വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

കടംകൊള്ളലുകൾ (കവിത) ധന്യ അരവിന്ദ്

ഒറ്റയ്ക്കാകുന്ന നേരങ്ങളിലെല്ലാം
വേദനക്കാലങ്ങളിൽ നഷ്ടപ്പെട്ട 
വന്യമായ കരുതലിനെ, 
അദൃശ്യമായ മാന്ത്രികതയോടെ 
നക്ഷത്രക്കൂട്ടങ്ങളിൽ നിന്നുമടർത്തി
മഴകൊണ്ടൊരു കൂടൊരുക്കി ഹൃദയ-
ച്ചുവപ്പിൽ കൊരുത്തുവയ്ക്കും, 

ഇരുട്ടിന്‍റെ മൗനമിരതേടുമ്പോൾ,   
കാണാതെ/കേൾക്കാതെയറിഞ്ഞ
നിശ്ശബ്ദത വിഴുങ്ങിയ വാക്കുകൾ
നിറം മങ്ങിയ ചുവരെഴുത്തുകളിലേ-
യ്ക്കൊരീറൻ മേഘത്തെ വരച്ചു 
ചേർത്താനിഴലുകളിലമർത്തിയുമ്മ
വച്ചുമ്മവച്ചുള്ളനങ്ങാതെ നിൽക്കും,

ചിതറിത്തെറിച്ച് വിരലറ്റുപോകുന്ന 
ഓർമ്മയുടെ ഒഴിഞ്ഞ ചില്ലകളിൽനിന്നു
മുപ്പുമണമുള്ളോരുകാറ്റ് കാത്തിരിക്കു-
ന്നോരാധിയുടെ മരവിപ്പുകൾക്കുമേൽ,
ഓർമ്മവിത്തുകൾ പാകിമുളച്ച നാട്ടു
മാഞ്ചുനകളുടെ പൊള്ളലുകൾ പോലെ 
ഉണങ്ങാത്ത മുറിവ് ബാക്കിയാക്കും,

ഒരുറക്കം കൊണ്ടുലഞ്ഞൊരു വസന്തം
കൊണ്ടുണർന്നൊരുവരിക്കവിതയുടെ 
എഴുത്താണി തൊട്ടൊരുടലിലൊരു 
തൈത്തെന്നലിൻ വിരൽത്തുമ്പുപോലെ,
കടങ്കഥകൾക്കുത്തരം തേടിപ്പോകുന്ന 
മഞ്ചാടിമുത്തുകളാരെയോ കാത്തുകാത്തു
നിൽക്കുന്ന മഴവഴിയുടെ ഉന്മാദമാകും,

തീവ്രമായ നിശ്വാസങ്ങളത്രമേല്‍ 
തീവ്രതയോ,ടൊരുപുറം കരുതല്‍നിറഞ്ഞ 
നെറ്റിയുമ്മകളില്‍ പൊതിഞ്ഞു നെഞ്ചോട്  
ചേ൪ക്കുമ്പോഴും, ആത്മബന്ധങ്ങളുടെ 
ബന്ധനത്തില്‍ മറുപുറമത്രമേല്‍ സാന്ദ്രമാ
യാ൪ദ്രമായൊരുജീവനെന്ന തൂവല്‍ഭാരമോ-
ടാഴിയില്‍കല൪ന്ന നീലിമയുടെയാഴം തേടും,

മുറിപ്പെട്ടകന്ന തളിരിലെ പൊടിപ്പുപോലെ, 
പുലരിയുടെയോരോ ഉണർവ്വിൻ ശേഷങ്ങളിലും 
പാതി പകുത്ത ജീവന്‍റെ കടംകൊള്ളലുകൾ
കാലങ്ങളെ കാതങ്ങളോളംപി൯നടത്തി നിർവ്വ- 
ചനമസാദ്ധ്യമാക്കി,യപൂർണ്ണതയിലുംപൂർണ്ണത
തേടി, സ്വയമപരനാകുമാകസ്മികതയുടെ 
ബോധിച്ചുവട്ടിൽ നിഴൽത്തണലൊരുക്കും.

24 comments:

  1. ഹോ ചിന്തിച്ചു ചിന്തിച്ചു ഒരു വഴിക്കായി :)

    ReplyDelete
  2. ഞാൻ ഒന്നും കടം കൊണ്ടിട്ടില്ല.
    കവിത വായിച്ചു, പോകുന്നു

    ആശംസകൾ

    ReplyDelete
    Replies
    1. വായനയ്ക്ക് ഒരുപാട് സന്തോഷം :)

      Delete
  3. നല്ല വരികള്‍. ആശംസകള്‍ പ്രിയ ധന്യ.

    ReplyDelete
  4. ഇഷ്ടമായി.
    മഹാദേവന്‍
    കോളിപ്രം.

    ReplyDelete
  5. വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും പ്രിയ എഴുത്തുകാരിക്ക് നന്ദി. സ്നേഹം.

    ReplyDelete
  6. വായിച്ചുവായിച്ചു തലപ്പുകച്ചങ്ങനെ.....
    കൊള്ളാംട്ടോ...
    ആശംസകള്‍

    ReplyDelete
    Replies
    1. വായനയ്ക്ക് ഒരുപാട് സന്തോഷം :)

      Delete
  7. kollaam
    Saji,thattathumala.

    ReplyDelete
  8. കവിത എങ്ങിനെ എഴുതണമെന്ന വ്യക്തമായ ധാരണ. ഓരോ വാക്കും ശരിയായി അടുക്കി വച്ച് വായനക്ക് സുഖമേറുന്ന രീതി.നല്ല ലയം.

    ആദ്യത്തെ രണ്ടു ഭാഗങ്ങളിൽ, ചെയ്യുന്ന കാര്യങ്ങൾ പറയുന്ന രീതിയാണ്. "ഉണങ്ങാത്ത മുറിവ് ബാക്കിയാക്കും" പ്രക്രിയ അത്തരത്തിൽ ഉള്ളതായി അനുഭവപ്പെടുന്നില്ല.ബാക്കി ഭാഗങ്ങളിലും വ്യത്യസ്ത സമീപനം തോന്നി.

    പറഞ്ഞതിന്റെയെല്ലാം ആന്തരാർത്ഥം എന്തൊക്കെയാണ് എന്ന് പൂർണമായും ഉൾക്കൊള്ളാനായില്ല എന്നൊരു വിഷമം ബാക്കി നിൽക്കുന്നു. കവിത എഴുതുന്നതിന്റെ ക്രാഫ്റ്റ് നന്നായി മനസ്സിലാക്കി എഴുതിയിരിക്കുന്നു.

    ReplyDelete
    Replies
    1. മാഞ്ചുന പൊള്ളലുകളുടെ ഉണങ്ങാത്ത മുറിവ് എന്നത് ഓർമ്മകളിൽ ഒരേസമയം ഒരു മധുരവും നൊമ്പരവും സമ്മാനിക്കും എന്നതുകൊണ്ട്‌ ഒരു ഫ്രേസ് പോലെ ഉപയോഗിക്കാൻ ശ്രമിച്ചതാണ് . അതെത്രത്തോളം ചേരുന്നുണ്ട് എന്ന് വായിക്കുന്നവർക്കെ പറയാൻ സാധിക്കു സർ. ഈ നിറഞ്ഞ വായനയ്ക്ക് ഒരുപാട് സന്തോഷം

      Delete
  9. വല്ലാത്ത ചിന്തനീയമാണല്ലൊ

    ReplyDelete
  10. കവിത ഇഷ്ടമായി. ആശംസകൾ.

    ReplyDelete
    Replies
    1. വായനയ്ക്ക് ഒരുപാട് സന്തോഷം

      Delete
  11. കവിത നന്നായിട്ടുണ്ട്...
    നല്ല വരികൾ...
    ഇഷ്ടം

    ReplyDelete

Search This Blog