PART 1 :: വാർത്ത -
മുൻപത്തെ ദിവസം രാത്രിയിലെ വെള്ളമടി പാർട്ടിയുടെ ഹാങ്ങ് ഓവർ കാരണം , രാവിലെ പതിനൊന്നു മണിക്ക് എങ്ങനെയൊക്കെയോ ഒന്ന് തലയും പൊക്കി , എന്നത്തേയും പതിവ് പോലെ പല്ല് തേക്കാതെയുള്ള , കട്ടൻ കാപ്പിയുമായി പത്രം വായന തുടരവെയാണ് , പ്രാദേശിക വാർത്താ പേജിലെ , ആ ചെറിയ ഫോട്ടോയും വാർത്തയും എന്റെ ശ്രദ്ധയിൽ പെട്ടത് ;
പത്ര വാർത്തയിലെ പ്രസക്ത ഭാഗം ::
" പുലർച്ചെ രണ്ടു മണിയോടെ സഹപാഠിയുടെ വീട്ടിൽ നിന്നും കമ്പയിൻ സ്റ്റഡി കഴിഞ്ഞു വീട്ടിലേക്കു വരവെയാണ് ടിന്റു ജേക്കബ് ആക്രമിക്കപ്പെട്ടത്. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. കോളേജിലെ സജീവ രാഷ്ട്രീയ പ്രവർത്തനവും , പ്രാദേശിക പ്രശ്നങ്ങളിലെ സജീവ ഇടപെടലുകളും കൊണ്ട് ശ്രദ്ധേയനായ ടിന്റുവിനെ ആകമിച്ചതിനു പിന്നില്‍ , സ്ഥലത്തെ ചില രാഷ്ട്രീയ , മതസംഘടനകളെ സംശയിക്കുന്നതായി പോലീസ് അറിയിച്ചു ."
ഞാൻ കണ്ണുകൾ തിരുമ്മി വീണ്ടും രണ്ടു മൂന്നു വട്ടം വാർത്തയും ഫോട്ടോയും മാറി മാറി വായിച്ചു . സ്ഥലം , പേര് , ലക്ഷണം , ഫോട്ടോ എല്ലാം അവന്റെ തന്നെ , ടിന്റു ജേക്കബ്.!പക്ഷെ , ഈ പ്രശ്നത്തിന്റെ അതി ഗൌരവം അതല്ല. ഇന്നലത്തെ പാർട്ടിയും കഴിഞ്ഞു , രാത്രി പതിനൊന്നരക്കു എന്റെ ബൈക്കിൽ ഞാൻ വീട്ടിൽ കൊണ്ട് വിട്ട , അടിച്ചു ഫിറ്റായ ടിന്റു ജേക്കബ്, ഈ വാർത്തയിൽ പറയും പോലെ എങ്ങനെ പുലർച്ചെ രണ്ടു മണിക്ക് സഹപാഠിയുടെ വീട്ടിൽ നിന്നും കമ്പയിൻ സ്റ്റഡി കഴിഞ്ഞു വീട്ടിലേക്കു വന്നു !! അതിലും പ്രധാനമായി , ആർക്കും പ്രത്യേകിച്ച് ഒരു ഉപയോഗവും , ഉപദ്രവവും ഇല്ലാത്ത ഇവനെയാര് ആക്രമിക്കാൻ !!! ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങളുമായി , സത്യം എന്തെന്നറിയാനുള്ള ആകാംഷയോടെ , അമ്മയോട് കരഞ്ഞു വാങ്ങിയ കാശിനു കുറച്ചു ആപ്പിളുമായി, കൂടുതൽ അന്വേഷണത്തിനായി ഞാൻ ആശുപത്രിയിലേക്ക് ...
PART 2 :: അന്വേഷണം -
ആശുപത്രിയിൽ ടിന്റുവിന്റെ റൂമിലേക്ക് അടുക്കാനെ പറ്റുന്നില്ല . മുറിക്കു പുറത്തു പോലീസ്, സ്ഥലത്തെ ചില രാഷ്ട്രീയക്കാരു , ബന്ധുക്കൾ , അയൽക്കാര് , കൂട്ടുകാര് എന്ന് വേണ്ട , ഇന്നലെ വരെ ആരും തിരിഞ്ഞു നോക്കാത്ത അവനെ കാണാൻ ഇന്ന് വലിയ ജനക്കൂട്ടം ! ധീരനായ സഖാവ് ടിന്റുവിനു നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ചു , അവന്റെ പഞ്ചായത്തിൽ ഇന്ന് LDF ഹർത്താലും നടന്നു. ആളുകളോട് കാര്യങ്ങൾ വിശദീകരിച്ചു നിന്ന ടിന്റുവിന്റെ അപ്പൻ , 'എന്താണ് ജേക്കബ് അങ്കിൾ കാര്യം' എന്ന് അന്വേഷിച്ച എന്നോടും ആ ഭയങ്കര സംഭവം വിവരിച്ചു ;
അങ്കിൾ പറഞ്ഞതിലെ പ്രസക്ത ഭാഗം ::
" എന്ത് പറയാൻ ആണ് മോനെ , ഒരു രണ്ടു മണിയോടെ ആരൊക്കെയോ മതില് ചാടുന്ന വലിയ ശബ്ദവും പിന്നെ ടിന്റുവിന്റെ നിലവിളിയും ! ഞാൻ ഓടി കതകു തുറന്നു നോക്കുമ്പോൾ മുറ്റത്ത് ചോരയിൽ കിടക്കയാണ് അവൻ !! അക്രമികൾ ഉപയോഗിച്ച കല്ലും അടുത്ത് ഉണ്ടായിരുന്നു . അവരു രണ്ടു മൂന്നു പേര് ഉണ്ടായിരുന്നു . ഞാൻ എത്തുമ്പോഴേക്കും അവര് ഓടിയതിനാൽ ആളുകളെ കണ്ടില്ല "
ഇപ്പോൾ ഞാൻ കൂടുതൽ വട്ടായി ! അങ്കിൾ പറയുന്നത് വിശ്വസനീയമായ സാക്ഷി മൊഴിയാണ് . പത്ര വാർത്തയിലെ അതി ഭാവുകത്വങ്ങളായ ഗുരുതരാവസ്ഥ , രാഷ്ട്രിയം , മതം ഇതൊന്നും ഇപ്പോൾ ഇല്ല . എങ്കിലും സത്യം ഇപ്പോഴും അവ്യക്തമാണ് , രാത്രി പതിനൊന്നരക്കു ഞാൻ എന്റെ ബൈക്കിൽ വീട്ടിൽ കൊണ്ട് വിട്ട , അടിച്ചു പൂസായ ടിന്റു , എങ്ങനെ എപ്പോൾ എന്തിനു , രണ്ടു മണിക്ക് ആക്രമിക്കപ്പെട്ടു ! അവൻ രണ്ടു മണിക്ക് എവിടെനിന്നും വരുകയായിരുന്നു !! ഇവനെയാര് ആക്രമിക്കാൻ !!! ഒളിഞ്ഞിരിക്കുന്ന ബാക്കി സത്യങ്ങളുടെ പൊരുൾ തേടി , ഞാൻ ആപ്പിൾ പൊതിയുമായി, ആരും കാണാതെ ടിന്റുവിന്റെ മുറിയിലേക്ക് ...
PART 3 :: സത്യം -
മുറിയിലേക്ക് കടന്ന എന്നെ കണ്ടതും ടിന്റു കയ്യിലെ അപ്പിൾ പൊതി പിടിച്ചു വാങ്ങി സൈഡിൽ വെച്ച് , എന്നോട് വേഗം വാതിൽ കുറ്റിയിട്ടു , കട്ടിലിൽ അരികിലിരിക്കാൻ പറഞ്ഞു . കട്ടിലിൽ ചാരി കിടന്നു , മുഖത്തെ പ്ലസ്റ്റെർ ചുരുളുകൾക്ക് ഇടയിലൂടെ അവൻ എന്നോട് ആ വലിയ സത്യത്തിന്റെ ചുരുളഴിച്ചു ;
ടിന്റു പറഞ്ഞ സത്യത്തിലെ പ്രസക്ത ഭാഗം ::
" എന്റെ അളിയോ ! നീ എന്നെ രാത്രി വീട്ടിൽ ഇറക്കി പോയ ശേഷം , കെട്ടൊന്നു ഇറങ്ങട്ടെ എന്നും പറഞ്ഞു കുറച്ചു നേരം വീടിന്റെ ടെറസിൽ പോയിരുന്നതാണ് . കാറ്റടിച്ചു അവിടെ കിടന്നുറങ്ങി പോയി . ഇടയ്ക്കെപ്പോഴോ മൂത്രം ഒഴിക്കാൻ മുട്ടി എഴുന്നേറ്റപ്പോൾ ഞാൻ എന്റെ ബെഡ് റൂമിൽ ആണെന്ന് കരുതി ബാത്ത് റൂമിലേക്ക് നടന്നതാണ് !!! പിന്നെ ടെറസിൽ നിന്നും വലിയ ശബ്ധത്തിൽ ഞാൻ താഴെ വീണു , വീടിനു മുന്പിലെ ഏതോ കല്ലിൽ മുഖമടിച്ചു കിടക്കുമ്പോൾ , വാതിൽ തുറന്നു അപ്പൻ ഒറ്റ നിലവിളിയായിരുന്നു , ആരാടാ നിന്നെ തല്ലിയതെന്നു ! ആരാന്നു കണ്ടില്ല , രണ്ടു മൂന്നു പേരുണ്ടെന്ന്, അപ്പോൾ പെട്ടെന്ന് കള്ളം പറഞ്ഞതെ പിന്നെയെനിക്ക് ഓർമയുള്ളൂ... "
പുറത്തെ പുകിലൊന്നും അറിയാതെ കട്ടിലിൽ കിടക്കുന്ന അവനോടു നല്ലോണം റസ്റ്റ് എടുക്കാൻ പറഞ്ഞു , ഞാൻ ആ ആശ്പത്രി മുറി വിടുമ്പോൾ , ഒരു വാർത്തയുടെ എങ്കിലും പിന്നിലെ യഥാർത്ഥ സത്യം അറിയാൻ കഴിഞ്ഞ എന്റെ അപൂർവ മഹാ ഭാഗ്യമോർത്തു ഞാൻ സന്തോഷിച്ചു.
--: ഷഹീം അയിക്കര്‍