വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

ദൈവപുത്രൻ (കഥ)

                 റ്റപ്പനയുടെ നെറുകയിലിരുന്നു കൂമൻ മൃതിയുടെ മന്ത്രണം അമർത്തി മൂളിക്കൊണ്ടിരിക്കെ താഴെ മൺകുടിലിൽ ജനനത്തിന്റെ പവിത്ര സംഗമത്തിനു അരങ്ങൊരുങ്ങുകയാണ്.  രാത്രിയുടെ മൂന്നാം യാമത്തിൽ പിറവിയുടെ വിത്തു മുളപ്പിക്കാനായി ശരീരങ്ങൾ പരസ്പരം അഴ്ന്നിറങ്ങുമ്പോൾ  നിലവിട്ടുയരുന്ന വേദനയുടെ ഞരക്കങ്ങൾ മാലഖമാർ ശ്രവിച്ചു കൊണ്ടിരിക്കെ ഭൂമിയിൽ നിന്നും പത്തായിരം കോടി പ്രകാശ വർഷം അകലെ നിതാന്തമായ ശൂന്യതയിൽ ദൈവം പുല്പ്പായയിലെ നാടകീയ രംഗങ്ങൾക്കൊടുവിൽ പിറവിക്കൊള്ളുന്ന മനുഷ്യജന്മത്തിന്റെ ജാതകം കുറിച്ചു.
                ഒൻപതാം മാസത്തിലെ പതിനെട്ടാം ദിവസത്തിലെ ഇടിയും മിന്നലുംകൊണ്ട് പ്രക്ഷുബ്ദമാകുന്ന പകലിൽ പിറക്കുമ്പോഴും പുഞ്ചിരിച്ചുകൊണ്ടു അവൻ ലോകത്തെ അത്ഭുതപ്പെടുത്തും.  പുറത്തെ വലിയ ലോകത്തെ ക്കുറിച്ച്   തിരിച്ചറിയുന്നതുവരെ മതാപിതാക്കളുടെ വിരൽതുമ്പായിരിക്കും അവന്റെ ലോകം, അതറിയുമ്പൊൾ അവനാ കൂടുവിട്ട് സ്വതന്ത്ര ലോകത്തിന്റെ ഉയരങ്ങളിലേക്കു പറക്കും . മാറ്റത്തിനു വേണ്ടി അവന്റെ മനസ്സ് ദാഹിച്ചുക്കൊണ്ടിരിക്കും . നിലവിലുള്ള സാമൂഹിക വ്യവസ്തിതിയിൽ അവൻ പൂർണ അസംതൃപ്തനായിരിക്കും. സ്വകാര്യ ജീവിതത്തിൽ അവൻ നിരന്തര പരാജയമയിരിക്കും. ദാരിദ്രവും രോഗവും കൊണ്ടു കഷ്ട്ടപെടുന്നവർക്കു അവനൊരു ആശ്വാസമായിവർത്തിക്കും, അപ്പോഴവനു എന്റെ മനസ്സായിരിക്കും. മദ്യത്തിനും സ്ത്രീ ശരീരങ്ങൾക്കും  മുന്നിൽ അവൻ നിസ്സഹായനായിരിക്കും അതുകൊണ്ടു തന്നെ അവ അവനെ പെട്ടെന്നു കീഴ്പ്പെടുത്തും. ജീവിതത്തെയും മരണത്തെയും ദൈവത്തെയും കുറിച്ച്  അവൻ കണ്ടെത്തുന്ന കാര്യങ്ങൽ ജനങ്ങളോടു പറയുമ്പോൾ അവർക്കു അവനിൽ നിന്നും മുഖം തിരിക്കാനാവില്ല മനസ്സുകളെ സ്വാധീനിക്കാനുള്ള കഴിവു ആ വാക്കുകൾക്കുണ്ടാവും..
                    ദൈവം എഴുതികൊണ്ടിരുന്ന മനുഷ്യന്റെ ജാതകം കേട്ടു സാത്താന്റെ ഉള്ളു അട്ടഹസിച്ചു, പിറക്കാൻ പോവുന്ന ഈ മനുഷ്യനെ വളരെ വേഗം തന്റെ വഴിക്കാക്കാമെന്ന ബോധം സാത്തനെ ഉന്മത്തനാക്കി , അവൻ ചിന്തിച്ചു; സ്വകാര്യ ജീവിതത്തിലെ നിരന്തരമായ തോൽവി അവനെ ദൈവത്തെ ശത്രു സ്ഥാനത്തു പ്രതിഷ്ഠിക്കാൻ നിർബന്ധിതനാക്കും. ദാരിദ്രവും രോഗവും കൊണ്ടു ആശയറ്റവരുടെ പ്രാര്‍ത്ഥനക്കു മുന്നിൽ നിഷ്ക്രിയനായിരിക്കുന്ന ദൈവത്തോട് അവനു അമർഷം തോന്നും . ബോധം മയങ്ങുന്നതു വരെ മദ്യയപിക്കുന്നതിലും, കിടപ്പറക്കുള്ളിൽ സ്തീകളെ കീഴ്പ്പെടുത്തുന്നതിലും അവൻ കൂടുതൽ അത്മസുഖം കണ്ടെത്തും, അതിനുമപ്പുറം ദൈവത്തൊടുള്ള പ്രതികാരമായിരിക്കും അവനീ പ്രവർത്തികളെല്ലാം ദൈവനിഷേധ വചനങ്ങൽ അവൻ ലോകം മുഴുവൻ വ്യപിപിക്കും. എന്റെ പ്രിയപ്പെട്ട സൃഷ്ടാവേ അങ്ങയുടെ കുഞ്ഞു സൃഷ്ടിക്കായി അങ്ങു എഴുതിവച്ച സവിശേഷ വചനം എനിക്കു അനുഗുണമായിരിക്കും . ശക്തമായ  സൃഷ്ടികളിൽ പോലും പഴുതുകൾ കണ്ടെത്തുന്നവനാണ് സാത്താൻ. മൊത്തം മനുഷ്യ കുലത്തിന്റെ വരെ ജാതകം തിരുത്തിയതും അവനാണു. പക്ഷെ പ്രപഞ്ചത്തിലെ എല്ലാ സൂക്ഷ്മ ശബ്ദവും കേൾക്കുന്ന ദൈവം സാത്താന്റെ വാക്കുകൾ കേൾക്കാതിരിക്കുകയൊ..!       ലക്ഷോപലക്ഷം ബീജാണുക്കൾ അണ്ഡത്തിലേക്കു പ്രവഹിച്ചുകൊണ്ടിരിക്കെ സ്രുഷ്ട്ടാവു അവന്റെ ജാതകം തിരുത്തിയെഴുതി. എത്രയോ മനുഷ്യരെ സാത്താൻ വഴി തെറ്റിച്ചു എങ്കിലും അപ്പോഴെല്ലാം ദൈവം നോക്കി നിന്നതേയുള്ളൂ, പക്ഷെ അവന്റെ ജാതകം മാത്രം ദൈവം മാറ്റിയെഴുതി....
ഇരുപതാമത്തെ വയസ്സിൽ ശരീരത്തെ തളർത്തുന്ന രോഗം അവനെ ബാധിക്കും ആയതിനാൽ ഓരൊ ചലനവും അവനിൽ നിന്നും നഷ്ടപ്പെടും ഒടുക്കം അവന്റെ നാല്പത്തിരണ്ടാം വയസ്സിൽ അവന്റെ ജനനത്തിനു കാവൽ നിന്ന അതേ മാലഖമാർ അവന്റെ ശരീരത്തിൽ നിന്നും ആത്മാവിനെ വേർപെടുത്തും.
                  കിടക്കയിൽ ശരീരത്തിന്റെ ചലനമറ്റ് കിടക്കുമ്പോഴും കഥ  പറച്ചലിലെ അവന്റെ അസാധാരണമായ വഴക്കം കണ്ടു അവൾ ചെറുതായൊന്നു പുഞ്ചിരിച്ചു.
                  അവൻ പറഞ്ഞു; പുറം ലോകത്തെ വലിയ തെറ്റുകളിൽ നിന്നും എന്നെ രക്ഷിക്കാനാവാം ദൈവം എനിക്കീ വരം നല്കിയതു , അല്ലെങ്കിൽ ഞാനീ ചെറിയ ലോകത്തു കിടന്ന് എന്തു തെറ്റ് ചെയ്യാനാണു എന്നു കരുതിയതുക്കൊണ്ടുമാവാം... അതെന്തു തന്നെയായാലും ദൈവത്തിനു തെറ്റി , ഈ ഇട്ടാവട്ടത്തൂന്നു ഞാൻ തെറ്റുകൾ  ചെയ്തുകൊണ്ടിരിക്കുകയാണു...     നോക്കു അരോനാ; ശാരീരികമായിട്ടല്ലെങ്കിൽ പോലും മനസ്സിൽ നിന്നെ ഞാൻ എത്രയൊ തവണ ഭോഗിച്ചിട്ടുണ്ടെന്നു...    അതു കേട്ടയുടൻ നാണംക്കൊണ്ടു അവളുടെ കവിളുകൾ നീർമാതളം കണക്കെ ചുവന്നു.നഷ്ട്ടപ്പെട്ട പ്രതീക്ഷകൾ തിരികെ കിട്ടിയതുപ്പോലെ അവൾ അത്രയധികം സന്തോഷവതിയായിരുന്നു. എങ്കിലും കടുത്ത സ്വരത്തിൽ അവൾ ചോദിച്ചു; നമുക്കു തമ്മിൽ വിവാഹം ചെയ്യാമെന്നു  ഞാൻ ആവഷ്യപെട്ടപ്പോൾ അന്നു നീ എന്നൊടു പറഞ്ഞു; അതിനു എന്നെക്കാളും നല്ലതു മറ്റൊരാളെ കണ്ടെത്തുന്നതാണെന്നു. പക്ഷെ ഒരാളുടെ മനസ്സുക്കൊണ്ടു ഭോഗിക്കപ്പെട്ട ഒരുവൾ എങ്ങനെ മറ്റൊരാളെ വിവാഹം കഴിക്കും, നീ തന്നെ പറയൂ..?                                
                     അതിനു അവനു മറുപടിയുണ്ടായിരുന്നില്ല. തന്നെ വിവാഹം ചെയ്യണമെന്ന ശാട്യത്തിൽ നിന്നും അവളെ പിന്തിരിപ്പിക്കാൻ അവൻ കഴിവിന്റെ പരമാവധി ശ്രമിച്ചു. എങ്കിലും ഉള്ളിന്റെയുള്ളിലെവിടെയോ അവളെ നഷ്ട്ടപെടാതിരിക്കണമെന്ന് അത്മാർതമായി ആഗ്രഹിക്കുകയും ചെയ്തു.   ചിലപ്പോഴങ്ങനെയാണു നാം പോലുമറിയാതെ നമ്മുടെ മനസ്സ് നാവിൻ തുമ്പിലൂടെ പുറത്തേക്കു വരും.

calling............ !! (നര്‍മ്മം) അന്നൂസ്


നാലഞ്ചു വര്‍ഷമായി മേസ്തിരി സോമന്റെ കൂടെയാണ് ചന്ദ്രന് ജോലി. മൈക്കാടുപണി. മിക്കവാറും ദിവസങ്ങളില്‍ പണികഴിയുമ്പോള്‍ ആറു മണിയെങ്കിലും ആകും. ഷാപ്പിലൊന്ന് കേറും. എട്ടെട്ടര വരെ ഇരിക്കും. ഒരു കുപ്പി അടിക്കും. ഒരു പ്ലേറ്റ് പന്നിക്കറിയും. അതാ പതിവ്. എല്ലാ ദിവസവും കൂട്ടത്തില്‍ പുഷ്പ്പാകരനുണ്ടാകും.

അന്ന് പണി ഇല്ലായിരുന്നു. എന്നിട്ടും ഷാപ്പില്‍ പോയി. രണ്ടു കുപ്പി കഴിച്ചു. പന്നിക്കറി വേണ്ടെന്നു വച്ചു. പതിവിനു വിപരീതമായിരുന്നു എല്ലാം. അന്നത്തെ കൂട്ടുകക്ഷി പത്രോസ്സു ചേട്ടനായിരുന്നു. പുഷ്പ്പാകരന്റെ മരണത്തെപ്പറ്റിയായിരുന്നു ഇരുവരും പറഞ്ഞതൊക്കെയും.

‘നിങ്ങളെ രണ്ടു പേരെയും ഒരുമിച്ചേ ഞാന്‍ കണ്ടിട്ടുള്ളു... നിങ്ങള് വല്ല്യ അടുപ്പത്തിലയിരുന്നല്ലേ ടാ ചന്ദ്രാ..’

‘അതെ പത്രോസ്സേട്ടാ...അഞ്ചു വര്‍ഷമായി ഒരുമിച്ചല്ലേ പണി...മരിച്ചിട്ടിപ്പം നാല് ദിവസം....കഴിഞ്ഞാഴ്ച ഇതേ ദിവസ്സം ദേ  ഇതേ പോലെ ഒരുമിച്ചിരുന്നു കുടിച്ചതല്ലേ...ഓര്‍ക്കുംബം.....’ കള്ളും ഗദ്ഗദവും ഇഴപിരിഞ്ഞു.

‘മനുഷ്യന്റെ കാര്യം അത്രേള്ളൂടാ....ഒരു അറ്റാക്ക്.....എന്നാലും ഇച്ചിരി കടന്നു പോയി....നാല്പ്പത്തിയെട്ടെന്നു പറഞ്ഞാ അതത്ര വല്ല്യ ഒരു പ്രായമാണോടാ’ പത്രോസ്സു ചേട്ടന്‍ ഒരു ഗ്ലാസ് മോന്തി, മീന്കറിയില്‍ വിരലുമുക്കി നക്കികൊണ്ട് ഫിലോസഫി അടിച്ചു.

‘മരിക്കുന്നതിന്റെ തലേദിവസം ഒരിക്കലും പതിവില്ലാതെ ഞങ്ങള് തമ്മില്‍ ഒന്നുംരണ്ടും പറഞ്ഞു വഴക്കുണ്ടായി......ഞാന്‍ കുറെ ചീത്ത അവനെ വിളിച്ചു. അതോര്‍ത്തിട്ടാ എനിക്ക് സങ്കടം.....’ ചന്ദ്രന്‍ വിതുമ്പി...

അന്ന്‍ ഷാപ്പീന്ന് പിരിയുമ്പോള്‍ രാത്രി പത്തുമണി.

‘ആടുന്നുണ്ടല്ലോടാ... കൊണ്ടെ വിടണോ..? ‘ പത്രോസ്ചേട്ടന്‍ സ്നേഹം ചൊരിഞ്ഞു.

‘ഒന്ന് പോ പത്രോസ്സു ചേട്ടാ...’ അയാള്‍ ആട്ടം ശരിപ്പെടുത്തി. ഇരുവരും ഇരുദിശയില്‍ കുഴഞ്ഞു നടന്നു.

ഗള്ഗ്ലു..ഗ്ല...ഗ്ലൂഉ........

അങ്ങോട്ടുമിങ്ങോട്ടുമോന്നും നോക്കണ്ട.... ശബ്ദം വയറ്റീന്നാ. മീന്‍കറി പണ്ടേ പഥ്യമല്ല. പന്നിക്കറി വാങ്ങിയാല്‍ മതിയാരുന്നു. പത്രോസ്സുചെട്ടന്റെ നിര്‍ബന്ധത്തിനു വഴങ്ങണ്ടായിരുന്നു.

വീട്ടിലേക്ക് ഇനിയും ദൂരമുണ്ട്. കയറ്റം തുടങ്ങിയതെ ഉള്ളു. വയറ്റില്‍ ക്ഷോഭം രൂക്ഷമായി. താങ്ങാന്‍ കഴിയുന്നില്ല. ചുറ്റും നല്ല ഇരുട്ടാണ്‌. പൊന്തക്കാട്‌ തന്നെ ശരണം.

കുറ്റിക്കാട്ടിലെ പടര്‍പ്പുകള്‍ വകഞ്ഞു മാറ്റി ചെറിയൊരു പാറക്കല്ലില്‍ അഭയം കണ്ടെത്തി.

‘.......ഹാവൂ.....’ ആമാശയഭാരം ഇറക്കി വച്ച് അയാള്‍ നിര്‍വൃതി പൂണ്ടു. നെറ്റിക്ക് കൈകളൂന്നി കണ്ണുകളടച്ച് ധ്യാനത്തിലിരിക്കുംപോഴാണ് എളിയില്‍ തിരുകിയിരുന്ന മൊബൈല്‍ അടിച്ചു തുടങ്ങിയത്....

“ലല്ലലം ചൊല്ലുന്ന കുഞ്ഞിക്കിളികളെ......

വേടന്കുരുക്കും കടങ്കഥയിക്കഥ.....അക്കഥ.....”

അത്രേം എത്തിയപ്പോള്‍ മൊബൈല്‍ തപ്പിയെടുത്ത് ഉറയ്ക്കാത്ത കണ്ണുകള്‍ മൊബൈല്‍ സ്ക്രീനില്‍ ഉറപ്പിച്ചു നിര്‍ത്തി.  മൊബൈലില്‍ ദൃഷ്ടി ഉറച്ചപ്പോള്‍ ചന്ദ്രന്‍റെ കണ്ണ് തള്ളി.
‘pushpakaran calling..... ...... ....... ......’

ങേ...!!! ഞെട്ടി. അണ്ടകടാഹം മുഴുവന്‍ ഞെട്ടി...! ഒരു നിമിഷം കൊണ്ട് ചിന്തകള്‍ കാട് കയറി തല്യ്ക്കകം മരവിച്ചു.....അവന്‍ സ്വര്‍ഗത്തീന്നാണോ..?’

ഭയം കൊടുംകാറ്റു പോലെ ആര്ത്തലച്ചു വന്ന്‍ പൊന്തക്കാടിന് ചുറ്റും ചുറ്റിത്തിരിഞ്ഞു  ചുഴി തീര്‍ത്തു. പിന്നെ താമസ്സിച്ചില്ല. സര്‍വ്വവും വാരിപ്പിടിച്ചു ഓടി. “ലല്ലലം..” ഒരു തവണ ചൊല്ലിത്തീര്‍ന്നു മൊബൈല്‍ നിശബ്ദമായി. ഓട്ടത്തിനിടയില്‍ അത് വല്ല്യൊരു ആശ്വാസമായിരുന്നു.

‘എടിയേ...........അമ്മിണിയെ.........എന്നെ പുഷ്പ്പാകാരന്‍ വിളിച്ചെടിയേ....’

അലറികൊണ്ടാണ് അയാള്‍ വീട്ടിനുള്ളിലേക്ക് പാഞ്ഞു കയറിയത്.

‘എന്താ മനുഷ്യേനെ.....നിങ്ങക്കെന്താ പറ്റീത്....’ ഭാര്യാസഹജമായ ആക്രാന്തത്തോടെ അമ്മിണി ഓടിയെത്തി ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചു നിര്‍ത്തി.

‘എടീ....’ അയാള്‍ നിന്ന് കിതച്ചു. ‘ എടീ നീ നോക്ക്... എന്നെ മരിച്ചു പോയ പുഷ്പാകരന്‍ വിളിച്ചെടി...’ അയാള്‍ മൊബൈല്‍ അമ്മിണിക്ക് നീട്ടി ഒരു വിധം പറഞ്ഞൊപ്പിച്ചു.

അമ്മിണി സംശയത്തോടെ മൊബൈല്‍ വാങ്ങി തിരിച്ചും മറിച്ചും നോക്കുന്നതിനിടയില്‍ വീണ്ടും പുഷ്പ്പാകരന്റെ കോള്‍ വന്നു...! ഇത്തവണ ഇരുവരും ഒന്നിച്ചു ഞെട്ടി, ഒന്നിച്ചു നിലവിളിച്ചു...! അമ്മിണിയുടെ കൈയ്യില്‍ നിന്ന് മൊബൈല്‍ കട്ടിലിലേക്ക് തെറിച്ചുവീണ് അവിടെക്കിടന്നു ലല്ലലം പാടി.

സമനില വീണ്ടെടുത്ത് അമ്മിണി ഫോണ്‍ കൈയ്യിലെടുത്തു.

‘എടുക്കല്ലേടി...മരിക്കുന്നതിനു തലേ ദിവസം ഞാന്‍ അവനെ തെറി വിളിച്ചായിരുന്നു..... അവന്റെ പ്രേതം....അതിന്റെ പ്രതികാരം....’

‘ഒന്ന് മിണ്ടാതിരി മനുഷ്യേനെ...’ രണ്ടും കല്‍പ്പിച്ചു അമ്മിണി പച്ച ബട്ടണില്‍ ഞെക്കി.

‘ഹല്ലോ ....ആരാ....’ വിറച്ചു കൊണ്ട് അമ്മിണിയുടെ ചോദ്യം.

‘ങാ...ചേച്ചി ആരുന്നോ...? ചേച്ചീ ഞാന്‍ പുഷ്പ്പാകരന്ചെട്ടന്റെ ഭാര്യ സുശീലയാ..... ചന്ദ്രന്‍ ചേട്ടന്‍ അവിടുണ്ടോ...?’

‘ഉണ്ട്....എന്താ സുശീലേ...’

‘മറ്റന്നാള്‍ പുലകര്‍മ്മങ്ങള്‍ തുടങ്ങുകയാ....ഒന്ന് പറയാന്‍ വിളിച്ചതാ...’

‘ഞാന്‍ പറഞ്ഞേക്കാം സുശീലേ....’ അമ്മിണി കാള്‍ കട്ട് ചെയ്ത് അല്‍പ്പസമയം ഭര്‍ത്താവിനെ ദഹിപ്പിച്ചു നോക്കി നിന്നു.

‘ഒരു പരിധിയില്ലാതെ കള്ള് വലിച്ചു കേറ്റിയാല്‍ ഇതല്ല ഇതിലപ്പുറവും ഉണ്ടാകും....’

ചന്ദ്രന്‍ ചമ്മി ‘നാറി’ നിന്നു.

‘എന്താ മനുഷ്യേനെ ഒരു വല്ലാത്ത നാറ്റം...? അമ്മിണി ഭര്‍ത്താവിനെ അടിമുടി ഉഴിഞ്ഞു നോക്കി.

‘അത്...ഞാന്‍ വെളിക്കിറങ്ങികൊണ്ടിരുന്നപ്പോഴാ..........’

‘പോയി കുളിക്ക് മനുഷ്യേനെ.....’ ഭര്‍ത്താവിനെ പുശ്ചിച്ചു അമ്മിണി അടുക്കളയിലേക്കു തവിട്ടിത്തുള്ളി പോകുമ്പോള്‍, അയാള്‍ ഇളിഭ്യനായി നിലംതൊടാതെ കുളിമുറിയിലേക്ക് നടന്നു.........
(നടന്ന സംഭവം അതേപടി....)

Search This Blog