വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

കാറ്റുകളുടെ വര്‍ത്തമാനം-കഥ


ദൂരെനിന്ന് നോക്കിയാല്‍ അയാളുടെ വീട് വലിയൊരു പൂന്തോട്ടത്തിന് നടുവിലാണെന്ന് തോന്നും. 
ചെടികളുടെ വര്‍ണ്ണവൈവിധ്യങ്ങള്‍ക്ക് നടുവിലൂടെ ഒരിടവഴിയുണ്ട്; വീട്ടിലേക്ക്. സുഗന്ധംപുരണ്ട അകവും പുറവുമായി അതിലൂടെ നടന്നെത്തുന്പോഴാണ് കള്ളിമുള്ളുകള്‍ അതിരിട്ട തുണ്ട് ഭൂമിയിലാണ് അയാളും കുടുംബവും താമസിക്കുന്നതെന്ന് മനസ്സിലാവുക.

അയാളുടെ അതിരില്‍ നിന്ന് ഗ്രൗണ്ടിന്‍റെ ഒരുഭാഗം വരെ നാട്ടിലെ ചെറുപ്പക്കാരാണവ വെച്ചുപിടിപ്പിച്ചത്. കളികഴിഞ്ഞാല്‍ അവരതിന്‍റെ വശങ്ങളിലുണ്ടാക്കിയ ഇരിപ്പിടങ്ങളില്‍ വിശ്രമിക്കുകയും ഇരുട്ട് കനക്കുന്പോള്‍ മടങ്ങുകയും ചെയ്യും. പൂന്തോട്ടത്തിന്‍റെ നനയും പരിചരണവും അയാള്‍ക്കും വീട്ടുകാര്‍ക്കും. 

വീട്ടുകാരെന്ന് പറയാന്‍ ആരുമില്ല. അയാളും ഭാര്യയും. മക്കളൊന്നും ആയിട്ടില്ല. ദീര്‍ഘനാളത്തെ മരുവാസത്തിന് ശേഷം, ബാധ്യതകളൊതുക്കി, ചെറിയൊരു വീട് പണിത് അവര്‍ അതിഥികളെ കാത്തിരിക്കുകയാണ്.

‘ഇപ്പോ മനസ്സിനൊരു സമാധാനമുണ്ട്’
വരാന്തയിലെ ചാരുകസേരയിലിരുന്ന് അയാള്‍ തന്നോടുതന്നെ പറഞ്ഞു. 

-ആദ്യമൊക്കെ ഇവിടിരുന്ന് നോക്കിയാല്‍ കാണുമായിരുന്നത്, നിറംകെട്ട വലിയൊരു കഷ്ണംഭൂമി. ഇപ്പോ എന്തൊരു രസമാണ്. കണ്ണ് ചെറുങ്ങനിച്ച് നോക്കിയാല്‍ ഇരിക്കുന്നത് പൂക്കളുടെ വലിയൊരു താഴ്വരയിലാണെന്ന് തോന്നും. ചുറ്റിനും പച്ചപ്പിന്‍റെ സമൃദ്ധി. കിളികളുടെ വികൃതി, ശലഭങ്ങളുടെ തേര്പോക്ക് കണ്ടാല്‍ ചെടിത്തുന്പിലെ പൂക്കളെ കാറ്റടര്‍ത്തിക്കൊണ്ടുപോവുകയാണെന്നേ തോന്നൂ. ദൈവം പൂക്കള്‍ക്കും പൂന്പാറ്റകള്‍ക്കും ഒരേ മൂശയിലായിരിക്കണം നിറം പകര്‍ന്നത്. പുത്തനുടുപ്പണിഞ്ഞ കുഞ്ഞുങ്ങളെപ്പോലെ എന്തൊരു ഗമയാണവയ്ക്ക്. അവര്‍ മാത്രമല്ല, കിളികളും കാറ്റും ഒക്കെ അഹങ്കാരികളായിട്ടുണ്ട്. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്വന്തമായൊരു ആവാസസ്ഥലം ഉണ്ടാകുന്പോള്‍ ആരും തെല്ലഹങ്കാരിയാകും. 

പൂന്തോട്ടത്തില്‍ നിന്ന് കണ്ണെടുക്കാതെ, വൈകുന്നേരത്തെ ചായ ആസ്വദിച്ചിറക്കുകയായിരുന്നു അയാള്‍.

-ഇന്നന്തേ കുട്ടികളാരേം ഗ്രൗണ്ടില്‍ കാണാത്തത്? 
സാധാരണ ഇന്നേരം ബഹളമയമാണ്. ഫുട്ബോള്‍, ക്രിക്കറ്റ്, ഫൗളുകള്‍, വഴക്ക്, ചര്‍ച്ച, തമാശ, പൊട്ടിച്ചിരി... ഇന്നൊന്നിനേം... ഓ, ഞാനത് മറന്നു. എല്ലാവരും ക്ലബ്ബിലെ ടെലിവിഷന് മുന്‍പിലാകും. വണ്‍ഡേ മാച്ചുണ്ട്. ആരാധകര്‍ തമ്മില്‍ വാക്കേറ്റം മൂക്കുന്നുണ്ടാകും. 

ഈ പ്രായം എത്ര രസകരമാണ്.

ഓരോന്നാലോചിച്ചിരുന്ന അയാളുടെ മുഖം പൊടുന്നനെ വിടര്‍ന്നു. 

പൂന്തോട്ടത്തില്‍ നിന്ന് കണ്ണെടുത്ത് ചുറ്റിനും നോക്കി. വീണ്ടും പൂന്തോട്ടത്തിലേക്ക്. 
പിന്നെയും പരിസരങ്ങളിലേക്ക്... അത്ഭുതപരിഭ്രാന്തനായ അയാളെഴുന്നേറ്റ് ഭാര്യയെ വിളിച്ചു.
‘ഒന്നിങ്ങോട്ടു വേം വര്ണ്ണ്ടോ....?’
‘എന്തേ.. എന്തുപറ്റി...?’ അവള്‍ അകത്തുനിന്നും ഭീതിയോടെ പാഞ്ഞുവന്നു.
‘ആ പൂന്തോട്ടത്തിലേക്കൊന്ന് നോക്ക്...’
‘ഇങ്ങനേണ്ടോ മനുഷ്യന്മാര്? ഞാന്‍ വിചാരിച്ചു...., ഹല്ലാ...! ഇതെന്താ ഇങ്ങിനെ...?!’ 

പറഞ്ഞുവന്നത് മറന്ന് അത്ഭുതത്തോടുകൂടി പൂന്തോട്ടത്തിലേക്ക് നോക്കി അവള്‍ അയാളോട് ചോദിച്ചു. 

‘അതുതന്നെയാണ് ഞാനും നോക്കുന്നത്. പരിസരം മുഴുവന്‍ അനങ്ങാതെ നില്‍ക്കുന്നു. നമ്മുടെ പൂന്തോട്ടത്തില്‍ മാത്രം അനക്കങ്ങളുടെ ആരവാരം. നോക്ക്, ഈ മുരിങ്ങയില പോലും അനങ്ങ്ണില്ല. പക്ഷെ, പൂന്തോട്ടത്തില്‍ മാത്രം കാറ്റ് പാഞ്ഞുനടക്കുന്നു’
ഇരുവരും അത്ഭുതത്തോടുകൂടി രംഗം ആസ്വദിച്ചുനില്‍ക്കെ, പടിഞ്ഞാറുനിന്നൊരു കാറ്റു വന്ന് പരിസരം ചലിപ്പിച്ചു. 

‘ഇപ്പോ എല്ലാം സമാസമം’ അയാള്‍ കസേരയിലിരുന്നു.

‘കാറ്റ് ദൈവത്തിന്‍റെ കരതലങ്ങളാണ്. അനുഗ്രഹമായി അവ പ്രകൃതി മുഴുവന്‍...., കാറ്റ് തൊടുന്പോ പൂക്കള്‍ ചിരിക്കുന്നത് കണ്ടിട്ടുണ്ടോ..? പൈതങ്ങളുടെ പുഞ്ചിരിപോലെ എത്ര മനോഹരമാണത്’

‘ന്ന്ട്ടെന്തേ... ആ പുഞ്ചിരിയും അനുഗ്രഹവും നമുക്ക് മാത്രം അന്യമായിപ്പോകുന്നത്...?’ വിദൂരതയിലേക്ക് നോക്കി അവള്‍ അയോളോട് ചോദിച്ചു.

‘എന്താണ് ഇങ്ങിനെ സംസാരിക്കുന്നത്. നീ ചെടികളെ കുറിച്ചാലോചിച്ച് നോക്ക്. പറയുന്പോ എല്ലാം ചെടികളാണ്. പക്ഷെ എല്ലാം ഒരുപോലെയാണോ. നീലക്കുറിഞ്ഞി എത്ര കൊല്ലം കൂടുന്പഴാ ഒന്നു പൂക്കുന്നത്. രാത്രി മാത്രം പൂക്കുന്ന ചെടികളില്ലേ. ഒരിക്കല്‍ പൂത്താല്‍ നശിച്ചുപോകുന്നവയില്ലേ. മാസങ്ങളോളം പൂത്തു നില്‍ക്കുന്നവയില്ലേ. അങ്ങിനെ എന്തെല്ലാം വ്യത്യസ്തതകളാണ് ചെടികളില്‍. അതുപോലൊരു സൃഷ്ടി മാത്രമാണ് നമ്മളും. സമയമാകുന്പോ നമുക്ക് പൂക്കളുണ്ടാവുക തന്നെ ചെയ്യും. ദൈവം കാരുണ്യവാനാണ്’

അവള്‍ ചിരിച്ചു, അയാളും.

‘നീ കേട്ടോ അവരുടെ സങ്കടവും കളിയുംചിരിയും?’ 
പൂന്തോട്ടത്തിലുലഞ്ഞ ഇളങ്കാറ്റിനോട് പരിസരംമുഴുക്കെ വീശുന്ന പടിഞ്ഞാറന്‍കാറ്റ് ചോദിച്ചു.
‘ഇന്നിത്രയല്ലേയുള്ളൂ. മറ്റുദിവസങ്ങളിലുള്ളതൊന്നും കാണാറില്ലല്ലോ...?’ 
പുഞ്ചിരിയോടെ ഇളങ്കാറ്റ് പറഞ്ഞു. 

‘അല്ലാ, നീ എന്ത് ഭാവിച്ചാണിങ്ങനെ....? കുസൃതി നിയന്ത്രിക്കാറായിരിക്കുന്നു. 

മനുഷ്യരടക്കമുള്ള ജീവികള്‍ക്ക് കാറ്റിനെ കുറിച്ച് ധാരണകളുണ്ട്. അതിനപ്പുറമുള്ള ഓരോ ചലനവും അവരെ ചകിതരാക്കും. പാതിരാത്രിയില്‍ നടന്നുപോകുന്ന മനുഷ്യന്‍റെ അരികിലെ ഒറ്റമരം മാത്രം നീ ഇളക്കിയാല്‍... അതുപോകട്ടെ, ഭൂമിയുടെ മറുഭാഗത്തേക്കയച്ച കൊടുങ്കാറ്റുകളുടെ കൂട്ടത്തില്‍ നിന്ന് പിന്‍മാറിയതെന്തേ...?’

‘അത് പിന്നെ, വയ്യ, ഛിന്നം വിളിച്ച് കണ്‍മുന്‍പിലുള്ളവയെല്ലാം തകര്‍ത്ത്... 

നശിപ്പിക്കപ്പെടുന്നവരില്‍ നല്ലവരുമുണ്ടാകില്ലേ...?’

‘ദൈവശിക്ഷ ഇറങ്ങുന്പോള്‍ നല്ലവരും ഉള്‍പ്പെട്ടേക്കാം. അവര്‍ക്ക് മഹത്തായ സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. ദൈവകാരുണ്യമില്ലായിരുന്നെങ്കില്‍ നിന്നെ ഇല്ലായ്മ ചെയ്യുമായിരുന്നു’

പുഞ്ചിരിയോടെ ഇളങ്കാറ്റ് പറഞ്ഞു: ‘അറിയാം, അതല്ലെ, എനിക്കീ പൂന്തോട്ടം മതിയെന്ന് പറഞ്ഞപ്പോ അനുവദിക്കപ്പെട്ടത്. ഇവിടെ എന്തോരു സുഖമാ. സദാസമയം സുഗന്ധം പുരണ്ട്... നല്ലവെള്ളം നനഞ്ഞ്... ഒരേയൊരു ഖേദമുള്ളത് അവരുടേതാണ്. അവരുടെ വിധിയില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടോ. കഷ്ടപ്പെടുന്നവന്‍റെ ശ്വാസോച്ഛ്വാസം പോലും പ്രാര്‍ത്ഥനയെന്നാണ്...’ 

‘അതു പറയാനാണ് വന്നത്. കാനനവാസം കഴിഞ്ഞിരിക്കുന്നു. നീ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു; അവരോടൊപ്പം. മനുഷ്യന്‍റെ പ്രാണവായു ആകാനാണ് നിയോഗം. ആകട്ടെ, ഏതാണ് തെരഞ്ഞെടുക്കുന്നത്?’
‘ദൈവത്തിന് സ്തുതി’ ഇളങ്കാറ്റ് തെല്ല് ആലോചിച്ച് പറഞ്ഞു: 
‘എനിക്കിഷ്ടം സദ്സ്വഭാവിയായൊരു പെണ്‍കുരുന്നിനൊപ്പം കഴിയാനാണ്’
‘നല്ല തീരുമാനം. ദുഃശ്ശീലക്കാരുടെ പ്രാണവായു ആകുന്നതിനേക്കാള്‍ ശപിക്കപ്പെട്ട മറ്റൊരു ജന്മം ഉണ്ടോ എന്നറിയില്ല. എത്ര കഷ്ടമാണത്.’

‘പുറത്ത് കാറ്റുണ്ടെന്ന് തോന്നുന്നു. ജനാല തുറന്നിട്ടാലോ..?’ അയാള്‍ അവളോട് ചോദിച്ചു.
‘ശരിയാണ്. ഉറക്കം വരുന്പോള്‍ അടക്കാം’ 
അവളെഴുന്നേറ്റ് ജനാലകള്‍ തുറന്നു. അല്‍പ്പനേരം അവിടെനിന്നു. 
‘എന്താണ് നോക്കുന്നത്..?’
‘നല്ലകാറ്റ്... ഇരുട്ടും’
‘നിലാവുദിക്കാന്‍ സമയമാകുന്നല്ലെയുള്ളു’
‘നാളെയല്ലെ ഡോക്ടറെ കാണേണ്ട തിയ്യതി?’
‘അതെ, ബുക്ക് ചെയ്തിട്ടുണ്ടല്ലോ, പിന്നെന്താ..?’
‘അതല്ല, വരുന്നവഴി ജാറത്തിലൊന്ന് കേറണം. നേര്‍ച്ചയുണ്ടെനിക്ക്.’
‘ആകാം. ഇനി അതിന്‍റെ കുറവുണ്ടാകേണ്ട’
അവര്‍ കിടന്നു. ചെറുസല്ലാപങ്ങളില്‍ മുഴുകി. തണുത്ത കാറ്റ് ഇരുവരെയും നിരന്തരം തഴുകി. 

അതിനിടയില്‍... കാറ്റ് ഇളങ്കാറ്റിനോട് ചോദിച്ചു: 
‘കേട്ടോ അവരുടെ വര്‍ത്തമാനം?’
‘കേട്ടു. ചിരിയടക്കാന്‍ വയ്യാതായി. മനുഷ്യര്ടെ ഒരു കാര്യം. ദൈവാനുഗ്രഹത്തെ കുറിച്ച് ഒന്നുമറിയില്ല. ഇനീപ്പോ, ആ ഡോക്ടറും ജാറവുമാകും ഇവരുടെ എല്ലാം. ഏതൊരു കാര്യത്തിനും തരാതരം ഇവര്‍ അതിനേ ആശ്രയിക്കൂ’
‘മനുഷ്യര്‍ അങ്ങിനെയൊക്കെയാണ്. പാവങ്ങള്‍. പക്ഷെ, അക്രമികളായാല്‍ ഈ ഭൂമിതന്നെ നശിപ്പിച്ചുകളയും’
‘പോകാന്‍ നേരമായി. നീ പൂന്തോട്ടത്തിലേക്ക് പൊയ്ക്കോളൂ. അവരുറങ്ങട്ടെ’

വീട്ടിലുള്ളവരുടെ രാവുകളില്‍ മുഴുനിലാവുദിച്ചു. സന്തോഷത്തില്‍ മതിമറന്ന്, പറയാന്‍ വാക്കുകളില്ലാതെ നിശ്ശബ്ദരായി. പുതിയ അതിഥിയെ വരവേല്‍ക്കുന്നതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടും മതിവരാതിരുന്നു.
‘ആ ജാറം എങ്ങിനെ വന്നൂന്നറിയോ നിനക്ക്...?’ 
ഒരു രാത്രിയില്‍, സംസാരമധ്യേ അയാള്‍ അവളോട് ചോദിച്ചു. 
‘ഇല്ല..’ അവള്‍ പറഞ്ഞു.
‘കടലിലൊഴുകിവന്നതാണ്. അതുകാണാന്‍ നാട്ടുകാര്‍ വന്നു. കേട്ടറിഞ്ഞ് അടുത്ത നാട്ടുകാര്‍. പിന്നെപ്പിന്നെ... ജനസമൂഹം...’
നമുക്കവിടെ കുഞ്ഞിനെ കൂട്ടിപ്പോകണം. എല്ലാ മാസാന്ത്യത്തിലുംരാത്രിയില്‍ നടക്കുന്ന പ്രത്യേകകര്‍മ്മങ്ങളില്‍ പങ്കെടുത്തവിടെ കൂടണം’
‘തീര്‍ച്ചയായും, ഇത് അവരുടേത് കൂടിയാണ്’
‘പേടിയുണ്ടോ നിനക്ക്...? നാളെയാണ് അഡ്മിറ്റ് ചെയ്യേണ്ടത്’
‘പേടിയൊന്നുമില്ല, എങ്കിലും ചെറിയ ടെന്‍ഷന്‍....’
‘ദൈവം കാത്തോളും’
പതിയെ അവര്‍ ഉറക്കത്തിലേക്ക് വഴുതി. 

പനിനീര്‍പൂക്കളെ ഉമ്മവെയ്ക്കാന്‍ അവസരം നല്‍കാതെ, വണ്ടുകളെത്തുന്പോള്‍ ശക്തമായനക്കി അവയെ കളിയാക്കുകയായിരുന്നു ഇളങ്കാറ്റ്. 
കാറ്റ് അരികിലെത്തിയപ്പോള്‍ ഇളങ്കാറ്റടങ്ങി. വണ്ടുകള്‍ പൂക്കളിലിറങ്ങി തേന്‍ നുകര്‍ന്നു.
‘ഇന്നാണ് ആ കുട്ടിയുടെ ജന്മം. പ്രഭാതവെയില്‍ ചൂടാകുന്നേരം അതുണ്ടാകും. എന്തെങ്കിലും വേവലാതികളുണ്ടോ....?’
‘ഒന്നുമില്ല, പക്ഷെ, ഒരുതരം... ഒരുതരം...’
‘അതുണ്ടാകും. ആദ്യമായല്ലെ. അതിന് മുന്‍പ് ചിലഅറിവുകള്‍ കൈമാറേണ്ടതുണ്ട്’

കാറ്റ് ഇളങ്കാറ്റിനേയും കൊണ്ട് പറന്നു, കടല്‍തീരത്തേക്ക്.
‘കടലിനൊരു സ്വഭാവമുണ്ട്. സൂക്ഷിക്കാനേല്‍പ്പിച്ചതെല്ലാം അത് തിരിച്ചെടുക്കും.
 പ്രതിരോധത്തിന്‍റെ ഏത് നെടുങ്കന്‍കോട്ടയും ഉപ്പുരസത്താല്‍ അടയാളപ്പെടുത്തി പതുക്കെ അപ്രത്യക്ഷമാക്കും. 

ഈ ജാറം കണ്ടോ...? വര്‍ഷങ്ങളായി കടല്‍ അവകാശം ചോദിക്കുന്നു. 
പക്ഷെ, ഗ്രാമത്തിന്‍റെ വിഹ്വലതകള്‍ ഈ കരിങ്കല്‍ കഷ്ണങ്ങള്‍ നിരത്തി പ്രതിരോധിക്കുകയാണ്. പതിനെട്ട് വര്‍ഷം തികയുന്പോള്‍ കൂനന്‍മലയാകും ഇവര്‍ക്കും കടലിനുമിടയില്‍. 
രാവിന്‍റെ നിശ്ശബ്ദതയില്‍ ഉയരുന്ന, മാസാന്ത്യത്തിലെ മന്ത്രധ്വനികളുടെയും ചന്ദനപ്പുകയുടെയും മായികതയില്‍, സ്വയമറിയാതെയെന്നവണ്ണം കൂനന്‍മലയുടെ ചരിവിലൂടെ പെണ്‍കുട്ടി നടക്കും, നിലാവുതിളങ്ങുന്ന നീലക്കടലിനപ്പോള്‍ വശ്യതയേറും. നിഗൂഢതയുടെ കടല്‍കൊട്ടാരങ്ങളിലിരുന്ന് ആയിരംകൈകളാല്‍ രാജകുമാരന്മാര്‍ നിന്‍റെ കുഞ്ഞുബീവിയെ മാടിവിളിക്കും. നീ നിറഞ്ഞൊഴുകിയ അറകളില്‍ ഉപ്പുവെള്ളം നിറയും. നിന്‍റെ മാത്രം കരുത്തില്‍ ഒന്നോ രണ്ടോ തവണ ജലപ്പരപ്പിന് മീതെ... ജീവിതത്തില്‍ നിന്ന് നിങ്ങള്‍ വേര്‍പിരിയുന്നതങ്ങിനെയാണ്’
‘ദൈവമെ.., എന്തിനാണ് ആ പെണ്‍കുട്ടി.....?’
-‘നീയെന്താണ് മനുഷ്യരെപ്പോലെ... കാരണങ്ങള്‍ അവരാണ് ചികയുക. 
ആ സ്ത്രീ ഇപ്പോള്‍ പേറ്റുനോവ് അനുഭവിക്കുകയാകും’
‘എനിക്ക്... എനിക്ക് കരയാന്‍ തോന്നുന്നു’
കാറ്റ് ചിരിച്ചുകൊണ്ടു പറഞ്ഞു: ‘നീ പാകപ്പെടുകയാണ്’
ഡോക്ടറുടെ കൈകളില്‍ നവമുകുളം ചേര്‍ന്നനിമിഷം, നാസാരന്ധ്രങ്ങളിലൂടെ ശ്വസനത്തിന്‍റെ ഉള്ളറകളിലേക്ക്. നേര്‍ത്തയനക്കം.പിന്നീട്, കൈകാലുകള്‍ ചുരുട്ടി ബലം പിടിച്ച്, പാകപ്പെടുന്നവരുടെ നിലവിളി.
തിയേറ്ററിന് പുറത്ത്, ഉത്കണ്ഠപൊഴിച്ച് നിലവിളിയില്‍ സന്തോഷിക്കുന്ന മുഖങ്ങളിലേക്കയാള്‍ മധുരം വിതരണം ചെയ്തു!
----------------------------
picture@Google

പകല്‍ക്കള്ളന്‍

 
 
    പകല്‍ മാത്രം കക്കാനിറങ്ങുന്ന ശീലമുള്ള   കള്ളന് അന്ന്  നല്ല ശകുനമായിരുന്നു. വിവാഹവേഷത്തില്‍ ഡാഫോഡില്‍സ് പൂക്കള്‍  കൊണ്ടുണ്ടാക്കിയ ഒരു പൂച്ചെണ്ട് കയ്യില്‍ മുറുക്കിപ്പിടിച്ച് ,മരിച്ചു കിടന്ന ഒരാള്‍ ! ചിതറിക്കിടന്ന വര്‍ണ്ണ ബലൂണുകള്‍ , കടലാസ് പക്ഷികള്‍ !.
"ഈ പന്നീടേ കൂട്ടരാ ദൂരെയെങ്ങാണ്ടു കുഞ്ഞുങ്ങളെ ചുട്ടു തിന്നുന്നത് " രോഷത്തോടെ മൃതദേഹത്തിലേക്ക് ആരോ കാര്‍ക്കിച്ചു തുപ്പി .കാഴ്ച്ചക്കാരുടെ വലയത്തിന് ചുറ്റളവ് കൂടിവന്നപ്പോള്‍, തന്‍റെ ജോലിക്ക് ഇത് തന്നെ  നല്ല  തക്കം എന്ന്‍ കണ്ട കള്ളന്‍ ആള്‍ക്കൂട്ടത്തില്‍ നിന്നു പുറത്തു കടന്നു .
   ജൂതത്തെരുവിലെ, പഴയ മട്ടിലെ ബാല്‍ക്കണികളുള്ള  വീടിന്‍റെ പിരിയന്‍  ഗോവണി  കേറി കള്ളനെത്തുമ്പോള്‍ വാതില്‍ തുറന്നു കിടക്കുകയായിരുന്നു .ഒരു കാക്കയെപ്പോലെ അങ്ങുമിങ്ങും പാളിനോക്കി കള്ളന്‍ അകത്തു കടന്നു. വൃത്തിയും വെടിപ്പുമുള്ള നന്നായി അലങ്കരിച്ച ഒരു മുറി ആയിരുന്നു അത് . സന്തോഷകരമായ എന്തോ ഒരു ചടങ്ങ് അവിടെ നടക്കാന്‍ പോകുന്നുണ്ടെന്ന് കള്ളന് തോന്നി .
"ഇഷാക് ..ഇഷാക്ക്  ! നീ എന്താ ഇത്ര വൈകിയത് ?"എന്നു ഉള്ളില്‍ നിന്നെവിടന്നോ ചോദ്യമുയര്‍ന്നു.  അകത്ത് നിന്നു വെള്ള ഞൊറികളുള്ള ഗൌണ്‍ ധരിച്ച   ഒരു പെണ്‍കുട്ടി മുറിയിലേക്ക് വന്നു .
"ആരാത് ? "   മറുപടി ഇല്ലാത്തത് കൊണ്ട് ആ പെണ്‍കുട്ടി സംശയത്തോടെ ചോദ്യം ആവര്‍ത്തിച്ചു .
"ഇഷാക് ,അത് നീയല്ലേ ?" അദൃശ്യമായ എന്തിനെയോ ആ പെണ്‍കുട്ടി വായുവില്‍ പരതുന്നത്കാണ്‍കെ കള്ളന് തന്‍റെ ശകുനം പിഴച്ചില്ല എന്ന്‍ ഉറപ്പായി .
"ഞാന്‍ ഒരു മരപ്പണിക്കാരന്‍ ആണ് .വാതിലിനു എന്തോ കുഴപ്പമുണ്ടെന്നു ഇഷാക്ക് പറഞ്ഞു "   സന്ദര്‍ഭത്തിനനുസരിച്ച് സംസാരിക്കാനുള്ള തന്‍റെ കഴിവില്‍ കള്ളനു വലിയ മതിപ്പ് തോന്നി.
"വാതിലിനു കുഴപ്പമൊന്നുമില്ലല്ലോ ," ഒന്ന് നിര്‍ത്തി അന്ധയായ പെണ്‍കുട്ടി തുടര്‍ന്നു .  "പിയാനോ നന്നാക്കണം എന്നാണോ  ഇഷാക്ക് പറഞ്ഞത് ?"
"അതെയതെ; ഇഷാക്ക് അങ്ങനെയാണ് പറഞ്ഞത് ,എനിക്കെപ്പോഴും ഇങ്ങനെ വാക്കുകള്‍ മാറിപ്പോകും "  സ്വരത്തില്‍ മനപ്പൂര്‍വ്വം ജാള്യത വരുത്താന്‍ കള്ളന്‍ ശ്രദ്ധിച്ചു .
"പിയാനോക്ക് എന്താണ് കുഴപ്പം ?"
"അതിന്‍റെ മഫ്ലര്‍ പെഡല്‍ പ്രവര്‍ത്തിക്കുന്നില്ല  "പിയാനോയുടെ ഫാള്‍ ബോര്‍ഡില്‍  വെട്ടിത്തിളങ്ങിയിരുന്ന എന്തെല്ലാമോ വിചിത്ര അക്ഷരങ്ങള്‍ കൊത്തിയ  സ്വര്‍ണ്ണത്തള  കള്ളന്‍റെ ശ്രദ്ധയെ അതിനകം ആകര്‍ഷിച്ചിരുന്നു. അവന്‍ അതിവേഗം , തന്‍റെ കീശയിലൊതുക്കി .
"നിങ്ങളെ ഇങ്ങോട്ടയച്ചിട്ടു ഈ ഇഷാക്ക് എങ്ങോട്ട് പോയതാ ?"  പെണ്‍കുട്ടിയുടെ സ്വരത്തില്‍ അക്ഷമ പടര്‍ന്നിരുന്നു .
 "ഒരു പൂച്ചെണ്ട് വാങ്ങണം എന്ന് പറയുന്നുണ്ടായിരുന്നു ".ഓര്‍ക്കാതെ  പറഞ്ഞു പോയതാണെങ്കിലുംതാന്‍ പറഞ്ഞതെന്തെന്നോര്‍ത്ത് കള്ളന്‍ നാക്ക് കടിച്ചു. ചോരയില്‍ മുങ്ങിയ ഒരു പൂച്ചെണ്ട്  പൊടുന്നനെ അയാളുടെ  കണ്ണുകള്‍ക്ക് മുന്നില്‍ തെളിഞ്ഞു .
"അല്ലല്ല ,എന്തോ ജോലി ഉണ്ടെന്നു പറഞ്ഞു "അയാള്‍ തിരുത്തി . തിരുത്തിക്കഴിഞ്ഞാണ് അതും വേണ്ടിയിരുന്നില്ല എന്നയാള്‍ക്ക് തോന്നിയത് .
 "റബ്ബിയെ  വിളിക്കാന്‍ പോയതാകും .." .
കള്ളന്‍ മറുപടിയൊന്നും  പറയാതെ പിയാനോയില്‍ തട്ടുകയും മുട്ടുകയും ചെയ്തു . അയാളുടെ കൈ തട്ടി പിയാനോയില്‍ നിന്ന് സംഗീതമുതിര്‍ന്നു.
"നിങ്ങള്‍ക്ക് പിയാനോ വായിക്കാനറിയാമോ?"
"ഏയ്‌.ഓരോ മരത്തിനുള്ളിലും സംഗീതമുണ്ട് ,സ്നേഹമുള്ള വിരലുകള്‍  കൊണ്ട് തൊട്ടാല്‍ അത് പുറത്ത് വരും ,"കള്ളന്‍ തമാശ പോലെ പറഞ്ഞു .
"നിങ്ങളും ഇഷാക്കിനെപ്പോലെ തന്നെ .അവനും ഇത് പോലെയൊക്കെ തന്നെയാ  സംസാരിക്ക്യാ. " പെണ്‍കുട്ടി തുടര്‍ന്നു ."ആരുമില്ലാത്ത ഈ നഗരത്തില്‍ പഴയമട്ടിലുള്ള ചടങ്ങുകള്‍ ഒന്നും വേണ്ടെന്നു ഞാന്‍ അവനോട് എത്ര പറഞ്ഞതാണെന്നോ?  ,അപ്പോള്‍ അവനു ഡാഫോഡില്‍സ് പൂച്ചെണ്ടുകള്‍ വേണം,സ്ഫടികപ്പാത്രങ്ങള്‍ ചവിട്ടിപ്പൊട്ടിക്കണം, "അന്ള്‍ ദോദി വ് ദോദി ലി" എന്ന്    കൊത്തിയ ബ്രേസ് ലെറ്റുകള്‍  പരസ്പരം കൈമാറണം .  ബലൂണുകളും കടലാസ് പക്ഷികളെയും പറത്തണം,മലമുകളിലെ മരത്തിന്‍റെ മേലെയുള്ള മാതളനാരങ്ങകള്‍ പറിക്കാന്‍ പോകണം ,  പൂത്തിരികള്‍ കത്തിക്കണം , ഒക്കെയും  കണ്ണ് കാണാത്ത ഈ പൊട്ടിപ്പെണ്ണിനെയും കൂട്ടി!!"
ദൈവമേ ;അത് ഇഷാക് ആണ് !!എങ്കിലും കള്ളന്‍ നിശബ്ദത പാലിച്ചു  .എന്ത് പറയാന്‍ ?
"ക്ഷമിക്കണേ ,ഇഷാക്ക് വരുന്നതിനു മുന്നേ എനിക്കും ഒരുങ്ങി നില്‍ക്കണം , ഇവിടെ എവിടെയോ ഞാന്‍ എന്‍റെ വെഡ്ഡിംഗ്ബാന്‍ഡു വെച്ചിരുന്നല്ലോ "  സ്വയം അങ്ങനെ പറഞ്ഞു കൊണ്ട് പെണ്‍കുട്ടി തന്‍റെ കൈത്തളകള്‍ തെരയാന്‍  തുടങ്ങി .
കള്ളന്‍ തന്‍റെ ഉപകരണങ്ങള്‍ ഒക്കെ പെറുക്കിക്കൂട്ടി പോകാനൊരുങ്ങി ,അയാള്‍ക്ക് എല്ലാറ്റിലുമുള്ള താല്‍പ്പര്യം നശിച്ചിരുന്നു .
"നിങ്ങളുടെ ജോലി കഴിഞ്ഞോ ?കൂലി എത്രയാണ് ?"പെണ്‍കുട്ടി ചോദിച്ചു .
"ഞാന്‍ ഇഷാക്കിനോടു വാങ്ങിച്ചു കൊള്ളാം "എന്ന് പറഞ്ഞു കള്ളന്‍ ഒന്നുമറിയാത്ത മാതിരി താന്‍ മോഷ്ടിച്ച സ്വര്‍ണ്ണത്തള  താഴെയിട്ടു .ലോഹം കലമ്പുന്ന ശബ്ദം കേട്ട പെണ്‍കുട്ടി മുഖമുയര്‍ത്തി .
"ഇതാണോ നിങ്ങളുടെ ആ വെഡ്ഡിംഗ്ബാന്‍ഡ്  ? പിയാനോക്ക് മുകളിലിരുപ്പുണ്ടായിരുന്നു ഇത്."  അത് കൈമാറുമ്പോള്‍ സാന്ത്വന സൂചകമായി കള്ളന്‍  അവളുടെ കൈകളില്‍ തൊട്ടു . പടിയിറങ്ങുമ്പോള്‍  പെണ്‍കുട്ടിയുടെ  കവിളില്‍ ഒരു മുത്തം കൂടി  നല്‍കണം എന്നയാള്‍ക്ക് ആശയുണ്ടായിരുന്നു .പക്ഷെ അവളുടെ പൂങ്കവിളുകള്‍ തന്‍റെ കണ്ണുനീരിനാല്‍ നനയുന്നത് അയാള്‍ ഇഷ്ടപ്പെട്ടില്ല .! 

മുഖാമുഖം

എല്ലാ യാത്രകള്‍ക്കും യാത്രക്കാരന്‍ അറിയാത്ത അജ്ഞാതമായ ഒരു ലക്ഷ്യമുണ്ട് എന്ന് വായിച്ചതോര്‍ക്കുന്നു. ചെറുതും വലുതുമായ ഓരോ യാത്രകളും വ്യത്യസ്തമായ അനുഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ്. മനസ്സിനുള്ളില്‍ പതിഞ്ഞു കിടക്കുന്ന അനുഭവങ്ങളുടെ ചെപ്പു തുറന്നാല്‍ കാണുന്ന നിറ പകിട്ടാര്‍ന്ന കാഴ്ചകളെ തോല്‍പ്പിക്കാനെന്ന പോലെ പടരുന്ന നിഴലുകള്‍. ഓര്‍മ്മകളില്‍ അവയുടെ സ്ഥാനം എല്ലാത്തിനും മീതെയാണെന്ന് അനുനിമിഷം തെളിയിച്ചു കൊണ്ട്, മായ്ച്ചുകളയാന്‍ ആവാതെ....

രണ്ടായിരത്തി നാലില്‍ ആണെന്ന് തോന്നുന്നു, ഞങ്ങള്‍ കുടുംബസമേതം സൗദിയില്‍ നിന്ന് ദുബായിലേക്ക് പെരുന്നാള്‍ ആഘോഷിക്കാന്‍ പോയത്. ഏതെങ്കിലും ഒരു  പെരുന്നാള്‍ ആഘോഷം ദുബായിലെ ബന്ധുക്കളോടൊപ്പം ആകണം എന്നത് കുറെ നാളത്തെ ആഗ്രഹമായിരുന്നു ഞങ്ങള്‍ക്ക്. ദീര്‍ഘ ദൂരം ഡ്രൈവ് ചെയ്യാനുള്ള ആവേശവും, മരുഭൂമിയിലെ പുതിയ റോഡിനെ പറ്റിയുള്ള സുഹൃത്തായ സൗദിയുടെ വിവരണവും കേട്ടപ്പോള്‍ യാത്ര കാറില്‍ തന്നെയാവാമെന്നായി. പ്രവചനങ്ങള്‍ക്കതീതമായ മരുഭൂമിയുടെ ഭാവപകര്‍ച്ചകളെ കുറിച്ച് നന്നായി അറിയാവുന്ന കുടുംബ സുഹൃത്ത്‌ കുഞ്ഞു മക്കളെയും കൊണ്ടുള്ള ഞങ്ങളുടെ ഈ യാത്ര അത്രക്ക് പ്രോത്സാഹിപ്പിച്ചില്ല. ഒടുവില്‍ ഞങ്ങളുടെ ഒഴിവിനനുസരിച്ചു ലീവ് തരപ്പെടുത്തി സുഹൃത്തും  ഒപ്പം കൂടി.  സൗദിയിലെ ഒരു പ്രമുഖ എണ്ണക്കമ്പനി പുതുതായി കണ്ടെത്തിയ എണ്ണ നിക്ഷേപ  സ്ഥലത്തിനരികിലൂടെയാണ് ദുബായിലേക്കുള്ള ഈ പുതിയ പാതയെന്നു  മാത്രമാണ് ആകെയുള്ള വിവരം. റിയാദ് അതിര്‍ത്തി കടന്ന് കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍തന്നെ മരുഭൂമി സ്വതസിദ്ധമായ ശാന്തത കൈവെടിഞ്ഞിരുന്നു. കാറ്റിന്‍റെ ശക്തി കൂടരുതേയെന്ന പ്രാര്‍ത്ഥനയില്‍ മുന്നോട്ടു നോക്കിയിരിക്കുമ്പോള്‍ മരുഭൂമി ഓരോരോ ജാലവിദ്യകള്‍ കാട്ടി എന്നെ പരിഭ്രമിപ്പിക്കാന്‍ തുടങ്ങി. എന്‍റെ ഞെളിയലും പിരിയലും കൂടിവരികയും മുണ്ടാട്ടം മുട്ടുകയും ചെയ്തപ്പോള്‍ ഹുസൈന് കാര്യം മനസ്സിലായി. അടുത്ത പെട്രോള്‍പമ്പില്‍ നിര്‍ത്തുമ്പോള്‍ നീ പിന്നില്‍ മക്കളുടെ ഒപ്പം കൂടിക്കോ ഇനി കുറച്ച്‌ ദൂരം സുഹൃത്താണ് ഓടിക്കുന്നത് എന്ന് പറഞ്ഞതും ഒട്ടകങ്ങളെ നോക്കാന്‍ ഏല്‍പ്പിച്ച എന്‍റെ കണ്ണുകള്‍ പെട്രോള്‍പമ്പിന്‍റെ ബോര്‍ഡ്‌ തിരയാന്‍ തുടങ്ങി...

കുട്ടികളും തുടര്‍ച്ചയായ ഇരുപ്പില്‍ മുഷിഞ്ഞിരുന്നു. വണ്ടി പെട്രോള്‍ അടിക്കാന്‍ നിര്‍ത്തിയപ്പോള്‍ അവിടെയുള്ള ഒരു മുറിയില്‍ മക്കളെ കളിക്കാന്‍ വിട്ടു. ചൂട് കാരണം പുറത്തു നില്‍ക്കാനും പറ്റില്ല. "ഇവിടെനിന്ന് വിട്ടാല്‍ 400 കിലോമീറ്റര്‍ കഴിഞ്ഞേ അടുത്ത പെട്രോള്‍ പമ്പ് കാണൂ. അടുത്തൊന്നും വിശ്രമിക്കാന്‍ ഇടം കാണില്ലെന്നും, വഴി മിക്കവാറും വിജനമായിരിക്കുമെന്നു"മുള്ള അവിടെ കണ്ട ഒരു സ്വദേശിയുടെ  മുന്നറിയിപ്പ് എന്നെ തളര്‍ത്തി. മുഖത്തോടുമുഖം നോക്കി നില്‍ക്കുന്ന ഞങ്ങളോട് ഇരുട്ടുന്നതിന് മുന്‍പ് അതിര്‍ത്തിയില്‍ എത്താന്‍ ശ്രമിക്കണമെന്നും ഉപദേശിച്ച് അയാള്‍ പിക്ക്‌അപ്പും ഓടിച്ചുപോയി. കുട്ടികളും നീയും കുറച്ച്‌ നേരം ഉറങ്ങിക്കോയെന്ന് പറഞ്ഞു ഹുസൈന് സുഹൃത്തിന് വണ്ടി ചക്രം കൈമാറി. മൊബൈലിന്‍റെ ശബ്ദം അടഞ്ഞത് അപ്പോഴാണ്‌ എല്ലാവരും ശ്രദ്ധിച്ചത്. എപ്പോഴാ എത്തുകയെന്ന ചോദ്യം ചോദിച്ച് മടുത്തിട്ടാകണം മക്കള്‍ രണ്ടും സീറ്റില്‍ തലങ്ങുംവിലങ്ങും കിടന്ന് ഉറങ്ങാന്‍ വട്ടംകൂട്ടി. കാറ്റിന് ശക്തിയേറുകയും റോഡില്‍ മണല്‍ മൂടുകയും ചെയ്തത് യാത്ര ദുസ്സഹമാക്കി. സ്വദേശി പറഞ്ഞത് പോലെ റോഡില്‍ മറ്റ് വാഹനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അയാള്‍ എങ്ങോട്ടായിരിക്കും വണ്ടി ഓടിച്ചു പോയിരിക്കുക, ഇനി അത് വല്ല ജിന്നോ മറ്റോ ആയിരിക്കുമോ എന്നൊക്കെയുള്ള എന്‍റെ സംശയങ്ങള്‍ക്ക് തനിയെ ഉത്തരം കണ്ടെത്തേണ്ടിയിരുന്നു കാരണം മറ്റ് രണ്ടു പേരുടെയും ശ്രദ്ധ റോഡിലും, മക്കള്‍ ഉറക്കത്തിലുമാണ്. കാഴ്ച മറക്കുന്ന രീതിയില്‍ റോഡിലേക്ക് മണല്‍ അടിച്ചു കയറുന്നതിനാല്‍ വളരെ സാവധാനമാണ് വണ്ടിയോടിച്ചിരുന്നത്. പുറത്തേക്ക്‌ നോക്കിയിരിക്കുമ്പോള്‍ മണല്‍ കൂനകള്‍ ഒളിപ്പിച്ചുവെച്ച ജീവനുകളെ കുറിച്ച് കേട്ട കഥകളായിരുന്നു മനസ്സില്‍. ഈ ഓര്‍മ്മകളുടെ ചൂടാറാത്തത് കൊണ്ടാകും കാനഡയുടെ തണുപ്പില്‍ ഇരുന്ന് മരുഭൂമിയുടെ ആത്മകഥയും, ആടുജീവിതവും വായിക്കുമ്പോള്‍ പോലും ഞാന്‍ വിയര്‍ത്തു കുളിച്ചത്.

ഉറക്കംകെടുത്തുന്ന കഥകളായിരുന്നു മനസ്സ്‌ നിറയെ, എന്നിട്ടും ചൂട് എന്നെ തളര്‍ത്തിയുറക്കി. സൗദിയുടെ അതിര്‍ത്തി കടക്കുമ്പോള്‍ ഇരുട്ടിയിരുന്നെങ്കിലും റോഡില്‍ വാഹനങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. ദുബായ് അതിര്‍ത്തിയുടെ വെല്‍ക്കം ബോര്‍ഡ്‌ കണ്ടതോടെ ഞങ്ങള്‍ക്ക് ആശ്വാസമായി. ഞങ്ങള്‍ക്കൊപ്പം ഫോണുകള്‍ക്കും ജീവന്‍ വെച്ചു. ജേഷ്ഠനനുജന്മാരുടെ തുടര്‍ച്ചയായ മിസ്സ് കോളുകള്‍ക്കും മെസ്സേജുകള്‍ക്കും മറുപടി പറയാന്‍ എന്നെ ഏല്‍പ്പിച്ചു വിസയുടെ കടലാസുകള്‍ ശരിയാക്കാനായി ഹുസൈനും സുഹൃത്തും പോയി. സുരക്ഷാ പരിശോധനയും മറ്റും കഴിഞ്ഞു ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി. ചിത്രങ്ങളിലൂടെ പരിചിതമായ യു.എ.ഇ റൌണ്ട് എബൗട്ടുകള്‍ ഞങ്ങളെ പലവട്ടം കറക്കിയാണ് എതിരേറ്റത്. വഴി പറഞ്ഞു തന്നവരുടെയോ, കേട്ടവരുടെയോ കുഴപ്പമായിരിക്കും ഈ ചുറ്റലിന് പിന്നില്‍. ഫോണിന്‍റെ മറുതലക്കല്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ഒടുവില്‍ ഒഴിവാക്കി അഡ്രസ്സുമായി ഒരു കടയിലെ ജീവനക്കാരനെ സമീപിച്ചത് രക്ഷയായി. രാത്രി പത്ത് മണിയോടുകൂടി അനിയന്‍റെ ഫ്ലാറ്റില്‍ ചെന്ന് കയറിയപ്പോള്‍ മഴക്കാറൊഴിഞ്ഞ മാനം പോലെ മനം തെളിഞ്ഞിരുന്നു.

പിറ്റേന്ന് അവിടെയുള്ളവര്‍ക്കെല്ലാം ജോലിയുള്ളതിനാല്‍ യാത്രാ വിശേഷങ്ങള്‍ ഒന്നും വിളമ്പാതെ ഭക്ഷണം കഴിച്ച് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. യാത്രയുടെ ഭീതി ബന്ധുക്കളുടെ സുരക്ഷിതത്വത്തില്‍ ഞങ്ങളില്‍ നിന്ന് അകന്നുപോയിരുന്നതിനാലാവണം നന്നായി ഉറങ്ങി. എണീറ്റപ്പോള്‍ ഫ്ലാറ്റില്‍ നാത്തൂനും മോളും മാത്രം മറ്റുള്ളവര്‍ ജോലിക്ക് പോയിരിക്കുന്നു. ഹുസൈനെ സംബന്ധിച്ചാണെങ്കില്‍ ഏട്ടനും അനിയന്മാരും, മറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായി ചെറുകരയും കുന്നപ്പള്ളിയിലുമുള്ള മിക്ക ആളുകളും യു.എ.യിലാണുള്ളത്. അത് കൊണ്ടുതന്നെ സ്ഥലം കാണുക എന്നതിനേക്കാള്‍ ഈ യാത്ര ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ളതായിരുന്നു. പെരുന്നാളിന്‍റെ പൊതു അവധി തുടങ്ങുന്നതിനു മുന്‍പായി ദുബായ്‌ കാഴ്ചകള്‍ കാണാമെന്ന് ഞങ്ങള്‍ ഉറച്ചു. അനിയന്മാര്‍ ഞങ്ങളുടെ വരവ് പ്രമാണിച്ച് ലീവ് എടുത്തിരുന്നു. അവിടെത്തെപോലെ ഇവിടെയും എണ്ണ പണത്തിന്‍റെ കൊഴുപ്പില്‍ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങള്‍ റോഡിനിരുവശവും തിങ്ങിനിറഞ്ഞിരുന്നു. മാളുകള്‍ എന്നെ തീരെ ആകര്‍ഷിക്കാത്തതിനാല്‍ അവിടെങ്ങളില്‍ ഉള്ള കറക്കം വേണ്ടെന്നു വെച്ച് ഞങ്ങള്‍ എല്ലാവരും കൂടെ ദുബായ് ക്രീക്കിലേക്ക് പോയി.

ക്രീക്കിനിരുവശത്തും നില്‍ക്കുന്ന പഴയകാല അറബ് വാസ്തുശില്പകലയുടെ പ്രൌഡിയുള്ള കെട്ടിടങ്ങള്‍ എനിക്കേറെ ഇഷ്ടമായി. തിരക്കുണ്ടായിരുന്നെങ്കിലും നഗരത്തിന്‍റെ ശ്വാസംമുട്ടല്‍ അവിടെയെനിക്കനുഭവപ്പെട്ടില്ല. ദുബായിയുടെ പ്രധാന വാണിജ്യ കേന്ദ്രമായ ദീരയെയും പൗരാണിക പ്രവശ്യയായ ബര്‍ ദുബായിയും തമ്മില്‍ ബന്ധിപ്പിക്കുന്ന “കോര്‍ ദുബായ്” എന്ന ദുബായ് ക്രീക്ക്. പതിനാലു കിലോമീറ്റര്‍ നീളവും ഇരുന്നൂറ്‌ മീറ്ററിലധികം വീതിയുള്ള ഈ ചെറുതുറമുഖത്തിലൂടെ യന്ത്രവല്‍കൃത ബോട്ടില്‍ ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നത് നോക്കി നിന്നപ്പോള്‍ കുട്ടികള്‍ക്കും എനിക്കും പൂതിയായി. തുച്ഛമായ പൈസയില്‍ കുറച്ചു ദൂരം ഒരു ജലയാത്ര... വൈകുന്നേരമായതിനാല്‍  നല്ല തിരക്കുമുണ്ടായിരുന്നു. അതുകൊണ്ട് ഞാനും കുട്ടികളും ഹുസൈനും പിന്നെ ഹുസൈന്‍റെ രണ്ട് അനിയന്മാരും കൂടെ അബ്ര യാത്രക്കൊരുങ്ങി. മറ്റുള്ളവര്‍ ഏതോ സ്ഥലത്ത് കാത്തു നില്‍ക്കാം എന്ന് പറയുന്നുണ്ടായിരുന്നു. യാത്രയുടെ ആവേശത്തിമര്‍പ്പില്‍ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല. ഇരുപത് ആളുകളാണ് ഒരു ബോട്ടില്‍ കയറുന്നത്. ഡ്രൈവര്‍ ഒരു ബംഗാളിയാണ്. കയറുന്നവര്‍ പൈസ അയാളെ ഏല്‍പ്പിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഇരിക്കാന്‍ സ്ഥലം കിട്ടി. കുറച്ചു പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. സ്ഥിര യാത്രികര്‍ ആയിരിക്കണം. ഇനി ഇരുപതില്‍ കൂടുതല്‍ ആളുകള്‍ അതില്‍ കയറിയിരുന്നോ എന്നും നിശ്ചയമില്ല. 

Courtesy: Google Images

കരയില്‍ നില്‍ക്കുന്നവരെ കൈവീശി കാണിച്ച് ഞങ്ങള്‍ അനിയന്‍ കാണിച്ച് തരുന്ന കാഴ്ചകള്‍ നോക്കി ഇരുന്നു. വെള്ളത്തെ കീറിമുറിച്ചുകൊണ്ട് ബോട്ട് നീങ്ങി തുടങ്ങി. കരയില്‍ നില്‍ക്കുന്നവര്‍ ഞങ്ങളില്‍ നിന്നകന്നു. ഞങ്ങളുടെ ബോട്ടിന്‍റെ അടുത്തേക്ക് സാമാന്യം വലിപ്പമുള്ള ഉരു വരുന്നുണ്ടായിരുന്നു. വെള്ളത്തില്‍ വര വരച്ചാല്‍ കാണൂല്ലല്ലോ, അതുകൊണ്ടായിരിക്കും ഇതൊക്കെ വഴിയറിയാതെ നേര്‍ക്കുനേരെ വരുന്നത് എന്ന തോന്നലായിരുന്നു എനിക്ക്. ഇറാനിലേക്ക് ചരക്കുമായി പോകുന്ന ഉരുവായിരുന്നു അത്. “ഈ ഡ്രൈവര്‍ക്ക് കുറച്ചു മാറി പോക്കൂടെ” എന്ന് ഹുസൈനോട് ചോദിച്ചതും ഞങ്ങള്‍ ശക്തിയായി ഉലഞ്ഞതും ഒരുമിച്ചായിരുന്നു. നിലവിളിക്കാന്‍ പോലും കഴിയാതെ മക്കളെ ചേര്‍ത്ത് പിടിക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. ഉച്ചത്തില്‍ മുഴങ്ങിയ സൈറനും മറ്റു ബോട്ടില്‍ നിന്നുമുള്ള ആളുകളുടെ കൂക്കിവിളികളും കേട്ടപ്പോള്‍ മനസ്സിലായി ഒരു വലിയ അപകടത്തില്‍ നിന്ന് ഞങ്ങള്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന്. കരയില്‍ നിന്ന് ഞങ്ങളെ യാത്രയയച്ചവര്‍ ഇതെല്ലാം നിസ്സഹായതയോടെ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. പിന്നെ ഒരു കാഴ്ചകളും കണ്ടില്ല... അബ്രയിലെ യാത്ര അവസാനിച്ചു കരക്കണഞ്ഞപ്പോള്‍ തിരിഞ്ഞു നോക്കാന്‍ കൂടെ എനിക്ക് ധൈര്യമില്ലായിരുന്നു.

അടുത്ത ദിവസം പെരുന്നാളാണ്. ഞങ്ങള്‍ ദുബായില്‍ എത്തിയിട്ട് രണ്ടു ദിവസമായിരുന്നെങ്കിലും ജോലി തിരക്ക് കാരണം ഹുസൈന്‍റെ ജ്യേഷ്ഠന് ഞങ്ങളുടെ കൂടെ കൂടാന്‍  കഴിഞ്ഞിരുന്നില്ല. ഞങ്ങള്‍ ദുബായ് ഒക്കെ കണ്ടു വരുമ്പോഴേക്കും ഇവരുടെ അമ്മാവന്‍റെ മകളുടെ വീട്ടിലെത്തിയിരുന്നു കാക്കു. ഞങ്ങള്‍ സാഹസികയാത്രയൊക്കെ കഴിഞ്ഞ് മിണ്ടാനും പറയാനും വയ്യാതെയാണ് വീട്ടിലെത്തുന്നത്. മറക്കാനുള്ള കഴിവ് ചില നേരങ്ങളില്‍ ദൈവം നമുക്കായി തരുന്ന അനുഗ്രഹങ്ങളില്‍ ഒന്നാണ്. വീണ്ടും കളിയും ചിരിയുമായി എല്ലാവരും ഉഷാറായി. പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് ഭക്ഷണവും കഴിച്ചു ജോലിസ്ഥലത്തേക്ക് പോകണം എന്ന് കാക്കു പറഞ്ഞപ്പോള്‍ ചെറിയൊരു വിഷമം തോന്നിയെങ്കിലും പുറത്ത് കാണിച്ചില്ല. പ്രവാസത്തിന്റെ പിരിമുറുക്കങ്ങള്‍ പലരിലും പലവിധത്തിലാണല്ലോ. ഞങ്ങള്‍ കാക്കുവിനെ എളാപ്പയുടെ മക്കളുടെ കൂടെ പറഞ്ഞയച്ച് മറ്റു ബന്ധുക്കളുടെ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങാന്‍ പോയി. പല ബിരിയാണികള്‍ കഴിച്ച് മത്തായത് കൊണ്ടാവാം  തിരിച്ചെത്തിയപ്പാടെ എല്ലാവര്‍ക്കും ഉറങ്ങാന്‍ തിടുക്കമായിരുന്നു.  പെണ്ണുങ്ങളും കുട്ടികളും അടുക്കളയോട് ചേര്‍ന്ന ഒരു കൊച്ചു മുറിയിലും, ആണുങ്ങള്‍ എല്ലാവരും പുറത്തുള്ള ഒരു റൂമിലും പായ്‌ വിരിച്ചു. നേരം പുലര്‍ന്നു കാക്കുവിനെ ഇവരുടെ കൂട്ടത്തില്‍ കണ്ടപ്പോള്‍ ഞങ്ങള്‍ അന്തംവിട്ടു. ഇത്ര ധൃതി വെച്ച് പോയ ആളല്ലേ എന്തേയ് ഇങ്ങട് തന്നെ പോന്നത് എന്ന ചോദ്യത്തിന്, ആദ്യം ഞാന്‍ നിങ്ങളെയെല്ലാവരെയും ശരിക്കൊന്നു കാണട്ടെ എന്നായിരുന്നു മറുപടി.

ബന്ധുവിന്‍റെ ലാന്‍ഡ്‌ റോവറിലാണ് കാക്കുവും മറ്റു മൂന്ന് കസിന്‍സും കൂടെ തലേന്ന് വൈകുന്നേരം ഞങ്ങളുടെ അടുത്ത് നിന്ന് പോയത്. ചാറ്റല്‍ മഴയുണ്ടായിരുന്നു. ഏതോ വളവില്‍ വെച്ച് വണ്ടി നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു നാല്‍പതു മീറ്റര്‍ നിരങ്ങി പോയതിനുശേഷമാണ് നിന്നതെത്രേ. വവ്വാലുകള്‍ തൂങ്ങികിടക്കുന്നത് പോലെ കിടന്നിരുന്ന ഞങ്ങള്‍ പരസ്പരം പേരുവിളിച്ചു ജീവനുണ്ടെന്നു ഉറപ്പു വരുത്തിയെന്നു കാക്കു പറഞ്ഞപ്പോള്‍ ആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. വഴിയാത്രക്കാരനായ ഏതോ ഒരറബിയാണ് സീറ്റ്‌ ബെല്‍റ്റ്‌ അറുത്തു മാറ്റി എല്ലാത്തിനെയും പോലിസ്‌ എത്തുന്നതിനു മുന്‍പേ കാറില്‍ നിന്ന് പുറത്തിറക്കിയത്. ദൈവത്തിന്‍റെ രക്ഷ അറബിയുടെ രൂപത്തില്‍ എത്തിയില്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു അവസ്ഥ എന്നോര്‍ക്കാന്‍ കൂടെ വയ്യ!    

ജനനത്തോടൊപ്പം കൂടെയുള്ള മരണം പല രൂപത്തിലാണ് ഈ യാത്രയില്‍ ഞങ്ങളുടെ അടുത്തെത്തിയത്. പ്രാര്‍ത്ഥനകള്‍ കരുത്ത് പകര്‍ന്ന നിമിഷങ്ങളില്‍ പോലും കൂടെയുണ്ടെന്ന് ഓര്‍മ്മപ്പെടുത്താനെന്ന പോലെ. വര്‍ഷങ്ങളോളം കാണാതിരുന്ന ഹുസൈന്‍റെ ഒരു ബന്ധുവിനെ കണ്ടതും ദുബായില്‍ വെച്ചാണ്. അവന്‍റെ താമസസ്ഥലത്തേക്ക് ഞങ്ങളെ കൊണ്ടുപോവുകയും കുറേനേരം കുട്ടികളുമായി കളിച്ചിരിക്കുകയും ചെയ്തു. ഒരു യാത്രയില്‍ വെച്ച് കണ്ടുമുട്ടുകയും ഇനിയൊരിക്കലും മടക്കമില്ലാത്ത യാത്രക്കൊരുങ്ങുമ്പോള്‍ യാത്രയയക്കാനായി കാനഡയില്‍ നിന്നെന്നെ അവന്‍റെ അരികില്‍ എത്തിച്ചതും ഏതോ യാത്രയുടെ നിയോഗമായിരിക്കാം....       

Search This Blog