ചൂടോടെ ദോശ ചുട്ടുതന്ന് അതിന്റെ മുകളിൽ തേങ്ങാച്ചമ്മന്തി ഒഴിച്ചുകൊണ്ട് ചേച്ചമ്മ പറഞ്ഞു " വേഗം കഴിച്ച് സ്കൂളിൽ പോകാൻ നോക്ക് സമയമാകുന്നു."അപ്പോഴേക്കും അപ്പച്ചന്റെ വിളി കേട്ടു. പത്രവും കയ്യിൽ പിടിച്ച് പൂമുഖത്തെ ചാരുകസേരയിൽ ഇരുന്ന് രാവിലത്തെ ചായക്കുള്ള വിളിയാണ്.
" വരുന്നു അപ്പച്ചാ" ചേച്ചമ്മ ധൃതിയിൽ അടുക്കളയിലേക്കോടി. വേഗം ദോശ കഴിച്ച് ഓടി അടുക്കളയിൽ ചെന്ന് ചേച്ചമ്മ തണുപ്പിച്ചു തന്ന ചായയും കുടിച്ച് ബാഗും തോളിലിട്ട് സ്കൂളിലേക്ക് ഇറങ്ങാൻ നേരം അമ്മച്ചിയുടെ മുറിയിലേക്ക് ഒന്നു പാളി നോക്കി. അറിയാതെ ഒരു നിമിഷം .......... അമ്മച്ചി നല്ല ഉറക്കം. മെല്ലെ വിളിച്ചു അമ്മച്ചീ........ അമ്മച്ചി ഒന്നു ഞരങ്ങിയോ ?
സ്കൂളിൽ പോകുന്ന ദിവസങ്ങളിൽ രാവിലെ മുതൽ അമ്മച്ചിയുടെ വിളി കാതിൽ മുഴങ്ങിക്കൊണ്ടേയിരിക്കുമായിരുന്നു. . കുളിച്ചാൽ മുടി നന്നായി തോർത്താൻ, മുടി ചീവിക്കെട്ടിത്തരാൻ, കഴിക്കാൻ, ചോറും പൊതി ബാഗിലാക്കി വച്ച് തന്നെ യാത്രയാക്കാൻ ഒക്കെ ഓടി നടന്ന അമ്മച്ചി ഇന്നിപ്പോൾ !! അല്ലെങ്കിലും എത്രയോ നാളുകളായി അമ്മച്ചി ഈ നിലയിൽ. വിളിച്ചാൽ
കണ്ണുകളിലേക്കുറ്റു നോക്കും. പിന്നെക്കാണാം ആ കണ്ണുകൾ നിറയുന്നത്. എന്തെല്ലാമോ മനസ്സിൽ തിക്കുമുട്ടുന്നതുപോലെ പക്ഷെ അമ്മച്ചി ഒന്നും പറയില്ല കണ്ണുകൾ കൊണ്ടാങ്ഗ്യം കാണിക്കും.
'അടുത്തിരിക്കാൻ ' . അമ്മച്ചിയുടെ കട്ടിലിൽ ചേർന്നിരുന്ന് ആ മെല്ലിച്ചുണങ്ങിയ കൈകളിൽ പിടിക്കുമ്പോൾ അമ്മച്ചി കൈകളിൽ മുറുകെപ്പിടിക്കും എന്തൊക്കെയോ പറയാൻ വെമ്പും പോലെ .
സാധാരണ വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ടു വന്നാൽ പലഹാരങ്ങൾ ഉണ്ടാക്കി നോക്കിയിരിക്കും കഴിച്ചുതീരും വരെ അമ്മച്ചി അടുത്തു വന്നിരുന്ന് സ്കൂളിലെ വിശേഷങ്ങൾ തിരക്കുമായിരുന്നു. സന്ധ്യക്ക് പ്രാർത്ഥന കഴിഞ്ഞ് ഉച്ചത്തിൽ പാഠപുസ്തകങ്ങൾ വായിച്ചു പഠിക്കുമ്പോൾ അപ്പച്ചൻ ഇടക്കിടെ ഓരോന്നു ചോദിച്ച് തെറ്റുകൾ തിരുത്തി പറഞ്ഞു തരുമായിരുന്നു. അമ്മച്ചി ഇടക്കിടെ വിളിച്ചു കൊണ്ടേയിരിക്കും. ചേച്ചമ്മ " ഉഴപ്പാതെ പഠിക്കെടീ " ന്നു പറഞ്ഞു വഴക്കു പറയുമായിരുന്നു. ഇപ്പോൾ ആരും തന്നെ ശ്രദ്ധിക്കാറേയില്ല. അമ്മച്ചിയുടെ അസുഖത്തോടെ വീട്ടിലെ അന്തരീക്ഷം ആകെ മാറിമറിഞ്ഞു. ആർക്കും ഒന്നിനും സമയമില്ല. ചേച്ചമ്മയുടെ സങ്കടം പറഞ്ഞുള്ള കരച്ചിലും, പതം പറച്ചിലും ഇടക്കു കേൾക്കാം. അപ്പച്ചൻ അപ്പോളൊക്കെ മൌനം പാലിച്ചിരിക്കും. ഇടക്കിടെ അമ്മച്ചിയെ തോമസ് ചേട്ടന്റെ ടാക്സി കാറിൽ
ആസ്പത്രിയിലേക്ക് കൊണ്ടുപോകും. പിന്നെ രണ്ടുമൂന്നു ദിവസം കഴിഞ്ഞേ തിരികെകൊണ്ടുവരികയുള്ളൂ. അപ്പോഴൊക്കെ വലിയമ്മച്ചിയാവും വീട്ടിൽ വന്നു നിൽക്കുക. വലിയമ്മച്ചിയോടെന്തെങ്കിലും ചോദിച്ചാൽ അമ്മച്ചിയുടെ അസുഖം മാറ്റിത്തരാൻ ദൈവത്തോടു പ്രാർത്ഥിക്കാൻ പറഞ്ഞാശ്വസിപ്പിക്കും.
പലരും വലിയമ്മച്ചിയോടു അമ്മച്ചിയുടെ രോഗവിവരം അന്വേഷിക്കുമ്പോൾ പറയുന്ന കേൾക്കാം... ചേച്ചമ്മയുടെ കഷ്ടപ്പാടിനെപ്പറ്റി. " മുന്നോട്ടു പഠിക്കാൻ കഴിയുന്നോ... കെട്ടിച്ചു വിടേണ്ട പ്രായമല്ലിയോ.... അതിന്റെ കഷ്ടപ്പാടോർത്താൽ ..... ആ കൊച്ചിന്റെ തലേവര.... അല്ലാണ്ടെന്തു പറയാൻ... എന്നെക്കൊണ്ട് ഈ വയസ്സുകാലത്ത് എന്ത് ചെയ്യാൻ പറ്റും? " വലിയമ്മച്ചി നെടുവീർപ്പിടുന്നതു കേൾക്കാം.
തുടുത്ത മുഖവും, നല്ല വണ്ണവും ഉണ്ടായിരുന്ന അമ്മച്ചിയുടെ ഇന്നത്തെ മെല്ലിച്ചു ശുഷ്കിച്ച രൂപം.... തെളിച്ചം നഷ്ട്ടപ്പെട്ട കണ്ണുകൾ.... കഴിഞ്ഞ തവണത്തെ ആസ്പത്രി വാസത്തിനു ശേഷം തിരികെ വരുമ്പോൾ തലയിലെ മുടിയും നഷ്ട്ടപ്പെട്ടിരുന്നു. അറിയാതെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ചു കൊണ്ട് അമ്മച്ചിയെ ഒന്നൂടെ വിളിച്ചു " അമ്മച്ചീ..." " കൊച്ചുമോളേ നീ വേഗം പോകാൻ നോക്ക്... അമ്മച്ചി ഉറക്കമല്ലേ... " ചേച്ചമ്മ താക്കീത് തന്ന് ചായയുമായി ധൃതിയിൽ അപ്പച്ചന്റെ അടുത്തേക്ക് പോയി. വീടിനു മുന്നിലൂടെയുള്ള നടപ്പാതയിൽ നിന്നും കൂട്ടുകാരുടെ ബഹളവും, ചിരിയും, വർത്തമാനം പറച്ചിലും കേൾക്കാം . വീണ്ടും ചേച്ചമ്മയുടെ നീട്ടിവിളി. ഓടി മുറ്റത്തെക്ക് വരുമ്പോൾ വഴിയിൽ കാത്തുനിൽപ്പുണ്ടായിരുന്നു നീനയും, മിനിയും. അവർക്കൊപ്പം കളിച്ചും, ചിരിച്ചും, വർത്തമാനം പറഞ്ഞും നടക്കുമ്പോൾ അമ്മച്ചിയെ ഓർത്തുള്ള ആ വിങ്ങൽ മെല്ലെ മെല്ലെ അകന്നു കളിചിരികളിൽ മുഴുകി ഓടി ഓടി സ്കൂളിലേക്ക്.
പോകുന്ന വഴി പെൻസിൽ വാങ്ങാനായി സ്കൂളിനടുത്തുള്ള ത്രേസ്യാച്ചേടത്തിയുടെ വീടിനോട് ചേർന്നിരിക്കുന്ന പീടികയിൽ കയറി. പീടികത്തിണ്ണയിലും, മുറ്റത്തും കീ.... കീ... കീ... അലച്ചു കൊണ്ട് തള്ളക്കോഴിയുടെ പിറകെ നടക്കുന്ന ചുവപ്പുകളറിലെ കോഴിക്കുഞ്ഞുങ്ങളെ കണ്ട് കൗതുകപ്പെട്ട് " ഇതെങ്ങന ചേട്ടത്തീ എല്ലാത്തിനും ചുവപ്പുനിറം? " ആകാംക്ഷ അടക്കാനാവാതെയുള്ള തങ്ങളുടെ ചോദ്യത്തിന് " കളറു മുക്കിയതാ പിള്ളാരെ കാക്കേം, പരുന്തും കൊണ്ടുപോവാണ്ടിരിക്കാൻ " എന്ന് ത്രേസ്യാച്ചേടത്തി. ചുവന്ന പഞ്ഞിക്കെട്ടു പോലത്തെ ആ കോഴിക്കുഞ്ഞുങ്ങളെ നോക്കി " ഓ എന്തൊരു ഭംഗി!!!" തങ്ങൾ മൂവരും ചേർന്ന് ഒരുപോലെ പറയുമ്പോൾ ത്രേസ്യാച്ചേടത്തി വിലക്കി " കണ്ണ് വക്കല്ലേ പിള്ളാരേ ഇത്രേം ആക്കിക്കൊണ്ടു വന്നപാടെനിക്കല്ലേ അറിയൂ"
കീ... കീ.. ന്നുള്ള അവയുടെ കരച്ചിൽ.... അമ്മയെ വിളിക്കുന്നതാവാം. തള്ളക്കോഴി ഓരോന്നു കൊത്തിപ്പെറുക്കി കോ.... ക്കോ... ക്കോ... ശബ്ദമുണ്ടാക്കുമ്പോൾ കുഞ്ഞുങ്ങൾ ഓടി വന്ന് തള്ളക്കോഴിക്കു ചുറ്റും കൂടി. ത്രേസ്യാച്ചേടത്തിയുടെ കണ്ണുവെട്ടിച്ച് അവയെ ഒന്നു തൊടാൻ മെല്ലെ അടുത്തേക്ക് ചെന്നതും തള്ളക്കോഴി ചിറകു വിടർത്തി ചീറി വന്നു. ത്രേസ്യാച്ചേടത്തി ഒച്ച വെച്ചു " അതു നല്ല കൊത്തു വച്ചു തരും പിള്ളേരെ... അതിന്റെ കുഞ്ഞുങ്ങളെ പിടിക്കാൻ ചെന്നാൽ..."
ത്രേസ്യാച്ചേടത്തിയുടെ പീടികയിൽ നിന്ന് ചുവപ്പിൽ കറുപ്പ് വരകളുള്ള പെൻസിലും വാങ്ങി വെളിയിലേക്കിറങ്ങിയപ്പോൾ വീണ്ടും തിരഞ്ഞു പഞ്ഞിക്കെട്ടു പോലത്തെ ആ കോഴിക്കുഞ്ഞുങ്ങളെ... തൊടിയിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു തള്ളക്കോഴിയും, കുഞ്ഞുങ്ങളും. ഒറ്റപ്പെട്ട കീ.....കീ....... കരച്ചിൽ കേട്ടുകൊണ്ട് തങ്ങൾ മൂവരും നോക്കുമ്പോൾ, വേലിക്കെട്ടിനിപ്പുറം ഒരു കോഴിക്കുഞ്ഞ്......... അമ്മയെക്കാണാതെ അതൊച്ചവച്ചു കരയുന്ന കണ്ട് സങ്കടം തോന്നി മൂവരും അങ്ങോട്ടോടി കുഞ്ഞിക്കോഴിയെ പിടിക്കാനായുമ്പോൾ അതു പേടിച്ച് കീ..... കീ.... കരഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും പരക്കം പാഞ്ഞു. ബഹളം കേട്ട ത്രേസ്യാച്ചേടത്തി വീണ്ടും ഒച്ച വച്ചു "സ്കൂളിൽ പോവാൻ നോക്ക് പിള്ളാരെ "
" ചേട്ടത്തീ... ഈ കോഴിക്കുഞ്ഞ് അമ്മെക്കാണാതെ...." തങ്ങൾ പറയുമ്പോൾ ചേട്ടത്തി അകത്തു നിന്നും വിളിച്ചു പറഞ്ഞു " അതു ഞാൻ നോക്കിക്കൊള്ളാം.. നിങ്ങൾ പോവാൻ നോക്ക്..."
തിരിഞ്ഞുള്ള ഓട്ടത്തിനിടയിലും അമ്മയെക്കാണാഞ്ഞു പരിഭ്രമം പിടിച്ച കോഴിക്കുഞ്ഞിന്റെ കീ.... കീ...... നിലവിളി കാതിൽ മുഴങ്ങിക്കേട്ടപ്പോൾ സങ്കടം തോന്നി. പാവം അതിനെ ചേട്ടത്തി തള്ളക്കോഴിയുടെ അടുത്തെത്തിക്കുമോ ആവോ!!
സ്കൂൾ ഗേറ്റ് കടന്നു ചെല്ലുമ്പോഴേ ഫസ്റ്റ് ബെൽ മുഴങ്ങുന്നുണ്ടായിരുന്നു. മേരിക്കുട്ടി ടീച്ചർ ഒന്നാം പീരീഡ് ക്ലാസ്സിലേക്ക് വന്നുകയറിയപ്പോൾ വലിയൊരു മഴ പെയ്തു തോർന്ന പോലെ ക്ലാസ്സിലെ 'കലപില ' ശബ്ദം അടങ്ങി ക്ലാസ്സ് മുറി നിശബ്ദമായി. ടീച്ചർ കൊണ്ടുവന്ന ഹാജർ ബുക്ക്, പല കളറുകളിലുള്ള പേനകളും,പെൻസിലുകളും ഇവയൊക്കെ ടേബിളിൽ വച്ച് " ഗുഡ് മോർണിംഗ്" പറഞ്ഞു. കുട്ടികളെല്ലാം ചേർന്ന് തിരിച്ചു വിഷ് ചെയ്യുമ്പോൾ കുട്ടികളിൽ നല്ല ഉത്സാഹം. കാരണം കുട്ടികൾക്കെല്ലാം പ്രിയപ്പെട്ട പീരീഡ് ആണ് ടീച്ചറിന്റെ ക്ലാസ്സ്.
ഹാജർ വിളി കഴിഞ്ഞതും ടീച്ചർ വിഷയത്തിലേക്ക് കടന്നു. മേശമേൽ വച്ചിരുന്ന വിവിധ കളറുകളിലുള്ള പേനകളും , പെൻസിലുകളും ഒക്കെ എടുത്ത് ടീച്ചർ ചോദിച്ചു. " വാട്ട് ഈസ് ദിസ്? " കുട്ടികൾ ഒരുമിച്ചു ചേർന്ന് മറുപടി പറയുമ്പോൾ ടീച്ചർ പറഞ്ഞു"സൈലെൻസ് .. ഞാൻ ചോദിക്കുന്നവർ മാത്രം ഉത്തരം പറഞ്ഞാൽ മതി." ടീച്ചർ ഓരോ പെന്നും, പെൻസിലും ഒക്കെ എടുത്തു കാട്ടി ഓരോരുത്തരുടെ നേരെ ചോദ്യങ്ങൾ എറിഞ്ഞു " വാട്ട് ഈസ് ദിസ്?" "വാട്ട് കളർ ഈസ് ഇറ്റ്?" വാട്ട് ഈസ് ദാറ്റ്?"
ഇംഗ്ലീഷിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നതിന്റെ ആഹ്ലാദത്തിൽ കുട്ടികൾ ഓരോരുത്തരും മത്സരിച്ച് ഉത്തരം പറഞ്ഞുകൊണ്ടിരുന്നു. അടുത്ത പീരീഡ് ശാരദ ടീച്ചർ കഴിഞ്ഞ ദിവസം പഠിപ്പിച്ച മലയാളം പദ്യം കുട്ടികളെക്കൊണ്ട് ചൊല്ലിപ്പിച്ചു. പിന്നെ കാണാതെ എഴുതിപ്പിച്ചു.
ഇന്റർവെൽ ബെൽ മുഴങ്ങിയതും കുട്ടികൾ ഒന്നടങ്കം വെളിയിലേക്കോടി. കിട്ടിയ സമയം അടിച്ചോ... പിടിച്ചോ കളിച്ചു, അടുത്ത വീട്ടിലെ കിണറ്റിൻ കരയിൽ പോയി വെള്ളം കുടിച്ചോടി വന്ന് ക്ലാസ്സ് റൂമിൽ കയറി. കുട്ടികളിൽ ആരോ പറഞ്ഞു " കുട്ടിയെ മേരിക്കുട്ടി ടീച്ചർ വിളിക്കുന്നു". ടീച്ചർ മറ്റൊരു
ടീച്ചറുമായി വെളിയിൽ സംസാരിച്ചു നിൽക്കുന്നു. തന്നെക്കണ്ടതും ടീച്ചർ പറഞ്ഞു " കുട്ടി വീട്ടിലേക്കു ചെല്ലൂ" . ' എന്താവും കാര്യം?' മനസ്സിൽ അങ്ങനെയൊരു ചോദ്യം വന്നുവെങ്കിലും ടീച്ചറിനോടു ചോദിക്കാൻ നാവു പൊങ്ങിയില്ല. വേഗം വന്നു പുസ്തകങ്ങൾ അടുക്കി ബാഗിൽ വെക്കുമ്പോൾ നേരിയ ഒരു സംഭ്രമം മനസ്സിൽ. ബാഗുമായി വെളിയിൽ വരുമ്പോൾ ടീച്ചർ വെളിയിൽ കാത്തു നില്പുണ്ടായിരുന്നു. വാത്സല്യപൂർവം തോളിൽ തട്ടിക്കൊണ്ട് ടീച്ചർ പറഞ്ഞു " കുട്ടി വേഗം പൊയ്ക്കോളൂ ട്ടോ ".
ബാഗുമായി നടന്നകലുംപോഴും വെറുതെ ക്ലാസ്സ് വരാന്തയിലേക്ക് തിരിഞ്ഞൊന്നു നോക്കി. ടീച്ചർ അവിടെത്തന്നെ നോക്കിക്കൊണ്ടു നില്പുണ്ടായിരുന്നു. ' എന്താവും കാരണം?' മനസ്സിലാ ചോദ്യം ഉയർന്നു വന്നപ്പോൾ വല്ലാത്ത ഒരു വിറയൽ ശരീരത്തെ ബാധിക്കുന്നതുപോലെ തോന്നിച്ചു. പിന്നെ ഒന്നും നോക്കിയില്ല. ബാഗും തോളിലാക്കി ആവുന്നത്ര വേഗത്തിൽ ഓടി. അപ്പോഴും മനസ്സിലാ ചോദ്യം ഉയർന്നു വന്നു ' എന്തിനാവും ടീച്ചർ വേഗം വീട്ടിൽ ചെല്ലാൻ പറഞ്ഞത്?'
എന്തോ ഒരു സംശയം മനസ്സിൽ തോന്നിയെങ്കിലും ഒന്നും ഉണ്ടാവില്ല എന്നാശ്വസിച്ചുവെങ്കിലും ഓട്ടത്തിന്റെ സ്പീഡ് കൂടിയിരുന്നു. സ്പീഡിലുള്ള ആ ഓട്ടത്തിൽ കിതപ്പോ, തള്ളവിരൽ ചെറുതായൊന്നു തട്ടിമുറിഞ്ഞതിന്റെ വേദനയോ അറിഞ്ഞതേയില്ല. സ്കൂൾ വഴിയേ നടന്ന് വായനശാലയുടെ ഇടത്തേവഴിയിലൂടെ സ്പീഡിൽ ഓടി ആ വലിയ കയറ്റം കയറുമ്പോൾ പള്ളിമണിയുടെ നിറുത്താത്ത ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. കിതപ്പ് കൂടി വരുന്നതുപോലെ തോന്നിച്ചു. എങ്കിലും ഓട്ടത്തിന്റെ വേഗം പതിന്മടങ്ങ് കൂട്ടി. നിറുത്താതെയുള്ള ആ പള്ളിമണി തന്റെ നെഞ്ചിൽ പെരുമ്പറ മുഴങ്ങും പോലെ.... " ഈശോയെ എന്റെ കാലുകൾ തളരുന്നുവോ?" ബാഗ് ഇങ്ങേത്തോളിലേക്ക് വലിച്ചിട്ട് വീണ്ടും ഓട്ടത്തിന്റെ ശക്തി കൂട്ടി.
വീട്ടുപടിക്കലെത്തിയതും പതിവില്ലാത്ത ആൾക്കൂട്ടം. ' എന്താവും? വീണ്ടും അമ്മച്ചിയെ ആസ്പത്രിയിൽ കൊണ്ടുപോകുകയായിരിക്കുമോ? '. തോളിൽക്കിടന്ന ബാഗ് ഊരി കൈയ്യിൽപ്പിടിച്ച് മെല്ലെ മുറ്റത്തെക്ക് കയറിച്ചെല്ലുംപോൾ ഔസേപ്പപ്പാപ്പൻ വന്ന് ബാഗ് വാങ്ങി കൈയ്യിൽപിടിച്ചുകൊണ്ടു അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എവിടെ നിന്നൊക്കെയോ തേങ്ങലും, കരച്ചിലും എന്നെക്കണ്ടപ്പോൾ. ' എന്തിനാവും ഇവരൊക്കെ കരയുന്നത്? അമ്മച്ചിക്ക് അസുഖം കൂടിയിട്ടുണ്ടാവുമോ? അപ്പച്ചനും, ചേച്ചമ്മയും എവിടെ...... കാണുന്നില്ലല്ലോ?'
പൂമുഖത്തുനിന്നും അകത്തെ വിശാലമായ ഹാളിലേക്ക് കാലെടുത്തു വച്ചപ്പോൾ കണ്ടു ഹാളിനു നടുക്ക് കട്ടിലിൽ വെള്ളത്തുണിയിൽ പുതപ്പിച്ച് അമ്മച്ചിയെ കിടത്തിയിരിക്കുന്നു. കട്ടിലിൽ തല വച്ചു കിടന്ന ചേച്ചമ്മ തല പൊക്കിയതും ഒച്ചവച്ച് പതം പറഞ്ഞു കരഞ്ഞു. " കൊച്ചുമോളെ.....നമ്മക്കിനി ആരും
ഇല്ലാണ്ടായില്ലേടീ......" അടുത്തിരുന്ന സ്ത്രീകളിൽ ആരൊക്കെയോ ചേച്ചമ്മയെ ആശ്വസിപ്പിക്കുന്നു. ഔസേപ്പ്പപ്പാപ്പന്റെ ആലീസമ്മാമ്മ എണീറ്റുവന്ന് തന്നെക്കൂട്ടി അമ്മച്ചിയുടെ അടുത്തേക്ക് കൊണ്ടുചെന്നു. നിയന്ത്രണം വിട്ടുപോയ താൻ ഏങ്ങലടിച്ചു വിളിച്ചു " അമ്മച്ചീ....."
സങ്കടം സഹിക്കാനാവാതെ അടുത്തിരുന്ന വലിയമ്മച്ചി തന്നെക്കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു " മോളമ്മച്ചിക്കൊരുമ്മ കൊടുത്താട്ടെ..." അമ്മച്ചിയുടെ നെറ്റിത്തടത്തിൽ അമർത്തി ഉമ്മ വച്ചിട്ടും അമ്മച്ചി ഉണർന്നു നോക്കിയില്ല. താൻ വലിയമ്മച്ചിയുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു " വലിയമ്മച്ചി... അമ്മച്ചി എന്താ കണ്ണു തുറക്കാത്തെ.... ?" വലിയമ്മച്ചി തന്നെ ചേർത്തു പിടിച്ച് ഏങ്ങലടിച്ചു കരഞ്ഞു.
'അമ്മച്ചീ........ അമ്മച്ചീ....... താൻ ഏങ്ങലടിച്ചുകൊണ്ട് മുന്നോട്ടാഞ്ഞ് അമ്മച്ചിയെ വിളിച്ചു. അമ്മച്ചിയെ തൊട്ടുണർത്താനായി നീട്ടിയ കൈകളിൽ തടഞ്ഞുകൊണ്ട് തന്നെ വലിയമ്മച്ചി ചേർത്തു പിടിച്ചു. ഏങ്ങലടിക്കിടയിൽ താൻ വലിയമ്മച്ചിയോടു ചോദിച്ചു " വലിയമ്മച്ചീ..... അമ്മച്ചിയെന്താ കണ്ണു തുറക്കാത്തെ?"
വലിയമ്മച്ചി പറഞ്ഞു " കണ്ണു തുറക്കില്ല മോളെ.... മടക്കയാത്രയായി.. കർത്താവിന്റെ അടുത്തേക്ക്... എന്റെ മോൾ കുരിശു വരച്ച് പ്രാർത്ഥിക്ക്.."
വലിയമ്മച്ചിയുടെ നെഞ്ചിൽ മുഖം അണച്ച് വിങ്ങിപ്പൊട്ടി കരയുമ്പോൾ കാതിൽ മുഴങ്ങുന്നു കീ.... കീ... ന്നുള്ള ആ നിലവിളി... താൻ രാവിലെ കണ്ട ആ കോഴിക്കുഞ്ഞിന്റെ നിലവിളിയല്ലേ അത് ...!!?
________________________________~~~~~~~~~____________________
ചിത്രത്തിനു ഗൂഗിളിനോട് കടപ്പാട്
എല്ലാവരും അനുഭവിക്കുന്ന ജീവിതത്തിന്‍റെ ഒരു ഭാഗമാണ് പ്രിയപ്പെട്ടവരുടെ വേര്‍പാടുകള്‍ .നമ്മോടൊപ്പം ഉണ്ടായിരുന്ന ഒരാള്‍ ഒരു ദിവസ്സം നമ്മേ വിട്ടുപിരിഞ്ഞു പോകുന്ന അവസ്ഥ എത്ര വേദനാജനകമാണ് .ആശംസകള്‍
ReplyDeleteവായിച്ചു പ്രോത്സാഹനം തന്നതിൽ സന്തോഷവും, നന്ദിയും അറിയിക്കുന്നു.
Deleteനോവു പടര്‍ത്തിയ രചന........ ചില മടക്കയാത്രകള്‍ ഹൃദയം പറിച്ചു കൊണ്ടായിരിക്കും....... നല്ല ഒഴുക്കുണ്ടായിരുന്നു...... വളരെ ഇഷ്ടപ്പെട്ടു ആശംസകൾ നേരുന്നു......
ReplyDeleteവിനോദ്, വായിച്ചഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷവും, നന്ദിയും.
Deletenalla rachana ,ishttam- Premkumar, Idinjamala.
ReplyDeleteഈ പ്രോത്സാഹനത്തിനു ഒരുപാട് സന്തോഷവും, നന്ദിയും.
Deleteപതിവായി വായന പറ്റാറില്ല- പലര്‍ എഴുതുന്നത് കൊണ്ട് വഴക്കുപക്ഷിയിലേക്ക് വരാറുണ്ട്. കമന്റുകള്‍ കുറിക്കാനുള്ള സമയക്കുറവും ഉണ്ട്. ചേച്ചിയുടെ കഥ വായിച്ചു. ആദ്യ പാര കഴിഞ്ഞപ്പോള്‍ തന്നെ കഥയുടെ ഇതിവൃത്തം മനസ്സിലായി. സംഗതിയില്‍ ഒരു പുതുമ തോന്നിയില്ല. പക്ഷെ എഴുത്ത് ഇഷ്ടമായി. എനിക്ക് തോന്നുന്നു വ്യത്യസ്തമായ തീമുകള്‍ കണ്ടെത്താന്‍ പറ്റിയാല്‍ ചേച്ചി എഴുത്തില്‍ ഇതിലും ശോഭിക്കുമെന്ന്. ആശംസകള്‍ വേണ്ടും വരാം
ReplyDeleteവായിച്ചു പ്രോത്സാഹനം നൽകിയതിൽ ഒത്തിരി സന്തോഷവും, നന്ദിയും. വിമർശനങ്ങളെ തീർച്ചയായും സ്വാഗതം ചെയ്യുന്നു. കഥ ഞാൻ പലപ്രാവശ്യം വായിച്ചു നോക്കുമ്പോഴും എനിക്കിതേ തോന്നൽ ഉണ്ടായി. പക്ഷെ ആ കുട്ടിയുടെ മനസ്സാണ് ഞാനീ കഥയിലൂടെ പറഞ്ഞിരിക്കുന്നത്. ഒന്നും ഉണ്ടാവില്ല എന്ന് സ്വയം മനസ്സിനെ പറഞ്ഞാശ്വസിപ്പിക്കുക.
Deletevalare nannayirikkunnu, manassil thattum vidam ezhuthiyirikkunnu
ReplyDeleteഷാജിത... വായനക്കും, ഈ പ്രോൽസാഹനത്തിലും ഒരുപാട് സന്തോഷം ഒപ്പം നന്ദിയും അറിയിക്കുന്നു.
Deleteസങ്കടാക്കി, ഇതൊഴിച്ചെന്തു ദുഖവും താങ്ങാം..ഇതു വയ്യ
ReplyDeleteസങ്കടമായി ല്ലേ സോറി ഗൌരിനാഥൻ. എങ്കിലും വായിച്ചു പ്രോത്സാഹനം നൽകിയതിൽ ഒത്തിരി സന്തോഷം ഒപ്പം നന്ദിയും അറിയിക്കുന്നു.
Deleteവഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും നന്ദി. ഒപ്പം കഥയ്ക്ക് ആശംസകളും.
ReplyDeleteവഴക്കുപക്ഷിയിലേക്ക് എന്റെ കഥ ചേർത്തതിൽ ഒരുപാട് സന്തോഷം. ഈ പ്രോത്സാഹനത്തിനു നന്ദി.
Deleteവേർപ്പാടിന്റെ നൊമ്പരങ്ങൾ...
ReplyDeleteസർ, ഇവിടെ വന്നുള്ള ഈ വായനക്കും, പ്രോത്സാഹനത്തിനും നന്ദി. ഒരുപാട് സന്തോഷവും.
Deleteishttam'',,,,,,,
ReplyDeleteഈ വായനക്കും, പ്രോത്സാഹനത്തിനും നന്ദി. ഒരുപാട് സന്തോഷവും.
Deleteരോഗം.... മരണം.... ഒഴിവാക്കാനാകാത്ത അനുഭവങ്ങൾ..... എഴുത്ത് നന്നാായി.....
ReplyDeleteഈ വായനക്കും, പ്രോത്സാഹനത്തിനും നന്ദി. ഒരുപാട് സന്തോഷവും.
Deleteഇഷ്ടമായി. നല്ല കഥയ്ക്ക് നൂറ് ആശംസകള്‍. ഒപ്പം നന്ദി, പ്രിയ GM
ReplyDeleteഅന്നൂസ്, എല്ലാ പ്രോത്സാഹനങ്ങളും നൽകിയതിൽ ഒരുപാട് സന്തോഷവും നന്ദിയും.
Deletenannaayirikkunnu...aasamsakal
ReplyDeleteവായിച്ചതിലും, അഭിപ്രായം കുറിച്ചതിലും ഒത്തിരി സന്തോഷം ഹാബി ഒപ്പം നന്ദിയും അറിയിക്കുന്നു.
Deleteകഥ നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്
ReplyDeleteആശംസകള്‍
സർ, ഈ പ്രോത്സാഹനത്തിനു നന്ദി. ഒരുപാട് സന്തോഷവും അറിയിക്കുന്നു.
Deleteകഥ ഇഷ്ടമായി.
ReplyDeleteവായനയിലും, അഭിപ്രായം രേഖപ്പെടുത്തിയതിലും ഒരുപാട് സന്തോഷവും ഒപ്പം നന്ദിയും അറിയിക്കുന്നു.
Deleteപ്രായമെത്തും മുന്‍പെ മാതാപിതാക്കള്‍ മരിക്കുന്നതും, മാതാപിതാക്കള്‍ ജീവിച്ചിരിക്കെ മക്കള്‍ മരിക്കുന്നതും.
ReplyDeleteരണ്ടും അതീവദുഃഖകരം
വായനക്കും, അഭിപ്രായത്തിലും സന്തോഷവും, നന്ദിയും അജിത് ഭായ്.
Deleteനൊമ്പരപ്പെറുത്തുന്ന വായന നൽകി..
ReplyDeleteആശംസകൾ
വായിച്ചതിലും, അഭിപ്രായം രേഖപ്പെടുത്തിയതിലും ഒത്തിരി സന്തോഷവും, നന്ദിയും വർഷിണി.
Deleteകഥ കൊള്ളാം. കൂട്ടുകാരുമായി കൂടി യപ്പോൾ അമ്മച്ചിയെ കുറിച്ചുള്ള വിങ്ങൽ മറന്നു അന്ന് കൊച്ചു മോളെ കൊണ്ട് പറയിക്കാതെ അവരുടെ കളി ചിരി കൊണ്ട് കാണിക്കേണ്ടി ഇരുന്നു. കോഴി ക്കുഞ്ഞുങ്ങളുടെ സീൻ അൽപ്പം നീണ്ടു പോയി. ഒരു കുഞ്ഞു ഒറ്റപ്പെട്ടത് കാണിക്കാനായിരുന്നു അത്രയും പറഞ്ഞത്. പക്ഷെ അത് നന്നായി അനുഭവപ്പെട്ടതും ഇല്ല. ആദ്യ പകുതി കുട്ടിയുടെ കാഴ്ച്ചപ്പടിലൂടെയാണ്. പക്ഷെ സ്കൂളിൽ എത്തിയപ്പോൾ കഥാ കൃത്ത് പറഞ്ഞു തുടങ്ങി. സ്കൂളിലെ വിവരണം അത്ര ഭംഗിയായി തോന്നിയില്ല. ടീച്ചർ വീട്ടിൽ പോകാൻ പറയുമ്പം ഇത്രയും കൊച്ചു കുട്ടിയായിട്ടും എന്തിനാ ടീച്ചർ എന്ന് ചോദിക്കുന്ന സ്വാഭാവിക ചോദ്യം ഇല്ലാതെ പോയത് അവിശ്വസനീയം. അത് പോലെ കൊച്ചു കുട്ടിയുടെ മനസ്സിൽ എന്ത് സംശയം വരാനാണ് ? അതും 'അമ്മച്ചിയെന്താ കണ്ണ് തുറക്കാത്തത്' എന്ന് ചോദിക്കുന്ന കൊച്ചു കുട്ടി. കഥ മൊത്തത്തിൽ നന്നായി.
ReplyDeleteസർ, വായിച്ചഭിപ്രായം രേഖപ്പെടുത്തിയതിൽ സന്തോഷവും, നന്ദിയും അറിയിക്കുന്നു. ഇതിൽ സംഭവിച്ച കാര്യങ്ങൾ ആണ് " കുട്ടി എന്തുകൊണ്ട് സംശയം ചോദിച്ചില്ല?" എന്ന ചോദ്യത്തിന് കുട്ടി ഒന്നും ചോദിച്ചുമില്ല ടീച്ചർ വ്യക്തമായി ഒന്നും പറഞ്ഞതുമില്ല. " കേട്ടതും അവൾ വേഗം പോവാൻ റെഡിയായി എന്തെങ്കിലും മനസ്സിലായിട്ടുണ്ടാവുമോ " എന്നു ടീച്ചർ പറഞ്ഞതും വ്യക്തമായി കേട്ട ഒരു കേൾവിക്കാരി എന്ന നിലയിൽ അന്നു മനസ്സിൽ പതിഞ്ഞു കിടന്ന ആ സംഭവം ഓർമ്മയിൽ വന്നപ്പോൾ എഴുതിയെന്നേ ഉള്ളൂ. മാസങ്ങളോളം സ്വന്തം അമ്മ രോഗാവസ്ഥയിൽ കിടന്നു നരകിക്കുന്നത് നേരിട്ട് കാണുകയും അതുകണ്ട് വിഷമിക്കുകയും ചെയ്യുന്ന ഒരു പത്തുവയസ്സുകാരിക്കുട്ടിക്കു തീർച്ചയായും " അമ്മച്ചിയെന്താ കണ്ണു തുറക്കാത്തെ? " എന്ന സംശയം ഉണ്ടാകും. എന്നാൽ മനസ്സിൽ എന്തോ സംഭവിച്ചു എന്ന തോന്നൽ ഉണ്ടാകുകയും ചെയ്യുന്നുണ്ട് അതുകൊണ്ടാണ് അവൾ വലിയമ്മച്ചിയോടു അങ്ങനെ ചോദിക്കുന്നതും. ബാക്കിയുള്ള സംഭവങ്ങളിലെ വിമർശനങ്ങളെ തീർച്ചയായും സ്വാഗതം ചെയ്യുന്നു. വായിച്ചു പ്രോത്സാഹനം നൽകിയതിൽ ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.
ReplyDeleteനൊമ്പരപ്പെടുത്തുന്ന രചന ,,,,,,,, ഏറെ ഇഷ്ടമായി ,,,, ആശംസകൾ
ReplyDelete