" ഈ സമയത്ത് മനസ്സിന് സ്വസ്ഥത ആണാവശ്യം...... സമാധാനവും..." ഇതായിരുന്നു ഡോക്ടർ നൽകിയ നിർദ്ദേശം. വീട്ടിലോട്ടു തിരികെ കൊണ്ടുചെന്നാലുള്ള അവസ്ഥ ഓർത്താൽ ?
ഈയിടെയായി ഉറങ്ങാൻ കിടന്നാൽ ' ഉറക്കം വരുന്നില്ല ' എന്നു പറഞ്ഞ് അമ്മ എഴുന്നേറ്റ് മുറിക്കുള്ളിലൂടെ നടക്കുന്നു..... അടുക്കളയിൽ കയറിയാൽ കറിയുടെ ചേരുവകൾ ഒക്കെയും മറന്നുപോയി... നാമം ചൊല്ലാനിരുന്നാൽ മനസ്സിന് ഏകാഗ്രത കിട്ടുന്നില്ല.... എന്നു പറയുന്നു.... ഇങ്ങനെ അമ്മയുടെ അസ്വസ്ഥതകൾ ഏറി വന്നപ്പോഴാണ് ഏട്ടൻ ഇങ്ങനെയൊരു തീരുമാനമെടുത്തത് "ഇപ്പോൾ സ്വസ്ഥതയാണമ്മക്കാവശ്യം..... അതിനീ ഒറ്റമാർഗ്ഗമേയുള്ളൂ ....... കുറച്ചുദിവസം ഇവിടെ തങ്ങുക..." ഇതു പറയുമ്പോൾ ഏട്ടന്റെ സ്വരത്തിൽ ദുഃഖം കലർന്നിരുന്നു.
ഡോക്ടർ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം അമ്മക്കൊറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ " എനിക്കു വേഗം വീട്ടിൽ പോവണം "
ഏട്ടൻ പോയിക്കഴിഞ്ഞതും അമ്മ വാശിപിടിച്ചുകൊണ്ടിരുന്നു " വേഗം വീട്ടിൽ പോവാം നമുക്ക്.." സാന്ത്വനവാക്കുകൾ എത്രപറഞ്ഞിട്ടും 'അമ്മ വാശിപിടിച്ചപ്പോൾ ക്ഷമനശിച്ചു ചേച്ചി ചോദിച്ചു " സ്വസ്ഥമായിരുന്നാൽ ഇവിടെ വന്നുകിടക്കേണ്ട ആവശ്യമുണ്ടായിരുന്നോ...?" അപ്പോൾ 'അമ്മ ശാന്തമായി ഞങ്ങളുടെ മിഴികളിൽ മാറിമാറിനോക്കിക്കിടന്നു .
സിസ്റ്റർ വന്നു അമ്മക്കൊരു ഗുളിക വിഴുങ്ങാനായി കൊടുത്തപ്പോൾ 'അമ്മ അതുകഴിക്കാൻ വിസമ്മതിച്ചു കൊണ്ട് അവരോടു പറഞ്ഞു " എനിക്കൊരു അസുഖവുമില്ല . പിന്നെന്തിനാ ഈ മരുന്നൊക്കെ തരുന്നത് "
" അതോ.... അമ്മയൊന്നു സ്വസ്ഥമായുറങ്ങി ഉണരുമ്പോഴേക്കും അമ്മയുടെ അസുഖമെല്ലാം പമ്പകടക്കും..." അവർ ചിരിച്ചുകൊണ്ട് മറുപടി നൽകി.
" അപ്പോൾ എനിക്കസുഖമുണ്ടല്ലേ..?" 'അമ്മ വീണ്ടും ചോദ്യം ചോദിച്ചു അവരെ കുഴക്കി.
സിസ്റ്റർ അമ്മയോടു പറഞ്ഞു " 'അമ്മ സമാധാനമായി കിടക്കൂ... മറ്റൊന്നും ചിന്തിച്ചു മനസ്സു വിഷമിപ്പിക്കാതെ സ്വസ്ഥതയോടെ... സമാധാനത്തോടെ കിടക്കൂ.... ഞങ്ങളൊക്കെയില്ലേ ഇപ്പോൾ അമ്മയുടെ അരികിൽ......"
'അമ്മ അവരുടെ കൈകളിൽപിടിച്ചുകൊണ്ട് ചോദിച്ചു " നിന്റെ പേരെന്താ കുഞ്ഞേ...?"
" നിർമ്മല" സിസ്റ്റർ പറഞ്ഞു.
'അമ്മ തലയാട്ടിക്കൊണ്ട് പറഞ്ഞു " നല്ല പേര് "
" ഉവ്വോ " അവർ ചിരിച്ചുകൊണ്ട് അമ്മയുടെ തലയിൽ തടവിയിട്ടു പുറത്തേക്കു പോയി.
'അമ്മ ചുറ്റും കണ്ണോടിച്ചുകൊണ്ട് ഞങ്ങളോട് ചോദിച്ചു " ഇവരൊക്കെ ആരാ?... ഇവർക്കൊക്കെ എന്താണസുഖം... ചുറ്റും മൂന്നാലു ബെഡ്ഡുകൾ. അതിലെല്ലാം അസ്വസ്ഥത നിറഞ്ഞ മനസ്സുമായി വന്നവർ ആയിരുന്നു. 'അമ്മ ഇതു ചോദിച്ചു തീർന്നതും എന്തോ പൊട്ടിച്ചിതറുന്ന ശബ്ദം..... ഒപ്പം ഉച്ചത്തിലുള്ള സംസാരം " എനിക്കിതു വേണ്ടാ..." അങ്ങേയറ്റത്തെ ബെഡ്ഡിൽ നിന്നാണ്. ഏതാണ്ട് തന്റെ അതേപ്രായം തോന്നിക്കുന്ന പെൺകുട്ടി ചായക്കപ്പ് ഭിത്തിയിലേക്കു വലിച്ചെറിഞ്ഞ് അച്ഛനോട് ദേഷ്യപ്പെട്ടു " എനിക്കു ചായ വേണ്ടാ അച്ഛാ..... എനിക്കിതു വേണ്ടാ.... എന്നു പറഞ്ഞതല്ലേ..." അച്ഛൻ മകളെ സമാധാനിപ്പിക്കുന്നു. അവളുടെ അമ്മയാവാം ചായ തുടച്ചുമാറ്റി പൊട്ടിച്ചിതറിയ ചായക്കപ്പിന്റെ അവശിഷ്ടങ്ങൾ പെറുക്കുന്നു. 'അമ്മ ചോദിച്ചു " ആ കുട്ടിക്കെന്തു പറ്റിയതാ ...?"
ചേച്ചി ഒച്ച താഴ്ത്തിപ്പറഞ്ഞു " വേഗം ഒരു റൂം ഒഴിവായിക്കിട്ടിയിരുന്നെങ്കിൽ...... വാർഡിൽ ഇങ്ങനെ ചില പ്രശ്നങ്ങൾ ഉണ്ട്.."
അല്പം കഞ്ഞി നിർബന്ധിച്ച് അമ്മയെ കഴിപ്പിച്ച് തങ്ങൾ രണ്ടും ഇത്തിരി കഴിച്ചെന്നു വരുത്തി കൈകഴുകി. 'അമ്മ മെല്ലെ ഉറക്കത്തിലേക്കു വഴുതിവീണു. തനിക്കോ, ചേച്ചിക്കോ ഉറങ്ങാനായില്ല. ചുറ്റും ഉള്ളവർ.... ..... അവരെ പരിചരിക്കാൻ കൂടെനിൽക്കുന്നവർ....... കൂട്ടിരിപ്പുകാർ..... എല്ലാവരും തുല്യദുഃഖിതർ....
ഉറ്റവരോ ..... ബന്ധുക്കളോ ആവാം....... ആരും ആരോടും കൂടുതൽ വിശേഷങ്ങൾ ആരായുന്നില്ല. തൊട്ടടുത്ത ബെഡ്ഡിലെ രോഗിയെ ശ്രദ്ധിക്കാതിരിക്കാനാവുന്നില്ല. സുന്ദരിയായ യുവതി..... എല്ലാവരോടും അവർ കുശലം ചോദിച്ചു നടക്കുന്നു... തൊട്ടുപുറകെ അവരുടെ കൂട്ടിരിപ്പുകാരി കാവലാൾ എന്നപോലെ അവർക്കു പുറകേ നടന്നു. .ചോദിച്ചചോദ്യങ്ങളൊക്കെയും അവർ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു. കൂട്ടിരിപ്പുകാരിയായ ആസ്ത്രീ ചേച്ചിയോട് കുശലം പറയാൻ സന്മനസ്സു കാട്ടി " ന്റെ നാത്തൂൻ കുട്ടിയാ.... കുറച്ചീസായി ഒരെടങ്ങേറീ കുട്ടീടെ പെരുമാറ്റത്തീ..... ഒറക്കം തീരെയില്ല.... "
ചേച്ചി അടക്കം ചോദിച്ചു " എന്തു പറ്റിയതാ?"
അവരു പറഞ്ഞു " എന്തു പറയാനാ... ഭർത്താവ് മറ്റൊരു സ്ത്രീയുമായി ലോഹ്യം.... അതറിഞ്ഞപ്പോൾ തുടങ്ങീതാ ഇങ്ങനൊരു മാറ്റം.. കല്യാണം കഴിഞ്ഞിട്ട് ആറുമാസേ ആയുള്ളൂ.... അവളുടെ തലേവര "
വാർഡ് ഏറെക്കുറെ നിശബ്ദമാവാൻ തുടങ്ങിയിരുന്നു. നാത്തൂൻസ്ത്രീ എന്തൊക്കെയോ ആശ്വാസവാക്കുകൾ അടക്കത്തിൽ പറഞ്ഞ് ആ യുവതിയെ നിർബന്ധിച്ചുപിടിച്ചു കട്ടിലിൽ കിടത്തുന്നു. . താനും, ചേച്ചിയും അമ്മയുടെ കാൽക്കീഴിൽ ചുരുണ്ടുകൂടിക്കിടന്ന് ചെറുതായി ഒന്നു മയങ്ങി.
നേരം വെളുത്തതും 'അമ്മ ഉണർന്ന് വീട്ടിൽ പോവാൻ നിർബന്ധം തുടങ്ങി. ഏട്ടനെത്തി ഡോക്ടറെ കണ്ടിട്ടുവന്നു പറഞ്ഞു " ഇന്നുകൂടെ നമ്മളൊന്നു ക്ഷമിക്കണം .... നാളെ റൂം തരാമെന്നു ഡോക്ടർ പറഞ്ഞിട്ടുണ്ട് ". 'അമ്മ ഏട്ടനോട് സങ്കടം പറഞ്ഞു " മോനേ.. നമുക്കു വേഗം വീട്ടിൽ പോവാം..." ഏട്ടൻ സ്നേഹരൂപേണ ശാസിച്ചു " പറയുന്നത് കേട്ട് 'അമ്മ രണ്ടുദിവസം ഇവിടെ തങ്ങൂ......" നാളെ രാവിലെ എത്താം എന്നുപറഞ്ഞ് ഏട്ടൻ പോയി.
അമ്മയ്ക്കു മരുന്നു കൊടുക്കാനായി നിർമ്മലസിസ്റ്റർ വന്നപ്പോൾ ചേച്ചിയോടായി പറഞ്ഞു " നേരേകാണുന്ന അങ്ങേയറ്റത്തെ റൂമാണ്.... നിങ്ങൾക്കു കിട്ടുന്നത്... നാളെ അവർ ഡിസ്ചാർജായി പോവും" . " ഹാവൂ ആശ്വാസമായി...." ചേച്ചി പറഞ്ഞു.
ചുറ്റും ഓരോ തരത്തിൽ അസ്വസ്ഥമായ മനസ്സുമായി എത്തിയവർ.... അവരുടെ ബന്ധുക്കളുടെ പെടാപ്പാടുകൾ..... നേഴ്സുമാർ .... അറ്റൻഡർമാർ...... ഡോക്ടർമാർ....... എല്ലാവരെയും നോക്കിയും.... കണ്ടും... ആ പകൽദിനം കഴിച്ചുകൂട്ടുമ്പോഴൊക്കെയും സിസ്റ്റർ കാട്ടിത്തന്ന
ഞങ്ങൾക്കൊഴിഞ്ഞുകിട്ടിയേക്കാവുന്ന ആ റൂമിലേക്കായിരുന്നു ശ്രദ്ധ മുഴുവൻ.
രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ ഇടവേളയിലാണെന്നു തോന്നുന്നു ആ റൂമിൽ നിന്ന് അമ്മയും , മകളും എന്നു തോന്നിക്കുന്ന രണ്ടുപേർ പുറത്തേക്കിറങ്ങിവന്നു.... 'അമ്മ പ്രൗഢയായ ഒരു സ്ത്രീ.... ആ പെൺകുട്ടിയും ഏതാണ്ട് തന്റെ തന്നെ പ്രായം തോന്നിച്ചു. അവർ വെളിയിലേക്കിറങ്ങി റൂമിന്റെ വാതിൽചാരി തിരിഞ്ഞുവരുമ്പോഴേക്കും മകൾ സ്പീഡിൽ ഇടനാഴിയിലൂടെ നടന്നു മുന്നോട്ടു വരികയായിരുന്നു. അവർ ഓടിവന്ന് അവളുടെ തോളിൽ പിടിച്ചു. നടപ്പിൽ അവൾ അല്പം വേച്ചുപോവുംപോലെ..... അവളാരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ആ'അമ്മ നടന്നടുത്തു വരുമ്പോൾ അവരെത്തന്നെ ശ്രദ്ധിച്ചുനിന്ന എന്നെയും, ചേച്ചിയെയും ഒന്നു നോക്കി അവർ മുന്നോട്ടു നടന്നു. ആ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കിയിട്ട് അവളുടെ കണ്ണുകളിൽ ഉറക്കത്തിന്റെ ആലസ്യത..
അന്നു പകലത്രയും 'അമ്മ തളർന്നുറക്കമായിരുന്നു. മനസ്സിന്റെ അസ്വസ്ഥതകൾ മാറ്റാനായി അവർ കൊടുക്കുന്ന മരുന്നിന്റെ ഡോസുകൊണ്ട് 'അമ്മ സുഖമായുറങ്ങി. ചായക്കപ്പ് വലിച്ചെറിഞ്ഞ ആ പെൺകുട്ടി അന്നു ശാന്തമായിക്കിടന്ന് ഏതോ പുസ്തകം വായിക്കുന്നു. അവളുടെ 'അമ്മ അവളുടെ കാലുകൾ തടവിക്കൊണ്ട് ജനാലയിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്നു. തങ്ങളുടെ തൊട്ടടുത്ത ബെഡ്ഡിലെ സുന്ദരിയായ യുവതി എല്ലാവരോടും ചിരിച്ചും, വർത്തമാനം പറഞ്ഞും നടക്കുന്നു. കൂട്ടിരിപ്പുകാരി സ്ത്രീ നിഴൽപോലെ അവർക്കു പുറകെ.... ഇടക്കവർ യുവതിയെ നിർബന്ധിച്ചുകൊണ്ടുവന്നു കട്ടിലിൽക്കിടത്തി. ഞങ്ങളുടെ അരികിലേക്ക് അവർ കുശലം പറയാൻ വന്നു 'അമ്മ നല്ലോണം ഒറങ്ങിയോ... രാത്രീല്...." അവർ ചോദിച്ചു.
ചേച്ചി പറഞ്ഞു " ഓ ഉറക്കം തന്നെ ഉറക്കം... "
" അപ്പൻ രാവിലെ എത്തിക്കൊള്ളാം.... ന്ന് പറഞ്ഞിട്ട് കാണണില്ല.... വന്നിരുന്നേൽ എനിക്കൊന്നു വീട്ടിൽ പോയി വരാരുന്നു. .. ' അവർ പറഞ്ഞു
ചേച്ചി അവരുടെ സംസാരം കേട്ടിരുന്നു... ഇടയ്ക്ക് അവർ അങ്ങേയറ്റത്തെ ബെഡ്ഡിലേക്ക് നോക്കിയിട്ട് സ്വരം താഴ്ത്തിപ്പറഞ്ഞു " ദേ .... ആ കുട്ടീ ല്ലേ ... ഇന്നലെ എന്താരുന്നു ബഹളം ..... പെട്ടെന്നാ വയലന്റാവുന്നെ .... കുട്ടി പഠിക്കാൻ ബഹുമിടുക്കിയാരുന്നത്രെ.... പരീക്ഷക്ക് മാർക്ക് കുറഞ്ഞുപോയതാ കാരണം ന്നാ..... കേട്ടെ.... " .
പിറ്റേദിവസം രാവിലെ റൂം ശരിയായി എന്ന് സിസ്റ്റർ വന്നുപറഞ്ഞു. എല്ലാം റെഡിയാക്കി അമ്മയെ കൂട്ടിക്കൊണ്ടുപോവാനായി അറ്റൻഡർ വീൽചെയറുമായി വന്നു. ആ അമ്മയും, മകളും താമസിച്ചിരുന്ന റൂമല്ല അതിന്റെ അടുത്തായി വരുന്ന രണ്ടാമത്തെ റൂം. " അവർ മൂന്നാലു ദിവസം കൂടിയുണ്ടാവും..... അതുകൊണ്ടാ ഈ റൂമിൽ...." നിർമ്മല സിസ്റ്റർ പറഞ്ഞു. രോഗിക്കൊരു ബെഡ്ഡും സൈഡിലായി ചെറിയൊരു ബെഡ്ഡും, ടേബിളും, ചെയറും , അറ്റാച്ച്ഡ് ബാത്റൂമും കാറ്റും, വെളിച്ചവും കടക്കുന്ന മുൻവശത്തേക്കു വ്യൂ വരുന്ന ജനാലകളുള്ള നല്ല മുറിയായിരിന്നു ഞങ്ങൾക്ക് കിട്ടിയത്.
'അമ്മ അപ്പോഴൊക്കെയും ' വീട്ടിൽ പോവാം ' എന്ന സ്ഥിരം പല്ലവി തന്നെ.
അന്ന് ഇത്തിരി താമസിച്ചാണ് ഏട്ടൻ എത്തിയത്. തിരക്കുകൾ ഏറെ ഉണ്ടായിരുന്നിട്ടും അതിനെല്ലാം ഇടയിൽനിന്ന് ഓടിയെത്തിയതാണ് ഏട്ടൻ. റൂം കിട്ടിയതും ചേച്ചി ഏട്ടനോടായിപ്പറഞ്ഞു " ഇനി സമാധാനമായി.... വൈകുന്നേരങ്ങളിൽ എനിക്ക് വീട്ടിൽ പോവാമല്ലോ..... കുട്ടികളെയും., ചേട്ടനെയും തനിച്ചാക്കി..... അവിടെയിപ്പോൾ എന്തായിക്കാണുമോ..... എല്ലാം താറുമാറായിക്കാണും....."
" രാത്രി ഇവളെക്കൊണ്ടൊറ്റയ്ക്കു പറ്റിയെന്നു വരുമോ...? ഏട്ടൻ സംശയം പ്രകടിപ്പിച്ചു. തനിക്കു ചെറിയൊരു സംഭ്രമം തോന്നിയിട്ടും മൗനം അവലംബിച്ചു. ആദ്യം മുതൽ അമ്മയെ പരിചരിക്കാനെത്തിയ നല്ലവളായ നിർമ്മല സിസ്റ്ററിനോട് ചേച്ചി ഇക്കാര്യം സൂചിപ്പിച്ചു. സിസ്റ്റർ ധൈര്യം പകർന്നു " ധൈര്യമായി പൊയ്ക്കൊള്ളൂ.... രാവിലെ വന്നാൽ മതി..... എന്താവശ്യമുണ്ടായാലും ഞങ്ങളൊക്കെയുണ്ട്... അമ്മയ്ക്ക് കുഴപ്പമൊന്നുമില്ല.... പിന്നെന്തിനാ പേടിക്കുന്നെ...."
അത് കേട്ടതും ഏട്ടനും, ചേച്ചിക്കും ആശ്വാസമായീന്ന് തോന്നി.... ഏട്ടൻ അമ്മയോടെന്തൊക്കെയോ വിശേഷങ്ങൾ ചോദിച്ച് എന്നോടും ചേച്ചിയോടും യാത്രപറഞ്ഞു പോകാൻനേരം തന്നോട് ചോദിച്ചു അമ്മയോടൊപ്പം നീ തനിച്ചു നിൽക്കുമോ?" " ഉവ്വ് " എന്നു തലയാട്ടിയിട്ടും ഏട്ടന്റെ മുഖത്ത് നേരിയ സംശയം ഉണ്ടായിരുന്നോ? പാവം ഏട്ടൻ! എല്ലാവർക്കുമിടയിൽക്കിടന്നു സംഘർഷം അനുഭവിക്കുന്നു.
അന്ന് വൈകുന്നേരത്തോടെ " നാളെ രാവിലെ എത്തിക്കൊള്ളാം " ന്ന് എനിക്കും , അമ്മയ്ക്കും ഉറപ്പു നൽകി ചേച്ചി വീട്ടിലേക്കു പോയി. നിർമ്മലസിസ്റ്റർ അമ്മയ്ക്ക് വൈകിട്ട് കഴിക്കുവാനുള്ള മരുന്നും, ഗുളികയും ബോക്സിൽ കൊണ്ടുവച്ചിട്ട് മയക്കത്തിലാണ്ടുകിടന്ന അമ്മയെ വിളിച്ചുണർത്തി " കഞ്ഞി കൊണ്ടുവന്നാൽ കഴിച്ച് മരുന്നു കഴിക്കണം അമ്മേ..."
അവർ തന്റെ നേരെ തിരിഞ്ഞ് " അമ്മയ്ക്ക് ഭക്ഷണം കഴിഞ്ഞാലുടൻ മരുന്നെടുത്തു കൊടുക്കണം..... എന്താവശ്യമുണ്ടായാലും വിളിച്ചാൽ മതി ... ഞങ്ങളിവിടുണ്ട് " അതും പറഞ്ഞ് കതകുചാരി അവർ പോയി.
കണ്ണു തുറന്നുകിടന്ന 'അമ്മ വീണ്ടും മയക്കത്തിലേക്കാണ്ടുപോവുന്നതു കണ്ട് താനമ്മയെ കുലുക്കിയുണർത്തി " അമ്മയിങ്ങനെ കിടന്നുറങ്ങണ്ടാ.... ഞാനിന്നു തനിച്ചല്ലേ ഉള്ളൂ... ചേച്ചിയില്ലല്ലോ ....". " നീ തനിച്ചല്ലല്ലോ ഞാനില്ലേ " അമ്മയുടെ ചോദ്യം തന്നിൽ പ്രതീക്ഷ ഉണർത്തി .... 'അമ്മ പഴയ അമ്മയായോ.... മനസ്സ് സ്വസ്ഥമായിട്ടുണ്ടാകുമോ.... പഴയ പ്രസരിപ്പോടെ ഇനി എന്നാണമ്മയെ കാണാൻ കഴിയുക.....
ഇപ്പോൾ താൻ തീർത്തും ഒരു അരക്ഷിതാവസ്ഥയുടെ നടുവിലാണ്.... ചേച്ചിക്ക് ചേട്ടനും , കുഞ്ഞുങ്ങളും ഉണ്ട്... എല്ലാസമയവും ചേച്ചി കൂടെയുണ്ടാവണമെന്നില്ല... ഏട്ടന്റെ അവസ്ഥ പറയേണ്ടതില്ല.... എല്ലായിടത്തും എത്തിപ്പെടാനും ആരെയും പിണക്കാതെയും വിഷമിപ്പിക്കാതെയുമിരിക്കാൻ ഏട്ടൻ പരമാവധി ശ്രമിക്കുന്നു. ഇപ്പോൾ ഏട്ടത്തിയിൽ നിന്നും നൂറു പരാതികളും, പരിഭവങ്ങളും ഏട്ടൻ സഹിക്കുന്നുണ്ടാവണം..... പാവം ഏട്ടൻ..!!
അമ്മയ്ക്ക് കഞ്ഞി കൊടുത്ത് താനും അല്പം കഴിച്ചു. മരുന്ന് കഴിച്ചതും അമ്മകിടന്നു. താൻ കിടന്നുവെങ്കിലും ഉറക്കം വരുന്നില്ല... അമ്മയുടെ നേർത്ത കൂർക്കംവലിശബ്ദം കേൾക്കുന്നു. ഉറങ്ങിയുറങ്ങിത്തീർക്കട്ടെ അമ്മയുടെ ആകുലതകളെല്ലാം... വന്നുവന്ന് അച്ഛനെപ്പറ്റി ഒരുവാക്കുപോലും പറയാതിരിക്കാൻ താനും, ചേച്ചിയും, ഏട്ടനും ഇപ്പോൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അച്ഛന്റെ അവസാനസമയങ്ങളിലും, മരണസമയത്തും ഒക്കെ 'അമ്മ കാട്ടിയ മനോധൈര്യം കണ്ട് തങ്ങൾ പലപ്പോഴും അതിശയിച്ചിട്ടുണ്ട് . 'എല്ലാം ഉള്ളിലടക്കിയതിന്റെ പാടാണ് ഇപ്പോൾ 'അമ്മ അനുഭവിക്കുന്നത് ' എന്നാണു ഡോക്ടർ പറഞ്ഞത്. അന്ന് 'അമ്മ ഉള്ളുതുറന്നൊന്നു കരഞ്ഞുതീർത്തിരുന്നെങ്കിൽ.... മനസ്സ് സ്വസ്ഥമായേനെ.... എല്ലാം ഉള്ളിലൊതുക്കി പുറമെ ധൈര്യം ഭാവിച്ചു നടന്ന 'അമ്മ.... എന്നിട്ടിപ്പോൾ എല്ലാം ഓർത്ത്.... പാവം 'അമ്മ.... ശാന്തമായുറങ്ങിക്കൊള്ളട്ടെ...
രണ്ടുദിവസം കൊണ്ട് എല്ലാം ശീലമായിത്തുടങ്ങിയിരുന്നു. നിർമ്മലസിസ്റ്ററുടെ സഹകരണം മനസ്സിനേറെ ആശ്വാസമായി. പകൽ രാവിലെ എത്തിയാൽ ചേച്ചി കൂടുതൽ സമയവും അമ്മയോട് വീട്ടുവിശേഷങ്ങളും, കുട്ടികളുടെ കുസൃതികളും ഒക്കെ പറഞ്ഞ് ഇരുന്നു. അമ്മയുടെ മുഖത്ത് അപ്പോഴൊക്കെ തെളിച്ചം പരക്കുന്നത് കാണാം. വിരസത തോന്നുമ്പോഴൊക്കെ താൻ റൂമിനു പുറത്തെ ഇടനാഴിയിലൂടെ നടക്കും. എന്നും രാവിലെ ഒരു പത്തുമണിസമയം ആവുമ്പോൾ താൻ വെറുതെ ഡോർ തുറന്ന് പുറത്തേക്ക് നോക്കിനിൽക്കുക പതിവാണ്. തങ്ങളുടെ മുറിയുടെ അടുത്തായി രണ്ടാമത്തെ മുറിയിൽ താമസമുള്ള ആ അമ്മയും... മകളും... ആ 'അമ്മ മകളെയുമായി ഇടനാഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടത്തിക്കുന്നത് ആസമയത്തെ പതിവുകാഴ്ചയാണ്. പ്രൗഢയായ ആ സ്ത്രീ ഒരിക്കൽ പോലും സംസാരിക്കാൻ കൂട്ടാക്കിയിട്ടില്ല. അടുത്തുവരുമ്പോൾ ഒരു പുഞ്ചിരി സമ്മാനിച്ച് അവർ കടന്നുപോകും. അപ്പോഴൊക്കെയും അവർ ഒരു കൈകൊണ്ട് മകളെ ചേർത്തുപിടിച്ചിരിക്കയാവും. അവൾ ഒരു സ്വപ്നാടനത്തിലെന്നപോലെയാണ് നടക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ചുറ്റും നടക്കുന്നതെന്തെന്നറിയാതെ അലസമായ ഒരു നടത്തം.
നിർമ്മലസിസ്റ്റർ വരുമ്പോഴൊക്കെ അമ്മയോട് ആശ്വാസവാക്കുകൾ പറയുകയും, വിശേഷങ്ങൾ തിരക്കയും ചെയ്തു. അന്ന് ഏട്ടൻ വന്ന് കുറേനേരം അമ്മയുടെ അരികിൽ ഇരുന്നു. 'അമ്മ എന്തൊക്കെയോ വീട്ടിലെ വിശേഷങ്ങൾ ചോദിച്ച് ഉറക്കത്തിലേക്കു വീണു. ഏട്ടൻ ഞങ്ങളോട് തിരക്കി " അമ്മയ്ക്ക് മാറ്റമായിത്തുടങ്ങീല്ലേ ..."
" ഉവ്വ് " ചേച്ചി ശരിവച്ചു. ഏട്ടന്റെ നിസ്സഹായാവസ്ഥ ഓർത്താവാം ചേച്ചി പറഞ്ഞു " ഡിസ്ചാർജായാൽ ഒരാഴ്ച 'അമ്മ എന്നോടൊപ്പം നിൽക്കട്ടെ ക്ഷീണം ഒക്കെ നന്നായി മാറിയിട്ട് അമ്മയെ അങ്ങോട്ടു കൊണ്ടുപോയാൽ മതി... തന്നെയുമല്ല ഇവൾക്ക് ഒരാഴ്ച കൂടി കഴിഞ്ഞാൽ ക്ലാസ്സ് തുടങ്ങുകയല്ലേ...." . ഏട്ടന്റെ മൗനം സമ്മതമാണെന്ന് തനിക്കും, ചേച്ചിക്കും മനസ്സിലായി. ഏട്ടൻ ഇടനാഴിയിലൂടെ പുറത്തേക്കു നടന്നുപോകുന്നതും നോക്കി താനും, ചേച്ചിയും നിന്നു.
അടുത്ത ദിവസം നിർമ്മലസിസ്റ്റർ തന്നെയാണ് ചേച്ചിയോട് പറഞ്ഞത് " അപ്പുറത്തെ റൂം കാലിയാവുകയാണ്... ആകുട്ടിയും, അമ്മയും ഡിസ്ചാർജാവുകയാണ്... ആ കുട്ടിക്കൊത്തിരി മാറ്റം ആയി. " എന്തോ സ്വപ്നം കണ്ടു പേടിച്ചുണ്ടായ അസ്വസ്ഥത " ആണെന്നായിരുന്നു ആ 'അമ്മ പറഞ്ഞിരുന്നത്. ഇതിനകം ചായക്കപ്പ് വലിച്ചെറിഞ്ഞ വാർഡിലെ പെൺകുട്ടി എല്ലാം ഭേദമായി തിരികെപ്പോയെന്നും, എല്ലാവരോടും കുശലം പറഞ്ഞു നടന്ന യുവതിയെ അവരുടെ അസുഖം പൂർണ്ണമായും ഭേദമാകാതെ അവരുടെ അച്ഛൻ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയിയെന്നും ' എന്തോ ചെയ്ത്തുദോഷം കൊണ്ടാ ന്റെ കുട്ടിക്കിങ്ങനെയൊക്കെ സംഭവിച്ചത്... അതിനു പരിഹാരം കാണാണ്ട് അവൾടെ സൂക്കേട് മാറില്ലത്രേ..." എന്നു പറഞ്ഞ് വാശിപിടിച്ചാണ് അവരുടെ അച്ഛൻ ഡിസ്ചാർജ് വാങ്ങിച്ചു കൊണ്ടുപോയതെന്നും ഒക്കെ നിർമ്മല സിസ്റ്റർ വിശേഷങ്ങൾ കൈമാറി അമ്മയോട് കുശലവും പറഞ്ഞു പോയി.
ചേച്ചി ഏതോ വീക്കിലിയും മറിച്ചിരുന്നു സമയംപോക്കി. 'അമ്മ മെല്ലെ മയക്കത്തിലേക്ക് വീണിരുന്നു. ഡോറിൽ ആരോ മൃദുവായി തട്ടുന്ന ശബ്ദം കേട്ടാണ് ഡോർ തുറന്നത്.... ആ പെൺകുട്ടി.... അതിശയം തോന്നി.... മുടി രണ്ടായി മെടഞ്ഞിട്ട്.... കണ്ണെഴുതി... പൊട്ടുതൊട്ട്..... അവൾ.... കുറച്ചു ചോക്ലേറ്റ് എന്റെനേർക്കു നീട്ടി .. അവളെ അല്പം ഉന്മേഷവതിയായാണ് അന്ന് കാണാൻ കഴിഞ്ഞത്.... ഉറക്കച്ചടവോടെ തന്നെ മറികടന്നു പോവുമ്പോൾ ഒരിക്കലെങ്കിലും അവൾ തന്നെ ശ്രദ്ധിച്ചിട്ടുണ്ടാവുമോ....? തൊട്ടു പുറകിൽ അവളുടെ 'അമ്മ.. ചേച്ചി വീക്കിലി മടക്കിവച്ച് എഴുന്നേറ്റുവന്നു. അവർ ചോദിച്ചു " 'അമ്മ ഉറക്കമാണല്ലേ.... ഇപ്പോഴെങ്ങനെ.. ആശ്വാസമുണ്ടോ ...."
ചേച്ചി ' ഉവ്വെന്നു ' തലയാട്ടി. ഇത്രയും ദിവസത്തിനുള്ളിൽ ആദ്യമായി അവർ രണ്ടുവാക്ക് പറയാൻ സന്മനസ്സു കാട്ടിയല്ലോ എന്നു തോന്നി. " ഞങ്ങളിന്നു പോകയാണ്" അവർ പറഞ്ഞു. ചോക്ലേറ്റ് തന്റെ കൈകളിൽ വച്ചുതന്ന് അവൾ എന്റെയും, ചേച്ചിയുടെയും മുഖത്തേക്ക് മാറിമാറി നോക്കി. അവർ മകളോട് പറഞ്ഞു " പോവാം" . അവൾ ഇടനാഴിയിലൂടെ അമ്മയുടെ കൈപിടിച്ച് നടന്നുനീങ്ങി.... എതിരെ വന്ന സിസ്റ്റർക്കു ചോക്ലേറ്റ് കൊടുക്കുമ്പോൾ അവർ ചോദിക്കുന്നത് കേട്ടു.." എപ്പഴാ പോകുക.." അവർ എന്തോ മറുപടി പറഞ്ഞു. സിസ്റ്റർ അവളുടെ താടിയിൽപ്പിടിച്ച് എന്തോ കുശലം പറഞ്ഞു.
'അമ്മ മെല്ലെ ഉറക്കത്തിൽ നിന്നുണർന്ന് വെള്ളം ചോദിച്ചു. ചേച്ചി ഫ്ളാസ്കിൽ നിന്ന് ചൂടുവെള്ളം പകർന്നു കൊടുത്തിട്ട് അമ്മയോടു ചോദിച്ചു " ഇങ്ങനെ കിടന്നാൽ മതിയോ..? നമുക്ക് വീട്ടിൽ പോവണ്ടേ...."
'അമ്മ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും രണ്ടുദിവസമായി 'അമ്മ വീട്ടിൽ പോവാം എന്ന് നിർബന്ധം പിടിക്കുന്നേ ഇല്ല. കൂടുതൽ സമയവും മയക്കം തന്നെ മയക്കം. ചേച്ചി നെടുവീർപ്പിട്ടു " അമ്മയുടെ ക്ഷീണം മാറിക്കിട്ടിയിരുന്നെങ്കിൽ... "
വൈകുന്നേരം ചായകുടി കഴിഞ്ഞ് ചേച്ചി വീട്ടിലേക്കു പോവാൻ യാത്രപറഞ്ഞ് ഡോർ തുറന്നു. വെളിയിൽ ഒരു ബഹളം. താനും , ചേച്ചിയും ബഹളം കേട്ട ഭാഗത്തേക്ക് ശ്രദ്ധിച്ചു. ഒന്നുരണ്ടുപേർ ചേർന്ന് ആരെയോ ബലമായി പിടിച്ചുവലിച്ച് അകത്തേക്ക് കൊണ്ടുവരുന്നു. അടുത്തു വരുമ്പോൾ കാണാം രാവിലെ ചോക്ലേറ്റ് തന്നു യാത്ര പറഞ്ഞു പോയ ആ പെൺകുട്ടി...... പുറകെ അവളുടെ 'അമ്മ എന്തെല്ലാമോ സമാധാനവാക്കുകൾ പറഞ്ഞ് അവളെ വിളിക്കുന്നു. അവൾ ഒന്നും ശ്രദ്ധിക്കാതെ ഒച്ച വച്ച് അവളെ ബലമായി പിടിച്ചിരിക്കുന്ന ആളുകളിൽ നിന്ന് കുതറിയോടാനായി ശ്രമിക്കുന്നു. അവർ ബലമായി പിടിച്ചു വലിച്ച് അവളെ അകത്തേക്ക് കൊണ്ടുപോയി. ചേച്ചി പറഞ്ഞു " ഡോർ അടച്ചേക്കൂ..... 'അമ്മ ഇതു കേട്ടാൽ.... നീ അകത്തു കയറി കതകടച്ചേക്കൂ........ഞാൻ നാളെ രാവിലെ ഇങ്ങെത്താം.." . ചേച്ചി ഇടനാഴിയിലൂടെ പുറത്തേക്കു നടന്നുനീങ്ങി. പാതിചാരിയ ഡോറിനിടയിലൂടെ അവളുടെ ബഹളവും, കരച്ചിലും നേർത്തു നേർത്തു വന്നു. ഞാൻ മെല്ലെ വാതിൽ ചേർത്തടച്ചു.
ആ രാത്രി 'അമ്മ സുഖമായുറങ്ങി . തനിക്കുറക്കം വരുന്നില്ല. മനസ്സിൽ എന്തൊക്കെയോ ചിന്തകൾ കോർത്തുവലിക്കുന്നു. അവൾ ആ കുട്ടി..ഇവിടെ കണ്ട പല മുഖങ്ങളും മനസ്സിൽ തെളിഞ്ഞു വന്നു.... ആരും ആർക്കും പിടി കൊടുക്കാതെ .... ഉള്ളു തുറക്കാതെ.... സ്വയം ഉൾവലിയുംപോലെ.... സുന്ദരിയായ ആ യുവതിയുടെ ബന്ധുവായ ആ സ്ത്രീ ഒഴികെ ആരും പരസ്പരം വിശേഷങ്ങൾ കൈമാറിക്കണ്ടില്ല. അവർ ഒരു സാധുവായതിനാലാവാം അവരുടെ വിഷമതകൾ പങ്കുവയ്ക്കാൻ മനസ്സ് കാട്ടിയത്. ഈ അമ്മയെയും, മകളെയും എത്രയോ തവണ നേർക്കുനേർ കണ്ടിരിക്കുന്നു. ഒരിക്കൽ പോലും അവർ സംസാരിക്കാൻ കൂട്ടാക്കിയിട്ടില്ല. എങ്കിലും ആ കുട്ടിയെപ്പറ്റി അറിയാൻ ഒരു വല്ലാത്ത ആകാംക്ഷയായിരുന്നു. മകളുടെ സമപ്രായം തോന്നിക്കുന്ന തന്നെ കാണുമ്പോൾ ഒരിക്കലെങ്കിലും തന്നോടൊരു വാക്കു ചോദിക്കുമെന്നാശിച്ച് പലപ്പോഴും പാതിചാരിയ ഡോറിൽ പിടിച്ച് അവരെ നോക്കി നിന്നിട്ടുണ്ട്. ഇവിടുള്ള രോഗികൾ അല്ലെങ്കിൽ അസ്വസ്ഥമായ മനസ്സുമായി വന്നവർ ഒക്കെയും ഡോക്ടർ കൊടുക്കുന്ന കനത്ത ഡോസിലുള്ള മരുന്നിന്റെ ശക്തിയിൽ രാവും, പകലും തിരിച്ചറിയാതെ ഉറങ്ങുന്നു. ...അവരെ ഉറക്കുന്നു... ഇതിൽ ചിലർ എല്ലാം മറന്ന് ഉറക്കത്തിൽ തന്നെ.... ചിലർ എന്നിട്ടും ഉറക്കം നഷ്ടപ്പെട്ടു നടക്കുന്നു. കൂട്ടിരിപ്പുകാർ അല്ലെങ്കിൽ വേണ്ടപ്പെട്ടവർ അവരവരുടെ മുറികളിൽ തന്നെ ചടഞ്ഞുകൂടിയിരിക്കുന്നു. ഇടക്കെപ്പോഴോ 'അമ്മ ബാത്ത്റൂമിൽ പോവാനായി എഴുന്നേറ്റു... ഉറക്കപ്പിച്ചിൽ വേച്ചു പോവാതിരിക്കാൻ താനമ്മയെ ഒരു കൈത്താങ്ങു കൊടുത്തു ബാത്ത്റൂമിൽ കൊണ്ടുപോയി തിരികെക്കൊണ്ടു കിടത്തി. പുതപ്പെടുത്തു നന്നായി പുതപ്പിച്ചു കൊടുക്കുമ്പോൾ 'അമ്മ ചോദിച്ചു " മോളുറങ്ങിയില്ലേ... കിടന്നുറങ്ങൂ.... " ലൈറ്റ് ഓഫ് ചെയ്ത് പുതപ്പെടുത്തു പുതച്ചു താനും കിടന്നു. വീണ്ടും ചിന്ത ആ പെൺകുട്ടിയിലേക്കായി...
രാവിലെ പതിവിലും നേരത്തെ ചേച്ചി എത്തി... . നിർമ്മലസിസ്റ്റർ ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ പോവാൻ നേരം റൂമിലേക്ക് വന്നു. ചേച്ചി ആകുട്ടിയെപ്പറ്റി സിസ്റ്ററോട് തിരക്കി.സിസ്റ്റർ പറഞ്ഞു " എന്തുപറയാനാ.... എത്ര സന്തോഷമായി വീട്ടിലേക്കു പോയവരാണ്.... എന്ത് സംഭവിച്ചുവെന്നറിയില്ല.... ആ സ്ത്രീ പറയുന്നത് ഇടയ്ക്കു വച്ച് വീടടുക്കാറായിരുന്നു കാറിൽ നിന്നിറങ്ങിയോടാൻ ശ്രമം നടത്തി... കരഞ്ഞു ബഹളം വയ്ക്കാൻ തുടങ്ങി. സമനില നഷ്ടപ്പെട്ടപോലെ പെരുമാറാൻ തുടങ്ങിയതും കാർ തിരികെ ഹോസ്പിറ്റലിലേക്ക്.... അങ്ങനെ വീണ്ടും അവൾ ഇവിടെത്തി.... ആകെ കഷ്ടമായിപ്പോയി ആകുട്ടീടെ കാര്യം" അവർ പറഞ്ഞു.
അന്നുച്ചയോടടുത്ത സമയം.... ആദ്യമായാണ് അമ്മയെക്കാണാനായി രണ്ടു സന്ദർശകർ എത്തിയത്. തങ്ങളെ അതിശയിപ്പിച്ചുകൊണ്ട് കരുണേട്ടനും..... പത്മിനിയേടത്തിയും.... തങ്ങളുടെ അയൽക്കാർ... ഉറ്റവരേക്കാൾ സ്നേഹവും, ആത്മാർത്ഥതയും പരസ്പരം കാത്തുസൂക്ഷിക്കുന്ന നല്ലവരായ അയൽവാസികൾ. അമ്മയെക്കണ്ടതും പത്മിനിയേടത്തിയുടെ കണ്ണുകൾ നിറഞ്ഞു. കരുണേട്ടൻ പരാതി പറഞ്ഞു. " ന്നാലും ഡോക്ടറെ ഒന്ന് കാണിച്ചു വരട്ടെ എന്ന് പറഞ്ഞുപോയവർ ഇതിപ്പം എത്ര ദിവസമായി.....ഇതിനുള്ള ദീനം എന്നതാ അമ്മയ്ക്ക്?... ഈ ആസ്പത്രി ഒന്നു കണ്ടുപിടിക്കാൻ പെട്ട പാട്... " അമ്മയുടെ അടുത്തു വന്നുനിന്ന് കരുണേട്ടൻ പറഞ്ഞു " പോവണ്ടേ നമുക്ക് വീട്ടിലേക്ക്.... ഇവിടിങ്ങനെ കിടന്നാൽ എങ്ങനാ ശരിയാകുന്നെ.... എന്തെല്ലാം കാര്യങ്ങൾ കിടക്കുന്നു വീട്ടില്... അമ്മയിങ്ങനെ കിടന്നാൽ കാര്യം വല്ലതും നടക്കുമോ...." 'അമ്മ ചിരിച്ചു.
അവരെ രണ്ടാളെയും കണ്ടതും 'അമ്മ ഉത്സാഹത്തോടെ എണീറ്റിരുന്ന് വിശേഷങ്ങൾ തിരക്കി. " നമ്മുടെ പറമ്പിലെ ഏത്തവാഴകൾ കുലച്ചു നിൽക്കുന്നു... തേങ്ങയിടാൻ സമയമായിരിക്കുന്നു ..... " കരുണേട്ടൻ അമ്മയെ ഓരോന്നോർമ്മിപ്പിച്ചുകൊണ്ടിരുന്നു.
പിന്നെ കരുണേട്ടന്റെ സ്വതസിദ്ധമായ ചിരിയോടെ അമ്മയോട് ചോദിച്ചു " ഇതൊക്കെ കളഞ്ഞേച്ച് 'അമ്മ ഇവിടെ വന്നുകിടന്നാൽ എങ്ങനാ ശരിയാവുക.....വേഗം വീട്ടിലോട്ടു വന്നാട്ടെ.... അമ്മയ്ക്കസുഖമാണ് എന്നാരാ പറഞ്ഞേ..."
കരുണേട്ടന്റെ സംസാരം കേട്ട് തങ്ങളെല്ലാവരും ചിരിച്ചു. 'അമ്മ പറഞ്ഞു " ഉടനെ ഞാനങ്ങെത്തും... എനിക്കാശ്വാസമുണ്ട്"
യാത്ര പറഞ്ഞിറങ്ങാൻ നേരം 'അമ്മ കേൾക്കാതെ കരുണേട്ടൻ ഞങ്ങളെ ഓർമ്മപ്പെടുത്തി " അമ്മയുടെ മുറിയിൽ നിന്ന് അച്ഛന്റെ ആ ഫോട്ടോ തൽക്കാലം ഒന്നു മാറ്റിവയ്ക്കൂ മോളേ...... വരുന്നുടനെ ആ ഫോട്ടോ കാണണ്ട.... പിന്നെ വീണ്ടും അമ്മയ്ക്ക് സങ്കടമാകും... . എല്ലാം ഒന്നു ശരിയാവട്ടെ.... വിഷമിക്കണ്ടാ.... വരട്ടെ.... " അവർ യാത്ര പറഞ്ഞിറങ്ങി.
കരുണേട്ടനും, പത്മിനിയേടത്തിയും പോയപ്പോൾ മുതൽ 'അമ്മ വീട്ടിലെ ഓരോ വിശേഷങ്ങൾ ഞങ്ങളോട് പറഞ്ഞിരുന്നു. എത്രയും പെട്ടെന്ന് വീട്ടിലേക്കു പോവാൻ അമ്മയ്ക്ക് തിടുക്കമായതുപോലെ.... അവരുടെ സന്ദർശനവും, സ്നേഹരൂപേണയുള്ള ശാസനയും , ആശ്വസിപ്പിക്കലും ഒക്കെ അമ്മയിൽ ഒരു നല്ല മാറ്റം തന്നെ വരുത്തിയെന്നു വേണം പറയാൻ.
രണ്ടു ദിവസങ്ങൾക്കൂടി കഴിഞ്ഞപ്പോൾ ഡിസ്ചാർജായി പോവാൻ ഡോക്ടർ അനുമതി നൽകിയതും 'അമ്മ ഏറെ ഉന്മേഷവതിയായി.
തലേന്നു രാത്രിയിൽ തന്നെക്കൊണ്ട് 'അമ്മ എല്ലാം അടുക്കിപ്പെറുക്കി ബാഗിലാക്കിച്ചു. രാവിലെ തന്നെ ചേച്ചിയെയും കൂട്ടിയാണ് ഏട്ടൻ എത്തിയത്. ഡോക്ടറുമായുള്ള ദീർഘകാലസൗഹൃദമാവാം ഏട്ടൻ ഏറെനേരമായി ഡോക്ടറുടെ മുറിയിൽ സംസാരത്തിലായിരുന്നു. ചേച്ചി വന്നതും ബാക്കിയുണ്ടായിരുന്ന സാധനങ്ങളെല്ലാം ബാഗിൽ പാക്ക് ചെയ്തു.... അമ്മയെ സാരി ഉടുക്കുന്നതിൽ സഹായിച്ച്... മുടിചീവിക്കൊടുക്കുന്നതിനിടയിൽ പറയുന്നതു കേട്ടു " ധൃതിയൊന്നും വയ്ക്കേണ്ട 'അമ്മ..... ഒരാഴ്ച കഴിഞ്ഞേ ഞാനങ്ങോട്ടു വിടുകയുള്ളൂ...."
താൻ വെറുതെ പുറത്തേക്കിറങ്ങി. തൊട്ടടുത്ത രണ്ടാമത്തെ റൂമിലെ ആ പെൺകുട്ടി.... സന്തോഷമായി എല്ലാവരോടും യാത്ര പറഞ്ഞുപോയ അമ്മയും...മകളും....ആളൊഴിഞ്ഞു പോയാൽ ഇവിടെ ഉടനെ തന്നെ മറ്റൊരാൾക്കുവേണ്ടി ആ മുറി സജ്ജമാക്കിയിരിക്കും.... ഇവിടെ പക്ഷെ മറ്റൊരാൾ വരുംമുന്പേ അവർ തിരികെ ആ മുറിയിലേക്ക് തന്നെ വന്നു എന്നുള്ളതും അവരുടെ വിധിയാവാം..... അന്നുമുതൽ സദാസമയവും ആ മുറി അടഞ്ഞുതന്നെ കിടക്കുന്നു. അവൾക്കെങ്ങനെ എന്ന് പലപ്പോഴും ആകാംക്ഷയുണ്ടായിട്ടുണ്ടെങ്കിലും ചേച്ചിയോ, താനോ അങ്ങനെയൊരു കാര്യം അമ്മയുടെ കേൾക്കെ ചർച്ചാവിഷയമാക്കിയില്ല. ആധികൾ മാറി സ്വസ്ഥതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അമ്മയുടെ മനസ്സിലേക്ക് ഇനിയും ഇത്തരം സംഭവങ്ങൾ വലിച്ചിഴക്കേണ്ട എന്നു ഞങ്ങൾ കരുതി.
ഏട്ടൻ ഡോക്ടറുടെ അരികിൽ നിന്നും ഇനിയും വരാൻ വൈകുന്നു. താൻ മെല്ലെ ഇടനാഴിയിലൂടെ നടന്നു. ഇതുവരെ അടഞ്ഞുകിടന്ന അവളുടെ മുറിയുടെ വാതിൽ പാതിചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ... താൻ മുന്നോട്ടു നടക്കുന്നുവെന്ന ഭാവേന ഒളികണ്ണാൽ പാതിചാരിയിട്ട കതകിന്റെ വിടവിലൂടെ അകത്തേക്ക് നോക്കി. അവൾ മൂടിപ്പുതച്ച് സുഖനിദ്രയിൽ. അവളുടെ 'അമ്മ അരികിൽ ഇരിക്കുന്നു. പുറം തിരിഞ്ഞിരിക്കുന്നതിനാൽ ആ അമ്മയുടെ മുഖം തനിക്കു കാണാനാവുന്നില്ല. കനത്ത ഡോസിലുള്ള മരുന്നിന്റെ ശക്തിയിൽ അവൾ തളർന്നുറങ്ങുകയാണ്. എണീറ്റാൽ ആദ്യം കണ്ടമാതിരി അവൾ വേച്ചു വീഴുമായിരിക്കാം.. ഇനിയും അവൾ ഉറങ്ങി ഉറങ്ങി എത്രദിനം വീണ്ടെടുക്കുമായിരിക്കും അവളുടെ അസ്വസ്ഥമായ മനസ്സ് ഒന്നു സ്വസ്ഥമായിക്കിട്ടാൻ. ഉണരുംതോറും അവർ മരുന്നു കൊടുത്തുകൊണ്ടേയിരിക്കും .... വീണ്ടും വീണ്ടും ഉറക്കത്തിലേക്കു വഴുതിവീണ് എല്ലാം മറന്നുകിടക്കാൻ .... എത്ര ലോലവും, ദുർബലവുമായ ഒന്നാണ് മനുഷ്യമനസ്സ് .... ഒരുനിമിഷം മതി എല്ലാം തകർന്നു തരിപ്പണമാവാൻ.... "അവളുടെ മനസ്സ് വേഗം സ്വസ്ഥമാവട്ടെ.." താൻ മനസ്സിൽ അവൾക്കുവേണ്ടി പ്രാർത്ഥിക്കുമ്പോഴും അമ്മയുടെ മുഖം ഓർമ്മ വന്നു. താൻ വേഗം നടന്നു മുറിയിലെത്തുമ്പോൾ ഏട്ടൻ എത്തിയിരുന്നു. 'അമ്മ ചോദിച്ചു " നമുക്ക് വീട്ടിൽ പോവണ്ടേ... നീയിതെവിടെപ്പോയി...?"
അമ്മയുടെ മുഖത്ത് ഉത്സാഹം . നിർമ്മലസിസ്റ്റർ വന്നു. അമ്മയും, തങ്ങളും സിസ്റ്ററിനോട് യാത്ര പറഞ്ഞു. സിസ്റ്റർ പുഞ്ചിരിയോടെ പറഞ്ഞു " എന്റെ പ്രാർത്ഥന എന്നും ഉണ്ടാവും അമ്മേ...."
'അമ്മ ഉത്സാഹപൂർവം മുന്നോട്ടു നടന്നുവെങ്കിലും കാലിനു ചെറിയൊരു ഇടറിച്ച തോന്നിയതിനാലാവാം ഏട്ടൻ അമ്മയുടെ കൈകളിൽ പിടിച്ചപ്പോൾ 'അമ്മ പറഞ്ഞു " വേണ്ട മോനേ..... 'അമ്മ തനിയെ നടന്നോളാം... അമ്മയുടെ അസുഖം ഒക്കെ മാറി.."
ആത്മവിശ്വാസത്തോടെയുള്ള അമ്മയുടെ വാക്കുകൾ കേട്ട് തങ്ങൾ മൂവരും ചിരിച്ചു. ഏട്ടനും, ചേച്ചിയും ചേർന്ന് അമ്മയെ കാറിലേക്ക് കയറ്റുന്നതിനിടയിൽ താൻ വെറുതെ തിരിഞ്ഞൊന്നു നോക്കി.... തീർത്തും ശാന്തമായിക്കിടക്കുന്ന ആസ്പത്രിപരിസരം... ഇവിടെനിന്നു നോക്കിയാൽ തനിക്കിപ്പോഴും കാണാൻ പറ്റുന്നുണ്ട് .... ഇടനാഴിയിൽ..... നേരെ അറ്റത്തുള്ള അവളുടെ മുറി.... അടഞ്ഞുകിടക്കുന്ന ആ മുറി .... പാവം കുട്ടി... അവൾ...!
പെട്ടെന്ന് തന്റെ മനസ്സ് അസ്വസ്ഥമായി..... നെഞ്ചിൽ നേർത്ത ഒരു വിങ്ങൽ....
" വേണ്ട.... ഇനി തിരിഞ്ഞൊരു നോട്ടം വേണ്ട.... ഈ ചിന്തപോലും മനസ്സിൽ വേണ്ട..... ഇവിടേയ്ക്ക് ഇനിയൊരു തിരിച്ചുവരവ് വേണ്ടേ വേണ്ട.... താനും, ചേച്ചിയും കാറിന്റെ പിൻസീറ്റിൽ കയറി... ഏട്ടൻ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങുമ്പോൾ താൻ മനസ്സിൽ നിന്ന് ഈ ഓർമ്മകൾ മായ്ക്കാൻ ശ്രമിക്കുകയായിരുന്നു..... ഇവിടെ കണ്ട മുഖങ്ങൾ.... ഓർമ്മകൾ.... അമ്മയുടെ അസ്വസ്ഥതകൾ...... എല്ലാം വെറും തോന്നലോ..... സ്വപ്നമോ.... മാത്രമാണ്.... അങ്ങനെ കരുതാനാണ് എനിക്കിഷ്ടം... അങ്ങനെതന്നെയാണ്.... ഇതൊരു ദുഃസ്വപ്നം മാത്രമായിരുന്നു.... കാറിന്റെ ഇരമ്പലിൽ താൻ കണ്ണുകൾ ഇറുകെയടച്ചിരുന്നു.... അപ്പോൾ സ്വസ്ഥമായ മനസ്സുമായി 'അമ്മ മുൻസീറ്റിൽ ചാരിക്കിടന്നു മയങ്ങുകയായിരുന്നു.
***********************************************************************************
ശുഭം ചെറുകഥ
ഗീതാ ഓമനക്കുട്ടൻ