ അതിലും നന്മയുള്ള ആശംസകള്‍.....!

    ReplyDelete
    Replies
    1. ഇത് ഇവിടെ പ്രസിദ്ധീ കരിച്ചതിന് സന്തോഷം അന്നൂസേ... ഒപ്പം നന്ദിയും....

      Delete
  8. നല്ല കഥ, നല്ല വാക്കുകള്‍.

    ReplyDelete
  9. ഇനിയും ഇനിയും വാക്കുകള്‍ പോരട്ടെ :)

    ReplyDelete
  10. വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരിച്ചതിനും നന്ദിയും സ്നേഹവും .ഒപ്പം മികച്ച കഥയ്ക്ക്‌ ആശംസകളും-----അഡ്മിന്‍

    ReplyDelete
    Replies
    1. Thank you so much for giving me a chance. All the best for Vazhakkupakshi..

      Delete
  11. ആരെയോ ആത്മാർത്ഥ മായി സ്നേഹിച്ചതിന്റെ പ്രത്യുപകാരം, തിരിച്ചിങ്ങോട്ടുള്ള സ്നേഹം കിട്ടാതായപ്പോൾ നടത്തുന്ന ആത്മ ഗതം എന്ന് തോന്നി. ആളാരാണെ ന്നറിയില്ല കാര്യമെന്തെന്നറിയില്ല. അത് ഒരു പോരായ്മയായി തോന്നി. കഥയ്ക്ക്‌ ഒരു കഥയൊക്കെ വേണ്ടേ?

    ReplyDelete
    Replies
    1. നല്ല അഭിപ്രായം...വളരെ സന്തോഷം..ശരിയാണ്...ഒരു കഥയ്ക്ക് വേണ്ടതൊന്നും ഇതിൽ ഇല്ല..പക്ഷെ ഇത് കഥയാണെന്ന് ഞാൻ പറഞ്ഞില്ല.. കഥയെഴുതാറാ വണമെങ്കിൽ ഞാനിനിയും എത്രയോ വളരേണ്ടിയിരിക്കുന്നു...

      Delete
    2. കഥ എന്ന് തലക്കെട്ടിൽ പറഞ്ഞിരുന്നു.

      Delete
    3. It's not me . Its the blogger vazhakupakshikal. I was asked to give a write up and I gave. You are right. I do agree with you. Out of all the posts on my blog Vazhitharakalil blogspot.com one can find, may be two or three posts in the form of a story..rest all are just my scribblings. Thanks a lot for your frank comment. I appreciate.

      Delete
  12. വാക്കുകള്‍ക്ക് ഒരു പ്രത്യേകത തോന്നി .... അതാണതിന്‍റെ പൊരുളും .... വളരെ നന്നായി ആശംസകൾ.....

    ReplyDelete
  13. നന്ദി വിനോദ്...

    ReplyDelete
  14. വാക്കുകൾക്കൊണ്ട് അത്ഭുതം തീർത്തിരിക്കുന്നു..

    ReplyDelete
  15. ആത്മഹത്യ ഉണ്ടാകുന്നത് എന്തുകൊണ്ടാണ് ആത്മഹത്യകള്‍ക്ക് പര്‍ക്കും പലകാരണങ്ങള്‍ .പ്രണയമൊരു തീരാ ദാഹമാണ് എത്ര നുകര്‍ന്നാലും കൊതി തീരാത്ത ദാഹം പക്ഷെ സംശയത്തിന്‍റെ ഒരു ചെറു തീപ്പൊരി മതി പ്രണയം എന്നേക്കുമായി കത്തി ചാമ്പലാകുവാന്‍ .മനോഹരമായ കഥ വാക്കുകളെ കൊണ്ട് കഥ പുതിയൊരു അനുഭവമാകി തീര്‍ത്തിരിക്കുന്നു .ആശംസകള്‍

    ReplyDelete
  16. ആത്മഹത്യ ഉണ്ടാകുന്നത് എന്തുകൊണ്ടാണ് ആത്മഹത്യകള്‍ക്ക് പര്‍ക്കും പലകാരണങ്ങള്‍ .പ്രണയമൊരു തീരാ ദാഹമാണ് എത്ര നുകര്‍ന്നാലും കൊതി തീരാത്ത ദാഹം പക്ഷെ സംശയത്തിന്‍റെ ഒരു ചെറു തീപ്പൊരി മതി പ്രണയം എന്നേക്കുമായി കത്തി ചാമ്പലാകുവാന്‍ .മനോഹരമായ കഥ വാക്കുകളെ കൊണ്ട് കഥ പുതിയൊരു അനുഭവമാകി തീര്‍ത്തിരിക്കുന്നു .ആശംസകള്‍

    ReplyDelete

Search This Blog