വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

കള


ആദ്യത്തെ അടി വീണത് ജനനേന്ദ്രിയത്തിന്മേലാണ്. എന്‍റെ കൈകാലുകള്‍ അവര്‍ ബന്ധിച്ചിരുന്നു. വായില്‍ തുണി തിരുകിക്കയറ്റിയിരുന്നതിനാല്‍ ഒന്നലറി വിളിക്കാന്‍ പോലും എനിക്കാവുന്നില്ല. ഒരു തേരട്ടയെ പോലെ ഞാന്‍ ചുരുണ്ടു, വേദന കൊണ്ടു മണ്ണില്‍ കിടന്നുരുണ്ടു, 

പുലരാന്‍ നേരമിനിയും ബാക്കിയുണ്ട്. തുടര്‍ച്ചയായി ആരോ വാതിലില്‍ ശക്തിയായി ഇടിക്കുന്നത് കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. ഒറ്റമുറി മാത്രമുള്ള വീടിന്‍റെ ഒരു മൂലയില്‍ ബോധം കളഞ്ഞ മദ്യത്തില്‍ അച്ഛന്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു. മറ്റൊരു മൂലയില്‍ പഴയ സാരികള്‍ കൊണ്ട് തീര്‍ത്ത ചെറിയ മറക്കുള്ളില്‍ അമ്മ പ്രായത്തിനു മുന്‍പേ പിടികൂടിയ വാര്‍ദ്ധക്യത്തില്‍ നിദ്രയിലും ചുമക്കുന്നു.

സാരികള്‍ കൊണ്ട് തീര്‍ത്ത നാമമാത്രമായ അമ്മയുടെ ആ സ്വകാര്യതക്ക് ബാല്യത്തിലെ എന്‍റെ ഓര്‍മ്മകളോളം പഴക്കം ഉണ്ട്.
അങ്ങോട്ട്‌ നോക്കരുത്. ചെറുപ്പം മുതല്‍ കേട്ടു പഠിച്ച ശാസനയില്‍ നിഴല്‍വീഴുന്ന ആ സാരിമറക്കപ്പുറം വെളിച്ചം കടന്നു ചെല്ലാത്ത ഇരുട്ടുണ്ടായിരുന്നു. കണ്ണുകള്‍ അടച്ച് സ്വയം തീര്‍ക്കുന്ന ആ ഇരുട്ടില്‍ നിന്നും ഇടക്കിടക്ക് ഉയര്‍ന്നുവരുന്ന ശീല്‍ക്കാരശബ്ദങ്ങള്‍ ഒരിക്കലും എന്‍റെ ഉറക്കത്തിനു തടസ്സമായിരുന്നില്ല. എന്നാല്‍ ചിലപ്പോഴെല്ലാം ഉച്ചത്തിലുള്ള അമ്മയുടെ അസഭ്യവര്‍ഷങ്ങള്‍ കേട്ട് നിദ്രയില്‍ നിന്നും ഞാന്‍ കണ്ണുതുറക്കുമ്പോള്‍ മുറ്റത്ത് കടം പറഞ്ഞ് രക്ഷപ്പെടാന്‍ തുനിയുന്ന അപരിചിതന്‍റെ മുണ്ടിന്‍കുത്തില്‍ അമ്മ മുറുക്കെ പിടിച്ചു നില്‍ക്കുകകയാകും. പെയ്തൊഴിഞ്ഞ മഴപോലെ എല്ലാം ശാന്തമായി അമ്മ അഴിഞ്ഞ മുടിച്ചുരുളുകള്‍ ചേര്‍ത്ത് കെട്ടുമ്പോള്‍ മറ്റൊരു മൂലയില്‍ ഉറക്കംനടിച്ചു കിടന്നിരുന്ന അച്ഛന്‍ മെല്ലെ കണ്ണുതുറക്കുകയായി. പിന്നെ മുഴങ്ങി കേള്‍ക്കുക അച്ഛന്‍റെ ഉറച്ച ശബ്ദമാണ്. അല്പം മുന്‍പ് അജ്ഞാതനില്‍ നിന്നും പിടിച്ച വാങ്ങിയ പണം അമ്മയുടെ മാറിന്‍വിടവില്‍ നിന്നും പുറത്തെടുക്കുവാന്‍ അച്ഛന്‍ പിടിവലികൂടുകയാണ്. ഇരുവരുടേയും വാഗ്വാദങ്ങള്‍ പലപ്പോഴും നേരം പുലരുവോളം നീളുമ്പോള്‍ നിദ്രനഷ്ടമായ എന്‍റെ ഒരു ദിനത്തിന് അവിടെ തിരശീല വീഴുകയായി.

ഞാന്‍ വാതില്‍ തുറന്നു.
കണക്കുകൂട്ടലുകള്‍ എല്ലാം പിഴച്ചിരിക്കുന്നു. മുറ്റത്ത് പത്തോളം വരുന്ന യുവാക്കള്‍ 
“ഓടി രക്ഷപ്പെടാമെന്ന് കരുതേണ്ട. നിന്നെയും കൊണ്ടേ ഞങ്ങള്‍ പോകൂ.”
ഒരാള്‍ എന്‍റെ കഴുത്തില്‍ പിടിച്ച് പുറത്തേക്ക് വലിച്ചിട്ടു. കുതറി ഓടാന്‍ ശ്രമിക്കും മുന്‍പേ രണ്ടുപേര്‍ ചേര്‍ന്നു എന്‍റെ കൈകള്‍ കയര്‍കൊണ്ട്‌ പുറകില്‍ ബന്ധിച്ചു. വായില്‍ തുണി തിരുകികയറ്റി. കറുത്തമുണ്ടുകൊണ്ട് അവര്‍ എന്‍റെ കണ്ണുകളെ മൂടുംമുന്‍പേ എന്നെയും കൊണ്ടുപോകാന്‍ അങ്ങകലെ കാത്തുനില്‍ക്കുന്ന ഏതോ ഒരു വാഹനത്തിന്‍റെ ചുവന്ന വെളിച്ചം അവസാനമായി എന്‍റെ കണ്ണുകളില്‍ പതിഞ്ഞു.
“നടക്കടാ നായിന്‍റെ മോനെ..” മുതുകത്തു ആരോ ഒരാള്‍ എന്നെ ആഞ്ഞു ചവിട്ടി. മണ്ണില്‍ ഞാന്‍ മൂക്കുകുത്തി വീണു. രണ്ടുപേര്‍ കൈകാലുകളില്‍ എന്നെ പൊക്കിയെടുത്ത് ആ വാഹനത്തിന്‍റെ ഉള്ളിലേക്ക് വലിച്ചെറിഞ്ഞു.

അച്ഛന്‍റെയും അമ്മയുടേയും വലിയൊരു തെറ്റില്‍ നിന്നാണ് എന്‍റെ ജനനം തന്നെ. പക്ഷെ ഒരിക്കല്‍ പോലും അവര്‍ അവരുടെ തെറ്റ് തിരിച്ചറിയുകയുണ്ടായിട്ടില്ല. ഈ ചേരിയിലെ തെരുവ് ബാല്യങ്ങള്‍ക്കൊപ്പം അവരിലൊരുവനായ് ഞാന്‍ വളര്‍ന്നു. അടുപ്പില്‍ തീ പുകഞ്ഞില്ലെങ്കിലും അകത്ത് സുഖമായി ഉറങ്ങാന്‍ കഴിയുന്ന അച്ഛനേയും അമ്മയേയും കണ്ടാണ്‌ ജീവിതത്തിന്‍റെ ബാലപാഠങ്ങള്‍ ഞാന്‍ പഠിച്ചെടുത്തത്.. വിദ്യാഭ്യാസത്തെക്കാള്‍ വലുതാണ്‌ വിശപ്പ് തിരിച്ചറിഞ്ഞപ്പോള്‍ കാലുറച്ച കൌമാരം കല്ലില്‍ ചവിട്ടാന്‍ തുടങ്ങി. വിശപ്പ്‌ മാറ്റാന്‍ അദ്വാനിക്കേണ്ടതില്ല എന്ന് കണ്ടെത്തിയപ്പോള്‍ മനസ്സുറച്ച യുവത്വം മുള്ളിലും ചവിട്ടിവളര്‍ന്നു. 

എനിക്ക് വേണ്ടതെല്ലാം നിങ്ങളുടെ കൈകളിലുണ്ട്. അത് നിങ്ങളുടെ പോക്കറ്റില്‍ കിടക്കുന്ന പണം ആയാലും, കഴുത്തില്‍ കിടക്കുന്ന ആഭരണം ആയാലും വഴിയില്‍ നിര്‍ത്തിയിട്ട വാഹനം ആയാലും ശരി, നിങ്ങളുടെ അശ്രദ്ധയില്‍ നിന്നും അത് എന്റെതാക്കാനുള്ള വൈദഗ്ദ്യം വര്‍ഷങ്ങളുടെ പരിചയത്തിലൂടെ ഞാന്‍ നേടിയെടുത്തിരിക്കുന്നു.. ഒരിക്കല്‍ പോലും നഷ്ടപ്പെട്ടവന്റെ കണ്ണീരോ മുറിവേറ്റവന്റെ വേദനയോ എന്റെ മനസ്സില്‍ ഇടം പിടിച്ചിട്ടില്ല. അത്തരം കാഴ്ചകള്ക്ക് മുന്നില്‍ പൊട്ടിച്ചിരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥ നല്‍കിയത് സിരകളില്‍ കുത്തിയിറക്കുന്ന ലഹരിമരുന്നിന്റെെ ഊര്‍ജ്ജമാകാം, പിറവിയിലെ വൈകൃതവും ആകാം. ......
എവിടെയാണ് എനിക്ക് പിഴച്ചത്?
ലഹരിയുടെ അര്‍ദ്ധബോധത്തില്‍ സിരകളില്‍ പടര്‍ന്ന കാമാഗ്നിയില്‍ ഒരു ഇളംമാംസം പിച്ചിച്ചീന്തിയപ്പോള്‍ അജ്ഞാതന്റെ മൊബൈല്‍ കാമറകണ്ണുകള്‍ അത് ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. കണ്ണുതുറന്നു നോക്കുമ്പോള്‍ കടത്തിണ്ണയില്‍ ഒപ്പം കിടന്നുറങ്ങിയിരുന്ന മകളെ കാണാതെ ഇപ്പോള്‍ ഒരമ്മ അലമുറയിടുന്നുണ്ടാകും. കനോലി കനാലിന്റെ ആഴങ്ങള്‍ക്കടിയില്‍ നിന്നും ഒരു കാലത്തും ആ ഒരു ചാക്കുകെട്ട് ഉയര്‍ന്നുവരികയില്ല എന്നെനിക്കുറപ്പുണ്ടായിരുന്നു.. എല്ലാം പിഴച്ചു...
ഓടയിലെ വിസര്‍ജ്ജ്യങ്ങള്‍ ഒഴുകുന്ന അഴുക്കുവെള്ളത്തില്‍ ഇവര്‍ എന്റെ തല മുക്കിപ്പിടിച്ചിരിക്കുകയാണ്. ദുഗന്ധം വമിക്കുന്ന മലിനജലം വായിലും മൂക്കിലും നിറയുന്നു. ഏതു നിമിഷവും എന്റെ ശ്വാസം നിലക്കാം. അവസാന തുടിപ്പില്‍ പ്രാണന്‍ വിട്ടുപോകും മുന്‍പേ ശബ്ദമില്ലാത്ത വാക്കുകള്‍കൊണ്ട് ഞാന്‍ ആ സത്യം ഇവിടെ പറഞ്ഞു നിര്‍ത്തട്ടെ.

“ഒരു കളയേയും നിങ്ങള്‍ക്ക് വേരോടെ പിഴുതെടുക്കാനാകില്ല. ജീവന്‍ തുടിക്കുന്ന വേരിന്‍റെ അംശങ്ങള്‍ ഈ മണ്ണില്‍ അവശേഷിക്കും കാലം വരെ ഇവിടെ എനിക്ക് മരണമില്ല.”

23 comments:

  1. കളകള്‍ വളരുന്നത്‌ ഇത്തരം മണ്ണിലാണ്!
    ചിന്താര്‍ഹമായ കഥ
    ആശംസകള്‍

    ReplyDelete
  2. പുറത്തുനിന്നു കഥ പറയണോ അകത്തുനിന്നു കഥപറയണോ എന്ന ആശയക്കുഴപ്പം ഉണ്ടായിരുന്നു എഴുതുമ്പോള്‍. ഒടുവില്‍ തീരുമാനിച്ചു. എഴുത്തുകാരനെ തെറ്റിദ്ധരിച്ചാലും വിരോധമില്ല. കഥ പറയുന്നുവെങ്കില്‍ അത് അകത്തുനിന്നുകൊണ്ടു തന്നെ.

    ReplyDelete
  3. ജീവിതസാഹചര്യങ്ങളാണ് മനുഷ്യനെ തെറ്റിലേക്ക് നയിക്കുന്നത് .മദ്യപാനവും മയക്കുമരുന്ന് ഉപഭോഗവും ദിനചര്യയുടെ ഭാഗമാകുമ്പോള്‍ കൊടും പാതകികള്‍ പിറവിയെടുക്കുന്നു .ലോകത്ത് എവിടെയൊക്കെ മദ്യവും മയക്കുമരുന്നും സുലഭമായി ലഭിക്കുന്നുവോ അവിടെയൊക്കെ കൊടുംപാതകങ്ങള്‍ സുലഭമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു .നാം കണ്ടുകൊണ്ടിരിക്കുന്ന അല്ലെങ്കില്‍ നാം കേട്ടുകൊണ്ടിരിക്കുന്ന നഗ്നമായ യാഥാര്‍ഥ്യങ്ങളില്‍ ഒരു യാഥാര്‍ഥ്യം വായിച്ചതുപോലെ തോന്നിപ്പിച്ചു .അകത്ത് നിന്നും കഥ പറഞ്ഞതിനേക്കാളും ഒരുപക്ഷെ പുറത്തു നിന്നും പറഞ്ഞിരുന്നെങ്കില്‍ കഥയുടെ മേന്മ കൂടിയേനെ .ആശംസകള്‍

    ReplyDelete
    Replies
    1. നല്ല വായനക്ക് നന്ദി

      Delete
  4. അകത്തു നിന്നു പറഞ്ഞത് കൊണ്ടാവാം സ്വയം അനുഭവിക്കുന്ന പോലെ തോന്നിയത്. പുറത്തുനിന്നായിരുന്നെങ്കിൽ ഇത്രയും ഹൃദ്യമാവില്ലായിരുന്നു.
    ചിന്താക്രാന്തൻ പറഞ്ഞത് പോലെ; സാഹചര്യങ്ങൾ മനുഷ്യനെ തെറ്റിലേക്ക് നയിക്കും. ആദ്യം ഒരു തെറ്റു ചെയ്യുമ്പോൾ മനസ്സിൽ കുറ്റബോധം ഉണ്ടാകുമെങ്കിലും തുടർന്നു വരുമ്പോൾ അത് കുറ്റബോധത്തിനപ്പുറം ആവേശമായിത്തീരും.
    വളക്കൂറുള്ള മണ്ണിൽ നെൽ വളർന്നാൽ കതിർ വിളയും, തരിശിലയാൾ മങ്കേ വിളയൂ.
    മനോഹരമായ അവതരണം.

    ReplyDelete
    Replies
    1. നല്ല വായനക്ക് നന്ദി

      Delete
  5. നന്നായിരിക്കുന്നു..ആശംസകൾ

    ReplyDelete
  6. ishttam.......!
    vidhu prathap
    thattathumala.

    ReplyDelete
  7. നല്ല കഥ. 'അച്ഛന്റെയും അമ്മയുടെയും തെറ്റില്‍ നിന്നാണ് എന്റെ ജനനം.....' ആ ഒരു പാരഗ്രാഫ് മാത്രം അനാവശ്യമായി തോന്നി. അതോഴിവാക്കിയാല്‍ ഗംഭീരം.. ആശംസകള്‍..!

    ReplyDelete
    Replies
    1. പിറവിയിലെ പിഴവുകള്‍ കൂടി എടുത്തുകാട്ടി വായനക്കാരനെ മുഷിപ്പിക്കരുതല്ലോ എന്ന് കരുതി അവിടം ഒറ്റ വാചകത്തില്‍ ഒതുക്കിയതാണ്. ബോധപൂര്‍വ്വം വരുത്തിയ വീഴ്ച .. നല്ല നിരീക്ഷണം . വായിച്ചതിനും വിമര്‍ശിച്ചതിനും നന്ദി.

      Delete
  8. ആദ്യത്തെ ഖണ്ഡിക കഴിഞ്ഞു ഫ്ലാഷ് ബാക്ക് ആണെന്ന് തോന്നുന്നു. അത് അനുഭവപ്പെട്ടില്ല. രണ്ടാമത്തെ ഖണ്ഡികയിലെ ആദ്യ വാചകം യോജിക്കുന്നില്ല എന്നതാണ് കാരണം. "പുലരാൻ..... "എന്ന വാചകം രണ്ടാമത് കൊടുത്തിരുന്നുവെങ്കിൽ അതൊഴിവക്കാമായിരുന്നു. "എവിടെയാണ് പിഴച്ചത് .. "എന്ന് പറഞ്ഞതിനു പ്രസക്തിയില്ല. എപ്പോഴും പിഴയ്ക്കാവുന്ന തൊഴിൽ ആണല്ലോ ചെയ്യുന്നത്. അത് പോലെ "ക്യാമറ കണ്ണുകൾ ഒപ്പിയെടുന്നുണ്ടായിരുന്നു" എന്ന് പറയുമ്പോൾ അയാൾ അത് കണ്ടു എന്നല്ലേ അർത്ഥം വരുന്നത് ? അവസാനം തത്വ ശാസ്ത്രം പറഞ്ഞതും യോജിച്ചില്ല. അതിനെന്താണിവിടെ പ്രസക്തി? ഏതെങ്കിലും ആദർശങ്ങൾക്ക് വേണ്ടി നില കൊണ്ട ആളാ യിരുന്നുവെങ്കിൽ ആ പ്രസ്താവന ശരിയാകുമായിരുന്നു.

    നല്ല അവതരണം. കഥ നന്നായി.

    ReplyDelete
    Replies
    1. നല്ല വിമര്‍ശനം . സ്വാഗതാര്‍ഹം .. കുറച്ച് ശ്രദ്ധിച്ചെങ്കില്‍ ഒഴിവാക്കാമായിരുന്ന പിഴവുകള്‍ .. നന്ദി .. എന്‍റെ കഥ വായിച്ചതിനും അഭിപ്രായം പങ്കുവെച്ചതിനും.

      Delete
    2. "കാമറകണ്ണുകള്‍ അത് ഒപ്പിയെടുക്കുന്നുണ്ടായിരുന്നു." ഈ വരി എഴുതുമ്പോള്‍ അയാള്‍ അത് കണ്ടു എന്ന അര്‍ത്ഥം വായനയില്‍ തോന്നിപ്പിക്കുമോ എന്നും ഞാനും ചിന്തിച്ചുനോക്കിയതാണ്. പിഴച്ചതെവിടെ എന്ന് മരണ മുഖത്ത് നിന്നുകൊണ്ട് ചിന്തിച്ചു നോക്കുന്ന വേളയില്‍ "കാമറകണ്ണുകള്‍ അത് ഒപ്പിയെടുക്കുന്നുണ്ടായിരുന്നു." എന്ന് പറയുന്നതില്‍ തെറ്റില്ലെന്ന് തോന്നി.

      Delete
  9. വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരിച്ചതിനും പ്രിയ എഴുത്തുകാരനോടുള്ള നന്ദിയും സ്നേഹവും അറിയിക്കട്ടെ.

    ReplyDelete
  10. സൂപ്പര്‍ കഥ. തികച്ചും വ്യത്യസ്തമായ ഒന്ന്..ആശംസകള്‍.!

    ReplyDelete
  11. കഥ വായിച്ചു - മുകളിൽ ബിപിൻ എന്നയാൾ പറഞ്ഞ അഭിപ്രായങ്ങളോട് യോജിക്കുന്നു.
    ആദ്യ ഖണ്ഡിക ആവശ്യമാണെങ്കിലും അത് വിന്യസിക്കേണ്ട ഇടം അവിടെയായിരുന്നില്ല എന്നാ തോന്നല തുടക്കത്തിലെ വന്നു.
    ഇന്നിന്റെ കഥക്ക് എല്ലാ ആശംസകളും

    ReplyDelete
    Replies
    1. നന്ദി.. നല്ല വായനക്ക് .....

      Delete
  12. ബ്ലോഗില്‍ ഇന്നലെ ഈ കഥ വായിച്ചിരുന്നു

    ReplyDelete
  13. Katha vaayichu. Manassil cheriya nombharam.
    Aasamsakal

    ReplyDelete
  14. നന്നായിരിക്കുന്നു...

    ReplyDelete

Search This Blog