പത്തു പതിനഞ്ചു കൊല്ലമായി കഷ്ടപ്പെട്ട്
വളർത്തിയെടുത്ത കുടുംബത്തെയാണ് വേണ്ട എന്നു വെച്ചത്. വേറെ ഒരു വഴിയും ഇല്ലെന്ന വെളിപാടിന്റെ
നിമിഷമായിരുന്നു അത്. X ഇല്ലാതെ നിലനിൽപ്പ് തേടുന്ന Y മാത്രമാവുകയായിരുന്നു അപ്പോഴയാൾ.
പുറമേ എല്ലാം ശാന്തവും ഭദ്രവുമായിരുന്നു. നഗര
മധ്യത്തിൽ ആരും കൊതിയ്ക്കുന്ന സ്ഥലത്ത് നാലു വലിയ ബെഡ് റൂമുകളുള്ള കൂറ്റൻ ഫ്ലാറ്റ്, രണ്ട് കാറ്, ഭാര്യയ്ക്കും ഭർത്താവിനും നല്ല വരുമാനമുള്ള
ഒന്നാന്തരം ഉദ്യോഗം ഇതെല്ലാമുള്ള ഒരു അപ്പർ മിഡിൽ ക്ലാസ്സുകാരായിരുന്നു അവർ.
ഒരേയൊരു മകൻ നഗരത്തിലെ മുന്തിയ സ്കൂളിൽ പഠിയ്ക്കുന്നു. ഇതിനും പുറമേ വൻ നഗരത്തിൽ
നിന്നകലെ ഗ്രാമം തുടങ്ങുന്നേടത്ത് അഞ്ചേക്കർ ഓർച്ചാർഡ്. എല്ലാ ആഴ്ചയവധിയ്ക്കും
ഓർച്ചാർഡിൽ പോയി ഗ്രാമ ജീവിത സൗഭാഗ്യം നുകരാം. അവിടെയുമുണ്ടൊരു താൽക്കാലിക വസതി.
ഒരു പണിക്കാരൻ സ്ഥിരമായി ആ ഫലവൃക്ഷത്തോപ്പിനെ പരിപാലിച്ചുകൊണ്ട് കാവലിനുണ്ട്.
പക്ഷെ, മനസ്സിന് സമാധാനമില്ലാത്ത ജീവിതം കൊണ്ട് എന്തു
പ്രയോജനം?
അങ്ങനെയാണ് അയാൾ എല്ലാം വേണ്ടെന്നു വച്ചത്.
ഭാര്യയ്ക്ക് അയാളില്ലെങ്കിലും ഭംഗിയായി കാര്യങ്ങൾ
ചെയ്ത് മുൻപോട്ട് പോകാൻ കഴിയും. ഒരു പക്ഷെ, അയാളുള്ളപ്പോഴാണ് അവൾക്ക് വീഴ്ച പറ്റുന്നത്. XX ന് Y വേണ്ട എന്നയാൾക്ക് നിശ്ചയമായിരുന്നു.YY ആയി ഈ പ്രപഞ്ചത്തിൽ ഒന്നും
നിലനിൽക്കുന്നുമില്ലല്ലോ.
മകന്റെ ജീവിതത്തിൽ അയാൾ എന്നെങ്കിലും
എന്തെങ്കിലുമായിരുന്നുവോ എന്ന് ആർക്കും നിശ്ചയമില്ല. അയാൾ ഒരു കുഞ്ഞു യാത്രയ്ക്ക്
കൂടെ വിളിച്ചാൽ പോലും മകൻ ആദ്യമാദ്യം ചിണുങ്ങിക്കരയുമായിരുന്നു, പിന്നെ കൂടുതൽ ഉച്ചത്തിൽ കരഞ്ഞു തുടങ്ങി.
കുറച്ചു കൂടി കഴിഞ്ഞപ്പോൾ അച്ഛനൊപ്പമുള്ള യാത്രകൾ വിരസമാണെന്നവൻ തുറന്നു പറഞ്ഞു, ഇപ്പോൾ വൈകുന്നേരം ഓഫീസു വിട്ട് വരുന്ന അച്ഛനെ
കാൺകേ, ഉണ്ടെന്നും
ഇല്ലെന്നുമുള്ള മട്ടിലൊരു മന്ദഹാസമാണവൻ അച്ഛനായി ബാക്കി വെച്ചിട്ടുള്ളത്.
വീട് വിട്ട് പോന്നപ്പോൾ പെട്ടെന്ന് എവിടെ
പോകണമെന്നയാൾക്ക് മനസ്സിലായില്ല.
കുറെക്കാലമായി ഇത്തരമൊരന്ത്യം മനസ്സിനെ
മഥിയ്ക്കുന്നുണ്ടായിരുന്നു. എന്നാലും അതിങ്ങനെ വന്നു ചേരുമെന്ന് കണക്കു
കൂട്ടിയിട്ടുണ്ടായിരുന്നില്ല.
നല്ലൊരു ഹോട്ടലിൽ ചെന്ന് മുറിയെടുക്കുകയാണ്
ആദ്യം ചെയ്യേണ്ടത്.
ഹോട്ടലിന്റെ ഏ സി മുറിയിൽ, വെറുതെ ഇരിയ്ക്കുമ്പോൾ മദ്യപിച്ച്
ബഹളമുണ്ടാക്കാനും കസേരകളും പാത്രങ്ങളും തല്ലിപ്പൊട്ടിച്ച് അലറിക്കരയാനും അയാൾക്ക്
ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, ഒന്നിനും കഴിയുമായിരുന്നില്ല.
അതുകൊണ്ട് കൈകൾക്കിടയിലൂടെ ഊർന്നു പോയ
ജീവിതത്തിന്റെ മണൽത്തരികളെണ്ണി അയാൾ നിശ്ശബ്ദനായി ഇരുന്നു. റെയിൽപ്പാളങ്ങൾ പോലെ
എത്രകാലമാണിങ്ങനെ………….
ഒറ്റയാകുമ്പോൾ അയാൾ നല്ലവനാണ്. അവളുമതെ.
കുറ്റമൊന്നും പറയാൻ തോന്നാത്ത വിധം നന്മയുള്ളവർ. ഇരുവരുടേയും മാതാപിതാക്കന്മാർ
തെരഞ്ഞെടുത്ത് പരസ്പരം സ്നേഹിയ്ക്കാനേൽപ്പിച്ചതാണവരെ. മറ്റൊരാളായിരുന്നു അവളുടെ
ഭർത്താവായിരുന്നതെങ്കിൽ ………..
ഒരു നൂറു കുറിയെങ്കിലുമായി ഈ ചിന്ത അയാളെ
വേട്ടയാടുന്നു. ആ വിഷ സർപ്പമുണരുമ്പോഴെല്ലാം അയാൾക്ക് കടുത്ത നിന്ദയും അവജ്ഞയും
അനുഭവപ്പെട്ടു. ഇങ്ങനെ സ്വയം വിമർശിച്ചാൽ തകർന്നു പോകുമെന്നയാൾ ഭയന്നു.
അടിസ്ഥാനപരമായി നല്ലവരായ ഒരു സ്ത്രീയ്ക്കും
പുരുഷനും ഒരുമിച്ച് സമാധാനമായി ദാമ്പത്യജീവിതം നയിയ്ക്കാൻ പറ്റാത്തതെന്തുകൊണ്ട്?
ഒരുപന്യാസത്തിനു പറ്റിയ വിഷയം.
സ്വന്തം ജീവിതത്തെയാണ് കീറി
മുറിച്ചുപന്യസിയ്ക്കേണ്ടതെന്ന് ഓർമ്മിച്ചപ്പോൾ അയാൾ ഞെട്ടി.
തുടക്കം മുതൽ പൊരുത്തക്കേടുകൾ
മാത്രമായിരുന്നു. എന്തു സംസാരിച്ചാലും വഴക്കിലേ ചെന്നെത്തുകയുള്ളൂ അയാൾ
കുറ്റപ്പെടുത്തുകയാണെന്ന് അവൾ തീരുമാനിച്ചു.അവൾ അപമാനിയ്ക്കുകയാണെന്ന് അയാളും. അവൾ
ചോറു വിളമ്പിയപ്പോൾ അയാൾ പ്ലേറ്റ് വലിച്ചെറിഞ്ഞു .അലക്കി ഇസ്തിരിയിട്ട്
അടുക്കിക്കൊടുത്ത വസ്ത്രങ്ങൾ നിലത്തീട്ട് ചവുട്ടിത്തേച്ചു. അയാൾ പുസ്തകം
വായിയ്ക്കുമ്പോൾ അവൾ അതു തട്ടിപ്പറിച്ച് തീയിലിട്ടു. ഗിറ്റാർ മീട്ടിയപ്പോൾ അതു
തല്ലിപ്പൊളിച്ചു. നിശബ്ദനായിരിയ്ക്കാമെന്ന് കരുതി അയാൾ മിഴികളടച്ചാൽ അവൾ
മൂർച്ചയുള്ള നഖങ്ങളാൽ അയാളെ മുറിവേൽപ്പിച്ചു, അയാൾ സംസാരിയ്ക്കാൻ തുനിയുമ്പോഴാകട്ടെ അവൾ
മൌനത്തിന്റെ കരിമ്പടം പുതയ്ക്കുകയും ചെയ്തു. അയാൾ കോക്ടെയിൽ പാർട്ടികളിൽ നിന്ന്
വൈകി മടങ്ങിയപ്പോൾ അവൾ വീട്ടിലുണ്ടാക്കിയ ഭക്ഷണം മുഖത്തേയ്ക്കെറിഞ്ഞു, എരിവ് പറ്റി നീറുന്ന കണ്ണുകളുമായി മുഖം കഴുകാൻ
തുടങ്ങുമ്പോൾ അവൾ പരിഹാസത്തോടെ ഒരു വിജയിയെപ്പോലെ പൊട്ടിച്ചിരിച്ചു. അപ്പോഴെല്ലാം
അയാളുടെ ചോരയിൽ കോപത്തിന്റെ പതയുയർന്നു.
അങ്ങനെയാണ് അവളുടെ മുടി പിടിച്ചുലയ്ക്കുവാനും
അവളെ അടിച്ചൊതുക്കുവാനും അയാൾ പഠിച്ചത്. എന്നാൽ ഓരോ അടിയിലും അവൾ രാക്ഷസിയെപ്പോലെ
കരുത്തയായി. അവർ വന്യമൃഗങ്ങളെപ്പോലെ മുരണ്ടും കിതച്ചും പരസ്പരം പോരടിച്ചു.
എന്നിട്ടും മതിയാകാതെ അറപ്പിയ്ക്കുന്ന പ്രാക്കുകളുമായി കിടപ്പറയിൽ ഒന്നിച്ചു.
സ്ത്രീ പുരുഷ ശരീരങ്ങൾ ഒരു പ്രത്യേക തരത്തിൽ
ഒന്നായാൽ മറ്റൊരു മനുഷ്യ ജീവൻ ഉടലെടുക്കുമെന്നതുകൊണ്ട് മാത്രമാണ് മകനുണ്ടായതെന്ന്
അയാൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
സ്വന്തം പുരുഷത്വത്തിന്റെ ചുമക്കാനാവാത്ത ഭാരം
താങ്ങി അയാൾ തളർന്നു കൊണ്ടിരുന്നു. ഭാര്യമാരെ വിരൽത്തുമ്പിലിട്ട് കറക്കുന്ന പുരുഷ
സുഹൃത്തുക്കളുടെ മുൻപിൽ ജെല്ലിയും പഴന്തുണിയും കൊണ്ട് നിർമ്മിച്ച ഒരു പാവയാണ്
താനെന്ന തോന്നലിൽ അയാൾ മെഴുകു പോലെ ഉരുകി. ഭർത്താക്കന്മാരുടെ ചവുട്ടടിയിലാണ്
ജീവന്റെ സ്വർഗ്ഗമെന്ന് വിളംബരപ്പെടുത്തുന്ന സ്ത്രീ സുഹൃത്തുക്കളെ കാണുമ്പോൾ വലിയൊരു
കരച്ചിൽ അയാളുടെ തൊണ്ടയിൽ കട്ടു കഴച്ചു. അങ്ങനെ ആർക്കു വേണ്ടിയെന്നറിയാതെ അയാളും
അവളും ഒരുമിച്ച് കഴിഞ്ഞുകൂടി. ഇതിനെല്ലാമിടയിൽ അവർ ഫ്ലാറ്റ് വാങ്ങിച്ചു, കാറുകൾ സ്വന്തമാക്കി,
ഭംഗിയേറിയ ഓർച്ചാർഡ് നിർമ്മിച്ചു.
അയാൾ സ്പർശിയ്ക്കുമ്പോൾ ഓക്കാനമുണ്ടാകുമെന്ന്
അവൾ കാറിത്തുപ്പിയതിനു ശേഷം സ്വന്തം ശരീരത്തെയൊഴിച്ച് മറ്റൊരു മനുഷ്യ ശരീരത്തെ
തൊടുവാൻ അയാൾ മുതിർന്നിട്ടില്ല. ധൈര്യമില്ലായിരുന്നു എന്നു പറയുന്നതാണ് ശരി.
കാമവും ആസക്തിയുമെല്ലാം അയാളിൽ മരവിച്ചു കിടന്നു.
അലക്കി തേച്ച വസ്ത്രങ്ങളും ഊണു മേശയിലെ
വിഭവങ്ങളും ആധുനികമായ കമ്പ്യൂട്ടറും മനോഹരമായ ടി വിയും മാത്രമായി അയാളുടെ ജീവിതം ആ
വീട്ടിൽ നീങ്ങിക്കൊണ്ടിരുന്നു. അവളുടെ ജീവിതത്തിലോ മകന്റെ ജീവിതത്തിലോ
ഉള്ളതെന്തെല്ലാമെന്ന് അന്വേഷിയ്ക്കാനയാൾക്ക് കഴിഞ്ഞതുമില്ല. സ്വയം നിർമ്മിച്ച
മണൽക്കൂടിലേയ്ക്കവളും അയാളും ദിനം തോറും പിൻ വാങ്ങി. കണ്ണുകൾ പോലും പരസ്പരം
കൂട്ടിമുട്ടാതിരിയ്ക്കാൻ ശ്രദ്ധിച്ചുകൊണ്ട് അവർ ജീവിച്ചു. ആ ഏകാന്തത ഭേദിയ്ക്കാൻ
ആരും വന്നില്ല. ആരും വരികയില്ലെന്നും ശ്രമിയ്ക്കുന്നവരുടെ തല അവർക്കിടയിലെ
കന്മതിലിലിടിച്ച് പൊട്ടിത്തകരുമെന്നും അയാൾ തിരിച്ചറിഞ്ഞു.
മോചനമില്ലാത്ത ആ വിഷമവൃത്തം ഒന്നിൽ നിന്ന്
മറ്റൊന്നിലേയ്ക്ക് തുടക്കവും ഒടുക്കവുമില്ലാതെ പടർന്നുകൊണ്ടിരുന്നു. ചിലപ്പോൾ അതു
പ്രപഞ്ചത്തേയും വിഴുങ്ങാൻ തയാറായി, ഏണും കോണുമാർന്നു. അല്ലെങ്കിൽ വാളിന്റെ മൂർച്ചയോടെ അവരിലേയ്ക്ക് തന്നെ
ആഴ്ന്നിറങ്ങി, ചോര
ചിതറിച്ചു. എന്നിട്ടും ആ വൃത്തം മുറിഞ്ഞു പോയില്ല.
അതാണിന്നയാൾ മുറിച്ചു കളഞ്ഞത്.
പ്രകോപനമൊന്നുമില്ലായിരുന്നു. അയാൾക്ക്
പൊടുന്നനെ മതി എന്നു തോന്നുകയായിരുന്നു.
ഇറങ്ങിപ്പോരുമ്പോൾ ആരും ഒന്നും
ചോദിച്ചില്ല. എവിടെ പോകുന്നുവെന്നോ എന്തിനു പോകുന്നുവെന്നോ എപ്പോൾ വരുമെന്നോ.
ഇനി ഒരിയ്ക്കലും വരികയേയില്ലെന്നോ……………
(ചിത്രങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട് )
(ചിത്രങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട് )