വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

പേരറിയാതെ പിന്തുടര്‍ന്നവര്‍ - മുബീന്‍ ഹുസൈന്‍

ഴിയില്‍ കണ്ടുമുട്ടുന്നവരെ  പലപ്പോഴും നമ്മളാരും ഓര്‍ത്തുവെക്കാറില്ല. പലരും യാത്ര അവസാനിക്കുന്നതോടെ മറവിയുടെ ഗര്‍ത്തത്തിലേക്കാണ്ടു പോകാറാണ് പതിവ്. ഓര്‍മ്മയുടെയും മറവിക്കുമിടയില്‍ മനസ്സിനെ അലസോരപ്പെടുത്തി കൊണ്ടെയിരുന്നവരുമുണ്ട്. ഓരോ മയക്കം വിട്ടുണരുമ്പോഴും ഇവരെല്ലാം ഒളിച്ചും പാത്തും എനിക്കൊപ്പമുണ്ടായിരുന്നു. ആരാണെന്നും എന്തിനാണെന്നും അറിയാതെ യാത്രയുടെ സുഖകരമായ ഓര്‍മ്മകളുടെ കൂട്ടത്തില്‍ അവ്യക്തമായ ഒരിടം നേടി എന്നെ വിടാതെ പിന്തുടരുന്നവര്‍.

Killarney Provincial Park
വെങ്കല്ലുകളും, പിങ്ക് ഗ്രാനൈറ്റും നിറഞ്ഞ കില്ലര്‍നെ ഗ്രാമത്തിനടുത്തുള്ള കില്ലര്‍നെ പാര്‍ക്കിലെ ജോര്‍ജ്ജ് തടാക കരയിലായിരുന്നു വേനല്‍ക്കാല ക്യാമ്പിംഗ്. 1820 ല്‍ ഏറ്റിന്‍ അഗസ്റ്റിനാണെത്രേ ഫര്‍ ട്രേഡിനുള്ള കേന്ദ്രം  ഇവിടെ തുടങ്ങിയത്. ഗോത്രവംശജയായ ഏറ്റിന്‍റെ ഭാര്യയുടെ പേര് നീള കൂടുതല്‍ കാരണം ഓര്‍ത്തെടുക്കുക പ്രയാസമാണെങ്കിലും പേരിന്റെ അര്‍ത്ഥം “വുമന്‍ ഓഫ് ദി ഫാളിംഗ് സ്നോ” എന്ന് വായിച്ചത് മറന്നിട്ടില്ല. മിസ്സിസ്സാഗയില്‍ നിന്ന് ട്രാന്‍സ്കാനഡ ഹൈവേയിലൂടെ നാന്നൂറ്റി ഇരുപത് കിലോമീറ്റര്‍ ദൂരം പോകണം ശാന്തതയുടെ പര്യായമെന്നോണം പ്രക്ഷുബ്ധമായ ജോര്‍ജിയന്‍ ഉള്‍ക്കടലിന് തീരത്ത് ജോര്‍ജ്ജ് ദ്വീപിനാല്‍ പരിരക്ഷിക്കപ്പെട്ട് നില്‍ക്കുന്ന കില്ലര്‍നെ ഗ്രാമത്തിലെത്താന്‍. നാലടികള്‍ക്കപ്പുറം നീല നിറത്തില്‍ കാടിന് നടുവില്‍ ആരെയും മോഹിപ്പിച്ച് കൊണ്ട് നിറഞ്ഞുനിന്ന തടാകത്തിനടുത്തായിരുന്നു ഞങ്ങളുടെ ക്യാമ്പ്‌ ഗ്രൗണ്ട്. ചെറിയ പാതയ്ക്കപ്പുറം ഞങ്ങളുടെ അയല്‍വാസി പ്രായമായൊരു സ്ത്രീയാണ്. അവര്‍ക്ക്‌ കൂട്ട് അവരുടെ വളര്‍ത്തു നായയുണ്ട്. കഴിഞ്ഞ എട്ട് കൊല്ലമായി മുടങ്ങാതെ പത്ത് ദിവസം അവരിവിടെ വന്ന് താമസിച്ച് പോകുന്നു. ലോകത്തൊരിടത്തും എനിക്കിത്രയും സന്തോഷം കിട്ടിയിട്ടില്ല, ഇവിടെ കിട്ടുന്നത് പോലെ.. പ്രകൃതിയുടെ മടിത്തട്ടിലേക്കൊരു തീര്‍ഥാടകയെ പോലെയെത്തുന്ന അമ്മയുമായി ഞങ്ങള്‍ പെട്ടെന്ന് കൂട്ടായി.

George Lake Campground 
കൂടാരമൊക്കെ കെട്ടിയുറപ്പിച്ചു ഞങ്ങള്‍ ഇരുട്ടുന്നതിന്‌ മുന്‍പ് നടക്കാനിറങ്ങി. ചുറ്റുവട്ടമെല്ലാം വിസ്മരിച്ച് ബെഞ്ചില്‍ ഇരുന്ന് ബുക്ക് വായിക്കുന്ന ആളെ ഇറങ്ങിയപ്പോഴേ ശ്രദ്ധിച്ചിരുന്നു. കുറച്ചപ്പുറത്തായി നിര്‍ത്തിയിട്ട കാറില്‍ നിന്ന് തുടര്‍ച്ചയായി മുഴങ്ങിയിരുന്ന അലാറം പോലും അയാളെ അലസോരപ്പെടുത്തിയിരുന്നില്ല. അധികനേരം ചുറ്റിനടക്കാതെ ഞങ്ങള്‍ തിരിച്ചു വരുമ്പോഴും ആ കാറിന്‍റെ നെലോളി അവസാനിച്ചിട്ടിലായിരുന്നു. സൂര്യാസ്തമയം കണ്ടിട്ട് കൂടാരത്തിലേക്ക് പോകാമെന്ന് മകനോട്‌ പറഞ്ഞ് ഞങ്ങള്‍ തടാകകരയില്‍ തന്നെ നിന്നു. ഇരിക്കാനിടമില്ല. കുറച്ചു നേരം കഴിഞ്ഞപ്പോഴുണ്ട്‌ ഒരാള്‍ ഞങ്ങളെ വിളിക്കുന്നു. പകല്‍ വെളിച്ചം മങ്ങി തുടങ്ങിയതിനാല്‍ വായന അവസാനിപ്പിച്ചിരിക്കുന്ന സുഹൃത്താണ് വിളിക്കുന്നത്‌. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെ... ഞാന്‍ അയാളുടെ ബുക്കിലേക്കും കുറിച്ചിട്ട വരികളിലേക്കുമാണ് നോക്കുന്നത്. അപ്പോള്‍ ഞാന്‍ വായിച്ചു കൊണ്ടിരിക്കുന്ന എസ്. ശങ്കറിന്റെ “ചുവന്ന സൂര്യന്‍റെ അസ്തമയ”വുമായി ഏറെ സാമ്യമുമുണ്ടായിരുന്നു അയാളുടെ പക്കലുള്ള പുസ്തകം(The Inconvenient Indian by Thomas King).

അമേരിക്കന്‍ ആദിവാസി സമൂഹമായ റെഡ് ഇന്ത്യക്കാരെ കുറിച്ചായിരുന്നു രണ്ടു പുസ്തകവും. അപരിചിതര്‍ എത്ര പെട്ടെന്നാണ് ചിരകാല സുഹൃത്തുക്കളെ പോലെ സംസാരിക്കാന്‍ തുടങ്ങിയത്! വായനയില്‍ നിന്ന് സംസാരം ഫോട്ടോഗ്രാഫിയിലേക്കും പിന്നെ യാത്രകളിലേക്കും വഴിമാറി. ഒരേ സ്വപ്നത്തിന്‍റെ കാവല്‍ക്കാരായിരുന്നു ഹുസ്സൈനും ആ സുഹൃത്തും. ആര്‍ട്ടിക് സര്‍ക്കിളിലേക്ക് ഡംപ്സ്റ്റര്‍ ഹൈവേയി (Dempster Highway)ലൂടെ വണ്ടിയോടിച്ച് പോകണമെന്ന “കുഞ്ഞു” സ്വപ്നം ഉറക്കം കെടുത്തുന്ന ഒരാളും അതിലൂടെ യാത്ര ചെയ്ത മറ്റൊരു വ്യക്തിയും തമ്മില്‍ കണ്ടുമുട്ടുക എന്നതായിരിക്കും ഈ യാത്രയുടെ നിയോഗം. എങ്ങിനെ എപ്പോള്‍ എന്നൊന്നും നിശ്ചയമില്ലാത്ത സ്വപ്നത്തിനൊരു രൂപരേഖ നല്‍കാന്‍ വേണ്ടിയാണോ തടാകകരയില്‍ നിന്നിരുന്ന ഞങ്ങളെ അയാള്‍ വിളിച്ചത്? കൊതുകും പ്രാണികളും സംസാരത്തിനിടക്ക്‌ മൂളിപ്പാട്ടു പാടി രംഗം കൊഴുപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ തടാക കരയില്‍ നിന്ന് കൂടാരത്തിലേക്കു മടങ്ങി. കൂടാരത്തിനടുത്ത് വെച്ച് ശുഭരാത്രി പറഞ്ഞു പിരിഞ്ഞപ്പോഴും ഞങ്ങള്‍ പരസ്പരം പേര് ചോദിച്ചിരുന്നില്ല...

അത്താഴം കഴിക്കാന്‍ ഇരുന്നപ്പോഴേക്കും കരഞ്ഞു കരഞ്ഞു കാറിന്‍റെ ശബ്ദം അടങ്ങിയിരുന്നു. ഞങ്ങളുടെ അയല്‍വാസിയാണ് പറഞ്ഞത് പാര്‍ക്ക് ഓഫീസര്‍മാര്‍ വന്നു കാറിനെ മിണ്ടാണ്ടാക്കിയെന്ന്‍. അതിന്‍റെ ഉടമസ്ഥര്‍ കാറ് നിര്‍ത്തി തടാകം കടന്ന് ഉള്‍ക്കാട്ടിലേക്ക് ഹൈക്കിങ്ങിനായി പോയിരിക്കുകയാണ് എപ്പോഴാണ് കാടിറങ്ങി തിരികെയെത്തുക എന്നറിയില്ല. അതായിരിക്കും പാര്‍ക്ക് ഓഫീസര്‍മാര്‍ മെക്കാനിക്കിനെ കൊണ്ട് വന്നത്. “കുറച്ചു നേരത്തേക്കാണെങ്കിലും നമ്മളെയൊക്കെ ബുദ്ധിമുട്ടിച്ചൂന്ന് അറിയുമ്പോള്‍ എന്തുമാത്രം വിഷമമാവും, ഒന്ന് ക്ഷമ പറയാന്‍ കൂടി അവര്‍ക്ക് കഴിയില്ലല്ലോ..” ഇങ്ങിനെയൊക്കെ ചിന്തിക്കുന്നവരുമുണ്ടല്ലേ ഈ ലോകത്ത്. നന്മയുടെ അംശം ബാക്കിയാക്കുന്ന ചിന്തകള്‍!

വേലിക്കരികിലെ അയല്‍പ്പക്കഭാഷണങ്ങള്‍ അവസാനിപ്പിക്കാന്‍ നേരമായീന്ന് കൊതുകുകള്‍ വീണ്ടും ഓര്‍മ്മപ്പെടുത്തിയപ്പോള്‍ നാളെ കാണാമെന്ന് പറഞ്ഞ് കൂടാരത്തിനുള്ളിലേക്ക് കയറി. ഉറങ്ങാതെ ഞങ്ങള്‍ ഇരുട്ടിന് കനം വെക്കുന്നതുവരെ കാത്തിരുന്നു. ഏറെ ഇരുട്ടിയപ്പോള്‍ ഞങ്ങള്‍ വീണ്ടും തടാകകരയിലെത്തി. ഇരുട്ടത്ത്‌ നില്‍ക്കുന്ന മക്കളോട് പതുക്കെ മേലോട്ട് നോക്കാന്‍ പറഞ്ഞു. കണ്ണുചിമ്മി കളിക്കുന്ന നക്ഷത്രങ്ങളെ കൊണ്ട് ആകാശം നിറഞ്ഞിരുന്നു. കുട്ടികളും ആദ്യമായാണ് ഇങ്ങിനെയൊന്ന് കാണുന്നത്. ഉപ്പയുടെ കൂടെ ചെറുപ്പത്തില്‍  ഹുസ്സൈന്‍ രാത്രി കപ്പ ഉണക്കാനിട്ടതിന് കാവല്‍ കിടക്കാന്‍ പോകുമായിരുന്നത്രേ. ഇരുട്ടത്ത്‌ നക്ഷത്രങ്ങളെ നോക്കികിടന്നിരുന്ന ആ കുട്ടിയുടെ കൌതുകം മാറാത്ത കണ്ണുകള്‍! മരിച്ചു പോയവരെല്ലാം നക്ഷത്രങ്ങളായി നമ്മളെ കാണാനെത്തുമെന്ന് പറഞ്ഞു തന്നത് ആരാണെന്നെനിക്കറിയില്ല. അത് കൊണ്ടാവുമോ ഇപ്പോഴും നക്ഷത്രങ്ങള്‍ കണ്ടാല്‍ ഇനിയൊരിക്കലും കാണാനാവാത്ത മുഖങ്ങളെ തിരയുന്നത്? എത്രനേരമാണെന്നോ ആകാശത്തെ മറിമായങ്ങള്‍ ഞങ്ങളെ തണുപ്പത്ത് കൊതിപ്പിച്ചിരുത്തിയത്!


The Granite Ridge Trail 

1920 കളില്‍ ‘ഗ്രൂപ്പ്‌ ഓഫ് സെവന്‍’ എന്നപ്പേരില്‍ അറിയപ്പെട്ടിരുന്ന ഏഴു കനേഡിയന്‍ പ്രകൃതിചിത്രക്കാരന്മാരുടെ ചിത്രങ്ങളിലൂടെ പ്രശസ്തമായ “ദി ക്രാക്കി”ലൂടെ ഹൈക്കിങ്ങിനു പോകാനുള്ള മോഹം ആരോഗ്യം തല്ലിക്കെടുത്തി. എങ്കിലും അതിരാവിലെ ക്രാന്‍ബെറി ബോഗ് ട്രെയിലിലൂടെ നടക്കാന്‍ പോയി. നാലു കിലോമീറ്ററാണെങ്കിലും ഉച്ചയോടടുത്തു ഞങ്ങള്‍ തിരിച്ചെത്താന്‍. ഒരു കൈയകലത്തില്‍ നിന്ന് ക്രാക്ക് മാടിവിളിക്കുന്നുണ്ടായിരുന്നു. ഇപ്പോഴെന്തായാലും പറ്റിലാന്ന് ഉപ്പയും മകനും കട്ടായം പറഞ്ഞതിനാല്‍ ആ മോഹമൊക്കെ പൂട്ടികെട്ടി ഉച്ച ഭക്ഷണം കഴിച്ച് കുറച്ചു നേരം വിശ്രമിക്കാന്‍ കിടന്നു. വെയിലാറിയിട്ടാണ് ഗ്രാനൈറ്റ് റിഡ്ജ് ട്രെയിലിലേക്ക് പോയത്. ഇളം ചുവപ്പ് നിറത്തിലുള്ള പാറകളിലൂടെയുള്ള നടത്തം ശ്രദ്ധിച്ചില്ലെങ്കില്‍ പിഴക്കും. പാറയുടെ ഭംഗി വഴുക്കി വീഴുമ്പോള്‍ ഓര്‍മ്മയില്‍ പോലും നില്‍ക്കില്ലാന്ന് ഇടയ്ക്കിടയ്ക്ക് മകന്‍റെ വക ഓര്‍മ്മപ്പെടുത്തല്‍ നടത്തം വളരെ പതുക്കെയാക്കി. 

ഹുസ്സൈന്‍ വളരെ അകലെ ഒരാളുമായി സംസാരിച്ചു നില്‍ക്കുന്നത് ഞങ്ങള്‍ക്ക് കാണാം പക്ഷെ ആരാണെന്ന് വ്യക്തമായിരുന്നില്ല. ഇവിടെ വഴിയടയാളങ്ങള്‍ നന്നേ കുറവാണ്. കൈയിലുള്ള ഭൂപടം നോക്കി വേണം വഴി കണ്ടെത്താന്‍. ആര്‍ക്കാണ് വഴി തെറ്റിയത്? ഒരുവിധം ശ്രമപ്പെട്ട്‌ ഞങ്ങള്‍ ഹുസ്സൈനരികിലെത്തി. അവിടെ കണ്ടത് തലേന്ന് രാത്രി പരിചയപ്പെട്ട വ്യക്തിയായിരുന്നു. ഇയാളെപ്പോഴാണ് ഇവിടെയെത്തിയത്.. വരുന്ന വഴിക്കൊന്നും ആരും ഇതിലൂടെ കടന്നു പോയ ഒരുലക്ഷണവും കണ്ടിരുന്നില്ല. ‘ഇരുട്ടുന്നതിന്‌ മുന്നേ ഇവിടെ നിന്ന് മടങ്ങണം, കരടികള്‍ ഏറെയുള്ള സ്ഥലമാണെന്ന’ മുന്നറിയിപ്പും തന്ന് അയാള്‍ നടന്നു മറഞ്ഞു...

 La Cloche Mountain view from the top of the ridge trail 

കൈയില്‍ കരുതിയിരുന്ന കുടിവെള്ളത്തിന്‍റെ അളവ് കുറഞ്ഞു തുടങ്ങിയത് മകനെ പരിഭ്രാന്തനാക്കാന്‍ തുടങ്ങിയിരുന്നു. അതിന്‍റെ ലക്ഷണം വെറുതെ ദാഹം തോന്നുന്നാണ് അവന്റെ കണ്ടുപ്പിടുത്തം. മടക്കത്തിലും ഞങ്ങളുടെ സംസാരം മുഴുവന്‍ അയാളെങ്ങിനെ അവിടെയെത്തിയെന്നതായിരുന്നു. രാവിലെ വന്ന് ഏതെങ്കിലും പാറയിടുക്കില്‍ അയാള്‍ ധ്യാനിക്കാന്‍ ഇരുന്നിട്ടുണ്ടാകും നമ്മളെക്കണ്ടപ്പോള്‍ പുറത്തിറങ്ങി വന്നതാവുമെന്നൊരു കള്ളക്കഥ മെനഞ്ഞെടുത്ത് ആശ്വസിച്ചു. ഫോട്ടോയെടുത്ത് കൊണ്ടിരുന്ന ഹുസ്സൈനടുത്തെത്തി ഡംപ്സ്റ്റര്‍ ഹൈവേയിലൂടെയുള്ള യാത്ര മറക്കരുതെന്നാണത്രേ അയാള്‍ പറഞ്ഞത്. തിരിച്ചെത്തി ഞങ്ങളുടെ അയല്‍വാസിയോട് അന്നത്തെ വിശേഷങ്ങള്‍ പറഞ്ഞ് വേഗം ഉറങ്ങാന്‍ കിടന്നു. 

പിറ്റേന്നു രാവിലെ വുഡ് ലെയിക്ക് ട്രെയിലിലൂടെ നടക്കാന്‍ തയ്യാറായി ഞങ്ങള്‍ പാര്‍ക്ക്‌ ഓഫീസിനു മുന്നിലുള്ള വഴിയില്‍ നില്‍ക്കുകയായിരുന്നു. മാപ്പ് നോക്കി വഴി തിട്ടപ്പെടുത്തുന്നതിനിടയില്‍ ഞങ്ങള്‍ക്കിടയിലേക്ക് വീണ്ടും ആ ചങ്ങാതിയെത്തി. രണ്ടു കൂട്ടര്‍ക്കും അത്ഭുതമായി. ‘ഹായ്’ എന്നല്ലാതെ രണ്ടു തവണ കണ്ടിട്ടും പരസ്പരം പേരു ചോദിച്ചിട്ടില്ല ഞങ്ങളെന്നു അപ്പോഴാണ്‌ വെളിപ്പാടുണ്ടായത്. നമ്മള്‍ തമ്മില്‍ കാണേണ്ടവര്‍ തന്നെയാകും അത് കൊണ്ടാണ് എപ്പോഴും കണ്ടുമുട്ടുന്നതെന്നായിരുന്നു ഇമ്മാനുവേലിന്റെ പക്ഷം. മകന്‍ പഠിക്കുന്ന സ്കൂളില്‍ നിന്നു അവന്‍ ജനിക്കുന്നതിനു പതിനൊന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് പഠിച്ചിറങ്ങിയ വ്യക്തിയാണ്. ഇപ്പോള്‍ ഞങ്ങളുടെ തൊട്ടടുത്ത സിറ്റിയിലെ സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്നു. മകനുമായി അദ്ദേഹം കുറേനേരം സംസാരിച്ചു. കുട്ടികളെയും കൂട്ടിയുള്ള നിങ്ങളുടെ യാത്രകള്‍ സന്തോഷിപ്പിക്കുന്നുവെന്ന് പറഞ്ഞ ഇമ്മാനുവേല്‍ മകനോട്‌ പറഞ്ഞത് കുഞ്ഞേ നീ കണ്ട നക്ഷത്രങ്ങളെ പോലെ തിളങ്ങുന്ന ഓര്‍മ്മകളായി എക്കാലവും ഈ യാത്രകള്‍ നിനക്കുള്ളിലുണ്ടാകുമെന്നാണ്.

യാത്ര പറയേണ്ടെന്നും നമ്മള്‍ വീണ്ടും കാണുമെന്നും പറഞ്ഞു ഇമ്മാനുവേല്‍ നടന്നു. ഞങ്ങള്‍ ട്രെയിലിലേക്കും കയറി. ആമ്പല്‍ നിറഞ്ഞു നില്‍ക്കുന്ന കുളവും ഇളം ചുവപ്പ് പാറകളും കടന്നു ബീവെര്‍ നിര്‍മ്മിച്ച ഡാമിനരികിലെത്തി അന്തംവിട്ടു നില്‍ക്കുകയാണ് ഞാന്‍. ഒരു വലിയ പൂച്ചയെ പോലിരിക്കുന്ന ജീവിയാണ് ബീവര്‍. അതിനു താമസിക്കാനാണ്  മരങ്ങള്‍ പല്ല് കൊണ്ട് ഈര്‍ന്നു തടാകത്തില്‍ കൊച്ചു ഡാമുകള്‍ ഉണ്ടാക്കി വെള്ളം തടുത്ത്‌ നിര്‍ത്തുന്നത്. ഏതൊരു എഞ്ചിനീയറെയും തോല്‍പ്പിക്കും ഈ വിദ്വാന്‍. അത്രയ്ക്ക് പെര്‍ഫെക്റ്റായാണ് ഡാമിന്റെ നിര്‍മ്മാണം. ഡാമിനടുത്തായി ചതുപ്പ് നിറഞ്ഞ സ്ഥലത്ത് ബീവര്‍ ചെറിയ മരച്ചില്ലകള്‍ കൂട്ടിയിട്ടിട്ടുണ്ട് അവിടെ താറാവുകളും മറ്റു പക്ഷികളും ചേക്കേറി അധികാരം സ്ഥാപിക്കുന്നതിനോട് ബീവര്‍ എതിര്‍പ്പൊന്നും പ്രകടിപ്പിക്കാറില്ല. ആ ധൈര്യത്തില്‍ ഞാന്‍ ആ മരച്ചില്ലകള്‍ ചവിട്ടി കടന്നു.


ഒരിക്കല്‍ ഇതുപോലെ ഒരു ബീവര്‍ ഡാം കടക്കാനാവാതെ ഞങ്ങള്‍ തിരിച്ചു പോന്നിട്ടുണ്ട്. അന്ന് ഞങ്ങളെ കുഴക്കിയത് ബീവര്‍ മാത്രമല്ല... ലെയിക്ക് സുപ്പീരിയറിനടുത്തുള്ള ഹാര്‍ബറില്‍ കാറ് നിര്‍ത്തി ഞങ്ങള്‍ നടക്കാനിറങ്ങി. തൊട്ടടുത്ത്‌ പൊടിപ്പിടിച്ചൊരു കാറ് കിടന്നിരുന്നു. ആ കാറിനകത്ത് ആരെങ്കിലുമുള്ളതായി ഞങ്ങള്‍ക്ക് തോന്നിയിരുന്നില്ല. പെട്ടെന്നാണ് കാറിനുള്ളില്‍ നിന്ന് രണ്ടുപേര്‍ ഇറങ്ങി ഞങ്ങളോട് വഴി ചോദിച്ചത്. ഈ സ്ഥലത്ത് ആദ്യമായിട്ടാണ് വരുന്നത് എന്നവര്‍ പറഞ്ഞു. ഹുസ്സൈന്‍ അറിയുന്നത് പോലെ ആ സ്ഥലത്തെ കുറിച്ച് അവര്‍ക്ക് പറഞ്ഞു കൊടുത്തു. നേരിയ മഴ ചാറ്റിലുള്ളതിനാല്‍ ഞങ്ങള്‍ പതുക്കെയാണ് ട്രെയിലൂടെ നടക്കുന്നത്. വഴി ചോദിച്ചു പോയവരെ ഞങ്ങള്‍ മറന്നിരുന്നു. കാടിന്‍റെ നിശബ്ദതയില്‍ അലിഞ്ഞു മഴയും കൊണ്ട് നടക്കുന്ന ഞങ്ങളുടെ മുന്നിലേക്ക്‌ വഴി ചോദിച്ചവരില്‍ ഒരാളെത്തി. അയാളുടെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ കണ്ടില്ല. ചിലപ്പോള്‍ എന്നെ പോലെ പതിയെ വരുന്നുണ്ടാകുമെന്നോര്‍ത്ത് ഞങ്ങളും മുന്നോട്ടു പോയി. കുറച്ചു ദൂരം പോയപ്പോഴാണ് ബീവര്‍ ഡാം നിറഞ്ഞിരിക്കുന്നതിനാല്‍ അത് മുറിച്ചു കടക്കരുതെന്ന ബോര്‍ഡ്‌ കണ്ടത്. ബോര്‍ഡ്‌ വായിച്ച് തിരിച്ചു നടക്കുമ്പോഴാണ് മക്കള്‍ “ആ അങ്കിളിന്‍റെ കൂടെയുണ്ടായിരുന്ന ലേഡിയെവിടെന്ന് ചോദിച്ചത്.” ചുവന്ന ഷാള്‍ മാത്രമാണ് അടയാളം. നിറഞ്ഞു നില്‍ക്കുന്ന ഈ വെള്ളകെട്ട് ആ കുട്ടി മുറിച്ചു കടക്കില്ലാന്നുറപ്പാണ്. വേറെ വഴിയൊന്നും ഞങ്ങള്‍ കണ്ടതുമില്ല. പ്രേതബാധയുള്ള സ്ഥലമാണെന്ന് എവിടെയോ ഞാന്‍ വായിച്ചിരുന്നത് അപ്പോഴാണ്‌ എന്‍റെ മണ്ടയില്‍ കത്തിയത്..

ഞങ്ങള്‍ പോലും അറിയാതെ ഞങ്ങളുടെ നടത്തത്തിന് വേഗതയേറി. കാറിനടുത്ത് അവരുടെ കാറ് കിടപ്പുണ്ട്. പക്ഷെ അതിനുള്ളില്‍ ആരുമില്ല. മക്കള്‍ കുറെ തട്ടി നോക്കി. ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളുമായി ഞങ്ങള്‍ അവിടെന്നു പോന്നു. പോരുന്നതിനു മുന്പ് ആ കാറിന്‍റെ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി. വീട്ടിലേക്കു  ദൂരം കുറേയുണ്ട്. രാത്രിയേറെ വൈകിയിരിക്കുന്നു. ഏതോ സ്ഥലത്ത് കാപ്പി കുടിക്കാനായി വണ്ടി നിര്‍ത്തി. കുട്ടികളും ഒരുറക്കം കഴിഞ്ഞുണര്‍ന്നിരുന്നു. കാപ്പി ഓര്‍ഡര്‍ കൊടുക്കാനായി ക്യൂവില്‍ നില്‍ക്കുമ്പോഴുണ്ട് തൊട്ടടുത്ത വരിയിലുണ്ട് ചുവന്ന ഷാള്‍ ചുറ്റിയ പെണ്‍കുട്ടി!മക്കള്‍ ഓടിച്ചെന്ന് ഹുസ്സൈനോട് അവരെ കണ്ട കാര്യം പറഞ്ഞു. അവര്‍ ഞങ്ങളെ തിരിച്ചറിയുകയും കുശലം ചോദിച്ചു കൊണ്ട് അടുത്ത് വരികയും ചെയ്തു. കഴുത്തില്‍ ചുറ്റിയ ചുവന്ന ഷാള്‍ ഞങ്ങള്‍ ആരും മറന്നിരുന്നില്ല. സന്തോഷമാണോ ആശ്വാസമാണോ ഞങ്ങള്‍ക്ക് തോന്നിയത് എന്നറിയില്ല. നിങ്ങള്‍ എന്തോ അപകടത്തില്‍പ്പെട്ടിരിക്കുമെന്നാണ് ഞങ്ങള്‍ കരുതിയതെന്നും കാറിന്‍റെ ഫോട്ടോയെടുത്ത് വച്ചിരുന്നതെല്ലാം അവര്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. കൂട്ടത്തില്‍ എന്‍റെ പ്രേതകഥയും അവരോട് വിളമ്പി.. ബീവര്‍ ഡാം വരെ പോകാതെ പകുതിയില്‍ വെച്ച് മറ്റൊരു വഴിയിലൂടെ പെണ്‍കുട്ടി ബീച്ചിലേക്ക് ഇറങ്ങിയതിനാലാണ് ഞങ്ങള്‍ കാണാഞ്ഞതെത്രേ. എന്തായാലും പ്രേതമല്ലാന്നും പറഞ്ഞു കിട്ടിയ തക്കത്തില്‍ എന്നെ കളിയാക്കാനും ഹുസ്സൈനും മക്കളും മറന്നില്ല...



അല്ലിയാമ്പല്‍ കടവും ബീവര്‍ ഡാമും കടന്നു കാട് കയറി ഞങ്ങള്‍ തിരിച്ചെത്തുമ്പോള്‍ വൈകുന്നേരമായി. അന്ന് തന്നെ ഞങ്ങള്‍ക്ക് തിരികെ പോരണം. കൂടാരമൊക്കെ മടക്കി എല്ലാം വൃത്തിയാക്കി അയല്‍വാസിയോട് യാത്ര പറയാന്‍ ഞങ്ങള്‍ ചെന്നു. നിങ്ങള്‍ പോയാല്‍ ഇനി ആരാണ് ഇവിടെ വരിക എന്നറിയില്ല, വീണ്ടും ഇവിടെ വരണമെന്നൊക്കെ പറഞ്ഞാണ് അവര്‍ ഞങ്ങളെ യാത്രയാക്കിയത്. പെര്‍മിറ്റുകള്‍ പാര്‍ക്ക് ഓഫീസില്‍ ഏല്‍പ്പിച്ചു വണ്ടിയെടുക്കുമ്പോഴുണ്ട് ഇമ്മാനുവേല്‍ മുന്നില്‍ നില്‍ക്കുന്നു. ഡംപ്സ്റ്റര്‍ ഹൈവേ മറക്കരുതെന്ന് ഓര്‍മ്മപ്പെടുത്താനായി എത്തിയത് പോലെ.. ഒരാളുടെ സ്വപ്നത്തിന് മറ്റൊരാള്‍ വഴിക്കാട്ടുകയാണോ അതോ ഇമ്മാനുവേല്‍ ഒരു സ്വപ്നം പോലെ  ഞങ്ങളെ പിന്തുടരുകയോ.... 

Dreams..... Far away 

കഥവന്ന വഴി - 2 'തേവിടിശ്ശിക്കോലങ്ങള്‍'

എച്ച്മുക്കുട്ടി. തിരുവനന്തപുരത്ത് ജനനം. 
ഇപ്പോള്‍ താമസിക്കുന്നതും തിരുവനന്തപുരത്ത് തന്നെ. 2009 മുതല്‍ ബ്ലോഗില്‍ സജീവമാണ്. ബ്ലോഗിന്‍റെ പേരു 'എച്മുവോടുലകം'. പല വെബ് പോര്‍ട്ടലുകളിലും മലയാളത്തിലെ വിവിധ ആനുകാലികങ്ങളിലും എഴുതാറുണ്ട്. ബ്ലോഗര്‍മാരുടെ കഥാ സമാഹാരങ്ങളായ മൌനത്തിനപ്പുറത്തേക്ക്, നേരുറവകള്‍, ഭാവാന്തരങ്ങള്‍ എന്നിവയില്‍ കഥകള്‍ വന്നിട്ടുണ്ട് . അമ്മീമ്മക്കഥകള്‍ എന്ന പേരില്‍ സ്വന്തം പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധ്യമം ദിനപ്പത്രത്തില്‍ സ്വകാര്യം എന്നൊരു കോളം കൈകാര്യം ചെയ്തിരുന്നു.

 എച്ച്മുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍........
"എന്‍റെ ചെറിയ തല, ചെറിയ ബുദ്ധി , ചെറിയ ആലോചനകള്‍ ഇതുകൊണ്ടൊക്കെയുള്ള ചെറിയ എഴുത്തുകള്‍, ജീവിതം എഴുതിപ്പഠിപ്പിച്ചതിനപ്പുറം യാതൊന്നും അറിയാത്തവള്‍.. അതാണ്‌  ഞാന്‍..."

 
നവമലയാളി   ദ്വൈവാരികയില്‍  വന്ന 'തേവിടിശ്ശിക്കോലങ്ങ'ളുടെ ലിങ്ക്.
 




"തേവിടിശ്ശി കോലങ്ങള്‍..!. കഥയുടെ കൊഴുപ്പിനായി മിത്തുകളെ കൂട്ട് പിടിക്കാതെ പച്ചയായ ജീവിതങ്ങളെ വായനക്കാര്‍ക്ക് സമ്മാനിക്കുന്ന കഥാകാരിയാണ് എച്മു. എച്മു കഥകളില്‍ പലപ്പോഴും നമുക്കിടയില്‍ ജീവിക്കുന്നവര്‍ തന്നെയാവും കഥാപാത്രങ്ങളായി വരുന്നത്. തേവിടിശ്ശി കോലങ്ങള്‍. കഥയുടെപേര് സൂചിപ്പിക്കുന്നത് പോലെതന്നെ അന്നത്തിനായി അറിഞ്ഞോ അറിയാതെയോ സ്വന്തം ശരീരം വില്‍ക്കേണ്ടി വരികയും പിന്നീട് അത്തരം നീര്‍ക്കയത്തില്‍ നിന്നും കരകയറാന്‍ കഴിയാതെ ജീവിതം തന്നെ ഹോമിക്കേണ്ടിവന്ന ചില കഥാപാത്രങ്ങളിലൂടെയുള്ള സഞ്ചാരമാണ്. തെരുവ് തേവിടിശ്ശികളെ പ്രമേയമാക്കി നിരവധി കഥകളും സിനിമകളും പലഭാഷകളിലുമായി വന്നിട്ടുണ്ട് എന്നതിനാല്‍ കഥാപ്രമേയത്തില്‍ പുതുമ അവകാശപ്പെടാന്‍ കഴിയില്ല, എന്നാല്‍ കഥയെ അവതരിപ്പിച്ച രീതി വായനയെ മടുപ്പിക്കാതെ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. സ്ത്രീപക്ഷത്തോട് ചേര്‍ന്ന് നേര്‍രേഖയില്‍ കൂടി. പൊടിപ്പും തൊങ്ങലുമില്ലാതെ പറഞ്ഞു പോവുന്ന രീതിയാണ് തേവിടിശ്ശി കോലങ്ങള്‍.  ഇഷ്ടമില്ലാതെ "തേവിടിശ്ശി" യുടെ കുപ്പായമിടുകയും പിന്നീട് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്യുന്ന കഥാനായികയുടെ മരണത്തിന്‍റെ ദുരൂഹത നീങ്ങുന്ന കഥാന്ത്യത്തിലെ അപ്രതീക്ഷിത ട്വിസ്റ്റ്‌, തീര്‍ച്ചയായും കഥാന്ത്യത്തിനു ശേഷവും വായനക്കാരില്‍ ചില ചിന്തകളെ ഉണര്‍ത്തും എന്നകാര്യത്തില്‍ സംശയമില്ല." - ഫൈസല്‍ ബാബു.

 അവള്‍ എന്നില്‍ ഉയിര്‍ക്കൊണ്ട തിങ്ങനെ:-
( തേവിടിശ്ശിക്കോലങ്ങള്‍ എന്ന കഥയുടെ പിറവിയിലേയ്ക്ക് )
       അതൊരു നട്ടുച്ചയായിരുന്നു. നല്ല പൊള്ളുന്ന വേനല്‍ക്കാലം. തമിഴര്‍ കത്ത് രി എന്ന് പറയുന്ന ഉശിരന്‍ അഗ്നിനക്ഷത്രക്കാലം. ട്രെയിന്‍ വിന്‍ഡോക്കപ്പുറത്ത് തവിട്ടു നിറമുള്ള ഉണക്കസസ്യങ്ങള്‍ കഴുത്തൊടിഞ്ഞു വീണു കിടന്നു.  
       ഞാന്‍ ഒരു മഹാരാഷ്ട്രാ യാത്രകഴിഞ്ഞ് മടങ്ങുകയായിരുന്നു. ട്രെയിന്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന്‍ സമീപിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെ കമ്പാര്‍ട്ടുമെന്‍റില്‍ തിരക്കും നന്നേ കുറഞ്ഞു കഴിഞ്ഞിരുന്നു. അപ്പോഴാണ് ഞാനവളെ ശ്രദ്ധിച്ചത്. അതും പോലീസുകാരന്‍റെ തമിഴിലുള്ള തെറി വിളി എന്‍റെ കാതു പൊട്ടിയ്ക്കും വിധം ഉയര്‍ന്നതുകൊണ്ട് മാത്രം … 
       ഒരു കൊച്ചുപെണ്ണാണവളെന്ന് എനിക്ക് തോന്നി. എന്നേക്കാള്‍ വയസ്സു കുറഞ്ഞവരുടെ എന്നല്ല മുതിര്‍ന്നവരുടെ പ്രായവും എനിക്ക് അങ്ങനെ മനസ്സിലാക്കാന്‍ കഴിയാറില്ല. 
      അവള്‍ അയാളോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അപേക്ഷയോ കരച്ചിലോ ആവലാതിയോ പോലെ ദയനീയമായിത്തോന്നി എനിക്കാ ശബ്ദം. 
       ഞാന്‍ എണീറ്റ് ചെന്നപ്പോള്‍ എനിക്കുറപ്പാണ്, അയാള്‍ ധിറുതിയായി അവളുടെ ശരീരത്തില്‍ നിന്ന് കൈ വലിക്കുകയായിരുന്നുവെന്ന്..  എന്നിട്ട് അയാള്‍ ഒരു വെടലച്ചിരി പാസ്സാക്കി.. എന്നെ അയാള്‍ അവിടെ പ്രതീക്ഷിച്ചില്ല എന്നത് വ്യക്തമായിരുന്നു. 
      സാധാരണ തറവാടികളും മാന്യകളുമായ പെണ്ണുങ്ങള്‍ പോലീസ് ഒരു പെണ്ണിനെ വഴക്ക് പറയുന്നതു കേട്ടാല്‍ ആ വഴിയ്ക്ക് വരില്ലല്ലോ എന്ന വിചാരമാവാം പോലീസിനുണ്ടായിരുന്നത്. എന്‍റെ ജീന്‍സും ബോബ് ചെയ്ത മുടിയും അയാളെ അല്‍പം അധീരനാക്കിയെന്നത് സത്യമാണ്. അതുകൊണ്ടാവാം "കമോണ്‍ , വാട്ട്സ് ദ പ്രോബ്ലം" എന്ന എന്‍റെ ചോദ്യത്തിനു അയാള്‍ ഉത്തരമൊന്നും തരാതെ അടുത്ത കമ്പാര്‍ട്ട്മെന്‍റിലേക്ക് കടന്നു പോയത്.  ഇനി എന്‍റെ ഈ പൊങ്ങച്ചമൊന്നും ഇല്ലെങ്കില്‍ തന്നെ അന്ന് അങ്ങനെ സംഭവിച്ചു എന്നതിനെ ഒരു വെറും ഭാഗ്യം മാത്രമായി കണക്കാക്കാന്‍ ഞാന്‍ തയാറാണ്. കാരണം പോലീസുകാര്‍ക്ക് സ്ത്രീകളോട് ഇടപെടുമ്പോള്‍ എത്ര വൃത്തികെട്ട രീതിയും സ്വീകരിയ്ക്കാനാവുമെന്ന് ഞാന്‍ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. ഞാനും ഒരു വെറും സ്ത്രീ മാത്രമാണല്ലോ. 
       ആ കൊച്ചു പെണ്ണ് തലയും കുമ്പിട്ട് നില്‍ക്കുകയായിരുന്നു. 
       ഞാനവളെ എന്‍റെ സീറ്റിലേക്ക് ക്ഷണിച്ചു. അവള്‍ ആദ്യം തല നിഷേധ രൂപത്തില്‍ വിലങ്ങനെ ആട്ടി. ഇനീം പോലീസു വന്നാലോ എന്ന് ചോദിച്ചപ്പോള്‍ അവള്‍ ഒന്നും പറയാതെ എന്‍റൊപ്പം വന്നു. ടിക്കറ്റില്ലേ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്ന് അവള്‍ ഉത്തരം തന്നു. പിന്നെ പോലീസുകാരന്‍ ബഹളം വെച്ചതെന്തിനു എന്ന് ചോദിച്ചപ്പോള്‍ മൌനമായിരുന്നു മറുപടി. 
       ഞാന്‍ ചോദ്യമാവര്‍ത്തിച്ചു. പൊടുന്നനെ അവളുടെ കവിളുകള്‍ കണ്ണീരില്‍ കുതിര്‍ന്നു. 
      പോലീസുകാരന് അവളെ പരിചയമുണ്ടത്രെ. അതാണ് അയാള്‍ വിരട്ടിയത്. പരിചയമുണ്ടെങ്കിലും എന്തിനു വിരട്ടണം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ ആ സ്ഥലത്തെപ്പറ്റി എന്നോട് പറഞ്ഞു. അവിടെ പോലീസുകാര്‍ വന്നു പോവുന്നതിനെപ്പറ്റി പറഞ്ഞു. അവിടത്തെ മിസ്സിനെപ്പറ്റി പറഞ്ഞു. കീറിയ ഉറപ്പാക്കറ്റുകള്‍ ചിതറിക്കിടക്കുന്ന കോവണിപ്പടികളെക്കുറിച്ച് പറഞ്ഞു. വാടിയ മുല്ലപ്പൂക്കളുടേയും വിലകുറഞ്ഞ സൌരഭ്യങ്ങളുടെയും മടുപ്പിക്കുന്ന വിയര്‍പ്പിന്‍റെയും ഒരിയ്ക്കലും മാറാത്ത ദുര്‍ഗന്ധത്തെപ്പറ്റി പറഞ്ഞു. 
"എനക്ക് പുരുഷാളെ പാത്താലേ വായിലെടുക്ക വരും അക്കാ" എന്നവള്‍ അവസാനിപ്പിച്ചപ്പോള്‍... 
       ആ സഹനത്തെയും ആ വേദനയേയും ഞാന്‍ അറിഞ്ഞു. അവളിലൂടെ കടന്നു പോയ എണ്ണമില്ലാത്തതും വഴുവഴുത്തതുമായ അറപ്പുകളില്‍ എനിക്കും മനംപുരട്ടി. വൈരൂപ്യങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ എന്നില്‍ ഓക്കാനമായി കവിഞ്ഞു. 
       ഒരു പുരുഷന്‍റെ അടിയും ഇടിയും ചവിട്ടും തലമുടി പിടിച്ചുലയ്ക്കലും എല്ലാം നിസ്സാരമാണെന്ന് അവള്‍ വിശദീകരിച്ചു. അതുപോലെയല്ല, പല പുരുഷന്മാരുടെ പല ആഗ്രഹങ്ങള്‍ ഒരു നഗ്നശരീരം കൊണ്ട് മാത്രം സാധിപ്പിക്കേണ്ടി വരുന്നത് … 
      എന്നിട്ടും അവള്‍ എന്നോട് അഭിമാനത്തെപ്പറ്റി സംസാരിക്കുകയായിരുന്നു. അനവധി പ്രാവശ്യം എരിഞ്ഞു ചാമ്പലായിട്ടും ആ ചാരത്തില്‍ നിന്ന് ചിലപ്പോള്‍ അതുണരുമെന്നും അന്നേരം ആ ഇടത്തിനു തീയിടാനും സ്വയം ആ തീയില്‍ വെന്തുരുകാനും തോന്നുമെന്നും പറയുമ്പോള്‍ ആ കണ്ണുകളില്‍ ആളിപ്പടരാന്‍ വെമ്പുന്ന ഒരു ജ്വാല എരിയുന്നത് ഞാന്‍ കണ്ടു...
       ആ ജ്വാല കൊണ്ടാണ് തേവിടിശ്ശിക്കോലങ്ങള്‍ ഞാനെഴുതിയത്...' 
________________________________________________________________________________________________
                                                                  തയ്യാറാക്കിയത് :- അന്നൂസ്

വാർത്ത / അന്വേഷണം / സത്യം ( ചെറു കഥ )


PART 1 :: വാർത്ത -
മുൻപത്തെ ദിവസം രാത്രിയിലെ വെള്ളമടി പാർട്ടിയുടെ ഹാങ്ങ്‌ ഓവർ കാരണം , രാവിലെ പതിനൊന്നു മണിക്ക് എങ്ങനെയൊക്കെയോ ഒന്ന് തലയും പൊക്കി , എന്നത്തേയും പതിവ് പോലെ പല്ല് തേക്കാതെയുള്ള , കട്ടൻ കാപ്പിയുമായി പത്രം വായന തുടരവെയാണ് , പ്രാദേശിക വാർത്താ പേജിലെ , ആ ചെറിയ ഫോട്ടോയും വാർത്തയും എന്റെ ശ്രദ്ധയിൽ പെട്ടത് ;

പത്ര വാർത്തയിലെ പ്രസക്ത ഭാഗം ::
" പുലർച്ചെ രണ്ടു മണിയോടെ സഹപാഠിയുടെ വീട്ടിൽ നിന്നും കമ്പയിൻ സ്റ്റഡി കഴിഞ്ഞു വീട്ടിലേക്കു വരവെയാണ് ടിന്റു ജേക്കബ് ആക്രമിക്കപ്പെട്ടത്. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. കോളേജിലെ സജീവ രാഷ്ട്രീയ പ്രവർത്തനവും , പ്രാദേശിക പ്രശ്നങ്ങളിലെ സജീവ ഇടപെടലുകളും കൊണ്ട് ശ്രദ്ധേയനായ ടിന്റുവിനെ ആകമിച്ചതിനു പിന്നില്‍ , സ്ഥലത്തെ ചില  രാഷ്ട്രീയ , മതസംഘടനകളെ സംശയിക്കുന്നതായി പോലീസ് അറിയിച്ചു ."

ഞാൻ കണ്ണുകൾ തിരുമ്മി വീണ്ടും രണ്ടു മൂന്നു വട്ടം വാർത്തയും ഫോട്ടോയും മാറി മാറി വായിച്ചു . സ്ഥലം , പേര് , ലക്ഷണം , ഫോട്ടോ എല്ലാം അവന്റെ തന്നെ , ടിന്റു ജേക്കബ്.!പക്ഷെ , ഈ പ്രശ്നത്തിന്റെ അതി ഗൌരവം അതല്ല. ഇന്നലത്തെ പാർട്ടിയും കഴിഞ്ഞു , രാത്രി പതിനൊന്നരക്കു എന്റെ ബൈക്കിൽ ഞാൻ വീട്ടിൽ കൊണ്ട് വിട്ട , അടിച്ചു ഫിറ്റായ ടിന്റു ജേക്കബ്, ഈ വാർത്തയിൽ പറയും പോലെ എങ്ങനെ പുലർച്ചെ രണ്ടു മണിക്ക്  സഹപാഠിയുടെ വീട്ടിൽ നിന്നും കമ്പയിൻ സ്റ്റഡി കഴിഞ്ഞു വീട്ടിലേക്കു വന്നു !! അതിലും പ്രധാനമായി , ആർക്കും പ്രത്യേകിച്ച് ഒരു ഉപയോഗവും , ഉപദ്രവവും ഇല്ലാത്ത ഇവനെയാര് ആക്രമിക്കാൻ !!! ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങളുമായി , സത്യം എന്തെന്നറിയാനുള്ള ആകാംഷയോടെ , അമ്മയോട് കരഞ്ഞു വാങ്ങിയ കാശിനു കുറച്ചു ആപ്പിളുമായി, കൂടുതൽ അന്വേഷണത്തിനായി ഞാൻ ആശുപത്രിയിലേക്ക് ...

PART 2 :: അന്വേഷണം -
ആശുപത്രിയിൽ ടിന്റുവിന്റെ റൂമിലേക്ക്‌ അടുക്കാനെ പറ്റുന്നില്ല . മുറിക്കു പുറത്തു പോലീസ്, സ്ഥലത്തെ ചില രാഷ്ട്രീയക്കാരു , ബന്ധുക്കൾ , അയൽക്കാര് , കൂട്ടുകാര് എന്ന് വേണ്ട , ഇന്നലെ വരെ ആരും തിരിഞ്ഞു നോക്കാത്ത അവനെ കാണാൻ ഇന്ന് വലിയ ജനക്കൂട്ടം ! ധീരനായ സഖാവ് ടിന്റുവിനു നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ചു , അവന്റെ പഞ്ചായത്തിൽ ഇന്ന് LDF ഹർത്താലും നടന്നു. ആളുകളോട് കാര്യങ്ങൾ വിശദീകരിച്ചു നിന്ന ടിന്റുവിന്റെ അപ്പൻ , 'എന്താണ് ജേക്കബ്‌ അങ്കിൾ കാര്യം' എന്ന് അന്വേഷിച്ച എന്നോടും ആ ഭയങ്കര സംഭവം വിവരിച്ചു ;

അങ്കിൾ പറഞ്ഞതിലെ പ്രസക്ത ഭാഗം ::
" എന്ത് പറയാൻ ആണ് മോനെ , ഒരു രണ്ടു മണിയോടെ ആരൊക്കെയോ മതില് ചാടുന്ന വലിയ ശബ്ദവും പിന്നെ ടിന്റുവിന്റെ നിലവിളിയും ! ഞാൻ ഓടി കതകു തുറന്നു നോക്കുമ്പോൾ മുറ്റത്ത്‌ ചോരയിൽ കിടക്കയാണ് അവൻ !! അക്രമികൾ ഉപയോഗിച്ച കല്ലും അടുത്ത് ഉണ്ടായിരുന്നു . അവരു രണ്ടു മൂന്നു പേര് ഉണ്ടായിരുന്നു . ഞാൻ  എത്തുമ്പോഴേക്കും അവര് ഓടിയതിനാൽ ആളുകളെ കണ്ടില്ല "


ഇപ്പോൾ ഞാൻ കൂടുതൽ വട്ടായി ! അങ്കിൾ പറയുന്നത് വിശ്വസനീയമായ സാക്ഷി മൊഴിയാണ് . പത്ര വാർത്തയിലെ അതി  ഭാവുകത്വങ്ങളായ ഗുരുതരാവസ്ഥ , രാഷ്ട്രിയം , മതം ഇതൊന്നും ഇപ്പോൾ ഇല്ല . എങ്കിലും സത്യം ഇപ്പോഴും അവ്യക്തമാണ് , രാത്രി പതിനൊന്നരക്കു ഞാൻ എന്റെ ബൈക്കിൽ വീട്ടിൽ കൊണ്ട് വിട്ട , അടിച്ചു പൂസായ ടിന്റു , എങ്ങനെ എപ്പോൾ എന്തിനു , രണ്ടു മണിക്ക് ആക്രമിക്കപ്പെട്ടു ! അവൻ രണ്ടു മണിക്ക് എവിടെനിന്നും വരുകയായിരുന്നു !! ഇവനെയാര് ആക്രമിക്കാൻ !!! ഒളിഞ്ഞിരിക്കുന്ന ബാക്കി സത്യങ്ങളുടെ പൊരുൾ തേടി , ഞാൻ ആപ്പിൾ പൊതിയുമായി, ആരും കാണാതെ  ടിന്റുവിന്റെ മുറിയിലേക്ക് ...

PART 3 :: സത്യം -
മുറിയിലേക്ക് കടന്ന എന്നെ കണ്ടതും ടിന്റു കയ്യിലെ അപ്പിൾ പൊതി പിടിച്ചു വാങ്ങി സൈഡിൽ വെച്ച് , എന്നോട് വേഗം വാതിൽ കുറ്റിയിട്ടു , കട്ടിലിൽ അരികിലിരിക്കാൻ പറഞ്ഞു . കട്ടിലിൽ ചാരി കിടന്നു , മുഖത്തെ പ്ലസ്റ്റെർ ചുരുളുകൾക്ക് ഇടയിലൂടെ  അവൻ എന്നോട് ആ വലിയ സത്യത്തിന്റെ ചുരുളഴിച്ചു ;

ടിന്റു പറഞ്ഞ സത്യത്തിലെ പ്രസക്ത ഭാഗം ::
" എന്റെ അളിയോ ! നീ എന്നെ രാത്രി വീട്ടിൽ ഇറക്കി പോയ ശേഷം , കെട്ടൊന്നു ഇറങ്ങട്ടെ എന്നും പറഞ്ഞു കുറച്ചു നേരം വീടിന്റെ ടെറസിൽ പോയിരുന്നതാണ് . കാറ്റടിച്ചു അവിടെ കിടന്നുറങ്ങി പോയി . ഇടയ്ക്കെപ്പോഴോ മൂത്രം ഒഴിക്കാൻ മുട്ടി എഴുന്നേറ്റപ്പോൾ ഞാൻ എന്റെ ബെഡ് റൂമിൽ ആണെന്ന് കരുതി ബാത്ത് റൂമിലേക്ക്‌  നടന്നതാണ് !!! പിന്നെ ടെറസിൽ നിന്നും വലിയ ശബ്ധത്തിൽ ഞാൻ താഴെ വീണു , വീടിനു മുന്പിലെ ഏതോ കല്ലിൽ മുഖമടിച്ചു കിടക്കുമ്പോൾ , വാതിൽ തുറന്നു അപ്പൻ ഒറ്റ നിലവിളിയായിരുന്നു , ആരാടാ നിന്നെ തല്ലിയതെന്നു ! ആരാന്നു കണ്ടില്ല , രണ്ടു മൂന്നു പേരുണ്ടെന്ന്, അപ്പോൾ പെട്ടെന്ന് കള്ളം പറഞ്ഞതെ പിന്നെയെനിക്ക്‌ ഓർമയുള്ളൂ... "

പുറത്തെ പുകിലൊന്നും അറിയാതെ കട്ടിലിൽ കിടക്കുന്ന അവനോടു നല്ലോണം റസ്റ്റ്‌  എടുക്കാൻ പറഞ്ഞു , ഞാൻ ആ ആശ്പത്രി മുറി വിടുമ്പോൾ ,  ഒരു വാർത്തയുടെ എങ്കിലും പിന്നിലെ യഥാർത്ഥ സത്യം അറിയാൻ കഴിഞ്ഞ എന്റെ അപൂർവ മഹാ ഭാഗ്യമോർത്തു ഞാൻ സന്തോഷിച്ചു.






--: ഷഹീം അയിക്കര്‍

എന്‍റെ മഴമുറിവ് (കവിത)

 എന്‍റെ മഴമുറിവ് 
-----------------------------------------

 പുകയുന്ന കനൽപ്പഴങ്ങളിൽ നീറി 
വേവുന്ന നെഞ്ചിലെ കടലിനെ 
ചിരിക്കുന്ന മുഖത്തിലൊളിപ്പിച്ച്
മിഴിനിറയാതെ കരയാൻ
പഠിപ്പിച്ച ജീവന്‍റെ പാതി മുറിവ്

വാക്കിൻ പായൽപ്പച്ചകളിൽ തെന്നി
കടുത്ത അവഗണനയിലേക്ക് 
വീഴുമ്പോഴും തകർന്ന ഹൃദയത്തിന്‍റെ
നൊമ്പരങ്ങൾ പങ്കുവയ്ക്കാനാവാതെ 
ബന്ധങ്ങൾക്ക് മുന്നിൽ തോൽക്കാതെ,
എത്ര ചെയ്താലും തീരാത്തത്തത്ര 
പണിത്തിരക്കെന്ന ചിരിയണിഞ്ഞ്
ഉള്ളിയരിഞ്ഞു കൊണ്ട് ചിരിച്ചു കരഞ്ഞ
മനസ്സിന്‍റെ ഉണങ്ങാത്ത നൊമ്പര മുറിവ്,

പലപ്പോഴും തനിച്ചാക്കപ്പെട്ട 
നടവഴികളിൽ പകച്ച് തകർന്നു നിന്നിട്ടും
പ്രാണൻ പകർന്നു നല്കിയ വസന്തങ്ങളെ
ചിറകിലൊതുക്കി നെഞ്ചിലെ ചൂടിൽ 
പൊതിഞ്ഞ് പരാതികളില്ലാതെ മക്കളിലേക്ക് 
മാത്രമായൊതുങ്ങിയ നേർമുറിവ്,  

ബന്ധങ്ങൾ ബന്ധനങ്ങളായി വിഷ-
സർപ്പങ്ങളെപ്പോൽ ഫണമെടുത്താടവേ 
എന്തേലും ചെയ്തുപോയാൽ പിള്ളേർക്ക്
ആരെന്നോർത്തിട്ടാ ദൈവമേയെന്ന് 
തളർന്ന മനസ്സിൽ നിന്നറിയാതെ വീണു 
പൊള്ളിച്ച വാക്കിന്‍റെ കനൽ മുറിവ്,

നിസ്സഹായതകളുടെ നീരാഴങ്ങളിൽ 
മൗനങ്ങൾ ഉരുക്കിയൊഴിച്ച്,
തുടുത്ത കനല്പ്പാടുകളെ ചേലത്തുമ്പാൽ   
കൂട്ടിത്തുന്നിമറച്ച്, വിടർന്നോരരവിന്ദത്തി- 
ന്നുള്ളിൽ ഹസിക്കുന്ന ലക്ഷ്മിയായി 
ഉദരച്ചൂടിന്‍റെ സ്നേഹ മുറിവ്, 

പാടത്തും പറമ്പിലും വീട്ടിലും 
ഒരേസമയം കൈയും കാലുമെത്തിക്കാൻ
കിതച്ചോടി, അടുക്കളപ്പാത്രങ്ങൾക്ക്
മുന്നിൽ, വെണ്ടയോടും പയറിനോടും 
ആവലാതി പറഞ്ഞ്, കാന്താരിയിൽ 
എരിഞ്ഞ് വിശപ്പാറ്റുന്ന  രുചി മുറിവ്, 

ചുണ്ടിൽ തടയുന്ന ഏകാന്തതകളിൽ,
നെഞ്ചിലെ അടക്കിവച്ച കെട്ടുവള്ളങ്ങൾക്ക്
മേൽ മഴയിലകളുടെ പ്രാർത്ഥനകൾ കൊരുത്ത്
വെയിൽ കത്തലുകളുടെ കർപ്പൂരമുഴിഞ്ഞ്, 
പൂഴി പുതഞ്ഞു നാലുമണിക്കൂട്ടിലെത്തുന്ന
കിളികൊഞ്ചലിൽ ചേർന്ന് വരാനിരിക്കുമാ-
കുലതകളിലേയ്ക്കുറ്റുനോക്കും രാത്രിമുറിവ്,

രാവുറക്കങ്ങളിൽ തേങ്ങലുകളുറഞ്ഞ
ചങ്കിലെ ഒരു ഉപ്പുകടൽ കവിൾത്തടങ്ങളിൽ
വറ്റി ഉപ്പളങ്ങളായി, ചിതറിയ 
പ്രതിബിംബങ്ങളുടെ ആഴങ്ങളിലേക്ക് വീണ്
അഗ്നി തെളിയുന്ന തിരിത്തുമ്പുകളായി  
ദൈവങ്ങളിലേക്ക് വിവർത്തിക്കപ്പെട്ട്
സ്വയമെരിഞ്ഞു തെളിയുന്ന വെളിച്ച മുറിവ്,

പുകയുന്ന കനൽപ്പഴങ്ങളിൽ നീറി 
വേവുന്ന നെഞ്ചിലെ കടലിനെ 
ചിരിക്കുന്ന മുഖത്തിലൊളിപ്പിച്ച്
മിഴിനിറയാതെ കരയാൻ
പഠിപ്പിച്ച ജീവന്‍റെ പാതി മുറിവ്
നെഞ്ചിൽ പെയ്യും വേദനയിലും തളരാത്ത
ജീവിതത്തിന്‍റെ / ജീവന്‍റെ  മഴമുറിവ് 
നിറഞ്ഞ സ്നേഹത്തിന്‍റെ അമ്മ മുറിവ്

-----------ധന്യ അരവിന്ദ്-----------

"തനിയാവർത്തനം" കവിത


"തനിയാവർത്തനം"

ഭരണം നീതിയെ മൊഴിചൊല്ലി
ദേവത കരയുകയാണ്
സൂക്ഷ്മതയുടെ തുലാസിൽ
നിയമം ശൂന്യമാണ്

ഉലയിൽ നീറ്റിയെടുത്ത
വ്യവസ്ഥകൾ പഠിക്കാൻ
സമയമില്ല പോലും
കെട്ടുകഥകൾ,പുരാണങ്ങൾ,
മതങ്ങൾ, വർഗ്ഗങ്ങൾ ....

ദൈവങ്ങൾക്ക് ഭ്രാന്താണ്
മതഭ്രാന്ത്‌, മനുഷ്യനാണ്
ഇപ്പോൾ ദൈവത്തിന്റെ
വിധി നിർണ്ണയിക്കുന്നത്‌....

ജനിത്രം നിനക്ക് അന്യമാണ്
ആട്ടിയോടിയ്ക്കപ്പെടാം
അതിന്മുമ്പ് തേര് തെളിയ്ക്കണം
ഒരു നേരിനായി ....

ഇലകളാണ് നഗ്നതമറയ്ക്കാൻ
നല്ലത് എന്ന് കാലം തിരിച്ചറിയും
അന്ന് ലഭ്യതയുണ്ടായിരിക്കില്ല ...
ഇലകൊഴിഞ്ഞ ശിഖരങ്ങളിൽ
കാലം ആത്മഹത്യ ചെയ്തിട്ടുണ്ടാകാം

പൂർണ്ണമാകാത്ത
കവിതയിലെ വരകളും, കുത്തുകളും
കവിയുടെ ഹൃദയമാണ്
അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്ന
കാറ്റാടിയെന്ത്രം പോലെ...

സ്വരച്ചേർച്ച ഇല്ലാത്ത ദാമ്പത്യമാണ്
കവിത, നേരിനെ കാണാൻ കഴിയുന്ന
കണ്ണും, കണ്ണാടിയും തിരയുകയാണ് കവി.


നൗഷാദ് പൂച്ചക്കണ്ണൻ

കഥ പറയും അക്ഷരങ്ങള്‍......കത്തുകളിലൂടെ


നിങ്ങള്‍ എന്ന് മുതലാണ് കത്തെഴുതാന്‍ തുടങ്ങിയതെന്ന് ഓര്‍മ്മയുണ്ടോ? ഞാന്‍ എഴുതി തുടങ്ങിയത് സ്കൂള്‍ പഠനം കഴിഞ്ഞു റിസള്‍ട്ട്‌ കാത്തിരിക്കുന്ന സമയത്തായിരുന്നു...അയല്‍പക്കത്തെ കുട്ടികള്‍ എനിക്കായി കൊണ്ട് വന്നിരുന്ന കത്തുകള്‍ ആദ്യമൊക്കെ അമ്മ സംശയദൃഷ്ടിയോടെയാണ് നോക്കിക്കണ്ടത്.....അമ്മ പൊട്ടിച്ചു വായിച്ച കത്തുകള്‍ പിന്നീടു വായിക്കുമ്പോള്‍ എനിക്ക് ഒരു രസവും തോന്നിയില്ല......പരീക്ഷഫലത്തെക്കുറിച്ചുള്ള ആകുലതകളും പഠനകാലത്തെ കുസൃതികളും നിറഞ്ഞ ആ എഴുത്തുകളില്‍ സ്നേഹം പൊടിഞ്ഞു നിന്നിരുന്നു..കടലാസ്സ്‌ മടക്കി ഉണ്ടാക്കിയ കവറില്‍ ചിത്രപ്പണികള്‍ ചെയ്തു കൊടുത്തു വിട്ടിരുന്ന കത്തുകള്‍ റിസള്‍ട്ട്‌ വന്നതോട് കൂടി നിന്നു....!

എല്ലാ കത്തുകളും ഒരുപോലെ അല്ല...ഓരോ കത്തിനും ഓരോ മണമാണ്......പ്രണയത്തിന്റെ.....മരണത്തിന്റെ...വേര്‍പാടുകളുടെ.....വിരഹത്തിന്റെ.....സന്തോഷത്തിന്റെ....പ്രതീക്ഷകളുടെ.....കാത്തിരിപ്പിന്റെ.......കണ്ണുനീരിന്റെ............കടല്‍ കടന്നു വന്നിരുന്ന കത്തുകള്‍ക്ക് അത്തറിന്റെയും സ്പ്രേയുടെയും ഗന്ധമുണ്ടായിരുന്നു.

എന്‍റെ മുത്തശ്ശിയുടെ പെന്‍ഷന്‍ നല്‍കാനായി ഒരു പോസ്റ്റ്‌മാന്‍ എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ വീട്ടില്‍ വന്നിരുന്നു. മുത്തശ്ശി കൊടുക്കുന്ന ഒരു ഗ്ലാസ്‌ ചായയും 10 രൂപയും അയാളുടെ അവകാശമായിരുന്നു..... അയാള്‍ പറയുന്ന വിശേഷങ്ങള്‍ കേള്‍ക്കാന്‍ കതകിന്റെ പിന്നില്‍ ഞാന്‍ ഒളിച്ചുനിന്നിരുന്നു.....വിമാനത്തില്‍ കേറി വരുന്ന കത്തുകള്‍ക്ക് പുറത്തു മാത്രമേ മണമുള്ളെന്നും അകത്തു കണ്ണുനീരിന്റെ ഉപ്പുരസമാണെന്നും അയാളില്‍ നിന്നാണ് ഞാന്‍ മനസ്സിലാക്കിയത്‌....അയാള്‍ എനിക്കായി എന്നെങ്കിലും കൊണ്ട് വരുന്ന കത്തുകള്‍ സ്വപ്നം കണ്ടു ഞാന്‍ നടന്നിരുന്നു....പക്ഷെ എനിക്ക് കിട്ടിയ കത്തുകളൊക്കെ പൊട്ടിച്ചു വായിച്ചവയായിരുന്നു.......ഒടുവില്‍ എനിക്ക് വിവാഹ സമ്മാനമായി കിട്ടിയ അഡ്രസ്‌ ഇല്ലാത്ത പാര്‍സല്‍ പൊട്ടിച്ചു ഞാന്‍ എഴുതപ്പെടാത്ത അക്ഷരങ്ങള്‍ക്ക് വേണ്ടി തിരഞ്ഞുനടന്നു.

ഹോസ്റ്റല്‍ മുറികളിലെ മടുപ്പിക്കുന്ന വാരാന്ത്യങ്ങളില്‍ ഞാന്‍ കത്തുകളുമായി ചടഞ്ഞുകൂടിയിരുന്നു...... തൂലിക സൗഹൃദങ്ങള്‍.....ട്രയിനിലെ യാത്രക്കിടയില്‍ പരിചയപ്പെട്ട വ്യക്തികള്‍.....കൂട്ടുകാരികള്‍.....പിന്നെ വടിവൊത്ത കയ്യക്ഷരത്തില്‍ നീല മഷിയില്‍ എനിക്കായി മാത്രം കുറിച്ചിട്ട കുറെ അക്ഷരങ്ങള്‍.....ഹോസ്റ്റല്‍ മുറ്റത്തെ ചാപ്പലിന്റെ പടിക്കെട്ടുകളില്‍ ഇരുന്നു ഞാന്‍ മടുക്കാതെ കത്തുകള്‍ വായിച്ചുകൊണ്ടിരുന്നു.....എഴുതിക്കൊണ്ടിരുന്നു....പക്ഷെ ഞാനൊരിക്കലും കത്തുകള്‍ എത്തിച്ചിരുന്ന പോസ്റ്റ്‌മാനെ കണ്ടിരുന്നില്ല... മേട്രന്റെ മുറിയില്‍ കത്തുകള്‍ തൂക്കിയിടുന്ന കൊളുത്തുകള്‍ പിടിപ്പിച്ച തുറന്ന ഒരു പെട്ടി ഉണ്ടായിരുന്നു. അതില്‍ ഞാന്നു കിടന്നിരുന്ന കത്തുകളിലെ അക്ഷരങ്ങള്‍ ചിലപ്പോഴൊക്കെ ചിരിപ്പിച്ചിരുന്നു.....ചിലത് കുത്തിനോവിച്ചിരുന്നു..... ചിലവ പരിഹസിച്ചു കൊഞ്ഞനം കുത്തി നിന്നിരുന്നു.....മറ്റു ചിലത് കരയിപ്പിച്ചിരുന്നു...എന്നിട്ടും അവയോടു എനിക്ക് ഭ്രാന്തമായ സ്നേഹമായിരുന്നു........പിന്നെപ്പോഴോ അവയ്ക്ക് നിറം മാഞ്ഞു തുടങ്ങി.....കത്തുകള്‍ വരാതായി..... എഴുത്തുകള്‍ തൂക്കിയിടുന്ന ശൂന്യമായ കൊളുത്തുകള്‍ എന്നെ നോക്കി പല്ലിളിച്ചു കാട്ടി.. വായിച്ച എഴുത്തുകള്‍ പിന്നെയും വായിക്കാന്‍ എനിക്ക് തോന്നിയില്ല......അക്ഷരങ്ങള്‍ക്ക് വേണ്ടിയുള്ള എന്റെ കാത്തിരുപ്പുകള്‍ പതിയെ പതിയെ അവസാനിച്ചു തുടങ്ങി......!

 “അത് കത്തിക്കണ്ടാര്ന്നു കുഞ്ഞേ.....പിന്നീടു വായിക്കണംന്ന് തോന്നിയാലോ”? പിറകില്‍ കാവല്‍ക്കാരന്റെ വാക്കുകള്‍.....
അക്ഷരങ്ങള്‍ മുരണ്ടു “ ഞാന്‍ നിന്‍റെതാണെന്നും നീ എന്‍റെതാണെന്നും എന്നെങ്കിലും നമ്മള്‍ പറഞ്ഞിട്ടുണ്ടോ? “ എനിക്ക് നിന്നെക്കാള്‍ ഇഷ്ടം നിന്റെ അക്ഷരങ്ങളെയായിരുന്നു. പക്ഷെ ഇന്നെനിക്കു അതെല്ലാം പാടി മടുത്തുപോയ ചില പാട്ടുകള്‍ പോലെയായി തീര്‍ന്നിരിക്കുന്നു...”.

“അതിലെ അക്ഷരങ്ങള്‍ കഴുവേറ്റപ്പെട്ടവയാണ്.......ഈ കത്തുകള്‍ കത്തിച്ചു കിട്ടുന്ന ചാരത്തില്‍ കിടന്നു നമ്മുടെ പൂക്കാത്ത ചെടികള്‍ തഴച്ചു വളരും....അവ ഒരിക്കല്‍ പൂവിടും....സുഗന്ധം പരത്തും.....ഓര്‍മകളുടെ സുഗന്ധമുള്ള നിറമില്ലാത്ത അക്ഷരപ്പൂക്കള്‍......”. അങ്ങനെ പറഞ്ഞുകൊണ്ട് ഞാന്‍ പൊട്ടിച്ചിരിച്ചു.രാമേട്ടന്‍ മിണ്ടാതെ നിന്നു. അദ്ദേഹത്തിന് എന്റെ ചിരിയുടെ പിറകിലെ വേദന മനസ്സിലായോ എന്തോ? ഉണ്ടാവും....അദ്ദേഹമായിരുന്നു എന്റെ കത്തുകള്‍ പോസ്റ്റ്‌ ചെയ്തിരുന്നത്.....എനിക്ക് കത്തുകള്‍ ഉണ്ടെന്നു അറിയിച്ചിരുന്നതും.....!

നിനക്ക് ഇടയ്ക്കു എന്തെങ്കിലും ഒന്ന് കുത്തിക്കുറിച്ചൂടെ?  .....മുടിയില്‍ കൈവിരലുകള്‍ ഓടിച്ചു കൊണ്ട് അമ്മയാണ്  ചോദിക്കുന്നത്.....ഞാന്‍ അക്ഷരങ്ങള്‍ മറന്നു തുടങ്ങിയിരുന്നുവെന്ന് അമ്മക്ക് അറിയില്ലല്ലോ.....എന്‍റെ നിസംഗത അമ്മയെ സങ്കടപ്പെടുത്തിയോ? "നിന്റെ കത്ത് വായിക്കാന്‍ നല്ല രസമാണ് കുട്ടി.....നീ മുന്നില്‍ വന്നു പറയുന്ന പോലെ....”.എന്‍റെ പഴയ മേശയിലെ കത്തുകള്‍ ചിതലരിച്ചുപോയെന്നും അമ്മ പറഞ്ഞു..........”കടലാസിനല്ലേ ചിതലരിക്കുക...? അക്ഷരങ്ങള്‍ക്കല്ലല്ലോ......,അല്ലേ അമ്മേ?”. എന്റെ ചോദ്യം അവര്‍ കേട്ടതായി ഭാവിച്ചില്ല......വിഷയം മാറ്റാന്‍ ഞാന്‍ വേറൊരു ചോദ്യമെറിഞ്ഞു.....”അമ്മക്ക് എന്റൊപ്പം വന്നു നിന്ന് കൂടെ?” അതിനു അമ്മ പെട്ടെന്ന് മറുപടി പറഞ്ഞു...” ജനലില്‍ കൂടി ആകാശത്തിന്റെ ഒരു മൂല മാത്രം കാണുന്ന ആ വീട്ടിലേക്കോ? അമ്മയുടെ കണ്ണുകള്‍ തൊടിയിലേക്ക്‌ നീണ്ടു..” ആരാ അച്ഛന്റെ അസ്ഥിത്തറയില് വിളക്ക് വയ്ക്കുക?”

മകള്‍ പരീക്ഷക്ക്‌ പഠിക്കുന്നത് കേള്‍ക്കാം....കത്തിന്റെ ഫോര്‍മാറ്റ്‌ ഈ വിധം..പ്രേഷകന്‍, ഗ്രാഹകന്‍, അഭിസംബോധന , ഉള്ളടക്കം,അവസാനിപ്പിക്കല്‍......” ഞെട്ടിയുണര്‍ന്നുപോയി......സ്വപ്നമായിരുന്നോ? അമ്മയെവിടെ? മകളുടെ ശബ്ദം നേര്‍ത്ത്‌ നേര്‍ത്ത് വന്നു.....പുറത്തെ പെരുമഴയില്‍ അതലിഞ്ഞു പോയി.....ഒരു ചോദ്യം ഉള്ളില്‍ നിന്നുയര്‍ന്നു വന്നു...എന്നെ ആരെങ്കിലും കത്തെഴുതാന്‍ പഠിപ്പിച്ചിരുന്നോ?

എല്ലാ ക്രിസ്മസിന് മാത്രം എന്നെ തേടി വന്നിരുന്ന ഒരു വിദേശി കത്ത് ഉണ്ടായിരുന്നു..... പ്രീഡിഗ്രി പഠനകാലം നല്‍കിയ ഒരു പ്രിയ സുഹൃത്തിന്റെ അക്ഷരങ്ങള്‍. .......അതിനു ജര്‍മ്മനിയുടെ മണം ഉണ്ടായിരുന്നു.ആ ഒരു വര്‍ഷത്തെ വിശേഷങ്ങളടങ്ങിയ കത്ത് ഡിസംബറിലെ കുളിരുള്ള പുലരികളില്‍ ഞാന്‍ വായിച്ചിരുന്നിരുന്നു......അതിലെ മനോഹരങ്ങളായ  സ്റ്റാമ്പുകള്‍ ഞാന്‍ അമ്മയുടെ അനിയത്തിയുടെ മകന്‍റെ സ്റ്റാമ്പ്‌ ശേഖരത്തിലേക്ക് ഉദാരമായി സംഭാവന ചെയ്തിരുന്നു....പക്ഷെ അപ്രത്യക്ഷമായ ആ അക്ഷരങ്ങളെ പിന്നീട് എനിക്ക് മുഖപുസ്തകത്തിലൂടെയാണ്‌ കാലം തിരിച്ചു നല്‍കിയത്....!

മുത്തശ്ശിയുടെ മരണ ശേഷം അച്ഛന്‍ ഗേറ്റില്‍ സ്ഥാപിച്ച തപാല്‍ പെട്ടിക്കുള്ളില്‍ കേരള സര്‍വീസും കുറെ ബില്ലുകളും വന്നു കിടന്നിരുന്നു.....പോസ്റ്റ്‌മാന്‍ പിന്നീടു പടി കടന്നു വന്നിട്ടുണ്ടോ എന്തോ?
ആളനക്കം ഇല്ലാത്ത ഞങ്ങളുടെ വീട്ടില്‍ തപാല്‍ പെട്ടി മഴയില്‍ നനഞ്ഞു കുതിര്‍ന്നു കിടപ്പുണ്ടാവും...വെയിലില്‍ അതിന്റെ കടും ചുവപ്പ് നിറം മങ്ങിത്തുടങ്ങിയിരിക്കും....ചിലപ്പോള്‍ മഴത്തുള്ളികള്‍ അതിനുള്ളില്‍ കിടക്കുന്ന കടലാസുകളെയും നനച്ചിട്ടുണ്ടാവും...!


ഞാന്‍ നഗരത്തിന്റെ സന്തതി ആയപ്പോള്‍ ജോലിയുടെ ഭാഗമായി അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തു വാചകങ്ങള്‍ ഉണ്ടാക്കി കുറിപ്പുകളായി പത്രങ്ങള്‍ക്കു അയച്ചു കൊടുത്തു.....അത് ഒരിക്കലും എഴുത്ത് രൂപത്തിലായിരുന്നില്ല.... മഷി പുരണ്ടു പത്രത്താളുകളില്‍ കിടക്കുമ്പോള്‍ അവ എന്റെതാണെന്ന് ഞാന്‍ അഭിമാനിച്ചു.....പക്ഷെ അന്നൊക്കെ ഇടക്കെങ്കിലും ഞാന്‍ വാക്കുകള്‍ക്കായി പരതിയിരുന്നു......വിറയ്ക്കുന്ന വിരലുകള്‍ കൂട്ടിപ്പിടിച്ചു എഴുതിയിരുന്നു....പഠനാവശ്യത്തിനായി ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന മകളുടെ ചാര്‍ട്ടില്‍ നോക്കി അക്ഷരങ്ങള്‍ ശരി ആണെന്ന് ഉറപ്പു വരുത്തിയിരുന്നു...!

ചെടികള്‍ നനച്ചു നില്‍ക്കുമ്പോള്‍ പഴയ ഒരു കൂട്ടുകാരി വന്നു. അവള്‍ക്കെഴുതിയ എഴുത്തുകള്‍ അവളുടെ ഭര്‍ത്താവിന്‍റെ കൂട്ടുകാരന്‍ ആണ് എഴുതിയിരുന്നതെന്നും അവള്‍ എഴുതിയ കത്തുകള്‍ അയാള്‍ തന്നെയാണ് അവളുടെ ഭര്‍ത്താവിനു വായിച്ചു കൊടുത്തിരുന്നതെന്നും കേട്ടപ്പോള്‍ മരിക്കാന്‍ തോന്നിയെന്ന് അവള്‍ പറഞ്ഞു.....അപ്പോഴും നിരക്ഷരനായ അവളുടെ ഭര്‍ത്താവിന്റെ നിസ്സഹായതയാണ്‌ എന്നെ മുറിപ്പെടുത്തിയത്.....എത്ര വേദനയോടും ലജ്ജയോടുമായിരിക്കും അയാള്‍ അത് ഏറ്റു പറഞ്ഞിട്ടുണ്ടാവുക....! അക്ഷരങ്ങള്‍ ചിലപ്പോള്‍ അങ്ങനെയാണ്....

പടിയിറങ്ങിപ്പോയ അക്ഷരങ്ങള്‍ക്കും കത്തുകള്‍ക്കും പകരം മെയിലുകള്‍ ആയപ്പോള്‍ അക്ഷരങ്ങള്‍ വികൃതമായി.....ആറ്റിക്കുറുക്കിയ ഉപചാരവാക്കുകളില്‍ അന്യം നിന്നുപോയ ഇഷ്ടങ്ങള്‍ ...സ്നേഹം....പ്രതീക്ഷകള്‍.....അങ്ങനെ എന്തൊക്കെയോ......അക്ഷരങ്ങള്‍ സൃഷ്ടിക്കുന്ന വരികള്‍ക്ക് ഒരാളെ മനസിലേറ്റാനും ഇറക്കിവിടാനും കഴിയുമെന്ന് കാലം ഇതിനോടകം എനിക്ക് മനസ്സിലാക്കി തന്നിരുന്നു....!


വാല്‍ക്കഷണം.......!

ഒടുവില്‍ അയാള്‍ സ്വന്തമായി കത്തുകള്‍ എഴുതി.....വീടുകളിലെ ഗേറ്റിലെ തപാല്‍ പെട്ടിയിലിടാതെ കാളിംഗ് ബെല്‍ അമര്‍ത്തി പ്രതീക്ഷയോടെ കാത്തു നിന്നു.... ആരെങ്കിലും ഒന്ന് ഇറങ്ങി വരാന്‍.......! തുറക്കുന്ന ഏതെങ്കിലും ഒരു വാതിലിനരികില്‍ ഒരു മുത്തശ്ശനോ മുത്തശ്ശിയോ ഉണ്ടാകുമെന്ന് അയാള്‍ വൃഥാ മോഹിച്ചു.....അയാളെ അവര്‍ അകത്തേക്ക് ക്ഷണിക്കുമെന്നും അവര്‍ക്കുള്ള കത്ത് അയാള്‍ വായിച്ചു കൊടുക്കുമെന്നും അപ്പോള്‍ അവരുടെ മുഖത്തെ സന്തോഷം തന്റെ മനസിലേക്ക് ഒഴുകി ഇറങ്ങുമെന്നും കത്തിനുള്ള മറുപടി അവര്‍ അയാള്‍ക്ക് പറഞ്ഞു കൊടുത്തു എഴുതിക്കുമെന്നൊക്കെ.....വെറുതെ അയാള്‍ ആഗ്രഹിച്ചു...!പൂട്ടിക്കിടക്കുന്ന വീടുകളിലെ വൃദ്ധജന്മങ്ങള്‍ ഏതെങ്കിലും ശരണാലയയത്തിലോ നഗരക്കാഴ്ച്ചകളിലേക്കോ കുടിയേറിയിരിക്കുമെന്നു അയാള്‍ ഇനിയെങ്കിലും മനസ്സിലാക്കിയിരിക്കുമോ?



അയാളുടെ തോളില്‍ തൂക്കിയിട്ടിരുന്ന പിഞ്ഞിത്തുടങ്ങിയ സഞ്ചിയിലെ വിടവിലൂടെ കത്തുകള്‍ താഴേക്ക്‌ ഊര്‍ന്നുവീണുകൊണ്ടിരുന്നു.....അയാളുടെ പാതയെ പിന്തുടര്‍ന്ന് നിറമുള്ള അക്ഷരങ്ങള്‍ കുത്തിനിറച്ച ഒരുപാട് കത്തുകളും....അതറിയാതെ അയാള്‍ യാത്ര ചെയ്തുകൊണ്ടേയിരുന്നു....പഴകിയ കുറെ അക്ഷരങ്ങളുടെ ഓര്‍മ്മച്ചിത്രങ്ങളുമായ്.......!

ജിഷ ഷെരീഫ്

സ്ത്രീ ഭരണം.


സ്ത്രീ സ്വാതന്ത്ര്യ വാദികളുടേയും, സ്ത്രീ വിമോചന വാദികളുടേയും, സ്ത്രീ സംഘടനകളുടെയും എന്നത്തേയും ഒരു പരിവേദനമാണ് അവർക്ക് അർഹിക്കുന്ന പ്രാതിനിധ്യം ലഭിക്കുന്നില്ല എന്നത്. ഭരണ മേഖലയിലും, സമൂഹത്തിലും സ്വന്തം വീട്ടിൽ പോലും തുല്യത ലഭിയ്ക്കാതെ   അവഗണന അനുഭവിക്കുന്നു എന്നും  അവർ എക്കാലവും പരാതി പറഞ്ഞിരുന്നു. രാഷ്ട്രീയത്തിലും  ഭരണത്തിലും അവരുടെ സാന്നിധ്യം കുറവാണ് എന്നതൊരു നഗ്ന സത്യം. ഇതാ അതിനെല്ലാം ഒരു പരിഹാരമായി ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ  50  ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് സംവരണം നൽകിയിരിക്കുകയാണ്.  പഞ്ചായത്ത് മുതൽ കോർപ്പറേഷൻ വരെയുള്ള ഭരണത്തിൽ.

നേർ പകുതി, അതായത് പുരുഷനോട് ഒപ്പത്തിനൊപ്പം.

പക്ഷെ രാഷ്ട്രീയ പാർട്ടികൾ എല്ലാം ഓട്ടമായി. ഇത്രയും വനിതകളെ കണ്ടു പിടിയ്ക്കാൻ. തുല്യതയും പ്രാതിനിധ്യത്തിനും വേണ്ടി പട പൊരുതിയ സ്ത്രീ വിമോചകരെ കാണാനേ ഇല്ല. പതിവ് പോലെ വനിതാ സംവരണ വാർഡ്‌ ആയി മാറിയപ്പോൾ നിലവിലുള്ള  സീറ്റ് നഷ്ട്ടപ്പെട്ട പുരുഷന്മാർ അവരുടെ ഭാര്യമാരെ സ്ഥാനാർഥി ആക്കി പ്രശ്നം പരിഹരിച്ചു. ഭാര്യയ്ക്ക് പകരം പെങ്ങന്മാരേയും ബന്ധുക്കളെയും നിർത്തി  മറ്റു ചിലർ. പുതുതായി സ്ത്രീ സംവരണം ആയ സീറ്റുകളിൽ പുതിയ ആളുകളെ തിരഞ്ഞു. അവിടന്നും ഇവിടന്നും ഒക്കെ കണ്ടു പിടിച്ച് അവസാനം സ്ഥാനാർഥി പട്ടിക പൂർത്തിയാക്കി.

ഈ സ്ഥിതി വിശേഷം എന്താണ്  കാണിക്കുന്നത്?  മുന്നിട്ടിറങ്ങാൻ സ്ത്രീകൾ തയ്യാറല്ല എന്നത് തന്നെ. ഈ നിൽക്കുന്ന സ്ഥാനാർഥികളിൽ ബഹു ഭൂരിഭാഗവും പുരുഷന്മാരുടെ പിന്തുണയോടു കൂടി, അവരുടെ സഹായത്തോടു കൂടി, ജയിച്ചു വന്നാലും ഇതൊക്കെ പ്രതീക്ഷിച്ചാണ് ഇറങ്ങി പുറപ്പെട്ടത്‌. പഴയ കാല ചരിത്രം നോക്കിയാൽ, നല്ലൊരു ശതമാനം സത്യത്തിൽ ഭരണം നടത്തിയത് "പിൻ സീറ്റ് ഡ്രൈവിംഗ്" എന്ന കണക്കിന് തന്നെയാണ്.

 മുന്നിട്ടിറങ്ങാൻ സ്ത്രീകൾ വിമുഖത കാണിക്കുന്നതിന്റെ  പ്രധാന കാരണം ഉത്തരവാദങ്ങൾ ഏറ്റെടുക്കാൻ ഉള്ള അവരുടെ വൈമുഖ്യം തന്നെയാണ്. പുരുഷ മേധാവിത്വം എന്നൊക്കെ മുറവിളി കൂട്ടുന്നുവെങ്കിലും ആ ലേബലിൽ ഒതുങ്ങി ക്കൂടുക എന്നതാണ് അവർക്ക് കൂടുതൽ താൽപ്പര്യം. പൊതു പ്രവർത്തന രംഗത്ത് വരുന്ന  സ്ത്രീകളെ പൊതുവെ താറടിച്ചു കാണിക്കുന്ന ഇന്നത്തെ സമൂഹത്തെ  അവർ ഭയപ്പെടുന്നുവെന്നത് ഒരു കാരണമായി അവർ പറഞ്ഞേക്കാം. അത് അത്ര ശരിയാണെന്ന്‌ തോന്നുന്നില്ല. സിനിമാ രംഗത്തെ സ്ത്രീകളെ കണ്ടില്ലേ? എന്തൊക്കെ പടങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിട്ടും കുലുങ്ങാതെ നിൽക്കുന്നത്. പിന്നെ ഒരു കാര്യം ഇവിടത്തെ രാഷ്ട്രീയ സാമൂഹ്യ കാര്യങ്ങളിൽ താൽപ്പര്യം ഇല്ലാത്തതും അത് മൂലം ഇവിടെ നടക്കുന്ന കാര്യങ്ങളെ ക്കുറിച്ച് ഒരു ധാരണ ഇല്ലാത്തതും ആണ്.

ഇന്നത്തെ രാഷ്ട്രീയ പാർട്ടികളെ ഒക്കെ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും. സ്ത്രീകളെ അപ്രധാന സ്ഥലങ്ങളിൽ മാത്രം അവർ ഇരുത്തുന്നു. തീരുമാനം എടുക്കേണ്ട പദവികളിൽ ഒന്നും സ്ത്രീകൾ ഇല്ല. പുരുഷ തീരുമാനങ്ങൾക്ക് റാൻ മൂളാൻ മാത്രം ഉള്ളവർ. ഒരു ഇന്ദിരാ ഗാന്ധിയോ സോണിയയോ ഉണ്ടായി എന്നത് ശരി. ഇന്ദിരാ ഗാന്ധി സ്വന്തം കഴിവ് കൊണ്ട് മാത്രം അധികാരം പിടിച്ചെടുത്ത ആളാണ്‌.സമ്മതിക്കുന്നു. സോണിയയെ മുൻ നിർത്തി അധികാര മോഹികളായ ആണുങ്ങൾ കളിച്ചു. അങ്ങിനെ ഒരു പദവിയിൽ അവർ എത്തി . അവിടെ എത്തിയപ്പോൾ അവരും കളി തുടങ്ങി. അത്ര തന്നെ.

 സ്ത്രീകൾ ഭരണ രംഗത്ത് വന്നു സ്വതന്ത്രമായി പ്രവർത്തിക്കുന്നത് അഭിലഷണീയം ആണ്. അഴിമതി വളരെ കുറയും എന്നത് തീർച്ച. സരിതയെ പോലുള്ളവരെ മറന്നല്ല ഈ പറയുന്നത്. എന്നിരുന്നാലും അഴിമതിയും ദുർഭരണവും കുറയും. ഇവർ ഭരിക്കും, ഭർത്താക്കന്മാർ കാശ് വാങ്ങും എന്ന രീതിയിൽ നിന്ന് കൊടുക്കാതിരുന്നാൽ മതി. ഏതായാലും  പുതിയതദ്ദേശ സ്വയം  ഭരണം സ്ത്രീകളുടെ തുല്യ അധികാരം ആവുകയാണ്. നല്ല ഒരു അവസരം. കാത്തിരുന്നു കാണാം.

മടക്കയാത്ര


   ചൂടോടെ ദോശ ചുട്ടുതന്ന് അതിന്റെ മുകളിൽ തേങ്ങാച്ചമ്മന്തി ഒഴിച്ചുകൊണ്ട്  ചേച്ചമ്മ പറഞ്ഞു " വേഗം കഴിച്ച് സ്കൂളിൽ പോകാൻ നോക്ക് സമയമാകുന്നു."അപ്പോഴേക്കും അപ്പച്ചന്റെ വിളി കേട്ടു. പത്രവും കയ്യിൽ പിടിച്ച് പൂമുഖത്തെ ചാരുകസേരയിൽ ഇരുന്ന് രാവിലത്തെ ചായക്കുള്ള വിളിയാണ്. 
" വരുന്നു അപ്പച്ചാ"  ചേച്ചമ്മ ധൃതിയിൽ  അടുക്കളയിലേക്കോടി. വേഗം ദോശ കഴിച്ച് ഓടി അടുക്കളയിൽ ചെന്ന് ചേച്ചമ്മ തണുപ്പിച്ചു തന്ന ചായയും കുടിച്ച് ബാഗും തോളിലിട്ട് സ്കൂളിലേക്ക് ഇറങ്ങാൻ നേരം അമ്മച്ചിയുടെ മുറിയിലേക്ക് ഒന്നു പാളി നോക്കി. അറിയാതെ ഒരു നിമിഷം ..........     അമ്മച്ചി നല്ല ഉറക്കം. മെല്ലെ വിളിച്ചു അമ്മച്ചീ........  അമ്മച്ചി ഒന്നു ഞരങ്ങിയോ ?

     സ്കൂളിൽ പോകുന്ന ദിവസങ്ങളിൽ രാവിലെ മുതൽ അമ്മച്ചിയുടെ വിളി കാതിൽ  മുഴങ്ങിക്കൊണ്ടേയിരിക്കുമായിരുന്നു. . കുളിച്ചാൽ മുടി നന്നായി തോർത്താൻ, മുടി ചീവിക്കെട്ടിത്തരാൻ, കഴിക്കാൻ, ചോറും പൊതി ബാഗിലാക്കി വച്ച് തന്നെ യാത്രയാക്കാൻ ഒക്കെ ഓടി നടന്ന അമ്മച്ചി ഇന്നിപ്പോൾ !! അല്ലെങ്കിലും എത്രയോ നാളുകളായി അമ്മച്ചി ഈ നിലയിൽ. വിളിച്ചാൽ 
കണ്ണുകളിലേക്കുറ്റു നോക്കും. പിന്നെക്കാണാം ആ കണ്ണുകൾ നിറയുന്നത്. എന്തെല്ലാമോ മനസ്സിൽ തിക്കുമുട്ടുന്നതുപോലെ പക്ഷെ അമ്മച്ചി ഒന്നും  പറയില്ല കണ്ണുകൾ കൊണ്ടാങ്ഗ്യം കാണിക്കും.
'അടുത്തിരിക്കാൻ ' . അമ്മച്ചിയുടെ കട്ടിലിൽ ചേർന്നിരുന്ന് ആ മെല്ലിച്ചുണങ്ങിയ   കൈകളിൽ പിടിക്കുമ്പോൾ അമ്മച്ചി കൈകളിൽ മുറുകെപ്പിടിക്കും  എന്തൊക്കെയോ പറയാൻ വെമ്പും പോലെ . 

     സാധാരണ വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ടു വന്നാൽ പലഹാരങ്ങൾ ഉണ്ടാക്കി നോക്കിയിരിക്കും കഴിച്ചുതീരും വരെ അമ്മച്ചി അടുത്തു വന്നിരുന്ന് സ്കൂളിലെ വിശേഷങ്ങൾ തിരക്കുമായിരുന്നു. സന്ധ്യക്ക് പ്രാർത്ഥന കഴിഞ്ഞ് ഉച്ചത്തിൽ പാഠപുസ്തകങ്ങൾ വായിച്ചു പഠിക്കുമ്പോൾ അപ്പച്ചൻ ഇടക്കിടെ ഓരോന്നു ചോദിച്ച് തെറ്റുകൾ തിരുത്തി പറഞ്ഞു തരുമായിരുന്നു. അമ്മച്ചി ഇടക്കിടെ വിളിച്ചു കൊണ്ടേയിരിക്കും.  ചേച്ചമ്മ  " ഉഴപ്പാതെ പഠിക്കെടീ " ന്നു പറഞ്ഞു വഴക്കു പറയുമായിരുന്നു. ഇപ്പോൾ ആരും തന്നെ ശ്രദ്ധിക്കാറേയില്ല.  അമ്മച്ചിയുടെ അസുഖത്തോടെ വീട്ടിലെ അന്തരീക്ഷം ആകെ മാറിമറിഞ്ഞു. ആർക്കും ഒന്നിനും സമയമില്ല.  ചേച്ചമ്മയുടെ  സങ്കടം പറഞ്ഞുള്ള കരച്ചിലും, പതം പറച്ചിലും ഇടക്കു കേൾക്കാം.  അപ്പച്ചൻ അപ്പോളൊക്കെ മൌനം പാലിച്ചിരിക്കും.  ഇടക്കിടെ അമ്മച്ചിയെ തോമസ് ചേട്ടന്റെ ടാക്സി കാറിൽ 
ആസ്പത്രിയിലേക്ക്  കൊണ്ടുപോകും. പിന്നെ രണ്ടുമൂന്നു ദിവസം കഴിഞ്ഞേ തിരികെകൊണ്ടുവരികയുള്ളൂ.  അപ്പോഴൊക്കെ വലിയമ്മച്ചിയാവും വീട്ടിൽ വന്നു നിൽക്കുക.  വലിയമ്മച്ചിയോടെന്തെങ്കിലും  ചോദിച്ചാൽ അമ്മച്ചിയുടെ അസുഖം മാറ്റിത്തരാൻ ദൈവത്തോടു പ്രാർത്ഥിക്കാൻ പറഞ്ഞാശ്വസിപ്പിക്കും. 
പലരും വലിയമ്മച്ചിയോടു അമ്മച്ചിയുടെ രോഗവിവരം അന്വേഷിക്കുമ്പോൾ പറയുന്ന കേൾക്കാം... ചേച്ചമ്മയുടെ  കഷ്ടപ്പാടിനെപ്പറ്റി.  " മുന്നോട്ടു പഠിക്കാൻ കഴിയുന്നോ... കെട്ടിച്ചു വിടേണ്ട പ്രായമല്ലിയോ.... അതിന്റെ കഷ്ടപ്പാടോർത്താൽ ..... ആ കൊച്ചിന്റെ തലേവര.... അല്ലാണ്ടെന്തു പറയാൻ... എന്നെക്കൊണ്ട് ഈ വയസ്സുകാലത്ത് എന്ത് ചെയ്യാൻ പറ്റും? " വലിയമ്മച്ചി നെടുവീർപ്പിടുന്നതു കേൾക്കാം. 

   തുടുത്ത മുഖവും, നല്ല വണ്ണവും ഉണ്ടായിരുന്ന അമ്മച്ചിയുടെ ഇന്നത്തെ മെല്ലിച്ചു  ശുഷ്കിച്ച രൂപം.... തെളിച്ചം നഷ്ട്ടപ്പെട്ട  കണ്ണുകൾ.... കഴിഞ്ഞ തവണത്തെ ആസ്പത്രി വാസത്തിനു ശേഷം തിരികെ വരുമ്പോൾ തലയിലെ മുടിയും നഷ്ട്ടപ്പെട്ടിരുന്നു. അറിയാതെ നിറഞ്ഞു തുളുമ്പിയ  കണ്ണുകൾ തുടച്ചു കൊണ്ട് അമ്മച്ചിയെ ഒന്നൂടെ വിളിച്ചു " അമ്മച്ചീ..."  " കൊച്ചുമോളേ നീ വേഗം പോകാൻ നോക്ക്... അമ്മച്ചി ഉറക്കമല്ലേ... " ചേച്ചമ്മ  താക്കീത് തന്ന് ചായയുമായി ധൃതിയിൽ അപ്പച്ചന്റെ അടുത്തേക്ക് പോയി.  വീടിനു മുന്നിലൂടെയുള്ള നടപ്പാതയിൽ നിന്നും കൂട്ടുകാരുടെ ബഹളവും, ചിരിയും, വർത്തമാനം പറച്ചിലും കേൾക്കാം . വീണ്ടും ചേച്ചമ്മയുടെ നീട്ടിവിളി. ഓടി മുറ്റത്തെക്ക്  വരുമ്പോൾ വഴിയിൽ കാത്തുനിൽപ്പുണ്ടായിരുന്നു  നീനയും, മിനിയും. അവർക്കൊപ്പം കളിച്ചും, ചിരിച്ചും, വർത്തമാനം പറഞ്ഞും നടക്കുമ്പോൾ അമ്മച്ചിയെ ഓർത്തുള്ള ആ വിങ്ങൽ മെല്ലെ മെല്ലെ അകന്നു കളിചിരികളിൽ മുഴുകി ഓടി ഓടി സ്കൂളിലേക്ക്. 

     പോകുന്ന വഴി പെൻസിൽ വാങ്ങാനായി സ്കൂളിനടുത്തുള്ള ത്രേസ്യാച്ചേടത്തിയുടെ വീടിനോട് ചേർന്നിരിക്കുന്ന പീടികയിൽ കയറി. പീടികത്തിണ്ണയിലും, മുറ്റത്തും കീ.... കീ... കീ... അലച്ചു കൊണ്ട് തള്ളക്കോഴിയുടെ പിറകെ നടക്കുന്ന ചുവപ്പുകളറിലെ    കോഴിക്കുഞ്ഞുങ്ങളെ  കണ്ട് കൗതുകപ്പെട്ട് " ഇതെങ്ങന ചേട്ടത്തീ എല്ലാത്തിനും ചുവപ്പുനിറം? " ആകാംക്ഷ അടക്കാനാവാതെയുള്ള  തങ്ങളുടെ ചോദ്യത്തിന് " കളറു മുക്കിയതാ പിള്ളാരെ കാക്കേം, പരുന്തും കൊണ്ടുപോവാണ്ടിരിക്കാൻ " എന്ന് ത്രേസ്യാച്ചേടത്തി. ചുവന്ന പഞ്ഞിക്കെട്ടു പോലത്തെ ആ കോഴിക്കുഞ്ഞുങ്ങളെ നോക്കി " ഓ എന്തൊരു ഭംഗി!!!" തങ്ങൾ മൂവരും ചേർന്ന് ഒരുപോലെ പറയുമ്പോൾ ത്രേസ്യാച്ചേടത്തി വിലക്കി " കണ്ണ് വക്കല്ലേ പിള്ളാരേ ഇത്രേം ആക്കിക്കൊണ്ടു വന്നപാടെനിക്കല്ലേ  അറിയൂ" 

      കീ... കീ.. ന്നുള്ള അവയുടെ കരച്ചിൽ.... അമ്മയെ വിളിക്കുന്നതാവാം.  തള്ളക്കോഴി ഓരോന്നു കൊത്തിപ്പെറുക്കി കോ.... ക്കോ... ക്കോ... ശബ്ദമുണ്ടാക്കുമ്പോൾ  കുഞ്ഞുങ്ങൾ ഓടി വന്ന്  തള്ളക്കോഴിക്കു ചുറ്റും കൂടി. ത്രേസ്യാച്ചേടത്തിയുടെ  കണ്ണുവെട്ടിച്ച്  അവയെ ഒന്നു തൊടാൻ മെല്ലെ അടുത്തേക്ക് ചെന്നതും തള്ളക്കോഴി ചിറകു വിടർത്തി ചീറി വന്നു.  ത്രേസ്യാച്ചേടത്തി ഒച്ച വെച്ചു " അതു നല്ല കൊത്തു വച്ചു തരും പിള്ളേരെ... അതിന്റെ കുഞ്ഞുങ്ങളെ പിടിക്കാൻ ചെന്നാൽ..."

     ത്രേസ്യാച്ചേടത്തിയുടെ പീടികയിൽ നിന്ന് ചുവപ്പിൽ കറുപ്പ് വരകളുള്ള പെൻസിലും വാങ്ങി വെളിയിലേക്കിറങ്ങിയപ്പോൾ  വീണ്ടും തിരഞ്ഞു പഞ്ഞിക്കെട്ടു പോലത്തെ ആ കോഴിക്കുഞ്ഞുങ്ങളെ... തൊടിയിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു തള്ളക്കോഴിയും, കുഞ്ഞുങ്ങളും.  ഒറ്റപ്പെട്ട കീ.....കീ....... കരച്ചിൽ കേട്ടുകൊണ്ട് തങ്ങൾ മൂവരും നോക്കുമ്പോൾ, വേലിക്കെട്ടിനിപ്പുറം ഒരു കോഴിക്കുഞ്ഞ്......... അമ്മയെക്കാണാതെ അതൊച്ചവച്ചു കരയുന്ന കണ്ട് സങ്കടം തോന്നി മൂവരും അങ്ങോട്ടോടി കുഞ്ഞിക്കോഴിയെ  പിടിക്കാനായുമ്പോൾ അതു പേടിച്ച് കീ..... കീ.... കരഞ്ഞ് അങ്ങോട്ടും  ഇങ്ങോട്ടും പരക്കം പാഞ്ഞു. ബഹളം കേട്ട ത്രേസ്യാച്ചേടത്തി വീണ്ടും ഒച്ച വച്ചു "സ്കൂളിൽ പോവാൻ നോക്ക് പിള്ളാരെ " 
" ചേട്ടത്തീ... ഈ കോഴിക്കുഞ്ഞ് അമ്മെക്കാണാതെ...." തങ്ങൾ പറയുമ്പോൾ ചേട്ടത്തി അകത്തു നിന്നും വിളിച്ചു പറഞ്ഞു " അതു ഞാൻ നോക്കിക്കൊള്ളാം.. നിങ്ങൾ പോവാൻ നോക്ക്..." 

     തിരിഞ്ഞുള്ള ഓട്ടത്തിനിടയിലും അമ്മയെക്കാണാഞ്ഞു പരിഭ്രമം പിടിച്ച കോഴിക്കുഞ്ഞിന്റെ കീ.... കീ...... നിലവിളി കാതിൽ മുഴങ്ങിക്കേട്ടപ്പോൾ സങ്കടം തോന്നി. പാവം അതിനെ ചേട്ടത്തി തള്ളക്കോഴിയുടെ അടുത്തെത്തിക്കുമോ  ആവോ!! 

     സ്കൂൾ ഗേറ്റ് കടന്നു ചെല്ലുമ്പോഴേ ഫസ്റ്റ് ബെൽ മുഴങ്ങുന്നുണ്ടായിരുന്നു.  മേരിക്കുട്ടി  ടീച്ചർ ഒന്നാം പീരീഡ് ക്ലാസ്സിലേക്ക് വന്നുകയറിയപ്പോൾ വലിയൊരു മഴ പെയ്തു തോർന്ന പോലെ ക്ലാസ്സിലെ 'കലപില ' ശബ്ദം അടങ്ങി ക്ലാസ്സ് മുറി നിശബ്ദമായി. ടീച്ചർ കൊണ്ടുവന്ന ഹാജർ ബുക്ക്,  പല കളറുകളിലുള്ള പേനകളും,പെൻസിലുകളും ഇവയൊക്കെ  ടേബിളിൽ വച്ച് " ഗുഡ് മോർണിംഗ്" പറഞ്ഞു. കുട്ടികളെല്ലാം ചേർന്ന് തിരിച്ചു വിഷ് ചെയ്യുമ്പോൾ കുട്ടികളിൽ നല്ല ഉത്സാഹം. കാരണം കുട്ടികൾക്കെല്ലാം പ്രിയപ്പെട്ട പീരീഡ് ആണ് ടീച്ചറിന്റെ ക്ലാസ്സ്. 

    ഹാജർ വിളി കഴിഞ്ഞതും ടീച്ചർ വിഷയത്തിലേക്ക് കടന്നു. മേശമേൽ വച്ചിരുന്ന വിവിധ കളറുകളിലുള്ള പേനകളും , പെൻസിലുകളും ഒക്കെ എടുത്ത് ടീച്ചർ ചോദിച്ചു.  " വാട്ട് ഈസ് ദിസ്? "  കുട്ടികൾ ഒരുമിച്ചു ചേർന്ന് മറുപടി പറയുമ്പോൾ ടീച്ചർ പറഞ്ഞു"സൈലെൻസ് .. ഞാൻ ചോദിക്കുന്നവർ മാത്രം ഉത്തരം പറഞ്ഞാൽ മതി." ടീച്ചർ ഓരോ പെന്നും, പെൻസിലും ഒക്കെ എടുത്തു കാട്ടി ഓരോരുത്തരുടെ നേരെ ചോദ്യങ്ങൾ എറിഞ്ഞു " വാട്ട് ഈസ് ദിസ്?" "വാട്ട് കളർ ഈസ് ഇറ്റ്?" വാട്ട് ഈസ് ദാറ്റ്?"
ഇംഗ്ലീഷിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നതിന്റെ ആഹ്ലാദത്തിൽ കുട്ടികൾ ഓരോരുത്തരും മത്സരിച്ച് ഉത്തരം പറഞ്ഞുകൊണ്ടിരുന്നു. അടുത്ത പീരീഡ് ശാരദ ടീച്ചർ കഴിഞ്ഞ ദിവസം പഠിപ്പിച്ച മലയാളം പദ്യം കുട്ടികളെക്കൊണ്ട് ചൊല്ലിപ്പിച്ചു. പിന്നെ കാണാതെ എഴുതിപ്പിച്ചു. 

     ഇന്റർവെൽ ബെൽ മുഴങ്ങിയതും കുട്ടികൾ ഒന്നടങ്കം വെളിയിലേക്കോടി. കിട്ടിയ സമയം അടിച്ചോ... പിടിച്ചോ കളിച്ചു, അടുത്ത വീട്ടിലെ കിണറ്റിൻ കരയിൽ പോയി വെള്ളം കുടിച്ചോടി വന്ന് ക്ലാസ്സ് റൂമിൽ കയറി. കുട്ടികളിൽ ആരോ പറഞ്ഞു " കുട്ടിയെ മേരിക്കുട്ടി ടീച്ചർ വിളിക്കുന്നു". ടീച്ചർ മറ്റൊരു 
ടീച്ചറുമായി വെളിയിൽ സംസാരിച്ചു നിൽക്കുന്നു.  തന്നെക്കണ്ടതും ടീച്ചർ പറഞ്ഞു " കുട്ടി വീട്ടിലേക്കു ചെല്ലൂ" .   ' എന്താവും കാര്യം?' മനസ്സിൽ അങ്ങനെയൊരു ചോദ്യം വന്നുവെങ്കിലും ടീച്ചറിനോടു ചോദിക്കാൻ നാവു പൊങ്ങിയില്ല. വേഗം വന്നു പുസ്തകങ്ങൾ അടുക്കി ബാഗിൽ വെക്കുമ്പോൾ നേരിയ ഒരു സംഭ്രമം മനസ്സിൽ. ബാഗുമായി വെളിയിൽ വരുമ്പോൾ ടീച്ചർ വെളിയിൽ കാത്തു നില്പുണ്ടായിരുന്നു. വാത്സല്യപൂർവം തോളിൽ തട്ടിക്കൊണ്ട് ടീച്ചർ പറഞ്ഞു " കുട്ടി വേഗം പൊയ്ക്കോളൂ  ട്ടോ ". 

     ബാഗുമായി നടന്നകലുംപോഴും വെറുതെ ക്ലാസ്സ് വരാന്തയിലേക്ക്  തിരിഞ്ഞൊന്നു നോക്കി. ടീച്ചർ അവിടെത്തന്നെ നോക്കിക്കൊണ്ടു നില്പുണ്ടായിരുന്നു.  ' എന്താവും കാരണം?' മനസ്സിലാ ചോദ്യം ഉയർന്നു വന്നപ്പോൾ വല്ലാത്ത ഒരു വിറയൽ ശരീരത്തെ ബാധിക്കുന്നതുപോലെ തോന്നിച്ചു.  പിന്നെ ഒന്നും നോക്കിയില്ല. ബാഗും തോളിലാക്കി  ആവുന്നത്ര വേഗത്തിൽ ഓടി. അപ്പോഴും മനസ്സിലാ ചോദ്യം ഉയർന്നു വന്നു ' എന്തിനാവും ടീച്ചർ വേഗം വീട്ടിൽ ചെല്ലാൻ പറഞ്ഞത്?' 

     എന്തോ ഒരു സംശയം മനസ്സിൽ തോന്നിയെങ്കിലും ഒന്നും ഉണ്ടാവില്ല എന്നാശ്വസിച്ചുവെങ്കിലും  ഓട്ടത്തിന്റെ സ്പീഡ് കൂടിയിരുന്നു.  സ്പീഡിലുള്ള ആ ഓട്ടത്തിൽ കിതപ്പോ, തള്ളവിരൽ ചെറുതായൊന്നു തട്ടിമുറിഞ്ഞതിന്റെ വേദനയോ അറിഞ്ഞതേയില്ല. സ്കൂൾ വഴിയേ നടന്ന് വായനശാലയുടെ ഇടത്തേവഴിയിലൂടെ സ്പീഡിൽ ഓടി ആ വലിയ കയറ്റം കയറുമ്പോൾ പള്ളിമണിയുടെ നിറുത്താത്ത ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. കിതപ്പ് കൂടി വരുന്നതുപോലെ തോന്നിച്ചു. എങ്കിലും ഓട്ടത്തിന്റെ വേഗം പതിന്മടങ്ങ് കൂട്ടി. നിറുത്താതെയുള്ള ആ പള്ളിമണി  തന്റെ നെഞ്ചിൽ പെരുമ്പറ മുഴങ്ങും പോലെ....   " ഈശോയെ എന്റെ കാലുകൾ തളരുന്നുവോ?"  ബാഗ് ഇങ്ങേത്തോളിലേക്ക് വലിച്ചിട്ട് വീണ്ടും ഓട്ടത്തിന്റെ ശക്തി കൂട്ടി. 

     വീട്ടുപടിക്കലെത്തിയതും  പതിവില്ലാത്ത ആൾക്കൂട്ടം. ' എന്താവും?  വീണ്ടും അമ്മച്ചിയെ ആസ്പത്രിയിൽ  കൊണ്ടുപോകുകയായിരിക്കുമോ? '.  തോളിൽക്കിടന്ന ബാഗ് ഊരി കൈയ്യിൽപ്പിടിച്ച് മെല്ലെ മുറ്റത്തെക്ക് കയറിച്ചെല്ലുംപോൾ  ഔസേപ്പപ്പാപ്പൻ വന്ന് ബാഗ് വാങ്ങി കൈയ്യിൽപിടിച്ചുകൊണ്ടു  അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എവിടെ നിന്നൊക്കെയോ തേങ്ങലും, കരച്ചിലും എന്നെക്കണ്ടപ്പോൾ. ' എന്തിനാവും ഇവരൊക്കെ കരയുന്നത്? അമ്മച്ചിക്ക് അസുഖം കൂടിയിട്ടുണ്ടാവുമോ? അപ്പച്ചനും, ചേച്ചമ്മയും എവിടെ...... കാണുന്നില്ലല്ലോ?' 

     പൂമുഖത്തുനിന്നും അകത്തെ വിശാലമായ ഹാളിലേക്ക് കാലെടുത്തു വച്ചപ്പോൾ കണ്ടു ഹാളിനു നടുക്ക് കട്ടിലിൽ വെള്ളത്തുണിയിൽ പുതപ്പിച്ച് അമ്മച്ചിയെ കിടത്തിയിരിക്കുന്നു.  കട്ടിലിൽ തല വച്ചു കിടന്ന ചേച്ചമ്മ തല പൊക്കിയതും ഒച്ചവച്ച് പതം പറഞ്ഞു കരഞ്ഞു. " കൊച്ചുമോളെ.....നമ്മക്കിനി ആരും 
ഇല്ലാണ്ടായില്ലേടീ......"  അടുത്തിരുന്ന സ്ത്രീകളിൽ ആരൊക്കെയോ ചേച്ചമ്മയെ ആശ്വസിപ്പിക്കുന്നു. ഔസേപ്പ്പപ്പാപ്പന്റെ  ആലീസമ്മാമ്മ  എണീറ്റുവന്ന് തന്നെക്കൂട്ടി അമ്മച്ചിയുടെ അടുത്തേക്ക് കൊണ്ടുചെന്നു. നിയന്ത്രണം വിട്ടുപോയ താൻ ഏങ്ങലടിച്ചു വിളിച്ചു " അമ്മച്ചീ....." 
    സങ്കടം സഹിക്കാനാവാതെ അടുത്തിരുന്ന വലിയമ്മച്ചി തന്നെക്കെട്ടിപ്പിടിച്ചുകൊണ്ട്  പറഞ്ഞു " മോളമ്മച്ചിക്കൊരുമ്മ കൊടുത്താട്ടെ..." അമ്മച്ചിയുടെ നെറ്റിത്തടത്തിൽ അമർത്തി ഉമ്മ വച്ചിട്ടും അമ്മച്ചി ഉണർന്നു നോക്കിയില്ല. താൻ  വലിയമ്മച്ചിയുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു " വലിയമ്മച്ചി... അമ്മച്ചി എന്താ കണ്ണു തുറക്കാത്തെ.... ?" വലിയമ്മച്ചി തന്നെ ചേർത്തു പിടിച്ച് ഏങ്ങലടിച്ചു കരഞ്ഞു. 

      'അമ്മച്ചീ........ അമ്മച്ചീ....... താൻ ഏങ്ങലടിച്ചുകൊണ്ട് മുന്നോട്ടാഞ്ഞ് അമ്മച്ചിയെ വിളിച്ചു. അമ്മച്ചിയെ തൊട്ടുണർത്താനായി  നീട്ടിയ കൈകളിൽ തടഞ്ഞുകൊണ്ട് തന്നെ വലിയമ്മച്ചി ചേർത്തു പിടിച്ചു. ഏങ്ങലടിക്കിടയിൽ താൻ വലിയമ്മച്ചിയോടു ചോദിച്ചു " വലിയമ്മച്ചീ..... അമ്മച്ചിയെന്താ കണ്ണു തുറക്കാത്തെ?"
വലിയമ്മച്ചി പറഞ്ഞു " കണ്ണു തുറക്കില്ല മോളെ.... മടക്കയാത്രയായി.. കർത്താവിന്റെ അടുത്തേക്ക്... എന്റെ മോൾ കുരിശു വരച്ച് പ്രാർത്ഥിക്ക്.."

     വലിയമ്മച്ചിയുടെ നെഞ്ചിൽ മുഖം അണച്ച് വിങ്ങിപ്പൊട്ടി കരയുമ്പോൾ കാതിൽ മുഴങ്ങുന്നു കീ.... കീ... ന്നുള്ള ആ നിലവിളി... താൻ രാവിലെ കണ്ട ആ കോഴിക്കുഞ്ഞിന്റെ നിലവിളിയല്ലേ അത് ...!!?

________________________________~~~~~~~~~____________________
ചിത്രത്തിനു ഗൂഗിളിനോട് കടപ്പാട്

ഒരു യാത്ര കൂടി ......


തണുപ്പുള്ള ഒരു മഴതുള്ളി മുഖത്തു വീണപ്പോഴാണ് ഞാൻ ഞെട്ടിയുണർന്നത് , പുറത്തേക്ക് നോക്കിയപ്പോൾ  ഇടതൂർന്ന് നില്കുന്ന കാട്ടു മരങ്ങൾ മാത്രം കണ്ടു.
പ്രകൃതി നേരിയ കരിമ്പടം പുതച്ചു നില്പുണ്ട്   ,  ഇളം കാറ്റിൽ ഊഞ്ഞാലാടുന്ന ഇലകളിൽ മഴത്തുള്ളികൾ വീണു തിളങ്ങുന്നുണ്ട് ,  ചെറിയ മൂളലോടെ പായുന്ന ബസ്സിലെ വിൻഡോ ഗ്ലാസ്സിന്റെ ഇടയിലൂടെ അരിച്ചു കയറുന്ന  കാറ്റിനൊപ്പം കുഞ്ഞു മഴത്തുള്ളികൾ യാത്രക്കാരുടെ മുഖത്തു പതിക്കുന്നുണ്ട് ,
നാട്ടിൽ നിന്ന് യാത്ര തിരിക്കുമ്പോൾ തന്നെ പെയ്യാൻ വിതുമ്പി നില്പുണ്ട് മഴ , എല്ലായിപ്പോഴും എനിക്ക് യാത്രക്ക് കൂട്ട് ഈ മഴയാണ് മഴയോടുള്ള എന്റെ പ്രണയമാവാം കാരണം.
മഴക്കാലത്തെ യാത്രകൾ വല്ലാത്തൊരു അനുഭൂതിയാണ് , പെയ്തിറങ്ങുന്ന മഴയിലേക്ക് കണ്ണുനട്ട് തണുത്ത കാറ്റേറ്റു  ഈറനുടുത്തു പിറകോട്ടു ചലിക്കുന്ന   പ്രകൃതി ഭംഗി ആസ്വദിച്ച് ,
സമയം നാല്  മണിയോടടുക്കുന്നു.
ഇനി കഷ്ടിച്ച് അരമണിക്കൂർ കൂടിയേ ഉള്ളൂ  ഇറങ്ങാൻ ,
ഓർമയിലേക്ക് ഓരോ മുഖങ്ങൾ തെളിഞ്ഞു വന്നു , വർഷങ്ങൾ കുറച്ചായി ഇതു വഴി വന്നിട്ട് ,
പഠന കാലം അവസാനിപ്പിച്ച ശേഷം എത്തിപ്പെട്ട നാടാണ് , കാടിനോട് ചേർന്ന് നില്കുന്ന മനോഹരമായ നാട് , നെൽ കതിരുകൾ ചാഞ്ഞുലഞ്ഞു നൃത്തമിട്ടു പാട്ടു മൂളുന്നതു കേൾക്കാം , കാടിനുള്ളിൽ നിന്നുൽഭവിച്ചു  പാടങ്ങളെ ചുറ്റി പുഴയിൽ ഒഴുകി ലയിക്കുന്ന കൊച്ചരുവി ,
പാതകൾക്ക് ഇരു വശത്തും ചെറിയ കടകൾ .
മലയാളികളാണ് ഇവിടെ വസിക്കുന്നവർ , സുള്ളിയ മടിക്കേരി പാതയിൽ ഗൂനടുക്ക എന്ന ഈ ഗ്രാമം  ,
ചെറിയൊരു വളവു തിരിഞ്ഞു ബസ്സ്‌ ഒരു കിലുക്കത്തോടെ നിന്നു , ഉറക്കം തൂങ്ങിക്കിടന്നവർ ചാടിയെഴുനേറ്റു ഇറങ്ങി , പതിയെ ഞാനും
മഴമുത്തുകൾ എനിക്ക് മേൽ ചിതറി വീണു.

പാതയോരത്ത് മഴ നനഞ്ഞു വലിയൊരു പുളിമരം നില്പുണ്ട് ചുറ്റും കെട്ടിയ തറയിൽ മഴ കൊള്ളാതെ മരത്തോടു ഒട്ടി നില്കുന്നുണ്ട് ഒരാട്ടിൻ കുട്ടി ,
എന്നെ കണ്ടപാടെ കടയുടെ മുൻപിൽ നിന്നിരുന്ന   പ്രിയ സുഹുർത്ത് സിറാജ് ഓടിവന്നു ഒരു കുടയുമായി,
വരുമെന്ന് അവനെ വിളിച്ചു പറഞ്ഞിരുന്നു
"അപ്പൊ വഴിയൊന്നും മറന്നിട്ടില്ല അല്ലെ ''  അവന്റെ ചോദ്യം പുഞ്ചിരിയോടെ നേരിട്ടു ഞാൻ കുടക്കീഴിലേക്ക് കയറി.
കടയുടെ മുൻപിൽ എത്തിയപ്പോഴേ കേട്ടു.
ചുപ്കെ ചുപ്കെ രാത്ത് ദിൻ ആൻസോ ബഹാനാ യാദ് ഹെ...........
ഉസ്താദ്‌ ഗുലാം അലിയുടെ മനോഹരമായൊരു ഗസൽ
കടയിലേക്ക് കയറുമ്പോഴേ കണ്ടു , കയ്യിൽ കട്ടൻ ചായയും വിരലുകൾക്കിടയിൽ എരിയുന്ന സിഗരറ്റുമായി ഗസലിൽ ലയിച്ചിരിക്കുന്ന വറീദേട്ടൻ.
മനോഹരമായൊരു  സായാഹ്നക്കാഴ്ച  ,
പുറത്തു പെയ്തൊഴിയുന്ന മഴ അതിലേറെ ഭംഗിയായി  ഗസലിന്റെ മാസ്മരിക സംഗീതം.
വറീദേട്ടാ ,,,,,, എന്റെ വിളി കേട്ട് തല ചെരിച്ച് നോക്കി ചില നിമിഷങ്ങൾ
ഹ... നീയോ ,,,  എവിടാർന്നു ,,,
ഇവിടെയോക്കെയുണ്ട് ,,,,,, ഞാൻ പുഞ്ചിരിയോടെ പറഞ്ഞു ,,
നല്ല രസാല്ലെ ,, ഗസലും മഴയും ചായ പുക ,, ഞാൻ കളിയാക്കി ,,
അതല്ലേ , അതിന്റെ ശരി , മൗലാന മൊഹാനി എഴുതിയ വരികളാ അതിനു ഉസ്താദിന്റെ ശബ്ദം കൂട്ടിനു  ,, ഈ ചായയും പുകയും മഴയുമൊക്കെ ഒരു ലഹരിയാണ് ,,
ഞാൻ അത്ഭുതത്തോടെ നോക്കി കൊള്ളാലോ ,
ഇതാണ് ആസ്വാദനം , വെറുതെ കണ്ണടച്ച് പാട്ട് കേൾക്കുന്ന എനിക്ക് എഴുതിയ ആളെയോ പാടുന്ന ആളെയോ അറിയില്ല , വെറുതെ കേട്ടു കൊണ്ടിരിക്കും
വറീദേട്ടൻ  , ഈ നാട്ടിൽ നാൽപതു  വർഷത്തോളമായി , കൊക്കോ കൃഷിയാണ്, കൊല്ലത്തെവിടെയോ ആണ് നാട്  കറുത്ത ചെറിയ മനുഷ്യൻ പുകയിലക്കറ പിടിച്ച പല്ലും ചുണ്ടും, എഴുതാനോ വായിക്കാനോ അദ്ദേഹത്തിനു അറിയില്ല പതിനഞ്ചാം   വയസ്സിൽ കൂപ്പിൽ ജോലിക്ക് വരുന്നവരുടെ കൂടെ വന്ന് എത്തിപ്പെട്ടതാണ് നാട്ടിൽ ആരും ഇല്ലാത്തതിനാൽ തിരിച്ചു പോയില്ല ,, ഞാൻ അവിടെ ഉണ്ടായിരുന്ന സമയത്ത് അദ്ദേഹം തന്നെ പറഞ്ഞതാണ്
വൈകുന്നേരങ്ങളിൽ കാടിനോട്‌ ചേർന്നുള്ള ചെറിയ മൈതാനിയിൽ വോളിബോൾ കണ്ടിരിക്കും ഞങ്ങൾ , വോളിബോൾ ആ നാടിന്റെ ആത്മാവോട് ലയിച്ച പോലെയാണ് , കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ കോർട്ടിൽ കാണും , അതിലെ പ്രധാനിയാണ്‌ മമ്മദിക്ക ,,
പ്രായത്തെ വെല്ലുന്ന ഉണർവ്വാണ് , കോർട്ടിൽ അദ്ദേഹമാണ് താരം ,
എപ്പോഴും നല്ല ഉച്ചത്തിൽ എല്ലാരോടും തമാശ പറഞ്ഞോണ്ടിരിക്കും ,,മമ്മദിക്കാന്റെ ഭാര്യ കദീജുമ്മ യും അങ്ങനെ തന്നെ , എല്ലാരുമായും നല്ല ബന്ധമാണ് , അരുവിയോട് ചേർന്നാണ് അവരുടെ വീട് , അലക്കലും പാത്രം കഴുകലുമൊക്കെ അതിൽ നിന്നാണ് ,, അടുക്കള മുറ്റം നിറയെ പൂക്കൾ വെച്ച് പിടിപ്പിച്ചിരുന്നു അന്ന് , അതിനിടയിൽ വിളഞ്ഞു നിൽകുന്ന പച്ചക്കറികളും കാണും കൂടുതലും പൂ ചെടികളാണ് , അവർ രണ്ടുപേര് മാത്രയുള്ളൂ മക്കളില്ല , ഒരു മകൻ ഉണ്ടായിരുന്നത് ചെറുപ്പത്തിൽ തന്നെ എന്തോ അസുഖം വന്നു മരിച്ചതാണ് ,  അവരെ കാണാൻ ആണ് ഞാൻ വന്നത് തന്നെ , കുറെ നാളായിട്ടുള്ള ആഗ്രഹമാണ് ,
അതിനു മുൻപ് അവിടെയുള്ള പ്രസിദ്ധമായ പേരെടുക്ക മഖാമിൽ ചെല്ലണം അതിനാണ്  സിരാജിനോട്  നിൽകാൻ പറഞ്ഞത് , കാരണം കാടിനുള്ളിലൂടെ നടക്കണം തേക്കിൻ കാടാണ് ഇടയ്ക്കു ആനയുടെ ചൂളം വിളി കേൾകാം , മുളക്കാടുകൾ ഉള്ളത് കൊണ്ട് അതിനെ ചവിട്ടി മെതിക്കലാണ് ആനയുടെ പ്രധാന ജോലി ,,
എന്റെ ചിന്തയെ മുറിച്ച് സിറാജ് ചോദിച്ചു ,,നമുക്ക് പോയാലോ
പോകാം ,, റോഡിനു മറുവശത്ത്‌ കിടക്കുന്ന കാറ് ചൂണ്ടി അവൻ പറഞ്ഞു , വണ്ടിയിൽ പോകാം  ഇപ്പൊ അവിടേക്ക് റോഡായിട്ടുണ്ട്,,
എന്തിനു വണ്ടി നമുക്ക് നടക്കാം രസായിട്ട് ,,
 ഞങ്ങൾ അവിടെയുള്ളവരോട് യാത്ര പറഞ്ഞു നടന്നു
റോഡിന്റെ ഇടതു വശത്ത്‌ അനാഥമായി കിടക്കുന്ന വോളിബോൾ കോർട്ട് ശ്രദ്ധിച്ചു.
നെൽ പാടം മഴയിൽ കുതിർന്നു നില്പുണ്ട് , അരുവിക്ക്‌ മുകളിലെ തടിപ്പാലം കടന്നു വരമ്പിലേക്ക് ഇറങ്ങുമ്പോൾ മനസ്സ് ഒന്നിടറി
എന്റെ പ്രണയം ജന്മം കൊണ്ടത്‌ ഈ വഴികളിലാണ് , സ്വപ്നം കണ്ടു തുടങ്ങിയ വയൽ വരമ്പിന്റെ  , അറ്റത്തു  ചുവന്ന ഷാൾ ഉലയുന്നുണ്ടെന്നു തോന്നി ,,
അവളുടെ വളകിലുക്കം പോലുള്ള ചിരി മഴയിൽ ലയിച്ചു കേൾക്കുന്ന പോലെ, എന്നെ ഈ വഴികളിലൂടെ നടത്തുന്നത് ആ ഓർമകളാണ് , നീറുന്ന ഓർമ്മകൾ,,  ഞാൻ സ്വയം മുറിപ്പെടുത്തി അറുത്തു മാറ്റിയതാണ്  ആ സ്വപ്നം, ഒടുവിൽ യാത്രപറഞ്ഞു പിരിയാൻ നേരം ഒരുപാട് നോവുകൾ  കൂട്ടിച്ചേർത്തു അവൾ പുഞ്ചിരിച്ചപ്പോൾ മൂക സാക്ഷിയായി മഴയുണ്ടായിരുന്നു എന്റെ കണ്ണീരിന്റെ അംശം പോലെ ,,
വേണ്ടെന്നു വിലക്കീയിട്ടും  ആർദ്രമായ്‌ ആ മുഖത്തെ പിന്നെയും മനസ്സിലേക്ക് ആവാഹിക്കുന്നതു ഏതു ശക്തിയാണ്..?
എന്താ പതിവ് തെറ്റിച്ചു ഇങ്ങോട്ട് വരാൻ ?,
എന്റെ വഴുതിപ്പോയ ചിന്തയെ അവന്റെ ചോദ്യം തിരിച്ചു കൊണ്ട് വന്നു
ഈ നാടൊന്നു കാണണം , പിന്നെ മമ്മദിക്കാനെയും .
ഏതു മമ്മദിക്ക ?
നമ്മുടെ വോളിബോൾ ,, പറഞ്ഞു തീരും മുൻപേ അവൻ വേരിറങ്ങിയ പോലെ നിന്നു
''നിനക്കറിയില്ലേ ആ കഥയൊന്നും ?''
എന്ത് കഥ ? എന്റെ ശ്വാസഗതി കൂടിയത് പോലെയായി
കദീജുമ്മ മരിച്ചിട്ട് മൂന്നു വർഷായി , കുറെ നാൾ ആശുപത്രിയിൽ ആയിരുന്നു
ബ്രെസ്റ്റ് കാൻസർ '' അവനൊന്നു നിർത്തി.
എന്റെ ശ്വാസം വിലങ്ങിഅവരുടെ ഉച്ചത്തിലുള്ള വിളി ഇപ്പോഴും കാതിലുണ്ട്.
"ആണ്‍ കുട്ടികൾ അലക്കാനൊന്നും നിക്കരുത്‌ അതിനല്ലേ ഇവിടെ പെണ്ണുങ്ങൾ  അതിങ്ങു തന്നാ  പോരെ ഞാൻ ചെയ്യൂലെ ''
ശാസന കലർന്ന വാക്കുകൾ,  നിർബന്ധിച്ചു പിടിച്ചു വാങ്ങി എന്റെ ഡ്രെസ്സുകൾ അലക്കി ഉണങ്ങാനിടുന്നതിനിടെ അവർ പറയും
 ''നിനക്ക് നിന്റെ കേട്ടിയോളോട് പറഞ്ഞു കൊടുക്കാലോ എന്നെ പറ്റി'' ,,  പിന്നെ ഉച്ചത്തിൽ പൊട്ടിച്ചിരിയും
അപ്പൊ മമ്മദിക്ക ,, ?
ആദ്യം  പുറത്തൊക്കെ കാണാറുണ്ടായിരുന്നു ആരോടും ഒന്നും മിണ്ടാറില്ല, ആ പുളിമരത്തിന്റെ തറയിൽ വന്നിരിക്കും   അല്ലെങ്കിൽ പള്ളിയിലേക്ക് ബാക്കിയുള്ള സമയം വീട്ടിനുള്ളിൽ തന്നെ കാണും , ഒറ്റക്കിരുന്നു സംസാരിച്ചു കൊണ്ട് , പിന്നെ പുറത്തിറങ്ങാതായി.
ഞാൻ ഒന്നും മിണ്ടാനാവാതെ നിന്നു ,,
മമ്മദിക്ക എപ്പോഴും തമാശയുമായി നടക്കുന്നയാളാണ്  ,
ഒരിക്കൽ പോലും സീരിയസ് ആയിട്ട് കണ്ടിട്ടില്ല , ഒരുദിവസം എന്നോട് പറഞ്ഞു ,
 ''എടാ ഒരു പെണ്ണുണ്ട് നല്ലൊരു  പയ്യനെ വേണം  നല്ല സ്ത്രീധനം കൊടുക്കാം , പ്രായം ഇത്തിരി കുറവാണ് , അത് സാരമില്ല നാവിന്റെ നീളം കൂടുതലുണ്ട് ''
അതാരാ മമ്മദ്ക്കാ ,, നിങ്ങടെ ബന്ധുവാ ?
''ഉം ചെറിയൊരു ബന്ധമുണ്ട് ,,,  ദേ അവിടെ നിക്കുന്നു വല്ലാത്ത ശല്യാണ് ..
ഞാൻ നോക്കിയപ്പോൾ കദീജുമ്മ നില്കുന്നുണ്ട് ,  ഞാൻ ചിരിച്ചു
''അതിനു തലക്ക് സൂക്കെടാണ് , മോനെ ,, നീ കാര്യാകണ്ട'' അവരെന്നെ നോക്കി പറഞ്ഞു ,
''എന്തെ ഇന്ന് വഴക്കുണ്ടായോ ,''
''ഹേയ് വെറുതെ'' ,,
അത്രയും സ്നേഹമുള്ള ദമ്പതികളെ ഞാൻ വേറെ കണ്ടിട്ടില്ല.
സിറാജ് നടന്നു കുറച്ചു മുൻപിൽ എത്തിയിരുന്നു
അവൻ തിരിഞ്ഞു എന്നെ നോക്കി തുടർന്നു ,
രണ്ടു ദിവസം പുറത്തു കാണാത്തപ്പോൾ ആരോ പോയി നോക്കിയതാ , വിളിച്ചിട്ട് മിണ്ടാതായപ്പോൾ ആളെ കൂട്ടി വാതിൽ പൊളിച്ചു അകത്തു കടന്നത്‌, ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് മരിച്ചിട്ട് ഒരു ദിവസം കഴിഞ്ഞിരുന്നു എന്നാ ,,
തികഞ്ഞൊരു നിശബ്ദത എനിക്ക് ചുറ്റും പരന്നു ഇലയനക്കങ്ങൾ പോലുമില്ലാതെ.
കാട്ട്  വഴികളും പുഴയും കടന്നു ഞങ്ങൾ മഖാമിലെത്തി ,
തിരിച്ചിറങ്ങുമ്പോൾ സിറാജ് കാണിച്ചു തന്നു
അവരുടെ ഖബർ ,,
അതിനു മുകളിൽ ഏതോ കാട്ടു തൈകൾ വളർന്നു നിൽകുന്നു  ഞാൻ ചില നിമിഷങ്ങൾ അതിനു മുന്നിൽ നിന്നു ,,,, പിന്നെ തിരിഞ്ഞു നടന്നു
ഇരുൾ മൂടിയ ആകാശത്തു നിന്ന് പിന്നെയും മഴ പൊഴിഞ്ഞു കൊണ്ടിരുന്നു .


അസീസ്‌ ഈസ  (+966 546903968 )

Search This Blog