വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

മടക്കയാത്ര


   ചൂടോടെ ദോശ ചുട്ടുതന്ന് അതിന്റെ മുകളിൽ തേങ്ങാച്ചമ്മന്തി ഒഴിച്ചുകൊണ്ട്  ചേച്ചമ്മ പറഞ്ഞു " വേഗം കഴിച്ച് സ്കൂളിൽ പോകാൻ നോക്ക് സമയമാകുന്നു."അപ്പോഴേക്കും അപ്പച്ചന്റെ വിളി കേട്ടു. പത്രവും കയ്യിൽ പിടിച്ച് പൂമുഖത്തെ ചാരുകസേരയിൽ ഇരുന്ന് രാവിലത്തെ ചായക്കുള്ള വിളിയാണ്. 
" വരുന്നു അപ്പച്ചാ"  ചേച്ചമ്മ ധൃതിയിൽ  അടുക്കളയിലേക്കോടി. വേഗം ദോശ കഴിച്ച് ഓടി അടുക്കളയിൽ ചെന്ന് ചേച്ചമ്മ തണുപ്പിച്ചു തന്ന ചായയും കുടിച്ച് ബാഗും തോളിലിട്ട് സ്കൂളിലേക്ക് ഇറങ്ങാൻ നേരം അമ്മച്ചിയുടെ മുറിയിലേക്ക് ഒന്നു പാളി നോക്കി. അറിയാതെ ഒരു നിമിഷം ..........     അമ്മച്ചി നല്ല ഉറക്കം. മെല്ലെ വിളിച്ചു അമ്മച്ചീ........  അമ്മച്ചി ഒന്നു ഞരങ്ങിയോ ?

     സ്കൂളിൽ പോകുന്ന ദിവസങ്ങളിൽ രാവിലെ മുതൽ അമ്മച്ചിയുടെ വിളി കാതിൽ  മുഴങ്ങിക്കൊണ്ടേയിരിക്കുമായിരുന്നു. . കുളിച്ചാൽ മുടി നന്നായി തോർത്താൻ, മുടി ചീവിക്കെട്ടിത്തരാൻ, കഴിക്കാൻ, ചോറും പൊതി ബാഗിലാക്കി വച്ച് തന്നെ യാത്രയാക്കാൻ ഒക്കെ ഓടി നടന്ന അമ്മച്ചി ഇന്നിപ്പോൾ !! അല്ലെങ്കിലും എത്രയോ നാളുകളായി അമ്മച്ചി ഈ നിലയിൽ. വിളിച്ചാൽ 
കണ്ണുകളിലേക്കുറ്റു നോക്കും. പിന്നെക്കാണാം ആ കണ്ണുകൾ നിറയുന്നത്. എന്തെല്ലാമോ മനസ്സിൽ തിക്കുമുട്ടുന്നതുപോലെ പക്ഷെ അമ്മച്ചി ഒന്നും  പറയില്ല കണ്ണുകൾ കൊണ്ടാങ്ഗ്യം കാണിക്കും.
'അടുത്തിരിക്കാൻ ' . അമ്മച്ചിയുടെ കട്ടിലിൽ ചേർന്നിരുന്ന് ആ മെല്ലിച്ചുണങ്ങിയ   കൈകളിൽ പിടിക്കുമ്പോൾ അമ്മച്ചി കൈകളിൽ മുറുകെപ്പിടിക്കും  എന്തൊക്കെയോ പറയാൻ വെമ്പും പോലെ . 

     സാധാരണ വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ടു വന്നാൽ പലഹാരങ്ങൾ ഉണ്ടാക്കി നോക്കിയിരിക്കും കഴിച്ചുതീരും വരെ അമ്മച്ചി അടുത്തു വന്നിരുന്ന് സ്കൂളിലെ വിശേഷങ്ങൾ തിരക്കുമായിരുന്നു. സന്ധ്യക്ക് പ്രാർത്ഥന കഴിഞ്ഞ് ഉച്ചത്തിൽ പാഠപുസ്തകങ്ങൾ വായിച്ചു പഠിക്കുമ്പോൾ അപ്പച്ചൻ ഇടക്കിടെ ഓരോന്നു ചോദിച്ച് തെറ്റുകൾ തിരുത്തി പറഞ്ഞു തരുമായിരുന്നു. അമ്മച്ചി ഇടക്കിടെ വിളിച്ചു കൊണ്ടേയിരിക്കും.  ചേച്ചമ്മ  " ഉഴപ്പാതെ പഠിക്കെടീ " ന്നു പറഞ്ഞു വഴക്കു പറയുമായിരുന്നു. ഇപ്പോൾ ആരും തന്നെ ശ്രദ്ധിക്കാറേയില്ല.  അമ്മച്ചിയുടെ അസുഖത്തോടെ വീട്ടിലെ അന്തരീക്ഷം ആകെ മാറിമറിഞ്ഞു. ആർക്കും ഒന്നിനും സമയമില്ല.  ചേച്ചമ്മയുടെ  സങ്കടം പറഞ്ഞുള്ള കരച്ചിലും, പതം പറച്ചിലും ഇടക്കു കേൾക്കാം.  അപ്പച്ചൻ അപ്പോളൊക്കെ മൌനം പാലിച്ചിരിക്കും.  ഇടക്കിടെ അമ്മച്ചിയെ തോമസ് ചേട്ടന്റെ ടാക്സി കാറിൽ 
ആസ്പത്രിയിലേക്ക്  കൊണ്ടുപോകും. പിന്നെ രണ്ടുമൂന്നു ദിവസം കഴിഞ്ഞേ തിരികെകൊണ്ടുവരികയുള്ളൂ.  അപ്പോഴൊക്കെ വലിയമ്മച്ചിയാവും വീട്ടിൽ വന്നു നിൽക്കുക.  വലിയമ്മച്ചിയോടെന്തെങ്കിലും  ചോദിച്ചാൽ അമ്മച്ചിയുടെ അസുഖം മാറ്റിത്തരാൻ ദൈവത്തോടു പ്രാർത്ഥിക്കാൻ പറഞ്ഞാശ്വസിപ്പിക്കും. 
പലരും വലിയമ്മച്ചിയോടു അമ്മച്ചിയുടെ രോഗവിവരം അന്വേഷിക്കുമ്പോൾ പറയുന്ന കേൾക്കാം... ചേച്ചമ്മയുടെ  കഷ്ടപ്പാടിനെപ്പറ്റി.  " മുന്നോട്ടു പഠിക്കാൻ കഴിയുന്നോ... കെട്ടിച്ചു വിടേണ്ട പ്രായമല്ലിയോ.... അതിന്റെ കഷ്ടപ്പാടോർത്താൽ ..... ആ കൊച്ചിന്റെ തലേവര.... അല്ലാണ്ടെന്തു പറയാൻ... എന്നെക്കൊണ്ട് ഈ വയസ്സുകാലത്ത് എന്ത് ചെയ്യാൻ പറ്റും? " വലിയമ്മച്ചി നെടുവീർപ്പിടുന്നതു കേൾക്കാം. 

   തുടുത്ത മുഖവും, നല്ല വണ്ണവും ഉണ്ടായിരുന്ന അമ്മച്ചിയുടെ ഇന്നത്തെ മെല്ലിച്ചു  ശുഷ്കിച്ച രൂപം.... തെളിച്ചം നഷ്ട്ടപ്പെട്ട  കണ്ണുകൾ.... കഴിഞ്ഞ തവണത്തെ ആസ്പത്രി വാസത്തിനു ശേഷം തിരികെ വരുമ്പോൾ തലയിലെ മുടിയും നഷ്ട്ടപ്പെട്ടിരുന്നു. അറിയാതെ നിറഞ്ഞു തുളുമ്പിയ  കണ്ണുകൾ തുടച്ചു കൊണ്ട് അമ്മച്ചിയെ ഒന്നൂടെ വിളിച്ചു " അമ്മച്ചീ..."  " കൊച്ചുമോളേ നീ വേഗം പോകാൻ നോക്ക്... അമ്മച്ചി ഉറക്കമല്ലേ... " ചേച്ചമ്മ  താക്കീത് തന്ന് ചായയുമായി ധൃതിയിൽ അപ്പച്ചന്റെ അടുത്തേക്ക് പോയി.  വീടിനു മുന്നിലൂടെയുള്ള നടപ്പാതയിൽ നിന്നും കൂട്ടുകാരുടെ ബഹളവും, ചിരിയും, വർത്തമാനം പറച്ചിലും കേൾക്കാം . വീണ്ടും ചേച്ചമ്മയുടെ നീട്ടിവിളി. ഓടി മുറ്റത്തെക്ക്  വരുമ്പോൾ വഴിയിൽ കാത്തുനിൽപ്പുണ്ടായിരുന്നു  നീനയും, മിനിയും. അവർക്കൊപ്പം കളിച്ചും, ചിരിച്ചും, വർത്തമാനം പറഞ്ഞും നടക്കുമ്പോൾ അമ്മച്ചിയെ ഓർത്തുള്ള ആ വിങ്ങൽ മെല്ലെ മെല്ലെ അകന്നു കളിചിരികളിൽ മുഴുകി ഓടി ഓടി സ്കൂളിലേക്ക്. 

     പോകുന്ന വഴി പെൻസിൽ വാങ്ങാനായി സ്കൂളിനടുത്തുള്ള ത്രേസ്യാച്ചേടത്തിയുടെ വീടിനോട് ചേർന്നിരിക്കുന്ന പീടികയിൽ കയറി. പീടികത്തിണ്ണയിലും, മുറ്റത്തും കീ.... കീ... കീ... അലച്ചു കൊണ്ട് തള്ളക്കോഴിയുടെ പിറകെ നടക്കുന്ന ചുവപ്പുകളറിലെ    കോഴിക്കുഞ്ഞുങ്ങളെ  കണ്ട് കൗതുകപ്പെട്ട് " ഇതെങ്ങന ചേട്ടത്തീ എല്ലാത്തിനും ചുവപ്പുനിറം? " ആകാംക്ഷ അടക്കാനാവാതെയുള്ള  തങ്ങളുടെ ചോദ്യത്തിന് " കളറു മുക്കിയതാ പിള്ളാരെ കാക്കേം, പരുന്തും കൊണ്ടുപോവാണ്ടിരിക്കാൻ " എന്ന് ത്രേസ്യാച്ചേടത്തി. ചുവന്ന പഞ്ഞിക്കെട്ടു പോലത്തെ ആ കോഴിക്കുഞ്ഞുങ്ങളെ നോക്കി " ഓ എന്തൊരു ഭംഗി!!!" തങ്ങൾ മൂവരും ചേർന്ന് ഒരുപോലെ പറയുമ്പോൾ ത്രേസ്യാച്ചേടത്തി വിലക്കി " കണ്ണ് വക്കല്ലേ പിള്ളാരേ ഇത്രേം ആക്കിക്കൊണ്ടു വന്നപാടെനിക്കല്ലേ  അറിയൂ" 

      കീ... കീ.. ന്നുള്ള അവയുടെ കരച്ചിൽ.... അമ്മയെ വിളിക്കുന്നതാവാം.  തള്ളക്കോഴി ഓരോന്നു കൊത്തിപ്പെറുക്കി കോ.... ക്കോ... ക്കോ... ശബ്ദമുണ്ടാക്കുമ്പോൾ  കുഞ്ഞുങ്ങൾ ഓടി വന്ന്  തള്ളക്കോഴിക്കു ചുറ്റും കൂടി. ത്രേസ്യാച്ചേടത്തിയുടെ  കണ്ണുവെട്ടിച്ച്  അവയെ ഒന്നു തൊടാൻ മെല്ലെ അടുത്തേക്ക് ചെന്നതും തള്ളക്കോഴി ചിറകു വിടർത്തി ചീറി വന്നു.  ത്രേസ്യാച്ചേടത്തി ഒച്ച വെച്ചു " അതു നല്ല കൊത്തു വച്ചു തരും പിള്ളേരെ... അതിന്റെ കുഞ്ഞുങ്ങളെ പിടിക്കാൻ ചെന്നാൽ..."

     ത്രേസ്യാച്ചേടത്തിയുടെ പീടികയിൽ നിന്ന് ചുവപ്പിൽ കറുപ്പ് വരകളുള്ള പെൻസിലും വാങ്ങി വെളിയിലേക്കിറങ്ങിയപ്പോൾ  വീണ്ടും തിരഞ്ഞു പഞ്ഞിക്കെട്ടു പോലത്തെ ആ കോഴിക്കുഞ്ഞുങ്ങളെ... തൊടിയിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു തള്ളക്കോഴിയും, കുഞ്ഞുങ്ങളും.  ഒറ്റപ്പെട്ട കീ.....കീ....... കരച്ചിൽ കേട്ടുകൊണ്ട് തങ്ങൾ മൂവരും നോക്കുമ്പോൾ, വേലിക്കെട്ടിനിപ്പുറം ഒരു കോഴിക്കുഞ്ഞ്......... അമ്മയെക്കാണാതെ അതൊച്ചവച്ചു കരയുന്ന കണ്ട് സങ്കടം തോന്നി മൂവരും അങ്ങോട്ടോടി കുഞ്ഞിക്കോഴിയെ  പിടിക്കാനായുമ്പോൾ അതു പേടിച്ച് കീ..... കീ.... കരഞ്ഞ് അങ്ങോട്ടും  ഇങ്ങോട്ടും പരക്കം പാഞ്ഞു. ബഹളം കേട്ട ത്രേസ്യാച്ചേടത്തി വീണ്ടും ഒച്ച വച്ചു "സ്കൂളിൽ പോവാൻ നോക്ക് പിള്ളാരെ " 
" ചേട്ടത്തീ... ഈ കോഴിക്കുഞ്ഞ് അമ്മെക്കാണാതെ...." തങ്ങൾ പറയുമ്പോൾ ചേട്ടത്തി അകത്തു നിന്നും വിളിച്ചു പറഞ്ഞു " അതു ഞാൻ നോക്കിക്കൊള്ളാം.. നിങ്ങൾ പോവാൻ നോക്ക്..." 

     തിരിഞ്ഞുള്ള ഓട്ടത്തിനിടയിലും അമ്മയെക്കാണാഞ്ഞു പരിഭ്രമം പിടിച്ച കോഴിക്കുഞ്ഞിന്റെ കീ.... കീ...... നിലവിളി കാതിൽ മുഴങ്ങിക്കേട്ടപ്പോൾ സങ്കടം തോന്നി. പാവം അതിനെ ചേട്ടത്തി തള്ളക്കോഴിയുടെ അടുത്തെത്തിക്കുമോ  ആവോ!! 

     സ്കൂൾ ഗേറ്റ് കടന്നു ചെല്ലുമ്പോഴേ ഫസ്റ്റ് ബെൽ മുഴങ്ങുന്നുണ്ടായിരുന്നു.  മേരിക്കുട്ടി  ടീച്ചർ ഒന്നാം പീരീഡ് ക്ലാസ്സിലേക്ക് വന്നുകയറിയപ്പോൾ വലിയൊരു മഴ പെയ്തു തോർന്ന പോലെ ക്ലാസ്സിലെ 'കലപില ' ശബ്ദം അടങ്ങി ക്ലാസ്സ് മുറി നിശബ്ദമായി. ടീച്ചർ കൊണ്ടുവന്ന ഹാജർ ബുക്ക്,  പല കളറുകളിലുള്ള പേനകളും,പെൻസിലുകളും ഇവയൊക്കെ  ടേബിളിൽ വച്ച് " ഗുഡ് മോർണിംഗ്" പറഞ്ഞു. കുട്ടികളെല്ലാം ചേർന്ന് തിരിച്ചു വിഷ് ചെയ്യുമ്പോൾ കുട്ടികളിൽ നല്ല ഉത്സാഹം. കാരണം കുട്ടികൾക്കെല്ലാം പ്രിയപ്പെട്ട പീരീഡ് ആണ് ടീച്ചറിന്റെ ക്ലാസ്സ്. 

    ഹാജർ വിളി കഴിഞ്ഞതും ടീച്ചർ വിഷയത്തിലേക്ക് കടന്നു. മേശമേൽ വച്ചിരുന്ന വിവിധ കളറുകളിലുള്ള പേനകളും , പെൻസിലുകളും ഒക്കെ എടുത്ത് ടീച്ചർ ചോദിച്ചു.  " വാട്ട് ഈസ് ദിസ്? "  കുട്ടികൾ ഒരുമിച്ചു ചേർന്ന് മറുപടി പറയുമ്പോൾ ടീച്ചർ പറഞ്ഞു"സൈലെൻസ് .. ഞാൻ ചോദിക്കുന്നവർ മാത്രം ഉത്തരം പറഞ്ഞാൽ മതി." ടീച്ചർ ഓരോ പെന്നും, പെൻസിലും ഒക്കെ എടുത്തു കാട്ടി ഓരോരുത്തരുടെ നേരെ ചോദ്യങ്ങൾ എറിഞ്ഞു " വാട്ട് ഈസ് ദിസ്?" "വാട്ട് കളർ ഈസ് ഇറ്റ്?" വാട്ട് ഈസ് ദാറ്റ്?"
ഇംഗ്ലീഷിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നതിന്റെ ആഹ്ലാദത്തിൽ കുട്ടികൾ ഓരോരുത്തരും മത്സരിച്ച് ഉത്തരം പറഞ്ഞുകൊണ്ടിരുന്നു. അടുത്ത പീരീഡ് ശാരദ ടീച്ചർ കഴിഞ്ഞ ദിവസം പഠിപ്പിച്ച മലയാളം പദ്യം കുട്ടികളെക്കൊണ്ട് ചൊല്ലിപ്പിച്ചു. പിന്നെ കാണാതെ എഴുതിപ്പിച്ചു. 

     ഇന്റർവെൽ ബെൽ മുഴങ്ങിയതും കുട്ടികൾ ഒന്നടങ്കം വെളിയിലേക്കോടി. കിട്ടിയ സമയം അടിച്ചോ... പിടിച്ചോ കളിച്ചു, അടുത്ത വീട്ടിലെ കിണറ്റിൻ കരയിൽ പോയി വെള്ളം കുടിച്ചോടി വന്ന് ക്ലാസ്സ് റൂമിൽ കയറി. കുട്ടികളിൽ ആരോ പറഞ്ഞു " കുട്ടിയെ മേരിക്കുട്ടി ടീച്ചർ വിളിക്കുന്നു". ടീച്ചർ മറ്റൊരു 
ടീച്ചറുമായി വെളിയിൽ സംസാരിച്ചു നിൽക്കുന്നു.  തന്നെക്കണ്ടതും ടീച്ചർ പറഞ്ഞു " കുട്ടി വീട്ടിലേക്കു ചെല്ലൂ" .   ' എന്താവും കാര്യം?' മനസ്സിൽ അങ്ങനെയൊരു ചോദ്യം വന്നുവെങ്കിലും ടീച്ചറിനോടു ചോദിക്കാൻ നാവു പൊങ്ങിയില്ല. വേഗം വന്നു പുസ്തകങ്ങൾ അടുക്കി ബാഗിൽ വെക്കുമ്പോൾ നേരിയ ഒരു സംഭ്രമം മനസ്സിൽ. ബാഗുമായി വെളിയിൽ വരുമ്പോൾ ടീച്ചർ വെളിയിൽ കാത്തു നില്പുണ്ടായിരുന്നു. വാത്സല്യപൂർവം തോളിൽ തട്ടിക്കൊണ്ട് ടീച്ചർ പറഞ്ഞു " കുട്ടി വേഗം പൊയ്ക്കോളൂ  ട്ടോ ". 

     ബാഗുമായി നടന്നകലുംപോഴും വെറുതെ ക്ലാസ്സ് വരാന്തയിലേക്ക്  തിരിഞ്ഞൊന്നു നോക്കി. ടീച്ചർ അവിടെത്തന്നെ നോക്കിക്കൊണ്ടു നില്പുണ്ടായിരുന്നു.  ' എന്താവും കാരണം?' മനസ്സിലാ ചോദ്യം ഉയർന്നു വന്നപ്പോൾ വല്ലാത്ത ഒരു വിറയൽ ശരീരത്തെ ബാധിക്കുന്നതുപോലെ തോന്നിച്ചു.  പിന്നെ ഒന്നും നോക്കിയില്ല. ബാഗും തോളിലാക്കി  ആവുന്നത്ര വേഗത്തിൽ ഓടി. അപ്പോഴും മനസ്സിലാ ചോദ്യം ഉയർന്നു വന്നു ' എന്തിനാവും ടീച്ചർ വേഗം വീട്ടിൽ ചെല്ലാൻ പറഞ്ഞത്?' 

     എന്തോ ഒരു സംശയം മനസ്സിൽ തോന്നിയെങ്കിലും ഒന്നും ഉണ്ടാവില്ല എന്നാശ്വസിച്ചുവെങ്കിലും  ഓട്ടത്തിന്റെ സ്പീഡ് കൂടിയിരുന്നു.  സ്പീഡിലുള്ള ആ ഓട്ടത്തിൽ കിതപ്പോ, തള്ളവിരൽ ചെറുതായൊന്നു തട്ടിമുറിഞ്ഞതിന്റെ വേദനയോ അറിഞ്ഞതേയില്ല. സ്കൂൾ വഴിയേ നടന്ന് വായനശാലയുടെ ഇടത്തേവഴിയിലൂടെ സ്പീഡിൽ ഓടി ആ വലിയ കയറ്റം കയറുമ്പോൾ പള്ളിമണിയുടെ നിറുത്താത്ത ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. കിതപ്പ് കൂടി വരുന്നതുപോലെ തോന്നിച്ചു. എങ്കിലും ഓട്ടത്തിന്റെ വേഗം പതിന്മടങ്ങ് കൂട്ടി. നിറുത്താതെയുള്ള ആ പള്ളിമണി  തന്റെ നെഞ്ചിൽ പെരുമ്പറ മുഴങ്ങും പോലെ....   " ഈശോയെ എന്റെ കാലുകൾ തളരുന്നുവോ?"  ബാഗ് ഇങ്ങേത്തോളിലേക്ക് വലിച്ചിട്ട് വീണ്ടും ഓട്ടത്തിന്റെ ശക്തി കൂട്ടി. 

     വീട്ടുപടിക്കലെത്തിയതും  പതിവില്ലാത്ത ആൾക്കൂട്ടം. ' എന്താവും?  വീണ്ടും അമ്മച്ചിയെ ആസ്പത്രിയിൽ  കൊണ്ടുപോകുകയായിരിക്കുമോ? '.  തോളിൽക്കിടന്ന ബാഗ് ഊരി കൈയ്യിൽപ്പിടിച്ച് മെല്ലെ മുറ്റത്തെക്ക് കയറിച്ചെല്ലുംപോൾ  ഔസേപ്പപ്പാപ്പൻ വന്ന് ബാഗ് വാങ്ങി കൈയ്യിൽപിടിച്ചുകൊണ്ടു  അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എവിടെ നിന്നൊക്കെയോ തേങ്ങലും, കരച്ചിലും എന്നെക്കണ്ടപ്പോൾ. ' എന്തിനാവും ഇവരൊക്കെ കരയുന്നത്? അമ്മച്ചിക്ക് അസുഖം കൂടിയിട്ടുണ്ടാവുമോ? അപ്പച്ചനും, ചേച്ചമ്മയും എവിടെ...... കാണുന്നില്ലല്ലോ?' 

     പൂമുഖത്തുനിന്നും അകത്തെ വിശാലമായ ഹാളിലേക്ക് കാലെടുത്തു വച്ചപ്പോൾ കണ്ടു ഹാളിനു നടുക്ക് കട്ടിലിൽ വെള്ളത്തുണിയിൽ പുതപ്പിച്ച് അമ്മച്ചിയെ കിടത്തിയിരിക്കുന്നു.  കട്ടിലിൽ തല വച്ചു കിടന്ന ചേച്ചമ്മ തല പൊക്കിയതും ഒച്ചവച്ച് പതം പറഞ്ഞു കരഞ്ഞു. " കൊച്ചുമോളെ.....നമ്മക്കിനി ആരും 
ഇല്ലാണ്ടായില്ലേടീ......"  അടുത്തിരുന്ന സ്ത്രീകളിൽ ആരൊക്കെയോ ചേച്ചമ്മയെ ആശ്വസിപ്പിക്കുന്നു. ഔസേപ്പ്പപ്പാപ്പന്റെ  ആലീസമ്മാമ്മ  എണീറ്റുവന്ന് തന്നെക്കൂട്ടി അമ്മച്ചിയുടെ അടുത്തേക്ക് കൊണ്ടുചെന്നു. നിയന്ത്രണം വിട്ടുപോയ താൻ ഏങ്ങലടിച്ചു വിളിച്ചു " അമ്മച്ചീ....." 
    സങ്കടം സഹിക്കാനാവാതെ അടുത്തിരുന്ന വലിയമ്മച്ചി തന്നെക്കെട്ടിപ്പിടിച്ചുകൊണ്ട്  പറഞ്ഞു " മോളമ്മച്ചിക്കൊരുമ്മ കൊടുത്താട്ടെ..." അമ്മച്ചിയുടെ നെറ്റിത്തടത്തിൽ അമർത്തി ഉമ്മ വച്ചിട്ടും അമ്മച്ചി ഉണർന്നു നോക്കിയില്ല. താൻ  വലിയമ്മച്ചിയുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു " വലിയമ്മച്ചി... അമ്മച്ചി എന്താ കണ്ണു തുറക്കാത്തെ.... ?" വലിയമ്മച്ചി തന്നെ ചേർത്തു പിടിച്ച് ഏങ്ങലടിച്ചു കരഞ്ഞു. 

      'അമ്മച്ചീ........ അമ്മച്ചീ....... താൻ ഏങ്ങലടിച്ചുകൊണ്ട് മുന്നോട്ടാഞ്ഞ് അമ്മച്ചിയെ വിളിച്ചു. അമ്മച്ചിയെ തൊട്ടുണർത്താനായി  നീട്ടിയ കൈകളിൽ തടഞ്ഞുകൊണ്ട് തന്നെ വലിയമ്മച്ചി ചേർത്തു പിടിച്ചു. ഏങ്ങലടിക്കിടയിൽ താൻ വലിയമ്മച്ചിയോടു ചോദിച്ചു " വലിയമ്മച്ചീ..... അമ്മച്ചിയെന്താ കണ്ണു തുറക്കാത്തെ?"
വലിയമ്മച്ചി പറഞ്ഞു " കണ്ണു തുറക്കില്ല മോളെ.... മടക്കയാത്രയായി.. കർത്താവിന്റെ അടുത്തേക്ക്... എന്റെ മോൾ കുരിശു വരച്ച് പ്രാർത്ഥിക്ക്.."

     വലിയമ്മച്ചിയുടെ നെഞ്ചിൽ മുഖം അണച്ച് വിങ്ങിപ്പൊട്ടി കരയുമ്പോൾ കാതിൽ മുഴങ്ങുന്നു കീ.... കീ... ന്നുള്ള ആ നിലവിളി... താൻ രാവിലെ കണ്ട ആ കോഴിക്കുഞ്ഞിന്റെ നിലവിളിയല്ലേ അത് ...!!?

________________________________~~~~~~~~~____________________
ചിത്രത്തിനു ഗൂഗിളിനോട് കടപ്പാട്

ഒരു യാത്ര കൂടി ......


തണുപ്പുള്ള ഒരു മഴതുള്ളി മുഖത്തു വീണപ്പോഴാണ് ഞാൻ ഞെട്ടിയുണർന്നത് , പുറത്തേക്ക് നോക്കിയപ്പോൾ  ഇടതൂർന്ന് നില്കുന്ന കാട്ടു മരങ്ങൾ മാത്രം കണ്ടു.
പ്രകൃതി നേരിയ കരിമ്പടം പുതച്ചു നില്പുണ്ട്   ,  ഇളം കാറ്റിൽ ഊഞ്ഞാലാടുന്ന ഇലകളിൽ മഴത്തുള്ളികൾ വീണു തിളങ്ങുന്നുണ്ട് ,  ചെറിയ മൂളലോടെ പായുന്ന ബസ്സിലെ വിൻഡോ ഗ്ലാസ്സിന്റെ ഇടയിലൂടെ അരിച്ചു കയറുന്ന  കാറ്റിനൊപ്പം കുഞ്ഞു മഴത്തുള്ളികൾ യാത്രക്കാരുടെ മുഖത്തു പതിക്കുന്നുണ്ട് ,
നാട്ടിൽ നിന്ന് യാത്ര തിരിക്കുമ്പോൾ തന്നെ പെയ്യാൻ വിതുമ്പി നില്പുണ്ട് മഴ , എല്ലായിപ്പോഴും എനിക്ക് യാത്രക്ക് കൂട്ട് ഈ മഴയാണ് മഴയോടുള്ള എന്റെ പ്രണയമാവാം കാരണം.
മഴക്കാലത്തെ യാത്രകൾ വല്ലാത്തൊരു അനുഭൂതിയാണ് , പെയ്തിറങ്ങുന്ന മഴയിലേക്ക് കണ്ണുനട്ട് തണുത്ത കാറ്റേറ്റു  ഈറനുടുത്തു പിറകോട്ടു ചലിക്കുന്ന   പ്രകൃതി ഭംഗി ആസ്വദിച്ച് ,
സമയം നാല്  മണിയോടടുക്കുന്നു.
ഇനി കഷ്ടിച്ച് അരമണിക്കൂർ കൂടിയേ ഉള്ളൂ  ഇറങ്ങാൻ ,
ഓർമയിലേക്ക് ഓരോ മുഖങ്ങൾ തെളിഞ്ഞു വന്നു , വർഷങ്ങൾ കുറച്ചായി ഇതു വഴി വന്നിട്ട് ,
പഠന കാലം അവസാനിപ്പിച്ച ശേഷം എത്തിപ്പെട്ട നാടാണ് , കാടിനോട് ചേർന്ന് നില്കുന്ന മനോഹരമായ നാട് , നെൽ കതിരുകൾ ചാഞ്ഞുലഞ്ഞു നൃത്തമിട്ടു പാട്ടു മൂളുന്നതു കേൾക്കാം , കാടിനുള്ളിൽ നിന്നുൽഭവിച്ചു  പാടങ്ങളെ ചുറ്റി പുഴയിൽ ഒഴുകി ലയിക്കുന്ന കൊച്ചരുവി ,
പാതകൾക്ക് ഇരു വശത്തും ചെറിയ കടകൾ .
മലയാളികളാണ് ഇവിടെ വസിക്കുന്നവർ , സുള്ളിയ മടിക്കേരി പാതയിൽ ഗൂനടുക്ക എന്ന ഈ ഗ്രാമം  ,
ചെറിയൊരു വളവു തിരിഞ്ഞു ബസ്സ്‌ ഒരു കിലുക്കത്തോടെ നിന്നു , ഉറക്കം തൂങ്ങിക്കിടന്നവർ ചാടിയെഴുനേറ്റു ഇറങ്ങി , പതിയെ ഞാനും
മഴമുത്തുകൾ എനിക്ക് മേൽ ചിതറി വീണു.

പാതയോരത്ത് മഴ നനഞ്ഞു വലിയൊരു പുളിമരം നില്പുണ്ട് ചുറ്റും കെട്ടിയ തറയിൽ മഴ കൊള്ളാതെ മരത്തോടു ഒട്ടി നില്കുന്നുണ്ട് ഒരാട്ടിൻ കുട്ടി ,
എന്നെ കണ്ടപാടെ കടയുടെ മുൻപിൽ നിന്നിരുന്ന   പ്രിയ സുഹുർത്ത് സിറാജ് ഓടിവന്നു ഒരു കുടയുമായി,
വരുമെന്ന് അവനെ വിളിച്ചു പറഞ്ഞിരുന്നു
"അപ്പൊ വഴിയൊന്നും മറന്നിട്ടില്ല അല്ലെ ''  അവന്റെ ചോദ്യം പുഞ്ചിരിയോടെ നേരിട്ടു ഞാൻ കുടക്കീഴിലേക്ക് കയറി.
കടയുടെ മുൻപിൽ എത്തിയപ്പോഴേ കേട്ടു.
ചുപ്കെ ചുപ്കെ രാത്ത് ദിൻ ആൻസോ ബഹാനാ യാദ് ഹെ...........
ഉസ്താദ്‌ ഗുലാം അലിയുടെ മനോഹരമായൊരു ഗസൽ
കടയിലേക്ക് കയറുമ്പോഴേ കണ്ടു , കയ്യിൽ കട്ടൻ ചായയും വിരലുകൾക്കിടയിൽ എരിയുന്ന സിഗരറ്റുമായി ഗസലിൽ ലയിച്ചിരിക്കുന്ന വറീദേട്ടൻ.
മനോഹരമായൊരു  സായാഹ്നക്കാഴ്ച  ,
പുറത്തു പെയ്തൊഴിയുന്ന മഴ അതിലേറെ ഭംഗിയായി  ഗസലിന്റെ മാസ്മരിക സംഗീതം.
വറീദേട്ടാ ,,,,,, എന്റെ വിളി കേട്ട് തല ചെരിച്ച് നോക്കി ചില നിമിഷങ്ങൾ
ഹ... നീയോ ,,,  എവിടാർന്നു ,,,
ഇവിടെയോക്കെയുണ്ട് ,,,,,, ഞാൻ പുഞ്ചിരിയോടെ പറഞ്ഞു ,,
നല്ല രസാല്ലെ ,, ഗസലും മഴയും ചായ പുക ,, ഞാൻ കളിയാക്കി ,,
അതല്ലേ , അതിന്റെ ശരി , മൗലാന മൊഹാനി എഴുതിയ വരികളാ അതിനു ഉസ്താദിന്റെ ശബ്ദം കൂട്ടിനു  ,, ഈ ചായയും പുകയും മഴയുമൊക്കെ ഒരു ലഹരിയാണ് ,,
ഞാൻ അത്ഭുതത്തോടെ നോക്കി കൊള്ളാലോ ,
ഇതാണ് ആസ്വാദനം , വെറുതെ കണ്ണടച്ച് പാട്ട് കേൾക്കുന്ന എനിക്ക് എഴുതിയ ആളെയോ പാടുന്ന ആളെയോ അറിയില്ല , വെറുതെ കേട്ടു കൊണ്ടിരിക്കും
വറീദേട്ടൻ  , ഈ നാട്ടിൽ നാൽപതു  വർഷത്തോളമായി , കൊക്കോ കൃഷിയാണ്, കൊല്ലത്തെവിടെയോ ആണ് നാട്  കറുത്ത ചെറിയ മനുഷ്യൻ പുകയിലക്കറ പിടിച്ച പല്ലും ചുണ്ടും, എഴുതാനോ വായിക്കാനോ അദ്ദേഹത്തിനു അറിയില്ല പതിനഞ്ചാം   വയസ്സിൽ കൂപ്പിൽ ജോലിക്ക് വരുന്നവരുടെ കൂടെ വന്ന് എത്തിപ്പെട്ടതാണ് നാട്ടിൽ ആരും ഇല്ലാത്തതിനാൽ തിരിച്ചു പോയില്ല ,, ഞാൻ അവിടെ ഉണ്ടായിരുന്ന സമയത്ത് അദ്ദേഹം തന്നെ പറഞ്ഞതാണ്
വൈകുന്നേരങ്ങളിൽ കാടിനോട്‌ ചേർന്നുള്ള ചെറിയ മൈതാനിയിൽ വോളിബോൾ കണ്ടിരിക്കും ഞങ്ങൾ , വോളിബോൾ ആ നാടിന്റെ ആത്മാവോട് ലയിച്ച പോലെയാണ് , കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ കോർട്ടിൽ കാണും , അതിലെ പ്രധാനിയാണ്‌ മമ്മദിക്ക ,,
പ്രായത്തെ വെല്ലുന്ന ഉണർവ്വാണ് , കോർട്ടിൽ അദ്ദേഹമാണ് താരം ,
എപ്പോഴും നല്ല ഉച്ചത്തിൽ എല്ലാരോടും തമാശ പറഞ്ഞോണ്ടിരിക്കും ,,മമ്മദിക്കാന്റെ ഭാര്യ കദീജുമ്മ യും അങ്ങനെ തന്നെ , എല്ലാരുമായും നല്ല ബന്ധമാണ് , അരുവിയോട് ചേർന്നാണ് അവരുടെ വീട് , അലക്കലും പാത്രം കഴുകലുമൊക്കെ അതിൽ നിന്നാണ് ,, അടുക്കള മുറ്റം നിറയെ പൂക്കൾ വെച്ച് പിടിപ്പിച്ചിരുന്നു അന്ന് , അതിനിടയിൽ വിളഞ്ഞു നിൽകുന്ന പച്ചക്കറികളും കാണും കൂടുതലും പൂ ചെടികളാണ് , അവർ രണ്ടുപേര് മാത്രയുള്ളൂ മക്കളില്ല , ഒരു മകൻ ഉണ്ടായിരുന്നത് ചെറുപ്പത്തിൽ തന്നെ എന്തോ അസുഖം വന്നു മരിച്ചതാണ് ,  അവരെ കാണാൻ ആണ് ഞാൻ വന്നത് തന്നെ , കുറെ നാളായിട്ടുള്ള ആഗ്രഹമാണ് ,
അതിനു മുൻപ് അവിടെയുള്ള പ്രസിദ്ധമായ പേരെടുക്ക മഖാമിൽ ചെല്ലണം അതിനാണ്  സിരാജിനോട്  നിൽകാൻ പറഞ്ഞത് , കാരണം കാടിനുള്ളിലൂടെ നടക്കണം തേക്കിൻ കാടാണ് ഇടയ്ക്കു ആനയുടെ ചൂളം വിളി കേൾകാം , മുളക്കാടുകൾ ഉള്ളത് കൊണ്ട് അതിനെ ചവിട്ടി മെതിക്കലാണ് ആനയുടെ പ്രധാന ജോലി ,,
എന്റെ ചിന്തയെ മുറിച്ച് സിറാജ് ചോദിച്ചു ,,നമുക്ക് പോയാലോ
പോകാം ,, റോഡിനു മറുവശത്ത്‌ കിടക്കുന്ന കാറ് ചൂണ്ടി അവൻ പറഞ്ഞു , വണ്ടിയിൽ പോകാം  ഇപ്പൊ അവിടേക്ക് റോഡായിട്ടുണ്ട്,,
എന്തിനു വണ്ടി നമുക്ക് നടക്കാം രസായിട്ട് ,,
 ഞങ്ങൾ അവിടെയുള്ളവരോട് യാത്ര പറഞ്ഞു നടന്നു
റോഡിന്റെ ഇടതു വശത്ത്‌ അനാഥമായി കിടക്കുന്ന വോളിബോൾ കോർട്ട് ശ്രദ്ധിച്ചു.
നെൽ പാടം മഴയിൽ കുതിർന്നു നില്പുണ്ട് , അരുവിക്ക്‌ മുകളിലെ തടിപ്പാലം കടന്നു വരമ്പിലേക്ക് ഇറങ്ങുമ്പോൾ മനസ്സ് ഒന്നിടറി
എന്റെ പ്രണയം ജന്മം കൊണ്ടത്‌ ഈ വഴികളിലാണ് , സ്വപ്നം കണ്ടു തുടങ്ങിയ വയൽ വരമ്പിന്റെ  , അറ്റത്തു  ചുവന്ന ഷാൾ ഉലയുന്നുണ്ടെന്നു തോന്നി ,,
അവളുടെ വളകിലുക്കം പോലുള്ള ചിരി മഴയിൽ ലയിച്ചു കേൾക്കുന്ന പോലെ, എന്നെ ഈ വഴികളിലൂടെ നടത്തുന്നത് ആ ഓർമകളാണ് , നീറുന്ന ഓർമ്മകൾ,,  ഞാൻ സ്വയം മുറിപ്പെടുത്തി അറുത്തു മാറ്റിയതാണ്  ആ സ്വപ്നം, ഒടുവിൽ യാത്രപറഞ്ഞു പിരിയാൻ നേരം ഒരുപാട് നോവുകൾ  കൂട്ടിച്ചേർത്തു അവൾ പുഞ്ചിരിച്ചപ്പോൾ മൂക സാക്ഷിയായി മഴയുണ്ടായിരുന്നു എന്റെ കണ്ണീരിന്റെ അംശം പോലെ ,,
വേണ്ടെന്നു വിലക്കീയിട്ടും  ആർദ്രമായ്‌ ആ മുഖത്തെ പിന്നെയും മനസ്സിലേക്ക് ആവാഹിക്കുന്നതു ഏതു ശക്തിയാണ്..?
എന്താ പതിവ് തെറ്റിച്ചു ഇങ്ങോട്ട് വരാൻ ?,
എന്റെ വഴുതിപ്പോയ ചിന്തയെ അവന്റെ ചോദ്യം തിരിച്ചു കൊണ്ട് വന്നു
ഈ നാടൊന്നു കാണണം , പിന്നെ മമ്മദിക്കാനെയും .
ഏതു മമ്മദിക്ക ?
നമ്മുടെ വോളിബോൾ ,, പറഞ്ഞു തീരും മുൻപേ അവൻ വേരിറങ്ങിയ പോലെ നിന്നു
''നിനക്കറിയില്ലേ ആ കഥയൊന്നും ?''
എന്ത് കഥ ? എന്റെ ശ്വാസഗതി കൂടിയത് പോലെയായി
കദീജുമ്മ മരിച്ചിട്ട് മൂന്നു വർഷായി , കുറെ നാൾ ആശുപത്രിയിൽ ആയിരുന്നു
ബ്രെസ്റ്റ് കാൻസർ '' അവനൊന്നു നിർത്തി.
എന്റെ ശ്വാസം വിലങ്ങിഅവരുടെ ഉച്ചത്തിലുള്ള വിളി ഇപ്പോഴും കാതിലുണ്ട്.
"ആണ്‍ കുട്ടികൾ അലക്കാനൊന്നും നിക്കരുത്‌ അതിനല്ലേ ഇവിടെ പെണ്ണുങ്ങൾ  അതിങ്ങു തന്നാ  പോരെ ഞാൻ ചെയ്യൂലെ ''
ശാസന കലർന്ന വാക്കുകൾ,  നിർബന്ധിച്ചു പിടിച്ചു വാങ്ങി എന്റെ ഡ്രെസ്സുകൾ അലക്കി ഉണങ്ങാനിടുന്നതിനിടെ അവർ പറയും
 ''നിനക്ക് നിന്റെ കേട്ടിയോളോട് പറഞ്ഞു കൊടുക്കാലോ എന്നെ പറ്റി'' ,,  പിന്നെ ഉച്ചത്തിൽ പൊട്ടിച്ചിരിയും
അപ്പൊ മമ്മദിക്ക ,, ?
ആദ്യം  പുറത്തൊക്കെ കാണാറുണ്ടായിരുന്നു ആരോടും ഒന്നും മിണ്ടാറില്ല, ആ പുളിമരത്തിന്റെ തറയിൽ വന്നിരിക്കും   അല്ലെങ്കിൽ പള്ളിയിലേക്ക് ബാക്കിയുള്ള സമയം വീട്ടിനുള്ളിൽ തന്നെ കാണും , ഒറ്റക്കിരുന്നു സംസാരിച്ചു കൊണ്ട് , പിന്നെ പുറത്തിറങ്ങാതായി.
ഞാൻ ഒന്നും മിണ്ടാനാവാതെ നിന്നു ,,
മമ്മദിക്ക എപ്പോഴും തമാശയുമായി നടക്കുന്നയാളാണ്  ,
ഒരിക്കൽ പോലും സീരിയസ് ആയിട്ട് കണ്ടിട്ടില്ല , ഒരുദിവസം എന്നോട് പറഞ്ഞു ,
 ''എടാ ഒരു പെണ്ണുണ്ട് നല്ലൊരു  പയ്യനെ വേണം  നല്ല സ്ത്രീധനം കൊടുക്കാം , പ്രായം ഇത്തിരി കുറവാണ് , അത് സാരമില്ല നാവിന്റെ നീളം കൂടുതലുണ്ട് ''
അതാരാ മമ്മദ്ക്കാ ,, നിങ്ങടെ ബന്ധുവാ ?
''ഉം ചെറിയൊരു ബന്ധമുണ്ട് ,,,  ദേ അവിടെ നിക്കുന്നു വല്ലാത്ത ശല്യാണ് ..
ഞാൻ നോക്കിയപ്പോൾ കദീജുമ്മ നില്കുന്നുണ്ട് ,  ഞാൻ ചിരിച്ചു
''അതിനു തലക്ക് സൂക്കെടാണ് , മോനെ ,, നീ കാര്യാകണ്ട'' അവരെന്നെ നോക്കി പറഞ്ഞു ,
''എന്തെ ഇന്ന് വഴക്കുണ്ടായോ ,''
''ഹേയ് വെറുതെ'' ,,
അത്രയും സ്നേഹമുള്ള ദമ്പതികളെ ഞാൻ വേറെ കണ്ടിട്ടില്ല.
സിറാജ് നടന്നു കുറച്ചു മുൻപിൽ എത്തിയിരുന്നു
അവൻ തിരിഞ്ഞു എന്നെ നോക്കി തുടർന്നു ,
രണ്ടു ദിവസം പുറത്തു കാണാത്തപ്പോൾ ആരോ പോയി നോക്കിയതാ , വിളിച്ചിട്ട് മിണ്ടാതായപ്പോൾ ആളെ കൂട്ടി വാതിൽ പൊളിച്ചു അകത്തു കടന്നത്‌, ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് മരിച്ചിട്ട് ഒരു ദിവസം കഴിഞ്ഞിരുന്നു എന്നാ ,,
തികഞ്ഞൊരു നിശബ്ദത എനിക്ക് ചുറ്റും പരന്നു ഇലയനക്കങ്ങൾ പോലുമില്ലാതെ.
കാട്ട്  വഴികളും പുഴയും കടന്നു ഞങ്ങൾ മഖാമിലെത്തി ,
തിരിച്ചിറങ്ങുമ്പോൾ സിറാജ് കാണിച്ചു തന്നു
അവരുടെ ഖബർ ,,
അതിനു മുകളിൽ ഏതോ കാട്ടു തൈകൾ വളർന്നു നിൽകുന്നു  ഞാൻ ചില നിമിഷങ്ങൾ അതിനു മുന്നിൽ നിന്നു ,,,, പിന്നെ തിരിഞ്ഞു നടന്നു
ഇരുൾ മൂടിയ ആകാശത്തു നിന്ന് പിന്നെയും മഴ പൊഴിഞ്ഞു കൊണ്ടിരുന്നു .


അസീസ്‌ ഈസ  (+966 546903968 )

ദാമ്പത്യചരിത്രം തുടരുന്നു

ഡോ. എം. ജി.എസ് തുടരുന്നു.

"വിവാഹത്തിന്റെ കാര്യത്തിൽ നമ്മേക്കാൾ ഭേദമാണ് പാശ്ചാത്യർ. അവർ കുറച്ചു കാലത്തേക്കെങ്കിലും അനുരാഗത്തോടെ ജീവിക്കുന്നവരാണ്."

ഈ വരികളിൽ ഭാരതത്തിലെ വിവാഹത്തിന്റെ കാപട്യം ഉന്മൂലനം ചെയ്യാനുള്ള ഒറ്റമൂലി അദ്ദേഹം ഒളിച്ചു വച്ചിട്ടുണ്ട്. അത് മറ്റൊന്നുമല്ല; പാശ്ചത്യരെപ്പോലെ ദാമ്പത്യം നയിക്കുക എന്നതാണത്.

അറിയില്ലേ അവിടത്തെ രീതികളെക്കുറിച്ച്? പാശ്ചാത്യർ നമ്മളെപ്പോലെ ആജീവനാന്തം ദമ്പതികളാണ് എന്നു പറഞ്ഞ് ഒരുമിച്ചു ജീവിക്കാറില്ല. അനുരാഗത്തിന്റെ തീവ്രത അവസാനിക്കുമ്പോൾ അവർ ദാമ്പത്യബന്ധം അവസാനിപ്പിക്കും. എന്നിട്ട് ഭാര്യ ഭാര്യയുടെ പാട്ടിനും ഭർത്താവ് ഭർത്താവിന്റെ പാട്ടിനും പോകും. കുട്ടികളോ സ്വത്തോ സ്വർണമോ സ്ത്രീധനമോ പിന്നെ അവർക്കിടയിൽ ഒരു തടസ്സവും ആകാറില്ല. രണ്ടു കൂട്ടരും പിന്നെ നയിക്കുന്നത് പുതിയ ദാമ്പത്യജീവിതമായിരിക്കും.

ദമ്പതികൾക്ക് ആജീവനാന്തം ആത്മാർത്ഥമായി ഒരുമിച്ച് ജീവിക്കാൻ പറ്റില്ല എന്ന് ദാമ്പത്യ ചരിത്രകാരൻ പറഞ്ഞ സ്ഥിതിക്ക് നമുക്കും പാശ്ചാത്യരുടെ വഴിക്ക് ചിന്തിക്കാവുന്നതേയുള്ളു. അതിന് ഏറ്റവും പറ്റിയ മാർഗ്ഗം കല്യാണം കഴിഞ്ഞ് അത് രജിസ്റ്റർ ചെയ്യുമ്പോൾ അതിന് ഒരു കാലാവധി നിശ്ചയിക്കുക എന്നതാണ്. നമ്മൾ ഒരു കാറു വാങ്ങുമ്പോൾ അത് വെറും 15 വർഷത്തേക്കല്ലേ റജിസ്റ്റർ ചെയ്യുന്നത്? അതുപോലെയാകട്ടെ ഇനി നമ്മുടെ വിവാഹവും. വേണമെങ്കിൽ കല്യാണം ഒരു 25 വർഷത്തേക്ക് വരെ റജിസ്റ്റർ ചെയ്യാം. അത് എത്ര വേണമെന്നറിയാൻ നമ്മുടെ ദൃശ്യമാദ്ധ്യമങ്ങളിൽ പ്രൈം ടൈമിൽ ഒരു ചർച്ച ആകാവുന്നതുമാണ്. വിഷയം ഇതായതുകൊണ്ട് ചർച്ചക്ക് ആളെ കിട്ടാതെ വരില്ല എന്നുറപ്പാണ്. 25 വർഷം കഴിയുമ്പോൾ ഈ ബന്ധം താനേ ഇല്ലാതായിക്കോളും. അപ്പോൾ പിന്നെ വിവാഹമോചനത്തിന്റെ പ്രശ്നം ഉദിക്കുന്നില്ലല്ലോ? ഇനി തുടർന്നും ഒരുമിച്ച് പഴയ ദാമ്പത്യം വേണമെങ്കിൽ ദമ്പതികൾക്ക് റജിസ്‌ട്രേഷൻ പുതുക്കാവുന്നതുമാണ്. അങ്ങനെ റി-റെജിസ്‌ട്രേഷൻ വഴി ദാമ്പത്യം തുടരാൻ എന്തൊക്കെ നിബന്ധനകൾ പാലിക്കണമെന്ന് നിയമസഭയിൽ ചർച്ച ചെയ്തു തീരുമാനിക്കാവുന്നതേ ഉള്ളൂ.  ജനപ്രതിനിധിസഭകളിൽ സ്ത്രീകളുടെ എണ്ണം കൂടിക്കൂടി വരുന്നതു കൊണ്ട് രണ്ടു ഭാഗത്തു നിന്നും സജീവമായ ചർച്ചകളും ഇടപെടലുകളും പ്രതീക്ഷിക്കാവുന്നതുമാണ്. അതെന്തായാലും വിവാഹത്തിന്റെ റീ-റെജിസ്‌ട്രേഷന് മുന്നോട്ടു വരുന്ന ദമ്പതികളുടെ എണ്ണം കുറവായിരിക്കുമെന്നാണ് എന്റെ അനുമാനം. അതും നമ്മുടെ കാറിന്റെ Case Study-യിൽ നിന്നാണ് ഞാൻ അനുമാനിക്കുന്നത്. 15 വർഷം കഴിയുമ്പോൾ എത്രപേർ അതേ കാർ റീ-റെജിസ്റ്റർ ചെയ്യുന്നുണ്ട്? തുലോ വിരളം. എല്ലാവരും അപ്പോഴേക്കും പുതിയ കാറിന്റെ make-ഉം model-ഉം കണ്ടു വച്ചിരിക്കും. നമ്മുടെ റീ-വിവാഹത്തിന്റെ കാര്യത്തിലും അങ്ങനെയേ സംഭവിക്കൂ. ആദ്യത്തെ ദാമ്പത്യം നടക്കുമ്പോൾ എല്ലാവരും 25 വർഷം കഴിഞ്ഞാലുള്ള പുതിയ ബന്ധത്തിനു പറ്റിയ ആളെ കണ്ടെത്തുന്ന തിരക്കിലായിരിക്കും എന്നാണെന്റെ ഒരു വിലയിരുത്തൽ. അതാലോചിക്കുമ്പോൾ 25 വർഷം ഇത്തിരി കൂടുതലാണെന്നു തോന്നുന്നു. അതുകൊണ്ട് വിവാഹവും കാറിനെപ്പോലെ 15 വർഷത്തേക്ക് റജിസ്റ്റർ ചെയ്താൽ മതിയാകും....

മറ്റൊരു നിർദ്ദേശം കൂടി എനിയ്ക്കുണ്ട്. അതിതാണ്. 15 വർഷം കഴിയുമ്പോൾ പഴയ കാർ നമ്മൾ ഗാരേജിൽ സൂക്ഷിക്കുകയും പുതിയ കാർ വാങ്ങുകയും ചെയ്യാറുണ്ടല്ലോ. അതുപോലെ 15 വർഷമെന്ന വിവാഹ റെജിസ്‌ട്രേഷന്റെ കാലാവധി തീരുമ്പോൾ പഴയ ഭാര്യയെ വീട്ടിൽ നിർത്തിക്കൊണ്ടു തന്നെ പുതിയ ഒരു റെജിസ്‌ട്രേഷൻ (വിവാഹം) ആകാവുന്നതാണ്. എന്റെ ഈ നിർദ്ദേശത്തിന് ഭൂരിപക്ഷം പുരുഷന്മാരും പിന്തുണ നൽകുമെന്നാണ് എന്റെ ഒരു അനുമാനം.  പക്ഷേ സ്ത്രീകൾ സമ്മതിക്കുമോ എന്തോ? എന്തായാലും 15 വർഷം കഴിഞ്ഞുള്ള പുതിയ വിവാഹ റജിസ്‌ട്രേഷന് അനന്ത സാദ്ധ്യതകളാണ് ഉള്ളത്.  15 വർഷത്തെ പരിചയമുള്ള ഭർത്താവിന് അടുത്ത വിവാഹറജിസ്‌ട്രേഷനു വേണ്ടി "പരിചയസമ്പന്നയായ വധുവിനെ ആവശ്യമുണ്ട്" എന്ന് സധൈര്യം പരസ്യം ചെയ്യാലോ? ഇക്കാര്യത്തിൽ സ്ത്രീകൾക്കും പരിചയം ഉണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്. വീടുകളിൽ എക്സ്ചെയ്ഞ്ച് കല്യാണം നടക്കുന്നത് പോലെ 15 വർഷം കഴിഞ്ഞുള്ള രണ്ടാം വിവാഹം ചിലപ്പോൾ അയൽവാസികൾ തമ്മിലുള്ള എക്സ്ചെയ്ഞ്ച് കല്യാണം ആയി എന്നും വരാം.

ഒന്നിലധികം സ്ത്രീകളുമായി ഒരേ സമയം ബന്ധം സ്ഥാപിക്കുന്നത് നല്ല സ്വഭാവമല്ല എന്ന് തോന്നിയേക്കാം. അത് ഒരു പരിധി വരെ ശരിയുമാണ്‌. പക്ഷേ ഒന്നിലധികം സ്ത്രീകളുമായി ഒരേ സമയം ബന്ധമുണ്ടാകുന്നത് ഒരു...... ഒരു..... ഒരു...... ഒരു തരം Art of Living ആണ്‌ എന്നാണ്‌ ആളുകളിപ്പോൾ പറയുന്നത്. ഒരു സ്ത്രീയുമായുള്ള ബന്ധം വെറും Part of Living ആണത്രെ; അതിൽ പ്രത്യേകിച്ചൊരു ആർട്ട് (കല) ഒന്നും കാണാനില്ല; അത് ആർക്കും സാധിക്കാവുന്നതേ ഉള്ളൂ.  ആർട്ട് ഓഫ് ലിവിങ്ങ് -ന് മലയാളത്തിൽ 'ജീവിതകല' എന്നു പറയാം. പാർട്ട് ഓഫ് ലിവിങ്ങ് എന്നത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. ഒന്നിലധികം സ്ത്രീകളുമായുള്ള ബന്ധം ജീവിതത്തിൽ മായാത്ത കല (scar) സൃഷ്ടിക്കുമെന്നതിനാലാണ് അതിന് ജീവിതകല എന്നു പറയുന്നത്. ജീവിതത്തിൽ മാത്രമല്ല ചിലപ്പോൾ ശരീരത്തിലും scar ഉണ്ടായേക്കാം... ആചാര്യൻ ശ്രീ ശ്രീ ശ്രീ രവിശങ്കറുടെ 'ജീവനകല' ഇതിൽ നിന്നെല്ലാം തുലോം വ്യത്യസ്തമാണ്.

ആജീവനാന്തം ആത്മാർത്ഥമായ ദാമ്പത്യം പറ്റില്ല എന്ന ചരിത്രവസ്തുത മനസ്സിലാക്കിയതു കൊണ്ടാണ് ഞാൻ ഇതുമായി ബന്ധപ്പെട്ട എന്റെ ചിന്തകൾ ഇവിടെ കോറി ഇടുന്നത്. സത്യം പറഞ്ഞാൽ വിവാഹം 15 വർഷത്തേക്ക് മാത്രമായി ചുരുക്കുന്നതിൽ എനിയ്ക്ക് ദു:ഖവും ഉണ്ട്. കാരണം 15 വർഷം കഴിഞ്ഞാൽ പുതിയ റെജിസ്‌ട്രേഷന് (വിവാഹത്തിനു്) പുതിയ ഒരു പങ്കാളിയെ കിട്ടിയില്ലെങ്കിൽ നമ്മൾ എന്തു ചെയ്യും.  കക്ഷത്തിലുള്ളത് പോകുകയും ഉത്തരത്തിലുള്ളത് കിട്ടാതാകുകയും ചെയ്യുമ്പോൾ ഉള്ള അവസ്ഥയൊന്നാലോചിക്കൂ! 

അതാലോചിച്ചപ്പോഴാണ് പുതിയ തരത്തിലുള്ള നമ്മുടെ ജീവിതത്തിൽ പഴയ വസ്തുക്കളുടെ സ്വാധീനം എനിയ്ക്കനുഭവപ്പെട്ടത്. പഴയ വീടുകളിലാണല്ലോ കൈ പൊക്കി ഉത്തരത്തിൽ നിന്നു സാധനങ്ങൾ എടുക്കുന്നത്. പഴയ വീടെവിടേ? ഉത്തരമെവിടെ? എല്ലാം ടെറസ്സല്ലേ?  ഇപ്പോൾ എല്ലാം നമ്മൾ അലമാരയിലല്ലേ സൂക്ഷിക്കുന്നത്? ബാങ്ക് ലോക്കറും പ്രചാരത്തിലുണ്ട്. അപ്പോൾ കക്ഷത്തിലിരിക്കുന്നത് പോകുന്നതെങ്ങനെയാ? അപ്പോൾ അതിനനുസരിച്ച് സംസാരത്തിലെ ഈ നാടൻപ്രയോഗങ്ങൾ മാറ്റേണ്ടതല്ലേ? ആരാണാവോ അതിനൊക്കെ ഒരു തുടക്കം ഇടുക?  ഒരു പക്ഷേ ഞാൻ തന്നെ ഇതൊക്കെ ചെയ്യേണ്ടി വരുമോ ആവോ?

അതെന്തായാലും വിവാഹം 15 വർഷമായി ചുരുക്കുന്നതിലെ ദോഷം പരിഹരിക്കാൻ എന്റെ മനസ്സിൽ ഒരു ആശയം വികസിച്ചു വരുന്നുണ്ട്. "ഗാരണ്ടി" എന്നതാണത്. വിവാഹം കഴിയുമ്പോൾ വധുവിന് ഒരു 10 വർഷം ഗാരണ്ടി വേണമെന്ന് നമുക്ക് നിർബന്ധം പിടിക്കാം. (പിന്നെ ഐച്ഛികമായ ഒരു 5 വർഷത്തെ extended guaranty-യും.) അതുകൊണ്ടുള്ള ഗുണമെന്തെന്നാൽ കല്യാണം കഴിഞ്ഞ് ആദ്യരാത്രി കഴിയുമ്പോൾ നമുക്ക് ഒരു തൃപ്തി തോന്നുന്നിലെങ്കിൽ ഗാരണ്ടി ഉള്ളതുകൊണ്ട് സാധനം തിരിച്ചു കൊടുത്ത് അതേ വീട്ടിലെ അടുത്ത ആളെ നമുക്ക് ആവശ്യപ്പെടാമല്ലോ? ഇനി നമുക്ക് പറ്റിയ സാധനം അവിടെ ഇല്ലെങ്കിൽ റജിസ്ട്രേഷൻ കാൻസൽ ചെയ്ത് പുതിയ ആലോചന തുടങ്ങുകയും ആകാം. എങ്ങനെ എന്റെ ഐഡിയ?

സമൂഹത്തിൽ ഒരു വിശദമായ ചർച്ച ഇതേക്കുറിച്ചൊക്കെ നടത്തണമെന്നാണ് എനിയ്ക്കിപ്പോൾ തോന്നുന്നത്. അതിനായി ധീരന്മാരായ ആളുകൾ മുന്നോട്ടു വരുമെന്ന പ്രതീക്ഷ എനിയ്ക്കുണ്ട്. ഡോ. എം. ജി.എസ് നാരായണൻ തന്നെ അതിനു മുൻകൈ എടുക്കുമെന്നും ഞാൻ കരുതുന്നു.  അതു വരെ ഈ കുത്തിക്കുറിപ്പുകൾ ഇവിടെ നിൽക്കട്ടെ.

അനുഭവക്കുറിപ്പ്. ദുരിതപൂര്‍ണ്ണമീജീവിതം


നേരം നട്ടുച്ചയായി ക്കാണും വാഹനത്തിലെ ഏസി പരമാവധി വേഗത്തിലാക്കിയിട്ടും നെറ്റിയില്‍ നിന്നും വിയര്‍പ്പുകണങ്ങള്‍ പൊടിയുന്നുണ്ടായിരുന്നു.വാഹനത്തിന്‍റെ ചില്ലുകളില്‍ സ്പര്‍ശിച്ചാല്‍ കൈ പൊള്ളും . തൊഴിലിന്‍റെ ഭാഗമായി എനിക്ക് ഒരുപാട് യാത്രകള്‍ ചെയ്യേണ്ടതുണ്ട് .ഇന്ന് യാദൃശ്ചികമായാണ് ഇറാന്‍ സ്വദേശി വയോവൃദ്ധനായ അലിയെ പരിചയപ്പെട്ടത്‌ .അദ്ദേഹത്തിന്‍റെ ശരീരമാസകലം ചുളിവുകള്‍ വീണിട്ടുണ്ട് .വെളുത്ത ശരീരം വെയില്‍ കൊണ്ട് ചുമന്നിരിക്കുന്നു.രോമങ്ങള്‍ക്ക് തൂവെള്ള നിറം . ദൂരെ നിന്നും ചുമട് താങ്ങി വരുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി . ഞാന്‍ വാഹനം ഓരം ചേര്‍ത്ത് നിറുത്തി അദ്ദേഹത്തെ വീക്ഷിച്ചുകൊണ്ടിരുന്നു .കഠിനമായ സൂര്യതാപമേറ്റ് അദ്ദേഹത്തിന്‍റെ ശരീരമാസകലം വിയര്‍ത്തൊലിക്കുന്നുണ്ടായിരുന്നു.നടക്കുവാനും വളരെയധികം ബുദ്ധിമുട്ടുന്നുണ്ട് .കണ്ടാല്‍ ഏതാണ്ട് എണ്‍പത് വയസ്സില്‍ കൂടുതല്‍ പ്രായം തോന്നിക്കും.ഇത്രയും പ്രായമായിട്ടും അദ്ദേഹം തൊഴില്‍ ചെയ്യുന്നുണ്ടെങ്കില്‍ അയാളുടെ സ്വദേശത്ത്‌ ഇവിടെ അദ്ദേഹം തൊഴില്‍ ചെയ്തു സമ്പാദിക്കുന്ന പണം കൊണ്ട് ജീവിക്കുന്നവരുണ്ടാകും.അദ്ദേഹത്തിന് വേണ്ടിയായിരിക്കില്ല ഈ വാര്‍ദ്ധക്യ കാലത്ത് തൊഴിലെടുക്കുന്നത്‌ എന്ന് എന്‍റെ മനസ്സ് മന്ത്രിച്ചു.വാര്‍ദ്ധക്യത്തില്‍ സ്വസ്ഥമായി ജീവിക്കുവാന്‍ ആഗ്രഹിക്കാത്തവരായി ആരുംതന്നെ ഈ ഭൂലോകത്തുണ്ടാവുകയില്ല.ജീവിത പ്രാരാബ്ധങ്ങളുള്ളവർ വാര്‍ദ്ധക്യത്തിലും തൊഴിലെടുക്കാതെ പിന്നെ എന്തുചെയ്യും . എനിക്ക് അദ്ദേഹത്തെ കുറിച്ചറിയുവാന്‍ ജിജ്ഞാസയുണ്ടായി . അല്പദൂരം പിന്നിട്ടപ്പോള്‍ . ഒരു വീടിനു മുമ്പില്‍ സ്ഥാപിച്ച കുടിവെള്ളം കുടിക്കുവാനായി അദ്ദേഹം ചുമട് ഇറക്കിവെച്ചു .ച്ചുമെടെന്നു പറഞ്ഞാല്‍ ഗള്‍ഫുനാടുകളില്‍ തക്കാളിയും മറ്റു ചില മലക്കറികളും പേക്ക്‌ ചെയ്തുവരുന്ന പെട്ടികള്‍ .അദ്ദേഹം ആര്‍ത്തിയോടെ വെള്ളം കുടിക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കിനിന്നു.തൊണ്ട വരണ്ടുണങ്ങിയാല്‍ വെള്ളം കുടിക്കുവാന്‍ ലഭിച്ചാല്‍ ആ വെള്ളത്തിനുള്ള സ്വാദ് വേറെ ഒന്നില്‍ നിന്നും ലഭിക്കുകയില്ല . വെള്ളംകുടിച്ചു തിരിഞ്ഞപ്പോഴാണ് അദ്ദേഹം എന്നെ കാണുന്നത് . പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം എന്നോട് സലാം പറഞ്ഞു.ഞാന്‍ സലാം പറഞ്ഞതിനു ശേഷം എനിക്ക് അറിയുവാനുള്ളതൊക്കെ ചോദിച്ചുകൊണ്ടിരുന്നു .വളരെ സൌമ്യനായി അദ്ദേഹം എന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.അദ്ദേഹം ഹിന്ദി ഭാഷയിലാണ് എന്നോട് സംസാരിച്ചത് .അഫ്ഘാനിസ്ഥാനോട് അതിര്‍ത്തി പങ്കിടുന്ന ഇറാനിലെ ഒരു കുഗ്രാമത്തിലാണ് അദ്ദേഹത്തിന്‍റെ വസതി .ആ ഗ്രാമത്തില്‍ വസിക്കുന്നവരില്‍ ഇറാനില്‍ മൊത്തം ജനസംഖ്യയില്‍ പത്തുശതമാനം മാത്രമുള്ള സുന്നി ഇസ്ലാമില്‍ പെട്ടവരാണ് . എണ്‍പത്തി ഒന്‍പതു ശതമാനമുള്ള ഷിയാ ഇസ്ലാമില്‍ പെട്ടവര്‍ക്കാണ് ഇറാനില്‍ മേല്‍ക്കോയ്മ .അതുകൊണ്ടുതന്നെ സുന്നി ഇസ്ലാമില്‍ പ്പെട്ടവര്‍ക്ക് ഇറാനില്‍ ജീവിതം ദുസ്സഹമാണ് അദ്ദേഹത്തിന്‍റെ ഗ്രാമത്തില്‍ ഇപ്പോഴും വൈദ്യുതിയോ ജലവിതരണമോ ഇല്ല .മഴവെള്ളം സംഭരിച്ചാണ് ആ ഗ്രാമത്തിലെ ജനങ്ങള്‍ ജീവന്‍ നിലനിറുത്തുന്നത്.അദ്ദേഹത്തിന് ആറു മക്കളാണ് അഞ്ചു പെണ്‍മക്കളും ഏറ്റവും ഇളയത് ഒരു ആണ്‍കുട്ടിയും .മകന് ഇപ്പോള്‍ പതിനാല് വയസ്സ് കഴിഞ്ഞു.അദ്ദേഹം ആദ്യകാലങ്ങളില്‍ കെട്ടിടനിര്‍മാണ തൊഴിലുകള്‍ ചെയ്തിരുന്നു .ഇപ്പോള്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ പിടിപ്പെട്ടതിനാല്‍ ആ തൊഴിലിന് പോകുവാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.ഈ പെട്ടികള്‍ പെറുക്കി വിറ്റാല്‍ മാസം ആയിരം റിയാല്‍ പോലും തികയ്ക്കുവാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്ത് നിരാശ നിഴലിക്കുന്നത് ഞാനറിഞ്ഞു.ഊണിനുള്ള സമയമായതിനാല്‍ ഞാന്‍ അദ്ദേഹത്തിന് ഭക്ഷണം വാങ്ങിക്കൊണ്ടു വന്നുതരാം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അത് സ്നേഹത്തോടെ നിരസിച്ചു .അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചോട്ടെ എന്ന എന്‍റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ ഉത്തരം കേട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സിലെ നന്മ ഞാന്‍ തിരിച്ചറിഞ്ഞു.അദ്ദേഹം പറഞ്ഞത് ഇങ്ങിനെയായിരുന്നു.താങ്കളും എന്നെപ്പോലെയൊരു പ്രവാസിയാണ് നിങ്ങളുടെ കുടുംബത്തെ വേര്‍പിരിഞ്ഞു ജീവിക്കുന്ന നിങ്ങളുടെ കുടുംബം യാതൊരുവിധ സാമ്പത്തീക പരാധീനതകളും കൂടാതെയാണ് ജീവിക്കുന്നതെങ്കില്‍ നിങ്ങളുടെ സഹായം ഞാന്‍ സ്വീകരിക്കാം അല്ലാത്തപക്ഷം നിങ്ങള്‍ എന്നെ സാമ്പത്തികമായി സഹായിക്കരുത്.എന്‍റെ ജീവിതം സര്‍വശക്തന്‍ നിശ്ചയിച്ചിരിക്കുന്നു ആ ജീവിതം എനിക്ക് ജീവിച്ചു തീര്‍ക്കേണ്ടിയിരിക്കുന്നു.സംസാരിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം യാത്രപറഞ്ഞു തന്‍റെ ചുമട് തോളിലേറ്റി നടന്നകന്നു.വളരെ പ്രയാസപ്പെട്ടു നടന്നുനീങ്ങുന്ന അദ്ദേഹം എന്‍റെ ദൃഷ്ടിയില്‍ നിന്നും മറയുന്നത് വരെ ഞാന്‍ അദ്ദേഹത്തെത്തന്നെ നോക്കി നിന്നു.ഏതാനും സമയം വാഹനത്തില്‍ നിന്നും പുറത്തിറങ്ങി നിന്ന എന്‍റെ നെറ്റിയില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന വിയര്‍പ്പുകണങ്ങളോടൊപ്പം എന്‍റെ ഇമകളില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ തുള്ളികള്‍ ലയിക്കുന്നത് ഞാനറിഞ്ഞു.
                                                                                             ശുഭം 
rasheedthozhiyoor@gmail.com

Search This Blog