വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

പെരുന്നാൾ ഓർമകൾ

ഒരു  പെരുന്നാൾ ദിനം കൂടി പടികടന്നെത്തുമ്പോൾ
ഓർമകൾ കണ്ണും ഹൃദയവും  ഈറനണിയിച്ച് കുതിച്ചെത്തുന്നുണ്ട്,
എത്ര വേഗത്തിലാാണ് കാലം ചിറകടിച്ചു പറന്നു പോയത്,
ചെറിയ പെരുന്നാൾ, ആഘോഷം നിറഞ്ഞ രാവും പകലുമായിരുന്നു. ഒത്തു കൂടലിന്റെയും സന്തോഷത്തിന്റെയും
പിന്നീടെപ്പോഴോ വേദനകളുടേതായി  പരിണമിച്ചു പ്രവാസത്തിൽ അതൊരൊറ്റപ്പെടൽ കൂടിയായി, പുത്തനുടുപ്പിന്റെ മയക്കുന്ന ഗന്ധം ഇന്നും നാസികത്തുമ്പിലുണ്ട്,
പെരുന്നാൾ തലേന്ന് ഉപ്പയുടെ വരവും നോക്കിയിരിക്കും ഞങ്ങൾ ,
ആൺകുട്ടികൾക്ക് വെള്ള മുണ്ടും  തുണി വാങ്ങി തൈപ്പിച്ചെടുത്ത ഷർട്ടുമാണ്
വികെസി യുടെ റബ്ബർ ചെരുപ്പും , പെൺകുട്ടികൾക്ക്  പാവാടയും ബ്ലൗസും .
ചിലപ്പോൾ നോമ്പിന് കിട്ടുന്ന പൈസ സ്വരൂപിച്ചു ഞങ്ങൾ തൊപ്പിയും തൂവാലയും , പെങ്ങന്മാർക്കുള്ള മൈലാഞ്ചി വളകൾ മാലകൾ ഒക്കെ വാങ്ങും ..
ഞങ്ങൾ പെരുന്നാൾ ഒരാഘോഷമാക്കി മാറ്റും , ,
ഫജറിന്റെ പൊൻ  വെളിച്ചം മാനത്തു ഉണരും മുൻപേ ഉപ്പ ഉണരും ,
ഉമ്മയും ഇത്താത്ത മാരൊന്നും ഉറങ്ങാറില്ല . പലതരം പലഹാരങ്ങൾ ഉണ്ടാക്കും,  പുലരിക്ക് മുൻപേ തീർക്കണം , പെരുന്നാൾ നിസ്കാരത്തിനു ഉപ്പയും ഞങ്ങൾ ആണ് കുട്ടികളും പുറപ്പെടും മുൻപ് എല്ലാം ഒരുക്കണം ,
ഉപ്പയുടെ ശബ്ദമാണ് ഞങ്ങളെ ഉണർത്താറുള്ളത്,
പുലർവെട്ടം ഉണരാൻ മടിച്ചു നില്പുണ്ടാവും യാത്ര പറയാൻ മനസ്സില്ലാതെ രാത്രിയും ,
 പ്രകൃതി ഇരുൾമൂടി മഞ്ഞിന്റെ ആവരണം ചൂടി നിൽക്കുന്ന തണുത്ത പ്രഭാതത്തിൽ ചേച്ചിമാർ ഞങ്ങളെയും കൂട്ടി കുളക്കടവിലേക്ക് നടക്കും ,
തണുത്ത വെള്ളത്തിൽ മുങ്ങിയെണീക്കുന്ന പൂജാരി ഞങ്ങളെ കണ്ടു വലിയ വായിൽ ചിരിക്കും
ഞങ്ങളുടെ അയൽ വീട് പൂജാരിയുടേതാണ് അദ്ദേഹത്തിന്റെ അടക്കാത്തോട്ടത്തിലാണ് കുളം , കന്നുകാലികളെ കുളിപ്പിച്ചു കറന്നു കുളിക്കാനിറങ്ങുന്നതാണ് പൂജാരി
പെരുന്നാൾ ദിനത്തിലെ ഞങ്ങളുടെ ആദ്യത്തെ അതിഥി അദ്ദേഹവും ഞങ്ങൾ അമ്മ എന്നു വിളിക്കുന്ന പൂജാരിയുടെ ഭാര്യ സരോജാക്കയുമായിരിക്കും,
ഇത്താത്ത ഓരോരുത്തരെയും കുളിപ്പിച്ചു തുവർത്തി കരയ്ക്കു നിർത്തും , പതിവിനു വിപരീതമായി അന്നെല്ലാരും അനുസരണയോടെ നിക്കും , പുത്തനുടുപ്പ്  ഇടാനുള്ളതാണ് ,
വേഷം ധരിച്ചു സുന്ദരക്കുട്ടപ്പന്മാരായി അത്തറും പൂശി പള്ളിയിലേക്ക് ഇറങ്ങാൻ നേരം ഉപ്പ
ഓരോരുത്തരെയും വിളിച്ചു പെരുന്നാൾ കൈനീട്ടം തരും ,
അതിനു മുന്നേ മേശപ്പുറത്തു  വറുത്തതും പൊരിച്ചതുമായി പലതരം പലഹാരങ്ങൾ , എന്തെങ്കിലും തിന്നെന്ന് വരുത്തി എല്ലാവരും ഓട്ടമാണ് പള്ളിയിലേക്ക് ,
കൂട്ടുകാർ കാത്തു നില്പുണ്ടാവും , പുതിയ വേഷങ്ങൾ കാണാൻ , പോരാത്തതിന് അമ്മാവന്മാർ പള്ളി പരിസരത്തു കാണും അവരുടെ കയ്യിൽ നിന്നും കിട്ടും പെരുന്നാൾ പൈസ
ഉച്ചകഴിഞ്ഞു വീട്ടിലെത്തുമ്പോൾ ഉമ്മയും പെങ്ങന്മാരും കുളിക്കാനുള്ള തയ്യാറെടുപ്പിലായിരിക്കും
അവർക്ക് പെരുന്നാൾ വൈകുന്നേരമാണ് ഉച്ച ഭക്ഷണം തയ്യാറാക്കി എല്ലാവരും കഴിച്ചിട്ടേ അടുക്കളയിൽ നിന്നു പോരാനൊക്കൂ ,
അതിനിടെ ഉപ്പയ്ക്ക് അസുഖമായതും മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞതും , കുടുംബത്തിൽ വല്ലാത്തൊരു മൂകത താളം കെട്ടി നിന്നു ,
അടുത്ത വർഷം  റമസാൻ കടന്നു വന്നു തളർന്നൊരു മൗനം ബാക്കിവെച്ചു റമസാനും പെരുന്നാളും വിടവാങ്ങി ആഘോഷങ്ങളില്ലാതെ
ബലിപെരുന്നാൾ  കൂടി യാത്ര പറഞ്ഞു പോവുന്നത് മൂകമായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ,, പുത്തനുടുപ്പോ ചെരുപ്പോ അത്തറിന്റെ മണമോ അതിനു ശേഷം പെരുന്നാളിന്റെ  ആഘോഷമോ ഞങ്ങളിൽ ഇല്ലാതായി,
ആ വർഷം ഉപ്പയും യാത്രയായി , അനാഥത്വം പൂർണമായി ഞങ്ങളെ വിഴുങ്ങി,
പിന്നീട് തറവാടും വിറ്റു പെറുക്കി വേറൊരു ദിക്കിൽ
ഒന്നര പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു അദ്ദേഹം യാത്രായിട്ട്,
അത്രയും  വർഷമായി എല്ലാവരും  ഒത്തു കൂടിയുള്ളൊരു പെരുന്നാൾ ആഘോഷത്തിന്,
ദേശാടനങ്ങൾ ഇന്നും അവസാനിക്കാതെ തുടരുന്നു
അപ്പോഴും യാത്ര പറഞ്ഞു പോവുന്നു പെരുന്നാളുകളും ആഘോഷങ്ങളും
***************
എല്ലാവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ

23 comments:

  1. പെരുന്നാള്‍ വിശേഷം നന്നായി അവതരിപ്പിച്ചു.
    വേര്‍പാടിന്‍റെ ചിത്രം മനസ്സിലൊരു നൊമ്പരമായി മാറി.
    സൌദിയിലായിരുന്ന കാലത്തെ എന്‍റെയും കൂട്ടുക്കാരുടെയും ആഹ്ലാദകരമായ പെരുന്നാള്‍ദിനങ്ങള്‍ ഓര്‍മ്മയില്‍ വരികയാണ്...............
    ഹൃദയംനിറഞ്ഞ ഈദ് ആശംസകള്‍

    ReplyDelete
  2. പെരുന്നാൾ ദിനങ്ങളിലെ നല്ല കുറെ ഓർമ്മകളും, പിന്നെ സങ്കടങ്ങളും ഒക്കെ വായിച്ചു. സന്തോഷവും , ഇത്തിരി സങ്കടങ്ങളും ഒക്കെ ആയി ഈ വായനയിൽ. എങ്കിലും നല്ല ഒരു വായന നൽകിയതിൽ സന്തോഷം.
    പെരുന്നാൾ ആശംസകൾ.

    ReplyDelete
  3. sangathi ishttamaayi

    ReplyDelete
  4. ഹൃദയസ്പര്‍ശിയായ ഓര്‍മ്മകള്‍

    ReplyDelete
  5. പെരുനാൾ ദിനത്തിലും നൊമ്പരം നിഴലായി കൂടെ....കണ്ണു നനഞ്ഞു പോയി...ഉള്ളിൽ ഒരു നൊമ്പരവും ....
    വൈകിയ വേളയിലും എന്റെ പെരുനാൾ ആശംസകൾ...നന്മകളോടെ

    ReplyDelete
  6. സംഗതി ഇഷ്ട്ടമായി ആശംസകള്‍.

    ReplyDelete
  7. ഏറെ ഹൃദ്യം പ്രിയ ഈസാ.. ആശംസകള്‍

    ReplyDelete
  8. വരാന്‍ അല്‍പ്പം വൈകി. കുറിപ്പിന് ആശംസകള്‍.
    Saji Thattathumala.

    ReplyDelete
  9. വഴക്കുപക്ഷിയിലേക്ക് വന്നതിനും തുടരുന്ന സഹകരണത്തിനും പ്രിയ എഴുത്തുകാരന് ആശംസകള്‍.

    ReplyDelete

Search This Blog