വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

പിന്‍വിളികള്‍ (കഥ) ഹാബി സുധന്‍


സൂര്യൻ ഉച്ചിയിൽ കത്തിനിന്ന ഒരുച്ചയ്ക്ക് ശലഭങ്ങൾ വെയിലിൽ പ്രണയാക്ഷരങ്ങൾ എഴുതിച്ചേർക്കുന്നതും നോക്കിയിരിയ്ക്കുമ്പോൾ പടിയ്ക്ക് പുറത്ത് ഒരു രൂപം. അൽപനേരം സംശയിച്ചു നിന്ന ശേഷം പടിവാതിലിന്റെ പാളി തുറന്ന് ആ രൂപം മുറ്റത്തേയ്ക്ക് നടന്നടുത്തു. 

ചുരുണ്ട മുടിയും താടിയും വളര്‍ന്ന് ജട പിടിച്ച തല. ചെമ്പ് കലർന്ന മഞ്ഞ ലോഹത്തിന്റെ നിറം.. ചുവന്ന മോണ കാണിച്ച് വണ്ട് മുരളും പോലൊരു ശബ്ദത്തിൽ ആരോടെന്നില്ലാതെ അയാൾ നിന്നു ചിരിച്ചു. നീളന്‍കൈയ്യുള്ള ഷര്‍ട്ടും അലസമായി മടക്കിക്കുത്തിയ കള്ളിമുണ്ടും . ആകര്‍ഷകമായി തോന്നിയത് ചിത്ര ശലഭങ്ങൾ പറന്നുകളിക്കുന്ന തിളക്കമാര്‍ന്ന ആ കണ്ണുകളാണ് . അത്രയും കറുപ്പുനിറമുള്ള, തിളക്കമുള്ള കണ്ണുകൾ അതിനു മുന്‍പോ, ശേഷമോ കണ്ടിട്ടില്ലെന്ന് ഉറപ്പിച്ചു പറയാം. എവിടെയും ദൃഷ്ടി ഉറയ്ക്കാതെ അയാൾ എന്തിനെയോ ഭയപ്പെടുന്നപോലെയും എന്തോ പരതിക്കൊണ്ടിരിക്കുന്നതുപോലെയും കാണപ്പെട്ടു.

പൂമുഖത്ത് നിന്നിരുന്ന താൻ കണ്ണില്‍പ്പെട്ടപ്പോൾ ദീര്‍ഘനേരം ഇമയനക്കാതെ തുറിച്ചു നോക്കി. ചിത്രശലഭങ്ങൾ അയാൾക്ക് ചുറ്റും പാറിപ്പറന്നു. അയാൾ ഉറക്കെ ചിരിച്ചു. പേടിച്ചരണ്ട് അകത്തേക്ക് വലിഞ്ഞപ്പോൾ ആ കണ്ണുകളിൽ വിഷാദം പടരുന്നത്, ജനലഴികൾക്കിടയിലൂടെ കണ്ടു.

“ആരാണ്” ?

ഉമ്മറത്തേക്ക് എത്തിയ അമ്മ ചോദിച്ചു.

അയാൾ ചിരിച്ചു, കനത്ത ഒരു മുരള്‍ച്ചയോടെ ചിരി നിറുത്തുകയും ചെയ്തു. ചെമ്പിച്ച താടിരോമങ്ങളിൽ ചൊറിഞ്ഞുകൊണ്ട് തലചെരിച്ച് അമ്മയെ നോക്കിയ ആ കണ്ണുകളിൽ ഭയമായിരുന്നു.. അനുകമ്പയ്ക്കായുള്ള യാചനയും!

ഒട്ടിയ വയറിൽ തടവി താഴേക്കു നോക്കി അയാൾ നില്‍പ്പുറപ്പിച്ചു. ക്ഷണനേരംകൊണ്ട് എന്തോ ഓര്‍ത്തിട്ടെന്ന പോലെ ക്രമംതെറ്റി പൂട്ടിയ ഷര്‍ട്ടിന്റെ കുടുക്കുകൾ ശക്തിയോടെ വലിച്ചൂരി രണ്ടുവശത്തേക്കും അകത്തിപ്പിടിച്ച് വയറിൽ തൊട്ടുകൊണ്ട് പറഞ്ഞു,
“ചോറ്...”

ജനലിനരികിലേക്ക് തല തിരിച്ച് വീണ്ടും അതേ ചിരി!

അമ്മ തിരിഞ്ഞു നോക്കും മുന്‍പേ അടുക്കളവശത്തേക്ക് നടന്നു.

“വാവേ ഒരു വാഴയില ഇങ്ങു മുറിച്ചെടുത്തോളൂ.. ഈ ചെക്കന് ഇത്തിരി ചോറു കൊടുക്കാൻ .”

അപ്പോഴേക്കും അമ്മയോടൊപ്പം അയാളും വടക്കേപുറത്തെത്തിയിരുന്നു.

“അവിടെ ഇരുന്നോള്വാ”

തുടച്ചുമിനുക്കിയിട്ട ഇറയം ചൂണ്ടി അമ്മ അയാളോട് പറഞ്ഞു.

അയാളിരുന്നില്ല. മുണ്ടിന്‍റെ തല ചുരുട്ടിക്കൂട്ടി കുമ്പിട്ടു നിന്നു. താഴെ ചവിട്ടുപടിയിലേക്ക് കയറാൻ ശ്രമിക്കുന്ന ഒരു കുനിയനുറുമ്പിനെ കാലിലെ തള്ളവിരൽ കൊണ്ട് ഞെരിച്ചു കൊല്ലുമ്പോൾ അയാളുടെ ശ്വാസം വേഗത്തിലായി.

ഇല മുറിച്ച് കഴുകി ഇറയത്ത് വയ്ക്കുമ്പോൾ അയാളുടെ താഴ്ത്തിപ്പിടിച്ച മുഖത്തേക്ക് ചെരിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു,
“എന്താ പേര്?”
“ഗി ഗി ഗി” ചങ്ങലക്കിലുക്കം പോലൊരു ചിരിയോടെ പറഞ്ഞു "സനാതനൻ ".

കണ്ണുകൾ വട്ടംപിടിച്ച് തന്നെത്തന്നെ നോക്കുകയാണ്. കണ്ണിൽ നിന്നും കണ്ണെടുക്കാതെ ശലഭങ്ങൾ പാറുന്ന തറച്ചുനോട്ടം! ഇലയിൽ തങ്ങിനിന്ന വെള്ളത്തുള്ളികൾ കൈകൊണ്ടു തുടച്ചുനീക്കുമ്പോൾ നോട്ടം കൈതണ്ടയിലേയ്ക്ക് മാറുന്നതറിഞ്ഞു. 

അമ്മ ഇലയിൽ ചൂടുള്ള ചോറും എരിശ്ശേരിയും പച്ചമുളക് ചതച്ചിട്ട പച്ചമോരും വിളംബിയിട്ടു പറഞ്ഞു,
“കഴിച്ചോള്വാ”

“വാവേ കുടിയ്ക്കാൻ വെള്ളം കൊടുക്കു” . അമ്മ അകത്തേക്കുപോയി.

അയാൾ ഇറയത്ത് വലതു വശത്തേക്ക് കാലിട്ട് ഇടത്തേ കൈ കുത്തി ഇലയുടെ മുന്പിലിരുന്നു.

ഇരുമ്പിന്‍റെ ബക്കറ്റ് കിണറ്റിലേക്കിട്ട് മുക്കിത്തുടിച്ചു വെള്ളം കോ രിയെടുക്കുമ്പോൾ കപ്പി ശബ്ദമുണ്ടാക്കി. പെട്ടെന്ന് ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റ അയാ ൾ ചെവിയിൽ വിരൽ തിരുകി, കണ്ണുകളടച്ച് മുഖം ചുളിച്ചു പിടിച്ചു.

“പേടിയ്ക്കണ്ട, കപ്പീല് എണ്ണ ഇല്ല്യാണ്ടായിരുന്നുട്ടോ. ചൂടാറും മുമ്പ് വേഗം ചോറുണ്ടോളൂ.” കപ്പിൽ വെള്ളവുമായി അടുത്തേക്ക് ചെന്ന് പറഞ്ഞപ്പോൾ കൊച്ചു കുട്ടിയെ പോലെ മിഴിച്ചു നോക്കി. അല്പനേരത്തെ പകപ്പിനു ശേഷം അയാൾ ആര്‍ത്തിയോടെ ചോറ് മുഴുവനും വാരിയുണ്ടു.

“എവിട്യാ വീട്?”

താടിയിലും മീശയിലും പറ്റിപ്പിടിച്ചിരുന്ന ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളിലേക്ക് നോക്കാതിരിക്കാൻ പ ണിപ്പെട്ടുകൊണ്ട് ചോദിച്ചപ്പോൾ അതിനുത്തരമായി അയാൾ അകലേക്ക്, ആകാശത്തേയ്ക്ക് വിരൽ ചൂണ്ടി.

"ആകാശത്തോ.."?

"ഊഹും ..അതിന്റേം അപ്രത്ത് ."

അപ്പൊ അച്ഛനും അമ്മയും..?

“രാത്രിയിൽ നക്ഷത്രങ്ങളായി വരും” . “ചോറ്...” അയാൾ നിവര്‍ന്നിരുന്നു.

ശലഭങ്ങൾ ഒഴിയുന്നില്ല .

രണ്ടാമതു ചോറ് വിളമ്പുമ്പോൾ അവ തന്‍റെ കൈത്തണ്ടയിലെ ചുവന്ന കുപ്പിവളകളിൽ പറന്നു വന്നിരിക്കുന്നതറിഞ്ഞു തലയുയര്‍ത്തി. അപ്പോൾ ചുവന്ന മോണ കാണിച്ച് അയാൾ ശബ്ദമില്ലാതെ ചിരിക്കുകയായിരുന്നു. വീണ്ടും കോര്‍ക്കുന്ന നോട്ടം. ശലഭനോട്ടം!

അനുസരണയില്ലാത്ത ചുരുണ്ട മുടിയിഴകൾ കണ്ണിലേക്ക് വീണപ്പോൾ ചോറ് വാരിയ കൈകൊണ്ടുതന്നെ അയാൾ മുടി തട്ടി മാറ്റാൻ ശ്രമിച്ചു.

“വാവേ...നീ പോയുണ്ണാൻ നോക്കു..” അമ്മയ്ക്ക് ഇഷ്ടക്കേട് ഉണ്ടെന്നു വ്യക്തമായി.

“അമ്മേ.. സനാതനൻ ന്നാ പേര്....പാവം... ആരൂല്ല്യാന്നാ തോന്നണേ..”

“അതോണ്ടല്ലേ ഉണ്ടിട്ടു പോയിക്കോട്ടേന്ന് വച്ചത്.” അമ്മയ്ക്ക് ക്ഷമ കെട്ടുതുടങ്ങി. 

"ആകാശത്തിന്റേം അപ്രത്തൂന്നാ വരണേ ന്നു പറഞ്ഞു...” 

"നിനക്കും പ്രാന്തായോ പെണ്ണേ"? അമ്മ അത്ഭുതപ്പെട്ടു.

അകത്തേക്ക് കടക്കുന്നതിനിടയിൽ ഒന്നുകൂടെ തിരിഞ്ഞുനോക്കി . ആർത്തിയോടെ കഴിക്കുകയാണ് അയാൾ.

"കൂടുതൽ അടുപ്പം കാണിക്കണ്ട, തലയ്ക്കു സുഖല്ല്യാത്ത ചെക്കനാ...... നീ അപ്രത്ത് പോവൂ..” അടക്കത്തോടെ പറയുമ്പോഴും അമ്മയുടെ സ്വരത്തിലെ കാര്‍ക്കശ്യം വ്യക്തമായിരുന്നു.

ഊണ് കഴിഞ്ഞ് ഉമ്മറത്തേക്ക് ചെല്ലുമ്പോൾ അയാൾ പടി കടന്നുപോകുന്നു , ഏതോ പാട്ടിന്‍റെ വരികൾ ചൂളംവിളിയായി കേട്ടു. അഴിഞ്ഞു പോയേക്കുമോ എന്ന മട്ടിൽ ഉടുത്തിരുന്ന മുണ്ടിന്റെ കോന്തല മണ്ണിലൂടെ ഇഴഞ്ഞു. ഇടയ്ക്ക് കുനിഞ്ഞ് കല്ലുകൾ പെറുക്കി മുന്നോട്ടെറിഞ്ഞിട്ടു ഉറക്കെ കൈ കൊട്ടി. വഴിയുടെ നടുവിൽ നിന്നുകൊണ്ട് അയാൾ നിർത്താതെ വട്ടപ്പാലം തിരിയുന്നത് നോക്കി നിന്നപ്പോൾ തല കറങ്ങും പോലെ തോന്നി. വേലിയിലിരുന്ന മൈനയെ ഓടിച്ചിട്ട് പിടിയ്ക്കായ്ക്കാനാഞ്ഞപ്പോൾ മൈന പരിഭ്രാന്തിയിൽ പറന്നകന്നു. എന്തൊക്കെയോ പുലമ്പിയും ആർത്തട്ടഹസിച്ചും അയാൾ ശലഭങ്ങൾക്കൊപ്പം മാഞ്ഞു മാഞ്ഞു പോയി. തലയ്ക്കു ചുറ്റും ഒരു ഭ്രമരം മാത്രമവശേഷിച്ചു.

പെരുമ്പറ കൊട്ടിക്കൊണ്ടായിരുന്നു പിന്നത്തെ വരവ്. കഴുത്തിൽ തൂക്കിയ ചരടിൽ ഞെങ്ങി ഞെളങ്ങിയ ഒരു പാട്ടയുടെ കഷ്ണം. അയാൾ അതിൽ ഒരു കുറുവടി കൊണ്ട് അമർത്തി അടിച്ച്‌ ശബ്ദമുണ്ടാക്കി. മുടി കൂടുതൽ ചെമ്പിച്ചിരുന്നു. വെയിലിൽ വിയർത്തൊഴുകുന്നുണ്ടായിരുന്നു
മറഞ്ഞു നിന്നുകൊണ്ട് നോക്കിയപ്പോൾ അനേകായിരം വർണ്ണങ്ങളിൽ ശലഭങ്ങൾ പറക്കുന്നു അയാൾക്ക്‌ ചുറ്റും.... അവയുടെ ചിറകുകളിലെ ചിത്രങ്ങളിൽ പലതരം ചായങ്ങൾ തെളിഞ്ഞു പരക്കുന്നു.

" ഇപ്രത്തേയ്ക്ക് പോന്നോളൂ.." 

അമ്മ അയാളെ അടുക്കളവശത്തേയ്ക്ക് വിളിച്ചു.

അസ്വസ്ഥമായ നിമിഷങ്ങൾ നീങ്ങിക്കൊണ്ടിരുന്നു.

വയറു നിറഞ്ഞതിന്റെ സംതൃപ്തിയോടെ ഉമ്മറത്തു കൂടി തിരികെപ്പോകുമ്പോൾ അയാൾ വീടിനകത്തെ ഇരുട്ടിലേയ്ക്ക് തുറിച്ചു നോക്കി, "ഗി ഗി ഗി ഗി.." എന്ന് ശബ്ദമുണ്ടാക്കി. മാവിൻ ചുവട്ടിലെ ഉറുമ്പിൻ കൂട്ടിൽ ഒരു പിടി മണ്ണ് വാരിയിട്ടിട്ട് ഒന്നുകൂടെ ഉച്ചത്തിൽ ചിരിച്ചു. പിന്നെ പാട്ടും പാടി പോയി ആ ശലഭമിഴികൾ .

വേരുകൾ ഉപേക്ഷിച്ച മരമായിരുന്നു അയാൾ. തണൽ കൊതിയ്ക്കുന്ന മരം. അതിനെ ഒരു ചില്ലയോളമെങ്കിലും ഉയർന്ന് തലോടണം എന്നു തോന്നി.സ്നേഹത്തിനെ ഭ്രാന്തെന്നോ ഭ്രാന്തിനെ സ്നേഹമെന്നോ വിളിയ്ക്കാനാവുമെന്ന വിശ്വാസം ശക്തിപ്പെട്ടു. 

ആഴ്ചകൾ കൂടുമ്പോഴോ മാസത്തിലൊരിക്കലോ അയാൾ അധികാരത്തോടെ വന്നപ്പോഴൊക്കെ ആരെന്നറിയാതെ, എവിടെനിന്ന് വരുന്നുവെന്ന് അറിയാതെ , കണ്ണിൽ വന്നു തറച്ച ഭ്രാന്തമായ ആ നിഷ്കളങ്കതയെ തൂത്തെറിയാനാവാതെ പരിഭ്രമിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു. ഒരിക്കലും കണ്ണിൽ പെടാതിരിയ്ക്കാൻ ശ്രദ്ധിച്ചപ്പോഴും തന്നെ തിരയുന്നുണ്ടാകുമോ അയാളെന്നു വെറുതെ വ്യാകു ലപ്പെട്ടിരുന്നു .

മനസ്സിലെ ചായക്കൂട്ടുകൾ കൊണ്ട് വരച്ചു തീര്‍ക്കാൻ കഴിയാത്ത ഒരു അപൂർണ്ണ ചിത്രമായി അയാൾ തെളിയുമ്പോൾ ചുവന്ന കുപ്പിവളകളിൽ നീല ചിത്ര ശലഭങ്ങൾ നിഴലുകൾ വീഴ്ത്തുന്നു. നിഴലിന്റെ മറയിൽ നിന്നും ഇടയ്ക്കൊക്കെ എത്തിനോക്കുകയാണ് ആ ഭ്രാന്ത്.

ഉള്ളുകള്ളങ്ങൾ (കഥ) അന്‍ഷാദ് അന്‍ഷു

   "വൈരുദ്ധ്യാത്മകതയാണ്  കേവലമായ 
                          മനുഷ്യജീവിതത്തെ  മുന്നോട്ടു നയിക്കുന്നത് .."





                                        വൻ എല്ലാം തീരുമനിച്ചു കഴിഞ്ഞിരുന്നു. വിവാഹം ജീവിതത്തിന്റെ അവസാനവാക്കാവുന്നതിൽ അവന്  തന്നോടുതന്നെ അമർഷം തോന്നാതിരുന്നില്ല. ഉണ്ടായേക്കാവുന്ന മുറിവിനു  പരിചരണത്തിനായുള്ള മരുന്നും, പഞ്ഞിയും ബന്റേജും ആവശ്യപെട്ട് മരുന്നുശാലക്കു മുന്നിൽ കാത്തുനില്ക്കുമ്പോൾ അവൻ അക്ഷമനായിരുന്നു . വെയിലിനു ഉഷ്ണം നന്നേ കുറവായിരുന്നുവെങ്കിലും അവൻ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. അവനാവശ്യപ്പെട്ട വസ്തുക്കൾ എടുത്തു നല്കുമ്പോൾ അയാളുടെ ചുണ്ടിൽ സ്വതസിദ്ധമായ പരിഹാസം തൂങ്ങി കിടക്കുന്നുണ്ടായിരുന്നു. മരുന്നു കടക്കാരന്റെ പരിഹാസച്ചിരിയെ അവൻ വെറുത്തു. മുമ്പ് പലപ്പോഴുമതിനെ വെറുത്തിരുന്നുവെങ്കിലും, ഇപ്പോഴവനതിനെ കൂടുതലായി വെറുത്തു. വാങ്ങിയ സാധനങ്ങൾക്കുള്ള കാശുക്കൊടുത്ത് അവൻ ധൃതിയിലവിടുന്ന് ഇറങ്ങി നടന്നു .
മരുന്നുശാലയിൽ നിന്നും വരുന്ന പ്രകാശനെ കണ്ടപ്പോൾ ഓട്ടോറിക്ഷയിൽ ചാരിനിന്നിരുന്ന ഗംഗാധരേട്ടൻ അവനെ നോക്കി പുഞ്ചിരിച്ചു , എന്നാലവനാവട്ടെ അയാളെ തുറിച്ചു നോക്കി. ആ നിമിഷം മറ്റുള്ളവരുടെ മാനസികാവസ്ഥ  നോക്കാതെയുള്ള തന്റെ പുഞ്ചിരിയിൽ അയാൾക്ക് വല്ലായ്മ തോന്നി. "ഈ ചെക്കന്റെ പോക്കുകണ്ടിട്ട്  അവൻ വീണ്ടും പഴയതു തന്നെ ആവർത്തിക്കുമെന്നാണു തോന്നുന്നത് . ഗംഗാധരേട്ടൻ അടുത്തു നിന്നിരുന്ന ചെറുപ്പക്കാരനോടായി പറഞ്ഞു."
എല്ലാത്തിനും അവൻ മുൻ കരുതലെടുത്തിരിക്കുന്നതു കാണുമ്പോൾ അതിനു സാധ്യത കുറവാണു . എന്നാലും പ്രകാശനെപ്പോലെയാവാൻ കഴിയണം , യൗവ്വനത്തിന്റെ ആകാംക്ഷളെല്ലാം അപ്പോൾ തന്നെ തീർക്കാൻ കഴിഞ്ഞുവല്ലോ, പിന്നെ ഇത്രയും കാലം അതു മറ്റാരുമറിയാതെ ഒളിച്ചുവെക്കാനും. നമ്മളും ജീവിക്കുന്നുണ്ട്, വിപിൻ നിശ്വാസം പൂണ്ടു.
"തീർക്കാൻ പറ്റാതെപോയ ആകാംക്ഷകളെല്ലാം സഫലമാക്കാൻ വീട്ടിലൊരുത്തിയുണ്ടല്ലോ അതു പോരേ വിപിനേ. ബുദ്ധിയുറക്കാത്ത പ്രായത്തിലെ ആകാംക്ഷാ സഫലീകരണമെല്ലാം കഴുത്തിനു മേലേ തൂങ്ങുന്ന വാളാണു." അയാൾ അകന്നുപോകുന്ന പ്രകാശനെ നോക്കിക്കൊണ്ടു പറഞ്ഞു. കൂടുതലായെന്തോ അയാൾക്ക് പറയണമെന്നുണ്ടായിരുന്നു. പക്ഷെ അയാളതു മനസ്സിൽ തന്നെ വച്ചു.
അവർ മാത്രമല്ല ലോകം മുഴുവൻ തന്നെ പരിഹാസത്തൊടെയാണു നോക്കുന്നത്തു എന്ന തോന്നൽ അവനെ ഒട്ടും വേദനിപ്പിച്ചില്ല. തന്നിലേക്കു നീളുന്ന ചൂഴ്ന്നു നോട്ടങ്ങളെയെല്ലാം അവഗണിച്ച് പ്രകാശൻ വീട്ടിലേക്കു ധൃതിയിൽ  നടന്നു.
വയനശാലക്കു തിരിയുന്ന വളവിലെ ആലിന്റെ ചുവട്ടിൽ വച്ച് പ്രകാശനെ കണ്ടപ്പോൾ  മേലെടത്തെ ഉഷ അവനെ നോക്കി പ്രണയാതുരമായി പുഞ്ചിരിച്ചു. പക്ഷെ അവൻ അവളെ രൂക്ഷമായി നോക്കി ആ നോട്ടം അവളുടെയുള്ളിൽ കത്തി പടർന്നു. ഉഷ ശാരദ ചേച്ചിയോടു പറഞ്ഞു; പ്രകാശേട്ടൻ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു കാണാൻ സൌന്ദര്യവും  എല്ലാവരെക്കാളും വലിയ വിവരവും ഉണ്ടായിട്ടെന്താ കാര്യം മനുഷ്യന്റെ തലതിരിഞ്ഞാൽ പോയില്ലെ.. ദേവുവമ്മയുടെ കാര്യം ആലോചിക്കുമ്പൊഴാ കഷ്ടം . ആരുടെ കുരുത്തം ക്കൊണ്ടോ നിങ്ങളുടെ ജാതകം തമ്മിൽ പൊരുത്തപ്പെടാതിരുന്നതു വലിയ സമാധാനം. ശാരദ ചേച്ചി പറഞ്ഞു.
ഉഷയുടെ കണ്ണുകൾ അപ്പോൾ ആരുമറിയാതെ തന്റെ മനസ്സിൽ രാവും പകലും കൊണ്ടു നടന്ന പുരുഷന്റെ ചവിട്ടടികളെ പിന്തുടരുകയായിരുന്നു. അവനെ ശൃംകരിച്ചു നില്ക്കാതെ നീ ഇങ്ങോട്ടു നടന്നാ, ശാരദ ചേച്ചി ശകാര സ്വരത്തിൽ പറഞ്ഞു . ഉഷ ഒന്നും മിണ്ടതെ നിശബ്ദമായി നടന്നു.
പ്രകാശൻ നടത്തത്തിന്റെ വേഗതകൂട്ടി, പതിവിനു വിപരീതമായി ഇന്നു വീട്ടിലെക്കുള്ള ദൂരം കൂടിയതായി അവനനുഭവപ്പെട്ടു. കഠിനമായ ചിന്തകൾ അവന്റെ നിമിഷങ്ങൾക്കു ദൈർഘ്യം കൂട്ടി. ഗായത്രിയുടെ വാക്കുകൾ അവന്റെ ഹൃദയത്തെ ഒരു കഴുകനെപ്പൊലെ കൊത്തി വലിച്ചു. പ്രകാശേട്ടനെ വിവാഹം ചെയ്യാൻ ഞാൻ ഇപ്പൊഴും തയ്യാറാണു, പക്ഷെ അച്ചനും അമ്മയും പറയുന്നത് സ്വന്തം ശരീരത്തെ മൃഗീയമായി കുത്തിമുറിക്കുന്നവൻ നാളെ എന്റെ മകളേയും അങ്ങനെ ചെയ്യില്ലാന്നെന്താ ഒരുറപ്പ് എന്നാണ്. എനിക്കും അതു തന്നെയാണു ചോദിക്കനുള്ളതു എന്തു ധൈര്യത്തിലാണു അങ്ങോട്ടേക്കു വരുക പ്രകാശേട്ടൻ തന്നെ പറയൂ. പ്രകാശൻ ഉത്തരം കിട്ടാതെ പകച്ചു നിന്നു. അവളുടെ വാക്കുകളെക്കാൾ അവനെ വേദനിപ്പിച്ചത് അതിലെ വൈരുധ്യങ്ങളായിരുന്നു. അവളൊരിക്കൽ പറഞ്ഞു സമൂഹത്തിന്റെ മാത്രമല്ല അച്ചനമ്മമാർ പറയുന്ന കാര്യങ്ങളൊന്നും അനുസരിക്കാൻ ഞാൻ തയ്യ​‍ാറല്ല കാരണം അവരും വികലമായ സമൂഹത്തിന്റെ ഭാഗമാണു. ഈ ആശയ സമരം അവൾ എവിടെയാണു വച്ചു മറന്നത്.

ആകശത്ത് ഏതോ അദൃശ്യ കലാകാരൻ മഞ്ഞഛായം തേക്കാൻ തുടങ്ങിയിരുന്നു. പ്രകാശൻ ചിന്തിച്ചു വിവാഹ നിശ്ചയമെന്നതു തികച്ചും അർത്ഥരഹിതമായ ഏതു നിമിഷം വേണമെങ്കിലും പിൻവലിക്കാൻ കഴിയുന്ന ഒരു ഹ്രസ്വകാല സന്ധി മാത്രമാണു.

കളത്തിലെ കുമാരേട്ടനാണു ഗായത്രിയുടെ ആലോചനകൊണ്ടു വന്നത്. വിവാഹം കഴിക്കാമെന്നു തീരുമാനിച്ചപ്പോൾ, ഉയർന്ന ചിന്താശേഷിയുള്ളതും ചിരപരിചിത വഴികളിൽ നിന്ന് മാറി നടക്കാൻ ശ്രമിക്കുന്നവരുമായ പെൺകുട്ടികളെയാണു പ്രകാശൻ ആഗ്രഹിച്ചതു, പക്ഷെ എത്രയൊ തവണ അന്വേ​‍ഷിച്ചു നടന്നിട്ടും അങ്ങനൊരുവളെ കണ്ടെത്താൻ അവനു കഴിഞ്ഞില്ല. വീട്ടുക്കാർ കണ്ടെത്തുന്നതു കെട്ടാമെന്നു വെച്ചപ്പോഴാവട്ടെ അവിടെ പ്രശ്നം ജാതകപൊരുത്തമായിരുന്നു. ജാതകം നോക്കുന്നതിൽ പ്രകാശനു വിശ്വാസമൊന്നുമില്ലായിരുന്നുവെങ്കിലും അവൻ ജാതകം മുടക്കുന്നതിനെയൊന്നും എതിർക്കാൻ പോയില്ല, കാരണം അവനപ്പോഴും മനസ്സിനിണങ്ങിയവളെ തേടുകയായിരുന്നു. പക്ഷെ ഓരൊ ആലോചനമുടങ്ങുമ്പോഴും ദേവുവമ്മക്കായിരുന്നു ആധി മുഴുവൻ. ഇതേതായലും നടക്കും ദേവൂ സമ്പത്തുകൊണ്ടും കുടുംബമഹിമക്കൊണ്ടും സാമാന്യം നല്ലനിലയിൽ കഴിയുന്ന കൂട്ടരാണു പിന്നെകുട്ടിയും കാണാൻ തരക്കെടില്ല. കുമാരെട്ടൻ പറഞ്ഞു. പ്രകാശന്റെ അമ്മയെക്കാളും ഒന്നോ രണ്ടൊ വയസ്സ് കൂടുതലേയുള്ളൂ കുമാരേട്ടനു, ചെറുപ്പത്തിൽ മരിച്ചുപ്പോയ ദേവുവമ്മയുടെ സഹോദരന്റെ പ്രായമായിരുന്നു അയാൾക്ക്. എന്തൊക്കെ ഉണ്ടായാലും ജാതകപൊരുത്തം കൂടി വേണ്ടേ കുമാരാ, ദേവുവമ്മ പരിഭവപ്പെട്ടു. അതൊക്കെ ഉണ്ടാവും നീ നോക്കിക്കൊ.

ഇപ്രാവശ്യം അതിനെ എതിർക്കാൻ തന്നെയായിരുന്നു പ്രകാശൻ തീരുമാനം . അവൻ പറഞ്ഞു, ഇനി ജാതകോം കുന്തവും കുടച്ചക്രമൊന്നും നോക്കേണ്ട , ഇഷ്ടായാൽ അടുത്ത ദിവസം തന്നെ കല്ല്യാണം. എന്തായാലും അത്തരം കടുത്ത തീരുമാനങ്ങളൊന്നും വേണ്ടിവന്നില്ല അവരുടെ ജാതകങ്ങൾ തമ്മിൽ പത്തിൽ പത്തു പൊരുത്തമുണ്ടായിരുന്നു.

വൃശ്ചികം14 നു പ്രകാശൻ ഗായത്രിയെ ആദ്യമായി കാണാൻ ചെന്നു. നീല സാരിയുടുത്ത് തലമുടി മനോഹരമായി ഒതുക്കി കെട്ടി, പിന്നെ മുഖത്തു അല്ലറചില്ലറ പൊടിയൊക്കെ തേച്ചു അവൾ മുന്നിൽ വന്നു നിന്നപ്പൊൾ ഫോട്ടൊയിൽ കണ്ടതിനെക്കാളും സുന്ദരിയാണെന്നു അവനു തോന്നി , വളരെനാൾ കത്തിരുന്നിട്ടും ആഗ്രഹിച്ചവളെ കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ എന്ന നിരാശ അവന്റെ മുഖത്തു വന്നുപോയിക്കൊണ്ടിരുന്നു. എന്നാൽ അവളുമായി സ്വകാര്യമായി സംസാരിക്കാൻ അവസരം കിട്ടിയപ്പൊൾ തന്റെ മുൻ വിധികളിൽ അധിഷ്ടിത നിരാശയെയോർത്തു അവനിക്കു അവമതിപ്പു തോന്നി. ഗായത്രി പറഞ്ഞു; കുഞ്ഞുങ്ങളെ പ്രസവിച്ചു വീട്ടിൽ അടയിരുത്താനാണു എന്നെ വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഈ ആലോചന ഇപ്പോളിവിടെ വച്ചു അവസാനിപ്പിക്കുന്നതാണു നല്ലത്.
അതൊന്നും വേണ്ടായെന്നു ഞാൻ പറയില്ല, ലൈംഗിക ജീവിതമെന്നതു എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ പ്രധാന്യ വിഷയങ്ങളിൽ ഏറ്റവും താഴെക്കിടയിൽ കിടക്കുന്നവ മാത്രമാണു. മറ്റെന്തെല്ലാം കാര്യങ്ങൾ നമുക്കു സമൂഹത്തിൽ ചെയ്യാനുണ്ട്.  ആ പെൺ ധ്വനി ഇതേ രീതിക്കു തന്നെയാണു മുൻപ് കാണാൻ വന്നവരിലെല്ലാം പ്രതിഫലിച്ചതു. പക്ഷെ അവരെല്ലാം അവളുടെയുള്ളിലെ തീ കണ്ടു പേടിച്ച് അടക്കവും ഇണക്കവുമുള്ളവരെ തേടി കാതങ്ങളോളം അലഞ്ഞു. എന്നാൽ പ്രകാശനാവട്ടെ അവളിലെ അഗ്നിസ്ഫുരണങ്ങൾ കണ്ട് സന്തോഷിച്ചു. തന്റെ ചിന്തകളുമായി യോചിക്കുന്നവളെ തരാനാണു ഇത്ര വൈകിച്ചതെന്നൊർത്ത് അവൻ കാലത്തിനെ സ്തുതിച്ചു. പ്രകാശൻ പറഞ്ഞു; എന്റെ അന്വേഷണങ്ങൾക്കു ഇപ്പോഴെങ്കിലും അവസാനമായല്ലോയെന്നോർത്തു ഞാൻ അത്ഭുതപ്പെടുകയാണു. നിന്നെപ്പോലുള്ളവളെ നഷ്ട്ടപെടുത്താൻ എനിക്കുവയ്യ.അതുക്കൊണ്ടു നാളെത്തന്നെ വിവാഹമങ്ങ്  നടത്തിയാലോ . അതേതായാലും സാധ്യമല്ല എന്റെ ഒരു വർഷത്തെ കോഴ്സ് കഴിഞ്ഞിട്ടേ  കാര്യം നടക്കൂ,  ഗായത്രി ചിരിച്ചുക്കൊണ്ടു പറഞ്ഞു. ശരി അതാണു നല്ലത്. കിട്ടുന്ന ഇടവേളക്കൊണ്ടു പരസ്പരം കൂടുതൽ ആഴത്തിൽ മനസ്സിലാക്കാമല്ലൊ. അവളും തലയാട്ടി. എല്ലാം വെറുതെയാണു ആറേഴു മാസംക്കൊണ്ടെന്നല്ല ഒരായുഷ്ക്കാലമെടുത്താലും ആർക്കും ആരേയും മനസ്സിലാക്കാൻ കഴിയില്ല, കാരണം മനസ്സു ആർക്കും പിടുത്തംകൊടുക്കാത്ത വാവലുകളെ പോലെയാണ് .

ഈ ലോകം എന്തേ ഇങ്ങനെയായിപോയത്. ഉറ്റ സുഹൃത്തിന്റെ വിയോഗം ഒരു മനുഷ്യനെ മരണത്തിലേക്കു കൊണ്ടെത്തിക്കമെന്ന് എന്തുകൊണ്ടാണു ആർക്കും മനസ്സിലാകാത്തത്, വഴുതി വീണേക്കാവുന്ന മരണത്തിന്റെ പടവുകളിൽ നിന്നും തിരിച്ചു കയറാൻ ശ്രമിച്ചതാണോ ഞാൻ ചെയ്ത അപരാധം. ചോദ്യങ്ങൾക്കൊന്നും ഉത്തരം  കണ്ടെത്താൻ പ്രകാശനു കഴിഞ്ഞില്ല. താൻ ചെയ്തതിൽ തെറ്റൊന്നുമില്ലായെന്നു  അവൻ സ്വയം ബോധ്യപെടുത്താൻ ശ്രമിച്ചു.

അരവിന്ദൻ മരിച്ചവിവരം അറിഞ്ഞ ദിവസത്തെക്കുറിച്ച് പ്രകാശനോർമിച്ചു.. ആ ദിവസം ചെറിയൊരു ചാറ്റൽ മഴയുണ്ടായിരുന്നു. പതിവിനു വിപരീതമായി എന്തെങ്കിലും സംഭവിക്കുമെന്നോ അല്ലെങ്കിൽ സംഭവിച്ചുയെന്നോ ഒരു സൂചനപോലുമുണ്ടായിരുന്നില്ല. പ്രിയപ്പെട്ടവന്റെ മരണം ആ ദിനങ്ങളിൽ കുറിക്കപ്പെട്ടിരിന്നുവെന്നു ആരറിയാനാണു. മരണം ചിലപ്പോഴങ്ങനെയാണ്  ആരുമറിയാതെ  ആരെയും അറിയിക്കാതെ ജീവിതത്തിന്റെ ഇടനാഴിയിലേക്കു ഒരു വേട്ടപട്ടിയെപ്പോലെ അപ്രതീക്ഷിതമായി ചാടിവീഴും.

പ്രകാശന്റെ ഫോൺ ഒരുപാടു നേരം അടിക്കുന്നതു കേട്ടപ്പോൾ അവന്റെ അമ്മ പറഞ്ഞു ന്റെ പ്രകാശാ, നിനക്കൊന്നതു എടുത്തൂടെ . ആരെങ്കിലും അത്യവശ്യത്തിനു വിളിച്ചാ കിട്ടില്ലാന്നുവച്ചാ.

പതിവില്ലാത്ത ഉച്ചയുറക്കത്തിൽന്നു പാതിയുണർന്ന് അവൻ ഫോൺ ചെവിയോടടുപ്പിച്ചു. ചന്ദ്രനായിരുന്നുവത്, അവൻ പറഞ്ഞു; പ്രകാശാ നീയറിഞ്ഞോ, നമ്മുടെ അരവിന്ദൻ മരിച്ചു. അപകടമായിരുന്നു. ആ വാക്കുകൾ കേട്ടയുടൻ അവന്റെയുള്ള് അലയൊഴിഞ്ഞ കടൽ പോലെ നിശ്ചലമായി. ശരീരം മരവിക്കുന്നതായി പ്രകാശനു അനുഭവപ്പെട്ടു. ഒന്നു മൂളാൻ പോലും അവനായില്ല. ചന്ദ്രൻ പറഞ്ഞു;  രാത്രിയോടു രാത്രി അവൻ സർക്കാർ മോർച്ചറിയിൽ അജ്ഞാത ശവമായി വിറങ്ങലിച്ചു കിടന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച അരയിൽ നീന്നൂർന്നു വീണ മദ്യക്കുപ്പിയെടുക്കാൻ കുനിഞ്ഞതാ അടുത്തുള്ള ഓടയിൽ മുഖം കുത്തിവീണു . മുഴുവനും മദ്യത്തിലായതു കൊണ്ട് അവിടെ നിന്നും എഴുന്നേല്ക്കാനുള്ള ആരോഗ്യം പോലും അപ്പോൾ അരവിന്ദനുണ്ടായിരുന്നില്ലാന്നാണു കേട്ടത്. നമ്മുടെ കൂട്ടത്തിലെ ജീനിയസ്സ് അവനായിരുന്നു ആ ജീനിയസ്സിന്റെ മരണം പക്ഷെ നാലാളോട് പറയാൻ കൊള്ളാത്തപോലെയായി, എന്തു ചെയ്യാം വിധിയെന്നേ പറയേണ്ടു. നീ വരുന്നുണ്ടോ അവന്റെ വീട്ടിലേക്ക്? അവിടെ പോയിവന്ന ദീപു പറഞ്ഞതു അരവിന്ദന്റെ മക്കളുടെ കരച്ചിൽ സഹിക്കുന്നില്ലയെന്നാണു. പ്രകാശാ നീ വരുന്നുണ്ടോ അവന്റെ വീട്ടിലേക്ക്... പ്രകാശാ, പ്രകാശാ.. ഒരുപാടു തവണ വിളിച്ച ശേഷം ആ ശബ്ദം താനെ നിശബ്ദമായി . വരുന്നുണ്ടെന്നോ ഇല്ലായെന്നോ പറയാൻ പ്രകാശനു കഴിഞ്ഞില്ല. രണ്ടു ദിവസം ഐസിൽ കിടന്ന ശവത്തിന്റെ മരവിപ്പ് അവന്റെ ശിരസ്സിനെ ബാധിച്ചു. എങ്കിലും സുഹൃത്തിനെ കുറിച്ചുള്ള ഓർമകൾ മലവെള്ളം പോലെ അവന്റെ ചിന്തകളിലേക്ക് കുത്തിയൊലിച്ചു.

ആ ജീനിയസ്സ് ഒരു കവിയായിരുന്നു. എന്നാൽ കവിയെന്ന ആഡംബരമില്ലാതെയാണു അവൻ ജീവിച്ചത് . പാതയോരത്തും കടത്തിണ്ണയിലും അവൻ അന്തിയുറങ്ങി, നാറ്റം വമികുന്ന ചേരിയിൽ അവനലഞ്ഞു നടന്നു . വിഷന്നു കൈനീട്ടുന്നവർക്കു അവൻ തന്റെ പോക്കറ്റിലുള്ള അവസാന തുട്ടു നാണയവും നല്കി. തന്റെ സ്നേഹം അവൻ മറ്റുള്ളവർക്കു അളവിലധികം നല്കി. എന്നിട്ട് അവന്റെ മരണം നോക്കൂ സമൂഹത്തിന്റെ മാലിന്യം മുഴുവൻ പേറുന്ന അഴുക്കു ചാലിൽ വീണു ശ്വാസം മുട്ടിയും വിധിയുടെ മുഖം എത്ര ക്രൂരമാണു.

അരവിന്ദൻ അവന്റെ അമ്മയെയാണു ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിച്ചതു . അവർ അവനേയും . എന്നെന്നും വറ്റാത്ത സ്നേഹിത്തിന്റെ ഉറവിടമായിരുന്നു അവന്റെ അമ്മ.  ആ പരസ്പര സ്നേഹം കാണാൻ പ്രകാശനു പലപ്പോഴും നേരിൽ കാണാൻ അവസരം ലഭിച്ചിരുന്നു. .പത്താം വയസ്സിലാണു അരവിന്ദന്റെ അമ്മയെ അഛൻ ഉപേക്ഷിച്ചു പോയതു. ആ ദിവസങ്ങളിൽ അവർ കടുത്ത ദാരിദ്രത്തിലായി. അവർ കഷ്ട്പ്പാടിന്റെ ചുറ്റുപാടിൽ പ്പൊലും കടിനമായ അധ്വാനംക്കൊണ്ടാണു അവനെ വളർത്തിയതു. അമ്മയുടെ അകാലമായ മരണം അരവിന്ദനെ കടുത്ത വിഷാദത്തിലാഴ്ത്തി, അതവനെ ഇടതടവില്ലാത്ത മദ്യപാനത്തിലേക്ക്ണു കൂട്ടിക്കൊണ്ടുപ്പോയത്.

അരവിന്ദൻ അവന്റെ ജീവിത്തിനിടക്ക് മറ്റൊരാളെകൂടി അഗാധമായി സ്നേഹിച്ചിരുന്നു.അവരുടെ കോളേജിൽ ബി. എ രണ്ടാം ഇംഗ്ലീഷിനു പടിച്ചിരുന്ന വിടർന്ന കണ്ണുകളും, പരിധികൾ ഭേദിച്ച് പരസ്പരം കെട്ടുപിണഞ്ഞു കിടന്നിരുന്ന  പുരികങ്ങളുള്ള മുടിലെപ്പോഴും റോസാപ്പൂക്കൾ ചൂടിവന്നിരുന്ന വിമലയെ . അവരുടെ പ്രണയാർദ്ര ദിനങ്ങൾക്കു സാക്ഷിയായിരുന്നു പ്രകാശൻ . ആ സാക്ഷിയുടെ കണ്ണുകളെ കറുത്ത തുണിക്കൊണ്ടു മൂടിക്കെട്ടി പിന്നീട് അരവിന്ദനും വിമലയും വേർപിരിഞ്ഞു. അവരുടെ നാടകം ഏതു പാതിരാത്രിക്കാണു തീർന്നതെന്ന് പ്രകാശൻ അറിഞ്ഞില്ല.

അമ്മ മരിച്ച അന്ന്, പൂർണമായ മദ്യലഹരിയിൽ അരവിന്ദൻ പ്രകാശനോടു പറഞ്ഞു; ഇനി എന്നെ സ്നേഹിക്കാൻ ആരുമില്ല പ്രകാശാ. അമ്മയെകൂടാതെ എന്നേ സ്നേഹിച്ചവളെ ഞാൻ ഉപേക്ഷിക്കാൻ  പാടില്ലായിരുന്നു . ഇനിയവളെ എനിക്കു കിട്ടാൻ പോവുന്നില്ല. കാരണം എന്നെ സ്നേഹിച്ച കുറ്റത്തിനു അവൾക്കു ഞാൻ സമ്മാനിച്ചത് വേദനയും  ഒറ്റപ്പെടലും പിഴച്ചവളെന്ന കിരീടവുമാണു. അന്നേ ഞാനവളെ വിവാഹം ചെയ്യണമായിരുന്നു . അതു ചെയ്യതെ ഞാൻ പ്രതിസന്ധികളിൽ നിന്നും ഒളിച്ചോടി. കുറ്റപ്പെടുത്തലുകളെ ഞാൻ ഭയപ്പെട്ടു. ഇനിയും എന്നെ സ്നേഹിക്കാൻ അവൾ മത്രമേ ഉള്ളൂ. ഇനിയും അതിനവസരമുണ്ട് . പ്രകാശൻ അവന്റെ കണ്ണുകളെ ഉറ്റു നോക്കിക്കൊണ്ട് പറഞ്ഞു . ഇല്ല പ്രകാശാ ഇല്ലാ , വന്നാൽ തന്നെ അവൾ എന്തെല്ലാം കേൾക്കേണ്ടിവരും. ഇപ്പോൾ വിമല അതൊന്നും അനുഭവിക്കുന്നില്ലായെന്നാണോ നീ കരുതുന്നത്. പ്രകാശൻ ചോദിച്ചു . നിരവധി കള്ളങ്ങൾ ക്കൊണ്ടാവാം അവൾ സംശയദൃഷ്ടിയിൽനിന്നും രക്ഷപ്പെടുന്നത് അരവിന്ദൻ പറഞ്ഞു .  ആയിരിക്കില്ല , അവളിപ്പോഴും സമൂഹത്തിന്റെ ഉപചാപങ്ങളിൽ നീറിപുകയുകയാവും. ഇനിയെങ്കിലും നീ അവളെയൊപ്പം കൂട്ടണം . പ്രകാശൻ ഉറച്ച ശബ്ദത്തിൽ  ആവശ്യപ്പെട്ടു. അവൻ പറഞ്ഞു തീരുമ്പോഴേക്കും അരവിന്ദൻ ഉറക്കത്തിന്റെ ലഹരിയിലേക്കു വീണു കഴിഞ്ഞിരുന്നു.

പിന്നീടൊരു ദിവസം അരവിന്ദൻ എല്ലാവറെയും അത്ഭുതപ്പെടുത്തിക്കൊണ്ടു യൌവനത്തിന്റെ പ്രാരംഭത്തിൽ താൻ അവിഹിതമായി ഉഴുതുമറിച്ച പെണ്ണുടലിനേയും അതിലുണ്ടായ പെൺകുഞ്ഞിനേയും അവൻ തന്റെ ജീവിതത്തിന്റെ ഇരുളറയിലേക്ക് കുടിയിരുത്തി. മുൻപ് ഭയപ്പെട്ടിരുന്ന സദാചാരത്തിന്റെ മഞ്ഞ കണ്ണുകളെ അപ്പോഴവൻ തെല്ലും ഗൌനിച്ചില്ല. അവളുടെ ജീതത്തിൽ അതുപക്ഷേ തൂക്കുകയർ മാറ്റികെട്ടിയവ്യത്യാസമേ ഉണ്ടാക്കിയുള്ളൂ.

അരവിന്ദന്റെ വിഷാദം നിറഞ്ഞ ചൂഴ്ന്നു നോട്ടം പ്രകാശനെ വല്ലാതെ വേദനിപ്പിച്ചു . ആ രാത്രി മുഴുവൻ അവന്റെ ഹൃദയത്തിൽ തറച്ചു നിന്നു. അരവിന്ദൻ മാസത്തിൽ ഒന്നോ രണ്ടോ തവണ പ്രകാശനെ കാണാൻ വരുമായിരുന്നു . അവനൊരിക്കലും പ്രകാശന്റെ വീട്ടിലേക്കു പൊയിരുന്നില്ല. അവർക്കു താൻ വെറുക്കപെട്ടവനായിരുന്നുവെന്നു അരവിന്ദനു നന്നായി അറിയാമായിരുന്നു അതുകൊണ്ടവർ ലോഡ്ജിൽ മുറിയെടുത്ത് നേരം പുലരുവോളം മദ്യപാനവും കവിതചൊല്ലലുമായി കഴിച്ചു കൂട്ടും . പ്രകാശൻ മദ്യപിച്ചിരുന്നില്ല. വേദനക്കുള്ള മറുമരുന്ന് മദ്യമാണെന്നുള്ള അരവിന്ദന്റെ വാദത്തോട് അയാൾക്കൊരിക്കലും യോജിക്കാൻ കഴിഞ്ഞില്ല. പോവാൻ നേരത്ത് അഞ്ഞൂറിന്റെയോ ആയിരത്തിന്റേയോ നോട്ടുകൾ നീട്ടുമ്പോൾ അരവിന്ദൻ ഒരു കള്ളച്ചിരിയോടെ പറയും; ആയിരത്തിന്റേയും അഞ്ഞൂറിന്റേയും പച്ച നോട്ടുകൾ സൌഹൃദത്തിന്റെ വില നിശ്ചയികുന്ന കാലം എത്ര വിരോധാഭാസമാണല്ലേ പ്രകാശാ. അയിരിക്കാം പ്രകാശൻ പറയും. എങ്കിലും ആ നോട്ടുകൾ ഒരിക്കൽ പ്പോലും അവൻ സ്വീകരിക്കാതിരുന്നില്ല

അവന്റെ മരണം  വളരെ നേരത്തെയായി പോയി. പ്രകാശന്റെ അധരങ്ങൾ പിറുപിറുത്തു . അയാളുടെ മുഖം പതിവിലും വിവർണ്ണമായി കാണപെട്ടു എല്ലാ അസ്വസ്തതകളിൽ നിന്നുമുള്ള മോചനം ആത്മഹത്യയാണെന്ന ബോധം അയാളുടെ സിരകളെ ബാധിച്ചു  . ദീർഘനേരം ഉറക്കം മറന്ന കണ്ണുകൾ പതിയെ അടഞ്ഞു , അതിനിടയിൽ അയാളൊരു സ്വപ്നം കണ്ടു . സ്വപ്നമായിരുന്നില്ല  യതാർത്തത്തിലത് ബാല്യത്തിലെ ഓർമയായിരുന്നു . പ്രതിസന്ധികളുടെ കടിഞ്ഞാൺ പൊട്ടിക്കാൻ പോന്ന വിദ്യ ചിലപ്പോൾ സ്വപ്നങ്ങൾ പറഞ്ഞുതരും .

വെളിച്ചപ്പാട് ഓരോ തവണ തന്റെ വാളുക്കൊണ്ട് സ്വന്തം നെറ്റിയിൽ മുറിവേല്പ്പിക്കുമ്പോൾ അവിടെ നിന്നും രക്തം ഒഴുകുന്ന കാഴ്ച അവനു അസഹ്യമായിരുന്നു . അതു കാണുമ്പോഴെല്ലാം അവൻ അമ്പല നടയിൽ നിന്നും ഓടിയൊളിച്ചു. ഒരിക്കൽ പ്രകാശൻ അയാളോടു ചോദിച്ചു; ഈ വെളിച്ചപാടുകൾക്കൊന്നും മുറിവുണ്ടായാൽ വേദനിക്കില്ലേ? അയാൾ ചെറുമന്ദഹാസത്തോടെ പറഞ്ഞു; വേദനിക്കാതിരിക്കുമോ ഉണ്ണീ..! ഞങ്ങളും മനുഷ്യരല്ലേ . അവൻ വീണ്ടും ചോദിച്ചു . എങ്കിൽ പിന്നെയെന്തിനാ അങ്ങനെ ചെയ്യുന്നത്. അതെല്ലാം ചെയ്യുന്നത് ഞാനല്ലല്ലോ ദേവിയല്ലേ .. എന്ന മറുചോദ്യമാണു അവൻ വെളിച്ചപ്പാടിൽ നിന്നും പ്രതീക്ഷിച്ചത്. പക്ഷെ അവന്റെ നിഷ്കളങ്കമായ കവിളത്ത് വത്സല്യത്തോടെ തലോടിക്കൊണ്ടു അയാൾ പറഞ്ഞു; മുറിവുകൾക്കു വേദനയെ മായ്ക്കാനുള്ള കഴിവുണ്ട് ഉണ്ണീ,  
മുറിവ് വേദനയുണ്ടാക്കുകയല്ലേ ചെയ്യുന്നത് അവന്റെ ചോദ്യങ്ങളവസാനിചില്ല. അയാളുടെ മറുപടികൾ പിഞ്ചുമനസ്സിനു അവ്യക്തമായിരുന്നു. താൻ പറയുന്നത്  കുട്ടിക്കു എത്രമാത്രം മനസിലാകുമെന്നു വെളിച്ചപ്പാട് ചിന്തിച്ചതുമില്ല . അയാൾ പറഞ്ഞു ; ശരീരത്തിന്റെയല്ല മനസ്സിന്റെ വേദനയാണു . ശരീരത്തിനുണ്ടാവുന്ന വേദനയെക്കാൾ കഠിനമാണു മനസ്സിനുണ്ടാവുന്നതു . അത് ഒരുവനെ മരണത്തിലേക്കു തള്ളിവിട്ടെന്നു വരാം . അതല്ലങ്കിൽ കഞ്ചാവിനോ മദ്യത്തിനോ അടിമപ്പെടുത്തിയെന്നും വരാം . പക്ഷെ അതുക്കൊണ്ടൊന്നും വേദനയിൽ നിന്നും ആത്യന്തികമായ മോചനം കിട്ടിയെന്നു വരില്ല. പക്ഷെ മനോവ്യഥയനുഭവിക്കുന്ന സമയത്ത് മാംസത്തിലേക്കു ആഴ്ന്നിറങ്ങിയുണ്ടാവുന്ന മുറിവുകൾ മനസ്സിനു വല്ലാത്ത സുഖവും, ശാന്തിയും നല്കുന്നു . അമ്മയുടെ ശകാരം കേട്ട് മനസ്സ് നൊന്തു വരുമ്പോൾ എവിടെയെങ്കിലും ചെറുതായൊന്നു വീണു മുറിഞ്ഞാൽ ഉണ്ണി കുറച്ചു നേരത്തേക്കെങ്കിലും അമ്മയുടെ ശകാരം മറക്കില്ലേ . മുറിവുകൾ മനസ്സിന്റെ വേദനയേ വിസ്മൃതിയിലേക്കു തള്ളിവിടുന്നു . ആ വചനങ്ങൾ അന്നു പ്രകാശനെ സംബന്ധിച്ചിടത്തോളം ഒരു വൃദ്ധന്റെ അവ്യക്തമായ  പുലമ്പൽ മാത്രമായിരുന്നു . ഇന്നിപ്പോൾ അവനിക്കതു മനസ്സിലാവും . അവൻ മയക്കത്തിൽ നിന്നുണർന്നു . സ്വപ്നത്തിലേ സ്ഥലകാലങ്ങളെ തിരിച്ചറിയാനുള്ള അയാളുടെ ശ്രമം വിഫലമായി . സ്വപ്നത്തിലേ വാക്കുകളുടെ ആവർത്തനം ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു . അയാൾ ഇരിപ്പിടത്തിൽ നിന്ന് ചാടിയെഴുന്നേറ്റു. ശരീരത്തെ മുറിവേല്പ്പിക്കാൻ പോന്ന വസ്തുവിനായി ആ മുറിമുഴുവൻ അയാളൊരു ഭ്രാന്തനെപ്പോലെ വലിച്ചു വാരിയിട്ടു . ഒടുവിൽ കയ്യിൽ തടഞ്ഞ അയാൾ തന്റെ ഇടത്തേ നെഞ്ചിലേ തുടുത്ത മാംസത്തിൽ കുത്തിയിറക്കി . അവിടെ നിന്നും രക്തം മഴകാലത്തെ അഴുക്കു ചാലുപോലെ കുത്തിയൊഴുകി അവൻ വേദനക്കൊണ്ട് നിലവിളിച്ചു . ആ ശബ്ദം ഒരു സത്വത്തിന്റെ മുരൾച്ചപ്പോലെ വീടൊന്നാകെ പ്രതിഫലിചു. മുറിവിന്റെ അസഹ്യമായ നീറ്റലും , ചോരയുടെ ഗന്ധവും അവന്റെ ഓർമകളെ കൊട്ടിയടച്ചു.

കണ്ണുകൾ പതിയെ തുറന്ന് അവൻ ചുറ്റും നോക്കി , താൻ വീട്ടിൽ തന്നെയാണെന്നു അപ്പോൾ പ്രകാശനു മനസ്സിലായി. അമ്മ അവന്റെ മുടിയിഴകളെ യാന്ത്രികമായി തലോടിക്കൊണ്ടിരിക്കുകയായിരുന്നു .  എത്ര ദിവസമായി ..? അവൻ ചോദിച്ചു . ഇടത്തേ നെഞ്ചിൽ ചെറിയൊരു വേദന അപ്പോഴുമുണ്ടായിരുന്നു . ഇന്നേക്ക് രണ്ടാം ദിവസം   അതുവരെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും അലക്ഷ്യമായി നടന്നുക്കൊണ്ടിരുന്ന അച്ഛൻ മകന്റെ അടുത്തു വന്ന് പറഞ്ഞു . പിന്നെ പ്രകാശൻ മനസ്സിൽ സംസാരിച്ചു . അരവിന്ദൻ മരിച്ചു, അരവിന്ദനെ കുറിച്ചോർത്തപ്പോൾ അവന്റെ ഹൃദയത്തിൽ തലേദിവസത്തെ മരവിപ്പ് അനുഭവപ്പെട്ടില്ല , മുറിപ്പെടുത്തിയില്ലായിരുന്നു വെങ്കിൽ തന്റെ മനസ്സ് കാലങ്ങളോളം മരവിച്ചു കിടക്കുമായിരുന്നെന്ന് പ്രകാശനപ്പോഴോർത്തു . അരവിന്ദനു രണ്ടു പെണ്മക്കളാണു അവർക്കു വേണ്ടിയെന്തെങ്കിലും ചെയ്യണം പ്രകാശൻ ചിന്തിച്ചു . മരിച്ചവരെ കുറിച്ചോർത്ത് ദുഖിച്ചിരുന്നിട്ട് കാര്യമില്ല . അവനുവേണ്ടി ഭൂമിയിൽ എന്തെങ്കിലും ചെയ്യാൻ കഴിയണം . അതുപക്ഷേ ചിതാഭസ്മം പുണ്യ നദിയിലൊഴുക്കലാവരുത് അച്ഛൻ മകനോട് ഉപദേഷിച്ചു . അതെ ഞാനെല്ലാം തീരുമാനിച്ചു . അവൻ പറഞ്ഞു . നല്ലത് , ഇനിയും നിനക്കു ഇങ്ങനെയുള്ള ദുഷിച്ച ബുദ്ധി തോന്നാതിരിക്കട്ടെ. എന്നു പറഞ്ഞ് അയാൾ അവന്റെ അരികിൽ നിന്നും എഴുന്നേറ്റു നടന്നു. കുറച്ചു നാളുകൾക്കു ശേഷം പ്രകാശൻ അരവിന്ദനില്ലാത്ത അരവിന്ദന്റെ വീട്ടിലേക്കുപോയി . എന്നിട്ട് അവന്റെ കുടുംബത്തോട് താൻ അവർക്കു മീതെ സംരക്ഷണത്തിന്റെ തണൽ വിരിക്കാൻ പോവുന്ന കാര്യം അവരെ അറിയിച്ചു . വിമലയുടെ കഷ്ട്പ്പടുക്കൊണ്ട് നിർവികാരമയ മുഖത്തുനിന്നും ആശ്വസത്തിന്റെ ഒരു ചെറുപുഞ്ചിരി വിടർന്നു . അവളിലപ്പഴും പഴയ സൌന്ദര്യം ഒളിമങ്ങാതെ അവശേഷിച്ചിരിക്കുന്നതയി അവൻ കണ്ടു. അരവിന്ദന്റെ കുഞ്ഞുങ്ങൾ ഓടിവന്ന് പ്രകാശന്റെ കവിളിൽ ഉമ്മവച്ചു . ആ കുഞ്ഞു ചുംബനത്തിന്റെ അനുഭൂതിയിൽ തന്റെ പക്വമായ തീരുമാനത്തിന്റെ വരും വരായ്കകളെക്കുറിച്ച് അവൻ ഒരിക്കലും ചിന്തിചില്ല.

വീണ്ടും ഒരിക്കൽ കൂടി പ്രകാശൻ തന്റെ ശരീരത്തെ മുറിപ്പെടുത്തി . അവനോട് അടുപ്പമുണ്ടയിരുന്ന ആർക്കും അവനെന്തിനാണു അതുചെയ്തതെന്ന് അറിയില്ലായിരുന്നു . അവനൊട്ട് അജ്ഞത നീക്കാനും പോയില്ല. എങ്കിലും അവരെല്ലാം വിചാരിച്ചു, സഹപ്രവർത്തകരിൽ നിന്നും കേൾക്കേണ്ടി വന്ന അശരീരിയാകാം അതിനു ഹേതുവെന്ന്. ഉച്ചഭക്ഷണം കഴിക്കുന്നതിനിടയിൽ സഹപ്രവർത്തകരിൽ ഒരുവൾ ഇങ്ങനെ തുടങ്ങിവച്ചു,, ഈയിടയ്ക്കു പ്രകാശന്റെ ഒരു സുഹ്രുത്ത് മരിച്ചില്ലേ.? അതേ അരവിന്ദൻ, വേറെ ഒരുവൻ പറഞ്ഞു. സ്നേഹിച്ച പെണ്ണിനെ ഗർഭിണിയാക്കിയിട്ട് പിന്നീട് കുറെ വർഷങ്ങൾക്കുശേഷം കല്യാണം കഴിച്ചുവെന്നു കേട്ടിട്ടുണ്ട് മറ്റൊരുവൾ അതിനു തുടർച്ചക്കൊടുത്തു. അപ്പൊൾ സംഭാഷണം തുടങ്ങിവെച്ചവൾ ഇങ്ങനെ പറഞ്ഞു; പക്ഷേ സംഗതിയതല്ല. ശരിക്കും ആ പെണ്ണിനെ പിഴപ്പിച്ചത് നമ്മുടെ പ്രകാശനാണു. പോടീ അവിടുന്ന് . ശരിക്കും അല്ലെങ്കിൽ പിന്നെയെന്തിനാണു ആ കുടുംബത്തെ ഇപ്പോൾ സഹായിക്കുന്നത്. അരവിന്ദൻ മരിക്കുന്നതിനു മുൻപും അവരിത്രയും കഷ്ടപ്പടിൽ തന്നെയല്ലെ ജീവിച്ചിരുന്നത്. അശരീരികൾ ഇങ്ങനെ നീണ്ടുപോവുന്നു. പക്ഷെ അതിനെയൊന്നും അവൻ മുഖവിലക്കെടുക്കതിരുന്നെന്നു മാത്രമല്ല വർദ്ധിച്ചുവനാ അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്തു.

വിവാഹം ഉറപ്പിച്ചു കഴിഞ്ഞ് ആറുമാസത്തിനിടക്കാണു ഈ രണ്ടു സംഭവങ്ങളും ഉണ്ടായത്. അതൊന്നും യാദൃശ്ചികമായി ഉണ്ടായ അപകടങ്ങളല്ലെന്നും അതൊക്കെ പ്രകാശൻ മനപ്പൂർവം ചെയ്തതാണെന്നും മറ്റൊരാൾ ഗായത്രിയുടെ അടുത്തുചെന്ന് പറയുന്നതു വരെ അവർക്കറിയില്ലയിരുന്നു. അതിനു മുമ്പ് ചെറിയൊരു അപകടം എന്നു മാത്രമാണു അവരെ അറിയിചിട്ടുണ്ടായിരുന്നത്.സത്യാവസ്ഥ അറിഞ്ഞതിനു ശേഷം ഗായതിയുടെ അച്ഛൻ പ്രകാശനെ കാണണമെന്നു പറഞ്ഞു വിളിച്ചു.

വിഷാലമായ പാടതിനു നടുവിലെ വാരമ്പിൽ നിന്നുക്കൊണ്ടു അവർ സംസാരിച്ചു . തളിർത്ത നെല്കതിരുകൾക്കു മീതെ മഴയുടെ വരവറിയിച്ചുക്കൊണ്ട് തുമ്പികൾ താഴ്ന്നു പറക്കുന്നുണ്ടായിരുന്നു , നിങ്ങളെന്തിനാണു സത്യം മറച്ചുപിടിക്കുന്നത് , വിവാഹം ഉറപ്പിച്ചു വച്ചതിനു ശേഷം മകളെ കെട്ടാൻപൊകുന്നവന്റെ ഭാഗത്തുനിന്നുണ്ടാവുന്ന നിസാരമയ സംഭവവികാസങ്ങൾ പ്പോലും അവളുടെ അച്ഛനെ ഭയപ്പെടുത്തുന്നതാണെന്ന് പ്രകാശനു മനസ്സിലാവാത്തതാണോ. ഈ വൈകിയ അവസരത്തിലെങ്കിലും അത് പറഞ്ഞുകൂടെ. അയാൾ അഭ്യര്‍ഥിച്ചു.  അതുവരെ സ്വീകരിച്ച മൌനത്തിനു ശേഷം പ്രകാശൻ, തന്റെ സുഹൃത്തിന്റെ വിയോഗവും മൂലം താൻ ശരീരത്തെ മുറിപ്പെടുത്തിയതും. അതിനു ശേഷം അവന്റെ കുടുംബത്തെ സംരക്ഷിക്കാൻ തീരുമാനിച്ച കാര്യവും അയാളെയറിയിച്ചു. ആ മനുഷ്യൻ തന്റെ വക്കുകളെ അവിശ്വസിക്കുന്നതായും , അന്യരുടെ കുറ്റം ചാർത്തലുകളിൽ അമിതമായി വിശ്വസികുന്നതായും അയാളുടെ തിളങ്ങുന്ന കണ്ണുകൾ കണ്ടപ്പോൾ പ്രകാശനു തോന്നി. എന്നാലയാൾ അതിനെ കുറിച്ച് കൂടുതൽ ചോദിക്കാതെ മുണ്ടിന്റെ അറ്റം ക്കൊണ്ട് കണ്ണട തുടച്ചശേഷം ചോദിച്ചു; പിന്നേയും ഒരിക്കൽ കൂടി താങ്കളാ ക്രൂരകൃത്യം എന്തിനാണു അവർത്തിച്ചത്. ഇല്ലാ, രണ്ടാമതൊരു തവണ ഞാനത് ചെയ്തിട്ടില്ല, അപ്രാവശ്യതേത് ചെറിയൊരു അപകടം മാത്രമായിരുന്നു. പ്രകാശൻ കള്ളം ആവർത്തിച്ചു. ചുണ്ടുകളിൽ നിറഞ്ഞ അപഹാസത്തോടെ അയാൾ ചോദിച്ചു; ഇതു ഞാൻ വിശ്വസിക്കുമെന്നാണോ നിങ്ങൾ കരുതുന്നത്.

ആ ചെറിയകാര്യം പറയുവനാവാതെ വിവഷണനായി അവൻ നിലത്തെ കല്ലിലിരുന്നു . ആ നിമിഷത്തെക്കുറിച്  പറയണോ വേണ്ടയോയെന്ന ചിന്ത പ്രകാശനു ചുറ്റും കറങ്ങിക്കൊണ്ടിരുന്നു . അപ്പോൾ പിന്നിൽ നിന്ന മനുഷ്യനാവട്ടെ അവനതിനു കൃത്യമായ മറുപടി പറയരുതെന്ന് മനസ്സാ ആഗ്രഹിച്ചു. എന്തെന്നാൽ അവൻ പറയാതെ ഉപേക്ഷിക്കുന്ന കാരണങ്ങളുടെ ചുവരിൽ വേണമായിരുന്നു  അയാൾക്കു തന്റെ സങ്കല്പ്പങ്ങളുടെ ആണി തറക്കാൻ. അയാൾക്ക് അതിനു സാധിച്ചു. പ്രകാശനു ആ നശിച്ച സന്ദർഭം പറയാൻ കഴിഞ്ഞില്ല . അതു പറയാൻ തുനിഞ്ഞെങ്കിലും പ്രിയപ്പെട്ടവർക്കു മുന്നിൽ താൻ വളരെ താഴ്ന്ന നിലയിലേക്ക് അധപതിക്കുമല്ലോയെന്ന തോന്നൽ  അവനെ അതു തുറന്നു പറയുന്നതിൽ നിന്ന് വിലക്കി.. അല്ലെങ്കിൽ പ്രസ്തുത ദിവസത്തെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം സഹോദരിമാരുടെ കണ്ണുകളോരോന്നും അവനെ കുത്തിനോവിച്ചു.

അവധി ദിവസമയ അന്ന്, അമ്മാവന്മാരുടെ മക്കളായ സ്മൃതിയും അനഘയും മേഘയും വീട്ടിലുണ്ടായിരുന്നു , പ്രകാശനെയും കൂട്ടി അവർ നാലുപേർ മാത്രമാണു അപ്പോഴാ വീട്ടിൽ ഉണ്ടായിരുന്നത്. ബാല്യത്തിലേ ഇണപിരിയാ ചങ്ങാതിമാരായിരുന്നു അവർ. സ്മൃതിയും പ്രകാശനേക്കാൾ മൂന്നു വയസിനും, മേഘ ഏഴു വയസിനും ഇളയതായിരുന്നു, അച്ഛനമ്മമാരിൽ നിന്നും വഴക്കു കേൾക്കാത്ത ഒരു ദിവസം പോലും അന്നവർക്കുണ്ടായിരുന്നില്ല. കളിച്ചും ചിരിച്ചും ഒന്നിച്ചുറങ്ങിയും അവരുടെ നിമിഷങ്ങൾ അവരറിയാതെ മുന്നോട്ടു നീങ്ങി . കൗമാര പ്രായതിലെതിയപ്പോൾ മുതിർന്നവർ അവർക്കു നല്കിയ വിലക്കുകളെ മറികടന്ന് അവർ ആരും കാണാതെ കാവിലും മേടുകളിലും മയില്പ്പീലി തുണ്ടുകൾ തേടി അലഞ്ഞു. അപ്പോഴെല്ലാം സ്നേഹവായ്പ്പിനപ്പുറം മറ്റൊരു വികാരവും അവരോടു തോന്നിയിരുന്നില്ല പക്ഷേ ഈ നിമിഷത്തിലോ .? ബാല്യത്തിലേ നിഷ്കളങ്കത വളരുമ്പോൾ നാം ചിലപ്പോഴെങ്കിലും എവിടേയോ വെച്ച് മറന്നുപൊകുന്നു. എല്ലാവരും അവരുടെതായ നിലയ്ക്കു തിരക്കിലായതുക്കൊണ്ട് വല്ലപ്പോഴും മാത്രമാണു ഇതുപ്പോലെ ഒത്തുകൂടാൻ കഴിഞ്ഞിരുന്നത്. സ്മൃതിയും, അനഘയും അപ്പോൾ അവരുടെതായ സ്വകാര്യങ്ങൾ സംസാരിക്കുകയായിരുന്നു. ശബ്ദം അവരുടെ പരിധിക്കുള്ളിൽ ഒതുങ്ങി നിന്നെങ്കിലും , ആ പരിധികൾ ഭേദിച്ച് ചില വാകുകളെങ്കിലും ഇടമുറിഞ്ഞ് പുറത്തേക്കു വന്നു. മേഘയാവട്ടെ പ്രകാശന്റെ മുടിയിഴകളിൽ വിരലോടിച്ചുക്കൊണ്ടിരിക്കകയായിരുന്നു. അവൾക്കു ദേവു അമ്മയിയുടെ  ശീലമാണു എപ്പോഴും ആരുടെയെങ്കിലും തലയിൽ വിരലോടിച്ചുക്കൊണ്ടിരിക്കണം. അനഘയുമായുള്ള സംഭാഷണം പാതി നിർത്തി കൈയിലുണ്ടായിരുന്ന പ്രകാശൻ ഇരുന്നിരുന്ന സോഫയ്ക്കു മുകളിലൂടെ ഷെല്‍ഫിലേക്കു നീട്ടിവെക്കുന്നതിനിടയിൽ സ്മൃതിയുടെ ശരീരം അയാളുടെ ശിരസ്സിനെ ചുംബിച്ചു, അതങ്ങനെയല്ലായിരുന്നുവെങ്കിലും പ്രകാശനു അങ്ങനൊരു തോന്നലാണുണ്ടായത്. അതുവരെ ഏതൊ വിജനതയിൽ അലയുകയായിരുന്ന അവന്റെ മനസ്സ് ആ നിമിഷം ഒരു പരുന്തിന്റെ വേഗതയിൽ താഴോട്ടു പറന്നു. അവൻ പണ്ടേ അങ്ങനെയായിരുന്നുവെന്ന് നിനക്കറിയാവുന്നതല്ലെ, എന്നിട്ടും പിന്നേയിമെന്തിനാ നീയവനെ വിശ്വസിച്ചത്. സ്മൃതി അനഘയോട് ചോദിച്ചു. അവർ പറഞ്ഞു നിർത്തിയ സംഭാഷണത്തിന്റെ  തുടർച്ചയായിരുന്നു അത്. അവൾ അടുത്തെത്തിയ മാത്രയിൽ അവളുടെ ശരീരത്തിൽ നിന്നും നുരഞ്ഞു പൊന്തിയ ഗന്ധകത്താൽ അവളെ കെട്ടിപ്പിടിച്ച് അവളുടെ നെറ്റിയിലും മാറിലും കവിളിലും തുരുതുരാ ചുംബിക്കണമെന്ന മോഹം പ്രകാശന്റെയുള്ളിൽ പടർന്നുകയറി.

സ്മൃതിയായിരുന്നു കൂട്ടത്തിൽ കൂടുതൽ സുന്ദരി. ചുവന്നു തുടുത്ത ചുണ്ടുകളും , വടിവൊത്ത ശരീരവുമായിരുന്നു അവളുടേത്. അവളുടെ തുടഭാഗങ്ങൾ മൃദുവായവയായിരുന്നു, കുളത്തിനു നടുവിൽ ഒറ്റയ്ക്കു വിരിയാറായി നില്ക്കുന്ന താമരമൊട്ടിനെയാണു അവളുടെ പൊക്കിൾ ഓർമിപ്പിച്ചത്. അവളുടെ കണ്ണുകൾ വശ്യമനോഹരങ്ങളായിരുന്നു, കപ്പലിന്റെ നങ്കൂരംപോലെ അവ കരയെ തന്നിലേക്കു അടുപ്പിച്ചു.

സ്മൃതിയുടെ കരങ്ങളെ ബലമായി പിടിച്ചുവലിച്ച് അവളെ തന്റെ കാമകേളിക്കു പാത്രമാക്കണമെന്ന മോഹം അവന്റെ അടിവയറ്റിൽ സുഖകരമായ എരിച്ചുലുണ്ടാക്കി . അത്തരം നീചമായ ചിന്താധാരയിലേക്കു  മനസ്സ് ഇടറിവീഴുന്നതോർത്ത് പ്രകാശനു കുറ്റബോധം തോന്നിയെങ്കിലും അവ തിരമാലകൾപ്പോലെ വീണ്ടും വീണ്ടുമിരച്ചു കയറി, കാരണം ലൈംകികാതുരമായ ചിന്തകൾ കുറഞ്ഞ അളവിലെങ്കിലും സുഖം പ്രദാനം ചെയ്യുന്നവയാണു. അങ്ങനെ അവൻ കുറ്റബോധത്തിനും സുഖാനുഭൂതികൾക്കുമിടയിൽ പെട്ട് പിടഞ്ഞു. ആ ദ്വവേട്ടക്കാരിൽ നിന്നും രക്ഷനേടാനായി അവൻ മേഘയുടെ വിരലുകൾക്കിടയിൽ നിന്നും അകന്ന് വളരേ വേഗമകത്തേക്കു പോയി. അവന്റാ പോക്കിലേ താളക്ക്രമം കണ്ട് സ്മൃതിയും അനഘയും പ്രകാശേട്ടനു ഇതെന്തുപറ്റിയെന്ന ഭാവത്തിൽ ചുമല്കുലുക്കി മേഘയോട് ചോദിച്ചു . അവൾ പക്ഷെ നിസംഗമായി അവരെ നോക്കിയതേയുള്ളൂ. അയാളുടെ ഉള്ളിലേ വേലിയേറ്റം അവൾക്കു അജ്ഞാതമായിരുന്നു. പ്രകാശൻ അവന്റെ കിടപ്പറയിൽ കയറി അന്ന് മുറിപ്പെടുത്താൻ ഉപയോഗിച്ച അതേ കത്രികയ്ക്കുവേണ്ടി വീണ്ടും പരതി . അന്ന് അച്ഛ്നുകൊടുത്ത ഉറപ്പ് അവന്റെ ചിന്തയുടെ ഏഴയലത്തുപ്പോലുമുണ്ടായിരുന്നില്ല, കാരണം തന്റെ മനസ്സിനെ മറ്റേതെങ്കിലും വ്യവസ്ഥിതിയിലേക്ക് മാറ്റിയില്ലെങ്കിൽ സ്മൃതിയുടെ ശരീരത്തെ താൻ ബലാല്ക്കാരത്തിനിരയാക്കുമെന്ന പേടി അവനെയലട്ടുകയയിരുന്നു. ആദ്യ സംഭവത്തിനു ശേഷം തന്റെ മുറിയിൽ ഒരുതുണ്ടു ബ്ലേഡ്പോലും സൂക്ഷിച്ചിരുന്നില്ലായെന്നു പിന്നീടാൺ പ്രകാശൻ ഓർത്തത്. അവനുടൻ അടുക്കളയിൽ നിന്നും കറിക്കത്തിയെടുത്ത് തിരികെ കിടക്കയിൽ  വന്നിരുന്നു. എന്നിട്ടതുക്കൊണ്ട് തുടയിൽ കുത്താൻ ആഞ്ഞപ്പോൾ അവന്റെ കൈവിറച്ചു, അതിനോടൊപ്പം തന്‍റെ ഇടതുകൈ ചേർത്തുപിടിച്ച് തിളങ്ങുന്ന കത്തി പ്രകാശൻ തുടയിലേക്കു കുത്തിയിറക്കി. അപ്പോൾ അവന്റെ സിരകളിൽ നിന്നും രക്ത സ്വതന്ത്രം പ്രഖ്യാപിച്ച് പുറത്തേക്കു കുതിച്ചു ചാടി . അവന്റെ നിലവിളി, വേദന കടിച്ചമർത്താനുള്ള ശ്രമത്തെ പരാജയപ്പെടുത്തിക്കൊണ്ട് അവിടെമാകെ അലയടിച്ചു. അസാധാരണമായ ശബ്ദത്തിന്റെ മുഴക്കം കേട്ട് മുന്നു സുന്ദരികളും താളം തെറ്റിയ ഹൃദയമിടിപ്പോടെ അനാവശ്യ ചിന്തകളെ പടിവതില്ക്കലുപേക്ഷിച്ച് പ്രകാശന്റെടുത്തേക്ക് ഓടിവന്നു. അപ്പോഴവിടമാകെ പരന്നുകഴിഞ്ഞ രക്തം കണ്ട്  മേഘയും അനഘയും വാതില്ക്കൽ പകച്ചുനിന്നു. സ്മൃതിയാവട്ടെ അവളുടെ ഷാളുക്കീറി അവന്റെ തുടയിൽ കെട്ടിക്കൊടുത്തു. അപ്പോഴവളുടെ ചുണ്ടുകൾ വിലപിക്കുകയും  കണ്ണുകൾ നിറഞ്ഞൊഴുകുന്നുമുണ്ടായിരുന്നു.

പ്രകാശൻ വീട്ടിലേക്കെത്തുമ്പോഴേക്കും അന്തരീക്ഷത്തിൽ നിന്നും സൂര്യൻ പൂർണമായും മറഞ്ഞു കഴിഞ്ഞിരുന്നു, എങ്കിലും മൃദുവായ വെളിച്ചം വിടപറയാനായി കാത്തുകിടന്നു. അയാളുടനെ മുറിക്കകത്തു കയറി കതക് ശക്തിയായടച്ചു, വതിലിന്റെ പ്രകമ്പനം കേട്ട് പരിഭ്രാന്തരായ അച്ഛനുമമ്മയും വാതില്ക്കൽ മുട്ടിവിളിച്ചുക്കൊണ്ടിരുന്നു, പക്ഷെ അകത്തുനിന്നും അവന്റേതായ നേർത്ത ശബ്ദം പോലും പുറത്തേക്കു കേൾക്കനുണ്ടായിരുന്നില്ല.  തീർച്ചയായുമിപ്പോൾ അവന്റെ  കരങ്ങളിൽ നിന്നും ചോര ഉറ്റിവീഴുന്നുണ്ടാവും . അവൻ സൃഷ്ടിച്ച മുറിവിന്റെ നീറ്റൽ കുറച്ചെങ്കിലും ശമിക്കുമ്പോൾ സ്വയം പറയും താനെല്ലാം ഗായത്രിയോട് പറയേണ്ടതായിരുന്നു. മറ്റുള്ളവരുടെ ഉള്ളുകള്ളങ്ങൾ തന്നെപ്പോലെ അവൾക്കും മനസ്സിലാവത്തതായിരിക്കില്ലേ...

കള


ആദ്യത്തെ അടി വീണത് ജനനേന്ദ്രിയത്തിന്മേലാണ്. എന്‍റെ കൈകാലുകള്‍ അവര്‍ ബന്ധിച്ചിരുന്നു. വായില്‍ തുണി തിരുകിക്കയറ്റിയിരുന്നതിനാല്‍ ഒന്നലറി വിളിക്കാന്‍ പോലും എനിക്കാവുന്നില്ല. ഒരു തേരട്ടയെ പോലെ ഞാന്‍ ചുരുണ്ടു, വേദന കൊണ്ടു മണ്ണില്‍ കിടന്നുരുണ്ടു, 

പുലരാന്‍ നേരമിനിയും ബാക്കിയുണ്ട്. തുടര്‍ച്ചയായി ആരോ വാതിലില്‍ ശക്തിയായി ഇടിക്കുന്നത് കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. ഒറ്റമുറി മാത്രമുള്ള വീടിന്‍റെ ഒരു മൂലയില്‍ ബോധം കളഞ്ഞ മദ്യത്തില്‍ അച്ഛന്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു. മറ്റൊരു മൂലയില്‍ പഴയ സാരികള്‍ കൊണ്ട് തീര്‍ത്ത ചെറിയ മറക്കുള്ളില്‍ അമ്മ പ്രായത്തിനു മുന്‍പേ പിടികൂടിയ വാര്‍ദ്ധക്യത്തില്‍ നിദ്രയിലും ചുമക്കുന്നു.

സാരികള്‍ കൊണ്ട് തീര്‍ത്ത നാമമാത്രമായ അമ്മയുടെ ആ സ്വകാര്യതക്ക് ബാല്യത്തിലെ എന്‍റെ ഓര്‍മ്മകളോളം പഴക്കം ഉണ്ട്.
അങ്ങോട്ട്‌ നോക്കരുത്. ചെറുപ്പം മുതല്‍ കേട്ടു പഠിച്ച ശാസനയില്‍ നിഴല്‍വീഴുന്ന ആ സാരിമറക്കപ്പുറം വെളിച്ചം കടന്നു ചെല്ലാത്ത ഇരുട്ടുണ്ടായിരുന്നു. കണ്ണുകള്‍ അടച്ച് സ്വയം തീര്‍ക്കുന്ന ആ ഇരുട്ടില്‍ നിന്നും ഇടക്കിടക്ക് ഉയര്‍ന്നുവരുന്ന ശീല്‍ക്കാരശബ്ദങ്ങള്‍ ഒരിക്കലും എന്‍റെ ഉറക്കത്തിനു തടസ്സമായിരുന്നില്ല. എന്നാല്‍ ചിലപ്പോഴെല്ലാം ഉച്ചത്തിലുള്ള അമ്മയുടെ അസഭ്യവര്‍ഷങ്ങള്‍ കേട്ട് നിദ്രയില്‍ നിന്നും ഞാന്‍ കണ്ണുതുറക്കുമ്പോള്‍ മുറ്റത്ത് കടം പറഞ്ഞ് രക്ഷപ്പെടാന്‍ തുനിയുന്ന അപരിചിതന്‍റെ മുണ്ടിന്‍കുത്തില്‍ അമ്മ മുറുക്കെ പിടിച്ചു നില്‍ക്കുകകയാകും. പെയ്തൊഴിഞ്ഞ മഴപോലെ എല്ലാം ശാന്തമായി അമ്മ അഴിഞ്ഞ മുടിച്ചുരുളുകള്‍ ചേര്‍ത്ത് കെട്ടുമ്പോള്‍ മറ്റൊരു മൂലയില്‍ ഉറക്കംനടിച്ചു കിടന്നിരുന്ന അച്ഛന്‍ മെല്ലെ കണ്ണുതുറക്കുകയായി. പിന്നെ മുഴങ്ങി കേള്‍ക്കുക അച്ഛന്‍റെ ഉറച്ച ശബ്ദമാണ്. അല്പം മുന്‍പ് അജ്ഞാതനില്‍ നിന്നും പിടിച്ച വാങ്ങിയ പണം അമ്മയുടെ മാറിന്‍വിടവില്‍ നിന്നും പുറത്തെടുക്കുവാന്‍ അച്ഛന്‍ പിടിവലികൂടുകയാണ്. ഇരുവരുടേയും വാഗ്വാദങ്ങള്‍ പലപ്പോഴും നേരം പുലരുവോളം നീളുമ്പോള്‍ നിദ്രനഷ്ടമായ എന്‍റെ ഒരു ദിനത്തിന് അവിടെ തിരശീല വീഴുകയായി.

ഞാന്‍ വാതില്‍ തുറന്നു.
കണക്കുകൂട്ടലുകള്‍ എല്ലാം പിഴച്ചിരിക്കുന്നു. മുറ്റത്ത് പത്തോളം വരുന്ന യുവാക്കള്‍ 
“ഓടി രക്ഷപ്പെടാമെന്ന് കരുതേണ്ട. നിന്നെയും കൊണ്ടേ ഞങ്ങള്‍ പോകൂ.”
ഒരാള്‍ എന്‍റെ കഴുത്തില്‍ പിടിച്ച് പുറത്തേക്ക് വലിച്ചിട്ടു. കുതറി ഓടാന്‍ ശ്രമിക്കും മുന്‍പേ രണ്ടുപേര്‍ ചേര്‍ന്നു എന്‍റെ കൈകള്‍ കയര്‍കൊണ്ട്‌ പുറകില്‍ ബന്ധിച്ചു. വായില്‍ തുണി തിരുകികയറ്റി. കറുത്തമുണ്ടുകൊണ്ട് അവര്‍ എന്‍റെ കണ്ണുകളെ മൂടുംമുന്‍പേ എന്നെയും കൊണ്ടുപോകാന്‍ അങ്ങകലെ കാത്തുനില്‍ക്കുന്ന ഏതോ ഒരു വാഹനത്തിന്‍റെ ചുവന്ന വെളിച്ചം അവസാനമായി എന്‍റെ കണ്ണുകളില്‍ പതിഞ്ഞു.
“നടക്കടാ നായിന്‍റെ മോനെ..” മുതുകത്തു ആരോ ഒരാള്‍ എന്നെ ആഞ്ഞു ചവിട്ടി. മണ്ണില്‍ ഞാന്‍ മൂക്കുകുത്തി വീണു. രണ്ടുപേര്‍ കൈകാലുകളില്‍ എന്നെ പൊക്കിയെടുത്ത് ആ വാഹനത്തിന്‍റെ ഉള്ളിലേക്ക് വലിച്ചെറിഞ്ഞു.

അച്ഛന്‍റെയും അമ്മയുടേയും വലിയൊരു തെറ്റില്‍ നിന്നാണ് എന്‍റെ ജനനം തന്നെ. പക്ഷെ ഒരിക്കല്‍ പോലും അവര്‍ അവരുടെ തെറ്റ് തിരിച്ചറിയുകയുണ്ടായിട്ടില്ല. ഈ ചേരിയിലെ തെരുവ് ബാല്യങ്ങള്‍ക്കൊപ്പം അവരിലൊരുവനായ് ഞാന്‍ വളര്‍ന്നു. അടുപ്പില്‍ തീ പുകഞ്ഞില്ലെങ്കിലും അകത്ത് സുഖമായി ഉറങ്ങാന്‍ കഴിയുന്ന അച്ഛനേയും അമ്മയേയും കണ്ടാണ്‌ ജീവിതത്തിന്‍റെ ബാലപാഠങ്ങള്‍ ഞാന്‍ പഠിച്ചെടുത്തത്.. വിദ്യാഭ്യാസത്തെക്കാള്‍ വലുതാണ്‌ വിശപ്പ് തിരിച്ചറിഞ്ഞപ്പോള്‍ കാലുറച്ച കൌമാരം കല്ലില്‍ ചവിട്ടാന്‍ തുടങ്ങി. വിശപ്പ്‌ മാറ്റാന്‍ അദ്വാനിക്കേണ്ടതില്ല എന്ന് കണ്ടെത്തിയപ്പോള്‍ മനസ്സുറച്ച യുവത്വം മുള്ളിലും ചവിട്ടിവളര്‍ന്നു. 

എനിക്ക് വേണ്ടതെല്ലാം നിങ്ങളുടെ കൈകളിലുണ്ട്. അത് നിങ്ങളുടെ പോക്കറ്റില്‍ കിടക്കുന്ന പണം ആയാലും, കഴുത്തില്‍ കിടക്കുന്ന ആഭരണം ആയാലും വഴിയില്‍ നിര്‍ത്തിയിട്ട വാഹനം ആയാലും ശരി, നിങ്ങളുടെ അശ്രദ്ധയില്‍ നിന്നും അത് എന്റെതാക്കാനുള്ള വൈദഗ്ദ്യം വര്‍ഷങ്ങളുടെ പരിചയത്തിലൂടെ ഞാന്‍ നേടിയെടുത്തിരിക്കുന്നു.. ഒരിക്കല്‍ പോലും നഷ്ടപ്പെട്ടവന്റെ കണ്ണീരോ മുറിവേറ്റവന്റെ വേദനയോ എന്റെ മനസ്സില്‍ ഇടം പിടിച്ചിട്ടില്ല. അത്തരം കാഴ്ചകള്ക്ക് മുന്നില്‍ പൊട്ടിച്ചിരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥ നല്‍കിയത് സിരകളില്‍ കുത്തിയിറക്കുന്ന ലഹരിമരുന്നിന്റെെ ഊര്‍ജ്ജമാകാം, പിറവിയിലെ വൈകൃതവും ആകാം. ......
എവിടെയാണ് എനിക്ക് പിഴച്ചത്?
ലഹരിയുടെ അര്‍ദ്ധബോധത്തില്‍ സിരകളില്‍ പടര്‍ന്ന കാമാഗ്നിയില്‍ ഒരു ഇളംമാംസം പിച്ചിച്ചീന്തിയപ്പോള്‍ അജ്ഞാതന്റെ മൊബൈല്‍ കാമറകണ്ണുകള്‍ അത് ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. കണ്ണുതുറന്നു നോക്കുമ്പോള്‍ കടത്തിണ്ണയില്‍ ഒപ്പം കിടന്നുറങ്ങിയിരുന്ന മകളെ കാണാതെ ഇപ്പോള്‍ ഒരമ്മ അലമുറയിടുന്നുണ്ടാകും. കനോലി കനാലിന്റെ ആഴങ്ങള്‍ക്കടിയില്‍ നിന്നും ഒരു കാലത്തും ആ ഒരു ചാക്കുകെട്ട് ഉയര്‍ന്നുവരികയില്ല എന്നെനിക്കുറപ്പുണ്ടായിരുന്നു.. എല്ലാം പിഴച്ചു...
ഓടയിലെ വിസര്‍ജ്ജ്യങ്ങള്‍ ഒഴുകുന്ന അഴുക്കുവെള്ളത്തില്‍ ഇവര്‍ എന്റെ തല മുക്കിപ്പിടിച്ചിരിക്കുകയാണ്. ദുഗന്ധം വമിക്കുന്ന മലിനജലം വായിലും മൂക്കിലും നിറയുന്നു. ഏതു നിമിഷവും എന്റെ ശ്വാസം നിലക്കാം. അവസാന തുടിപ്പില്‍ പ്രാണന്‍ വിട്ടുപോകും മുന്‍പേ ശബ്ദമില്ലാത്ത വാക്കുകള്‍കൊണ്ട് ഞാന്‍ ആ സത്യം ഇവിടെ പറഞ്ഞു നിര്‍ത്തട്ടെ.

“ഒരു കളയേയും നിങ്ങള്‍ക്ക് വേരോടെ പിഴുതെടുക്കാനാകില്ല. ജീവന്‍ തുടിക്കുന്ന വേരിന്‍റെ അംശങ്ങള്‍ ഈ മണ്ണില്‍ അവശേഷിക്കും കാലം വരെ ഇവിടെ എനിക്ക് മരണമില്ല.”

Search This Blog