ഈ അപ്രത്യക്ഷമാകലിനു ഒരു രണ്ടാം ഭാഗമുണ്ട്. കാണാതെ പോയവർ ഒന്നോ രണ്ടു ദിവസം കഴിഞ്ഞു അതു പോലെ തന്നെ തിരികെ വരും!. മണിയേട്ടനും വിശ്വേട്ടനും പ്രതീക്ഷിച്ച പോലെതന്നെ മടങ്ങിയെത്തി. തലതല്ലി കരഞ്ഞു കൊണ്ടിരുന്ന വീട്ടുകാർ അവരെ മൂടി പുതപ്പിച്ച് അകത്തിരുത്തി. ചൂട് കഞ്ഞിയും, കരിവാടും കൊടുത്തു. രണ്ടുപേരും ഒരക്ഷരം പറയാതെ ഭക്ഷണം കഴിച്ചിട്ടു, കയറു കട്ടിലിൽ കയറി പുതച്ചു മൂടി ‘ഗ’ രൂപത്തിൽ കിടന്നു. ഇതിപ്പോൾ നാലാമത്തെ സംഭവമാണ്. ചിലരെ കാണാതാകുന്നു, അവർ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു തിരികെ വരുന്നു. അവർ ഒന്നും ഉരിയാടുന്നില്ല. എങ്ങോട്ടാണവർ പോയത്? അല്ലെങ്കിൽ ആരാണവരെ കൊണ്ടു പോയത്?. തിരിച്ചു വന്നവരെല്ലാം ഒരു മറുപടി മാത്രം പറഞ്ഞു - ‘ഒന്നും ഓർമ്മയില്ല’. ഗ്രാമവാസികൾ പരിഭ്രാന്തരായി. ഒറ്റപ്പെട്ട സംഭവം എന്നു കരുതിയതാണ്. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ടവർ ഒരു സുപ്രഭാതത്തിൽ കാണാതാകുന്നത് വല്ലാത്ത ആധി ഗ്രാമവാസികളിലുണ്ടാക്കി. ചില കാര്യങ്ങൾ ചിലർ ശ്രദ്ധിച്ചു. കാണാതാകുന്നത് വയസ്സായവർ മാത്രമാണ്. അതിൽ ആൺ-പെൺ ഭേദമില്ല. കാണാതായവർ പോയത് പോലെ തന്നെ തിരിച്ചു വരുന്നുണ്ട്. അതും അവർ ധരിച്ചിരുന്ന ആഭരണങ്ങൾ ഒന്നും നഷ്ടപ്പെടാതെ തന്നെ. അപ്പോൾ മോഷണത്തിനായി ആരെങ്കിലും അവരെ തട്ടിക്കൊണ്ടു പോവുകയാണെന്ന് കരുതാൻ വയ്യ. കുന്നുമ്പുറത്തെ ടവറിനടുത്ത് ഒരു വെളിച്ചം കണ്ടെന്ന് താറാവ് വളർത്തുന്ന വേലു ഒരിക്കൽ പറഞ്ഞതാണ്. പക്ഷെ വേലു എന്നും കള്ളുകുടിക്കുന്നവനാണ്. അതും വെളിവ് നഷ്ടപ്പെടും വരെ കുടിക്കുന്നവൻ. അയാൾ പറഞ്ഞത് ആരും വിശ്വസിച്ചില്ല. എന്നാൽ തുടരെ തുടരെ കാണാതാകുന്ന പ്രതിഭാസം സംഭവിച്ചപ്പോൾ ആളുകൾ വേലു പറഞ്ഞ വെളിച്ചവും ഇതുമായി എന്തോ ബന്ധമില്ലെ എന്നു ചിന്തിക്കാൻ തുടങ്ങി. രണ്ടും തമ്മിൽ കൂട്ടിക്കെട്ടിയപ്പോൾ, പുതിയ ചില കഥകളുണ്ടായി. അതിലൊന്ന് അന്യഗ്രഹജീവികളെ കുറിച്ചായിരുന്നു. വെളുത്ത മൊട്ടത്തലയും വലിയ കണ്ണുകളും മെലിഞ്ഞ കാലുകളുമാണവർക്ക് എന്ന് ഇംഗ്ലീഷ് സിനിമകൾ കാണുന്ന ചില ചെക്കന്മാർ പറഞ്ഞു. തളിക രൂപത്തിലുള്ള വാഹനങ്ങളിലാണവർ സാധാരണ വരിക എന്നൊക്കെ സിനിമയിൽ കണ്ടതു പോലെ പറഞ്ഞു. പക്ഷെ അന്യഗ്രഹജീവികൾ ഈ കിളവന്മാരേയും കിളവികളേയും തട്ടിക്കൊണ്ടു പോയിട്ടെന്താ?. ‘പരീക്ഷണം നടത്താൻ!’ അതിനും ചെക്കന്മാർ തന്നെ ഉത്തരം കൊടുത്തു. ചോദിക്കുന്ന ചോദ്യങ്ങൾക്കൊക്കെ മണി മണിയായി ഉത്തരം വാരിയെറിയാൻ കെല്പ്പുള്ളവരാണ് പുതിയ ചെക്കന്മാർ. പണ്ടത്തെ ചെക്കന്മാരെ പോലെയല്ല. പണ്ടത്തെ ചെക്കന്മാർ അല്പ്പമെങ്കിലും ആലോചിച്ചിട്ടേ വല്ലതും പറഞ്ഞിരുന്നുള്ളൂ. ഇപ്പോഴത്തെ ചെക്കന്മാർക്ക് എല്ലാം അറിയാം. അതു കൊണ്ട് തന്നെ അവർക്ക് ആലോചിക്കേണ്ട ആവശ്യമില്ല. അതിനായവർ സമയം പാഴാക്കാറുമില്ല. പറഞ്ഞത് പുതിയ ചെക്കന്മാരല്ലെ പറയുന്നതിലെന്തേലും കാര്യം കാണും എന്നു വിചാരിച്ച് വീട്ടുകാർ തിരിച്ചു വന്നവരുടെ കുപ്പായമൊക്കെ ഊരി ശരീരം പരിശോധിച്ചു. ചുളിഞ്ഞ തൊലി കൊണ്ട് മൂടിയ ശരീരം - അത്രേ കണ്ടുള്ളൂ. സമീപത്തുള്ള ഡിസ്പൻസറിയിൽ കൊണ്ടു പോയി പരിശോധിപ്പിച്ചു. രക്തം കുത്തിയെടുത്തു പരിശോധിച്ചു. അല്പം പ്രമേഹം, അല്പം രക്തസമ്മർദ്ദം അത്രയൊക്കെ കണ്ടുപിടിക്കാൻ കഴിഞ്ഞുള്ളൂ. അതിനൊക്കെ ആശുപത്രിക്കാർ മരുന്നും എഴുതി കൊടുത്തു. ചിലർ ഒരു പടി കൂടി മുന്നോട്ട് പോയി. എക്സ്റെ എടുത്തു. കറുപ്പിലും വെളുപ്പിലുമായി ശുക്ഷിച്ച എല്ലിൻകൂടിന്റെ ചിത്രം മാത്രമേ അവർക്ക് കിട്ടിയുള്ളൂ. പരീക്ഷണമായിരുന്നെങ്കിൽ ഒരു സൂചി കുത്തിയ പാടെങ്കിലും മേത്ത് കാണണ്ടെ? എന്നു ചോദിച്ചതിനു ചെക്കന്മാർക്ക് തൃപ്തികരമായ ഉത്തരം കൊടുക്കാൻ കഴിഞ്ഞില്ല. നല്ല തണ്ടും തടിയുള്ള ആണുങ്ങളുള്ളപ്പോൾ കുഴീലേക്ക് കാലും നീട്ടി ഇരിക്കുന്നവരെ എന്തിന് തട്ടിക്കൊണ്ടു പോയി പരീക്ഷണം നടത്തണം?. അതിനു പക്ഷെ ചെക്കന്മാർ ഒരുവിധം ഒരു ഉത്തരം ഒപ്പിച്ചു. കിളവന്മാരുടെ ഓർമ്മകൾ ചോർത്തിയെടുക്കാനാണത്!. അവരല്ലെ ഓർമ്മകളിൽ ജീവിക്കുന്നവർ?. അവരുടേത് ചോർത്തിയാലല്ലെ ഒരുപാട് ഓർമ്മകൾ കിട്ടുവുള്ളൂ?. എന്തായാലും അതു വരെ ആർക്കും വേണ്ടാതിരുന്ന വൃദ്ധന്മാരും വൃദ്ധകളും പെട്ടെന്ന് നാട്ടുകാരുടെ ശ്രദ്ധാകേന്ദ്രമായി. അവരെങ്ങോട്ട് തിരിഞ്ഞാലും അവരെ നോക്കാൻ ആളുകളായി. പറയാൻ പറ്റില്ലല്ലോ എപ്പോഴാ കാണാതാവുന്നതെന്ന്.
ഏതാണ്ട് രണ്ടാഴ്ച്ച കഴിഞ്ഞിരിക്കുന്നു. ആരും അപ്രത്യക്ഷരായില്ല ഈ കഴിഞ്ഞ ആഴ്ച്ചകളിൽ. ആളുകൾ ആശ്വാസത്തോടെ വീട്ടിലിരിക്കാൻ തുടങ്ങി. വേലുവടക്കം ഇപ്പോൾ പലരും രാത്രികാലങ്ങളിൽ ആകാശം നോക്കിയിരുപ്പാണ്. പക്ഷെ പിന്നീട് വെളിച്ചവും വന്നില്ല തളികയും വന്നില്ല. നാട്ടിൽ കള്ളന്മാരുടെ ശല്യവും കുറഞ്ഞു. അതെങ്ങനെ? മൊത്തം നാട്ടുകാരും ഉറക്കമൊഴിച്ച് അപ്പൂപ്പന്മാർക്കും അമ്മൂമ്മമാർക്കും കാവലിരിക്കുകയല്ലെ?. ചൂടു കഞ്ഞിയും കരിവാടും കഴിച്ച് അവർ പുതച്ച് മൂടി സുഖിച്ചു കിടന്നു. മക്കളും ചെറുമക്കളും ഊഴം വെച്ച് അവരുടെ അംഗരക്ഷകരായി.
ദിവസവും വൈകുന്നേരങ്ങളിൽ അവർ ക്ഷേത്ര മൈതാനത്തിനടുത്തുള്ള ആൽമരച്ചോട്ടിൽ കൂടും. അവിടെ ഇരുന്നാണ് അവർ വിശേഷങ്ങൾ പങ്കുവെയ്ക്കുക. എല്ലാ വൃദ്ധജനങ്ങളും ഒരേയിടത്ത് കൂടുന്നത് കൊണ്ട് വീട്ടുകാർക്ക് സമാധാനമായി ഇരിക്കാം. ഒന്നോ രണ്ടോ പേർ മതിയാകുമല്ലോ ആ സമയങ്ങളിൽ അവരെ നോക്കാൻ. ആ സമയങ്ങളിൽ വീടുകളിൽ മക്കളും മരുമക്കളുമായ സ്ത്രീകൾ അവർക്കായി അവർക്കിഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരിക്കും. നാളുകൾക്ക് ശേഷമാണ് അവരിൽ പലരും തമ്മിൽ കാണുന്നത്. അതിന്റെ സന്തോഷം അവർ പങ്കുവെച്ചു. ചിലർ പള്ളിക്കൂടം വിട്ടിട്ട് അപ്പോഴായിരുന്നു തമ്മിൽ കാണുന്നത്. വർഷങ്ങളുടെ വിഷേഷങ്ങളുണ്ട് അവർക്ക് പങ്കുവെയ്ക്കാൻ. ഒരോ ദിവസവും അവർ ഒരോരോ കഥകൾ ഓർത്തെടുത്ത് പറഞ്ഞു കൊണ്ടിരുന്നു. കൂട്ടത്തിൽ ചിലർ തങ്ങൾക്ക് പണ്ടുണ്ടായിരുന്ന മൗനപ്രണയം പോലും പങ്കുവെയ്ക്കാൻ മടികാണിച്ചില്ല. പ്രായമിത്രയുമായി. മുടിയൊക്കെ നരച്ച്, കാഴ്ച്ചയും കേൾവിയും കുറഞ്ഞ്.. ഇനിയെന്തിനാ നാണിക്കുന്നേ?.. ചിലരുടെ നല്ലപാതികൾ അവരെ വിട്ടുപോയ്ക്കഴിഞ്ഞിരുന്നു. അവർ തങ്ങളുടെ സുവർണ്ണ ദാമ്പത്യകാലത്തെക്കുറിച്ച് അയവിറക്കിക്കൊണ്ടിരുന്നു. തങ്ങളെ വിട്ടുപോയവർ കൂടി ഇപ്പോ ഒപ്പം ഉണ്ടായിരുന്നെങ്കിൽ എത്ര രസമായിരുന്നേനെ. സായാഹ്നത്തിലെ ഈ വെടിവട്ടം പറച്ചിൽ പണ്ടുമുതല്ക്കെ വേണമായിരുന്നു എന്നൊക്കെയവർ അഭിപ്രായപ്പെട്ടു. ടിവിയും കണ്ടു ഇത്രയും നാൾ ആയുസ്സൊക്കെ വെറുതെ കളഞ്ഞു എന്ന് നഷ്ടബോധത്തോടെ ചിലർ പറഞ്ഞു. പുതിയ ചില സൂത്രങ്ങളുണ്ടെന്നും അതു വഴി സിനിമകളൊക്കെ കാണാമെന്നൊക്കെ ഏലിയാമ്മ പറഞ്ഞു. മകൻ ജോസ് അമേരിക്കയിൽ നിന്നും വന്നപ്പോൾ കൊണ്ടു കൊടുത്തതാണ്. ഒരു പുസ്തകത്തിന്റെ വലിപ്പമേയുള്ളൂ എന്നും, കൊച്ചുമോൻ ജോജോ എന്തൊക്കെയോ വയറും മറ്റും കുത്തുമ്പോ അതിൽ സിനിമ ഒക്കെ കാണാമെന്നും ഏലിയാമ്മ പറഞ്ഞു. നാണിയമ്മ ചില പഴയ പാചകക്കുറിപ്പുകളൊക്കെ ഓർത്തെടുത്ത് വിളമ്പി. ലക്ഷ്മിയമ്മ കൊച്ചുങ്ങൾക്ക് വരുന്ന അസുഖങ്ങള് മാറ്റാൻ ചില ഒറ്റമൂലികളെ കുറിച്ച് പറഞ്ഞു. പട്ടാളത്തിൽ പോയ പപ്പൻ ചേട്ടൻ യുദ്ധത്തിനു പോയപ്പോൾ താനെങ്ങനെയാ ബോബെറിഞ്ഞത് എന്ന് എറിഞ്ഞു കാണിച്ചു. വെള്ളയ്ക്ക എറിഞ്ഞാണ് കാണിച്ചതെങ്കിലും എല്ലാർക്കും അതു നേരിൽ കണ്ടത് പോലെ തോന്നി. ബോംബെയിൽ ഒരു മാർവാഡിയുടെ കടയിൽ ജോലി ചെയ്തപ്പോഴുണ്ടായ തമാശകളൊക്കെ ശങ്കരൻ ചേട്ടൻ പങ്കുവെച്ചു. അത് കേട്ട് എല്ലാരും വയറു നോവും വരെ പൊട്ടിച്ചിരിച്ചു. വൃദ്ധജനങ്ങൾക്ക് അവർ വീണ്ടും ചെറുപ്പമായി കൊണ്ടിരിക്കുകയാണെന്ന് തോന്നി തുടങ്ങി. അവരുടെ ക്ഷീണമൊക്കെ മാറിയിട്ടുണ്ടിപ്പോൾ. മുഖങ്ങൾ പ്രസന്നമായിട്ടുണ്ടിപ്പോൾ.
ഒരു ദിവസം അമ്മിണിയമ്മ വന്നപ്പോൾ മണിയേട്ടനാണ് ചോദിച്ചത്.
‘എന്താ അമ്മണിയമ്മേ മുഖം ഒരു മാതിരി വാടിയതു പോലെ?’
‘ഏയ്..ഒന്നൂല്ല’ എന്നൊക്കെ പറഞ്ഞു അമ്മണിയമ്മ ഒഴിഞ്ഞു മാറിയെങ്കിലും ഒടുക്കം അമ്മണിയമ്മ തന്റെ വിഷമകാരണം പങ്കുവെച്ചു. മൂത്തവൻ അവരോടെന്തോ മുഖം കറുപ്പിച്ചു പറഞ്ഞു. അത്രേയുള്ളൂ. അമ്മണിയമ്മ പൊന്നു പോലെ വെച്ചിരുന്ന ചില പഴയ പുസ്തകങ്ങളുണ്ടായിരുന്നു. അതൊക്കേയുമെടുത്ത് മകൻ ‘ഇവിടെ മുഴുവൻ പൊടിയും മാറാലയുമായി’ എന്നും പറഞ്ഞു കൂട്ടിയിട്ട് കത്തിച്ചു കളഞ്ഞു. അമ്മണിയമ്മ ആ പുസ്തകങ്ങൾ കൈ കൊണ്ട് തൊട്ടിട്ട് വർഷങ്ങളായി എന്നത് സത്യം. പക്ഷെ എന്നും പറഞ്ഞു അതു കത്തിച്ചു കളയുക എന്ന് പറഞ്ഞാൽ?. അന്യായമല്ലെ അത്?.
വിശ്വേട്ടനും പപ്പേട്ടനും ഏലിയാമ്മയും അമ്മണിയമ്മയുടെ ചുറ്റിലും കൂടി നിന്നു ‘ഇതങ്ങനെ വിട്ടാൽ പറ്റില്ല’ എന്ന് പറഞ്ഞു. ‘പിന്നെ ഞാനെന്തു ചെയ്യും?’ എന്നു പറഞ്ഞു അമ്മണിയമ്മ വീണ്ടും കരച്ചിലിന്റെ വക്കോളമെത്തി നിന്നു.
‘നീ ഞാൻ പറേന്ന പോലെ ചെയ്യ്’ ഏലിയാമ്മ അതും പറഞ്ഞു അമ്മണിയമ്മയുടെ ചെവിൽ രഹസ്യം പറഞ്ഞു.
വിശ്വേട്ടനും പപ്പേട്ടനും ‘ഒക്കെ ഞങ്ങള് നോക്കിക്കൊള്ളാം..ഒന്നും പേടിക്കാനില്ല..ഇതൊക്കെ ഞങ്ങളും ചെയ്തതല്ലെ?’ എന്നു പറഞ്ഞു ധൈര്യപ്പെടുത്തി.
അന്നു രാത്രിയാണ് അമ്മണിയമ്മേ കാണാതായത്. ഗ്രാമം മുഴുവൻ അന്ന് കണ്ണും തുറന്നിരുന്നു. പ്രതീക്ഷിച്ച പോലെ അമ്മണിയമ്മ പിറ്റേന്ന് തിരികെ വരികയും ചെയ്തു. മൂത്തവൻ കരഞ്ഞു കൊണ്ടാണ് അമ്മണിയമ്മേ കട്ടിലിൽ പിടിച്ചിരുത്തിയത്. തന്നെ കാണാൻ വന്നു ചുറ്റിലും നിന്നവരോട് അമ്മണിയമ്മ ഒന്നേ പറഞ്ഞുള്ളൂ - ‘ഒന്നും ഓർമ്മയില്ല മക്കളെ..’.
-സാബു ഹരിഹരൻ